ഇന്ത്യൻ ജനാധിപത്യം അതിന്റെ ഏറ്റവും നിർണായകമായ ഒരു സന്ധിയിലൂടെ കടന്നുപോവുകയാണ്. തെരുവുകളിൽ മാത്രമല്ല, നമ്മുടെ വിരൽത്തുമ്പിലെ ഡിജിറ്റൽ ഇടങ്ങളിലും ഭരണകൂടം അതിന്റെ അധികാരത്തിന്റെ ഇരുമ്പുമറകൾ തീർക്കാൻ ശ്രമിക്കുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരുന്നു കേന്ദ്ര സർക്കാർ നിർബന്ധിതമാക്കാൻ ശ്രമിച്ച ‘സഞ്ചാർ സാഥി’ (Sanchar Saathi) ആപ്പ്. എല്ലാ മൊബൈൽ ഫോണുകളിലും ഈ ആപ്പ് നിർബന്ധമായും ഇൻസ്റ്റാൾ ചെയ്യണമെന്നും, അത് ഉപയോക്താവിന് നീക്കംചെയ്യാൻ (Uninstall/Disable) സാധിക്കാത്ത വിധം ഫോണിന്റെ ഭാഗമാക്കണമെന്നുമുള്ള നിർദ്ദേശം രാജ്യത്തെ പൗരരുടെ സ്വകാര്യതയ്ക്കുമേലുള്ള നഗ്നമായ കടന്നുകയറ്റമായിരുന്നു. വ്യാപകമായ പ്രതിഷേധങ്ങളെത്തുടർന്ന് ആപ്പ് നിർബന്ധമല്ലെന്നും ഓപ്ഷണൽ ആണെന്നും പറഞ്ഞ് കേന്ദ്ര മന്ത്രിക്ക് രംഗത്തു വരേണ്ടിവന്നെങ്കിലും അത് ജനാധിപത്യബോധത്തിൽനിന്നുകൊണ്ടുള്ള പിന്മാറ്റമാണെന്ന് കരുതാൻ വയ്യ. മറിച്ച്, തൽക്കാലത്തേക്ക് പിൻവാങ്ങി കൂടുതൽ ശക്തിയോടെ തിരിച്ചുവരാനുള്ള ഭരണകൂടതന്ത്രമായി മാത്രമേ ഇതിനെ കാണാൻ കഴിയൂ.
സഞ്ചാർ സാഥി: സുരക്ഷയോ
അതോ നിരീക്ഷണപ്പൂട്ടോ?
നഷ്ടപ്പെട്ട ഫോണുകൾ കണ്ടെത്താനും ബ്ലോക്ക് ചെയ്യാനും പൗരരെ സഹായിക്കുക എന്ന ലളിതവും നിരുപദ്രവകരവുമായ ലക്ഷ്യമാണ് ‘സഞ്ചാർ സാഥി’ പോർട്ടലിനും ആപ്പിനും പുറമേ ഉള്ളത്. കേൾക്കുമ്പോൾ ജനക്ഷേമകരമെന്ന് തോന്നാവുന്ന ഈ പദ്ധതിയുടെ ഉള്ളടരുകൾ പരിശോധിക്കുമ്പോഴാണ് ഇതിലെ അപകടം ബോധ്യപ്പെടുക. ‘ഡിപ്പാർട്ട്‌മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷൻസ്’ പുറപ്പെടുവിച്ച നിർദ്ദേശങ്ങളിൽ, പുതിയതായി ഇറങ്ങുന്ന എല്ലാ സ്മാർട്ട്‌ഫോണുകളിലും ഈ ആപ്പ് പ്രീ-ഇൻസ്റ്റാൾ ചെയ്യണമെന്നും നിലവിലുള്ള ഫോണുകളിൽ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് വഴി ഇത് എത്തിക്കണമെന്നും പറഞ്ഞിരുന്നു. ഏറ്റവും ഭയപ്പെടുത്തുന്ന കാര്യം, ഈ ആപ്പ് ‘പ്രവർത്തനരഹിതമാക്കാൻ’ (Disable) ഉപയോക്താവിനെ അനുവദിക്കരുത് എന്ന നിർദ്ദേശമായിരുന്നു.
