Monday, July 27, 2026

ad

Homeസ്‌പോർട്‌സ്‌കേപ്പ് വെർദെ 
അതിശയിപ്പിക്കുന്ന പോരാട്ടവീര്യം

കേപ്പ് വെർദെ 
അതിശയിപ്പിക്കുന്ന പോരാട്ടവീര്യം

സന്ദീപ് ആലിങ്കീൽ

2026 ഫിഫ ലോകകപ്പ് ഫുട്ബോളിന്റെ ചരിത്രത്തിലെ ഏറ്റവും തിളക്കമുള്ള അധ്യായങ്ങളിലൊന്നായി കേപ്പ്- വെർദെ (പോർച്ചുഗീസ് ഭാഷയിൽ കാബോ വെർദെ എന്നാണ്) മാറി. ആഫ്രിക്കയുടെ പടിഞ്ഞാറൻ തീരത്തുള്ള ഈ ദ്വീപ് രാഷ്ട്രം ലോക ഫുട്ബോളിലെ വമ്പൻ ശക്തികൾക്കിടയിൽ ആത്മവിശ്വാസത്തോടെയും പോരാട്ടവീര്യത്തോടെയും കളിച്ചാണ് ലോകശ്രദ്ധ നേടിയത്. കിരീടം നേടാനായില്ലെങ്കിലും ലോകകപ്പ് വേദിയിൽ അവർ കാഴ്ചവെച്ച പ്രകടനം ഫുട്ബോൾ പ്രേമികളുടെ ആദരവ് പിടിച്ചുപറ്റി.

ഗ്രൂപ്പ് ഘട്ടത്തിൽ മികച്ച സംഘടിത പ്രതിരോധവും വേഗതയേറിയ കൗണ്ടർ അറ്റാക്കുകളും കേപ്പ്- വെർദെയുടെ പ്രധാന ആയുധങ്ങളായിരുന്നു. ഓരോ മത്സരത്തിലും താരങ്ങൾ അവസാന വിസിൽ മുഴങ്ങുംവരെ പൊരുതിയതിലൂടെ മാത്രം ലോകകപ്പ് വലിയ രാജ്യങ്ങളുടെ മാത്രം വേദിയല്ലെന്ന് അവർ തെളിയിച്ചു.

ടീമിന്റെ വിജയയാത്രയിൽ ഏറ്റവും വലിയ പങ്കുവഹിച്ച താരമായിരുന്നു ഗോൾകീപ്പർ വോസീഞ്ഞ (Vozinha). അനുഭവസമ്പന്നനായ ഈ ഗോൾകീപ്പർ നിരവധി നിർണായക സേവുകളിലൂടെ ടീമിനെ പലവട്ടം മത്സരത്തിൽ നിലനിർത്തി. എതിരാളികളുടെ ശക്തമായ ആക്രമണങ്ങളെ ശാന്തതയോടെയും കൃത്യമായ പൊസിഷനിങ്ങോടെയും നേരിട്ട വോസീഞ്ഞ, കേപ്പ്- വെർദെയുടെ പ്രതിരോധത്തിന്റെ നെടുംതൂണായി മാറി. അദ്ദേഹത്തിന്റെ നേതൃത്വവും ആത്മവിശ്വാസവും യുവതാരങ്ങൾക്ക് വലിയ പ്രചോദനമായിരുന്നു.

പ്രീക്വാർട്ടറിൽ അർജന്റീനയ്ക്കെതിരെ കേപ്പ്- വെർദെ കാഴ്ചവെച്ച പോരാട്ടവീര്യം പ്രത്യേകമായി ശ്രദ്ധിക്കപ്പെട്ടു. ലോക ഫുട്ബോളിലെ ശക്തരായ എതിരാളിക്കെതിരെ അവർ അവസാന നിമിഷംവരെ പൊരുതി, ധൈര്യവും അച്ചടക്കവും കൈവിടാതെ കളിച്ചു. പരാജയം ഏറ്റുവാങ്ങിയെങ്കിലും ലോകകപ്പിലെ ഏറ്റവും മികച്ച അണ്ടർഡോഗ് ടീമുകളിലൊന്നായി അവർ മാറി.

