പ്രൊപ്പഗാൻഡ എന്ന വാക്ക് സംഘടിത രാഷ്ട്രീയ പ്രസ്ഥാനങ്ങൾ, പ്രത്യേകിച്ച് കമ്യൂണിസ്റ്റ് പാർട്ടികളും അവരുടെ സംവിധാനങ്ങളും, ആശയ പ്രചാരണത്തിനായി സ്വീകരിക്കുന്ന ഉപാധികൾ എന്ന നിലയിലാണ് പൊതുവെ മനസിലാക്കപ്പെടുന്നത്. എന്നാൽ, മുതലാളിത്ത ഭരണവർഗത്തിന്റെ ആശയങ്ങളെ സമൂഹത്തിന്റെ പൊതുബോധമാക്കി മാറ്റുന്നതിനായി മുതലാളിത്ത മാധ്യമ സംവിധാനങ്ങൾ നിരന്തരമായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന നുണകളും അർദ്ധസത്യങ്ങളും വളച്ചൊടിക്കപ്പെട്ട വസ്തുതകളുമെല്ലാം ‘വാർത്തകളാ’യാണ് പൊതുവെ സ്വീകരിക്കപ്പെടാറുള്ളത്. കേരളത്തിൽ വ്യവസായസൗഹൃദ അന്തരീക്ഷമില്ല, കമ്പ്യൂട്ടറിനെതിരെ സമരം ചെയ്ത കമ്യൂണിസ്റ്റുകാർ, കമ്യൂണിസ്റ്റ് പാർട്ടികളുടെ കൊലപാതകരാഷ്ട്രീയം, തുടങ്ങി നിരവധി പ്രോപ്പഗൻഡകൾ പതിയെ കേരളത്തിന്റെ പൊതുബോധത്തിലേക്ക് ആഴ്ന്നിറങ്ങിയിട്ടുണ്ട്. ഓരോ തവണയും ഇത്തരം പ്രൊപ്പഗൻഡകളെ ഇടതുപക്ഷ പ്രവർത്തകർ വസ്തുതകൾ നിരത്തി പൊളിച്ചാലും പിന്നെയും പിന്നെയും അത് പലകോണുകളിലും അവർത്തിക്കപ്പെടും.
ഏപ്രിൽ 10 നാണ് കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയായ നിതിൻരാജ് ആത്മഹത്യ ചെയ്യുന്നത്. നിതിൻ രാജിന്റെ ആവസാന സംഭാഷണങ്ങളും സുഹൃത്തുക്കളുടെ മൊഴികളും കേരളത്തിലെ സ്വാശ്രയ – അരാഷ്ട്രീയ ക്യാമ്പസുകളിൽ നിലനിൽക്കുന്ന അതീവഗുരുതരമായ ജാത്യാധിക്ഷേപങ്ങളുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും യാഥാർത്ഥ്യം പുറത്തുകൊണ്ടുവരുന്നതായിരുന്നു. ദന്തൽ കോളേജ് അധ്യാപകരായ ഡോ. എം കെ റാം, ഡോ. സംഗീത നമ്പ്യാർ എന്നിവർ നിതിൻരാജ് ഉൾപ്പെടെയുള്ള വിദ്യാർത്ഥികളെ നിരന്തരമായി അപമാനിക്കുകയും ജാതിപ്പേരു വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തിരുന്നതായി, തുടർന്നുള്ള ദിവസങ്ങളിൽ വിദ്യാർത്ഥികൾതന്നെ പൊതുസമൂഹത്തോട് വെളിപ്പെടുത്തി. അതിരൂക്ഷമായ പ്രതിഷേധങ്ങൾക്കാണ് തുടർന്നുള്ള ദിവസങ്ങളിൽ കേരളം സാക്ഷ്യംവഹിച്ചത്. പികെഎസ്, എസ്എഫ്ഐ, ഡിവൈ എഫ്ഐ തുടങ്ങിയ സംഘടനകളെല്ലാം പ്രതിഷേധവുമായി രംഗത്തെത്തി. എസ് എഫ് ഐ സംസ്ഥാന നേതൃത്വംതന്നെ നേരിട്ട് കോളേജിലെത്തുകയും വിദ്യാർത്ഥികളുടെ ആവശ്യപ്രകാരം കോളേജിൽ എസ് എഫ് ഐ യുണിറ്റ് കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. കേരളത്തിലെ സകല പുരോഗമന ശക്തികളും ഒന്നിച്ചുനിൽക്കേണ്ട ഈ സാഹചര്യത്തെയും എസ്എഫ്ഐയെയും ഇടതുപക്ഷത്തെ യും ആക്രമിക്കാനുള്ള അവസരമാക്കി മാറ്റാൻ കഴിയുമോ എന്ന പരിശോധനയിലാണ് വലതുപക്ഷവും അവരുടെ കോടാലിക്കൈകളായ ചില സ്വത്വരാഷ്ട്രീയക്കാരും. അതിനായി പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിലെ സിദ്ധാർത്ഥിന്റെ ആത്മഹത്യയെ എസ്എഫ്ഐയുടെ തലയിൽ വെച്ചുകെട്ടുകയെന്ന പലകുറി ആവർത്തിച്ച നുണയുമായി ഇക്കൂട്ടർ വീണ്ടും ഇറങ്ങിയിരിക്കുകയാണ്, അതുകൊണ്ടുതന്നെ ഓരോ തവണയും പ്രസ്തുത വിഷയത്തിലെ വസ്തുതകൾ വിശദീകരിക്കാൻ ഇടതുപക്ഷം നിർബന്ധിതമാകുകയും ചെയ്യുന്നു.
2024 ഫെബ്രുവരി 18 നാണ് പൂക്കോട് വെറ്ററിനറി സർവകലാശാലയുടെ ഹോസ്റ്റൽ ശുചിമുറിയിൽ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയായ ജെ എസ് സിദ്ധാർത്ഥിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പൂക്കോട് വെറ്ററിനറി യൂണിവേഴ്‌സിറ്റി എസ് എഫ് ഐ ഭരണത്തിലുള്ള , മറ്റ് വിദ്യാർത്ഥി സംഘടനകൾക്ക് കാര്യമായ സ്വാധീനമില്ലാത്ത, – എന്നാൽ അനുഭാവികൾ ഉള്ള – ക്യാമ്പസ് ആണെന്നതിനാലും ആരോപണ വിധേയരായതിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി , യൂണിവേഴ്‌സിറ്റി യൂണിയൻ പ്രസിഡന്റ് എന്നിവർ ഉൾപ്പെട്ടിട്ടുണ്ട് എന്നതുകൊണ്ടും ദൗർഭാഗ്യകരമായ ഈ സംഭവത്തെ “എസ്എഫ്ഐയുടെ ആൾക്കൂട്ടക്കൊല’ എന്ന രീതിയിൽ വളച്ചൊടിക്കാനും എസ് എഫ് ഐക്ക് സ്വാധീനമുള്ള സകല ക്യാമ്പസുകളിലും സമാനമായ അവസ്ഥയാണെന്ന് സ്ഥാപിക്കാനും മാധ്യമങ്ങൾ മത്സരിച്ചു. 2024 ലെ ലോക്-സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയമായതിനാൽ എന്തെങ്കിലുമൊരു ഇടതുപക്ഷവിരുദ്ധ വാർത്തയ്ക്കായി കാത്തിരുന്ന കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങൾ സെൻസേഷണലിസത്തിന്റെ സകലസീമകളും ഭേദിച്ച് വൈകാരികമായി ഈ വിഷയത്തെ കത്തിച്ചുനിർത്തി. പതിനാറു ദിവസമാണ് കേരളത്തിലെ ഒരു വാർത്താചാനൽ ഈ വിഷയം മുഖ്യ ചർച്ചയായി നിർത്തിയത്. മിക്ക ദിവസങ്ങളിലും ആത്മഹത്യ ചെയ്ത സിദ്ധാർത്ഥിന്റെ മാതാപിതാക്കളെ സ്റ്റുഡിയോയിൽ ഇരുത്തി വൈകാരിക ചർച്ചകൾ നടത്തുകയായിരുന്നു. സംഘപരിവാർ നോമിനിയായ ഗവർണർ ആകട്ടെ, ഒരുപടികൂടി കടന്ന് യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറെ സസ്‌പെൻഡ് ചെയ്യുക കൂടി ചെയ്തു.