നമ്മൾ പണം കൊടുത്ത് വാങ്ങുന്ന, നമ്മുടെ സ്വകാര്യ വിവരങ്ങൾ സൂക്ഷിക്കുന്ന ഒരു ഉപകരണത്തിൽ, നമുക്ക് വേണ്ടാത്ത ഒരു സോഫ്റ്റ്‌വെയർ, നമ്മുടെ അനുവാദമില്ലാതെ പ്രവർത്തിക്കുന്നു എന്നത് ‘ഉപകരണ പരമാധികാരം’ (Device Sovereignty) എന്ന ആശയത്തിനുതന്നെ എതിരാണ്. സ്മാർട്ട്‌ഫോൺ എന്നത് കേവലമൊരു ആശയവിനിമയ ഉപാധി എന്നതിലുപരി, ഒരു വ്യക്തിയുടെ രാഷ്ട്രീയവും സാമ്പത്തികവും വ്യക്തിപരവുമായ ജീവിതത്തിന്റെ ഡിജിറ്റൽ പതിപ്പാണ്. അവിടെ ഒരിക്കലും അഴിച്ചുമാറ്റാൻ കഴിയാത്ത ഒരു ‘സർക്കാർ കണ്ണ്’ സ്ഥാപിക്കുക വഴി 80 കോടിയിലധികം വരുന്ന ഇന്ത്യൻ ജനതയെ ഒരൊറ്റ നിരീക്ഷണ വലയത്തിലേക്ക് മാറ്റാനുള്ള ശ്രമമായിരുന്നു യഥാർത്ഥത്തിൽ നടന്നത്.
അനുമതികളുടെ അപകടം:
നമ്മൾ എന്തു വിട്ടുകൊടുക്കുന്നു?
നഷ്ടപ്പെട്ട ഫോൺ കണ്ടെത്താൻ ഇന്റർനാഷണൽ മൊബൈൽ എക്യുപ്‌മെന്റ് ഐഡന്റിറ്റി (IMEI) നമ്പർ മാത്രം മതിയാകും എന്നിരിക്കെ, സഞ്ചാർ സാഥി ആപ്പ് ആവശ്യപ്പെടുന്ന പെർമിഷനുകൾ (Permissions) ഞെട്ടിപ്പിക്കുന്നതാണ്. കോൾ ലോഗുകൾ, എസ്എംഎസ്, ക്യാമറ, ലൊക്കേഷൻ, സ്റ്റോറേജ് തുടങ്ങി ഒരു ഫോണിലെ സകല വിവരങ്ങളിലേക്കും കടന്നുകയറാനുള്ള അനുമതിയാണ് ഈ ആപ്പ് ചോദിക്കുന്നത്.
ഇതിന്റെ പ്രത്യാഘാതങ്ങൾ അതീവ ഗുരുതരമാണ്. ഉദാഹരണത്തിന്, ഫോൺ നഷ്ടപ്പെട്ടാൽ അത് ബ്ലോക്ക് ചെയ്യാൻ എസ്.എം.എസ് വായിക്കേണ്ട കാര്യമെന്താണെന്ന് സർക്കാർ വ്യക്തമാക്കുന്നില്ല. യഥാർത്ഥത്തിൽ, ഇത് പൗരരുടെ ആശയവിനിമയങ്ങൾ നിരീക്ഷിക്കാനുള്ള ഉപാധിയാണ്. കോൾ ലോഗുകൾ പരിശോധിക്കുന്നതിലൂടെ ഒരു വ്യക്തി ആരുമായി സംസാരിക്കുന്നു, എപ്പോൾ സംസാരിക്കുന്നു, എത്രനേരം സംസാരിക്കുന്നു എന്ന ‘മെറ്റാഡാറ്റ’ ലഭിക്കുന്നു. ഇത് ഉപയോഗിച്ച് ഒരു വ്യക്തിയുടെ സുഹൃത്തുക്കൾ, രാഷ്ട്രീയ ബന്ധങ്ങൾ, സംഘടനാ പ്രവർത്തനങ്ങൾ എന്നിവയുടെ ഒരു ‘സോഷ്യൽ ഗ്രാഫ്’ ഉണ്ടാക്കാൻ ഭരണകൂടത്തിന് സാധിക്കും. കൂടാതെ, എസ്എംഎസ് ആക്‌സസ് വഴി ബാങ്കിംഗ് ഇടപാടുകൾ, ഒ.ടി.പി, വ്യക്തിപരമായ സന്ദേശങ്ങൾ എന്നിവയും ചോർത്തപ്പെടാം. റൂട്ട് ലെവൽ ആക്‌സസ് ഉള്ള ഒരു ആപ്പിന് ക്യാമറയും മൈക്കും നൽകുന്നതിലൂടെ, ഉപയോക്താവ് അറിയാതെതന്നെ പരിസരങ്ങൾ റെക്കോർഡ് ചെയ്യാനോ ഫോട്ടോ എടുക്കാനോ സാധിക്കും. അങ്ങനെ ഇതൊരു 24×7 നിരീക്ഷണ സംവിധാനമായി മാറുന്നു.
