Friday, May 8, 2026

ad

Homeവിശകലനംനവലിബറൽ ഇന്ത്യയിലെ
 പുതിയ വർഗസമരങ്ങൾ

നവലിബറൽ ഇന്ത്യയിലെ
 പുതിയ വർഗസമരങ്ങൾ

ബാബുജി കെ ആർ, വെെക്കം

2026ന്റെ ആദ്യ നാലുമാസങ്ങൾ പൂർത്തിയാകുമ്പോൾ ഇന്ത്യയുടെ തൊഴിൽ ഭൂപടത്തിൽ കാണുന്നത് കേവലം പണിമുടക്കുകളുടെയോ വ്യവസായ തർക്കങ്ങളുടെയോ വരണ്ട സംഖ്യകളല്ല. മറിച്ച്, അതിരൂക്ഷമായ നവലിബറൽ ചൂഷണത്താൽ അദൃശ്യമായിക്കൊണ്ടിരിക്കുന്ന തൊഴിലാളികൾ തങ്ങളുടെ അസ്തിത്വത്തിനും അന്തസ്സിനും വേണ്ടി നടത്തുന്ന സമാനതകളില്ലാത്ത വിപ്ലവകരമായ ചെറുത്തുനിൽപ്പുകളാണ്.

കോർപ്പറേറ്റ് മൂലധനവും ഭരണകൂടവും ചേർന്ന് നിർമിച്ചെടുത്ത, മനുഷ്യനെ വെറും ഉപഭോഗവസ്തുവായി മാത്രം കാണുന്ന പുതിയ ‘തൊഴിൽ കോഡുകൾ’ എന്ന ചങ്ങലക്കെതിരെ അരികുവൽക്കരിക്കപ്പെട്ട മനുഷ്യർ തങ്ങളുടെ വർഗബോധം തിരിച്ചറിഞ്ഞ ഒരു വലിയ രാഷ്ട്രീയ ഉണർവിന്റെ കാലമായിരുന്നു അത്.

ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലേക്കുള്ള കുടിയേറ്റം, വ്യവസായശാലകളിലെ നിരന്തരമായ കരാർവൽക്കരണം, അൽഗോരിതങ്ങൾ നിയന്ത്രിക്കുന്ന ആധുനിക ഡിജിറ്റൽ അടിമത്തം എന്നിവയെല്ലാം ഒരുമിച്ച് ഒരു വർഗസമരത്തിന്റെ പുതിയ പോർമുഖങ്ങൾ തുറന്നതായി ഈ കാലയളവിലെ പ്രക്ഷോഭങ്ങൾ വരച്ചുകാട്ടുന്നു.

ഡിജിറ്റൽ യുഗത്തിലെ 
പുത്തൻ തൊഴിലാളികൾ
ബംഗളൂരുവിലെ കോറമംഗലയിൽ സ്വിഗ്ഗി ഡെലിവറി നടത്തുന്ന 28-കാരനായ രമേഷിന്റെ ജീവിതം സമകാലിക നവലിബറൽ നഗരങ്ങളുടെ ഒരു ക്രൂരമായ പരിച്ഛേദമാണ്. പ്രതിദിനം 14 മണിക്കൂർ വിശ്രമമില്ലാത്ത ജോലി, കുതിച്ചുയരുന്ന ഇന്ധനച്ചെലവ്, പ്ലാറ്റ്‌ഫോമുകൾ ഊറ്റിയെടുക്കുന്ന 30 ശതമാനം കമ്മീഷൻ, സുതാര്യമല്ലാത്ത അൽഗോരിതങ്ങൾ വിധിക്കുന്ന പിഴകൾ. ഇതിനെല്ലാമൊടുവിൽ ഒരു മനുഷ്യന്റെ കഠിനാധ്വാനത്തിന് ലഭിക്കുന്നത് വെറും 800 രൂപ മാത്രം. “വഴക്കമുള്ള തൊഴിൽ”, “സ്വതന്ത്ര സംരംഭകൻ” എന്നീ മധുരമായ വാക്കുകളിൽ കോർപ്പറേറ്റ് മൂലധനം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു മറച്ചുവെക്കുന്നത് അടിസ്ഥാന തൊഴിലവകാശങ്ങളുടെ നഗ്നമായ ലംഘനമാണ്.

പുതുവത്സരത്തലേന്ന് (2025 ഡിസംബർ 31) ആസൂത്രിതമായി ഇൻസെന്റീവുകൾ വെട്ടിക്കുറച്ചത് പെട്ടെന്നുള്ള ഒരു പ്രകോപനമല്ലായിരുന്നു; മറിച്ച്, വർഷങ്ങളായി അനുഭവിക്കുന്ന ചൂഷണത്തിന്റെ അനിവാര്യമായ പൊട്ടിത്തെറിയായിരുന്നു. “തുച്ഛമായ തുകയ്ക്ക് ഇനി 10 മിനിറ്റ് ഡെലിവറികൾ വേണ്ട. സഹിച്ചത് മതി” എന്ന ഒറ്റ വാട്ട്‌സാപ്പ് സന്ദേശം ആധുനിക ഡിജിറ്റൽ യുഗത്തിലെ ലഘുലേഖയായി മാറി.

