ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യ ഇത്രയേറെ വികസിച്ച ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ജാതി വിവേചനത്തിന്റെയും അപരവത്കരണത്തിന്റെയും ഇരുട്ടുമുറികൾ നമ്മുടെ കലാലയങ്ങളിൽ അരങ്ങുവാഴുകയാണ്. ചാതുർവർണ്യത്തിലും ഗുരുപൂജയിലും അഭിരമിക്കുന്ന അധ്യാപകരുടെ പീഡനങ്ങൾക്കിടയിൽ തകർന്നുവീഴുന്നത് വിദ്യാർത്ഥികളുടെ സ്വപ്നങ്ങളാണ്. പുലയ ജാതിയിൽപെട്ടതുകൊണ്ടുമാത്രം സംസ്കൃത ഭാഷയിൽ പിഎച്ച്ഡി നിഷേധിക്കപ്പെട്ട വിപിൻ വിജയൻ ഇരകളാക്കപ്പെട്ട അനേകം പേരിലൊരാളാണ്. ജാതി വിവേചനവും മാധ്യമങ്ങളുടെ കടന്നാക്രമണവും ഒരേസമയം നേരിടേണ്ടിവന്ന അദ്ദേഹം താൻ നേരിട്ട തീവ്രമായ അനുഭവങ്ങൾ പങ്കുവെയ്ക്കുകയാണ് ഈ അഭിമുഖത്തിൽ.
ആര്യ: സ്വാഗതം വിപിൻ. 2025 നവംബറിൽ ഉണ്ടായ ആ വിഷയത്തിൽ വ്യത്യസ്തമായ വ്യാഖ്യാനങ്ങൾ പല ഉറവിടങ്ങളിൽ നിന്നും ഉണ്ടാവുകയുണ്ടായി. എന്താണ് യഥാർത്ഥത്തിൽ അന്നവിടെ സംഭവിച്ചത്?
വിപിൻ വിജയൻ: ഈ വിഷയം അതിന്റെ തുടക്കം മുതൽ പരിശോധിക്കുന്നതാവും കൂടുതൽ നല്ലത് എന്നു തോന്നുന്നു. ഞാൻ പ്ലസ് ടു കഴിഞ്ഞ് BA യും MA യും കാലടി ശ്രീശങ്കരാചാര്യ കോളേജിലും M Ed ഉം MPhil ഉം കേരള സർവകലാശാലയിലുമാണ് ചെയ്തത്. അതിനുശേഷമാണ് പി എച്ച് ഡി എന്ന എന്റെ ഏറ്റവും വലിയ സ്വപ്നത്തിലേക്ക് ഞാൻ പോയത്.
ആര്യ: ഇതെല്ലാം സംസ്കൃതത്തിൽ ആയിരുന്നോ?
വിപിൻ: അതെ, സംസ്കൃതം തന്നെയാണ് ഞാൻ പഠിച്ചത്. അതുകഴിഞ്ഞാണ് ഞാൻ എംഫിലിന് കേരള യൂണിവേഴ്സിറ്റി കാര്യവട്ടം ക്യാമ്പസിൽ വരുന്നത്. അപ്പോൾ എംഫിലിന് ആദ്യത്തെ ആറുമാസം കഴിയുമ്പോൾ ഒരു തീസിസ് വെക്കണം. ഞാൻ തീസിസ് വെച്ചത് ‘Epistemological Review of Kenopanishad” എന്ന വിഷയത്തിലാണ്. എംഫിൽ ചെയ്യുന്നതിന് ഗൈഡിനെ ആവശ്യമാണ്. ഞങ്ങൾ 20 വിദ്യാർത്ഥികളാണ് അന്ന് ഉണ്ടായിരുന്നത്. നാല് അധ്യാപകർ ചേർന്ന് അഞ്ചു വിദ്യാർത്ഥികളെവീതം ഗൈഡ് ചെയ്തു. എന്റെ ഗൈഡ് ഡോ. സി എൻ വിജയകുമാരി ആയിരുന്നു.
Mphil ന് ഗൈഡ് ചെയ്യുന്ന അധ്യാപകർക്ക് ഓരോ വർഷവും സെമിനാറും ശില്പശാലയുമൊക്കെ നടത്തുന്നതിന് യൂണിവേഴ്സിറ്റി ഒരു നിശ്ചിത തുക നൽകാറുണ്ട്. വർഷത്തിൽ ഒരു ലക്ഷം – രണ്ട് ലക്ഷം രൂപയൊക്കെയാണ് നൽകുന്നത്. മിക്ക അധ്യാപകരും ഈ സെമിനാർ കാര്യവട്ടം ക്യാമ്പസിൽ വെച്ചാണ് നടത്താറുള്ളത്. എന്നാൽ വിജയകുമാരി ടീച്ചർ ഈ സെമിനാർ പാളയത്തെ ഏതെങ്കിലും കോളേജിലെ hall എടുത്താണ് നടത്തുക. അത് കുട്ടികൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. എല്ലാവർക്കും യാത്ര ചെയ്തും അവിടംവരെ പോകുവാനും അതിനുള്ള വണ്ടിക്കൂലിയുമൊന്നും ഉള്ളവരാകില്ലല്ലോ. അപ്പോൾ ഞാൻ ടീച്ചറോട് പറഞ്ഞു ‘‘ടീച്ചറെ, ഇത് ശരിയല്ല. സെമിനാറും ശില്പശാലയുമൊക്കെ നമ്മുടെ കുട്ടികൾക്ക് പങ്കെടുക്കാൻ പറ്റുന്ന വിധത്തിൽ നടത്തണം’’. എന്റെയൊപ്പം മറ്റു വിദ്യാർത്ഥികളും കൂടി. സാധാരണ ടീച്ചർ ചെയ്യാറുള്ളത് പാളയത്തുവച്ച് ഇത് നടത്തുകയും ആർഎസ്എസ് ക്യാമ്പിലെ കുട്ടികളെയൊക്കെ വിളിച്ച് അതിൽ പങ്കെടുപ്പിക്കുകയും ആണ്.
അതുപോലെതന്നെ ഗവേഷകരായ വിദ്യാർഥികൾക്ക് ഫുഡ് നൽകാൻ യൂണിവേഴ്സിറ്റി അനുവദിക്കുന്ന ഫണ്ടും ഭക്ഷണം വെട്ടിക്കുറച്ചിട്ട് ഇവർ ഇത്തരത്തിൽ ചെലവഴിക്കാറുണ്ട്. ടീച്ചർ ബ്രാഹ്മണ സംസ്കാരത്തെ പിന്തുടരുന്ന ആൾ ആയതുകൊണ്ട്, മാംസാഹാരം കഴിക്കാത്തതുകൊണ്ട്, വിദ്യാർത്ഥികളും മാംസാഹാരം കഴിക്കുന്നതിന് ടീച്ചർ എതിരായിരുന്നു. ഈ നിലപാടിനെയും ഞാൻ ഒരിക്കൽ എതിർക്കുകയുണ്ടായി. വിദ്യാർത്ഥികൾ എല്ലാവരും മാംസാഹാരം കഴിക്കുന്നവരാണ്; അതുകൊണ്ട് ഭക്ഷണത്തിൽ അതുകൂടി ഉൾപ്പെടുത്തണമെന്ന് ഞങ്ങൾ പറഞ്ഞപ്പോൾ ടീച്ചർ പറഞ്ഞത് സംസ്കൃതം പഠിക്കുന്ന വിദ്യാർത്ഥികൾ മാംസാഹാരം കഴിക്കാൻ പാടില്ല, നിങ്ങൾക്ക് തരില്ല എന്നാണ്. ഞങ്ങൾ അതിനെ എതിർത്തു. പഠിക്കുന്ന വിദ്യാർത്ഥികൾ എന്തു കഴിക്കണം, എന്തു കഴിക്കേണ്ട എന്നു തീരുമാനിക്കുന്നത് അധ്യാപകർ അല്ലല്ലോ.
ആര്യ: എംഫിൽ കാലത്ത് അക്കാദമിക് രംഗത്ത് നിങ്ങൾക്കിടയിൽ ഇതല്ലാതെ മറ്റെന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടായിരുന്നോ?
