അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ വിദ്യാർത്ഥിയായ നിധിൻ രാജിന്റെ ആത്മഹത്യ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്ത് നിരവധി പ്രശ്നങ്ങൾ ഉയർത്തിയിരിക്കുകയാണ്. ആത്മഹത്യയ്ക്കുമുമ്പ് നിതിൻ രാജ് എഴുതിയ കത്ത് കോളേജ് അധ്യാപകർക്കുനേരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയർത്തിയത്. ജാതിമർദ്ദനവും വംശീയ വിദേ-്വഷവും ബോധപൂർവമായ അരികുവൽക്കരണവും അടക്കമുള്ള കയ്യേറ്റങ്ങൾ അധ്യാപകർ നടത്തിയിരുന്നു. ഈ ആരോപണങ്ങൾ പിന്നീട് സഹവിദ്യാർത്ഥികൾ ശരിവയ്ക്കുകയും ചെയ്തു. പിന്നീട് ആരോപണവിധേയനായ അദ്ധ്യാപകനെ മാനേജ്മെന്റ് പിരിച്ചുവിട്ടുവെങ്കിലും ഇത്തരം ഒരു സ്ഥിതിവിശേഷം ഉണ്ടാക്കിയതിൽ അവരുടെ പങ്കിനെക്കുറിച്ചുള്ള ചോദ്യങ്ങൾ അവശേഷിക്കുന്നു.
ഉന്നത വിദ്യാഭ്യാസരംഗത്തെ
ദളിത് പീഡനങ്ങൾ
ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിലെ, പ്രത്യേകിച്ച് പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആത്മഹത്യകൾ പെരുകുന്നത് അടുത്തകാലത്താണ്. അടൂർ എൻജിനിയറിംഗ് കോളേജിലെ രജനി എസ് ആനന്ദ്, പാലക്കാട് നെഹ്‌റു കോളേജിലെ ജിഷ്ണു പ്രണോയ്, പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർഥ് തുടങ്ങിയവരുടെ ആത്മഹത്യകൾ ഏറെ ചർച്ചചെയ്യപ്പെട്ടു. മഹാരാജാസ് കോളേജിലെ അഭിമന്യൂ എന്ന വിദ്യാർത്ഥി വർഗീയ ശക്തികളുടെ കൊലക്കത്തിക്കിരയായതും മറന്നുകൂടാ. പല നഴ്‌സിങ് കോളേജ് വിദ്യാർത്ഥിനികളും ഇതേ രീതിയിൽ ആത്മഹത്യ ചെയ്തിട്ടുണ്ട്. എം ജി സർവകലാശാലയിലെ ഒരു ദളിത് ഗവേഷണ വിദ്യാർത്ഥിനിയും അധ്യാപകനെതിരെ ആരോപണമുന്നയിച്ചു. ഇവരെല്ലാവരും പിന്നാക്ക ദളിത് വിഭാഗങ്ങളിൽപെട്ട കുട്ടികളും ആയിരുന്നു. അധ്യാപകരുടെ പീഡനം കൂടാതെ, വിദ്യാർത്ഥികളുടെ ഭാഗത്തുനിന്നു തന്നെയുള്ള ക്രൂരപീഡനവും ഇവരുടെ മരണങ്ങൾക്കു കാരണമായിരിക്കാം.
രജനി എസ് ആനന്ദിനുമുമ്പ് സമാനമായ സംഭവങ്ങൾ പൊതുവിൽ കുറവായിരുന്നു. ദളിത് – പിന്നാക്ക വിഭാഗത്തിലെ കുട്ടികൾ ഏറ്റവുമധികം പഠിക്കുന്നത് ആർട്ട്സ് ആൻഡ് സയൻസ് കോളേജുകളിലാണ്. ഇവിടെ ഇത്തരം സംഭവങ്ങൾ ഏതാണ്ട് ഇല്ല എന്നു തന്നെ പറയാം. എന്നാൽ പ്രൊഫഷണൽ കോളേജുകളിലെ സ്ഥിതി അതല്ല. ജാതീയ വിവേചനത്തിനുപുറമെ, പഠിക്കാൻ കഴിവില്ല എന്നുപറഞ്ഞ് അകറ്റി നിർത്തുന്ന പ്രവണതയും വ്യാപകമാണ്. അതുകൊണ്ട് പലരും പഠനം അവസാനിപ്പിച്ച് സാധാരണ കോളേജുകളിൽ ചേരുന്ന നിലയും ഉണ്ടായിട്ടുണ്ട്.
