അതീവ സുരക്ഷിതമെന്ന് അവകാശപ്പെട്ടിരുന്ന ഐ ഫോണിനെ ഉന്നമിട്ട് ഇസ്രായേലി കമ്പനിയായ എൻഎസ്ഒ ഗ്രൂപ്പ് വികസിപ്പിച്ച ചാര പ്രോഗ്രാമാണ് പെഗാസസ്. സ്മാർട്ട് ഫോണുകളിൽ അതിസമർഥമായി നുഴഞ്ഞുകയറി, തെളിവുകളുടെ കണികപോലും അവശേഷിക്കാതെ സകലവിവരങ്ങളും ചോർത്തി, സ്വയം മരണം വരിക്കുന്ന ചാവേറുകളാണ് 2019ൽ വലിയ വിവാദവും കോളിളക്കവുമുണ്ടാക്കിയ പെഗാസസ്. രാഷ്ട്രീയ നേതാക്കൾ, മാധ്യമപ്രവർത്തകർ, അഭിഭാഷകർ, നയതന്ത്രജ്ഞർ, മനുഷ്യാവകാശ പ്രവർത്തകർ തുടങ്ങിയവരെയാണ് ഇന്ത്യയിൽ പെഗാസസ് ഉപയോഗിച്ച് ലക്ഷ്യവേധിയാക്കിയത്. ഒറ്റ മിസ്ഡ് കോളിലൂടെ ഈ മാൽവെയർ സ്മാർട്ട്ഫോണുകളിൽ കടന്നുകൂടും. തുടർന്ന് ‘ജയിൽ ബ്രേക്ക്’ എന്നറിയപ്പെടുന്ന പ്രക്രിയയിലൂടെ ഫോണിന്റെ ഒാപ്പറേറ്റിങ് സിസ്റ്റത്തിന്റെ നിയന്ത്രണം ഏറ്റെടുക്കും. പെഗാസസ് കടത്തിവിടാനുപയോഗിച്ച മിസ്ഡ് കോൾ, കോൾ ലിസ്റ്റിൽ നിന്നുപോലും നിഷ്-ക്രമിക്കും. ചാരവൃത്തി പൂർത്തിയായാൽ പെഗാസസ് തനിയെ തിരോധാനം ചെയ്യും. ഫോണിന്റെ ചരിത്രരേഖകളിൽ ഊളിയിട്ടു പരതിയാൽപോലും യാതൊരു തെളിവും കിട്ടില്ല.
ഇന്ത്യയടക്കം പല രാജ്യങ്ങളിലും ഭയവിഹ്വലാന്തരീക്ഷം സൃഷ്ടിച്ചപ്പോൾ അത് നിർമിച്ച് ഇസ്രായേലി കമ്പനിയായ എൻഎസ്ഒ ആവർത്തിച്ച് പറഞ്ഞ ഒരു പരാമർശമുണ്ട്; ലോകത്തിലെ പല സർക്കാരുകൾക്കും സുരക്ഷാ–നിരീക്ഷണ സംവിധാനങ്ങൾ നിർമിച്ചു നൽകുന്ന കമ്പനിയാണ് തങ്ങൾ എന്നത്രെ അത്. അപ്പോൾ ഇപ്പോഴത്തെ ഈ ചാരപ്രോഗ്രാമിന്റെ ഉപഭോക്താവും പ്രയോക്താവും ഇസ്രയേലുമായി നാഭീനാളബന്ധമുള്ള ഇന്നത്തെ കേന്ദ്ര സർക്കാർ ആണെന്ന കാര്യത്തിൽ ആർക്കും നിശ്ശേഷം സന്ദേഹമുണ്ടാകില്ല.