വിപിൻ: പലപ്പോഴും ഞാൻ പേപ്പറിൽ എഴുതി വയ്ക്കുന്നത് ടീച്ചർ നോക്കാറേ ഇല്ലായിരുന്നു. ഞാൻ അവരുടെ ടേബിളിൽ കൊണ്ടുവെച്ചാലും അവരുടെ ടേബിളിൽ തന്നെ അത് അങ്ങനെ ഇരിക്കും. ഒരു ദിവസം ഞാൻ ടീച്ചറുടെ റൂമിലേക്ക് കയറി എന്താ ടീച്ചറെ ഇത് നോക്കാത്തത് എന്ന് ചോദിച്ചു. അപ്പോൾ അവർ എന്നോട് “നീ എന്തിനാ ഈ റൂമിലേക്ക് കയറിയത്, ഇറങ്ങിപ്പോ” എന്നാണ് പറഞ്ഞത്. പുറത്തിറങ്ങിയിട്ട് ഞാൻ തിരിഞ്ഞുനോക്കുമ്പോൾ അവർ ഒരു പാത്രത്തിൽ കുറച്ചു വെള്ളം എടുത്ത് റൂമിലാകെ തളിക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് എനിക്ക് കാര്യം മനസ്സിലായത്. അവരുടെ കാഴ്ചയിൽ ‘‘ഹീനജാതിക്കാരനായ’’ ഞാൻ ആ റൂമിലേക്ക് കയറിയതുകൊണ്ട് അവർ ശുദ്ധികലശം നടത്തുകയായിരുന്നു. മനുഷ്യനെന്ന നിലയിൽ നമുക്ക് ഒരുപാട് വേദനകൾ ഉണ്ടാക്കുന്ന സംഭവങ്ങളാണ് ഇതൊക്കെ. കേരള സർവകലാശാലയിലെ എന്റെ അക്കാദമിക് കാലഘട്ടത്തിൽ ഇത്തരത്തിൽ മനസ്സു വേദനിപ്പിക്കുന്ന നിരവധി സംഭവങ്ങൾ ഈ അധ്യാപികയിൽനിന്ന് ഉണ്ടായിട്ടുണ്ട്. ഒരിക്കൽ അവർ എന്നോട് പറഞ്ഞു, ‘‘സംസ്കൃതം ദൈവ ഭാഷയാണ് നിന്നെപ്പോലെയുള്ളവർക്ക് അത് പഠിക്കാനുള്ള അവകാശം ഇല്ല’’ എന്ന്. പലപ്പോഴും ഞാൻ മിണ്ടാതെ കേട്ടു നിന്നിട്ടുണ്ട്. കാരണം പിഎച്ച്ഡി എന്നുള്ളത് എന്റെ സ്വപ്നമാണ്, അതെന്റെ ജീവിതാഭിലാഷമായിരുന്നു. പരമാവധി പ്രശ്നങ്ങൾ ഇല്ലാതെ പോകണം. അതുകൊണ്ടുതന്നെ എല്ലാം സഹിച്ചുനിന്നു.
എന്റെ എംഫിൽ തീസിസിൽ ഒപ്പിടാൻ വിജയകുമാരി ടീച്ചർ തയ്യാറായില്ല. ഞാൻ HOD ക്ക് പരാതി എഴുതി നൽകി. അടുത്ത മീറ്റിങ്ങിൽ എച്ച്ഒഡി എന്താണ് ഒപ്പിടാത്തത് എന്ന് ചോദിക്കുകയും ഒടുവിൽ ഒപ്പിട്ടു തരാൻ നിർബന്ധിതയാവുകയും ചെയ്തു. അന്ന് ഒപ്പിട്ടുതരുമ്പോൾ അവർ പറഞ്ഞു, “ഇത് ഞാൻ ഒപ്പിട്ടു തരുന്നു. ഇനി മേലാൽ Phd എന്നൊന്നും പറഞ്ഞുകൊണ്ട് ഈ ക്യാമ്പസിലേക്ക് കാലുകുത്തിയേക്കരുത്”. അതായത് എംഫിലും കൊണ്ട് പൊയ്ക്കോളണം. ഇനി ഇങ്ങോട്ട് കേറിയേക്കരുത് എന്നർത്ഥം.
ഞാൻ ക്യാമ്പസിൽ കയറുന്നത് അവർക്ക് ഒട്ടുംതന്നെ സഹിക്കാനാവില്ല. കാരണം അവർ ചെയ്യുന്ന ചട്ടലംഘനങ്ങളെയും നീതിരാഹിത്യത്തെയും വിവേചനത്തെയുമൊക്കെ പലപ്പോഴും ഞാൻ എതിർത്തിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാൽ എല്ലാ അർത്ഥത്തിലും വിദ്യാർത്ഥികളെ എങ്ങനെ ദ്രോഹിക്കാം എന്നു ചിന്തിക്കുമ്പോൾതന്നെ സർവ്വകലാശാലയിൽനിന്ന് എങ്ങനെ പരമാവധി സാമ്പത്തികമായി പിഴിയാമെന്നും ചിന്തിക്കുന്ന ഒരു അധ്യാപികയാണ് വിജയകുമാരി ടീച്ചർ. അതുപോലെതന്നെ ഈ ടീച്ചർ കോളേജിൽ വന്ന് അറ്റഡൻസ് ഒപ്പിട്ടിട്ട് അപ്പോൾ തന്നെ വ്യക്തിപരമായ ആവശ്യങ്ങൾക്കായി അങ്ങ് പോകും. ക്ലാസ്സിൽ വരാറേയില്ല. ക്ഷേത്രങ്ങളിൽ നടത്തുന്ന സപ്താഹം പോലെയുള്ള പരിപാടികളിൽ പ്രഭാഷണങ്ങൾ നടത്താനും മറ്റും പോകുകയാണ് ടീച്ചറുടെ സ്ഥിരം പരിപാടി. അവിടെയും കാശ് ആണ് നോട്ടം. ക്ലാസിൽ വല്ലപ്പോഴുമൊന്ന് കേറിയെങ്കിലായി.
ആര്യ: എംഫിലിനുശേഷം നേരെ പിഎച്ച്ഡിക്ക് ചേരുകയായിരുന്നോ?
വിപിൻ: പിന്നീട് ഞാൻ Med ന് ചേർന്നു. എൻട്രൻസ് എഴുതിയാണ് അഡ്മിഷൻ നേടിയത്. അല്ലാതെ ആരുടെയും ശുപാർശകൊണ്ടൊന്നും ആയിരുന്നില്ല. അതുകഴിഞ്ഞാണ് ഞാൻ എംഫിലിന്റെ ക്വാളിഫിക്കേഷൻവെച്ച് പി എച്ച് ഡി ക്ക് അപേക്ഷിച്ചത്. പിഎച്ച്ഡിക്ക് അഡ്മിഷൻ തരുന്നതിനുവേണ്ടി എട്ടംഗ സമിതിയുടെ മുന്നിൽ ഒരു ഇന്റർവ്യൂ നടത്തും. ഡോക്ടറൽ കമ്മിറ്റി എന്നാണ് ആ സമിതിയെ പറയുന്നത്. ഈ എട്ടംഗ സമിതിയിൽ വിജയകുമാരി ടീച്ചറും ഉണ്ടായിരുന്നു. എനിക്ക് തരുന്ന വിഷയത്തിൽ ഒരു സിനോപ്സിസ് ഞാൻ അവതരിപ്പിക്കണം. അങ്ങനെ ഞാൻ സിനോപ്സിസ് അവതരിപ്പിച്ചപ്പോൾ ഇവർ അപ്പോൾതന്നെ ഇത് അംഗീകരിക്കാൻ പറ്റില്ല, ഇത് ശരിയല്ല എന്നൊക്കെ പറഞ്ഞുകൊണ്ട് ബാഗുമെടുത്ത് റൂമിൽ നിന്ന് ഇറങ്ങിപ്പോയി. പോകുമ്പോൾ അവർക്കറിയാം, ഈ എട്ടംഗ സമിതിയിൽ എട്ടുപേരും മിനിറ്റ്സിൽ ഒപ്പിടണമെന്ന്. അതിൽ ആരുടെയെങ്കിലും ഒരാളുടെ ഒപ്പില്ലെങ്കിൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ആ വിദ്യാർത്ഥിക്ക് ജോയിനിങ് ലെറ്റർ തരില്ല. അത് അറിഞ്ഞു കൊണ്ടാണ് അവർ ഇറങ്ങിപ്പോയത്. ഒപ്പിട്ടിട്ട് പോകാൻ മറ്റ് അധ്യാപകർ ആവശ്യപ്പെട്ടിട്ടും അവർ ഒപ്പിട്ടില്ല. ഇറങ്ങിപ്പോയ അവർ ഈ ഇന്റർവ്യൂ അനധികൃതമായിട്ടാണ് നടക്കുന്നത് എന്ന് പറഞ്ഞുകൊണ്ട് വിസിക്ക് പരാതിയും കൊടുത്തു. അങ്ങനെ അന്ന് ഇന്റർവ്യൂവിൽ പങ്കെടുത്ത 12 പേരിൽ ഞാനൊഴികെ ബാക്കി എല്ലാവർക്കും ജോയിനിംഗ് ലെറ്റർ കൊടുത്തു. ആ വർഷം എനിക്ക് പിഎച്ച്ഡിക്ക് അഡ്മിഷൻ കിട്ടിയില്ല. ഞാൻ ഈ വിഷയം ഉന്നയിച്ചുകൊണ്ട് വെെസ് ചാൻസലർക്ക് പരാതി കൊടുത്തിരുന്നു. അപ്പോഴേക്കും കോവിഡും ലോക്ക്ഡൗണും ഒക്കെയായി. പിന്നീട് കോവിഡ് ഒക്കെ കഴിഞ്ഞ് കോളേജ് റെഗുലറായി തുറന്നപ്പോൾ ഞാൻ വീണ്ടും വിസിയുടെ അടുത്തെത്തി ഈ പരാതി പരിഗണിച്ചിട്ടില്ല എന്നു പറഞ്ഞതിനെ തുടർന്ന് ഒരു അന്വേഷണ സമിതിയെ വയ്ക്കുകയും എന്റെ കേസിൽ വിജയകുമാരി ടീച്ചർ കൊടുത്തിട്ടുള്ള പരാതി വ്യാജമാണെന്ന് തെളിയിക്കപ്പെടുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക ഉത്തരവിലാണ് എനിക്ക് അഡ്മിഷൻ കിട്ടുന്നത്. പക്ഷേ അപ്പോഴേക്കും എന്റെ ജീവിതത്തിലെ ഒരു കൊല്ലം നഷ്ടപ്പെട്ടിരുന്നു.