വിദ്യാർഥി രാഷ്ട്രീയത്തിന്റെ പ്രാധാന്യം
പിന്നാക്ക – ദളിത് വിഭാഗങ്ങൾക്കെതിരെയുള്ള പീഡനമുറകൾ അവസാനിപ്പിക്കുന്നതിൽ വിദ്യാർത്ഥി സംഘടനകൾക്ക് നിസ്തുലമായ പങ്കുണ്ട്. ആർട്ട്സ് ആൻഡ് സയൻസ് കോളേജുകളിലെ റാഗിങ്ങും ജാതി–മത പീഡനവും കുറഞ്ഞിരിക്കുന്നതിന്റെ മുഖ്യകാരണം വിദ്യാർത്ഥി രാഷ്ട്രീയമാണെന്നു നിസ്സംശയം പറയാം. മെഡിക്കൽ കോളേജുകളിലും വിദ്യാർഥി രാഷ്ട്രീയമുള്ളതുകൊണ്ട് ഭേദപ്പെട്ട നിലയുണ്ട്. എൻജിനീയറിങ് കോളേജുകളിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിന് സ്വാധീനമുള്ള സ്ഥാപനങ്ങളിലെല്ലാം മെച്ചപ്പെട്ട സ്ഥിതിയുണ്ട്. സ്വാശ്രയ കോളേജുകളിൽ മാനേജ്മെന്റുകളുടെ നിയന്ത്രണത്തിലുള്ള വിദ്യാർത്ഥി യൂണിയനുകളല്ലാതെ മറ്റു സംവിധാനങ്ങൾ നിലവിലില്ല. വിദ്യാർത്ഥികൾക്ക് തർക്കപരിഹാര സമിതികളില്ല. യുജിസിയുടെയോ ഗവണ്മെന്റിന്റെയോ സർവകലാശാലകളുടെയോ നിർദ്ദേശങ്ങൾ ഇവർ പാലിക്കണമെന്ന് നിർബന്ധമില്ല. അധ്യാപക രക്ഷാകർതൃ സമിതികൾ വഴിയോ മറ്റു ബഹുജന സമ്പർക്ക പരിപാടികൾ വഴിയോ ഉണ്ടാകേണ്ട സാമൂഹ്യ ഉത്തരവാദിത്വവും ഇവർക്കില്ല. ഇവിടങ്ങളിലെ അധ്യാപകർക്ക് സംഘടനകളുണ്ടാകാത്തതുകൊണ്ട് ഏതെങ്കിലും വിധത്തിലുള്ള സാമൂഹ്യ ഉത്തരവാദിത്വം അവർക്കും ഉണ്ടാകാറില്ല. പലപ്പോഴും മത–ജാതി ശക്തികളുടെയും സമ്പന്നവർഗത്തിന്റെയും താണ്ഡവനൃത്തമാണ് ഇവിടെ നടക്കുന്നത്.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം പട്ടികജാതി – പട്ടികവർഗ വിഭാഗങ്ങൾക്ക് ഗണ്യമായ മുന്നേറ്റമുണ്ടായിട്ടുള്ള സംസ്ഥാനമാണ്. മറ്റെന്നത്തേക്കാളും അധികമായി ടെക്നിക്കൽ പ്രൊഫഷണൽ വിദ്യാഭ്യാസത്തിലേക്ക് അവർ കടന്നുവരുന്നുമുണ്ട്. അത് ഉന്നത വിദ്യാഭ്യാസരംഗത്തെ ചുമതലകളും ബാധ്യതകളും വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. നമ്മുടെ പാഠ്യപദ്ധതികളും ക്ലാസ് മുറി സംവിധാനങ്ങളും ലൈബ്രറികളും ലാബുകളുമെല്ലാം വരേണ്യ വർഗബോധനത്തിന് അനുസൃതമാണെന്ന കാര്യം മറന്നുകൂടാ. യോഗ്യതാ പരീക്ഷകളിലുടെയും