പെഗാസസിന്റെ പുകപടലങ്ങൾ അടങ്ങി അര വ്യാഴവട്ടത്തിനുശേഷമാണ് മോദി സർക്കാർ സഞ്ചാർ സാഥി എന്ന ആപ്പുമായി രംഗത്തുവന്നത്. പുതുതായി ഇറങ്ങുന്ന സ്മാർട്ട് ഫോണുകളിൽ സഞ്ചാർ സാഥി ആപ്പ് പ്രീ ഇൻസ്റ്റാൾ ചെയ്യണമെന്നായിരുന്നു തീട്ടൂരം. രാജ്യത്തെ പൗരരുടെ സുരക്ഷയ്ക്കുള്ള ‘സാഥി’ എന്നതിനേക്കാൾ പൗരരുടെ സ്വകാര്യതയിലേക്ക് നുഴഞ്ഞുകയറാനും അവരെ സദാ നിരീക്ഷിക്കാനും നിയന്ത്രിക്കാനുമുള്ള മോദി സർക്കാരിന്റെ ‘സൃഗാല സാഥി’യാണ് ഈ ആപ്പെന്ന് സത്വരം മനസ്സിലാക്കിയ പ്രതിപക്ഷം, ശക്തമായ പ്രതിഷേധം ഉയർത്തിയതോടെ ആ ഉത്തരവ് കേന്ദ്ര സർക്കാരിന് പിൻവലിക്കേണ്ടി വന്നു.
സഞ്ചാർ സാഥിയുടെ പൊടുന്നനെയുള്ള വരവും പോക്കും ശോഷാന സുബോഫ് എഴുതിയ ‘The Age of Surveillance Captialism: The Fight for a Human Future at the New Frontier of Power’ (Profile Books, London 2019) എന്ന ബൃഹദ്- ഗ്രന്ഥത്തിലെ സ്തോഭജനകമായ നിരീക്ഷണങ്ങൾ ഓർമയിലെത്തിച്ചു. സുബോഫിന്റെ വാക്കുകളിൽതന്നെ പറഞ്ഞാൽ ‘നിരീക്ഷണ മുതലാളിത്ത’ത്തിന്റെ സത്തയും സാരാംശവും ഇതാണ്: മനുഷ്യരുടെ അനുഭവങ്ങളെ, പ്രത്യേകിച്ച് സ്വകാര്യാനുഭവങ്ങളെ വിപണിയിൽ ഡാറ്റയായി വിൽക്കുന്ന ഏർപ്പാടാണത്. 21–ാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ സമകാലിക ലോകത്തെ പിടിമുറുക്കി ചൂഴ്-ന്ന–ുനിൽക്കുന്ന വിവരസാങ്കേതികവിദ്യയുടെയും സാമൂഹിക മാധ്യമങ്ങളുടെയും ‘ബിഗ് അതർ’ (Big Other) എന്ന അതിസങ്കീർണ വ്യവസ്ഥ, മനുഷ്യരുടെ പെരുമാറ്റരീതികളെയും ശീലങ്ങളെയും വ്യവഹാരങ്ങളെയും പ്രവർത്തനങ്ങളെയും സർവോപരി വികാരവിചാരങ്ങളെയും എങ്ങനെയാണ് ഇടതടവില്ലാതെ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നതെന്നും അതുവഴി മുതലാളിത്തത്തിന്റെ ചരിത്രത്തിൽ തന്നെ അഭൂതപൂർവമായ ലാഭം കൊയ്യുന്നതെന്നും ഗ്രന്ഥകാരി അനാവരണം ചെയ്യുന്നു. കോർപറേറ്റുകളും പരസ്യദാതാക്കളും മാത്രമല്ല ഈ ഡാറ്റ വിലയ്ക്കു വാങ്ങി ഉപയോഗിക്കുന്നത്. ഗൂഗിൾ, ഫേസ്ബുക്ക് പോലുള്ള ആഗോള ടെക് ഭീമന്മാർ ശേഖരിക്കുന്ന ഡാറ്റയുടെ മഹാസഞ്ചയത്തിന്റെ ഉപഭോക്താക്കളിൽ സമഗ്രാധിപത്യ ഭരണകൂടങ്ങൾ മുൻപന്തിയിലാണ്. നമ്മുടെ സ്വകാര്യതയിലേക്ക് തുളച്ചുകയറി ശേഖരിക്കുന്ന ഈ ഡാറ്റയുടെ മഹാസാഗരം ഉപയോഗിച്ച് പൊതുജനാഭിപ്രായത്തെ സ്വാധീനിക്കുകയും കെെകാര്യം ചെയ്യുകയും വിയോജന സ്വരങ്ങളെയും വിമത നിലപാടുകളെയും കൃത്യമായി പിന്തുടർന്ന് ജനാധിപത്യത്തെ തുരങ്കംവയ്ക്കുകയും ചെയ്യുന്നു.

