Friday, April 24, 2026

ad

Homeവിശകലനംഡീലിമിറ്റേഷൻ എന്ന 
അധികാര ഗൂഢാലോചന

ഡീലിമിറ്റേഷൻ എന്ന 
അധികാര ഗൂഢാലോചന

ബാബുജി കെ ആർ വെെക്കം

മകാലിക ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറ്റവും നിർണായകവും എന്നാൽ വേണ്ടത്ര ഗൗരവത്തോടെ മുഖ്യധാരയിൽ ചർച്ചചെയ്യപ്പെടാത്തതുമായ ഒരു വിഷയമാണ് വരാനിരിക്കുന്ന ലോക്-സഭാ മണ്ഡല പുനർനിർണയം അഥവാ ഡീലിമിറ്റേഷൻ എന്നത‍്. ഒരു പുരോഗമന ആശയമെന്ന നിലയിൽ നാം സ്വാഗതം ചെയ്ത വനിതാ സംവരണ നിയമം – 2023 [ഭരണഘടന (106-–ാം ഭേദഗതി) ആക്ട്, 2023] ഇപ്പോൾ യഥാർത്ഥത്തിൽ മോദി സർക്കാരിന്റെ സങ്കുചിതമായ അധികാര കേന്ദ്രീകരണത്തിനുള്ള ഒരു കുതന്ത്രമായി ഉപയോഗിക്കപ്പെടുകയാണ്.

ഇതൊരു കേവല സീറ്റ് എണ്ണം വെച്ചുള്ള ഗണിതശാസ്ത്ര പ്രശ്നമല്ല, മറിച്ച് ഇന്ത്യയുടെ ഫെഡറൽ ഘടനയെയും സാംസ്കാരിക ബഹുസ്വരതയെയും അടിമുടി അട്ടിമറിക്കാൻ പോകുന്ന ഒരു ‘ഭൂരിപക്ഷ ജനാധിപത്യ ദുരുപയോഗം’ (Majoritarian Democratic Manipulation) ആണെന്ന് ഒന്ന് ശ്രദ്ധിച്ചാൽ വ്യക്തമാകും.

വരാനിരിക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ സുപ്രധാനമായ മൂന്നു ബില്ലുകളാണ് യൂണിയൻ സർക്കാർ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്: ഭരണഘടനയുടെ 131-–ാം ഭേദഗതി ബിൽ 2026, ഡീലിമിറ്റേഷൻ ബിൽ 2026, കൂടാതെ യൂണിയൻ ടെറിട്ടറി ലോസ് (അമെൻഡ്മെന്റ്) ബിൽ 2026 (കേന്ദ്രഭരണ പ്രദേശങ്ങളിലെ വനിതാ സംവരണം ഉറപ്പാക്കുന്നത്). ഈ നിയമനിർമാണങ്ങൾ ലോക്-സഭാ സീറ്റുകളുടെ എണ്ണം നിലവിലെ 543-ൽ നിന്ന് പരമാവധി 850 ആയി (815 എണ്ണം സംസ്ഥാനങ്ങളിൽ നിന്നും 35 എണ്ണം കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും) ഉയർത്താനാണ് ലക്ഷ്യമിടുന്നത്.

2021-ൽ നടക്കേണ്ടിയിരുന്ന സെൻസസ് കോവിഡ് കാരണം വൈകിയ സാഹചര്യത്തിൽ, ഭരണഘടനാ ഭേദഗതിക്കാവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉപയോഗിച്ച് 2011-ലെ സെൻസസ് ആധാരമാക്കി ഡീലിമിറ്റേഷൻ നടപടികൾ പൂർത്തിയാക്കി 2029-ലെ പൊതുതിരഞ്ഞെടുപ്പിനു മുൻപ് ഇത് നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഈ അസാധാരണ തിടുക്കം ഇന്ത്യൻ ഫെഡറലിസത്തിന്റെ കടയ്ക്കൽ കത്തിവെക്കുന്ന ഒന്നാണ്.

