
ഭ്രാന്താലയം എന്ന് വിവേകാനന്ദനാൽ വിശേഷിപ്പിക്കപ്പെട്ട ഒരിടത്തുനിന്നും ഇന്ത്യയിലെ ഏറ്റവും പ്രബുദ്ധമായ സംസ്ഥാനമെന്ന ഖ്യാതിയിലേക്ക് കേരളം വളർന്നത് ദശകങ്ങൾ നീണ്ട പോരാട്ടങ്ങളുടെ ഫലമായാണ്. എന്നാൽ, ആധുനിക കേരളത്തിലും ജാതീയമായ വിവേചനങ്ങളും അധികാരഗർവ്വും തിരിച്ചുവരുന്നുണ്ടോ എന്ന ഭയപ്പെടുത്തുന്ന ചോദ്യമാണ് കണ്ണൂർ ദന്തൽ കോളേജിലെ വിദ്യാർത്ഥി നിധിൻ രാജിന്റെ ആത്മഹത്യ പോലുള്ള സംഭവങ്ങൾ ഉയർത്തുന്നത്. പുരോഗമന ആശയങ്ങൾക്കു മേൽക്കൈയുള്ള മണ്ണിൽ പോലും വിവേചനത്തിന്റെ വിത്തുകൾ മുളയ്ക്കുന്നത് ഗൗരവതരമായ ചർച്ചകൾ ആവശ്യപ്പെടുന്നു.
ഇരുളടഞ്ഞ ഭൂതകാലവും
നവോത്ഥാന പോരാട്ടങ്ങളും
ഒരുകാലത്ത് കേരളം അസമത്വത്തിന്റെ വിളനിലമായിരുന്നു. ജാതിയുടെയും അയിത്തത്തിന്റെയും പേരിൽ മനുഷ്യനെ മനുഷ്യനായി കാണാത്ത വ്യവസ്ഥിതിയായിരുന്നു ഇവിടെ നിലനിന്നിരുന്നത്.ക്ഷേത്രപ്രവേശന നിരോധനം, വസ്ത്രധാരണത്തിനുള്ള നിയന്ത്രണങ്ങൾ, സഞ്ചാര സ്വാതന്ത്ര്യ നിഷേധം എന്നിവ സാധാരണമായിരുന്നു.സാമൂഹ്യ നവീകരണ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ നടന്ന പോരാട്ടങ്ങൾ ഈ അനാചാരങ്ങളുടെ അടിത്തറയിളക്കി. മനുഷ്യൻ ഒന്നാണെന്ന ബോധം ജനങ്ങളിൽ വളർത്തിയെടുക്കാൻ സാധിച്ചു.

സാമൂഹ്യ പരിഷ്കർത്താക്കൾ പാകിയ മണ്ണിലാണ് 1957-ൽ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിൽ വരുന്നത്. ഭൂപരിഷ്കരണവും വിദ്യാഭ്യാസ നിയമവും കുടികിടപ്പവകാശ നിയമവും അധികാരശ്രേണികളെ മാറ്റിമറിച്ചു.ഇടതുപക്ഷ പുരോഗമന ആശയങ്ങൾ സാധാരണക്കാരുടെ അവകാശബോധത്തെ ഉണർത്തുകയും ജന്മിത്ത-–നാടുവാഴിത്ത വ്യവസ്ഥിതിക്ക് അന്ത്യം കുറിക്കുകയും കേരളം രാജ്യത്തിന് മാതൃകയാവുകയും ചെയ്തു.
പുനർജനിക്കുന്ന
‘ദ്രോണാചാര്യന്മാർ’
മഹാഭാരതത്തിൽ ഏകലവ്യന്റെ പെരുവിരൽ ഗുരുദക്ഷിണയായി ചോദിച്ച ദ്രോണാചാര്യർ, ജാതിയുടെയും വരേണ്യതയുടെയും പ്രതീകമായിരുന്നു. ആധുനിക കാലത്തെ കലാലയങ്ങളിലും ജോലിസ്ഥലങ്ങളിലും ഇത്തരം ‘ദ്രോണാചാര്യന്മാർ’ പുനർജനിക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ നേരിടുന്ന മാനസിക പീഡനങ്ങളും അവഗണനകളും നിതിൻ രാജ് എന്ന വിദ്യാര്‍ത്ഥിയുടെ മരണത്തിലൂടെ വീണ്ടും ചർച്ചയാകുന്നു. നിയമം വഴി ജാതിവിവേചനം നിരോധിക്കപ്പെട്ടെങ്കിലും, പലരുടെയും മനസ്സിൽ ഇപ്പോഴും പഴയ ചാതുർവർണ്യ വ്യവസ്ഥയുടെ അവശിഷ്ടങ്ങൾ നിലനിൽക്കുന്നുണ്ട്.
അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ചില അധ്യാപകർ വിദ്യാര്‍ത്ഥികളെ ‘കോളനി’ എന്നു വിളിച്ച് അപമാനിച്ചിരുന്നതായാണു കുട്ടികളുടെ മൊഴി. ഞാൻ മന്ത്രിയായിരിക്കെ അവസാനം ഒപ്പിട്ട ഉത്തരവ് കോളനി എന്ന വാക്ക് നീക്കംചെയ്തുകൊണ്ടുള്ളതായിരുന്നു. കോളനി എന്ന വിളി അടിമത്ത മനോഭാവം ഉണ്ടാക്കുന്നുണ്ട്. ചിലർ അടിമകളാണെന്ന ബോധമാണ് ആ വിളിക്കുപിന്നിൽ. ആ ഉത്തരവിറക്കിയപ്പോൾ, കോളനി എന്ന വാക്ക് ഇല്ലാതായതുകൊണ്ട് അവരുടെ പ്രശ്നങ്ങൾ തീരുമോ എന്നു ചോദിച്ചവരുണ്ട്. പക്ഷേ, അതത്ര നിസ്സാര കാര്യമല്ല. കേരളത്തിന്റെ ഈ നയം ഏറ്റെടുക്കുന്നതായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പ്രഖ്യാപിച്ചത് ആ വിളിയിൽ ഒളിഞ്ഞിരിക്കുന്ന അടിമത്തം തിരിച്ചറിഞ്ഞുതന്നെയാണ്. ബ്രിട്ടീഷുകാർ നമ്മളെ കോളനിക്കാർ എന്നു വിളിച്ചാൽ നമുക്കത് എത്രമാത്രം സ്വീകാര്യമായിരിക്കും എന്നു ചിന്തിച്ചാൽ, ആ വിളി ഉണ്ടാക്കുന്ന അടിമബോധം ഓരോരുത്തർക്കും മനസ്സിലാക്കാൻ സാധിക്കും. ചില സിനിമകളിലും സീരിയലുകളിലും ആളുകളെ താഴ്ത്തിക്കെട്ടാൻ ഇപ്പോഴും ആ വാക്ക് ഉപയോഗിക്കുന്നുണ്ടല്ലോ. ജാതിവിവേചനമൊക്കെ പണ്ടല്ലേ, ഇപ്പോൾ അതൊന്നുമില്ലല്ലോ എന്നാണ് പലരും ചോദിച്ചുകൊണ്ടിരിക്കുന്നത്. ശാസ്ത്രവും സാങ്കേതികവിദ്യയും വികസിക്കുമ്പോൾ ഇത്തരം ചിന്തകളൊക്കെ കടന്നുപോകും എന്നാണ് പല ശുദ്ധഗതിക്കാരും ചിന്തിക്കുക. എന്നാൽ കേട്ടോളൂ, ജാതിവിവേചനത്തിന്റെ ഏറ്റവും ക്രൂരമായ കഥകൾ നമ്മൾ കേൾക്കുന്നത് ഉന്നത ശാസ്ത്ര – സാങ്കേതിക സ്ഥാപനങ്ങളായ എൻഐടികളിൽ നിന്നും ഐഐടികളിൽ നിന്നും ചില ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്നുമാണ്.
ഹൈദരാബാദ് സർവകലാശാലയിലെ രോഹിത് വെമുല എന്ന ഗവേഷക വിദ്യാർഥിയുടെ ആത്മഹത്യ വലിയ പ്രതിഷേധമാണ് അന്നു രാജ്യത്താകെ ഉയർത്തിയത്. അതിനു ശേഷവും ഇന്ത്യയിൽ പല കലാലയങ്ങളിൽനിന്നും സമാനമായ വിവേചനത്തിന്റെ വാർത്തകൾ പുറത്തുവന്നു. നിറത്തിന്റെയോ ജാതിയുടെയോ പേരിൽ മറ്റുള്ളവരെ താഴ്ത്തിക്കെട്ടാനുള്ള ശ്രമം ഇന്നും തുടരുന്നു.