സാമൂഹിക മാധ്യമങ്ങൾക്കുമേൽ അവയുടെ ഉപയോക്താക്കളായ മനുഷ്യർക്ക് നിയന്ത്രണമുണ്ടെന്നത് മിഥ്യയാണ്. വ്യക്തികളുടെ അഭിപ്രായങ്ങളും നിലപാടുകളും മാത്രമല്ല, അതത് സമയത്തെ വെെകാരിക സ്ഥിതിപോലും അവ ഒപ്പിയെടുക്കുകയും സൂക്ഷിക്കുകയും ചെയ്യുന്നു. നമ്മുടെ ജിപിഎസ് ലൊക്കേഷൻ, ഇ–മെയിൽ, ഓൺലെെൻ അനേ-്വഷണങ്ങൾ എന്നിവ മാത്രമല്ല സംസാരരീതി വരെ അവ സമാഹരിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്നു. ഇതിനവർക്ക് ലോകത്തൊരിടത്തും നിയമപരമായ വിലക്കോ വ്യവസ്ഥയോ ഇല്ല. സർവെയ്ലൻസ് ക്യാപ്പിറ്റലിസം മുതലാളിത്തത്തിന്റെ അത്യുന്നതഘട്ടമാണെന്നൊന്നും സുബോഫ് പറയുന്നില്ല. സമകാലിക മുതലാളിത്തത്തിന്റെ വെെകൃതവും വിപര്യയവുമായാണ് ഇതിനെ സുബോഫ് വിലയിരുത്തുന്നത്. കാരണം, മനുഷ്യരുടെ സ്വകാര്യതയിലേക്കുള്ള സ്ഥിരവും നിതാന്തവുമായ ഈ ഒളിഞ്ഞുനോട്ടം, സ്വതന്ത്ര വിപണി സമ്പദ്-വ്യവസ്ഥയുടെ പരമപ്രധാനലക്ഷ്യങ്ങളായ മൂലധനാർജനത്തിലും ലാഭലബ്ധിയിലും മാത്രം പരിമിതപ്പെടുന്നില്ല. രാഷ്ട്രീയമണ്ഡലത്തിൽ അവിഹിത സ്വാധീനങ്ങളുടെയും ചതുരുപായങ്ങളുടെയും കൃത്രിമപ്പണികളുടെയും കൂത്തരങ്ങു തീർക്കാൻ അത് സഹായിക്കുകയും ചെയ്യുന്നു.
മനുഷ്യരുടെ പെരുമാറ്റത്തിന്റെയും അനുഭവങ്ങളുടെയും അതിസൂക്ഷ്മ വിശദാംശങ്ങൾ പോലും സംഭരിക്കുകയും സൂക്ഷിക്കുകയും ആവശ്യക്കാർക്ക് വിൽക്കുകയും ചെയ്യുന്നതിന്റെ പ്രഥമലക്ഷ്യം ലാഭം പരമാവധിയാക്കുക എന്നതുതന്നെയാണ്. നവഉദാരവൽക്കരണത്തിന്റെ സാമ്പത്തികവും രാഷ്ട്രീയവുമായ പ്രത്യയശാസ്ത്ര അടിത്തറയെ ബലിഷ്ഠമാക്കുന്ന സർവെയ്-ലൻസ് ക്യാപിറ്റലിസം ഇരപിടിയൻ മുതലാളിത്തം തന്നെയാണ്. മുതലാളിത്തത്തിന്റെ അടിസ്ഥാന പ്രകൃതം ആരംഭംമുതലേ അങ്ങനെ തന്നെയായിരുന്നു. ഈ സർവെയ്ലൻസ് മുതലാളിത്തത്തിന്റെ സാമഗ്രികളെയും സംവിധാനങ്ങളെയും (ബിഗ് ഡാറ്റ) സമഗ്രാധിപത്യ, ഫാസിസ്റ്റ്, പോപ്പുലിസ്റ്റ് ഭരണകൂടങ്ങൾക്ക് ഫലപ്രദമായി ഉപയോഗിക്കാൻ കഴിയും.
