വര്‍ത്തമാനകാല ഇന്ത്യന്‍ സാഹചര്യത്തില്‍, ചരിത്രം വിദ്വേഷനിര്‍മ്മിതിക്കുള്ള ഉപാധിയായി ഉപയോഗിക്കപ്പെടുകയാണ്. ബ്രിട്ടീഷ് ഭരണകാലത്ത് ഈ സമീപനം ഉണ്ടായിരുന്നത് നമുക്കറിയാം. 19–ാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട, ജയിംസ് മില്ലിന്റെ ‘ഹിസ്റ്ററി ഓഫ് ബ്രിട്ടീഷ് ഇന്ത്യ’ എന്ന പുസ്തകത്തില്‍ തന്നെ അത് വ്യക്തമായി കാണാം. ഇന്ത്യാ ചരിത്രത്തെ ഹിന്ദു നാഗരികത, ഇസ്ലാമിക നാഗരികത, ബ്രിട്ടീഷ് നാഗരികത എന്നിങ്ങനെ മൂന്നായി വേര്‍തിരിച്ചുകൊണ്ടുള്ള ചരിത്രപാഠ നിര്‍മ്മിതിയാണ് ജയിംസ് മില്‍ അടക്കമുള്ള ബ്രിട്ടീഷ് ചരിത്രകാരര്‍ നടത്തിയത്. അങ്ങനെ ചരിത്രം രചിച്ചതിനു പിന്നില്‍ അവര്‍ക്ക് വ്യക്തമായ ഉദ്ദേശ്യലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു.
ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ നിലകൊള്ളുന്ന ഇന്ത്യന്‍ സമൂഹത്തെ വംശീയമായി ഛിദ്രീകരിക്കുക എന്നതായിരുന്നു ഒരു ലക്ഷ്യം. പ്രാകൃതരായ ഇന്ത്യന്‍ ജനതയെ ആധുനികതയിലേക്ക് കൈപിടിച്ചു നടത്തിയത് ബ്രിട്ടീഷുകാരാണെന്ന വാദത്തിന് ബലം നല്‍കുക എന്നതായിരുന്നു മറ്റൊരു ലക്ഷ്യം. ഇതുരണ്ടും ഏറെക്കുറെ വിജയിക്കുകയും ചെയ്തു. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാന പാദത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലും ഇന്ത്യയില്‍ പൊട്ടിപ്പുറപ്പെട്ട വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് ഇന്ധനമായത് ആ ചരിത്രനിര്‍മ്മിതിയാണ്. ദ്വിരാഷ്ട്ര വാദവും മതരാഷ്ട്ര വാദവും ഉന്നയിച്ചിരുന്നവര്‍ക്ക് ആ ചരിത്രപാഠങ്ങള്‍ ബലമാവുകയും ചെയ്തു. അതിന്റെ കൂടി ഫലമായാണ് ഇന്ത്യാ വിഭജനം സംഭവിക്കുന്നത്.
നമ്മുടെ സാമൂഹ്യ ഐക്യത്തെ ഛിദ്രീകരിക്കാന്‍ ബ്രിട്ടീഷുകാര്‍ ഉപയോഗിച്ച അതേ ആയുധങ്ങളെ സംഘപരിവാര്‍ ശക്തികള്‍ ഇന്ന് ഉപയോഗപ്പെടുത്തുകയാണ്. ആ സമീപനത്തിനു ഭരണതലത്തില്‍ തന്നെ മേല്‍ക്കൈ ഉണ്ടാകുന്ന ഒരു ഘട്ടത്തിലൂടെയാണ് രാജ്യം ഇന്ന് കടന്നുപോകുന്നത്.
മതേതര കാഴ്ചപ്പാടുള്ള ചരിത്രകാരര്‍ക്ക് മതദേശീയതയിലൂന്നിയ ചരിത്രം നിര്‍മ്മിക്കുന്നവരെ നേരിടേണ്ടിവരുന്നത് പുതിയ കാര്യമല്ല. എന്നാല്‍, അങ്ങനെ ചെയ്യുന്നവരെ കായികമായടക്കം ഇല്ലായ്മ ചെയ്യുന്ന വിപല്‍ക്കരമായ അവസ്ഥ പുതിയതാണ്. ഭരണത്തിന്റെ ശക്തി ചരിത്രത്തിന്റെ വ്യാജനിര്‍മ്മിതിക്കായി പരക്കെ ഉപയോഗിക്കപ്പെടുകയാണ്. പാഠപുസ്തകങ്ങളെപ്പോലും ഇതിനായി ഉപയോഗിക്കുന്നു. ഒരു പ്രത്യേക മതവിഭാഗത്തിനേ രാജ്യത്തിന്റെ വിശാല സംസ്‌കാരത്തെ സംരക്ഷിക്കാനാവൂ എന്ന പ്രതീതി നിര്‍മ്മിക്കപ്പെടുകയാണ്. അതിന്റെ ഭാഗമായി ഇന്ത്യന്‍ സംസ്‌കാരത്തെയാകെ ഒരു മതചട്ടക്കൂടില്‍ ഒതുക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാവുകയാണ്. എന്നിട്ടതിന് സാംസ്‌കാരിക ദേശീയത എന്ന ഓമനപ്പേര് നല്‍കുകയും ചെയ്യുന്നു.