2026 ലോകകപ്പ് കേപ്പ്- വെർദെയ്ക്ക് ഒരു ടൂർണമെന്റ് മാത്രമായിരുന്നില്ല; അത് അവരുടെ ഫുട്ബോൾ വളർച്ചയുടെ പ്രഖ്യാപനമായിരുന്നു. ചെറിയ ജനസംഖ്യയും പരിമിതമായ വിഭവങ്ങളുമുള്ള ഒരു രാജ്യത്തിന്- കൃത്യമായ പദ്ധതിയും ആത്മവിശ്വാസവും ഉണ്ടെങ്കിൽ ലോക വേദിയിൽ തിളങ്ങാനാകുമെന്ന് അവർ തെളിയിച്ചു.

വോസീഞ്ഞയുടെ പോരാട്ടവീര്യവും കേപ്പ്- വെർദെ ടീമിന്റെ ഐക്യവും ലോകകപ്പ് അവസാനിച്ച ശേഷവും ഫുട്ബോൾ ആരാധകരുടെ മനസ്സിൽ ഓർമയായി നിലനിൽക്കും. 2026 ലോകകപ്പ് ചരിത്രത്തിൽ കേപ്പ്- വെർദെയുടെ പേര് ധൈര്യത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതീകമായി എന്നും രേഖപ്പെടുത്തപ്പെടും.

ടൂർണമെന്റിന്റെ തുടക്കത്തിൽ, മുൻ ലോക ചാമ്പ്യന്മാരായ സ്‌പെയിനിനെതിരെ കേപ്പ്-വെർദെ ഇറങ്ങുമ്പോൾ ആരും അവരെ ഗൗനിച്ചിരുന്നില്ല.ഫലം: ഗോൾകീപ്പർ ജോസിമർ “വോസീഞ്ഞ” ഡയസിന്റെ ഏഴ് സേവുകൾ കൊണ്ട് നങ്കൂരമിട്ട ഒരു അത്ഭുതകരമായ 0–0 സമനില.

ഉറുഗ്വേയുമായുള്ള മത്സരത്തിൽ, മാർസെലോ ബീൽസയുടെ ആക്രമണാത്മക ഫുട്ബോൾ തന്ത്രത്തെ കേപ്പ്- വെർദെയുടെ അച്ചടക്കമുള്ള പ്രതിരോധത്തിനു ഒന്നും ചെയ്യാനാകില്ലെന്നുഎറഞ്ഞ് വിദഗ്ദർ തള്ളിക്കളഞ്ഞു. കേപ്പ്- വെർദെ ഒരിക്കലും ഗോൾ നേടില്ലെന്ന് കമന്റേറ്റർമാർ തറപ്പിച്ചുപറഞ്ഞു. ഫലം: മിഡ്ഫീൽഡർ കെവിൻ പിനയുടെ ലോകകപ്പിലെ ആദ്യ ഗോൾ ഉൾപ്പെടെ ആവേശകരമായ 2-–2 ന്റെ സമനില.

തുടർന്ന് സൗദി അറേബ്യയ്‌ക്കെതിരെ മറ്റൊരു ഗോൾരഹിത സമനില വന്നു, കേപ്പ്- വെർദെ ഗ്രൂപ്പ് ഫിനിഷിംഗിൽ രണ്ടാം സ്ഥാനവും നോക്കൗട്ട് റൗണ്ടുകളിൽ എത്തിയ ഏറ്റവും ചെറിയ രാജ്യമെന്ന ചരിത്ര സ്ഥാനവും നേടി. മുൻ ചാമ്പ്യന്മാരായ അർജന്റീനയെ കേപ്പ്- വെർദെ നേരിടുമ്പോഴേക്കും ലോകം ആവേശത്തോടെ കാത്തിരിക്കുകയും ഈ അണ്ടർഡോഗുകളെ പിന്തുടരുകയും ചെയ്തു.