ടെക് ഭീമന്മാരിൽനിന്ന് ചിലപ്പോൾ അനായാസമായോ അല്ലെങ്കിൽ പലവിധ സമ്മർദ്ദങ്ങൾ ചെലുത്തിയോ കെെവരിക്കുന്ന, വ്യക്തികളുടെ ‘പെരുമാറ്റ മിച്ചം’ (behavioural Surplus–അങ്ങനെയാണ് സുബോഫ് അതിനെ വിളിക്കുന്നത്) സർക്കാരുകൾക്ക് കെെവശപ്പെടുത്താൻ കഴിയും. ‘പെരുമാറ്റമിച്ചം’ എന്നാൽ നമ്മുടെ ചിന്തയുടെയും വിചാരത്തിന്റെയും വികാരത്തിന്റെയും ആലോചനയുടെയും സംഭാഷണത്തിന്റെയും സന്ദേശത്തിന്റെയും വചനത്തിന്റെയും പ്രസ്താവനകളുടെയും പ്രവൃത്തികളുടെയും കൃത്യങ്ങളുടെയും ആകെത്തുകയാണ്. പെരുമാറ്റ മിച്ചത്തിൽ പലതും ഉടനടി ഉപയോഗമില്ലാത്ത വിവരങ്ങളാണ്. എന്നാൽ ഈ ഡാറ്റതന്നെ ഒരുതരം നിയന്ത്രണവും അധികാരവുമാണ്. നമ്മുടെ സ്വകാര്യതയുടെ സൂക്ഷ്മ മുഹൂർത്തങ്ങൾ വരെ അവർ കയ്യടക്കുന്നു. ആവശ്യക്കാർക്ക് സമയാസമയം വിൽക്കുന്നു.
കൊളോണിയൽ അധിനിവേശം പോലെയല്ലിത്. ടെക് ഭീമന്മാർ ഏകപക്ഷീയമായി വാദിക്കുന്നത്, മുൻപ് ആരും ശേഖരിച്ചിട്ടില്ലാത്ത ഈ ‘വിഭവങ്ങൾ’ താന്താങ്ങളുടെ സ്വകാര്യസ്വത്താണെന്നാണ്. അതായത് പബ്ലിക്കിന്റെ വിവരങ്ങൾ പ്രൈവറ്റ് പ്രോപ്പർട്ടിയാണെന്ന്! തങ്ങളുടെ സാങ്കേതികവദ്യ അതിസങ്കീർണമാണ് അതിന് ചട്ടങ്ങൾ ഏർപ്പെടുത്തുന്നത് ദുഷ്കരം മാത്രമല്ല അനുവദനീയവുമല്ല എന്നാണ് വാദം. നിയമവ്യവസ്ഥകൾ ഉണ്ടാക്കാൻ ആരെങ്കിലും ഒരുമ്പെട്ടാൽ കോടിക്കണക്കിന് ഡോളർ ചെലവഴിച്ച് അധികാരികളെ സ്വാധീനിക്കുകയാണ് അവർ ചെയ്യുന്നത്. ചുരുക്കത്തിൽ, നമ്മുടെ സ്വകാര്യ ജീവിതത്തെ കച്ചവടച്ചരക്കാക്കി മാറ്റിയിരിക്കുന്നു.
പ്രവചനപ്രകൃതമുള്ള ഉൽപ്പന്നങ്ങൾ (Pre diction Products) ഉണ്ടാക്കുകയാണ് സർവെയ്-ലൻസ് മുതലാളിത്തത്തിന്റെ സാമ്പത്തികലക്ഷ്യം. പെരുമാറ്റ മിച്ചം സമാഹരിക്കുന്നതോടെ ഉപയോക്താവ് എന്ത് ചെയ്യുമെന്നും എന്ത് വാങ്ങുമെന്നും കൃത്യമായി പ്രവചിക്കാൻ പറ്റും. ഈ പെരുമാറ്റ മിച്ചം കോർപറേറ്റുകൾക്കും പരസ്യകമ്പനികൾക്കും രാഷ്ട്രീയമേലാളന്മാർക്കും വിപണിയിൽ വിലപേശി വിൽക്കും. ആത്യന്തികമായി നമ്മുടെ പെരുമാറ്റത്തെതന്നെ (എന്തൊക്കെ വാങ്ങുന്നു, എങ്ങനെ ചിന്തിക്കുന്നു) അവർക്ക് പരിഷ്കരിക്കാൻ കഴിയും. രാഷ്ട്രീയ മണ്ഡലത്തിൽ ചില പ്രതേ-്യക പ്രശ്നങ്ങളിൽ വോട്ടർമാരെ തളച്ചിടാനുമാകും.