“റിസർവേഷൻ റൂസ്’ (Reservation Ruse): 
കാപട്യത്തിന്റെ കാണാപ്പുറങ്ങൾ
വനിതാ സംവരണത്തെ എങ്ങനെയാണ് അധികാര കേന്ദ്രീകരണത്തിനുള്ള ഉപകരണമായി വലതുപക്ഷം ഉപയോഗിക്കുന്നത് എന്നതിന്റെ ഏറ്റവും മികച്ച വിശകലനമാണ് ‘ദ ഹിന്ദു’ (The Hindu) ദിനപത്രത്തിന്റെ ഏറ്റവും ഒടുവിലത്തെ ‘Reservation Ruse’ (ഏപ്രിൽ 15, 2026) എഡിറ്റോറിയൽ. ഈ എഡിറ്റോറിയൽ ദക്ഷിണേന്ത്യയുടെയും പുരോഗമന സമൂഹത്തിന്റെയും ആശങ്കകളെ ദേശീയ ചർച്ചയുടെ കേന്ദ്രത്തിൽ കൊണ്ടുവന്നു. ഡീലിമിറ്റേഷൻ ബില്ലിലെ ഏറ്റവും ഗൗരവതരമായ പഴുത് “ഏത് സെൻസസ് ഡേറ്റ ഉപയോഗിക്കണം എന്ന് ഒറ്റയ്-ക്ക് തീരുമാനിക്കാൻ പാർലമെന്റിന് (അതായത് ഭരണകക്ഷിക്ക്) അധികാരം നൽകി.” എന്നതാണ് ഇത് ഭരണഘടനയുടെ അനുച്ഛേദം 82-ന്റെ ഭേദഗതിയിലൂടെ ഓരോ സെൻസസിനു ശേഷവും മണ്ഡല പുനഃക്രമീകരണം (Delimitation) നടത്താൻ പാർലമെന്റിന് അധികാരം നൽകുന്ന നിലവിലെ ഭരണഘടനാ ഉറപ്പ് ഇല്ലാതാക്കുന്നു. ഇതോടൊപ്പം, അരികുവൽക്കരിക്കപ്പെട്ട OBC (Other Backward Classes) വനിതകൾക്ക് സംവരണത്തിനുള്ളിൽ സംവരണമോ ന്യൂനപക്ഷ സ്ത്രീകൾക്ക് പ്രത്യേക സംവരണമോ ഇല്ലാത്ത ഒരു ‘ജനാധിപത്യ ഉദ്ഘോഷണം’ ഒരു വശത്തും, ഡീലിമിറ്റേഷൻ എന്ന ഗൂഢ ഉദ്ദേശ്യം മറുവശത്തുമുള്ള ഈ ഇരട്ടത്താപ്പ് നയം ‘ദ ഹിന്ദു തന്നെ’ ചൂണ്ടിക്കാണിക്കുന്നതു പോലെ ഒരു ‘കുതന്ത്രം’ (Ruse) ആണെന്ന് വ്യക്തമാകുന്നു.

കൂടാതെ, സ്ത്രീകൾക്ക് സംവരണം ചെയ്യപ്പെടുന്ന മണ്ഡലങ്ങൾ ഓരോ തിരഞ്ഞെടുപ്പിലും മാറ്റുന്ന (Rotation) സംവിധാനത്തിൽ, ഏതൊക്കെ മണ്ഡലങ്ങൾ, എപ്പോൾ ഉൾപ്പെടും എന്ന കാര്യത്തിൽ യാതൊരു വ്യക്തതയും ഈ ബില്ലുകളിലില്ല. ഈ ആശയക്കുഴപ്പം ദക്ഷിണേന്ത്യൻ സ്ത്രീ ജനപ്രതിനിധികളുടെ രാഷ്ട്രീയ തുടർച്ചയെയും സുസ്ഥിരതയെയും ദോഷകരമായി ബാധിക്കും.