ആര്യ: അപ്പോൾ താങ്കൾ പിഎച്ച്ഡിക്ക് ജോയിൻ ചെയ്തു. പിന്നെ എപ്പോഴാണ് അന്ന് വിവാദമായ വിഷയങ്ങൾ ഉണ്ടായത്?
വിപിൻ: ഡോക്ടർ ഷൈല ആയിരുന്നു എന്റെ ഗൈഡ്. വിവാദമായ സംഭവം ഉണ്ടായത് ഓപ്പൺ ഡിഫൻസിലാണ്. അഞ്ചുവർഷം ഞാൻ പ്രൊഫ. വിജയകുമാരിയുമായി ഒരു പ്രശ്നവുമുണ്ടാകാതെ പരമാവധി ഒഴിഞ്ഞു നിന്നു. അപ്പോഴേക്കും മുൻ എച്ച്ഒഡി വിരമിച്ചതിനെ തുടർന്ന് വിജയകുമാരി ടീച്ചർ എച്ച് ഒഡി ആയിരുന്നു. എച്ച്ഒഡി എന്ന സ്ഥാനത്തിരിക്കുമ്പോൾ തന്നെ വൈസ് ചാൻസലർ മോഹൻ കുന്നുമ്മൽ അവരെ അനധികൃതമായി ഡീനും ആക്കിയിരുന്നു. അപ്പോൾ ആദ്യം ചെയ്യേണ്ടത് തീസിസ് സബ്മിറ്റ് ചെയ്യുകയാണ്. ഞാൻ എന്റെ തീസിസ് സബ്മിറ്റ് ചെയ്തു. അടുത്ത ഘട്ടം പറയുന്നത് ഇത് വാലുവേഷൻ ചെയ്യുന്നതിന് വേണ്ടി മൂന്ന് സംസ്കൃത പണ്ഡിതർക്ക് എത്തിക്കുക എന്നുള്ളതാണ്. കേരളത്തിലെ ഒരു പ്രൊഫസർക്കും സംസ്ഥാനത്തിനു പുറത്ത് രണ്ട് അധ്യാപകർക്കുമാണ് മൂല്യനിർണയം നടത്തുന്നതിനായി യൂണിവേഴ്സിറ്റി എന്റെ തീസിസ് അയച്ചത്. യുപി ചെന്നൈ എന്നിവിടങ്ങളിലെ മൂന്നു റിപ്പോർട്ടും എനിക്കനുകൂലമായിരുന്നു.
അതിനുശേഷമാണ് ഓപ്പൺ ഡിഫൻസ് അവിടെയും രണ്ടാഴ്ച വൈകിയാണ് എനിക്ക് ഡേറ്റ് തന്നത്, 15. 10 2025 ൽ. അതും ദിവസം ഒരുപാട് ആയില്ലേ ഇനിയും നടത്തിയില്ലെങ്കിൽ ഞാൻ യൂണിവേഴ്സിറ്റിക്ക് പരാതി കൊടുക്കും എന്ന് ഗൈഡ് പറഞ്ഞതിനെ തുടർന്നാണ് എനിക്ക് ഓപ്പൺ ഡിഫൻസ് ഡേറ്റ് തരാൻ വിജയകുമാരി മാഡം തയ്യാറായത്. ഡീൻ എന്ന് പദവിക്ക് ഓപ്പൺ ഡിഫൻസിൽ ഒരു കാഴ്ചക്കാരൻ എന്നതിനപ്പുറം മറ്റൊരു അധികാരവുമില്ല. ഡീനിന്റെ സാമീപ്യം അവിടെ വേണമെന്നു മാത്രമേ ഉള്ളൂ. പക്ഷേ വിജയകുമാരി ടീച്ചർ ഡീനും എച്ച്ഒഡിയും ആയിരുന്നു.
ഈ ഓപ്പൺ ഡിഫൻസ് എന്നു പറയുമ്പോൾ അതിൽ അധ്യാപകരും സർവ്വകലാശാല പ്രത്യേകം നിശ്ചയിക്കുന്ന ചെയർമാനും ഒപ്പം ഓൺലൈനിൽ ചോദ്യങ്ങൾ ചോദിക്കുന്നതിന് ചിലരും ഉണ്ടാവും. അതിനുപുറമേ നമ്മുടെ ഡോക്ടറേറ്റിനുള്ള പ്രബന്ധാവതരണം കാണുന്നതിന് നമുക്ക് നമ്മുടെ ബന്ധുക്കളെയും കൂട്ടുകാരെയും ഒക്കെ വിളിക്കാം. എന്റെ അച്ഛനും അമ്മയും ബന്ധുക്കളും കൂട്ടുകാരും ഞാൻ പഠിപ്പിക്കുന്ന B Ed കോളേജിലെ വിദ്യാർത്ഥികളും അന്ന് അവിടെ ഉണ്ടായിരുന്നു. ചെയർമാനായി യൂണിവേഴ്സിറ്റി നിശ്ചയിച്ചത് പ്രയാഗ്–രാജ് യൂണിവേഴ്സിറ്റിയിലെ ഡോ. അനിൽ പ്രതാപ് ഗിരിയെയായിരുന്നു. ഓപ്പൺ ഡിഫൻസിൽ ആദ്യം എന്നോട് തീസിസ് അവതരിപ്പിക്കാൻ ആവശ്യപ്പെട്ടു. ഞാൻ അത് അവതരിപ്പിച്ച് തിരിച്ച് കസേരയിൽ ചെന്നിരിക്കും മുന്നേ തന്നെ ഓൺലൈനിൽ ഉള്ളവർ തുടരെത്തുടരെ കൂട്ടത്തോടെ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി. വളരെ പ്രീ പ്ലാൻഡ് ആയിട്ട് വേട്ടപ്പട്ടികൾ കുരയ്ക്കുന്നതുപോലെ എല്ലാവരും കൂടെ ഒന്നിച്ച് എന്തൊക്കെയോ പുലമ്പുന്നു. അപ്പോൾ ചെയർമാൻ പറഞ്ഞു, ‘‘നിങ്ങൾ ഓരോരുത്തരായി ചോദിക്കൂ, അയാൾ കുറിച്ചെ ടുത്തിട്ട് ഒന്നിച്ചു മറുപടി പറയട്ടെ’’. അപ്പോഴേക്കും വിജയകുമാരി ടീച്ചർ എഴുന്നേറ്റുനിന്ന് അത് പറ്റില്ല ആദ്യം തന്നെ ഓരോ ചോദ്യത്തിനും മറുപടി പറയണമെന്ന് പറഞ്ഞു. അപ്പോൾ ചെയർമാൻ ചോദിക്കുന്നുണ്ട് എഴുതി എടുത്തിട്ട് അവസാനം പറഞ്ഞാൽ പോരേ എന്ന്. ഉടനെ വിജയകുമാരീ ടീച്ചർ അത് പറ്റില്ല എന്നും പറഞ്ഞുകൊണ്ട് എഴുന്നേറ്റ്, ഞാൻ അവിടെ നിൽക്കുകയായിരുന്നു, മൈക്ക് എടുത്ത് എന്റെ വായിലേക്ക് ഇങ്ങനെ തള്ളി. ഞാൻ പറയാൻ തയ്യാറായി. അങ്ങനെ ഞാൻ രണ്ടുമൂന്നു ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞു. ഈ സമയത്ത് വിജയകുമാരി ടീച്ചർ എഴുന്നേറ്റു പുറത്തുപോയി ഓരോരുത്തർക്കും മെസ്സേജ് അയയ്ക്കുകയാണ്, ഇന്ന ചോദ്യം ചോദിക്കു എന്ന്. അപ്പോൾ ചില വിദ്യാർത്ഥികൾ ഒക്കെ എനിക്ക് മെസ്സേജ് അയച്ചു ടീച്ചർ ഇങ്ങനെ ചോദിക്കൂവെന്ന് പറയുന്നുണ്ട് എന്ന്. ഞാനപ്പോൾ ചോദിച്ചു, ‘‘ടീച്ചറെ എന്തിനാണ് എന്നോട് ഇങ്ങനെ ചെയ്യുന്നത്?’’.