ഡിസംബർ 31-ന് അർധരാത്രി മുതൽ ജനുവരി 1ന് അർധരാത്രി വരെ രാജ്യത്തെ 50 നഗരങ്ങളിലായി ഏകദേശം രണ്ടു ലക്ഷത്തോളം ഗിഗ് തൊഴിലാളികൾ (സ്വിഗ്ഗി, സൊമാറ്റോ, ബ്ലിങ്കിറ്റ്, സീപ്റ്റോ, ആമസോൺ തുടങ്ങിയവ) നടത്തിയ ‘ലോഗ്- ഓഫ്’ സമരം പ്ലാറ്റ്‌ഫോം സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചു. ഒരു ഔദ്യോഗിക യൂണിയന്റെയും പിന്തുണയില്ലാതെ, മുൻകൂർ നോട്ടീസില്ലാതെ, തൊഴിലാളികളുടെ ദൈനംദിന ജീവിതാനുഭവങ്ങളിൽ നിന്ന് ഉയർന്നുവന്ന ഈ സ്വാഭാവികമായ പ്രതിരോധം “ചിതറിക്കിടക്കുന്ന ഗിഗ് തൊഴിലാളികളെ സംഘടിപ്പിക്കാനാവില്ല” എന്ന പരമ്പരാഗത മുതലാളിത്ത മിഥ്യയെ തച്ചുതകർത്തു.

പിന്നീട് സിഐടിയു, എഐടിയുസി തുടങ്ങിയ ഇടതുപക്ഷ ട്രേഡ് യൂണിയനുകൾ ഈ സമരത്തെ രാഷ്ട്രീയമായി ഏറ്റെടുക്കുകയും, അതിലെ സ്ത്രീപങ്കാളിത്തം തൊഴിലിടങ്ങളിലെ ലിംഗപരമായ ചൂഷണത്തെ കൂടുതൽ ക്രൂരമായി തുറന്നുകാട്ടുകയും ചെയ്തു. ഈ സമരത്തിന്റെ ഫലമായി 10 മിനിറ്റ് ഡെലിവറി നിരോധിക്കുന്ന സർക്കാർ ഇടപെടൽ ഉണ്ടായത് ഈ മേഖലയിലെ തൊഴിലാളി ഐക്യത്തിന്റെ ആദ്യ വിജയമായി.

ബറൗണിയിലെയും പാനിപ്പത്തിലെയും പ്രക്ഷോഭങ്ങൾ
ഇന്ത്യൻ പൊതുമേഖലാ സ്ഥാപനങ്ങൾ നവലിബറൽ നയങ്ങളുടെ പരീക്ഷണശാലകളായി മാറുന്നതിന്റെ ഉത്തമ ഉദാഹരണങ്ങളാണ് ഐഒസിഎൽ ബറൗണി, പാനിപ്പത്ത് റിഫൈനറി എന്നിവിടങ്ങളിലെ സമരങ്ങൾ. 1965-ൽ സോവിയറ്റ് യൂണിയന്റെ സഹായത്തോടെ “വോൾഗ ഗംഗയുമായി സംഗമിക്കുന്നു” എന്ന ചരിത്രപ്രഖ്യാപനത്തോടെ ആരംഭിച്ച ബറൗണി റിഫൈനറി ഇന്ന് സ്ഥിരം തൊഴിലാളികളേക്കാൾ നാലിരട്ടി (4000 മുതൽ 7500 വരെ) കരാർ തൊഴിലാളികളെ വെച്ച് പ്രവർത്തിക്കുന്ന ഒരു ചൂഷണകേന്ദ്രമാണ്.

ബറൗണിയിലെ സെമി-സ്കിൽഡ് കരാർ തൊഴിലാളിയായ വിമലേഷ് കുമാറിന്റെ ജീവിതം ഈ ഘടനാപരമായ ചൂഷണത്തിന്റെ നേർചിത്രമാണ്. നിയമപരമായ മിനിമം കൂലി പോലും നിഷേധിക്കപ്പെടുന്ന, 12 മണിക്കൂർ ഷിഫ്റ്റുകളിൽ വിശ്രമമില്ലാതെ പണിയെടുപ്പിക്കുന്ന ഈ വ്യവസ്ഥ മനുഷ്യനെ, ലാഭമുണ്ടാക്കാനുള്ള വെറും യന്ത്രമായാണ് കാണുന്നത്.