ഒരു നിമിഷം, അസാധ്യമായ അട്ടിമറി സംഭവിക്കുമെന്ന് പലരും വിശ്വസിച്ചു. ഡെറോയ് ഡുവാർട്ടെ സമനില നേടി 1-–1 ന് സ്കോർ ചെയ്തപ്പോൾ, സിഡ്നി ലോപ്സ് കാബ്രൽ വീണ്ടും സ്കോർ ചെയ്ത് 2-–2 ആക്കിയപ്പോൾ, ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർക്കിടയിൽ ആ വിശ്വാസം പടർന്നു.

അധിക സമയത്ത് അർജന്റീന 3-–2 ന് വിജയം നേടി; മൂന്ന് മുൻ ലോക ചാമ്പ്യൻമാരോട് 90 മിനിറ്റിനുള്ളിൽ തോൽവിയറിയാതെ പിടിച്ചുകെട്ടിയ കേപ്പ്- വെർദെ ടൂർണമെന്റിൽ നിന്ന് പുറത്തായി. ഒരുപക്ഷേ ആ മത്സരം പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക് നീങ്ങിയിരുന്നെങ്കിൽ മത്സരത്തിന്റെ ഫലം മറ്റൊന്നായേനെ. തോറ്റെങ്കിലും ലോക കായിക ഭൂപടത്തിൽ പുതിയ അധ്യായം എഴുതി ച്ചേർത്താണ് കേപ്പ്- വെർദെ മടങ്ങിയത്. ഒപ്പം ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരുടെ ബഹുമാനവും നേടിയെടുത്തു.

അർജന്റീന vs കേപ്പ്- വെർദെ മത്സരം ലോകമെമ്പാടുമായി 270 കോടി കാഴ്ചക്കാരെ ആകർഷിച്ചുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആ കണക്കുകൾ ഫിഫ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും,ലോകത്തിന്റെ പലകോണുകളിലുമുള്ള ദശലക്ഷക്കണക്കിനാളുകൾ കേപ് വെർദെയുടെ അനിതരസാധാരണമായ പോരാട്ട കഥയിൽ അനുരുക്തരായി എന്നത് വാസ്തവം.

2026 ലെ ടൂർണമെന്റിന് യോഗ്യത നേടുന്നതിനു മുമ്പ് വലുതും സമ്പന്നവും മികച്ച ഫണ്ടുള്ളതുമായ ഫുട്ബോൾ രാജ്യങ്ങളുമായി മത്സരിച്ചാണ് അവർ വർഷങ്ങൾ ചെലവഴിച്ചത്.

2010 കളിലാണ് ഒരു വഴിത്തിരിവ് ഉണ്ടായത്. 2013 ൽ ബ്ലൂ ഷാർക്ക്സ് അവരുടെ ആദ്യത്തെ ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിന് യോഗ്യത നേടി, ക്വാർട്ടർ ഫൈനലിലെത്തി ഭൂഖണ്ഡത്തെ അമ്പരപ്പിച്ചു. അതിനുശേഷം കേപ്പ്- വെർദെ പതിവ് AFCON സാന്നിധ്യമായി മാറി , 2023 ൽ ക്വാർട്ടർ ഫൈനലിൽ വീണ്ടും കളിച്ചു. ആഗോള സൂപ്പർസ്റ്റാറുകളെയോ വമ്പൻ സ്പോൺസർഷിപ്പുകളെയോ ആശ്രയിച്ചുള്ള ഒരു ടീമായിരുന്നില്ല അത്.