തിരഞ്ഞെടുപ്പ് തന്ത്രവും സമയക്രമവും
ഈ ഭരണഘടനാ ഭേദഗതികൾ പാർലമെന്റിൽ കൊണ്ടുവരുന്ന സമയക്രമം നരവംശശാസ്ത്രപരമായും രാഷ്ട്രീയമായും ഏറെ ശ്രദ്ധേയമാണ്. ഏപ്രിൽ 16, 17, 18 എന്നീ തീയതികളിലാണ് ഡൽഹിയിൽ പ്രത്യേക പാർലമെന്റ് സമ്മേളനം നടക്കുന്നത്. കൃത്യം ഏതാനും ദിവസങ്ങൾക്കു ശേഷം, ഏപ്രിൽ മാസം തന്നെ തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും നിർണായകമായ നിയമസഭാ/പൊതു തിരഞ്ഞെടുപ്പുകൾ നടക്കുന്നു.

തമിഴ്‌നാട്ടിലും പശ്ചിമബംഗാളിലും തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊള്ളുന്ന സമയത്ത്, അതായത് ദക്ഷിണേന്ത്യയും കിഴക്കൻ ഇന്ത്യയും തങ്ങളുടെ പ്രാദേശിക രാഷ്ട്രീയ തിരക്കുകളിൽ മുഴുകിയിരിക്കുമ്പോൾ, പ്രതിപക്ഷത്തെ ആഹ്ലാദ ഭ്രമത്തിൽ തള്ളാൻ ഈ അസാധാരണ തിടുക്കത്തിന് ഒരൊറ്റ കാരണമേയുള്ളൂ: ഡീലിമിറ്റേഷൻ ബില്ല് ഭൂരിപക്ഷ ശക്തി ഉപയോഗിച്ച് എളുപ്പത്തിൽ പാസാക്കിയെടുക്കുക.

ജനസംഖ്യ: കേവലം അക്കങ്ങളല്ല, 
സാമൂഹിക പരിണാമത്തിന്റെ സൂചകമാണ്
ഡീലിമിറ്റേഷൻ എന്നത് ജനസംഖ്യാനുപാതികമായി ജനപ്രതിനിധികളെ നിശ്ചയിക്കുന്ന പ്രക്രിയയാണ്. ഒറ്റനോട്ടത്തിൽ ഇത് തികച്ചും ജനാധിപത്യപരമാണെന്നു തോന്നാം. എന്നാൽ ഇന്ത്യയെപ്പോലെ വലിയ വൈവിധ്യങ്ങളുള്ള ഒരു ഉപഭൂഖണ്ഡത്തിൽ ഇതൊരു ലളിതമായ സമവാക്യമല്ല. ജനസംഖ്യ എന്നത് വെറുമൊരു ജീവശാസ്ത്രപരമായ പ്രതിഭാസമോ അക്കങ്ങളുടെ കൂട്ടമോ അല്ല. ഒരു പ്രദേശത്തിന്റെ സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായ വികാസത്തിന്റെ കൃത്യമായ പ്രതിഫലനമാണത്.

നിലവിൽ ദക്ഷിണേന്ത്യയിലെ അഞ്ച് പ്രധാന സംസ്ഥാനങ്ങൾക്ക് ലോക്-സഭയിൽ മൊത്തം 129 സീറ്റുകളാണുള്ളത് (തമിഴ്‌നാട്- 39, കർണാടകം- 28, ആന്ധ്രപ്രദേശ്- 25, കേരളം- 20, തെലങ്കാന- 17). ഈ സംസ്ഥാനങ്ങൾ ജനസംഖ്യാ നിയന്ത്രണത്തിൽ കൈവരിച്ച നേട്ടം കേവലം ഭരണകൂടത്തിന്റെ യാന്ത്രികമായ ഇടപെടലുകളുടെ ഫലമല്ല. മറിച്ച്, പതിറ്റാണ്ടുകൾ നീണ്ട സാമൂഹിക നവോത്ഥാന പ്രസ്ഥാനങ്ങളുടെയും ഇടതുപക്ഷ-–ദ്രാവിഡ രാഷ്ട്രീയ ഇടപെടലുകളുടെയും ഭൂപരിഷ്കരണത്തിന്റെയും, സാർവത്രിക വിദ്യാഭ്യാസത്തിന്റെയും ഫലമാണ്. സ്ത്രീകളുടെ വിദ്യാഭ്യാസ നിലവാരം ഉയരുകയും അവർക്ക് സ്വന്തം ശരീരത്തിന്മേലും പ്രത്യുൽപാദനത്തിന്മേലുമുള്ള അവകാശം (Reproductive Rights) ലഭിക്കുകയും ചെയ്തപ്പോൾ സ്വാഭാവികമായി സംഭവിച്ച ഒരു മാറ്റമാണത്.

