Friday, May 8, 2026

ad

Homeകവര്‍സ്റ്റോറിനമ്മൾ മാറി പക്ഷേ നാം മാറിയോ?

നമ്മൾ മാറി പക്ഷേ നാം മാറിയോ?

വിനോദ് പായം

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാംവർഷ വിദ്യാർഥി 
തിരുവനന്തപുരം ആനമങ്ങാട് സ്വദേശി ആർ എൽ നിധിൻ രാജിന്റെ 
മരണമുയർത്തുന്ന ചോദ്യങ്ങൾ നിരവധിയാണ്.
പലതരത്തിലും പുരോഗമനപരമായി മാറിയ 
കേരളത്തിലേക്ക്‌ നീട്ടിയ ടോർച്ചടി കൂടിയാണിത്‌.

നുഷ്യൻ ഒറ്റപ്പെട്ട വ്യക്തിയല്ല, മറിച്ച് സാമൂഹിക ബന്ധങ്ങളുടെയും ഉൽപ്പാദന ബന്ധങ്ങളുടെയും ഉൽപ്പന്നമാണ് എന്നതാണ്‌ മനുഷ്യനെ കുറിച്ചുള്ള പ്രാഥമികമായ നിർവചനം. അതായത്‌, മനുഷ്യൻ ഒറ്റദിവസം കൊണ്ടല്ല രൂപപ്പെടുന്നത്‌ എന്നർഥം. ജനനം മുതൽ മരണം വരെയുമല്ല; മറിച്ച്‌ തലമുറകളായി കൈമാറിവരുന്ന പലതരം സത്തകളുടെ ആൾരൂപം മാത്രമാണ്‌ മനുഷ്യൻ.

അതുകൊണ്ടുതന്നെ ഒരാൾ ജനിക്കാനും മരിക്കാനും ഒറ്റക്കാരണം മാത്രം ചൂണ്ടിക്കാണിക്കാനും പറ്റില്ല. പലതുകൊണ്ടും സങ്കീർണമായ മനുഷ്യാവസ്ഥയാണ്‌ ജനനവും മരണവും പോലും തീരുമാനിക്കപ്പെടുന്നത്‌. അതേസമയം ജനനത്തിനും മരണത്തിനും കാരണമായ മനുഷ്യാവസ്ഥയിൽ, മോശപ്പെട്ടത്‌ ഏത്‌ എന്നത്‌ തിരിച്ചറിഞ്ഞ്‌ തിരുത്താൻ നടപടിയെടുക്കേണ്ടത്‌ ആധുനിക സമൂഹത്തിന്റെ കടമയാണ്‌. ഇന്ത്യൻ സാഹചര്യത്തിൽ അത്തരം മോശം സാമൂഹ്യാവസ്ഥ യഥേഷ്ടം കണ്ടെടുക്കാനുണ്ടെങ്കിലും നവോത്ഥാനം ഉഴുതുമറിച്ച നമ്മുടെ കേരളത്തിലും സമാനമായ അനുഭവങ്ങൾ പ്രകടമാകുന്നത്‌ ഒട്ടും ആശാസ്യമല്ല.

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാംവർഷ വിദ്യാർഥി തിരുവനന്തപുരം ആനമങ്ങാട് സ്വദേശി ആർ എൽ നിധിൻ രാജിന്റെ മരണം സംബന്ധിച്ച ചർച്ചകൾ വ്യാപകമായ സാഹചര്യത്തിൽ അത്തരം പര്യാലോചനകൾക്ക്‌ വേഗം കൂട്ടാൻ സമയമായി. ജാതി വിവേചനം, അധ്യാപകരുടെ പീഡനം, ശാരീരിക അധിക്ഷേപം, സ്വാശ്രയ മാനേജ്-മെന്റിന്റെ പലതരം ഇടപെടലുകൾ, ലോൺ ആപ്പ്‌ തുടങ്ങിയവയാണ്‌ പ്രധാനമായും നിധിൻ രാജിന്റെ മരണവുമായി ചേർത്തുവക്കുന്നത്‌. അതോട്‌ ബന്ധപ്പെടുത്താവുന്ന പലതരം തെളിവുകളും പൊതുമണ്ഡലത്തിലുണ്ട്‌. ഏറ്റവുമവസാനം അധ്യാപകൻ കർണാടക സ്വദേശി ഡോ. എം കെ റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതും ഇത്തരം പ്രകടമായ തെളിവുകളുടെ അടിസ്ഥാനത്തിൽ കൂടിയാണ്‌.