അവയ്ക്കു ബലം നല്‍കാനായി സത്യവിരുദ്ധമായ നരേറ്റീവുകള്‍ നിര്‍മ്മിക്കപ്പെടുകയാണ്. ഏതാണ്ട് കാല്‍നൂറ്റാണ്ടുമുമ്പ് ഹാരപ്പന്‍ സംസ്‌കാരത്തിന്റെ അവശിഷ്ടങ്ങള്‍ ചേര്‍ത്തുവെച്ചുകൊണ്ട് ഒരു കമ്പ്യൂട്ടര്‍ ഗ്രാഫിക് ജനറേറ്റഡ് ചിത്രം നിര്‍മ്മിക്കപ്പെട്ടു. ‘ഒറ്റക്കൊമ്പന്‍ യൂണികോണ്‍ കുതിര’ ഹാരപ്പന്‍ സംസ്‌കാരത്തിന്റെ ഭാഗമായിരുന്നുവെന്നും അത് വന്നത് ആര്യന്‍ സംസ്‌കാരത്തില്‍ നിന്നാണ് എന്നും വരുത്തിത്തീര്‍ക്കാന്‍ നിര്‍മ്മിച്ചതായിരുന്നു ആ വ്യാജ ചിത്രം.
ആര്യന്‍ സംസ്‌കാരമാണ് ഇന്ത്യയുടെ ആദ്യ സംസ്‌കാരമെന്നും അതിന്റെ കൈവഴികള്‍ മാത്രമാണ് മറ്റു സംസ്‌കാരങ്ങളെന്നും സ്ഥാപിക്കാനുള്ള ശ്രമമായിരുന്നു അത്. എന്നാല്‍, ആ നുണ പൊളിഞ്ഞു. അത് പ്രചരിപ്പിച്ച ഭരണസംസ്‌കാരത്തിന് അക്കാലത്ത് ഇന്ത്യയില്‍ തുടര്‍ച്ചയുണ്ടായില്ല. എന്നാല്‍, കഴിഞ്ഞ പതിനൊന്ന് വര്‍ഷമായി ആ ഭരണസംസ്‌കാരത്തിന് തുടര്‍ച്ചയുണ്ടാവുകയാണ്. അത് ഇന്ത്യാ ചരിത്രത്തെ മതാത്മക ചട്ടക്കൂടിലേക്ക് ചുരുക്കുകയുമാണ്.
നമ്മുടെ ചരിത്രസ്മാരകങ്ങള്‍, ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങള്‍, സ്ഥലപ്പേരുകള്‍ എന്നിവയെല്ലാം ഒരു പ്രത്യേക മതത്തിനു മാത്രം അവകാശപ്പെട്ടതാണെന്നും മുഗള്‍ ഭരണകാലത്ത് അവയെല്ലാം മാറ്റിയതാണെന്നുമുള്ള വാദങ്ങളാണ് ഇക്കൂട്ടര്‍ പ്രധാനമായും പിന്തുടരുന്നത്. നമ്മുടെ രാജ്യം ഇന്ന് എവിടേക്കു നീങ്ങുന്നു എന്നതിന്റെ ദൃഷ്ടാന്തങ്ങളാണ് ഇവയെല്ലാം.
