Friday, May 8, 2026

ad

Homeകവര്‍സ്റ്റോറികേരള സർവകലാശാലയിലും സവർണാധിപത്യനീക്കം

കേരള സർവകലാശാലയിലും സവർണാധിപത്യനീക്കം

കെ ആർ മായ

‘‘എന്റെ ജീവിതം തന്നെയായ ഗവേഷണ ബിരുദം എന്ന സ്വപ്നം കേരള സർവകലാശാല വെെസ് ചാൻസലറുടെ ടേബിളിൽ, വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നിരപരാധിയെപ്പോലെ അനീതിയുടെ തടവറയിലാണ്’’.
സംസ്കൃതത്തിൽ എംഎയും എംഎഡും എംഫിലും നേടി, തന്റെ ജീവിത സ്വപ്നമായ Phd നേടുന്നതിനായി കഠിനപ്രയത്നം ചെയ്ത വിപിൻ വിജയന് ഒടുവിൽ ഇങ്ങനെ ഫേസ് ബുക്കിൽ കുറിക്കേണ്ടിവന്നു.

ജാതീയതയ്ക്കെതിരെ കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങൾ രൂപപ്പെടുത്തിയ മുന്നേറ്റത്തെ ചാതുർവർണ്യ വ്യവസ്ഥയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിന് വിഭ്യാഭ്യാസ സ്ഥാപനങ്ങളെ, പ്രത്യേകിച്ചും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ, ഇടമാക്കിത്തീർക്കുന്നതിന് ഇന്ത്യയിലെ മറ്റു സർവകലാശാലകളിലുമെന്നപോലെ സംഘപരിവാർ നടത്തുന്ന ഏറ്റവും നീചമായ, പ്രത്യക്ഷത്തിലുള്ള ഉദാഹരണമാണ് കേരള സർവകലാശാലയിൽ വിപിൻ വിജയനുനേരെയുണ്ടായ ജാതി അധിക്ഷേപവും അർഹതയുണ്ടായിട്ടും പിഎച്ച്ഡി നൽകാതിരിക്കാൻ സർവകലാശാല ഡീൻ നടത്തിയ അധാർമികമായ ഇടപെടലും. സംസ്കൃതത്തിൽ എംഎയും എംഎഡും കഴിഞ്ഞ് ഇതേ അധ്യാപികയുടെ മേൽനോട്ടത്തിൽ എംഫിലും നേടി സർവകലാശാലാ നിയമങ്ങൾക്കനുസൃതമായി ഗവേഷണവും പൂർത്തിയാക്കി ഒടുവിൽ പിഎച്ച്ഡി അവാർഡു ചെയ്യുന്ന വേളയിൽ എച്ച്ഒഡിയും ഡീനുമായ അധ്യാപിക വേദിയിൽക്കയറി വിപിൻ വിജയൻ അതിനർഹനല്ല എന്നു വിളിച്ചു പറഞ്ഞത്, അവർ വിപിനുനേരെ നിരന്തരം നടത്തിവന്ന ജാതീയധിക്ഷേപത്തിന്റെ പരകോടിയായിരുന്നു. തന്റെ സമുദായത്തിൽനിന്ന് പത്ത് ബിഎക്കാരെങ്കിലും ഉണ്ടാകുന്നതു കണ്ടിട്ട് മരിക്കണമെന്ന അയ്യങ്കാളിയുടെ സ്വപ്നത്തിനുമപ്പുറം ദളിതർ ഉന്നതമായ നേട്ടങ്ങൾ കരസ്ഥമാക്കുന്നതിലുള്ള സവർണബോധത്തിന്റെ അങ്കലാപ്പായിരുന്നു അവരിൽ കണ്ടത്. ‘‘നീച ജാതികൾ എത്ര ശ്രമിച്ചാലും സംസ്കൃതം വഴങ്ങില്ല’’ എന്ന അവരുടെ മുൻവിധിയാകട്ടെ, മനുസ്മൃതിയിൽ പറയുന്ന, ജാതിശ്രേണിയിൽ ഏറ്റവും താഴ്ന്ന ശൂദ്രർ സംസ്കൃതം ഉരുവിട്ടാൽ നാവുപിഴുതെടുക്കണമെന്നും കേട്ടുപോയാൽ ചെവിയിൽ ഈയം ഉരുക്കിയൊഴിക്കണമെന്നുമുള്ള ശിക്ഷാവിധിയുടെ മറ്റൊരു രൂപമാണ്.