രക്ഷകർത്താക്കളുടെ ഭണ്ഡാരപ്പെട്ടിയുടെ സഹായത്തോടെയും കടന്നുവരുന്ന വരേണ്യ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പിന്നാക്ക – ദളിത് വിഭാഗങ്ങളിൽ പെട്ടവരും സ്ത്രീകളും ഒരു വെല്ലുവിളിയാണ്. അവരുടെ തൊഴിൽ സാധ്യതകൾക്കും സുരക്ഷിതത്വത്തിനുമുള്ള വെല്ലുവിളിയാണ് ഈ വിഭാഗങ്ങൾ ഉയർത്തുന്നത്. ഇന്നത്തെ വിദ്യാഭ്യാസസംവിധാനത്തിൽ ഈ വിഭാഗങ്ങളെ അകറ്റിനിർത്തുക സാധ്യമല്ല, അതിനുള്ള മറുമരുന്നാണ് സംഘടിതമായ നികൃഷ്ടവൽക്കരണം.
ജാതി – മത ശക്തികളുടെ സ്വാധീനം
ഇത്തരത്തിലുള്ള സംഘടിതമായ നികൃഷ്ടവൽക്കരണം ഇന്നും ഇന്നലെയും ഉണ്ടായതല്ല. ജാതി – ജന്മി വിരുദ്ധ പോരാട്ടങ്ങളുടെ പശ്ചാത്തലത്തിലാണ് ജാതിവിവേചനത്തിനെതിരായ സംഘടിത മുന്നേറ്റങ്ങൾ ഉണ്ടായത്. സ്‌കൂളുകളിലും നിരത്തുകളിലും സർക്കാർ ഓഫീസുകളിലും ക്ഷേത്രങ്ങളിലുമടക്കം എല്ലായിടങ്ങളിലും വ്യാപിച്ച ജാതിമർദ്ദനം വലിയൊരു അളവു വരെ ഉന്മൂലനം ചെയ്യാൻ കഴിഞ്ഞത് സംഘടിത ജനാധിപത്യ പോരാട്ടങ്ങൾ വഴിയാണ്. പഞ്ചമിയുടെ സ്കൂൾ പ്രവേശനം മുതൽ ആരംഭിച്ച വിദ്യാഭ്യാസ രംഗത്തെ പോരാട്ടങ്ങളാണ് കേരളത്തിലെ പൊതുവിദ്യാലയങ്ങൾ എന്ന ആശയം യാഥാർത്ഥ്യമാക്കിയതും കേരളത്തിലെ ദളിത് – ആദിവാസി വിഭാഗങ്ങളെ വിദ്യാലയങ്ങളിൽ കൊണ്ടുവന്നതും. 1980 നകം പ്രൈമറി തലത്തിൽ സാർവത്രിക വിദ്യാഭ്യാസം സാധ്യമാക്കുകയും ചെയ്തു. ജനാധിപത്യ വിദ്യാഭ്യാസത്തിന്റെ വൻ മുന്നേറ്റമായിരുന്നു ഇത്. വിദ്യാഭ്യാസം സാർവത്രികവും ജനാധിപത്യപരവുമാക്കാൻ വേണ്ടി അവതരിപ്പിക്കപ്പെട്ട മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസ നിയമത്തിനെതിരെ ജാതി–മതശക്തികളും കോൺഗ്രസ് അടക്കമുള്ള വലതുപക്ഷവും ഒത്തുചേർന്ന് സംഘടിച്ചത് കേരളത്തിൽ ജാതി–മത ശക്തികളുടെ ഉയിർത്തെഴുന്നേൽപ്പിനു കാരണമായി തുടർന്ന് ഇത്തരം ശക്തികൾ നടത്തിയ വിദ്യാലയങ്ങളിൽ സംവരണ തത്ത്വത്തിലടക്കം വെള്ളം ചേർക്കുകയും ചെയ്തു. ദളിത് – പിന്നാക്ക വിഭാഗങ്ങളുടെയും തൊഴിലെടുക്കുന്നവരുടെയും മക്കൾ കൂട്ടത്തോടെ ചേർന്നു പഠിച്ച സർക്കാർ വിദ്യാലയങ്ങളെയും ചില പൊതു വിദ്യാലയങ്ങളെയും സവർണ മധ്യവർഗം നികൃഷ്ടമായി കണക്കാക്കി എന്നതു വസ്തുതയാണ്. സർക്കാർ വിദ്യാലയങ്ങൾ എന്നാൽ മോശം വിദ്യാലയങ്ങളാണ് എന്നത് ഒരു പഴഞ്ചൊല്ലു പോലെയായ കാലം വരെയുണ്ടായിരുന്നു. ഇതിനെയും മറികടന്നാണ് സർക്കാർ വിദ്യാലയങ്ങൾ മെച്ചപ്പെട്ട പരീക്ഷാഫലങ്ങളോടെ മുന്നോട്ടുവന്നത്. കേരളത്തിലെ പണിയെടുക്കുന്നവരുടെ മക്കൾക്ക് വരേണ്യ വർഗത്തോടൊപ്പം തലനിവർത്തി നടക്കാനായത് കേരളത്തിൽ നടന്ന ജനാധിപത്യ മുന്നേറ്റത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്.
സ്വാശ്രയ മേഖലയുടെ വളർച്ച
ഈ മുന്നേറ്റത്തെ അട്ടിമറിക്കാനാണ് ജാതി – മത മദ്ധ്യവർഗരാഷ്ട്രീയം നിരന്തരമായി ശ്രമിക്കുന്നത്. ഇതു പ്രവർത്തിക്കുന്നത് നേരിട്ട് രാഷ്ട്രീയ പാർട്ടികളുടെയോ സംഘടനകളുടെയോ വേദികളിൽ നിന്നല്ല, സ്വത്വ രാഷ്‌ട്രീയ വേദികളിലൂടെയാണ് വിദ്യാഭ്യാസ രംഗത്ത് ഇതാരംഭിക്കുന്നത്. 1982–-87 ലെ യുഡിഎഫ് സർക്കാരിന്റെ കാലത്താണ്. പ്രീഡിഗ്രി ബോർഡ് സ്ഥാപിക്കാനുള്ള ശ്രമം ഉണ്ടായത്. അതിനെത്തുടർന്ന് പൊതു വിദ്യാലയങ്ങളിൽ പ്രവേശനം ശക്തമായ ഘട്ടത്തിൽ ഒരു വിഭാഗം മാനേജ്മെന്റുകൾ അതിൽ നിന്നുമാറി മറ്റൊരു ബോർഡ് സംവിധാനത്തിലേക്ക് നീങ്ങാൻ ശ്രമിച്ചു. അന്നത് പരാജയപ്പെട്ടു. എന്നാൽ സിബിഎസ്ഇ സ്കൂളുകൾ വ്യാപകമായതോടെ ഇതേ മാനേജ്മെന്റുകൾ ഈ സൗകര്യം ഉപയോഗിച്ചു. സ്റ്റേറ്റ് സിലബസ് സ്‌കൂളുകൾ പൊതുവെ നിലവാരമില്ലാത്തതാണെന്ന വാദവും ഉയർത്തപ്പെട്ടു. ഇതേ വാദം തന്നെ പിന്നീട് മലയാളം മീഡിയം വിദ്യാർത്ഥികൾക്കെതിരെയും ഉയർത്തുന്നതു കാണാം. ഇക്കാലത്തു വളർന്നുവന്ന അൺഎയിഡഡ് ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങൾ ഏതാണ്ട് പൂർണമായും നിയന്ത്രിച്ചത് ജാതി – മത മാനേജ്മെന്റുകളായിരുന്നു. ഇവ ഏതെങ്കിലും വിധത്തിൽ തൊഴിലെടുക്കുന്നവരെയും ദളിത് – ആദിവാസി വിഭാഗങ്ങളെയും പ്രോത്സാഹിപ്പിച്ചതായി അറിയില്ല. അത്തരം വിദ്യാലയങ്ങൾ മത – ജാതിവിഭാഗങ്ങളെയും സമ്പന്നവർഗങ്ങളെയും പരസ്യമായി പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