നിധിൻരാജ്‌ നിരന്തരമായ അധിക്ഷേപത്തിന്റെ ഇരയാണെന്ന പ്രോസിക്യൂഷൻ വാദം പ്രാഥമികമായിത്തന്നെ കോടതി ശരിവക്കുന്പോൾ, പൊതുസമൂഹത്തിനും അക്കാര്യത്തിൽ നിലപാടെടുക്കാൻ ബാധ്യതയുണ്ട്‌. നിധിൻ രാജിനെതിരായ അധിക്ഷേപത്തിന്റെ ആന്തരിക അടരുകളിൽ, കേരളം മറികടന്നെന്ന്‌ വിചാരിക്കുന്ന ജാതീയമായ ചിന്തകൾ ഉണ്ടെന്ന്‌ അറിയുന്നതും ഗ‍ൗരവതരമായ കാര്യമാണ്‌.

നിധിൻരാജ്‌ ജീവനൊടുക്കിയ സംഭവത്തിലെടുത്ത ആത്മഹത്യാ പ്രേരണക്കേസിൽ ഒന്നും രണ്ടും പ്രതികളായത്‌ അഞ്ചരക്കണ്ടി ദന്തൽ കോളേജ്‌ അധ്യാപകരായ ഓറൽ പാത്തോളജി വിഭാഗം മേധാവി ഡോ. എം കെ റാം, അസോസിയേറ്റ് പ്രൊഫസർ ഡോ. കെ ടി സംഗീത നന്പ്യാർ എന്നിവരാണ്‌. ഇവർക്കെതിരെ ഒട്ടും അമാന്തിക്കാതെ എസ്‌സി–എസ്‌ടി അതിക്രമ വിരുദ്ധ നിയമത്തിലെ വകുപ്പു പ്രകാരം ശക്തമായാണ്‌ കേസെടുത്തത്‌ എന്നത്‌ പൊലീസിന്റെ ഇ‍ൗ സംഭവത്തിലുള്ള പ്രത്യേക ജാഗ്രത വെളിപ്പെടുത്തുന്ന ഒന്നാണ്‌. ഇതിനെ പ്രതിരോധിക്കാൻ ഒന്നാം പ്രതി ഡോ. എം കെ റാം എസ്‌ടി വിഭാഗത്തിൽപ്പെട്ട ബജേന്ദ്രി സമുദായാംഗമാണെന്നാണ്‌ പ്രതിഭാഗം വാദിച്ചത്‌. എന്നാൽ കർണാടകത്തിലും ആന്ധ്രയിലും ഇ‍ൗ സമുദായം ഒബിസിയിൽ ഉൾപ്പെട്ടതാണെന്ന്‌ പ്രോസിക്യൂഷൻ കോടതിയിൽ നിലപാടെടുത്തത്‌ കേസിൽ നിർണായകമാണ്‌.

കഴിഞ്ഞ മാർച്ച്‌ 13 മുതൽ ഒന്നും രണ്ടും പ്രതികൾ പലവിധത്തിൽ നിധിൻ രാജിനെ അപമാനിച്ചു. മോശമായി പെരുമാറുകയും ചെയ്‌തു. നിധിൻ കോളേജ്‌ കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്നും ചാടിമരിച്ച ഏപ്രിൽ 10ന്‌ പകൽ 12.30 മുതൽ രണ്ടുവരെ സ്‌റ്റാഫ്‌റൂമിലും പ്രിൻസിപ്പലിന്റെ മുറിയിലും ഒന്നാം പ്രതി ഡോ. റാം എത്തിയതും സംശയാസ്‌പദമാണ്‌. സ്‌റ്റാഫ്‌റൂമിലും പ്രിൻസിപ്പലിന്റെ മുറിയിലും ഡോ. റാം എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും സഹോദരിക്ക്‌ നിധിൻ രാജ്‌ അയച്ച ഓഡിയോ, വാട്‌സാപ്‌ സന്ദേശങ്ങളും തെളിവുകളായി കോടതിയുടെ മുന്നിലെത്തിയിട്ടുണ്ട്‌. കെട്ടിടത്തിൽ നിന്നുവീണ്‌ അതിഗുരുതരാവസ്ഥയിൽ നിധിൻരാജിനെ കാഷ്വാലിറ്റിയിൽ എത്തിച്ചപ്പോൾ ഡോ. റാം നടത്തിയത്‌ സഭ്യേതരമായ പരാമർശമാണെന്നും കണ്ടെത്തിയിട്ടുണ്ട്‌. ഇ‍ൗ ‘സഭ്യേതരമായ പരാമർശം’ ഒട്ടും നിഷ്‌കളങ്കമല്ല എന്ന പരാതിക്കാരുടെ ആക്ഷേപത്തിന്‌ ഒപ്പം നിൽക്കുകയാണ്‌ പുരോഗമന കേരളം ചെയ്യേണ്ടത്‌.