യഥാർത്ഥത്തിൽ, സിദ്ധാർത്ഥിന്റെ ആത്മഹത്യാവാർത്ത പുറത്തുവന്ന ഉടനെതന്നെ ഏറ്റവും മാതൃകാപരമായ രീതിയിൽ ആ വിഷയത്തിൽ ഇടപെടുകയാണ് എസ്എഫ്ഐ നേതൃത്വം ചെയ്തത്. എസ്എഫ്ഐക്ക് ആധിപത്യമുള്ള ഒരു ക്യാമ്പസിൽ ഒരു കാരണവശാലും നടക്കാൻ പാടില്ലാത്ത ഇത്തരമൊരു വിഷയം തടയുന്നതിൽ വീഴ്ചവരുത്തിയ വെറ്ററിനറി യൂണിവേഴ്‌സിറ്റി യൂണിറ്റ് കമ്മിറ്റി ഉടനടി പിരിച്ചുവിടുകയും കേസിൽ കുറ്റാരോപിതരായ നാല് എസ് എഫ്ഐ പ്രവർത്തകരെ സംഘടനയിൽ നിന്നും പുറത്താക്കുകയും ചെയ്തു. കേസിൽ സിദ്ധാർത്ഥിന് നീതികിട്ടാൻ ഒപ്പം നിൽക്കുമെന്നും കുറ്റാരോപിതരായ ഒരാളെയും സംരക്ഷിക്കാൻ ഇടപെടില്ലെന്നും ആവർത്തിച്ചുപറഞ്ഞിട്ടും എസ്എഫ്ഐ നടത്തിയ കൊലപാതകം എന്ന നിലയിൽ കാര്യങ്ങളെ അവതരിപ്പിക്കാനായിരുന്നു ബൂർഷ്വാ മാധ്യമങ്ങളും വലതുപക്ഷ രാഷ്ട്രീയപ്രസ്ഥാനങ്ങളും ശ്രമിച്ചത്. രണ്ടാം വർഷ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിനെ മർദ്ദിച്ചത് അദ്ദേഹത്തിന്റെ ക്ലാസിലെ വിദ്യാർഥികൾ തന്നെയായിരുന്നു എന്നറിഞ്ഞിട്ടും സംഭവത്തെ റാഗിങ് ആക്കി അവതരിപ്പിക്കാനും എസ്എഫ്ഐക്ക് ആധിപത്യമുള്ള ക്യാമ്പസുകളിൽ ഇത്തരം റാഗിങ്ങുകൾ പതിവാണെന്നുമുള്ള നറേറ്റീവ് ബോധപൂർവം സൃഷ്ടിക്കാനും വലതുപക്ഷം ശ്രമിച്ചുകൊണ്ടേയിരുന്നു. 2024 ലെ ലോക്-സഭാ തിരഞ്ഞെടുപ്പു കാലം മുഴുവൻ സിദ്ധാർത്ഥിന്റെ ആത്മഹത്യയെ ജ്വലിപ്പിച്ചുനിർത്താനും സംസ്ഥാന പൊലീസിന്റെ അന്വേഷണത്തിൽ വിശ്വാസമില്ലാത്തതിനാൽ സിബിഐ അന്വേഷണം ആവശ്യപ്പെടാനും വലതുപക്ഷം ശ്രമിച്ചു.
എന്നാൽ ഈ വിഷയത്തിൽ ആരെയും സംരക്ഷിക്കാനില്ലെന്നും നീതി നടപ്പാക്കാനായി സി ബി ഐ അന്വേഷണമാണ് സിദ്ധാർത്ഥിന്റെ കുടുംബം ആഗ്രഹിക്കുന്നതെങ്കിൽ അതിനു തയ്യാറാണെന്നും ഇടതുപക്ഷ സർക്കാർ നിലപാടെടുക്കുകയും 2024 മാർച്ച് 9 ന് സി ബി ഐയോട് കേസ് ഏറ്റെടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു. 2024 ഏപ്രിൽ 25 ന് സി ബി ഐ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. എന്നാൽ ദിവസങ്ങളോളം സിദ്ധാർത്ഥ്- വിഷയം കത്തിച്ചുനിർത്തിയ മാധ്യമങ്ങൾ സിബിഐ റിപ്പോർട്ടിനെ സമ്പൂർണമായി അവഗണിച്ചു. വലതുപക്ഷത്തിന്റെ ആവശ്യമായിരുന്നു സി ബി ഐ അന്വേഷണം എങ്കിലും റിപ്പോർട്ട് വന്നപ്പോൾ കേരളാ പൊലീസ് കണ്ടെത്തിയതിൽനിന്നും വിഭിന്നമായി ഒന്നും സിബിഐ കണ്ടെത്താത്തത് ചെറിയ നിരാശയല്ല വലതുപക്ഷ രാഷ്ട്രീയത്തിനു സമ്മാനിച്ചത്.