അതായത് , ഫോൺ നഷ്ടപ്പെട്ടാൽ മാത്രം ലൊക്കേഷൻ അറിഞ്ഞാൽ മതിയെന്നിരിക്കെ, എപ്പോഴും ലൊക്കേഷൻ ട്രാക്ക് ചെയ്യാനുള്ള അനുമതി പൗരന്റെ സഞ്ചാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ്. ഒരാൾ എവിടെ പോകുന്നു, എവിടെ യോഗം ചേരുന്നു എന്ന് ഭരണകൂടത്തിന് എളുപ്പത്തിൽ മനസ്സിലാക്കാം.
2023-ൽ പാസാക്കിയ, എന്നാൽ 2025 ആയിട്ടും പൂർണ്ണമായി നടപ്പിലാകാത്ത ‘ഡിജിറ്റൽ പേഴ്സണൽ ഡാറ്റാ പ്രൊട്ടക്ഷൻ ആക്ട്’ (DPDP Act 2023) വിഭാവനം ചെയ്യുന്ന അടിസ്ഥാന തത്ത്വങ്ങളിലൊന്നാണ് ‘ഡാറ്റാ മിനിമൈസേഷൻ’ (Data Minimisation). അതായത്, ഒരു കാര്യത്തിന് ആവശ്യമായ ഏറ്റവും കുറഞ്ഞ വിവരങ്ങൾ മാത്രമേ പൗരരിൽ നിന്നും ശേഖരിക്കാവൂ എന്ന, സ്വന്തം നിയമം തന്നെ നിലനിൽക്കെ അതിനെ കാറ്റിൽ പറത്തിക്കൊണ്ട് ‘ഡാറ്റാ മാക്സിമൈസേഷൻ’ (Data Maximisation) എന്ന തെറ്റായ രീതിയാണ് കേന്ദ്രസർക്കാർ ഇവിടെ അവലംബിക്കുന്നത്.
ബിഗ് ബ്രദർ വാച്ചിങ്: പെഗാസസ് മുതൽ
സഞ്ചാർ സാഥി വരെ
ഇന്ത്യൻ പൗരൻ നിരീക്ഷണത്തിന് വിധേയനാകുന്നത് ഇതാദ്യമല്ല. ഇസ്രായേലി ചാര സോഫ്റ്റ്‌വെയറായ ‘പെഗാസസ്’ ഉപയോഗിച്ച് മാധ്യമപ്രവർത്തകർ, പ്രതിപക്ഷ നേതാക്കൾ, ആക്ടിവിസ്റ്റുകൾ, ജഡ്ജിമാർ എന്നിവരുടെ ഫോണുകൾ ചോർത്തിയെന്ന വെളിപ്പെടുത്തൽ നാം കണ്ടതാണ്. പെഗാസസ് ഒരു രഹസ്യനീക്കമായിരുന്നുവെങ്കിൽ, ‘സഞ്ചാർ സാഥി’യിലൂടെ സർക്കാർ ലക്ഷ്യമിട്ടത് നിയമത്തിന്റെ പിൻബലത്തോടെയുള്ള, പരസ്യമായ, കൂട്ടത്തോടെയുള്ള നിരീക്ഷണമാണ് (Mass Surveillance).