മറുവശത്ത്, ഉത്തരേന്ത്യയിലെ ഹിന്ദി ഹൃദയഭൂമിയിൽ ജനസംഖ്യാ നിരക്ക് ഇപ്പോഴും ഉയർന്ന നിലയിൽ തുടരുന്നത് അവിടുത്തെ ഗവൺമെന്റുകളുടെ ചരിത്രപരമായ പരാജയമാണ്. രൂക്ഷമായ പുരുഷാധിപത്യ വ്യവസ്ഥിതി, പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കൽ, മോശമായ പൊതുജനാരോഗ്യ സംവിധാനം എന്നിവയാണ് അവിടെ ഉയർന്ന ജനസംഖ്യ നിലനിൽക്കുന്നതിനുള്ള പ്രധാന കാരണങ്ങൾ. നരവംശശാസ്ത്രപരമായി പറഞ്ഞാൽ, ദക്ഷിണേന്ത്യ ഒരു ‘Demographic Transition’-ന്റെ അന്തിമ ഘട്ടത്തിൽ എത്തിയപ്പോൾ, ഉത്തരേന്ത്യ ഇപ്പോഴും അതിന്റെ ആദ്യ ഘട്ടങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. ഈയൊരു സാഹചര്യത്തിൽ, മാനവ വികസന സൂചികകളെ (HDI) അവഗണിച്ച് ജനസംഖ്യയെ മാത്രം അടിസ്ഥാനമാക്കി രാഷ്ട്രീയ അധികാരം വിതരണം ചെയ്യുന്നത്, പുരോഗമനപരമായ സാമൂഹിക മാറ്റങ്ങൾ ഉൾക്കൊണ്ട സംസ്ഥാനങ്ങളെ ശിക്ഷിക്കുന്നതിനു തുല്യമാണ്.

ചരിത്രവും രാഷ്ട്രീയ അട്ടിമറികളുടെ 
കണക്കുകളും
1976-ൽ അടിയന്തരാവസ്ഥക്കാലത്താണ് 42-–ാം ഭരണഘടനാ ഭേദഗതിയിലൂടെ ലോക്-സഭയിലും സംസ്ഥാന നിയമസഭകളിലുമുള്ള സീറ്റുകൾ 1971-ലെ സെൻസസ് അടിസ്ഥാനത്തിൽ മരവിപ്പിച്ചത് (Freeze). ജനസംഖ്യാ നിയന്ത്രണ നടപടികൾ കാര്യക്ഷമമായി നടപ്പിലാക്കുന്ന സംസ്ഥാനങ്ങൾക്ക് ലോക്-സഭയിൽ പ്രാതിനിധ്യം നഷ്ടപ്പെടാതിരിക്കാനാണ് ദീർഘവീക്ഷണമുള്ള ഈ തീരുമാനം എടുത്തത്. പിന്നീട്, 2001-ൽ വാജ്‌പേയി സർക്കാർ പാസാക്കിയ 84–ാം ഭരണഘടനാ ഭേദഗതിയിലൂടെ ഈ മരവിപ്പിക്കൽ നീട്ടി.