നമ്മുടെ സാമൂഹിക ഐക്യത്തെ ഇല്ലാതാക്കി, പരസ്പരം പോരടിക്കുന്ന ഒരു ജനതയാക്കി നമ്മെ മാറ്റാനായി അധിനിവേശ ശക്തികള്‍ നടത്തിയ ശ്രമങ്ങള്‍ മറ്റൊരു രീതിയില്‍ പുതിയ കാലത്ത്- നടപ്പാക്കപ്പെടുകയാണ്. ബ്രിട്ടീഷ് ഭരണം വരുന്നതിനു മുമ്പുള്ള കാലഘട്ടം ഇന്ത്യയില്‍ മുഗള്‍ ഭരണമായിരുന്നു. ആ കാലത്തിന്റെ ചരിത്രത്തെ അപ്പാടെ പാഠപുസ്തകങ്ങളില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നു. സ്വാതന്ത്ര്യലബ്ധിക്ക് മുമ്പും പിമ്പും നടന്ന വര്‍ഗീയ ലഹളകളും പിന്നീടു നടന്ന വര്‍ഗീയകലാപങ്ങളും പാഠപുസ്തകങ്ങളില്‍ നിന്നു നീക്കംചെയ്യുന്നു. ചില ഭരണസംവിധാനങ്ങളെ ഹിന്ദു ഭരണമെന്നും മറ്റു ചിലവയെ മുസ്ലീം ഭരണമെന്നും വേര്‍തിരിച്ചിരിക്കുന്നു. ഇത്തരത്തില്‍ കുട്ടികളിലേക്കുതന്നെ വേര്‍തിരിവിന്റെ വിഷം കുത്തിവെക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്.
‘ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാന്‍’ എന്ന തങ്ങളുടെ മുദ്രാവാക്യം സാക്ഷാത്കരിക്കാനുള്ള ഉപാധികളിലൊന്നായി സംഘപരിവാര്‍ വിദ്യാഭ്യാസ മേഖലയെ കാണുന്നു. വൈവിധ്യപൂര്‍ണമായ ഇന്ത്യന്‍ സംസ്‌കാരത്തെ അവര്‍ ഏകമുഖ സംസ്‌കാരമായി വ്യാഖ്യാനിക്കുന്നു. ഇതിനായി വിദ്യാഭ്യാസത്തെ മതവല്‍ക്കരിക്കുന്നു. അക്കാദമിക് സ്ഥാപനങ്ങളുടെ മതനിരപേക്ഷത ചോര്‍ത്തിക്കളഞ്ഞ്, അവയെ വര്‍ഗീയതയുടെ രാഷ്ട്രീയംകൊണ്ടു നിറയ്ക്കുന്നു. ഇത് ഒരു ജീര്‍ണ്ണ സംസ്‌കാരത്തെ സൃഷ്ടിക്കുന്നു. അതിന്റെ ഫലമായി മതനിരപേക്ഷ വിദ്യാഭ്യാസത്തിന്റെ വക്താക്കളാകേണ്ട അദ്ധ്യാപകര്‍ തന്നെ ജാതി അധിക്ഷേപം നടത്തുന്ന സ്ഥിതിയുണ്ടാവുന്നു. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടക്കുന്ന ജാതി അധിക്ഷേപം കാരണം ആത്മഹത്യ ചെയ്യുന്നവരുടെയും പഠനം അവസാനിപ്പിക്കുന്നവരുടെയും എണ്ണം വര്‍ദ്ധിച്ചുവരുന്നു.
ശാസ്ത്രവും ചരിത്രവും ഒക്കെ പുനര്‍വ്യാഖ്യാനിക്കാം. എന്നാലതു ചെയ്യുന്നത് പ്രൊഫഷണല്‍ ശാസ്ത്രജ്ഞരോ വസ്തുതാന്വേഷകരായ ചരിത്രകാരരോ ആകണം. അവര്‍ പുതിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ ചെയ്യുന്നതാവണം. അല്ലാതെ, അധികാരത്തിലുള്ളവരുടെ താല്‍പര്യപ്രകാരം ചെയ്യുന്നതാവരുത്. എന്നാല്‍ കൃത്യമായും അതാണിന്ന് ഇന്ത്യയില്‍ നടക്കുന്നത്. സിലബസ് തൊട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളെ വരെ ഉപയോഗിച്ചുകൊണ്ട് പുതിയ തലമുറയുടെ മനസ്സുകളെ പതിയെ പതിയെ വര്‍ഗീയതയാല്‍, വിദ്വേഷത്താല്‍, അസഹിഷ്ണുതയാല്‍ വിഷലിപ്തമാക്കുകയാണ്.