ഇതേ അവസ്ഥ തന്നെയാണ് അൺഎയിഡഡ് കോളേജുകളിലും വളർന്നുവന്നത്. പ്രൊഫഷണൽ വിദ്യാഭ്യാസം ഏതാണ്ടു പൂർണമായും വരേണ്യവൽക്കരിക്കപ്പെടുകയും ഗവൺമെന്റ് – എയിഡഡ് സ്ഥാപനങ്ങളൊഴികെ പുതിയതായി വളർന്നുവന്ന സ്ഥാപനങ്ങളിൽ നിന്നെല്ലാം ദളിത് – ആദിവാസി വിഭാഗങ്ങൾ അകറ്റിനിർത്തപ്പെടുകയും ചെയ്യുന്ന അവസ്ഥയുണ്ടായി. നീറ്റ് –കീം പരീക്ഷകളിൽ ദളിത് – ആദിവാസി വിഭാഗങ്ങൾക്ക് പ്രവേശനം ലഭിക്കുകയും അവരുടെ പ്രവേശനം കോടതി വിധികളിലൂടെയും സർക്കാർ ഇടപെടലുകളിലൂടെയും നിർബന്ധിതമാക്കുകയും ചെയ്തതു കൊണ്ടുമാത്രമാണ് അൺഎയിഡഡ് പ്രൊഫഷണൽ കോളേജുകളിൽ കുറച്ചു വിദ്യാർത്ഥികൾക്ക് പ്രവേശനം നേടാനായത്.
ഇതെല്ലാം കാണിക്കുന്നത് കേരളത്തിൽ അൺഎയ്ഡഡ് സ്വാശ്രയ വിദ്യാലയങ്ങളുടെ വ്യാപനം അതുവരെ ജനാധിപത്യ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത മതനിരപേക്ഷവും ശാസ്ത്രീയവും ജനാധിപത്യപരവുമായ വിദ്യാഭ്യാസ സങ്കല്പത്തെ തകർത്തു എന്നതു മാത്രമല്ല, മത – ജാതി സ്വത്വരാഷ്ട്രീയത്തിന് ആധിപത്യം നേടാൻ അവസരമൊരുക്കി എന്നതു കൂടിയാണ്. മിക്കവാറും വിദ്യാലയങ്ങളിലെയും മാനേജ്മെന്റ് സംവിധാനങ്ങളും അധ്യാപകരും പ്രത്യേക ജാതി – മത സമുദായങ്ങളുടെ ആളുകളും മാനേജ്മെന്റുകളുടെ ഏറാൻമൂളികളുമായി മാറി. അധ്യാപക – വിദ്യാർത്ഥി സംഘടനകൾ നിരോധിക്കപ്പെട്ടു. അതേസമയം സാംസ്‌കാരിക പരിവേഷമണിഞ്ഞ് മത– ജാതി സംഘടനകൾ പ്രവർത്തിച്ചു. വിദ്യാർത്ഥി യൂണിയനുകളും മറ്റുസമിതികളും ഇവരുടെ നിയന്ത്രണത്തിലായി. പരസ്യമായ ജൻഡർ വിവേചനം നടപ്പിലായി. സാധാരണ കോളേജുകളിൽ നിരോധിക്കപ്പെട്ട റാഗിങ് സ്വാശ്രയ മാനേജ്മെന്റ് സ്ഥാപനങ്ങളിൽ വ്യാപകമായി. വരേണ്യവർഗത്തിന് വ്യാപകമായി പ്രവേശനം നൽകിയ ഇത്തരം സ്ഥാപനങ്ങളുടെ അക്കാദമിക് പ്രകടനവും പരിതാപകരമായിരുന്നു. ഒരു ചെറുന്യൂനപക്ഷം സ്ഥാപനങ്ങൾക്കു മാത്രമാണ് ഉയർന്ന നിലവാരം പുലർത്താൻ കഴിഞ്ഞത്.