സിബിഐയുടെ
കണ്ടെത്തലുകൾ
2024 ഫെബ്രുവരി 12 ന് വെറ്ററിനറി യൂണിവേഴ്‌സിറ്റിയിലെ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ വച്ച് കോളേജ് യൂണിയൻ നടത്തിയ വാലന്റൈൻസ് ദിന ആഘോഷങ്ങൾക്ക് ശേഷം തന്റെ ക്ലാസിലെ പെൺകുട്ടിയോട് എന്തോ സംസാരിക്കാനുണ്ടെന്നു പറഞ്ഞു കൂട്ടിക്കൊണ്ടുപോയി സിദ്ധാർത്ഥൻ അപമര്യാദയായി രണ്ടു തവണ സ്പർശിച്ചു എന്നും പ്രതിഷേധിച്ച് ഹോസ്റ്റലിലേക്ക് ഓടിപ്പോയ പെൺകുട്ടിയുടെ പിറകെചെന്ന് മാപ്പു പറയുകയും ചെയ്തു. എന്നാൽ ഹോസ്റ്റലിനു മുന്നിൽവെച്ച് വീണ്ടും സ്പർശിച്ചു എന്നും ഇത് പെൺകുട്ടി സഹവിദ്യാർത്ഥികളോട് പരാതിപ്പെടുകയും തൊട്ടടുത്ത ദിവസം സിദ്ധാർത്ഥ്- പ്രസ്തുത പെൺകുട്ടിയോട് മാപ്പുപറഞ്ഞു കൊണ്ട് വാട്സാപ്പ് മെസേജ് അയയ്-ക്കുകയും ചെയ്തു. ഫെബ്രുവരി 14 ന് വാലന്റൈൻസ് ദിനാഘോഷങ്ങൾക്കുശേഷം ഈ വിഷയം ഇരുവരുടെയും ക്ലാസിലെ മറ്റു ചില കുട്ടികൾ കൂടി അറിയുകയും അവരിൽ ചിലർ ഇത് ചോദ്യം ചെയ്യാൻ തീരുമാനിക്കുകയും ചെയ്യുന്നു. എന്നാൽ ഫെബ്രുവരി 16, 17 തീയതികളിൽ ക്യാംപസിൽ സ്പോർട്സ് മീറ്റ് ആയതിനാൽ 15–ാം തീയതി വൈകിട്ട് സിദ്ധാർത്ഥ്- വീട്ടിലേക്ക് തിരിക്കുന്നു. രാത്രിയോടെ സിദ്ധാർത്ഥിനെ പ്രതികളായ വിദ്യാർഥികൾ ഫോൺ ചെയ്ത് ക്യാമ്പസിലേക്ക് വരാൻ പറയുകയും അതനുസരിച്ച് സിദ്ധാർത്ഥ്- എറണാകുളത്ത് വണ്ടിയിറങ്ങി പൂക്കോട്ടേക്ക് തിരിച്ചുവരികയും ചെയ്യുന്നു. തുടർന്ന് 16 ന് രാവിലെ സിദ്ധാർത്ഥിന്റെ സഹപാഠികളായ വിദ്യാർഥികൾ അദ്ദേഹത്തെ ചോദ്യം ചെയ്യുകയും മർദ്ദിക്കുകയും ചെയ്യുന്നു. ഇതിനിടെ രണ്ടു സീനിയർ വിദ്യാർഥികൾ കൂടി വിഷയത്തിൽ ഇടപെടുകയും ഹോസ്റ്റലിൽ കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും ചെയ്യുന്നു. ഹോസ്റ്റലിൽ ഒന്നാം വർഷ വിദ്യാർത്ഥികളുടെ മുന്നിൽവെച്ച് പരസ്യമായ മർദ്ദനത്തിനും അപമാനത്തിനും വിധേയനായ അദ്ദേഹം റൂം നമ്പർ 5 ൽ പതിനേഴാം തീയതി മുഴുവൻ ചെലവഴിക്കുകയും തുടർന്ന് 18 ന് ഉച്ചയോടെ ഹോസ്റ്റലിലെ ശുചിമുറിയിൽ ആത്മഹത്യ ചെയ്യുകയുമായിരുന്നു.