ഒരു ഡിജിറ്റൽ ചാരക്കണ്ണ് അഥവാ പാനോപ്റ്റിക്കോൺ (Panopticon) നിർമ്മിക്കാനുള്ള ശ്രമമാണിത്. തങ്ങൾ എപ്പോഴും നിരീക്ഷിക്കപ്പെടുന്നുണ്ടെന്ന തോന്നൽ പൗരരിൽ സൃഷ്ടിക്കുക വഴി, അവരുടെ പെരുമാറ്റത്തെ നിയന്ത്രിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഇതിനെയാണ് ‘ചില്ലിംഗ് ഇഫക്ട്’ (Chilling Effect) എന്ന് വിളിക്കുന്നത്. സർക്കാർവിരുദ്ധമായ ഒരു പോസ്റ്റ് ലൈക്ക് ചെയ്യാനോ, ഒരു പ്രതിഷേധത്തിൽ പങ്കെടുക്കാനോ, ഭരണകൂടത്തെ വിമർശിക്കുന്നവരുമായി സംസാരിക്കാനോ പൗരൻ ഭയപ്പെടുന്ന ഒരവസ്ഥ. ഭരണഘടന ഉറപ്പുനൽകുന്ന സ്വതന്ത്രമായ അഭിപ്രായപ്രകടനത്തെയും (Freedom of Expression) വിയോജിക്കാനുള്ള അവകാശത്തെയും ഇത് ഇല്ലാതാക്കുന്നു. ഒരു ജനാധിപത്യ സമൂഹം നിശബ്ദമാക്കപ്പെടുന്നത് ഇങ്ങനെയാണ്.
ഫാക്ട് ചെക്ക് യൂണിറ്റും സെൻസർഷിപ്പും
ഇതോടൊപ്പം ചേർത്തുവായിക്കേണ്ടതാണ് ഐ.ടി ചട്ടങ്ങളിലെ ഭേദഗതിയിലൂടെ സർക്കാർ കൊണ്ടുവരാൻ ശ്രമിച്ച ‘ഫാക്ട് ചെക്ക് യൂണിറ്റ്’ (FCU). സർക്കാരിനെതിരായ വാർത്തകൾ ‘വ്യാജം’ എന്ന് മുദ്രകുത്തി നീക്കംചെയ്യാൻ സർക്കാരിനുതന്നെ അധികാരം നൽകുന്ന ഈ സംവിധാനം, സത്യത്തിന്റെ ഏക അപ്പോസ്തലനായി സ്റ്റേറ്റിനെ പ്രതിഷ്ഠിക്കുന്നു. മാധ്യമ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്ന ഈ നീക്കത്തിന് ബോംബെ ഹൈക്കോടതിയിൽനിന്നും സുപ്രീം കോടതിയിൽ നിന്നും തിരിച്ചടികൾ നേരിട്ടെങ്കിലും, ഡിജിറ്റൽ ഇടങ്ങളെ വരുതിയിലാക്കാനുള്ള ശ്രമം സർക്കാർ ഉപേക്ഷിച്ചിട്ടില്ല എന്ന് സഞ്ചാർ സാഥി വിവാദം തെളിയിക്കുന്നു.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കം നീക്കംചെയ്യാനും (Content Takedown), ഇന്റർനെറ്റ് വിച്ഛേദിക്കാനും (Internet Shut down) ഉള്ള അധികാരങ്ങൾ ഇന്ന് ഇന്ത്യയിൽ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നു. ലോകത്ത് ഏറ്റവും കൂടുതൽ തവണ ഇന്റർനെറ്റ് റദ്ദാക്കിയ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മുൻനിരയിലാണ്. മണിപ്പൂരിലും കാശ്മീരിലും നാം കണ്ടത് വിവരങ്ങളിലേക്കുള്ള പൗരന്റെ അവകാശത്തെ നിഷേധിച്ചുകൊണ്ട് എങ്ങനെയാണ് ഒരു ജനതയെ ഇരുട്ടിൽ നിർത്തിയത് എന്നാണ്. ഇതിന്റെ തുടർച്ചയാണ് ഓരോരുത്തരുടെയും പോക്കറ്റിലുള്ള ഫോണുകളെ സർക്കാർ നിയന്ത്രണത്തിലുള്ള ഉപകരണങ്ങളാക്കി മാറ്റാനുള്ള നീക്കം.