‘തെരുവുപട്ടി’യെന്ന്‌ വിളിച്ച്‌ നിധിൻരാജിനെ തുടർച്ചയായി അധ്യാപകരായ പ്രതികൾ അപമാനിച്ചുവെന്നും കുടുംബത്തിന്‌ പരാതിയുണ്ട്‌. ഇതിനെതിരെ പ്രിൻസിപ്പലിന്‌ പരാതിയും നൽകിയിരുന്നു. പ്രിൻസിപ്പൽ ഉൾപ്പെടെയുള്ളവരുടെ പങ്കും അന്വേഷിക്കണമെന്നാണ്‌ കുടുംബം ആവശ്യപ്പെടുന്നത്‌. ഇതൊരു കുടുംബത്തിന്റെ മാത്രം പരാതിയല്ല എന്നിടത്താണ്‌, നമ്മുടെ പൊതുമണ്ഡലത്തിൽ, വിശേഷിച്ച്‌ അക്കാദമിക്‌ പൊതുമണ്ഡലത്തിൽ ജാതീയമായതും ശാരീരികമായതുമായ അധിക്ഷേപങ്ങൾ അത്ര കുറവല്ല എന്ന യാഥാർഥ്യം മനസ്സിലാകുന്നത്‌.

ആഭ്യന്തര സമിതികൾ എത്രത്തോളം
ജാതിവെറിയിൽ ജീവിക്കാനാവാതെ, ആത്മഹത്യയിൽ അഭയം പ്രാപിച്ച ഹൈദരാബാദ് സർവകലാശാലാ വിദ്യാർഥി രോഹിത് വെമുലയ്ക്കു നീതിക്കായി ഏറ്റവും മുൻപന്തിയിൽ നിന്നതാണ്‌ മലയാളി പൊതുസമൂഹം. അത്രയ്‌ക്കില്ലെങ്കിലും നമ്മുടെ കാന്പസുകളിൽ പറഞ്ഞുകേൾക്കുന്ന വിവേചനങ്ങളിൽ നാം എത്രത്തോളം ഇടപെട്ടു? ഇക്കാര്യത്തിൽ ആഭ്യന്തര സമിതികൾ ഇടപെടണമെന്ന്‌ സംസ്ഥാന സർക്കാർ നിരന്തരം ആവശ്യപ്പെടുന്നതാണ്‌. അതേസമയം, ചിലയിടത്ത്‌, ഇത്തരം ആഭ്യന്തര സമിതികളുടെ നിലപാടും ചർച്ചയായിട്ടുണ്ട്‌. കോളേജുകളിൽ ആഭ്യന്തര പരാതി സമിതി (ഐസിസി) രൂപീകരിക്കാനാണ് സർക്കാർ നിർദേശം. അവിടെയെത്തുന്ന പരാതിയുടെ സ്വഭാവം പരിശോധിച്ച് ആവശ്യമെങ്കിൽ പൊലീസിന്‌ കൈമാറണം. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന യുജിസിയും ജാതിവിവേചനം തടയാൻ കാര്യമായി ശ്രമങ്ങൾ നടത്തിയിട്ടില്ല. 2002-ലെ യുജിസി നിർദേശമനുസരിച്ച് പട്ടികജാതി–പട്ടികവർഗ വിദ്യാർഥികളുടെ ക്ഷേമത്തിന് കോളേജുകളിൽ സെൽ രൂപീകരിച്ചെങ്കിലും ജാതിവിവേചന പ്രശ്‌നങ്ങളെ ഇന്ത്യയിലൊരിടത്തും കാര്യമായി അഭിമുഖീകരിച്ചില്ല എന്നുകാണണം.