യൂറോപ്പിലുടനീളമുള്ള ലോവർ-ഡിവിഷൻ ക്ലബ്ബുകളിൽനിന്നും ലോകത്തിന്റെ പലഭാഗങ്ങളിൽ കുടിയേറിയവരിൽ നിന്നുമാണ് കളിക്കാരെ കണ്ടെത്തിയത്. ചിലരെ വ്യക്തിഗത നെറ്റ്‌വർക്കുകളിലൂടെയും ഓൺലൈൻ ഔട്ട്‌റീച്ചിലൂടെയും(ലിങ്ക്ഡ്ഇൻ ഉൾപ്പെടെയുള്ളവ) റിക്രൂട്ട് ചെയ്തു. പോർച്ചുഗീസിൽ എഴുതിയ ഒരു സന്ദേശം ആദ്യം അവഗണിക്കപ്പെട്ടതിനെത്തുടർന്ന്, ഐറിഷ് ലീഗിൽ ഷാമ്റോക് റോവേഴ്സ് എഫ് സി യിൽ കളിക്കുന്ന ഡിഫൻഡർ റോബർട്ടോ “പിക്കോ’ ലോപ്‌സുമായി കേപ്പ്- വെർദെ ഫുട്ബോൾ ഫെഡറേഷൻ നേരിട്ട് ബന്ധപ്പെടുകയായിരുന്നു. അച്ചടക്കം, സൗഹൃദം, വിശ്വാസം എന്നിവയായിരുന്നു ടീമിനെ ഒന്നിപ്പിച്ചത്. മാനേജർ പെഡ്രോ “ബുബിസ്റ്റ” ലെയ്‌റ്റോ ബ്രിട്ടോയുടെ കീഴിൽ, കേപ്പ്- വെർദെ തന്ത്രപരമായ ഘടന, ശാന്തത, ധൈര്യം, ബുദ്ധി എന്നിവയോടെ കളിച്ചു.

അങ്ങനെ ‘അവർക്ക് തന്ത്രപരമായ അച്ചടക്കം ഇല്ല; അവർ തന്ത്രത്തേക്കാൾ ശാരീരികക്ഷമതയെ കൂടുതൽ ആശ്രയിക്കുന്നു; അല്ലെങ്കിൽ അവർക്ക് ഉയർന്ന തലത്തിൽ മത്സരിക്കാൻ കഴിയില്ല’ തുടങ്ങിയ ആഫ്രിക്കൻ ടീമുകളെയും കറുത്ത വർഗക്കാരായ കായികതാരങ്ങളെയും കുറിച്ച് കായികരംഗത്ത് പലപ്പോഴും സ്ഥാപിക്കപ്പെട്ട പാരമ്പര്യത്തെയും മുൻവിധികളെയും അനുമാനങ്ങളെയും അവർ വെല്ലുവിളിച്ചു. വരേണ്യ കാഴ്ചാ സംസ്കാരത്തിൽ ഏറ്റവും പുറകിൽ നിൽക്കുമ്പോഴും അടിസ്ഥാനസൗകര്യങ്ങളിൽനിന്ന് അകലെ ആകുമ്പോഴും കഴിവുകൾകൊണ്ട് കേപ്പ്- വെർദെ നിലയുറപ്പിച്ചു. യൂറോപ്പിന് ലഭിക്കുന്ന സ്വാഭാവിക ദൃശ്യപരത മറ്റൊരു ഭൂഖണ്ഡത്തിനും ലഭിക്കില്ല. എന്നാൽ ആ ദൃശ്യപരതയുടെ ഏറ്റവും വിസ്മയകരമായ അത്ഭുത ഉദാഹരണങ്ങളിലൊന്ന് വോസീഞ്ഞയിലൂടെയാണ് ലഭിച്ചത്. ലോകകപ്പിനുമുമ്പ്, 40 വയസ്സുള്ള ഗോൾകീപ്പർ വിരമിക്കലിനോട് അടുക്കുകയായിരുന്നു, ഏകദേശം 50,000 ആളുകളുടെ, ഒരു മിതമായ സോഷ്യൽ മീഡിയ (ഇൻസ്റ്റഗ്രാം)ഫോളോവേഴ്‌സാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്.