ജനാധിപത്യ വിരുദ്ധതയും മാനേജ്മെന്റുകളുടെ താൻപ്രമാണിത്തത്തിലും സ്വത്വ രാഷ്ട്രീയത്തിലും അധിഷ്ഠിതവുമായ ഈ സ്ഥാപനങ്ങൾ വിദ്യാർത്ഥികളുടെമേൽ, പ്രത്യേകിച്ച് ദളിത് – ആദിവാസി പിന്നാക്ക വിഭാഗങ്ങളുടെമേൽ, സൃഷ്ടിച്ച സമ്മർദ്ദം ചില്ലറയല്ല. ഒരു വശത്ത് സ്വന്തം കിടപ്പാടം പോലും പണയംവെച്ച് കുട്ടികളെ പഠിപ്പിക്കുന്ന രക്ഷിതാക്കളുടെ ആഗ്രഹാഭിലാഷങ്ങൾ നിറവേറ്റുന്നതിനുള്ള സമ്മർദ്ദം, കോളേജ് അന്തരീക്ഷത്തിൽ ഉയർന്ന നേട്ടങ്ങൾ കൈവരിക്കുന്നതിനുള്ള സമ്മർദ്ദം, കോളേജുകളിലെ അധ്യാപകരുടെയും വരേണ്യ വിദ്യാർത്ഥികളുടെയും താൻപ്രമാണിത്തവും മത– ജാതി – ലിംഗ വിവേചനവും നികൃഷ്ടവൽക്കരണവും സൃഷ്ടിക്കുന്ന സമ്മർദ്ദം… ഇവയിൽനിന്നെല്ലാം മോചനം നേടാൻ സഹായിക്കുന്ന ജനാധിപത്യത്തിന്റെയും സാമൂഹ്യനീതിയുടെയും ലിംഗനീതിയുടെയും വ്യവസ്ഥാപിതരൂപങ്ങളുടെ അഭാവം… ഇവയെല്ലാം ചേർന്നു സൃഷ്ടിക്കുന്ന സന്ദിഗ്ധാവസ്ഥയാണ്. വിദ്യാർത്ഥികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നത്. ഇവർ ദളിത് – പിന്നാക്ക വിഭാഗത്തിൽപെട്ടവരും സ്ത്രീകളും ആണെന്നതു തന്നെ സ്വത്വരാഷ്ട്രീയത്തിന്റെ ആധിപത്യത്തെ കാണിക്കുന്നു.
സ്വത്വ രാഷ്ട്രീയം പരിഹാരമല്ല
ജാതി വിവേചനം അവസാനിപ്പിക്കുന്നതിന് ദളിത് – ആദിവാസി വിഭാഗങ്ങളുടെ അധ്യാപകരിലും മാനേജ്മെന്റിലുമുള്ള പ്രാതിനിധ്യം ഉറപ്പാക്കുകയാണ് പ്രതിവിധി എന്നു കരുതുന്നവരുണ്ട്. പ്രാതിനിധ്യത്തിന്റെ കാര്യത്തിൽ അവരുടെ വാദം പൂർണമായും ശരിയാണ്. എന്നാൽ, അതുകൊണ്ടുമാത്രം വിവേചനം ഇല്ലാതാകും എന്നുകരുതുന്നത് ശരിയല്ല. രോഹിത് വെമുലയുടെ ആത്മഹത്യയും ജാതിയെ സംബന്ധിച്ച യുജിസി നിബന്ധനകൾക്കെതിരെ സർവകലാശാലകളിൽ നിന്നുതന്നെ ഉണ്ടായ എതിർപ്പും ഇതിന് ഉദാഹരണമാണ്. ആധുനിക ശാസ്‌ത്ര സാമൂഹ്യ ബോധം വളർന്നുവരേണ്ട ക്യാമ്പസുകളിൽ തന്നെ ജാതിവിവേചനം നിലനിൽക്കുന്നത് അതിനെ നിലനിർത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന സാമൂഹിക – സാമ്പത്തിക ശക്തികളുടെ സ്വാധീനം കൊണ്ടുതന്നെയാണ്. ജനാധിപത്യപ്രസ്ഥാനങ്ങളുടെ രാഷ്ട്രീയ സമ്മർദ്ദമില്ലാതെ ഒരു സ്വകാര്യ മാനേജ്മെന്റും സംവരണതത്ത്വം നടപ്പിലാക്കുകയില്ലെന്നതു തന്നെ ഇതിനുള്ള തെളിവാണ്. സ്വകാര്യ താൻ പ്രമാണിത്തത്തെയും സ്വത്വരാഷ്ട്രീയത്തെയും ചെറുക്കുന്ന ശക്തമായ ജനാധിപത്യ പ്രസ്ഥാനങ്ങൾ വിദ്യാലയങ്ങളിൽ വളർന്നു വരണമെന്നതാണ് ഇതു സൂചിപ്പിക്കുന്നത്.