ഡി.പി.ഡി.പി റൂൾസ് 2025
ആശങ്കകൾ ബാക്കി
ഡി.പി.ഡി.പി ആക്ട് 2023-ലെ വ്യവസ്ഥകൾ പരിശോധിക്കുമ്പോൾ, ‘രാജ്യസുരക്ഷ’, ‘സമാധാനം’ തുടങ്ങിയ അവ്യക്തമായ കാരണങ്ങൾ പറഞ്ഞ് കേന്ദ്ര സർക്കാരിനും അതിന്റെ ഏജൻസികൾക്കും നിയമത്തിലെ വ്യവസ്ഥകളിൽ നിന്ന് പൂർണ്ണമായ ഇളവ് (Exemptions) നൽകിയിരിക്കുന്നത് കാണാം. ‘സഞ്ചാർ സാഥി’ നിർബന്ധമാക്കാനുള്ള നീക്കത്തിന് പിന്നിലും ഇത്തരം പഴുതുകൾ കാണാം . ഭരണകൂടത്തിന് എപ്പോൾ വേണമെങ്കിലും പൗരന്റെ സ്വകാര്യതയിലേക്ക് കടന്നുകയറാം എന്ന അവസ്ഥ, പുട്ടസ്വാമി വിധി വിഭാവനം ചെയ്ത ഭരണഘടനാ സംരക്ഷണത്തെ പരിഹസിക്കുന്നതിന് തുല്യമാണ്.
2025 നവംബറിൽ പുറത്തിറങ്ങിയ ഡി.പി.ഡി.പി ചട്ടങ്ങളും (DPDP) Rules, 2025) നിരാശാജനകമായിരുന്നു. നിയമം പാസായി മാസങ്ങൾക്ക് ശേഷം വന്ന ചട്ടങ്ങളിലും, പൗരന്റെ സ്വകാര്യതയേക്കാളുപരി, ഡാറ്റാ ഫിഡ്യൂഷ്യറികൾക്കും (കമ്പനികൾ), സർക്കാരിനും സൗകര്യമൊരുക്കാനാണ് ശ്രമിച്ചിരിക്കുന്നത്. വിവരങ്ങൾ ചോർന്നാൽ (Data Breach) വ്യക്തികൾക്ക് നഷ്ടപരിഹാരം ലഭിക്കാനുള്ള വ്യവസ്ഥകൾ ഇതിലില്ല. മാത്രമല്ല, കൺസന്റ് മാനേജർമാരുടെ നിയമനവും, ഡാറ്റാ പ്രൊട്ടക്ഷൻ ബോർഡിന്റെ ഘടനയുമെല്ലാം കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലായിരിക്കും എന്നത് ഇതിന്റെ സ്വതന്ത്ര സ്വഭാവത്തെ ചോദ്യംചെയ്യുന്നു. ‘ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ’ (IFF) പോലുള്ള സംഘടനകൾ ചൂണ്ടിക്കാട്ടുന്നതുപോലെ, ഈ ചട്ടങ്ങൾ പലതും പൗരരെ ശാക്തീകരിക്കുന്നതിന് പകരം, സ്റ്റേറ്റിന്റെ അനിയന്ത്രിതമായ അധികാരത്തെ ഉറപ്പിക്കാനാണ് സഹായിക്കുക.
ഇതൊരു താൽക്കാലിക
പിന്മാറ്റം മാത്രം
സഞ്ചാർ സാഥി നിർബന്ധമാക്കാനുള്ള നീക്കത്തിൽ നിന്ന്, മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ പ്രസ്താവനയിലൂടെ സർക്കാർ തൽക്കാലം പിന്മാറിയിരിക്കുകയാണ്. എന്നാൽ ഇതിൽ ആശ്വസിക്കാൻ വകയില്ല. ഇതൊരു തന്ത്രപരമായ പിന്മാറ്റം (Strategic Retreat) മാത്രമാണ്. ആപ്പിളിനെപ്പോലുള്ള വൻകിട ടെക് ഭീമന്മാരുടെ എതിർപ്പും, പൊതുസമൂഹത്തിൽ നിന്നുണ്ടായ പ്രതിഷേധവുമാണ് ഇതിന് കാരണം. എന്നാൽ, മറ്റ് വഴികളിലൂടെ, – ഉദാഹരണത്തിന് ടെലികോം ഓപ്പറേറ്റർമാർ വഴിയോ മറ്റ് സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയോ – ഇത് വീണ്ടും നടപ്പിലാക്കാൻ സർക്കാർ മടിക്കില്ല.