സ്ഥാപന മേധാവി ദളിത് വിരോധം പ്രകടിപ്പിച്ചതിന് എംജി സർവകലാശാലയിലെ ഗവേഷക വിദ്യാർഥിനി ദീപ പി മോഹനൻ പരാതിപ്പെട്ടതിന് 2025-ൽ കേരളം സാക്ഷിയായി. വിഷയത്തിൽ ഇടപെട്ട്‌ പ്രശ്‌നം പരിഹരിച്ച ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു സാമൂഹ്യ മാധ്യമങ്ങളിൽ കുറിച്ച വരികൾ അഞ്ചരക്കണ്ടിയിലെ വിദ്യാർഥിയുടെ മരണം ചർച്ചചെയ്യുന്ന സമയത്ത്‌, പ്രസക്തമാണ്‌: ‘‘വാക്കുകൊണ്ടോ നോക്കുകൊണ്ടോ പോലും ഏതെങ്കിലും വിധത്തിലുള്ള മാടമ്പിത്തരങ്ങളുടെ കുടുസ്സായ ഇടിമുറികളായി നമ്മുടെ ഗവേഷണ കേന്ദ്രങ്ങളും കലാലയങ്ങളും മാറാതിരിക്കാൻ അധ്യാപക/ അക്കാദമിക വ്യക്തിത്വങ്ങൾ നിതാന്തമായ ആത്മപരിശോധനയോടെയുള്ള ജാഗ്രത പുലർത്തട്ടെ! സർവകലാശാലകളും കലാലയങ്ങളും ആത്യന്തികമായി വിദ്യാർഥികളുടേതാണ് ! അതാരും മറക്കരുത്. പ്രത്യേകിച്ച് അധ്യാപകർ. തങ്ങൾ പറയുന്ന ഓരോ വാക്കും വിദ്യാർഥിയുടെ വ്യക്തിത്വത്തിലും ആത്മവിശ്വാസത്തിലും അന്തസ്സിലും സ്പർശിക്കും എന്ന ഓർമ്മയുണ്ടാകണം’’– ഡോ. ബിന്ദു എഴുതി.

സംസ്‌കൃതം പഠനവകുപ്പ് മേധാവിയുടെ ജാതി വിവേചനത്തിന് ഇരയായതായി പരാതിപ്പെട്ട് കഴിഞ്ഞവർഷം കേരള സർവകലാശാലയിലെ ഗവേഷകവിദ്യാർഥി വിപിൻ വിജയനും രംഗത്തു വന്നിരുന്നു.

‘പുലയന്മാര്‍ സംസ്‌കൃതം പഠിക്കേണ്ടെന്നും പുലയനും പറയനും വന്നതോടെ സംസ്‌കൃത വിഭാഗത്തിന്റെ മഹിമ നശിച്ചു’ എന്നും വകുപ്പ് മേധാവിയായ സി എന്‍ വിജയകുമാരി അധിക്ഷേപിച്ചുവെന്നാണ്‌ വിപിൻ വിജയൻ നൽകിയ പരാതിയിൽ പറഞ്ഞത്‌. എന്നാൽ ഇതിനെ രാഷ്ട്രീയതർക്കമായി വ്യാഖ്യാനിക്കാനാണ്‌ ഗവർണർ അടക്കമുള്ള ഉന്നത വിദ്യാഭ്യാസരംഗത്തെ മേധാവികൾ ശ്രമിച്ചത്‌. മാത്രമല്ല, സി എന്‍ വിജയകുമാരിയെ പോണ്ടിച്ചേരി സർവകലാശാലയുടെ ഉന്നതാധികാര സമതിയിലേക്ക്‌ നിയമിക്കുകയും ചെയ്‌തു.

അഞ്ചരക്കണ്ടിയിലേക്ക്‌ വന്നാൽ
സ്വാശ്രയ വിദ്യാഭ്യാസവും മാനേജുമെന്റുകളുടെ ഭരണവും അനുവദിച്ചുകൊടുത്ത കേരളത്തിലെ ആഫ്‌റ്റർ ഇഫക്ട്‌ കൂടിയാണ്‌ നിധിൻ രാജ്‌ എന്നു പറയേണ്ടി വരും. മുമ്പ് യുഡിഎഫ്‌ ഭരണകാലത്ത്‌, വിദ്യാഭ്യാസത്തിനായി കോടികൾ പുറത്തേക്ക്‌ ഒഴുകുന്നതിന്‌ ബദലായാണ്‌ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉയർന്നുവന്നത്‌. എ കെ ആന്റണിയെ പോലുള്ള വലുതുപക്ഷ നേതാക്കൾ, രണ്ട്‌ സ്വാശ്രയ കോളേജ്‌ സമം ഒരു സർക്കാർ കോളേജ്‌ എന്നൊരു തിയറിയും മുന്നോട്ടുവച്ചു.