എന്നാൽ നമ്മളീകാലത്തിൽ നിന്നെല്ലാം ഏറെ മുന്നോട്ടുപോയതാണ്. അതിലേക്ക് നമ്മെ നയിച്ച ചാലകശക്തി ശ്രീനാരായണ ഗുരുവും അയ്യങ്കാളിയുമൊക്കെ നടത്തിയ പോരാട്ടങ്ങൾ സൃഷ്ടിച്ച നവോത്ഥാന ധാരയും അതിന്റെ തുടർച്ചയായ കമ്യൂണിസ്റ്റ് പ്രസ്ഥാനവുമാണ്. ജാതീയമായ ഉച്ചനീചത്വങ്ങളെ അടിത്തറയാക്കിയ ജന്മിത്തത്തെ ഇല്ലാതാക്കിയ 1957ലെ ഇ എം എസ് സർക്കാർ കൊണ്ടുവന്ന ഭൂപരിഷ്കരണവും വിദ്യാഭ്യാസ ബില്ലും ശക്തമായ മതനിരപേക്ഷ പുരോഗമന കേരളത്തിനായി പുതിയ പന്ഥാവ് വെട്ടിത്തുറന്നു. അത് ഒരു പുതിയ സാംസ്കാരിക കേരളത്തെ രൂപപ്പെടുത്തി. ഇങ്ങനെയൊരു കേരളത്തിലാണ് ഇപ്പോൾ ജാതിവിവേചനത്തിന്റെ പുതിയ കരാളരൂപങ്ങൾ പ്രത്യക്ഷപ്പെടുന്നത്.

കേരളത്തിൽ അത്രയൊന്നും പിടിമുറുക്കാൻ കഴിയാത്ത ആർഎസ്എസ് അതിനുള്ള ഏറ്റവും ഉചിതമായ മാർഗമായി കണ്ടെത്തിയത് ഉന്നത വിദ്യാഭ്യാസരംഗത്തെയാണ്. അതിന്റെ തലപ്പത്ത് ആർഎസ്എസുകാരെത്തന്നെ അവരോധിക്കുകയുമാണ്. കേരള സർവകലാശാലയിലും ഭാരതാംബയെ പൂജിക്കുകയും താൻ വരുമ്പോൾ വാഴ്ത്തുഗീതം പോലെ ഗണഗീതം ആലപിക്കുകയും ചെയ്യണമെന്നു ശഠിക്കുന്ന ഒരു മുരത്ത സംഘിതന്നെ ചാൻസലറായി, ഗവർണർ എന്ന നിലയിൽ എത്തി; അതിനു സമാനമായി ഒരു വെെസ് ചാൻസറും നിയമിക്കപ്പെട്ടു. ഇവർ പിന്തുടരുന്ന സവർണ പ്രത്യയശാസ്ത്രത്തെ മനസ്സാ വരിച്ച അധ്യാപികയാണ് വിപിൻ വിജയനെ ജാതീയമായി അധിക്ഷേപിച്ചതും അദ്ദേഹത്തിനു പിഎച്ച്ഡി നിഷേധിച്ചതും. ഈ സംഭവവുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ടിവിയുടെ അവതാരകൻ ഡോ. അരുൺകുമാറിന്റെ ‘‘ടീച്ചർ വിപിനെതിരെ ജാതിയധിക്ഷേപം നടത്തിയിട്ടുണ്ടോ’’ എന്ന ആവർത്തിച്ചുള്ള ചോദ്യത്തിന്, ഡോ. സി എൻ വിജയകുമാരി എന്ന അധ്യാപിക, താൻ ‘‘ചാൻസലറെയും വെെസ് ചാൻസലറെയും അങ്ങേയറ്റം ബഹുമാനിക്കുന്നു’’ എന്ന് പലവുരു പറഞ്ഞ് ഉത്തരത്തിൽനിന്ന് വഴുതിമാറി. അവതാരകൻ വീണ്ടും വീണ്ടും അതേ ചോദ്യം ആവർത്തിക്കുകയും അധ്യാപിക ഉത്തരത്തിൽനിന്നും ഒഴിഞ്ഞുമാറുകയും ചെയ്തു. അധ്യാപനം നടത്തുന്നതിലുമേറെ സമയം ഈ അധ്യാപിക ക്ഷേത്രസപ്താഹയജ്ഞങ്ങളിൽ പ്രസംഗിക്കാനും പുരാണപാരായണത്തിനുമായി ചെലവഴിക്കാറുണ്ടെന്നത് ഇവർക്കു സർവകലാശാലയോടോ അതിന്റെ നടത്തിപ്പിനോടോ അല്ല പ്രതിബദ്ധതയെന്നു മനസ്സിലാക്കാൻ വേറെ തെളിവെന്തിന്? സർവകലാശാലകൾ ചാൻസലർക്കോ വെെസ് ചാൻസലർക്കോ പദവി നൽകാനുള്ളതല്ല; എന്തിന്, അധ്യാപകർക്ക് വേണ്ടിയുള്ളതുമല്ല. ആത്യന്തികമായും വിദ്യാർഥികൾക്കുവേണ്ടിയുള്ളതാണ് എന്ന യാഥാർത്ഥ്യം വിസ്മരിക്കപ്പെടുന്നു; പകരം സവർണ അധീശത്വബോധം അവിടെ സ്ഥാനം പിടിക്കുന്നു.