റിഫൈനറിയിലെ സുരക്ഷയില്ലായ്മയും അപകടങ്ങളും സൃഷ്ടിച്ച അരക്ഷിതാവസ്ഥയിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട സമരം ഫെബ്രുവരി 2-ന് ആരംഭിച്ചു. ഗേറ്റുകളിലെ ഉപരോധമായി മാറിയ ഈ സമരത്തിൽ ലാൽ ബാബു റായിയെപ്പോലുള്ള നേതാക്കളുടെ അറസ്റ്റും സസ്പെൻഷനും തൊഴിലാളികളുടെ ധൈര്യത്തെ ഒട്ടും കെടുത്തിയില്ല; മറിച്ച്, കൂടുതൽ തീവ്രമായി സമരം ചെയ്യാൻ അവർക്ക് കഴിഞ്ഞു.

ബറൗണിയിലെ ഈ സമരം കേവലം കൂലികൂടുതലിനു വേണ്ടിയുള്ള വിലപേശലല്ലായിരുന്നു; സ്ഥിരം ജീവനക്കാരുടെ അവകാശങ്ങളിൽ നിന്ന് തങ്ങളെ പുറത്താക്കി അദൃശ്യരാക്കുന്ന വ്യവസ്ഥാപിത കരാർവൽക്കരണത്തിനെതിരെയുള്ള ശക്തമായ രാഷ്ട്രീയ പ്രഹരമായിരുന്നു.

ഫെബ്രുവരി 23-ന് ഹരിയാനയിലെ പാനിപ്പത്ത് ഐഒസിഎൽ റിഫൈനറിയിലും സമാനമായ സമരം അരങ്ങേറി. ഫെബ്രുവരി 21-ലെ അപകടങ്ങളെ (രണ്ടു പേർ മരിച്ചു, ഒരാളുടെ കാൽ മുറിച്ചുമാറ്റേണ്ടി വന്നു) ത്തുടർന്നുണ്ടായ പ്രതിഷേധം ആഴ്ചയിൽ 84 മണിക്കൂർ ജോലി ചെയ്യാൻ നിർബന്ധിതരാകുന്ന തൊഴിലാളികൾ തങ്ങളുടെ ജീവിതത്തെ മൂലധനത്തിന്റെ കൊള്ളലാഭം വളർത്തുവാൻ മാത്രമായി വിട്ടുകൊടുക്കാൻ തയ്യാറല്ലെന്ന ഉറച്ച പ്രഖ്യാപനമായി മാറി.

ഊർജ മേഖലയിലെ തൊഴിലാളികൾ 
ഉയർത്തുന്ന അഗ്നിജ്വാലകൾ
ഉത്തർപ്രദേശിലെ സോൺഭദ്ര ജില്ലയിലെ ഒബ്ര തെർമൽ പവർ പ്ലാന്റ് നവലിബറൽ കരാർവൽക്കരണത്തിന്റെ മറ്റൊരു പരീക്ഷണശാലയായിരുന്നു. ജനുവരി 14-ന് ആരംഭിച്ചതും മാർച്ച് 24-ന് വീണ്ടും പൊട്ടിപ്പുറപ്പെട്ടതുമായ ഈ സമരങ്ങൾ വേതനവിതരണം വൈകുന്നതിനെതിരെയും 12 മണിക്കൂർ ഷിഫ്റ്റുകളുടെ ക്രൂരതയ്ക്കെതിരെയുമുള്ള തൊഴിലാളികളുടെ പ്രതിഷേധമായിരുന്നു.

കരാർ തൊഴിലാളിയായ രാകേശ് യാദവിന്റെ ജീവിതം ഈ യന്ത്രവൽക്കരിക്കപ്പെട്ട ചൂഷണത്തിന്റെ തെളിവാണ്. മാസങ്ങൾക്കു മുമ്പുള്ള വേതനം പോലും ലഭിക്കാതെ, ESI, PF തുകകൾ കോൺട്രാക്ടർമാർ കൈക്കലാക്കിയ, ടോയ്‌ലറ്റ് സൗകര്യംപോലുമില്ലാതെ 14 മണിക്കൂർ പണിയെടുക്കുന്ന ഒരു മനുഷ്യയന്ത്രം.

“ഞങ്ങൾ വെറും കൽക്കരി തീനികളല്ല, ഞങ്ങൾക്കും മനുഷ്യനായി ജീവിക്കാനുള്ള അവകാശമുണ്ട്” എന്ന ഒറ്റ വാചകം വാട്ട്‌സാപ്പ് ഗ്രൂപ്പിൽ നിന്നു പടർന്നു. ഔദ്യോഗിക യൂണിയനുകളുടെ മുൻകൂർ അനുമതിയില്ലാതെ തൊഴിലാളികൾ സമരമുഖത്തേയ്ക്ക് തിരിഞ്ഞു. NTPC പട്രാതു (ഝാർഖണ്ഡ്), നാബിനഗർ (ബിഹാർ), അദാനി കോർബ (ഛത്തീസ്ഗഡ്) തുടങ്ങിയ മറ്റു പവർ പ്ലാന്റുകളിലും ഒരേസമയം ഉയർന്ന സമരങ്ങൾ പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം ഒരേ നവലിബറൽ ടെംപ്ലേറ്റിൽ രൂപപ്പെട്ടിരിക്കുന്നതിന്റെ തെളിവായി.