ഉന്നത വിദ്യാഭ്യാസരംഗത്തെ
ജനാധിപത്യവൽക്കരണം
കോളേജ് നടത്തുന്നത് ആരായാലും ജനാധിപത്യ ഭരണ സംവിധാനങ്ങൾ വളർന്നുവരാതെ ഈ നികൃഷ്ടവൽക്കരണത്തെ തടയാൻ സാധിക്കുകയില്ല. തിരഞ്ഞെടുക്കപ്പെട്ട സ്റ്റാഫ് കൗൺസിലുകൾ, വിദ്യാർത്ഥികളുടെ സംഘടനാ സ്വാതന്ത്ര്യവും തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥി യൂണിയനുകളും, തർക്കപരിഹാര സമിതികൾ, അപ്പലേറ്റ് സംവിധാനങ്ങൾ, അധ്യാപക – വിദ്യാർത്ഥി സമ്പർക്ക സമിതികൾ,സാമൂഹ്യക്ഷേമ കൗൺസിലിങ് സംവിധാനങ്ങൾ, ക്യാമ്പസുകളിലെ ജനാധിപത്യ സംസ്‌കാരം, വിദ്യാർത്ഥികളുടെ പ്രവർത്തന സ്വാതന്ത്ര്യം എന്നിവ ഉറപ്പുവരുത്തുന്ന പഠനാന്തരീക്ഷമാണ് ആവശ്യം. എല്ലാ വിദ്യാർത്ഥികൾക്കും അവരുടെ അഭിലാഷങ്ങൾക്കനുസരിച്ച് മുന്നേറാനും സ്വതന്ത്ര വ്യക്തികളെന്ന നിലയിൽ സ്വയം വളരാനും സഹായിക്കുന്ന ബോധന – പഠനരൂപങ്ങളും കലാലയാന്തരീക്ഷവും വളർന്നുവരണം. ഇത് ഉറപ്പുവരുത്തുന്ന അധ്യാപകരെ നിയമിക്കുന്ന പ്രത്യേക റിക്രൂട്ട്മെന്റ് സംവിധാനം ഉണ്ടാകണം. പട്ടാളചിട്ടകളും പുരുഷ മേധാവിത്വ ജാതി – മത മേധാവിത്വ സംവിധാനങ്ങളും റാഗിങ്ങും പുതിയ വിദ്യാർത്ഥികളെ മെരുക്കിയെടുക്കുന്ന മറ്റു ചടങ്ങുകളും പൂർണമായും നിരോധിക്കപ്പെടണം. ഇതെല്ലാം ന്യൂനപക്ഷ സ്ഥാപനങ്ങൾക്കും ബാധകമാണ്.