വിപിൻ വിജയന്റെ വിഷയത്തിൽ ശക്തമായ പ്രതിഷേധസമരങ്ങളുയർത്തിയത് എസ്എഫ്ഐ ആണ്. യുഡിഎഫിന്റെ സെനറ്റ്, സിൻഡിക്കേറ്റ് മെമ്പർമാരും അവരുടെ വിദ്യാർത്ഥി സംഘടനയായ കെഎസ്-യുവും മൗനം പൂണ്ടു. ഹിന്ദുത്വ വർഗീയതയും സവർണബോധവും കട്ടപിടിച്ച് ഇരുൾമൂടിയ ഡീനിനെതിരെ അവരാരും എതിർശബ്ദമുയർത്തിയില്ല. വിയോജിപ്പിന്റെ ജനാധിപത്യബോധം അവർ അട്ടത്തുവച്ചു.

ഇക്കാര്യത്തിലെ മാധ്യമനിലപാടിനെയും എടുത്തുകാട്ടേണ്ടതുണ്ട്. ഈ വിഷയം ഏഷ്യാനെറ്റും മനോരമപത്രവും പുറത്തെത്തിച്ചത് യോഗ്യതയില്ലാത്ത എസ്-എഫ്ഐ നേതാവിന് ബിരുദനേട്ടമെന്ന് പ്രമാദമായി ആഘോഷിച്ചു കൊണ്ടാണ്. വിപിന്റെ രാഷ്ട്രീയം തേടിപ്പിടിച്ചവർ ഡീനിന്റെ സംഘപരിവാർ രാഷ്ട്രീയം മറച്ചുവച്ചു. കാര്യവട്ടം റിസർച്ച് യൂണിയൻ മുൻ ജനറൽ സെക്രട്ടറി എന്നവർ ആവർത്തിച്ചുകൊണ്ടേയിരുന്നു. ഇങ്ങനെ യഥാർത്ഥ, കാതലായ പ്രശ്നത്തെ മറച്ചുപിടിച്ചുകൊണ്ട് ഡീനിന്റെ സവർണ മാടമ്പിത്തരത്തിന് വലതുപക്ഷ മാധ്യമങ്ങൾ ഒരു മറയുമില്ലാതെ കുടപിടിച്ചു.

ഒരു ആർഎസ്എസുകാരൻ സർവകലാശാലയുടെ തലപ്പത്തെത്തിയാൽ എന്തു സംഭവിക്കുമെന്നതിന്റെ ഉദാഹരണമാണ്, വർഷങ്ങൾകൊണ്ട് കഠിനപ്രയത്നത്തിലൂടെ ഒരു വിദ്യാർത്ഥി നേടിയെടുത്ത നേട്ടത്തെ തകർക്കുന്ന ഈ സംഭവം. ഇതു പറയുമ്പോഴും എടുത്തുപറയേണ്ടത്, ഇന്ത്യയിലെവിടെയുമെന്നപോലെ ഇത്തരമൊരു സാഹചര്യം കേരളത്തിലും സൃഷ്ടിക്കപ്പെടുന്നത് ചാതുർവർണ്യത്തിന്റെ പ്രചാരകരും പ്രായോജകരുമായ ആർഎസ്എസിന്റെ നേതൃതലത്തിലുള്ള, ആർഎസ്എസ് പ്രചാരകൻതന്നെയായ നരേന്ദ്രമോദി അധികാരത്തിലേറിയ ശേഷമാണ്. കേന്ദ്രത്തിലെ രാഷ്ട്രീയാധികാരം ആർഎസ്എസ് പ്രത്യയശാസ്ത്രം എളുപ്പത്തിൽ പ്രയോഗവൽക്കരിക്കാനുള്ള മാൻഡേറ്റായി. അതിനവർ കാണുന്ന ഏറ്റവും മികച്ച ഉപാധി വിദ്യാഭ്യാസമേഖലയാണ്. ചരിത്രത്തെയും ശാസ്ത്രത്തെയും കെട്ടുകഥകളും ശാസ്ത്രവിരുദ്ധതയും കുത്തിനിറച്ചുകൊണ്ട് സിലബസ് മാറ്റിയെഴുതുന്നതു മുതൽ ഒടുവിൽ എൻഇപി നടപ്പിലാക്കുന്നതുവരെ അതിനുള്ള ഉദാഹരണമാണ്.