രണ്ട്‌ ദശാബ്ദം ഇത്തരം സ്വാശ്രയ കോജേളുകൾ കേരളത്തിന്റെ നടപ്പുശീലമായി. സമാന്തരമായി, ഇത്തരം കാന്പസുകളിൽ വിദ്യാർഥി സംഘടനാ പ്രവർത്തനം അനുവദിക്കാത്ത അനീതിയും ‘നീതിയായി’. ‘രക്ഷിതാക്കളുടെ പണവുമായി പഠിക്കാൻ വന്ന്‌, അവർക്ക്‌ പ്രതീക്ഷയാകേണ്ട കുട്ടികൾ കാന്പസുകളിൽ മുദ്രാവാക്യം വിളിച്ച്‌ ‘നശിക്കുന്നതിലെ’ മധ്യവർഗ മനോഭാവം, മാനേജുമെന്റുകൾക്ക്‌ ഒത്താശയുമായി. അതിന്റെ അന്തരാളഘട്ടത്തിലാണ്‌ അഞ്ചാം നിലയിൽ നിന്നും നിധിൻ രാജ്‌ തഴേക്ക്‌ ചാടുന്നത്‌ എന്നുപറയേണ്ടി വരും.

നിധിൻ രാജിന്റെ മരണത്തിൽ ഒന്നാം പ്രതിസ്ഥാനത്തുള്ള ഡോ. റാമിനെതിരെ സമാനമായ പരാതികൾ മുന്പും വന്നതാണെന്ന്‌ വിദ്യാർഥികൾ ഇപ്പോൾ പറയുന്നു. രക്ഷിതാവിന്റെ സാന്നിധ്യത്തിലും വിദ്യാർഥികളുടെ മുഖത്തടിക്കാൻ അയാൾ മടിച്ചില്ലത്രെ. മുന്പും സമാനമായ കാര്യത്തിന്‌ അയാൾക്ക്‌ സസ്‌പെൻഷൻ കിട്ടിയിരുന്നു. എന്നിട്ടും തിരുത്താതെ അയാൾ നടന്നുവന്നത്‌ അരാഷ്ട്രീയത വിരിച്ചിട്ട കാമ്പസ്‌ തണൽ പറ്റി മാത്രമാണ്‌. അതിനു തിരുത്തൽ വേണം. കാന്പസുകൾ രാഷ്ട്രീയമുള്ളതാകണം. ചർച്ചയും സംവാദവും പ്രതിഷേധവും ഉയർന്നുവരണം. വിദ്യാർഥികൾ മാത്രമല്ല; അധ്യാപകരും ചോദ്യങ്ങൾ നേരിടണം. എയ്‌ഡഡ്‌, സ്വാശ്രയ ഉന്നത വിദ്യാഭ്യാസ മേഖലകളും അവയുടെ സ്‌റ്റാഫ്‌ മുറികളും ജനാധിപത്യവൽക്കരിക്കപ്പെടണം. ബഹുമുഖ ജനാധിപത്യ അഭിപ്രായങ്ങൾ പരിലസിക്കുന്ന സർവകലാശാലകളിലും കോളേജുകളിലും നിധിൻ രാജുമാർക്ക്‌ മരിക്കേണ്ടി വരില്ല എന്നത്‌ തീർച്ചയാണ്‌.