എന്നാൽ ഇന്ന്, 2011-ലെ സെൻസസ് അടിസ്ഥാനമാക്കി ലോക്-സഭയിലെ സീറ്റുകൾ 850 ആക്കി വർധിപ്പിക്കുമ്പോൾ ചരിത്രപരമായ ഈ ഫെഡറൽ നീതിയാണ് ലംഘിക്കപ്പെടുന്നത്. കണക്കുകൾ പരിശോധിച്ചാൽ ഇതിന്റെ ഭീകരത മനസ്സിലാകും. സാധാരണയായി ഹിന്ദി ബെൽറ്റ് എന്ന് വിശേഷിപ്പിക്കുന്ന 8 ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് (ഉത്തർപ്രദേശ്- 80, ബിഹാർ- 40, മധ്യപ്രദേശ്- 29, രാജസ്ഥാൻ- 25, ഝാർഖണ്ഡ്- 14, ഛത്തീസ്ഗഢ്- 11, ഹരിയാന -10, ഉത്തരാഖണ്ഡ്- 5) നിലവിൽ 214 സീറ്റുകളുണ്ട്. ഇതിൽ യു.പി, ബിഹാർ, രാജസ്താൻ എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ മാത്രം 125 സീറ്റുകളുണ്ട്.

പുതിയ ജനസംഖ്യാ കണക്കുകൾ വെച്ച് ഡീലിമിറ്റേഷൻ നടത്തിയാൽ വരാനിരിക്കുന്ന മാറ്റങ്ങൾ ദക്ഷിണേന്ത്യയെ സംബന്ധിച്ച് അങ്ങേയറ്റം പ്രതികൂലമാണ്. പഠനങ്ങൾ സൂചിപ്പിക്കുന്നതുപോലെ, 2031-ലെ സെൻസസ് പ്രൊജക്ഷൻ കൂടി അടിസ്ഥാനമാക്കിയാൽ ഉത്തർപ്രദേശിന് മാത്രം നിലവിലെ 80 സീറ്റിൽ നിന്ന് 143 സീറ്റുകളായി കൂറ്റൻ കുതിച്ചുചാട്ടം ഉണ്ടാകും. ബിഹാറും ഉത്തർപ്രദേശും മാത്രം ചേർന്ന് അധികമായി 21 സീറ്റുകൾ നേടുമ്പോൾ, ദക്ഷിണേന്ത്യയിലെ രാഷ്ട്രീയ പ്രബുദ്ധതയുള്ള കേരളത്തിനും തമിഴ്‌നാടിനും കൂടി സംയുക്തമായി തങ്ങളുടെ ആപേക്ഷിക പ്രാതിനിധ്യത്തിൽ വലിയ ഇടിവ് (മൊത്തം ശതമാനക്കണക്കിൽ 16 സീറ്റുകളുടെ മൂല്യത്തിന് തുല്യമായ നഷ്ടം) ഉണ്ടാകും. എല്ലാ സംസ്ഥാനങ്ങൾക്കും കേവലമായി (Absolute) സീറ്റുകൾ വർദ്ധിക്കുമെങ്കിലും, ഭരണഘടനാ ഭേദഗതികൾ പാസാക്കാനോ ദേശീയ നയങ്ങൾ രൂപീകരിക്കാനോ ദക്ഷിണേന്ത്യയുടെ ശബ്ദം ആവശ്യമില്ലാത്ത വിധം മൊത്തം ശതമാനത്തിൽ അവർ ദുർബലരാകും.

ഇതിനൊപ്പം നാം ഗൗരവമായി കാണേണ്ട മറ്റൊരു സുപ്രധാന മാറ്റമാണ് സംവരണ സീറ്റുകളിലേത്. പുതിയ ഡീലിമിറ്റേഷനു ശേഷം പാർലമെന്റിൽ പട്ടികജാതി (SC) വിഭാഗങ്ങൾക്കുള്ള സംവരണ സീറ്റ് 84-ൽ നിന്ന് 136 ആകുകയും, പട്ടികവർഗ (ST) വിഭാഗങ്ങൾക്കുള്ളത് 47-ൽ നിന്ന് 70 ആകുകയും ചെയ്യും. ഈ പുതിയ സംവരണ സീറ്റുകളിൽ വലിയൊരു ശതമാനവും രൂപപ്പെടാൻ പോകുന്നത് വീണ്ടും ഉയർന്ന ജനസംഖ്യയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലായിരിക്കും എന്നത് ദക്ഷിണേന്ത്യയുടെ മൊത്തത്തിലുള്ള ആപേക്ഷിക പ്രാതിനിധ്യത്തെ വീണ്ടും ദുർബലപ്പെടുത്തും.