ഹൈദരാബാദ് സർവകലാശാലയിലെ ഗവേഷണ വിദ്യാർത്ഥിയായ രോഹിത് വെമുലയുടെ ആത്മഹത്യയാണ് ഉന്നതവിദ്യാഭ്യാസ രംഗത്തെ ജാതിവിവേചനത്തിന്റെ പ്രശ്നങ്ങൾ പുറത്തുകൊണ്ടുവരുന്നതിന് കാരണമാക്കിയത്. അതിനെ തുടർന്ന് സർവകലാശാലകളിലെ ജാതി വിവേചനം അവസാനിപ്പിക്കുന്നതിന് രോഹിത് വെമുല ആക്ട് നിർദേശിക്കപ്പെട്ടുവെങ്കിലും കേന്ദ്രഗവണ്മെന്റിന് അതു നടപ്പിലാക്കുന്നതിൽ താല്പര്യമില്ല. ഹിന്ദുത്വവാദികളെ സംബന്ധിച്ചിടത്തോളം വിദ്യാഭ്യാസം, പ്രത്യേകിച്ച് ഉന്നത വിദ്യാഭ്യാസം, ചാതുർവർണ്യത്തിന്റെ ഒരു പരിശീലനക്കളരിയാണ്. ഗവേഷക ബുദ്ധിജീവികൾ സാങ്കേതിക സൈനിക വിദഗ്ധർ, സംരംഭക മാനേജ്മെന്റ് വിദഗ്ധർ എന്നിവരുടെ ഇടയിൽ ദളിത് – ആദിവാസി അധഃസ്ഥിത വിഭാഗങ്ങൾ ഉയർത്തുന്ന വെല്ലുവിളി അവർക്ക് സ്വീകാര്യമല്ല. അതുകൊണ്ടുതന്നെ അവരുൾപ്പെടുന്ന ക്യാമ്പസ് ജനാധിപത്യവൽക്കരണ പ്രകിയ ഹിന്ദുത്വവാദികൾക്ക് സ്വീകാര്യവുമല്ല. ഏതെങ്കിലും വിധത്തിലുള്ള സാമൂഹ്യ പിന്നാക്ക വിഭാഗങ്ങളുടെ സംരക്ഷണവും ജാതിവിവേചനത്തിന്റെ നിർമാർജനവും തമ്മിൽ വ്യത്യാസമുണ്ട്. ചാതുർവർണ്യത്തെ ഇല്ലായ്മ ചെയ്യാൻ ഏതു ഹിന്ദുത്വവാദിയാണ് സമ്മതിക്കുക?
ക്യാമ്പസുകളുടെ ജനാധിപത്യവൽക്കരണത്തിനുവേണ്ടിയുള്ള പരിശ്രമങ്ങൾ ശാസ്ത്രീയവും സാമൂഹ്യബദ്ധവും ജനാധിപത്യപരവുമായ വിദ്യാഭ്യാസക്രമത്തിനുവേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമാണ്. മതബോധം പോലെതന്നെ ജാതീയമായ വിവേചനവും ജനാധിപത്യവിദ്യാഭ്യാസത്തിനെതിരായ കടന്നുകയറ്റത്തിന്റെ ഫലമാണ്. ജീവനൊടുക്കിയ നിതിൻ രാജിനെപ്പോലെ ജീവനൊടുക്കാത്ത നിരവധി വിദ്യാർത്ഥികൾ ഈ പീഡനങ്ങൾ സഹിച്ച് നമ്മുടെ ക്യാമ്പസുകളിൽ ഇപ്പോഴും കഴിയുന്നുണ്ട്. അവരുടെ നിശ്ശബ്ദതയ്ക്കുള്ളിൽ അതി തീവ്രമായ മുറവിളിയുടെ അങ്കുരങ്ങളുണ്ട്. സുസ്ഥിരമായ ഭാവിജീവിതത്തെക്കുറിച്ചുള്ള മോഹങ്ങളാണ് ഒരു പൊട്ടിത്തെറിയിൽ നിന്ന് അവരെ പിന്തിരിപ്പിക്കുന്നത്. ക്യാമ്പസിലെ ജാതിരാഹിത്യത്തിനും സമത്വത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള പോരാട്ടം ഏറ്റെടുക്കാൻ ജനാധിപത്യശക്തികൾ മുന്നിട്ടിറങ്ങണം. l