കേപ്പ്- വെർദെയുടെ ചരിത്രക്കുതിപ്പിന്റെ ഒടുവിൽ , ടൂർണമെന്റിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായും ലോകത്തിലെ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള ഗോൾകീപ്പറായും അദ്ദേഹം മാറി. ഇൻസ്റ്റഗ്രാമിൽ 290 ലക്ഷത്തിലധികം ഫോളോവേഴ്‌സുണ്ട്‌ ഇന്ന് വോസീഞ്ഞയ്-ക്ക്. ആ ദൃശ്യപരത അയാളുടെ കരിയറിനെ മാറ്റുന്നു.

ഇത് സ്പോൺസർഷിപ്പ് അവസരങ്ങൾ സൃഷ്ടിക്കുന്നു, മാധ്യമശ്രദ്ധ ആകർഷിക്കുന്നു, വാണിജ്യ വാതിലുകൾ തുറക്കുന്നു, അത്ലറ്റുകളെയും അവർ പ്രതിനിധീകരിക്കുന്ന രാഷ്ട്രങ്ങളെയും ലോകം എങ്ങനെ കാണുന്നു എന്നതിനെ പുനർനിർമിക്കുന്നു.

2026 ലെ വിപുലീകരിച്ച ലോകകപ്പ് മൊറോക്കോ, സെനഗൽ, ഘാന, ഈജിപ്ത്, അൾജീരിയ, ടുണീഷ്യ, ദക്ഷിണാഫ്രിക്ക, ഡിആർ കോംഗോ, കോട്ട് ഡി ഐവയർ, ഹെയ്തി, കുറകാവോ എന്നിവയുൾപ്പെടെ ആഫ്രിക്കൻ, കരീബിയൻ ടീമുകൾക്ക് അഭൂതപൂർവമായ ദൃശ്യപരത നൽകി.

ഈ രാഷ്ട്രങ്ങൾ ലോകകപ്പിൽ പ്രത്യക്ഷപ്പെടുക മാത്രമേ ചെയ്യൂ എന്നാണ് പലരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, മത്സരിക്കാൻ തയ്യാറായാണ് അവർ എത്തിയത്. ആ ദൃശ്യപരതയും പ്രധാനമാണ്. ഇന്ന്, ലോകം കേപ്പ്- വെർദെയെ വെറുമൊരു അടിക്കുറിപ്പായിട്ടല്ല, മറിച്ച് ബഹുമാനത്തിനും പ്രശംസയ്ക്കും ഗൗരവമായ ശ്രദ്ധയ്ക്കും അർഹമായ ഒരു രാഷ്ട്രമായിട്ടാണ് കണുന്നത്.

മറ്റ് ആഫ്രിക്കൻ, കരീബിയൻ രാജ്യങ്ങളുമായി ചേർന്ന്, 48 ടീമുകളുടെ വിപുലീകരിച്ച ടൂർണമെന്റ്, വളർന്നുവരുന്ന ഫുട്ബോൾ രാജ്യങ്ങൾ നേരിടുന്ന തുടർച്ചയായ സാമൂഹിക-, രാഷ്ട്രീയ, സാമ്പത്തിക യാഥാർത്ഥ്യങ്ങൾ, പ്രവേശനം, അവസരം, ദൃശ്യത എന്നിവയുടെ പരിവർത്തന ശക്തി എന്നിവയെക്കുറിച്ചുള്ള ചർച്ചയെ പുനർനിർമിക്കാൻ സഹായിച്ചു.

കേപ്പ്- വെർദെ മാനേജർ ബുബിസ്റ്റയുടെ വാക്കുകളിൽ: “നിങ്ങൾ ഒരു സ്വപ്നം കാണുകയും അതിനെ പിന്തുടരുകയും ചെയ്താൽ, നിങ്ങളുടെ വെല്ലുവിളികൾ എന്തുതന്നെയായാലും നിങ്ങൾക്ക് മികച്ച നേട്ടങ്ങൾ കൈവരിക്കാൻ കഴിയുമെന്ന് കാണിച്ചുതരാൻ ഞങ്ങൾ ആഗ്രഹിച്ചു.’