ഒടുവിൽ ഡിഫൻസിന്റെ അവസാന ഘട്ടത്തിൽ വിജയകുമാരി ടീച്ചർ വേദിയിൽ കയറിനിന്ന് ചെയർമാനോട് പറഞ്ഞു, ‘‘ഇയാൾക്ക് പി എച്ച് ഡി കൊടുക്കാൻ പാടില്ല’’. അപ്പോൾ അധ്യാപകരും വിദ്യാർത്ഥികളും ഗവേഷകരും അവിടെയുണ്ടായിരുന്നവരുമെല്ലാം അതിനെ എതിർത്തു. ടീച്ചർ പറയുന്നത് ശരിയല്ല എന്ന് പറഞ്ഞു. ടീച്ചർക്ക് ഉള്ളിൽ എന്തെങ്കിലും പകയുണ്ടെങ്കിൽ അത് തീർക്കേണ്ട സമയം ഇതല്ല ടീച്ചറേ, ഇങ്ങനെ ചെയ്യരുത് എന്ന് ഞാനും പറഞ്ഞു. എനിക്ക് കടുത്ത നിരാശയും വിഷമവും ഉണ്ടായി. ഓപ്പൺ ഡിഫൻസ് എന്നുപറഞ്ഞാൽ അതൊരു ചടങ്ങു കൂടിയാണല്ലോ. അതുകൊണ്ടുതന്നെ ഞാൻ പഠിപ്പിക്കുന്ന എന്റെ കോളേജിലെ കുട്ടികളും സുഹൃത്തുക്കളും ബന്ധുക്കളും എല്ലാവരുമുള്ള ഒരു വേദിയിലാണ് ഞാൻ ഇത്തരത്തിൽ അപമാനിക്കപ്പെടുന്നത്. തെറ്റുകൾ എന്തെങ്കിലുമുണ്ടായിട്ടുണ്ടെങ്കിൽ അത് തിരുത്തി വിദ്യാർഥികൾക്ക് മുന്നോട്ടുള്ള വഴി കാണിച്ചുകൊടുക്കുന്നവരാണ് നല്ല അധ്യാപകർ. അങ്ങനെ നോക്കുമ്പോൾ വിജയകുമാരി ടീച്ചർ ഒരിക്കലുമൊരു അധ്യാപിക ആണെന്നുപോലും പറയാനേ പറ്റില്ല. എന്തായാലും ചെയർമാനായ അനിൽ പ്രതാപ് ഗിരി സാറിന് കാര്യം മനസ്സിലായി. എനിക്ക് മനപ്പൂർവ്വം പി എച്ച് ഡി നൽകാതിരിക്കലാണ് ടീച്ചറുടെ ലക്ഷ്യം എന്ന് അദ്ദേഹത്തിന് ഉറപ്പായി. എന്റെ തീസിസിന്റെ മൂന്ന് വാലുവേഷനും കഴിഞ്ഞതാണെന്നും അതിൽ ഒരു പേപ്പർ നോക്കിയത് താൻ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. അതിന്റെകൂടി വെളിച്ചത്തിൽ എനിക്ക് പിഎച്ച്ഡി നൽകാമെന്ന് അദ്ദേഹം ശുപാർശ ചെയ്തു. അദ്ദേഹത്തിന് ശുപാർശ ചെയ്യുവാനുള്ള അധികാരമേ ഉള്ളൂ. അതായത് പിഎച്ച്ഡി നൽകാമെന്ന് സിൻഡിക്കേറ്റ് ശുപാർശ ചെയ്തു എന്നർത്ഥം. എല്ലാവരും പുറത്തേക്കിറങ്ങി. അപ്പോൾ വിജയകുമാരി ടീച്ചർ എന്നോട് പറഞ്ഞു, “നിനക്ക് പി എച്ച് ഡി കിട്ടുന്നത് എനിക്കൊന്നു കാണണം. ഞാനാണല്ലോ ഇവിടുത്തെ ഡീൻ. ഞാൻ ഒപ്പിടണമല്ലോ?”. അപ്പോൾ സാർ പറഞ്ഞു, “വിപിനെ നീ പേടിക്കേണ്ട ഞാൻ ശുപാർശ ചെയ്തിട്ടുണ്ട്. ഇതിൽ തീരുമാനമെടുക്കേണ്ടത് സിൻഡിക്കേറ്റ് ആണ്. ഏറ്റവും പ്രധാനപ്പെട്ട കാര്യം ചെയർമാനാണ് ഈ ഓപ്പൺ ഡിഫൻസിന്റെ സെന്റർ. അദ്ദേഹം എനിക്ക് പിഎച്ച്ഡി നൽകാൻ വേണ്ടിയുള്ള ശുപാർശ ചെയ്യുമ്പോൾ അതിനിടയിൽ കയറി വിജയകുമാരി ടീച്ചർ തടസ്സപ്പെടുത്തുകപോലും ചെയ്തു. ഇതെല്ലാം കഴിഞ്ഞതിനുശേഷം ഇതിൽ ഡീൻ ഒപ്പിടേണ്ടതായിട്ടുണ്ട്. അപ്പോൾ എന്റെ ഗൈഡ് പറഞ്ഞു നീ ഇനി അങ്ങോട്ട് പോകണ്ട ഞാൻ പോയി ഒപ്പു വാങ്ങികൊണ്ട് വരാമെന്ന്. അങ്ങനെ ഗെെഡ് ചെന്നിട്ടും ആവുന്നത്ര പറഞ്ഞു നോക്കിയിട്ടും അവർ ഒപ്പിടാൻ തയ്യാറായില്ല. സാധാരണയായി ഒന്നരമണിക്കൂർ കൊണ്ട് അവസാനിക്കേണ്ട ഓപ്പൺ ഡിഫൻസ് ആണ് എന്റെ കാര്യത്തിൽ മൂന്നു മണിക്കൂറോളം നീണ്ടത്. അത്രയും സമയം ഞാൻ അനുഭവിച്ച മാനസിക സമ്മർദ്ദത്തിന് കയ്യും കണക്കും ഉണ്ടായിരുന്നില്ല. ഒടുവിൽ അവർ ഒപ്പിടാൻ തയ്യാറാകുന്നില്ല എന്നുകൂടി അറിഞ്ഞപ്പോൾ ഞാൻ കരഞ്ഞുപോയി. കൂട്ടുകാരും അധ്യാപകരും എന്റെ ഗൈഡും എല്ലാം നിൽക്കെതന്നെ ഞാൻ വിജയകുമാരി ടീച്ചറോട് പറഞ്ഞു ‘‘പേരിനു മുന്നിൽ ഡോക്ടർ വയ്ക്കണമെന്നത് എന്റെ വർഷങ്ങളായുള്ള സ്വപ്നമാണ്, ആഗ്രഹമാണ് ടീച്ചറേ’’. എന്റെ ഭാവി ഇല്ലാതാക്കരുത്. അപ്പോൾ എടുത്തടിച്ചപോലെ അവർ എന്നോട് പറഞ്ഞത് “നീ പുലയൻ അല്ലേ ആ വാല് തന്നെ ധാരാളം” എന്നാണ്. അതുതന്നെയാണ് അവരുടെ യഥാർത്ഥ പ്രശ്നവും. പുലയ ജാതിയിലുള്ള ഞാൻ, അതും ജാതിയിൽ താഴ്ന്ന വിഭാഗത്തിൽ ആയിട്ടും ഒരിക്കൽപോലും ഗുരുകുലസമ്പ്രദായത്തിലേതു പോലെ അവർക്കു മുന്നിൽ താണുവണങ്ങാൻ തയ്യാറാവാതെ തലയുയർത്തി നിന്ന ഞാൻ, സംസ്കൃത ഭാഷയിൽ പി എച്ച് ഡി എടുക്കുന്നത് അവർക്ക് സഹിക്കാനാവുന്നില്ല. എത്രയൊക്കെ പറഞ്ഞിട്ടും അവർ ഒപ്പിട്ടില്ല. ആ രാത്രി ഞാൻ ഉറങ്ങിയില്ല. സത്യം പറഞ്ഞാൽ ആത്മഹത്യയെക്കുറിച്ചുപോലും ഞാൻ ചിന്തിച്ചിരുന്നു. എന്തിനാണ് ഇങ്ങനെ എല്ലാവരുടെയും മുന്നിൽ അപമാനിതനായി ജീവിക്കുന്നത്. ചിലപ്പോഴൊക്കെ ആയുധങ്ങളേക്കാൾ മൂർച്ചയുണ്ട് വാക്കുകൾക്ക്. ആ വാക്കുകൾ നമ്മളെയാകെ തളർത്തിക്കളയും. ജീവിക്കേണ്ട എന്ന് തോന്നിപ്പോകും. ആ നിമിഷത്തെ മറികടക്കാൻ കഴിഞ്ഞില്ലെങ്കിൽ ജീവിതം സ്വയം അവസാനിപ്പിക്കും. നിതിന്റെ കാര്യത്തിലും സംഭവിച്ചത് അതാണ്. എനിക്ക് എന്തുകൊണ്ടോ ആ നിമിഷത്തെ മറികടക്കാനായി. അതുകൊണ്ടുമാത്രമാണ് ഞാനിപ്പോൾ ജീവിച്ചിരിക്കുന്നത്.