ലോൺ ആപ്പിൽ കുരുങ്ങിയോ ?
നിധിൻ രാജിന്റെ മരണത്തിന്‌ ഏക കാരണമായി മാനേജ്-മെന്റ്‌ ചൂണ്ടിക്കാട്ടുന്നത്‌ ലോൺ ആപ്പിലെ കുടുക്കാണ്‌. നിധിൻരാജ്‌ ലോൺ ആപ്പിൽ നിന്നും വായ്‌പ എടുത്തിരുന്നെന്നും അതിന്‌ ഇ‍ൗടായി അധ്യാപികയുടെ നന്പർ നൽകിയിരുന്നുവെന്നും പറയുന്നു. വായ്‌പ തിരിച്ചുപിടിക്കാൻ ലോൺ ആപ്പുകാർ അധ്യാപികയെ നിരന്തരം വിളിച്ചുവെന്നും ഇക്കാര്യത്തിലെ അന്വേഷണത്തിന്‌ നിധിൻ രാജിനെ പ്രിൻസിപ്പൽ വിളിച്ചുവരുത്തിയെന്നും അതിനുശേഷമാണ്‌ നിധിൻ ചാടിമരിച്ചത്‌ എന്നുമാണ്‌ മാനേജ്-മെന്റ്‌ നൽകുന്ന വിശദീകരണം. ഇതിൽ പല പൊരുത്തക്കേടുകളുമുണ്ട്‌. ലോൺ ആപ്പിൽ നിന്ന്‌ വായ്‌പയെടുത്തത്‌ കുടുംബം അറിഞ്ഞിട്ടാണെന്ന്‌ രക്ഷിതാക്കൾ പറയുന്നു. അതിൽ പരാതിയുണ്ടെങ്കിൽ കുടുംബത്തിനെ അറിയിക്കയല്ലേ വേണ്ടെതന്നും കുടുംബം ചോദിക്കുന്നു.

കുടുംബത്തിന്റെ അക്കാര്യത്തിലുള്ള ആക്ഷേപം കൃത്യമാണ്‌. മാനേജ്-മെന്റ്‌ അക്കാര്യത്തിൽ വീഴ്‌ച വരുത്തി. ഇപ്പോഴും അധ്യാപകരെ സംരക്ഷിക്കാനുള്ള വാദമാണ്‌ അവർ ഉയർത്തുന്നത്-. വായ്‌പയുടെ പേരിൽ ഭീഷണിപ്പെടുത്തിയ ഉത്തരേന്ത്യൻ സംഘത്തെ പൊലീസ്‌ അറസ്‌റ്റുചെയ്‌തിട്ടുണ്ട്‌. സാഹസികമായ പൊലീസ്‌ ഇടപെടൽ ഇതിലും മാതൃകാപരമാണ്‌.

അതേസമയം, മരണത്തിന്‌ ഒറ്റക്കാരണം ലോൺ ആപ്പാണ്‌ എന്ന വ്യാഖ്യാനവും ബോധപൂർവമുള്ളതാണ്‌. അതും കാരണമായിരിന്നിരിക്കാം എന്നിടത്താണ്‌, നിധിൻ രാജിന്റെ കുടുംബത്തിനുള്ള നീതി ഒളിഞ്ഞിരിക്കുന്നത്‌.

കേവലമായ നടപടികളല്ല ഇക്കാര്യത്തിൽ ഉണ്ടാകേണ്ടത്‌. തിരുത്തലിന്റെ ഭാഗമായി, എസ്‌എഫ്‌ഐ അടക്കമുള്ള സംഘടനകൾ ക്യാന്പസിൽ യൂണിറ്റ്‌ രൂപീകരിച്ചു. ഇനി അധ്യാപകരോട്‌ സംഘടിതമായി ചോദ്യം ചോദിക്കാനുള്ള അവസരം വിദ്യാർഥികൾക്ക്‌ സാധ്യമാകും. ഇന്റേണൽ മാർക്കിന്റെ പേരിലാണ്‌, പലതരത്തിലുള്ള അതിക്രമവും നടക്കുന്നത്‌. ജാതി വിവേചനം തൊട്ട്‌ ശാരീരിക അധിക്ഷേപം വരെ ഇ‍ൗ അതിക്രമത്തിന്റെ ഭാഗമാണ്‌. അതിന്‌ അറുതിവരുത്തുക എന്ന പ്രാഥമികമായ ജനാധിപത്യ ഇടപെടൽ എല്ലായിടത്തും ഉണ്ടാകട്ടെ; മിനിമം അഞ്ചരക്കണ്ടി കോളേജിലെങ്കിലും ജനാധിപത്യപരമായ തിരുത്തലുകൾ രാഷ്ട്രീയമായി ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്‌. അത്‌ എല്ലായിടത്തും ശക്തിപ്പെടുത്തുകയാണ്‌ അടിയന്തരമായി ചെയ്യേണ്ടത്‌. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

2 × one =

Most Popular