നന്ദി, കേപ്പ്- വെർദെ.

ലോകവേദിയിലേക്ക് കാലെടുത്തുവച്ച എല്ലാ ആഫ്രിക്കൻ – കരീബിയൻ രാജ്യങ്ങൾക്കും നന്ദി. നിങ്ങളുടെ നിർഭയത്വം, പ്രതിരോധശേഷി, ധൈര്യം എന്നിവ ഒരിക്കലും ഭൂമിശാസ്ത്രത്താൽ പരിമിതപ്പെടുന്നതല്ലെന്ന് ലോകത്തെ ഓർമിപ്പിച്ചു. ആഫ്രിക്കൻ ഫുട്ബോളിന്റെ ഭാവി ശോഭനമാണ്.

ലോകകപ്പ് ഫുട്ബോൾ ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടുന്നതിനു മുൻപ് പലരും ഈ കുഞ്ഞൻ രാജ്യത്തെ കുറിച്ച് കേട്ടിട്ടുപോലുമില്ല.ഗ്രാമി പുരസ്കാര ജേതാവായ സെസാരിയ എവോറയുടെ സംഗീതത്തിന്റെ സ്വന്തം നാട്. വെറും 4,033 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള അറ്റ്ലാന്റിക് സമുദ്രത്തിലെ അഗ്നിപർവ്വത ദ്വീപുകളുടെ മനോഹരമായ കൂട്ടം – അതാണ് കേപ്പ്- വെർദെ (Cape Verde).

പശ്ചിമ ആഫ്രിക്കയിലെ സെനഗൽ തീരത്തുനിന്ന് ഏകദേശം 570 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഈ രാജ്യത്തെക്കുറിച്ച് ഒരു മനോഹരമായ ഐതിഹ്യമുണ്ട്. ലോകസൃഷ്ടിക്കുശേഷം ദൈവം കൈകൾ കുടഞ്ഞപ്പോൾ അറ്റ്ലാന്റിക്കിലേക്ക് വീണ മൺതരികളാണ് ഈ ദ്വീപുകളായി മാറിയതെന്നാണ് വിശ്വാസം. ഐതിഹ്യമാണെങ്കിലും, ഈ രാജ്യത്തിന്റെ പ്രകൃതിഭംഗി കണ്ടാൽ അത് വിശ്വസിക്കാതിരിക്കാൻ പ്രയാസമാണ്.

1456-ൽ പോർച്ചുഗീസുകാർ ഇവിടെ എത്തുന്നതുവരെ മനുഷ്യവാസമില്ലാത്ത ദ്വീപുകളായിരുന്നു ഇവ. പിന്നീട് അടിമക്കച്ചവടത്തിന്റെ പ്രധാന കേന്ദ്രമായി കേപ്പ്- വെർദെ മാറി. നൂറ്റാണ്ടുകളുടെ കോളനിവാഴ്ചയ്ക്കുശേഷം 1975-ലാണ് രാജ്യം സ്വാതന്ത്ര്യം നേടിയത്. ഇന്നും ഔദ്യോഗിക ഭാഷ പോർച്ചുഗീസാണ്. നാണയം എസ്കുഡോ (Escudo).