ആര്യ: വഴികാട്ടികളാകേണ്ടവർ വഴിമുടക്കികളാകുന്ന സംഭവങ്ങൾ വർത്തമാനകാലത്ത് നിരന്തരം നടക്കുന്നുണ്ട്. താങ്കൾ പറഞ്ഞതുപോലെ വാക്കുകൾക്ക് ആയുധങ്ങളേക്കാൾ മൂർച്ചയുണ്ട്. അതുകൊണ്ടുതന്നെ അവ കരുതലോടെ ഉപയോഗിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. തീർച്ചയായും ഇവിടെ ജാതീയമായ വിവേചനം തന്നെയാണ് ഉണ്ടായിരിക്കുന്നത്. അതിനുശേഷം എന്താണ് ഉണ്ടായത്? എങ്ങനെയാണ് ഈ വിഷയം മാധ്യമങ്ങൾക്കു മുന്നിൽ എത്തുന്നത്?
വിപിൻ: നവംബർ പതിനഞ്ചാം തീയതിയാണ് എന്റെ ഓപ്പൺ ഡിഫൻസ് നടക്കുന്നത്. അതുകഴിഞ്ഞ് പിറ്റേ ദിവസം, ഞാൻ കാലത്തുതന്നെ കോളേജിൽ പോയി, അവരോട് ഒപ്പിട്ടു തരണമെന്ന് പറയുന്നതിനു വേണ്ടി. പക്ഷേ ഒന്നുംതന്നെ സംഭവിച്ചില്ല. പിന്നീട് പതിനേഴാം തീയതി കാലത്ത് ടീച്ചർ എന്റെ ഫയൽ വിസിക്ക് മുമ്പിൽ വെച്ചു എന്ന് ഞാൻ അറിഞ്ഞു. തെല്ലൊരു ആശ്വാസം തോന്നിയെങ്കിലും അധികം വൈകാതെ ഡീനിന്റെയും എച്ച്ഒഡിയുടെയും ഒപ്പ് എന്റെ പേപ്പറിൽ ഇല്ല എന്ന് യൂണിവേഴ്സിറ്റിയിൽ നിന്ന് വിളിച്ചറിയിച്ചു.
ഇവർ വി സിക്ക് ഒരു നീണ്ട പരാതി നൽകി. വിപിന് സംസ്കൃതം എഴുതാനും വായിക്കാനും അറിഞ്ഞുകൂടാ, പ്രബന്ധം ഇംഗ്ലീഷിൽ ആണ് വെച്ചത്, വിപിൻ എസ്എഫ്ഐക്കാരനായതുകൊണ്ട് ചുളുവിൽ ഡോക്ടറേറ്റ് കൊടുക്കുവാൻ സർവ്വകലാശാലയിൽ ചിലർ ശ്രമിക്കുന്നു എന്നിങ്ങനെയെല്ലാം പറഞ്ഞുകൊണ്ടുള്ള പരാതി. യഥാർത്ഥത്തിൽ, സംസ്കൃതം എഴുതാനും വായിക്കാനും അറിയില്ല എന്ന് അവർ അവകാശപ്പെടുന്ന ഞാൻ എംഫിൽ പൂർത്തിയാക്കിയത് അവരുടെ ഗെെഡ് ഷിപ്പിൽ ആയിരുന്നു. ഇനി ഇംഗ്ലീഷിൽ പ്രബന്ധം വെച്ചു എന്നുള്ളത്-, സംസ്കൃത ഭാഷയിലെ പി എച്ച് ഡി പ്രബന്ധം സംസ്കൃതത്തിൽ തന്നെ വയ്ക്കണമെന്ന് നിയമം അനുശാസിക്കുന്നില്ല. സംസ്കൃതമോ ഇംഗ്ലീഷോ ആവാം. 100 ൽ 95 ശതമാനം പ്രബന്ധങ്ങളും അവതരിപ്പിക്കപ്പെടുന്നത് ഇംഗ്ലീഷിൽ തന്നെയാണ്. കാരണം ഭാവിയിൽ ഇത് മറ്റുള്ളവർക്ക് റഫർ ചെയ്യാനുമെല്ലാം അതാണ് നല്ലത്. നമ്മൾ വെറുതെ എന്തെങ്കിലും ചെയ്ത് അതുവെച്ച് ഒരു ഡോക്ടറേറ്റ് നേടിപോന്നിട്ട് കാര്യമില്ലല്ലോ. നാളെ ഒരുകാലത്ത് അത് ആരെങ്കിലും ഒക്കെ എടുത്തു വായിക്കുവാനും ആർക്കെങ്കിലും ഒക്കെ അത്തരത്തിൽ ഉപയോഗപ്പെടാനും കൂടിയുള്ള ഒരു സാധ്യത തുറന്നിടണ്ടേ. പിന്നെ ഞാൻ എസ്എഫ്ഐക്കാരനാണ് എന്ന കാര്യം. – ഞാൻ എസ്എഫ്ഐക്കാരനാണ്. ഇടതുപക്ഷ രാഷ്ട്രീയത്തിനൊപ്പം ഉറച്ചുനിൽക്കുന്ന ആളുമാണ്. എനിക്ക് രാഷ്ട്രീയമുണ്ടെന്ന് പറയാൻ യാതൊരുവിധ മടിയുമില്ല. പക്ഷേ, ആ ലേബൽ ഉപയോഗിച്ചുകൊണ്ട് വ്യക്തിപരമായ നേട്ടം ഉണ്ടാക്കാൻ ഞാൻ ശ്രമിച്ചിരുന്നുവെങ്കിൽ ഒരു വർഷത്തോളം പി എച്ച് ഡിക്ക് അഡ്മിഷൻ തരാതെ അവർ എന്നെ പുറത്തു നിർത്തിയപ്പോൾ എനിക്കത് ആവാമായിരുന്നുവല്ലോ. അപ്പോൾ അങ്ങനെയൊന്നും അനധികൃതമായി വ്യക്തികൾക്ക് എന്തെങ്കിലും നേട്ടമുണ്ടാക്കാൻ സാധിക്കുന്ന ഒരു പ്രസ്ഥാനം അല്ല എസ്എഫ്ഐ.