ബിജെപി സർക്കാർ ഇത് തുടങ്ങിയിട്ട് കുറേയായി. റോമിലാ ഥാപ്പറെയും കെ എന്‍ പണിക്കരെയും ഇര്‍ഫാന്‍ ഹബീബിനെയും പോലുള്ളവരെ പുറത്താക്കി, ആര്‍ എസ് എസ് വക്താക്കളെ ചരിത്ര ഗവേഷണ സ്ഥാപനങ്ങളില്‍ കുത്തിനിറച്ചു. പഠനക്രമത്തില്‍ നിന്ന് എ കെ രാമാനുജന്റെ ‘ത്രീ ഹണ്‍ഡ്രഡ് രാമായണാസും’ വെന്‍ഡി ഡോണിഗറുടെ ‘ദി ഹിന്ദൂസ്: ആന്‍ ഓള്‍ട്ടര്‍നേറ്റീവ് ഹിസ്റ്ററിയും’ ഒക്കെ ഒഴിവാക്കി. വെന്‍ഡി ഡോണിഗറുടെ ‘ദി ഹിന്ദൂസ്: ആന്‍ ഓള്‍ട്ടര്‍നേറ്റീവ് ഹിസ്റ്ററി’ എന്ന പുസ്തകത്തിന്റെ നിരോധനത്തിനു വഴിതെളിച്ച ദീനാനാഥ് ബത്രയെ വിദ്യാഭ്യാസ ഉപദേശകനാക്കി. അതേസമയം വിശ്വപ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായ നൊബേല്‍ ജേതാവ് അമര്‍ത്യാസെന്നിന് നളന്ദാ സര്‍വകലാശാലയുടെ പടിയിറങ്ങേണ്ട സ്ഥിതി വരുത്തിവെക്കുകയും ചെയ്തു.
ഇന്ത്യയിലെ നാനാജനവിഭാഗങ്ങള്‍ ഒരുമിച്ചുനിന്ന് നടത്തിയ പോരാട്ടമായിരുന്ന 1857 ലേത്. ആ സാമൂഹിക ഐക്യം തന്നെയാണ് ബ്രിട്ടീഷുകാരെയും ഇപ്പോള്‍ സംഘപരിവാറുകാരെയും ചൊടിപ്പിക്കുന്നത്. ബ്രിട്ടീഷുകാര്‍ ഒന്നാം സ്വാതന്ത്ര്യ സമരത്തെ ‘ശിപായി ലഹള’ എന്നു പരിഹസിച്ചെങ്കില്‍ ഇന്ന് അതിനെ ചരിത്രപാഠങ്ങളില്‍ നിന്നുതന്നെ വെട്ടിനീക്കുകയാണ് സംഘപരിവാര്‍ ചെയ്യുന്നത്. എക്കാലവും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളായിരുന്നു സാമ്രാജ്യത്വവും സംഘപരിവാറുമെന്ന് ഇതില്‍നിന്നു കൂടുതല്‍ വ്യക്തമാവുകയാണ്.
ബ്രിട്ടീഷുകാരന്റെ അനുസരണയുള്ള അടിമയായി ജീവിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന, എക്കാലവും അവര്‍ക്ക് വിധേയപ്പെട്ടിരുന്ന, അവര്‍ക്ക് മാപ്പ് എഴുതി നല്‍കിയ പാദസേവകരായിരുന്നു സംഘപരിവാറുകാര്‍. ആ ജാള്യത മറയ്ക്കാനുള്ള ശ്രമങ്ങളാണ് ചരിത്രത്തെ വളച്ചൊടിക്കുന്നതിലൂടെ ഇപ്പോള്‍ ഉണ്ടാകുന്നത്. അതിനാണ് ഗാന്ധിജിയ്ക്കും നെഹ്‌റുവിനും മേല്‍ സവര്‍ക്കറെ പോലുള്ളവരെ പ്രതിഷ്ഠിക്കുന്നത്, ബദല്‍ ചരിത്രമെഴുതുന്നത്.
തങ്ങളുടെ സ്വാധീനതയിലുള്ള വിശാലമായ സംവിധാനങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ശാസ്ത്രീയമായതും തെളിയിക്കപ്പെട്ടതുമായ അറിവുകളെ നിഷേധിക്കുക, അതേസമയം തന്നെ തെറ്റായ വിവരങ്ങള്‍ക്ക് പൊതുസമൂഹത്തില്‍ സ്വീകാര്യത ഉറപ്പുവരുത്തുക. ഈ വിധത്തില്‍ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ അസ്ഥിരപ്പെടുത്തുകയാണ്. അതിന്റെ മറവില്‍ തങ്ങളുടെ നിക്ഷിപ്ത താത്പര്യങ്ങള്‍ നടത്തിയെടുക്കുകയാണ് സംഘപരിവാര്‍ ചെയ്യുന്നത്. ഈയൊരു സാഹചര്യത്തില്‍ നിന്നുവേണം ചരിത്രപഠനവും ഗവേഷണവും എപ്രകാരമാണു മുന്നോട്ടു കൊണ്ടുപോകേണ്ടത് എന്നതു ചര്‍ച്ച ചെയ്യാൻ. l