ഡീലിമിറ്റേഷൻ കമ്മീഷനും ഘടനാപരമായ 
ഫെഡറൽ അസന്തുലനവും
2029-ലെ ഇലക്ഷൻ ലക്ഷ്യമാക്കി 2026 ജൂൺ ആകുന്നതോടെ പുതിയ ഡീലിമിറ്റേഷൻ കമ്മീഷൻ രൂപീകരിക്കാനാണ് കേന്ദ്ര നീക്കം. പുതിയ ബില്ല് പ്രകാരം, സുപ്രീം കോടതി ജഡ്-ജി അധ്യക്ഷനായി, ചീഫ് ഇലക്ഷൻ കമ്മീഷണർ, സംസ്ഥാന ഇലക്ഷൻ കമ്മീഷണർ എന്നിവർ ഉൾപ്പെടുന്നതായിരിക്കും കമ്മീഷൻ. ഓരോ സംസ്ഥാനത്തുനിന്നും 10 അസോസിയേറ്റ് അംഗങ്ങൾ (അഞ്ച് എം.പിമാർ, അഞ്ച് എം.എൽ.എമാർ) ഉണ്ടാകുമെങ്കിലും ഇവർക്ക് വോട്ടവകാശം ഉണ്ടായിരിക്കില്ല എന്നത് സംസ്ഥാനങ്ങളുടെ വിലപേശൽ ശേഷിയെ പൂർണമായും ഇല്ലാതാക്കുന്നു.

എന്നാൽ ഇവിടെ ഭരണഘടനാപരമായി പ്രതീക്ഷ നൽകുന്ന ഒരേയൊരു ഘടകം ഇന്ത്യയുടെ പരമോന്നത നീതിപീഠമാണ്. 2024-ലെ ‘കിഷോർചന്ദ്ര ഛഗൻലാൽ റാത്തോഡ്’ (Kishorchandra Chhanganlal Rathod) കേസിൽ, ഡീലിമിറ്റേഷൻ കമ്മിഷന്റെ ഉത്തരവ് വ്യക്തമായ ഏകപക്ഷീയതയോ ഭരണഘടനാ മൂല്യങ്ങളുടെ ലംഘനമോ ആണെങ്കിൽ കോടതിക്ക് അത് പുനഃപരിശോധിക്കാം (Judicial Review) എന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ഫെഡറലിസം ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ (Basic Structure) ഭാഗമായതിനാൽ വരും നാളുകളിൽ ഈ നിയമപോരാട്ടം ഇന്ത്യയുടെ നിലനിൽപ്പിനു തന്നെ നിർണായകമാകും.

ജോൺ ബ്രിട്ടാസ് എംപി പാർലമെന്റിലും പുറത്തും കൃത്യമായി ചൂണ്ടിക്കാണിച്ചതുപോലെ, ഈ നിയമനിർമാണങ്ങൾ ദക്ഷിണേന്ത്യയെ ഉത്തരേന്ത്യയുടെ ഒരു രാഷ്ട്രീയ കോളനിയാക്കി മാറ്റാനുള്ള കുതന്ത്രമാണ്. ഈ മാറ്റങ്ങൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ കേവലം “ആന്തരിക കോളനികളായി” (Internal Colonies) മാറ്റും. ഇതൊരു ഭയാനകമായ ‘ഭരണഘടനാ -ഫെഡറൽ ലംഘനം’ (Con
stitutional Federal Transgression) സൃഷ്ടിക്കും. സാമ്പത്തികമായി, കേന്ദ്രത്തിന് നികുതിയായി നൽകുന്ന ഓരോ 100 രൂപയ്ക്കും ഉത്തർപ്രദേശിനും ബിഹാറിനും വലിയ തുക തിരികെ ലഭിക്കുമ്പോൾ, കേരളത്തിനും തമിഴ്‌നാടിനും തുച്ഛമായ വിഹിതമാണ് ലഭിക്കുന്നത്. രാഷ്ട്രീയ പ്രാതിനിധ്യം കൂടി ഇല്ലാതാകുന്നതോടെ ഈ സാമ്പത്തിക ചൂഷണം പൂർണമാകും.