സുബോഫ് Instrumentarian Power എന്ന ഒരു അധികാര സങ്കൽപനം അവതരിപ്പിക്കുന്നുണ്ട്. സാമ്പ്രദായിക സമഗ്രാധിപത്യ വ്യവസ്ഥകളിൽനിന്ന് വ്യത്യസ്തമാണിത്. സമഗ്രാധിപത്യ വ്യവസ്ഥകൾ സമൂഹത്തെ വരുതിയിൽകൊണ്ടുവരാൻ വ്യത്യസ്ത ഉപായങ്ങൾ സ്വീകരിക്കുമ്പോൾ ‘ഇൻസ്ട്രുമെന്റേറിയനിസം’ മനുഷ്യരുടെ പെരുമാറ്റത്തെ പരിഷ്കരിക്കുകയും നിയന്ത്രിക്കുകയും ചെയ്ത് പരമാവധി ലാഭമുണ്ടാക്കുന്നു. സർവെയ്-ലൻസ് മുതലാളിത്തത്തിൽ നമ്മൾ ഉപഭോക്താവോ ഉൽപന്നമോ പോലുമല്ല; വെറും അസംസ്കൃത വസ്തുക്കൾ മാത്രമാണ്. ഡാറ്റയെയും അൽഗൊരിതത്തെയും സമ്പൂർണമായി ഉപയോഗപ്പെടുത്തുന്ന ഈ അധികാര സ്വരൂപം, നിശബ്ദമായും അദൃശ്യമായും പ്രവർത്തിക്കുകയും മനുഷ്യരുടെ പെരുമാറ്റത്തെ പരിഷ്കരിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു. മനുഷ്യരുടെ സമ്മതമോ അനുമതിയോ ഇല്ലാതെ അവരുടെ സ്വകാര്യാനുഭവങ്ങളുടെ സൂക്ഷ്മതലങ്ങളടക്കം ഉൾക്കൊള്ളുന്ന ഉപഭോക്തൃഡാറ്റയുടെ ശേഖരണവും വിശകലനവും വാണിജ്യവൽക്കരണവും നടത്തുന്നു. ഇതൊരുതരം നികൃഷ്ടമായ പിടിച്ചുപറിയാണ്. നമ്മുടെ മാനസിക ജീവിതത്തെയും സ്വയംനിർണയാവകാശത്തെയും തീരുമാനങ്ങൾ എടുക്കാനുള്ള പ്രാപ്തിയെയും അട്ടിമറിക്കുന്നു.
‘ബിഗ് അതർ’ എന്ന പ്രയോഗത്തിന്റെ വിവക്ഷ, ദൃശ്യ സേ-്വച്ഛാധിപതിയില്ലാത്ത യന്ത്രവാഴ്ചയാണ്. എല്ലാ മനുഷ്യ പ്രവൃത്തികളുടെയും അർഥം അൽഗൊരിതങ്ങൾ പിടിച്ചെടുക്കുന്നു. കമ്പനികൾ നിർമിത ബുദ്ധിയെ അനുസരണയും അടക്കവും ഒതുക്കവും സമ്മതവും വഴക്കവും പ്രവചനീയതയുമുണ്ടാക്കാൻ ഉപയോഗിക്കുന്നു. ടെക് ഭീമന്മാരുടെ പ്രവർത്തനത്തെ സംബന്ധിച്ച് ലോകമൊട്ടാകെ നിലനിൽക്കുന്ന നിയമസംബന്ധമായ ശൂന്യതയിലാണ് സർവെയ്-ലൻസ് മുതലാളിത്തം ഉത്തരോത്തരം പുഷ്ടിപ്പെടുന്നത്. ജനാധിപത്യ ഭരണവ്യവസ്ഥകളുടെ അടിത്തറ തോണ്ടുന്നതിൽ സർവെയ്-ലൻസ് മുതലാളിത്തം വഹിക്കുന്ന പങ്ക് വിസ്തരിച്ച് വിശകലനം ചെയ്യേണ്ട മറ്റൊരു മർമപ്രധാന വിഷയമാണ്. l