വി സി ക്ക് പരാതി കൊടുത്ത വിജയകുമാരി ടീച്ചർ അന്നു വൈകിട്ടുതന്നെ ഈ പരാതി ഫോട്ടോ എടുത്ത് മാധ്യമങ്ങൾക്ക് നൽകുകയും മാധ്യമങ്ങൾ ഇവർ പറഞ്ഞതുപോലെ ‘എസ്എഫ്ഐക്കാരന് അന്യായമായി പിഎച്ച്ഡി കൊടുക്കാൻ നോക്കുന്നു, വിപിൻ വിജയൻ എന്ന് പറയുന്ന വ്യക്തിക്ക് സംസ്കൃതമേ അറിയില്ല’ എന്നൊക്കെ പറഞ്ഞു വലിയ രീതിയിൽ വാർത്ത കൊടുത്തു. മനോരമ, റിപ്പോർട്ടർ, 24 ന്യൂസ് അങ്ങനെ എല്ലാവരും വമ്പൻ വാർത്താവതരണങ്ങൾ നടത്തി. മനോരമ ശരിക്കും എന്നെ കൊന്നു കൊലവിളിക്കുകയായിരുന്നു. അതുകൂടിയായപ്പോൾ ഞാൻ ശരിക്കും തളർന്നു. എന്തിനാണ് യാതൊരു തെറ്റും ചെയ്യാതെ ഇങ്ങനെ കേൾക്കേണ്ടിവരുന്നത്, എന്തിനാ ഇങ്ങനെ ജീവിക്കുന്നതെന്നു പോലും ചിന്തിച്ചു പോയി. ഇതാണ് യഥാർത്ഥത്തിൽ ഉണ്ടായത്.
ആര്യ: പിന്നീട് എന്തുണ്ടായി ? എപ്പോഴാണ് മാധ്യമങ്ങൾ തിരുത്താൻ തയ്യാറായത്?
വിപിൻ: മാധ്യമങ്ങൾക്ക് ഈ വാർത്ത കിട്ടിയതിന്റെ മൂന്നാം ദിനം ഞാൻ എഫ്ബിയിൽ ഒരു പോസ്റ്റിട്ടു. സംസ്കൃതം വായിക്കാനും എഴുതാനും അറിയാത്തവനാണ് ഞാനെങ്കിൽ, ആ ഞാൻ എംഫിൽ പൂർത്തിയാക്കിയത് ഇതേ പ്രൊഫസർ വിജയകുമാരിയുടെ കീഴിലാണ് എന്നും അന്ന് അവർക്ക് ഇതൊന്നും തോന്നിയില്ലേ എന്നും സംശയമുണ്ടെങ്കിൽ Epitstemological Review of Kenopanished എന്ന എന്റെ തീസിസ് ആർക്കുവേണമെങ്കിലും പരിശോധിക്കാമെന്നും ഞാൻ ആ പോസ്റ്റിൽ വ്യക്തമാക്കി. ആ പോസ്റ്റിന്റെ ലിങ്ക് എല്ലാം ചാനലുകൾക്കും അയച്ചുകൊടുത്തു. അതിനുശേഷമാണ് പല വാർത്താ ചാനലുകളും തിരുത്താൻ തയ്യാറായത്. അതുവരെ എല്ലാ ചാനലുകളും എനിക്കെതിരെ വലിയ ടോർച്ചർ തന്നെയായിരുന്നു നടത്തിയത്. എസ്എഫ്ഐയിൽ ജോയിൻ ചെയ്താൽ മതി പിഎച്ച്ഡി കിട്ടും എന്നൊക്കെ പറഞ്ഞുകൊണ്ട് ആ രണ്ടു ദിവസം മനോരമ എനിക്കെതിരെ വലിയ വാർത്തകളാണ് കൊടുത്തിരുന്നത്. ശ്രദ്ധേയമായ മറ്റൊരു കാര്യം, ഞാൻ എസ്എഫ്ഐക്കാരനാണ് എന്നൊക്കെ പറഞ്ഞ് എന്റെ രാഷ്ട്രീയം വാർത്തയാക്കിയ ഈ മാധ്യമങ്ങൾ ഒന്നുംതന്നെ ആർഎസ്എസുകാരിയായ പ്രൊഫസർ വിജയകുമാരിയുടെ രാഷ്ട്രീയം പറയുകയേ ചെയ്തില്ല എന്നതാണ്. അപ്പോൾ വാർത്തകൾക്ക് വേണ്ടത് യാഥാർത്ഥ്യമല്ല, ചില ലക്ഷ്യങ്ങൾ മുൻനിർത്തിയുള്ള പ്രൊപ്പഗൻഡകളാണ്. എന്തായാലും എഫ് ബിയിൽ പോസ്റ്റ് ഇട്ടതിനുശേഷം മനോരമയും റിപ്പോർട്ടറിലെ അരുൺകുമാറും ഒക്കെ വിളിച്ചു. മനോരമ എന്നെ വിളിച്ച് സോറി പറയാൻ തയ്യാറായി. ഞാൻ അവരോട് പറഞ്ഞു, “യാഥാർത്ഥ്യം എന്താണെന്നറിയാതെ എന്തും വിളിച്ചു പറയാൻ നിങ്ങൾ ഇങ്ങനെ തയ്യാറാകുമ്പോൾ നിങ്ങൾ എന്നെ കൊല്ലാനല്ലേ ശ്രമിച്ചത്. . സഹിക്കാനാവാതെ ഞാൻ എന്തെങ്കിലും ചെയ്തിരുന്നുവെങ്കിലോ”. അത് ഞാൻ അവരോട് വെറുതെ പറഞ്ഞതല്ല. ശരിക്കും ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിട്ട്, അതായത് മരണത്തിന്റെ വക്കോളമെത്തിയിട്ട് തിരിച്ചു ജീവിതത്തിലേക്ക് കയറിവരുന്ന ആ ഒരു പോയിന്റ് ഉണ്ടല്ലോ അത് ഞാൻ അനുഭവിച്ചിട്ടുണ്ട്. വലിയ കോളം വാർത്തകൾ കൊടുക്കുന്നതിനു മുമ്പ് നിങ്ങൾ എന്തുകൊണ്ടാണ് യാഥാർത്ഥ്യം അന്വേഷിക്കാതിരുന്നതെന്ന് ഞാൻ ചോദിച്ചു.
ആര്യ: ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയം, അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർത്ഥിയായ നിധിൻ രാജ് കോളേജ് കെട്ടിടത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്തതാണ്. താങ്കൾ നേരിട്ട ജാതി വിവേചനം അതുപോലെ നേരിട്ട വ്യക്തിയാണ് നിധിൻ രാജ്. ഈ വിഷയത്തിൽ എന്താണ് താങ്കളുടെ പ്രതികരണം?
വിപിൻ: നിതിൻ എന്റെ അനിയനാണ്; എന്റെ ബന്ധുവാണ്. അതായത് എന്റെ അമ്മയുടെ സഹോദരിയുടെ ഭർത്താവിന്റെ സഹോദരിയുടെ മകനാണ് നിധിൻ. അവൻ മരിച്ചപ്പോൾ ഞാൻ പോയിരുന്നു. പക്ഷേ എനിക്ക് അവിടെ അധികംനേരം നിൽക്കാൻ പറ്റിയ ഒരു മാനസികാവസ്ഥയുണ്ടായിരുന്നില്ല. ഞാൻ ഈ ആക്രമണം നേരിട്ടപ്പോൾ എനിക്കു ചുറ്റിനും എന്റെ സുഹൃത്തുക്കൾ എല്ലാവരും ഉണ്ടായിരുന്നു. എന്നെ തനിച്ചാക്കാതെ എപ്പോഴും കൂടെ നിൽക്കാൻ ശ്രമിച്ച്, ഞാൻ അടുത്തില്ലെങ്കിൽ എന്നെ ഫോൺ വിളിച്ച്, അങ്ങനെ എപ്പോഴും കൂടെ നിന്നു കുറേപ്പേർ. അതുകൊണ്ടൊക്കെയാണ് ഞാൻ ജീവിതത്തിലേക്ക് തിരിച്ചു വന്നത്. പക്ഷേ അവന് അത് കഴിഞ്ഞില്ല. ശരിക്കു പറഞ്ഞാൽ, നവോത്ഥാന മുന്നേറ്റങ്ങളും അതിനെ പിന്തുടർന്നു വളർന്നുവന്ന തൊഴിലാളി മുന്നേറ്റങ്ങളും കേരളത്തിലെ സാമൂഹിക ഘടനയിൽ വരുത്തിയ മാറ്റങ്ങൾമൂലം വലിയൊരളവോളം ജാതിഭ്രാന്തിൽ നിന്ന് പുറത്തു കടക്കാൻ കേരളത്തിനു സാധിച്ചിട്ടുണ്ട് എന്നത് ഒരു യാഥാർത്ഥ്യമാണ്. എന്നിട്ടും, ജാതിവിവേചനം പൂർണമായും അവസാനിപ്പിക്കാൻ കേരളത്തിനു പോലും സാധിച്ചിട്ടില്ല എന്നാണ് നിധിന്റെ ജീവത്യാഗം നമ്മെ ഓർമ്മിപ്പിക്കുന്നത്.സമകാലിക ഇന്ത്യയിലെ ക്രൂരമായ യാഥാർത്ഥ്യമാണ് ജാതി വിവേചനം. ജാതിയുടെ പേരിലുള്ള വിവേചനം പല തരത്തിൽ ഒളിഞ്ഞും തെളിഞ്ഞും നിലനിൽക്കുന്ന കേരളത്തേക്കാൾ കഷ്ടമാണ് ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിലെ സ്ഥിതി. ഭരണഘടന പൗരർക്ക് ഉറപ്പു നൽകുന്ന എല്ലാ അവകാശങ്ങളും നിഷേധിക്കുന്ന ഏറ്റവും കടുത്ത അനീതിയാണ് ജാതിവിവേചനം. ഇന്ത്യയിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും വ്യവസായ സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജാതിയുടെ പേരിലുള്ള വിവേചനങ്ങൾ നിലനിൽക്കുന്നുണ്ട് എന്നത് നമ്മളെ ഭയപ്പെടുത്തുന്ന ഒന്നാണ്.