ഒരു ക്യാമ്പസിലും സ്ഥാപനത്തിലും നടക്കാൻ പാടില്ലാത്ത ഹീനമായ പ്രവൃത്തികളാണ് ആ ദിവസങ്ങളിൽ പൂക്കോട് ഹോസ്റ്റലിൽ നടന്നതെന്ന കാര്യത്തിൽ തർക്കമില്ല. എസ് എഫ് ഐക്ക് ആധിപത്യമുള്ള ഒരു സ്ഥാപനത്തിലെ വിദ്യാർത്ഥികളും, യൂണിറ്റ് സെക്രട്ടറി ഉൾപ്പെടെയുള്ള നാലുപേരും സംഭവത്തിൽ ഉൾപ്പെട്ടു എന്നതിനെയും അതീവ ഗൗരവമേറിയ വീഴ്ചയായാണ് എസ്എഫ്ഐ കണ്ടത്. അതുകൊണ്ടാണ് വാർത്ത വന്ന അന്നേ ദിവസംതന്നെ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടുകയും സംഭവത്തിൽ ഉൾപ്പെട്ട നാലുപേരെയും പുറത്താക്കുകയും ചെയ്തത്-. എന്നാൽ ഈ ദൗർഭാഗ്യകരമായ സംഭവത്തെ സാമാന്യവൽക്കരിക്കുകയും എസ്എഫ്ഐയുടെ നേതൃത്വത്തിൽ നടന്ന ആക്രമണം എന്ന നിലയിൽ അവതരിപ്പിക്കുകയുമാണ് ബൂർഷ്വാ മാധ്യമങ്ങളും വലതുപക്ഷവും ചെയ്തത്. സിബിഐയുടെ അന്വേഷണത്തിൽ പ്രതികളാക്കപ്പെട്ട പത്തൊൻപത് പേരിൽ നാലുപേരാണ് എസ്എഫ്ഐയുടെ പ്രവർത്തകരായി ഉള്ളത്, കൊല്ലത്തെ കെഎസ്-യു പ്രവർത്തകനും, വയനാട്ടിലെ കോൺഗ്രസ്സ് നേതാവിന്റെ മകനും സംഭവത്തിൽ പ്രതികളാണെന്ന വിവരം മാധ്യമങ്ങൾ മനഃപൂർവം മൂടിവെച്ചു.
ഒരുകാലത്ത് റാഗിങ്ങും അക്രമങ്ങളും അടക്കിവാണിരുന്ന കേരളത്തിലെ ക്യാമ്പസുകളെ ജനാധിപത്യവത്കരിക്കാനും സർഗാത്മകമാക്കാനും ത്യാഗനിർഭരമായ നിരവധി പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ സംഘടനയാണ് എസ്എഫ്ഐ. അങ്ങനെയാണ് കേരളത്തിലെ ക്യാമ്പസുകളിലെ വിദ്യാർത്ഥികളുടെ ഏറ്റവും വലിയ സംഘടനയായി എസ് എഫ് ഐ വളരുന്നത്. എന്നാൽ പൂക്കോട് ക്യാമ്പസിലുണ്ടായ ദൗർഭാഗ്യകരമായ സംഭവത്തിന്റെ പേരിൽ ആ സംഘടനയെത്തന്നെ തകർക്കാമെന്ന മോഹവുമായി ഇറങ്ങിയവർക്കുള്ള വിദ്യാർത്ഥികളുടെ മറുപടിയായിരുന്നു കഴിഞ്ഞ വെറ്ററിനറി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും വലിയ ഭൂരിപക്ഷത്തിൽ എസ് എഫ് ഐ സ്ഥാനാർത്ഥികളുടെ വിജയം. എന്നാൽ സത്യം ചെരുപ്പിടുമ്പോഴേക്കും നുണ ലോകം ചുറ്റുമെന്ന പ്രയോഗത്തെ അന്വർത്ഥമാക്കും വിധം പഴയ നുണകളുമായി നിതിൻ രാജിന്റെ മരണത്തിനു ശേഷം ഒരു വേട്ട സംഘം, വീണ്ടും എസ്എഫ്ഐയെയും ഇടതുപക്ഷത്തെയും തേടി ഇറങ്ങിയിരിക്കുകയാണ്. l