ഈ സമരങ്ങൾ വെറും വേതനത്തിനുവേണ്ടിയല്ല; ഊർജോത്പാദനത്തിന്റെ നട്ടെല്ലായ തൊഴിലാളികളെ അദൃശ്യരാക്കുന്ന ഘടനാപരമായ അനീതിക്കെതിരെയുള്ള പ്രതിരോധമായിരുന്നു. ഭരണകൂടം ജാമറുകൾ ഉപയോഗിച്ച് വാർത്തകൾ തടഞ്ഞപ്പോഴും ഡിജിറ്റൽ ഇടങ്ങളിലൂടെ വർഗസമരത്തിന്റെ തീ പടർന്നു.

എൻസിആർ വ്യവസായ ഇടനാഴികളിലെ തൊഴിലാളി മുന്നേറ്റം
ഏപ്രിൽ മാസത്തിൽ നോയിഡ, ഗ്രേറ്റർ നോയിഡ, ഗുരുഗ്രാം എന്നീ എൻസിആർ വ്യവസായ ഇടനാഴികളിൽ നടന്ന പ്രക്ഷോഭങ്ങൾ കുടിയേറ്റ തൊഴിലാളികളുടെ അതിജീവനപോരാട്ടത്തിന്റെ ഏറ്റവും ശ്രേഷ്ഠമായ ഉദാഹരണമാണ്. ബീഹാറിലെയും ഉത്തർപ്രദേശിലെയും ഗ്രാമങ്ങളിൽ നിന്ന് കുടിയേറി മാസം 11,000 രൂപയ്ക്ക് പണിയെടുക്കുന്ന ഈ മനുഷ്യരെ കോർപ്പറേറ്റ് മൂലധനം വിലകുറഞ്ഞ ചരക്കുകളായി മാത്രം കണക്കാക്കിയിരുന്നു. വിലക്കയറ്റവും പാചകവാതക വില വർദ്ധനവും ജീവിതം അസാധ്യമാക്കിയപ്പോൾ അവർ തെരുവിലിറങ്ങി.

മനേസർ ഓട്ടോമൊബൈൽ 
ഫാക്ടറി പ്രക്ഷോഭങ്ങൾ
ഏപ്രിലിൽ മനേസറിലെ ഓട്ടോമൊബൈൽ ഫാക്ടറികളിൽ (മാരുതി സുസുക്കി, ഹോണ്ട, ഹീറോ തുടങ്ങിയവ) നടന്ന പ്രക്ഷോഭങ്ങൾ തൊഴിലാളി ഐക്യത്തിന്റെ ഏറ്റവും ശക്തമായ മാതൃകയായി. 11,000 രൂപയ്ക്ക് മാസങ്ങളോളം പണിയെടുത്ത കരാർ തൊഴിലാളികൾ ഏകോപിച്ച സമരത്തിലൂടെയാണ് 16,000 രൂപ എന്ന വേതനവർദ്ധനവ് നേടിയത് “അസംഘടിതരെ ഒന്നിപ്പിക്കാനാവില്ല” എന്ന മുതലാളിത്ത മിഥ്യയെ തകർത്തു. ഡിജിറ്റൽ ഗ്രൂപ്പുകളിലൂടെയും ഫാക്ടറി ഗേറ്റുകളിലെ ഉപരോധത്തിലൂടെയും നടന്ന ഈ പോരാട്ടം കുടിയേറ്റ തൊഴിലാളികൾക്ക് മാത്രമല്ല, മുഴുവൻ എൻസിആർ മേഖലയിലെ തൊഴിലാളിവർഗത്തിനും ഇത് ഒരു പ്രചോദനമായി.

ഇവിടെ ഏറ്റവും ശ്രദ്ധേയമായത് മുഖ്യധാരാ മാധ്യമങ്ങളുടെയും ഭരണകൂടത്തിന്റെയും പ്രതികരണമാണ്. ടൈംസ് നൗ, സിഎൻഎൻ -ന്യൂസ് 18 തുടങ്ങിയ കോർപ്പറേറ്റ് മാധ്യമങ്ങൾ തൊഴിലാളികളുടെ സംഘാടനത്തെ ഭീകരവാദപ്രവർത്തനമായി ചിത്രീകരിച്ചു വാർത്തകൾ നൽകി.