അമിൽക്കർ കബ്രാൾ

കേപ്പ്- വെർദെയുടെ ചരിത്രം പറയുമ്പോൾ, ആദ്യം ഓർമവരുന്നത് രാഷ്ട്രപിതാവായ അമിൽക്കർ കബ്രാളിനെയാണ്. കേപ്പ് വെർദെയെയും ഗിനിയ-ബിസാവുവിനെയും പോർച്ചുഗീസ് കോളനിവാഴ്ചയിൽ നിന്നു മോചിപ്പിക്കാൻ നേതൃത്വം നൽകിയ മാർക്സിസ്റ്റ് വിപ്ലവകാരി. ഒരു കാർഷിക എഞ്ചിനീയറായിരുന്ന കബ്രാൾ, ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച് കർഷകരുടെ ജീവിതം നേരിട്ടു മനസ്സിലാക്കിയ നേതാവായിരുന്നു. “തോക്കുകൾ മാത്രം പോരാ; സ്വന്തം സംസ്കാരത്തെ വീണ്ടെടുക്കണം, അപ്പോഴേ യഥാർത്ഥ സ്വാതന്ത്ര്യം ലഭിക്കൂ’ എന്ന അദ്ദേഹത്തിന്റെ ആശയം ഇന്നും കേപ്പ്- വെർദെയുടെ ദേശീയബോധത്തിന്റെ അടിത്തറയാണ്. ദുഃഖകരമെന്നു പറയട്ടെ, രാജ്യം സ്വതന്ത്രമാകുന്നതിന് മാസങ്ങൾക്കു മുമ്പ്, 1973 ജനുവരിയിൽ അദ്ദേഹം വധിക്കപ്പെട്ടു.

ഇന്ന് കേപ്പ്- വെർദെയുടെ രാഷ്ട്രീയം ആഫ്രിക്കയിലെ ഏറ്റവും സ്ഥിരതയുള്ള ജനാധിപത്യ മാതൃകകളിലൊന്നായി വിലയിരുത്തപ്പെടുന്നു. സൈനിക അട്ടിമറികളോ ആഭ്യന്തര യുദ്ധങ്ങളോ ഇല്ലാതെ സമാധാനപരമായ അധികാര കൈമാറ്റങ്ങൾ നടക്കുന്ന രാജ്യമാണിത്. പ്രകൃതി വിഭവങ്ങൾ കുറവായിട്ടും നല്ല ഭരണവും വിദ്യാഭ്യാസവും വിനോദസഞ്ചാരവും പ്രവാസി സമൂഹത്തിന്റെ പിന്തുണയും ചേർന്നാണ് ഈ രാജ്യം മുന്നേറുന്നത്.

ഈ ദേശീയ ആത്മവിശ്വാസത്തിന്റെ ഏറ്റവും മനോഹരമായ പ്രതിഫലനം ഫുട്ബോളിലാണ്. വെറും ആറര ലക്ഷത്തോളം ജനസംഖ്യയുള്ള രാജ്യം ലോക ഫുട്ബോളിൽ സ്വന്തം സ്ഥാനം നേടിയെടുത്തത് യാദൃച്ഛികമല്ല. വലിയ ശക്തികളോട് ഭയമില്ലാതെ പൊരുതുന്ന അവരുടെ ശൈലി രാജ്യത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തെതന്നെ ഓർമിപ്പിക്കുന്നു.

കേപ്പ്- വെർദെയിൽ ഫുട്ബോൾ ഒരു കളി മാത്രമല്ല; അത് ദേശീയ അഭിമാനമാണ്. ഓരോ വിജയവും അമിൽക്കർ കബ്രാൾ സ്വപ്നംകണ്ട സ്വതന്ത്ര രാജ്യത്തിന്റെ ആത്മവിശ്വാസത്തിന്റെ തുടർച്ചയാണ്. മൈതാനത്ത് ജേഴ്സി അണിയുമ്പോൾ ആ കളിക്കാർ പ്രതിനിധീകരിക്കുന്നത് ഒരു ടീമിനെ മാത്രമല്ല, അടിമത്തത്തിൽനിന്ന് ജനാധിപത്യത്തിലേക്കും ഒറ്റപ്പെടലിൽനിന്ന് ലോകശ്രദ്ധയിലേക്കും ഉയർന്നുവന്ന ഒരു ജനതയെയാണ്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

two × five =

Most Popular