‘‘എന്റെ ജനനം തന്നെയാണ് എന്റെ തെറ്റ്’’ എന്ന് ആത്മഹത്യാകുറിപ്പെഴുതി 2016 ജനുവരി 17ന്, 26 വർഷത്തെ തന്റെ ജീവിതം അവസാനിപ്പിച്ച രോഹിത് വെമുല ഉയർത്തിയ ചോദ്യങ്ങൾ ഇന്നും സമസ്യയായി തുടരുന്നു. രോഹിത് വെമുലയുടെ ആത്മഹത്യയ്ക്കുശേഷവും, കഴിഞ്ഞ 5 വർഷത്തിനിടയിൽ കേന്ദ്ര സർവകലാശാലകളിലും ഐഐടികളിലും ഐഐഎമ്മുകളിലുമായി 155 വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തു എന്നാണ് കണക്ക് (4–12–2023ന് ബിഎസ്-പി അംഗമായ റിതേഷ് പാണ്ഡെ ലോക്-സഭയിൽ ഉന്നയിച്ച ചോദ്യത്തിന് വിദ്യാഭ്യാസ സഹമന്ത്രി സുഭാഷ് സർക്കാർ നൽകിയ മറുപടി). 14,634പേർ പഠനമുപേക്ഷിച്ചു. സർവകലാശാലകളിലെ ജാതി വിവേചനത്തെക്കുറിച്ച് അനേ-്വഷിക്കാൻ യുജിസി നിയമിച്ച തൊറാട്ട് കമ്മിറ്റിയുടെ റിപ്പോർട്ട് ഞെട്ടിക്കുന്നതാണ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 88% വിദ്യാർഥികളും ജാതിവിവേചനം നേരിടുന്നുണ്ട്; 77% കുട്ടികളോടും എക്സാമിനർമാർ ജാതി ചോദിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ട് കണ്ടെത്തിയത്. വ്യക്തമായും സർവകലാശാലകളിൽ ജാതി വിവേചനമുണ്ട് എന്ന കണ്ടെത്തലിന്റെയടിസ്ഥാനത്തിലാണ് യുജിസി പട്ടികജാതി/പട്ടികവർഗ വിദ്യാർത്ഥികളുടെ സംരക്ഷണത്തിനുവേണ്ടി ഇക്വിറ്റി റെഗുലേഷൻ കൊണ്ടുവന്നത്. അതിനെതിരെ സംഘപരിവാർ അനുകൂലികളായ ഒരു വിഭാഗം വിദ്യാർത്ഥികൾ ബ്രാഹ്-മിൻവാദ് മുദ്രാവാക്യവുമായി ശക്തമായി രംഗത്തുവന്നത് ജാതി വിവേചനമെന്ന തങ്ങൾക്കു നടപ്പാക്കാനുള്ള അലിഖിത നിയമത്തിൽ ആരും തൊട്ടുപോകരുതെന്ന സൂചനയാണ്.

ഉത്തരേന്ത്യയെപ്പോലെ മത–ജാതി–വർഗീയതയുടെ കേന്ദ്രമാക്കി കേരളത്തെയും മാറ്റാനുള്ള സംഘപരിവാർ ശക്തികളുടെ ശ്രമങ്ങളെ നാം തിരിച്ചറിയണം. ആർഎസ്എസ് പ്രത്യയശാസ്ത്രം വളരാനനുവദിക്കാത്ത മണ്ണാണ് ഇവിടമെന്നതു തിരിച്ചറിയുന്ന ആർഎസ്എസ് കേരളത്തിലെ സർവകലാശാലകളെ തങ്ങളുടെ അജൻഡ നടപ്പാക്കുന്നതിനുള്ള ഏജന്റുമാരെ നിയമിക്കാനുള്ള ഇടമാക്കി മാറ്റുകയാണ് മതനിരപേക്ഷ കേരളത്തെ തകർത്ത് ഹിന്ദുത്വവർഗീയത ഊട്ടിയുറപ്പിക്കാനും ആർഎസ്എസ് പിന്തുടരുന്ന മനുസംഹിതയുടെ അടിത്തറയായ ചാതുർവർണ്യം പുനഃസ്ഥാപിക്കാനും ആ ആശയസംഹിതയെ നിലപാടാക്കിയവർ ഒളിഞ്ഞും തെളിഞ്ഞും ഉരുക്കുമുഷ്ടികൊണ്ടും നടത്തുന്ന ശ്രമങ്ങളെ ചെറുത്തുതോൽപ്പിക്കണം. ആർഎസ്എസിന്റെ ആശയപദ്ധതി ശിരസാവഹിക്കാൻ, അത് തങ്ങൾ പ്രവർത്തിക്കുന്ന ഏത് മേഖലയിലായാലും നടപ്പിലാക്കാൻ അനവരതം പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ആർഎസ്എസ് ഏജന്റുമാരെ നിരന്തരം തുറന്നുകാട്ടുക തന്നെ വേണം. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

4 × three =

Most Popular