ഇൻസ്റ്റിറ്റ്യൂഷണൽ മർഡറിന്റെ ഇരയായ രോഹിത് വെമുലയുടെ ജീവിതം പോലെ വിലപിടിച്ച എത്ര ജീവനുകളെയാണ്, പ്രതിഭകളെയാണ് സമൂഹത്തിന് നഷ്ടമായത് ? രോഹിത് വെമുല എത്രത്തോളം ഭീകരമായ അവസ്ഥയിലൂടെയാണ് കടന്നുപോയത് എന്ന് എന്നെപ്പോലെയുള്ളവർക്ക് തീർച്ചയായും മനസ്സിലാകും. ആ നിലവിളി കേൾക്കാനുമാകും. കാൾസാഗനെപ്പോലെയാവാൻ കൊതിച്ചിരുന്ന രോഹിത് വെമുലയെപ്പോലെ ഡോക്ടറാവാൻ ഏറെ ആഗ്രഹിച്ചിരുന്നു നിധിൻ. എന്താണ് ഇവിടെ സംഭവിക്കുന്നത്? നൂറ്റാണ്ടുകളായി നരകയാതന അനുഭവിച്ച മനുഷ്യരുടെ സന്തതിപരമ്പരകൾക്ക് ഇന്നും വിദ്യാഭ്യാസവും സ്വപ്നങ്ങളും നിഷേധിക്കപ്പെടുകയാണ്.
ആര്യ: നിതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്?
വിപിൻ: നിധിൻ ശരിക്കും പാവപ്പെട്ട ഒരു കുടുംബത്തിലെ വിദ്യാർത്ഥിയായിരുന്നു. അച്ഛൻ പെയിൻറിങ് തൊഴിലാളിയാണ്. അമ്മ തൊഴിലുറപ്പ് തൊഴിലാളിയാണ്. വളരെ കഷ്ടപ്പെട്ടാണ് അവർ അവനെ പഠിപ്പിച്ചത്. കാരണം അവൻ നന്നായി പഠിക്കുമായിരുന്നു. പ്ലസ്ടുവിനും ഉയർന്ന പത്താം ക്ലാസിൽ അവന് ഫസ്റ്റ് ക്ലാസ് മാർക്കുമുണ്ടായിരുന്നു. എൻട്രൻസ് തനിയെ വീട്ടിലിരുന്ന് പഠിച്ചാണ് അവൻ എഴുതിയെടുത്തത്. കോച്ചിംഗ് സെന്ററിലോ ഒന്നും പോകാൻ നിവൃത്തിയുണ്ടായിരുന്നില്ല. മെറിറ്റിലാണ് അവന് സീറ്റ് കിട്ടിയത്. ഒരാളുടെയും ശുപാർശയും ഉണ്ടായിരുന്നില്ല. അത്ര നന്നായി പഠിക്കുമായിരുന്നു. ഒരു ഡോക്ടർ ആവണമെന്നും എന്തെങ്കിലുമൊക്കെ ഈ സമൂഹത്തിൽ ചെയ്യണമെന്നും തന്റെ കുടുംബത്തെ രക്ഷപ്പെടുത്തണമെന്നും അതിയായി ആഗ്രഹിച്ചിരുന്ന ഒരു വിദ്യാർത്ഥിയെയാണ് അറിവു പകർന്നു കൊടുക്കേണ്ട അധ്യാപകർ ജാതിവെറി മൂത്ത് മരണത്തിലേക്ക് തള്ളിവിട്ടത്. അവന്റെ അച്ഛനും അമ്മയ്ക്കും കുടുംബത്തിനും ഉണ്ടായ നഷ്ടത്തിന് ആര് സമാധാനം പറയും? തീർച്ചയായും, ഞങ്ങളെല്ലാവരും ഇരകളാണ്. ആധുനികകാലത്ത് മനുഷ്യൻ ഇത്രയേറെ വികസിച്ചിട്ടും ശാസ്ത്രവും സാങ്കേതികവിദ്യയും മനുഷ്യന്റെ നിത്യജീവിതത്തിന്റെ ജീവവായുവായി വർത്തിച്ചിട്ടും ജാതിവെറിയെയും മതവെറിയെയും മുറുകെപ്പിടിക്കുന്ന ഈ സമൂഹത്തിന്റെ ഇരകൾ സംഘപരിവാർ വളരെ ആസൂത്രിതമായി കേന്ദ്രീകരിച്ചുള്ള പ്രവർത്തനമാണ് ക്യാമ്പസുകളിൽ ഈ അധ്യാപകരെ കൂട്ടുപിടിച്ചുകൊണ്ട് നടത്തുന്നത്. ഇതിനെ തടയുവാൻ അനിവാര്യമായും പുരോഗമന സമൂഹം ഇടപെടൽ നടത്തുകയാണ് വേണ്ടത്. രോഹിത് വെമുല ആക്ട് നടപ്പിലാക്കാൻ പോലും തയ്യാറാകുന്നില്ലല്ലോ. പട്ടികജാതി– പട്ടികവർഗസംരക്ഷണത്തിനുവേണ്ടി ഒട്ടേറെ നിയമങ്ങൾ ഈ രാജ്യത്തുണ്ട്. പക്ഷേ അതൊന്നും പൂർണമായും നടപ്പിൽ വരുത്തുന്നില്ല എന്നതിന്റെ തെളിവുകളാണ് ഇന്നും ജാതി വ്യവസ്ഥ സമൂഹത്തിൽ രൂഢമൂലമായിരിക്കുന്നത്.
ആര്യ: അന്ന് താങ്കൾ ഈ വിഷയത്തിൽ പരാതി നൽകിയിരുന്നില്ലേ?
വിപിൻ: നൽകിയിരുന്നു. അന്ന് അവർ പരാതി കൊടുത്തതിനു പിന്നാലെ ഞാൻ വിസിക്ക് എന്നെ ജാതീയമായ അധിക്ഷേപം ചെയ്തു, പിഎച്ച്ഡി തടഞ്ഞു എന്ന് കാണിച്ച് വിജയകുമാരിടീച്ചർക്കെതിരെ പരാതി കൊടുത്തിരുന്നു. അതുപോലെതന്നെ പട്ടികജാതി കമ്മീഷൻ, പ്രധാനമന്ത്രി, രാഷ്ട്രപതി, മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി അങ്ങനെ എല്ലാവർക്കും ഞാൻ പരാതി മെയിൽ ആയി അയച്ചിട്ടുണ്ടായിരുന്നു. രാഷ്ട്രപതിക്ക് അയച്ച പരാതി കിട്ടി എന്നും പറഞ്ഞ് ഒരു മെയിൽ തിരിച്ചു വരികയും ചെയ്തു. പക്ഷേ അതിനപ്പുറം ഒന്നുമുണ്ടായില്ല. പിന്നീട് ഞാൻ കോടതിയിൽ പോയി. പ്രൊഫ. വിജയകുമാരിയെ അറസ്റ്റ് ചെയ്യാനുള്ള ഒരു നില വരെ വന്നു. അവർ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചു. രണ്ടു വട്ടവും കോടതി ജാമ്യം നിഷേധിച്ചു. അങ്ങനെ അറസ്റ്റ് ചെയ്യണമെന്ന് പറഞ്ഞ് കേസ് വന്നു. നെടുമങ്ങാട് കോടതിയിൽ കേസ് വിളിച്ചു. ഉപാധികളോടെ ജാമ്യം നൽകി.