‘എൻഡ്-–ടു-–എൻഡ് എൻക്രിപ്ഷൻ’ (End-–to-–End Encryption) തകർക്കണമെന്നും, വാട്സാപ്പ് പോലുള്ള മെസേജിങ് ആപ്പുകളിലെ സന്ദേശങ്ങൾ സർക്കാരിന് പരിശോധിക്കാൻ കഴിയണമെന്നുമുള്ള ആവശ്യം സർക്കാർ നിരന്തരം ഉന്നയിക്കുന്നുണ്ട്. ടെലികമ്മ്യൂണിക്കേഷൻസ് ആക്ട് 2023 ഇതിനുള്ള അധികാരം നൽകുന്നുമുണ്ട്. എൻക്രിപ്ഷൻ തകർക്കുന്നത് പൗരന്റെ സ്വകാര്യതയെ മാത്രമല്ല, രാജ്യത്തെ ഡിജിറ്റൽ ബാങ്കിംഗ്, ഇ- – കൊമേഴ്‌സ് തുടങ്ങിയ മേഖലകളുടെ സുരക്ഷയെയും തകർക്കും എന്ന സാമാന്യബോധം പോലും പലപ്പോഴും അധികാരികൾക്ക് ഉണ്ടാകുന്നില്ല.
സഞ്ചാർ സാഥിക്ക് സമാന്തരമായി നടപ്പിലാക്കാൻ ശ്രമിക്കുന്ന മറ്റൊരു അപകടകരമായ നീക്കമാണ് നവംബർ 28-ന് കേന്ദ്ര ടെലികോം മന്ത്രാലയം പുറത്തിറക്കിയ ‘സിം ബൈൻഡിംഗ്’ ഉത്തരവ്. ഓൺലൈൻ തട്ടിപ്പുകൾ തടയുക എന്ന പേരിലാണ് ഇത് അവതരിപ്പിച്ചിരിക്കുന്നതെങ്കിലും, ഫലത്തിൽ ഇത് പൗരന്റെ ഡിജിറ്റൽ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുകയാണ്. ഇതുകൊണ്ടും തീരുന്നില്ല, സ്മാർട്ട്‌ഫോണുകളിൽ ‘സാറ്റലൈറ്റ് അധിഷ്ഠിത ലൊക്കേഷൻ ട്രാക്കിംഗ്’ (A-GPS) നിർബന്ധമാക്കാനുള്ള ആലോചനകളും അണിയറയിൽ സജീവമാണ്. നിലവിൽ ലൊക്കേഷൻ വേണ്ടപ്പോൾമാത്രം ഓൺ ആക്കുന്ന രീതിക്കുപകരം, സ്മാർട്ട്‌ഫോണുകളിലെ ജി.പി.എസ് സംവിധാനം എപ്പോഴും ഓൺ ആയിരിക്കണം (Always- on) എന്നും, ഉപയോക്താവിന് അത് ഓഫ് ചെയ്യാൻ സാധിക്കരുതെന്നും നിഷ്കർഷിക്കുന്ന നീക്കമാണ് നടക്കുന്നത്.
കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി പൗരരുടെ വിവരശേഖരണത്തിനും നിരീക്ഷണത്തിനുമായി ഇന്ത്യ ഒട്ടനവധി ഡിജിറ്റൽ സംവിധാനങ്ങളാണ് പടുത്തുയർത്തിയിരിക്കുന്നത്. ആധാർ (തിരിച്ചറിയൽ), യുപിഐ (സാമ്പത്തിക ഇടപാടുകൾ), ഫാസ്റ്റ് ടാഗ് (യാത്ര), സിം കാർഡ് വെരിഫിക്കേഷൻ (ആശയവിനിമയം) എന്നിവയെല്ലാം കൂടിച്ചേരുന്ന ‘നാറ്റ്ഗ്രിഡ്’ (NATGRID) എന്ന കൂറ്റൻ ശൃംഖലയിൽ നിലവിൽ അവശേഷിക്കുന്ന ഒരേയൊരു വിടവ് ‘തത്സമയ ലൊക്കേഷൻ’ (Real-time location) മാത്രമാണ് എന്നോർക്കണം.