• “QR കോഡുകൾ വഴി തൊഴിലാളികളെ വാട്ട്‌സാപ്പ് ഗ്രൂപ്പുകളിൽ ചേർക്കുന്നു”
• “ഒറ്റരാത്രികൊണ്ട് പ്രതിഷേധക്കാർ വാട്ട്‌സാപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കി.”
• “പ്രക്ഷോഭവുമായി ബന്ധപ്പെട്ട പോസ്റ്റുകൾ വാട്ട്‌സാപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു.”
വാട്ട്‌സാപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കി അവകാശങ്ങളെക്കുറിച്ച് സംസാരിക്കുന്നത് ഒരു ജനാധിപത്യരാജ്യത്ത് എന്തുകൊണ്ടാണ് രാജ്യദ്രോഹമായി മാറുന്നത്? ഉൽപ്പാദനത്തെ വികേന്ദ്രീകരിച്ച് തൊഴിലാളികളെ പരസ്പരം അകറ്റി ചൂഷണം ചെയ്യുന്ന മുതലാളിത്തതന്ത്രത്തെ സാമൂഹ്യമാധ്യമങ്ങളിലൂടെ തൊഴിലാളികൾ മറികടന്നതാണ് കോർപ്പറേറ്റുകളെയും ഭരണകൂടത്തെയും ഞെട്ടിച്ചത്.

ഫെയ്സ്ബുക്കിന്റെ അൽഗോരിതങ്ങൾ യൂണിയൻ പേജുകൾക്ക് ഷാഡോബാൻ ഏർപ്പെടുത്തിയപ്പോഴും, പാക്കിസ്താൻ ബന്ധം ആരോപിച്ച് യുപി സർക്കാർ തൊഴിലാളികളെ വേട്ടയാടിയപ്പോഴും ഈ ഡിജിറ്റൽ സംഘാടനം ഒരു പുതിയ സമരരൂപമായി പരിണമിച്ചു.

മുഖ്യമന്ത്രി ആദിത്യനാഥിന്റെ “നക്സലിസത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമം” എന്ന പ്രസ്താവന ഭരണകൂടത്തിന്റെ ഉള്ളിലെ ഭയത്തെയാണ് തുറന്നുകാട്ടിയത്.

ശാസ്ത്രീയ ജീവിതവേതനവും 
അദൃശ്യരാക്കപ്പെടുന്ന മനുഷ്യരും
ഈ പ്രക്ഷോഭങ്ങളെ നാം വായിക്കേണ്ടത് ഭരണകൂടം നിശ്ചയിക്കുന്ന മനുഷ്യജീവിതത്തിന്റെ വിവേചനപരമായ ഇരട്ടത്താപ്പുകളിലൂടെക്കൂടി ആണ്. 2026 ഏപ്രിൽ 14-ന് കേന്ദ്ര സർക്കാർ ജീവനക്കാരുടെ യൂണിയൻ ഫെഡറേഷനായ നാഷണൽ കൗൺസിൽ ജെസിഎം (സ്റ്റാഫ് സൈഡ്) എട്ടാം ശമ്പളക്കമ്മീഷന് സമർപ്പിച്ച മെമ്മോറാണ്ഡം രാജ്യത്ത് നിലനിൽക്കുന്ന വർഗവിവേചനത്തിന്റെ ആഴം കൃത്യമായി വ്യക്തമാക്കുന്നുണ്ട്.

1991-ലെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഭക്ഷണം, വസ്ത്രം, പാർപ്പിടം, ഇന്ധനം, വിദ്യാഭ്യാസം, വിനോദം എന്നീ അടിസ്ഥാന ആവശ്യങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ “സയന്റിഫിക് ലിവിങ് വേജ് ഫോർമുല” (Scientific Living Wage Formula) ഉപയോഗിച്ചാണ് അവർ പുതിയ ശമ്പളഘടന കണക്കാക്കിയിരിക്കുന്നത്. ഇതിലെ ഏറ്റവും ശ്രദ്ധേയമായ മാറ്റം കുടുംബത്തിന്റെ നിർവചനത്തിലാണ്. പഴയ മൂന്നു -യൂണിറ്റ് കുടുംബത്തിന് പകരം, ആശ്രിതരായ മാതാപിതാക്കളെക്കൂടി ഉൾപ്പെടുത്തി കുടുംബത്തെ അഞ്ചു യൂണിറ്റായി (ജീവനക്കാരൻ + പങ്കാളി + 2 കുട്ടികൾ + മാതാപിതാക്കൾ) കണക്കാക്കുമ്പോൾ, ഇന്ത്യയിൽ ഒരു കുടുംബത്തിന് മാന്യമായി ജീവിക്കാൻ വേണ്ട ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 69,000 രൂപയായിരിക്കണമെന്നാണ് ഈ ശാസ്ത്രീയ പഠനം വ്യക്തമാക്കുന്നത്.