സാമ്പത്തിക ഫെഡറലിസത്തിന്റെ തകർച്ച: 
അക്കങ്ങളിലെ ഘടനാപരമായ ചൂഷണം
കൃത്യമായി പരിശോധിക്കുമ്പോൾ ഇന്ത്യയുടെ സാമ്പത്തിക ഫെഡറലിസത്തെയും ധനവിനിയോഗത്തെയും ഉത്തരേന്ത്യൻ താല്പര്യങ്ങൾക്കുമുന്നിൽ അടിയറവു വെക്കാനുള്ള കൃത്യമായ തിരക്കഥ ഇതിനു പിന്നിലുണ്ട് എന്ന് മനസ്സിലാവും. പതിനാറാം ധനകാര്യ കമ്മീഷൻ ഇതിനകം തന്നെ ഇതിന് തുടക്കം കുറിച്ചിട്ടുണ്ട്. ജനസംഖ്യാ നിയന്ത്രണം വിജയകരമായി നടപ്പിലാക്കിയ സംസ്ഥാനങ്ങൾക്കുള്ള വെയിറ്റേജ് 12.5 ശതമാനത്തിൽ നിന്നും 10 ശതമാനമായി വെട്ടിക്കുറയ്ക്കുകയും, ജനസംഖ്യയുടെ അടിസ്ഥാനത്തിലുള്ള വിഹിതം 15 ശതമാനത്തിൽ നിന്നും 17.5 ശതമാനമായി ഉയർത്തുകയും ചെയ്തത് ഇതിന്റെ വ്യക്തമായ സൂചനയാണ്.

2031ൽ പതിനേഴാം ധനകാര്യ കമ്മീഷൻ വരുമ്പോഴേക്കും, ഉത്തരേന്ത്യൻ ഭൂരിപക്ഷമുള്ള ഒരു ലോക്‌സഭ ജനസംഖ്യാ മാനദണ്ഡം 25 ശതമാനം വരെയായി ഉയർത്തിയേക്കാം. സംസ്ഥാന പ്ലാനിംഗ് ബോർഡിന്റെ കണക്കുകൾ പ്രകാരം, ജനസംഖ്യാ നിയന്ത്രണ സൂചികയിലെ ഓരോ ശതമാനം ഇടിവും കേരളത്തിനു മാത്രം വാർഷിക വിഹിതത്തിൽ 800 മുതൽ 1200 കോടി രൂപയുടെ വരെ വൻ നഷ്ടമാണ് ഉണ്ടാക്കുന്നത്. ജനസംഖ്യാ മാനദണ്ഡം 5 ശതമാനം വർദ്ധിപ്പിച്ചാൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് മൊത്തത്തിൽ പ്രതിവർഷം 15,000 മുതൽ 20,000 കോടി രൂപയുടെ വരെ സാമ്പത്തിക നഷ്ടമുണ്ടാകാൻ ഇടയാക്കും. ഇത് നമ്മുടെ ക്ഷേമപദ്ധതികളെയും അടിസ്ഥാന സൗകര്യ വികസനത്തെയും ശ്വാസംമുട്ടിക്കും.

കൂടാതെ, ജി.എസ്.ടി (GST) കൗൺസിലിന്റെ പ്രവർത്തനങ്ങളിലും ദക്ഷിണേന്ത്യ അരികുവൽക്കരിക്കപ്പെടും. നിലവിൽ ഭരണഘടനാപരമായി ജിഎസ്ടി കൗൺസിലിൽ സംസ്ഥാനങ്ങൾക്ക് മൂന്നിൽ രണ്ട് വോട്ടവകാശമുണ്ട് എന്നത് ശരിയാണ്. എന്നാൽ പുതിയ ഡീലിമിറ്റേഷന് ശേഷം, ലോക്‌സഭയിൽ മൃഗീയ ഭൂരിപക്ഷമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ പിൻബലത്തോടെ എത്തുന്ന കേന്ദ്ര ധനമന്ത്രിക്ക് മുന്നിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ വിലപേശൽ ശേഷി പൂർണമായും ഇല്ലാതാകും.