നിധിൻരാജിന്റെ മരണത്തില്‍ ആരോപണ വിധേയർക്കെതിരെ പട്ടികജാതി – പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമത്തിലെ കർശനമായ വകുപ്പുകൾ ചുമത്തി തുടര്‍നടപടികള്‍ സ്വീകരിക്കണം. ഇത്തരം സംഭവങ്ങൾ ഒരു മേഖലയിലും ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രത ഉണ്ടാവണം.
സോഷ്യലിസത്തിന്റെ
പ്രസക്തി
തനിക്കു വിവേചനം നേരിടുമ്പോൾ മാത്രം പ്രതികരിക്കുക എന്ന സ്വാർത്ഥചിന്തയിൽ നിന്ന് സമൂഹം മാറേണ്ടതുണ്ട്. ഇവിടെയാണ് സോഷ്യലിസത്തിന്റെ പ്രാധാന്യം.
ആത്മഹത്യയല്ല വിവേചനത്തിനു പരിഹാരം എന്നാണ് മനസ്സിലാക്കേണ്ടത്. വിവേചനം അനുഭവിക്കുന്നവർ മാത്രം വിചാരിച്ചാൽ ഈ വിവേചനം ഇല്ലാതാകില്ല. പൊതുസമൂഹത്തിന്റെ മാനസികമായ ഉയർച്ചയാണ് ഇവിടെ പരിഹാരം. ഒരിടത്തു നിന്നല്ല, എല്ലാ മേഖലകളിൽ നിന്നും ജാതിവിവേചനങ്ങൾക്കെതിരായ പ്രതിഷേധമുയരണം.
ജാതിക്കും മതത്തിനും അതീതമായി മനുഷ്യരെ ഒന്നായി കാണുന്ന ഒരു വ്യവസ്ഥിതിയിലൂടെ മാത്രമേ പൂർണമായ നീതി ഉറപ്പാക്കാൻ കഴിയൂ. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും ജാതി ചിന്തകള്‍ക്കും എതിരെ കേരളീയ സമൂഹം ഒന്നടങ്കം പോരാടാന്‍ തയ്യാറാകണം . ഒരു വ്യക്തി നേരിടുന്ന അനീതി സമൂഹത്തിന്റെ മൊത്തം പ്രശ്നമായി കാണാനുള്ള മനോഭാവം വളർത്തിയെടുക്കണം.
കേരളം നേടിയെടുത്ത പുരോഗമനപരമായ നേട്ടങ്ങള്‍ വെറുതെ ഉണ്ടായതല്ല. മറിച്ച് നിരവധി സമര പോരാട്ടങ്ങളിലൂടെ കെട്ടിപ്പടുത്തതാണ്. സമൂഹത്തില്‍ വ്യക്തികളെ ജാതീയമായോ സാമ്പത്തികമായോ വിദ്യാഭ്യാസപരമായോ ആക്ഷേപിക്കുന്നതോ വിവേചനം കാണിക്കുന്നതോ ആയ ഒരു പ്രവണതയും അംഗീകരിക്കാൻ കഴിയില്ല. കലാലയങ്ങളും തൊഴിലിടങ്ങളും വിവേചനരഹിതമാണെന്ന് ഉറപ്പാക്കാൻ നമുക്കു കഴിയണം. പഴയകാല അസമത്വങ്ങളിലേക്ക് കേരളം തിരിച്ചുപോകാതിരിക്കാൻ നിരന്തരമായ ജാഗ്രതയും ശക്തമായ നിലപാടുകളും അനിവാര്യമാണ്. നവോത്ഥാന മൂല്യങ്ങൾ മുദ്രാവാക്യങ്ങളിൽ മാത്രമല്ല, നമ്മുടെ ഓരോരുത്തരുടെയും മനസ്സിൽ കൂടിയാണ് പുനഃസ്ഥാപിക്കേണ്ടത്. l