ഇവിടെ ഒരു വലിയ ചോദ്യം ഉയരുന്നുണ്ട്: ഒരു അഞ്ചംഗ കുടുംബത്തിന് മാന്യമായി ജീവിക്കാൻ രാജ്യത്ത് 69,000 രൂപ ശാസ്ത്രീയമായി അത്യാവശ്യമാണെങ്കിൽ, ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന അസംഘടിതരായ തൊഴിലാളികളുടെ കുടുംബങ്ങൾക്ക് ഈ ശാസ്ത്രീയത ബാധകമല്ലേ? എൻസിആർ വ്യവസായ ഇടനാഴികളിൽ കേവലം 11,000 രൂപയ്ക്കും 15,000 രൂപയ്ക്കും 12 മണിക്കൂർ പണിയെടുക്കാൻ വിധിക്കപ്പെട്ട മനുഷ്യർക്ക് ഈ രാജ്യത്ത് അന്തസ്സോടെ ജീവിക്കാൻ അവകാശമില്ലേ?

വർദ്ധിച്ചുവരുന്ന ജീവിതച്ചെലവുകൾ എല്ലാവർക്കും ഒരുപോലെ ബാധകമായിരിക്കെ, അസംഘടിത മേഖലയിലെ തൊഴിലാളികളെ മാത്രം പട്ടിണിക്കിടുന്ന ഈ നവലിബറൽ ഭരണകൂട യുക്തിക്കെതിരെയുള്ള സ്വാഭാവികമായ പൊട്ടിത്തെറിയാണ് ഈ രാജ്യത്തുടനീളം ഇന്നു നാം കാണുന്നത്.

ഫെബ്രുവരി 12- ലെ ഭാരത് ബന്ദ്
മുതലാളിത്തം എക്കാലവും ശ്രമിച്ചത് തൊഴിലാളികളെ സ്ഥിരം-–കരാർ, വ്യവസായം–കൃഷി എന്നിങ്ങനെ വിഭജിച്ച് പരസ്പരം പോരടിപ്പിക്കാനാണ്. എന്നാൽ ഫെബ്രുവരി 12-ലെ ഭാരത് ബന്ദ് മുതലാളിത്തം വരച്ചിട്ട ഈ കൃത്രിമ അതിർവരമ്പുകളെ പൂർണമായി തകർത്തു. സിഐടിയു അടക്കമുള്ള പത്തു കേന്ദ്ര ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത ഈ പണിമുടക്കിൽ 30 കോടിയോളം മനുഷ്യർ പങ്കെടുത്തു.

കാൺപൂരിലെ ലെതർ ക്ലസ്റ്ററുകളിലും ഛത്തീസ്ഗഡിലെ ഖനികളിലും യൂണിയൻ കാർഡ് പോലും കണ്ടിട്ടില്ലാത്ത അസംഘടിത കരാർ തൊഴിലാളികൾ സ്ഥിരം സഹപ്രവർത്തകർക്കൊപ്പം ഗേറ്റുകളിൽ ചെങ്കൊടിയേന്തി നിന്നു. 12 മണിക്കൂർ ഷിഫ്റ്റുകൾ നിയമവിധേയമാക്കുന്ന പുതിയ ലേബർ കോഡുകൾക്കെതിരെയുള്ള ജീവന്മരണപോരാട്ടമായിരുന്നു അത്. സംയുക്ത കിസാൻ മോർച്ചയുടെ (SKM) നേതൃത്വത്തിൽ കർഷകരും പങ്കുചേർന്നതോടെ ഇന്ത്യയുടെ ഗ്രാമീണ–-നഗര അധ്വാനശക്തികളുടെ അഭൂതപൂർവമായ സഖ്യത്തിന് രാജ്യം സാക്ഷ്യം വഹിച്ചു.

ഈ ചരിത്രമുഹൂർത്തത്തിൽ ആർഎസ്എസ് അനുകൂല ട്രേഡ് യൂണിയൻ സംഘടനയായ ബിഎംഎസ് സമരത്തെ ബഹിഷ്കരിച്ചത് യാദൃച്ഛികമല്ല. അത് ഭരണകൂട-–കോർപ്പറേറ്റ് അച്ചുതണ്ടിനോടുള്ള അവരുടെ വർഗവിധേയത്വത്തെയും ചരിത്രപരമായ തൊഴിലാളിവർഗ വഞ്ചനയെയും ഒരിക്കൽ കൂടി തുറന്നുകാണിച്ചു.