നികുതി വിഹിതം പങ്കുവെക്കുന്നതിലും കോമ്പൻസേഷൻ സെസ്സ് രൂപീകരിക്കുന്നതിലും സംസ്ഥാനങ്ങളുടെ ആവശ്യങ്ങൾ കേന്ദ്രം നിഷ്കരുണം തള്ളിക്കളയും. ചുരുക്കത്തിൽ, ജനസംഖ്യാ നിയന്ത്രണം, ഉയർന്ന നികുതി വരുമാനം, മികച്ച മാനുഷിക വികസനം എന്നീ നേട്ടങ്ങൾ കൈവരിച്ചതിന്റെ പേരിൽ ദക്ഷിണേന്ത്യയെ തലമുറകളോളം സാമ്പത്തികമായി ശിക്ഷിക്കുന്ന ഒരു പുതിയ ‘കോളനിവൽക്കരണ’ത്തിനാണ് ഈ ഡീലിമിറ്റേഷൻ ബില്ല് കളമൊരുക്കുന്നത്.

ചുരുക്കത്തിൽ മനസ്സിലാക്കേണ്ടത് ലോക്-സഭാ ഡീലിമിറ്റേഷൻ കേവലം ഭൂപടത്തിൽ അതിർത്തികൾ വരയ്ക്കുന്ന സാങ്കേതിക പ്രക്രിയയല്ല; മറിച്ച് ഇന്ത്യയുടെ ഭാവി രാഷ്ട്രീയ ഗതിവിഗതികൾ നിർണയിക്കുന്ന വലിയൊരു മാറ്റമാണത് എന്നതാണ്. ജനസംഖ്യാ നിയന്ത്രണം, സാക്ഷരത, അധികാര വികേന്ദ്രീകരണം, ആരോഗ്യ സംരക്ഷണം എന്നിവയിൽ ദക്ഷിണേന്ത്യ നേടിയെടുത്ത ചരിത്രപരമായ നേട്ടങ്ങളെ അപ്രസക്തമാക്കിക്കൊണ്ട് തങ്ങളുടെ രാഷ്ട്രീയ ആധിപത്യം എന്നെന്നേക്കുമായി ഉറപ്പിക്കാനുള്ള ആർഎസ്എസ് നിയന്ത്രണത്തിലുള്ള ബിജെപി സർക്കാരിന്റെ ഈ നീക്കത്തെ നാം ഗൗരവമായി തിരിച്ചറിയേണ്ടതുണ്ട്.

വനിതാ സംവരണം എന്ന ആവശ്യത്തെ ഇതിനുള്ള മറയായി മോദി സർക്കാർ ഉപയോഗിക്കുന്നത് ദുഷ്ടലാക്കോടെയാണ്. ഈ ചരിത്ര സന്ധിയിൽ, പ്രതിപക്ഷ പ്രസ്ഥാനങ്ങളും പ്രാദേശിക രാഷ്ട്രീയ പാർട്ടികളും സിവിൽ സമൂഹവും ശക്തമായ ഒരു കൂട്ടായ്മ രൂപീകരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഫെഡറലിസം എന്നത് ഇന്ത്യയുടെ സാംസ്കാരികവും രാഷ്ട്രീയവുമായ നിലനിൽപ്പിന്റെ ജീവവായുവാണ്. പ്രാതിനിധ്യത്തിന്റെ രാഷ്ട്രീയവും ഭൂമിശാസ്ത്രവും തമ്മിലുള്ള ഈ പോരാട്ടത്തിൽ നാം പരാജയപ്പെട്ടാൽ, വൈവിധ്യങ്ങളുടെ ഇന്ത്യ എന്നത് ഭാവി തലമുറയ്ക്ക് കേവലം ഒരു ഓർമ മാത്രമായി ചുരുങ്ങും. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

20 + eleven =

Most Popular