ഈ കോടതിയിൽ കേസ് നിൽക്കുമ്പോഴും എന്റെ പരാതി സർവകലാശാലയിലും പട്ടികജാതി കമ്മീഷനിലുമെല്ലാം ഇരിക്കുമ്പോഴും പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും ഞാൻ പരാതി കൊടുത്തതിനുശേഷവും ജാമ്യം അനുവദിച്ച്- ഒരു പത്ത് ദിവസം കഴിയുമ്പോഴേക്കും ഈ അധ്യാപികയെ രാഷ്ട്രപതിയുടെ പ്രത്യേക അനുമതി പ്രകാരം പോണ്ടിച്ചേരി സർവകലാശാലയിൽ എക്സിക്യൂട്ടീവ് അംഗമായി നിയമിച്ചു. അതിനുശേഷം ഹൈദരാബാദ് യൂണിവേഴ്സിറ്റിയുടെ എക്സിക്യൂട്ടീവ് അംഗമായി ചാർജ് കൊടുത്തു. രണ്ടാഴ്ചമുമ്പ്, അവരെ ഡൽഹി യൂണിവേഴ്സിറ്റിയുടെ എക്സിക്യൂട്ടീവ് അംഗമായി രാഷ്ട്രപതി നാമനിർദേശം ചെയ്തിട്ടുണ്ട്.
ആര്യ: കേന്ദ്ര ഗവൺമെന്റാണ് ഇത്തരം ജാതി വിവേചനങ്ങൾക്കും മേധാവിത്വ പ്രവണതകൾക്കും എല്ലാവിധ ഒത്താശയവും ചെയ്തുകൊടുക്കുന്നത്.
വിപിൻ: തീർച്ചയായും, നരേന്ദ്രമോദി ഗവൺമെന്റാണ് കലാലയങ്ങളെ ഇത്തരം ജാതി വിവേചനങ്ങളുടെയും അപരവത്കരണത്തിന്റെയും കേന്ദ്രമാക്കി മാറ്റിക്കൊണ്ടിരിക്കുന്നത്. നിതിന്റെ കേസിലും ഇതുതന്നെയാണ് നടക്കാൻ പോകുന്നത്. അതിലിപ്പോൾ സംഗീത നമ്പ്യാർ എന്ന അധ്യാപികയ്ക്ക് ജാമ്യം കിട്ടി. ഇനി നാളെ കേരളം അവരെ അധ്യാപന രംഗത്തുനിന്നും മാറ്റി നിർത്തിയാലും കേന്ദ്ര ഗവൺമെന്റ് അവരെ എവിടെയെങ്കിലും അരിയിട്ടുവാഴിക്കും. അതാണ് നടക്കാൻ പോകുന്നത് . നീതി കിട്ടാൻ പോകുന്നില്ല എന്ന യാഥാർത്ഥ്യം എനിക്ക് നന്നായിട്ട് അറിയാം.
ആര്യ: വിദ്യാർത്ഥി സംഘടനകൾ ഈ വിഷയത്തിൽ എന്തിടപെടലാണ് നടത്തിയത്?
വിപിൻ: വിദ്യാർത്ഥി സംഘടനകൾ എന്നു പറയുമ്പോൾ ഈ വിഷയം നടന്നതിനുശേഷം എസ്എഫ്ഐ എനിക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് മുന്നോട്ടുവന്നു. എസ്എഫ്ഐക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
വിദ്യാർത്ഥി സംഘടനകൾ പിന്നെ ഈ ആക്ഷൻ നടന്ന സംഭവം കഴിഞ്ഞ ശേഷം എല്ലാ സംഘടനകളും അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്. ഞാൻ എസ്എഫ്ഐക്കാരനായതുകൊണ്ടാവാം മറ്റ് കെഎസ്‌യു അടക്കമുള്ള മറ്റു സംഘടനകൾ ഒന്നും തന്നെ വിഷയത്തിൽ ഒപ്പം നിന്നിട്ടില്ല. നിധിനെ സംബന്ധിച്ച് അവൻ ഒരു നിഷ്പക്ഷ നിലയിൽ നിന്നിരുന്ന ഒരാളാണ്. അതുകൊണ്ടാവാം അവിടെ എല്ലാ സംഘടനകളും മുന്നോട്ടു വന്നത്.
ആര്യ: ജാതീയമായ ഇത്തരം മാറ്റിനിർത്തലുകൾ മുമ്പ് എപ്പോഴെങ്കിലും നേരിടേണ്ടി വന്നിട്ടുണ്ടോ?
വിപിൻ: എനിക്ക് ഏറ്റവും സന്തോഷം തരുന്ന ലോകം ക്യാമ്പസ് ആയിരുന്നു. അവിടെയെല്ലാം ഞങ്ങൾ ഒത്തൊരുമയോടുകൂടിയാണ് മുന്നോട്ടുപോയത്. ഇത്രയും വേദനിപ്പിക്കുന്ന അനുഭവം എന്റെ ജീവിതത്തിൽ മുൻപ് നേരിടേണ്ടി വന്നിട്ടില്ല. നമ്മുടെ കേരളത്തിൽ വിവാഹത്തിന്റെ ഒരു അടിസ്ഥാനം ജാതിവ്യവസ്ഥയാണല്ലോ. എനിക്കൊരു പ്രണയം ഉണ്ടായിരുന്നു പക്ഷേ ഞാൻ ജാതിയിൽ താഴ്ന്നവനാണ് എന്നുള്ളതു കൊണ്ടുമാത്രം അപ്പുറത്തു നിൽക്കുന്ന ആളുടെ വീട്ടുകാർ അത് നിരസിക്കുകയും അങ്ങനെ അപമാനിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ശരിക്കു പറഞ്ഞാൽ ഈ ജാതി വ്യവസ്ഥ പൂർണമായി നീക്കം ചെയ്യണമെങ്കിൽ മാര്യേജ് എന്ന ഇൻസ്റ്റിറ്റ്യൂഷനിൽ ജാതീയമായ തിരഞ്ഞെടുക്കലുകൾ നടത്തുന്നത് അവസാനിപ്പിക്കണം. അവിടെ ശക്തമായ ഒരു സാമൂഹിക ഇടപെടൽ ആവശ്യമുണ്ട് എന്നാണ് എനിക്കു തോന്നുന്നത്. കാരണം ഒരുകാലത്ത് മാറിത്തുടങ്ങിയ ദുരാചാരങ്ങളും മനുഷ്യവിരുദ്ധമായ ആശയങ്ങളും തിരിച്ചു വന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ അടിയന്തരമായ ഇടപെടൽ അനിവാര്യമാണ്.
ആര്യ: കേരളത്തിലെ മാധ്യമങ്ങളോട് എന്താണ് താങ്കൾക്ക് പറയാനുള്ളത്?
വിപിൻ: ‘‘കാള പെറ്റെന്നുകേൾക്കുമ്പോൾ കയറെടുക്കരുത്’’ എന്നു മാത്രമാണ് എനിക്ക് കേരളത്തിലെ മാധ്യമങ്ങളോട് പറയാനുള്ളത്. വസ്തുത എന്താണ് എന്നന്വേഷിക്കാൻ ഇന്നത്തെ കാലത്ത് വലിയ ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ. ഒരു വാർത്ത കൊടുക്കുന്നതിനുമുമ്പ് എന്താണ് യാഥാർത്ഥ്യം എന്ന് ഒന്നന്വേഷിച്ചിട്ട് കൊടുക്കുക. നിരുത്തരവാദപരമായി നിങ്ങൾ ചെയ്യുന്ന ഇത്തരത്തിലുള്ള ഓരോ എക്സ്ക്ലൂസീവുകളും പലരുടെയും ജീവിതം ഇല്ലാതാക്കുമെന്നും പലരെയും മരണത്തിലേക്കുവരെ തള്ളിവിട്ടേക്കാമെന്നും ഒന്ന് ചിന്തിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളൂ. അല്ലാത്തപക്ഷം നിങ്ങൾ കൊടുക്കുന്ന വാർത്തകളിൽ മനസ്സ് തകരുന്ന ഇരകൾ ചിലപ്പോൾ ഒരു നിമിഷത്തിന്റെ വ്യത്യാസത്തിൽ മരണത്തിലേക്ക് പോയേക്കാം. ഞാനത് അനുഭവിച്ചതാണ്. എന്റെ ഒപ്പം എപ്പോഴും സുഹൃത്തുക്കളും ബന്ധുക്കളും ഉണ്ടായിരുന്നതുകൊണ്ട് മാത്രമാണ് അവിടെ നിന്ന് എനിക്ക് കയറിവരാൻ കഴിഞ്ഞത്. ഇപ്പോഴും ജീവിച്ചിരിക്കുന്നത്. l
ആര്യ: നന്ദി, വിപിൻ