മറുവശത്ത്, ഔപചാരിക യൂണിയനുകൾ ഇല്ലാത്തിടങ്ങളിൽ പോലും സമരങ്ങൾ ഉയർന്നുവന്നപ്പോൾ അവയ്ക്ക് രാഷ്ട്രീയ ദിശാബോധം നൽകാനും ഐക്യദാർഢ്യം പ്രഖ്യാപിക്കാനും ഡൽഹിയിലും നോയിഡയിലും ഓടിയെത്തിയത് കമ്യൂണിസ്റ്റ് പാർട്ടിയുടെയും സിഐടിയുവിന്റെയും പ്രവർത്തകരായിരുന്നു. ഇത് രാജ്യത്ത് പുതിയ ഇടതുപക്ഷ രാഷ്ട്രീയ ഇടങ്ങൾ രൂപീകരിക്കപ്പെടുന്നതിനെ സൂചിപ്പിക്കുന്നു.

വികസന മാതൃകകളുടെ പൊള്ളത്തരങ്ങളും 
പുതിയ രാഷ്ട്രീയ ഇടങ്ങളും
കർണാടകത്തിലെ ഐടി- ഓട്ടോമൊബൈൽ കുതിപ്പിന്റെയും ഗുജറാത്തിലെ വാഴ്ത്തപ്പെട്ട “വികസന മോഡലിന്റെയും” യഥാർത്ഥ വില നൽകുന്നത് അവിടുത്തെ തൊഴിലാളികളാണ്. പീനിയയിലെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ ഷെഡ്ഡുകളിൽ ഉറങ്ങുന്ന തൊഴിലാളികളും സൂററ്റിലെ പവർലൂം ക്ലസ്റ്ററുകളിൽ 14 മണിക്കൂർ ജോലി ചെയ്യുന്ന സ്ത്രീതൊഴിലാളികളും തെരുവിലിറങ്ങിയപ്പോൾ, ഈ വികസന മാതൃകകൾ കുടിയേറ്റ തൊഴിലാളികളുടെ ചോരയിലും വിയർപ്പിലും പടുത്തുയർത്തിയ വെറും കെട്ടുകാഴ്ചകൾ മാത്രമാണെന്ന് ലോകം തിരിച്ചറിഞ്ഞു.

ഈ ഘടനാപരമായ ചൂഷണത്തിന്റെ ഏറ്റവും ക്രൂരവും പ്രത്യക്ഷവുമായ ഉദാഹരണമായിരുന്നു ഗുജറാത്തിലെ വാഴ്ത്തപ്പെട്ട “വികസന മോഡലിന്റെ” മുഖമുദ്രയായ ഹസിറയിലെ അർസലോർമിത്താൽ നിപ്പോൺ സ്റ്റീൽ ഇന്ത്യ (AM/NS) പ്ലാന്റിൽ ലാർസൻ ആൻഡ് ടൗബ്രോ (L&T) കരാർ തൊഴിലാളികൾ ഫെബ്രുവരി 28-ന് നടത്തിയ പ്രക്ഷോഭം. ഉത്തർപ്രദേശ്, ബിഹാർ, പശ്ചിമ ബംഗാൾ, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിൽ നിന്നു പറിച്ചുനടപ്പെട്ട രണ്ടായിരത്തിലധികം (ചില റിപ്പോർട്ടുകൾ പ്രകാരം അയ്യായിരത്തോളം വരും) കുടിയേറ്റ മനുഷ്യർ തങ്ങളുടെ അധ്വാനത്തിന് അർഹമായ കൂലിക്കും, ഓവർടൈം കണക്കുകളിലെ സുതാര്യതയ്ക്കും, എല്ലാറ്റിനുമുപരിയായി മാന്യമായ തൊഴിൽ സമയത്തിനും വേണ്ടി ഒറ്റക്കെട്ടായി ശബ്ദമുയർത്തിയപ്പോൾ നവലിബറൽ ഭരണകൂടം അവർക്കു നൽകിയ മറുപടി എന്തായിരുന്നു? നിക്ഷേപകർക്ക് ചുവപ്പുപരവതാനി വിരിക്കുന്ന ഗുജറാത്ത് പൊലീസ് 35-ലധികം കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിച്ചാണ് ആ തൊഴിലാളികളെ നേരിട്ടത്. പുതിയ ഭാരതീയ ന്യായ സംഹിതയിലെ (BNS) 109-–ാം വകുപ്പ് പ്രകാരം നാൽപ്പതിലധികം തൊഴിലാളികളെയാണ് ഭരണകൂടം വേട്ടയാടി ജയിലിലടച്ചത്.