സിവിൽ സൊസൈറ്റിയുടെ ജാഗ്രത
ഇവിടെയാണ് സിവിൽ സൊസൈറ്റിയുടെയും സ്വതന്ത്ര വിജ്ഞാന സംഘടനകളുടെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും ജാഗ്രത അനിവാര്യമാകുന്നത്. സാങ്കേതികവിദ്യ എന്നത് രാഷ്ട്രീയ നിഷ്പക്ഷമായ ഒന്നല്ല (Technology is not neutral). അത് ആരുടെ കയ്യിലിരിക്കുന്നു, ആർക്കുവേണ്ടി ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അതിന്റെ ഫലം. കോർപ്പറേറ്റുകളും ഭരണകൂടവും ചേർന്ന് (State-–Corporate Nexus) നടത്തുന്ന ഡാറ്റാ കൊള്ളയ്ക്കും, നിരീക്ഷണത്തിനുമെതിരെ ശക്തമായ പ്രതിരോധം ഉയർത്തിക്കൊണ്ടുവരേണ്ടതുണ്ട്.
വിവരസാങ്കേതികവിദ്യ വിമോചനത്തിനുള്ള ഉപാധിയാകണം, മറിച്ച് അടിമത്തത്തിനുള്ള ചങ്ങലയാകരുത്. ‘ഡാറ്റാ ജനാധിപത്യം’ (Data Democracy), ‘സ്വതന്ത്ര സോഫ്റ്റ്‌വെയർ’ (Free Software), ‘ഉപകരണ പരമാധികാരം’ എന്നീ ആശയങ്ങൾ കേവലം സാങ്കേതിക ചർച്ചകൾക്കപ്പുറം രാഷ്ട്രീയ മുദ്രാവാക്യങ്ങളായി മാറണം.
ഡി.പി.ഡി.പി ചട്ടങ്ങളിൽ പൊതുജനങ്ങളുടെ അഭിപ്രായം അറിയിക്കാനുള്ള അവസരം ഫെബ്രുവരി 18 വരെ ഉണ്ടായിരുന്നു. എന്നാൽ, ഇത്തരം ‘കൺസൾട്ടേഷനുകൾ’ പലപ്പോഴും ഒരു പ്രഹസനമായി മാറാറുണ്ട്. ഭൂരിപക്ഷാഭിപ്രായത്തെ മാനിക്കാതെ, കോർപ്പറേറ്റ് താൽപ്പര്യങ്ങൾക്കും രാഷ്ട്രീയ ലക്ഷ്യങ്ങൾക്കും അനുസരിച്ച് നിയമങ്ങൾ രൂപപ്പെടുത്തുന്ന രീതിയാണ് നാം കണ്ടുവരുന്നത്. എങ്കിലും, ലഭ്യമായ എല്ലാ ജനാധിപത്യ വേദികളിലും നമ്മുടെ വിയോജിപ്പുകൾ രേഖപ്പെടുത്തണം.
ജുഡീഷ്യറിയിലാണ് ഇനി പ്രതീക്ഷയുള്ളത്. എന്നാൽ, ശ്രേയാ സിംഗാൾ കേസിലും പുട്ടസ്വാമി കേസിലും ഉണ്ടായതുപോലുള്ള വിപ്ലവകരമായ ഇടപെടലുകൾ ഉണ്ടായാൽ മാത്രമേ ഈ ഡിജിറ്റൽ അധിനിവേശത്തിന് തടയിടാൻ കഴിയൂ. അതുവരെ ഓരോ പൗരനും തന്റെ ഡിജിറ്റൽ അവകാശങ്ങളെക്കുറിച്ച് ബോധവാനായിരിക്കുക എന്നതു മാത്രമാണ് പോംവഴി. ഭരണകൂടം നമ്മെ തുറിച്ചുനോക്കുമ്പോൾ, തിരിച്ചുനോക്കാനുള്ള ആർജവം നാം കാണിക്കണം. കാരണം, സ്വകാര്യത എന്നത് എന്തെങ്കിലും ഒളിച്ചുവെക്കാനുള്ള വെമ്പലല്ല, മറിച്ച് അന്തസ്സോടെ ജീവിക്കാനുള്ള മനുഷ്യന്റെ അവകാശമാണ്. ആ അവകാശം കവർന്നെടുക്കാൻ ഒരു ‘സഞ്ചാർ സാഥി’യെയും, ഒരു ‘ബിഗ് ബ്രദറി’നെയും നമ്മൾ അനുവദിച്ചുകൂടാ. l