പാനിപ്പത്ത് ഐഒസിഎൽ സമരത്തിലെ വർഗബോധത്തിൽ നിന്ന് ഊർജമുൾക്കൊണ്ടായിരുന്നു ഹസിറയിലെയും സ്വാഭാവികമായ ഈ പ്രതിരോധം. മുതലാളിത്തത്തിന്റെ ലാഭാർത്തിക്കായി, ഫാക്ടറീസ് ആക്ട് ഭേദഗതി ചെയ്ത് 12 മണിക്കൂർ ഷിഫ്റ്റും അധിക ഓവർടൈമും നിയമവിധേയമാക്കിയ ഗുജറാത്ത് സർക്കാരിന്റെ “തൊഴിൽ വഴക്കത്തിന്റെ” (Flexibility) യഥാർത്ഥ മുഖം കൂടിയാണ് ഇവിടെ അനാവരണം ചെയ്യപ്പെടുന്നത്. കോർപ്പറേറ്റ് മൂലധനത്തിന് സർവ്വസംരക്ഷണവും നിക്ഷേപകർക്ക് എല്ലാവിധ സൗകര്യങ്ങളും ചെയ്തു കൊടുക്കുന്ന ഈ പുതിയ “കോർപ്പറേറ്റ് വ്യവസ്ഥയിൽ” അടിസ്ഥാന അവകാശങ്ങൾ ചോദിക്കുന്ന തൊഴിലാളികൾക്ക് ലഭിക്കുന്നത് പൊലീസ് ലാത്തികളും കണ്ണീർ വാതകവും മാത്രമാണ്.

“മൗനമായി അടിമപ്പണിയെടുക്കുമ്പോൾ മാത്രം സ്വാഗതം ചെയ്യപ്പെടുകയും, അവകാശങ്ങൾക്കായി ശബ്ദമുയർത്തുമ്പോൾ നിഷ്കരുണം അടിച്ചമർത്തപ്പെടുകയും ചെയ്യുന്ന” കുടിയേറ്റ തൊഴിലാളികളുടെ ദുരന്തമാണ് ഗുജറാത്ത് മോഡൽ ഇന്ന് രാജ്യത്തിന് മുന്നിൽ ബാക്കിവെക്കുന്നത്.

അദൃശ്യരുടെ ഉയിർത്തെഴുന്നേൽപ്പ്
2026-ലെ ഇന്ത്യൻ തൊഴിലിടങ്ങൾ സാക്ഷ്യം വഹിച്ചത് കേവലം ഡിമാൻഡ് ചാർട്ടറുകളുടെ അവതരണത്തിനല്ല; കോർപ്പറേറ്റനുകൂല തൊഴിൽ കോഡുകളിലൂടെ അരികുവൽക്കരിക്കപ്പെട്ട മനുഷ്യർ തങ്ങളുടെ രാഷ്ട്രീയ അസ്തിത്വം പ്രഖ്യാപിച്ചതിനാണ്. സ്വിഗ്ഗിയിലെ ഡെലിവറി ബാഗ് ചുമക്കുന്നവനും, സൂററ്റിലെ പവർലൂമിൽ തുന്നുന്നവളും, പാനിപ്പത്തിലെ കരാർ തൊഴിലാളിയും, മനേസറിലെ ഓട്ടോ തൊഴിലാളിയും തങ്ങൾ ഒരേ മുതലാളിത്ത ഘടനയാൽ ചൂഷണം ചെയ്യപ്പെടുന്നവരാണെന്ന അഗാധമായ വർഗബോധത്തിലേക്ക് ഉണർന്നിരിക്കുന്നു.

നവലിബറൽ ഭരണകൂടവും കോർപ്പറേറ്റ് മൂലധനവും തൊഴിലാളികളെ ‘സംഘടിക്കാനാവാത്തവർ’ എന്ന് മുദ്രകുത്തിയപ്പോൾ, ഈ മനുഷ്യർ തങ്ങളുടെ ജീവിതത്തെയും ഡിജിറ്റൽ ഇടങ്ങളെയും പ്രതിരോധത്തിന്റെ പുതിയ പാഠശാലകളാക്കി മാറ്റി. ലേബർ കോഡുകൾ സൃഷ്ടിച്ച അരക്ഷിതാവസ്ഥ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ മുന്നേറ്റത്തിൽ പുതിയൊരു അധ്യായം തുറന്നിരിക്കുകയാണ്. സമരങ്ങളുടെ ഈ വസന്തകാലം ഒരു അവസാനമല്ല; അസംഘടിത മേഖലയിലെ കുടിയേറ്റത്തൊഴിലാളികളുടെയും സ്ത്രീകളുടെയും നേതൃത്വത്തിൽ, ഇന്ത്യയിലെമ്പാടും അധ്വാനിക്കുന്ന മനുഷ്യർ തങ്ങളുടെ അന്തസ്സിനും ജീവിക്കാനുള്ള അവകാശത്തിനും വേണ്ടി നടത്തുന്ന സുദീർഘമായ വർഗസമരത്തിന്റെ ഐതിഹാസികമായ തുടക്കം മാത്രമാണ്. പോരാട്ടം തുടരുക തന്നെയാണ്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

3 × 3 =

Most Popular