Monday, May 18, 2026

ad

Homeവിശകലനംവർഗ മേധാവിത്വത്തിന്റെ മൃത്യു രാഷ്ട്രീയ വഴികൾ

വർഗ മേധാവിത്വത്തിന്റെ മൃത്യു രാഷ്ട്രീയ വഴികൾ

ഡോ. കെ പി കൃഷ്ണൻകുട്ടി

ധുനിക വിമർശനാത്മക സാമൂഹ്യ സിദ്ധാന്തങ്ങളിൽ ഏറ്റവും പ്രധാനമാണ് മൃത്യുരാഷ്ട്രീയം (Necro politics ). ദാർശനികനും രാഷ്ട്രീയ സൈദ്ധാന്തികനുമായ അഷിലെ മെബെംബെ (Achille Mbembe) യാണിതിന്റെ ഉപജ്ഞാതാവ്. കൊല്ലാനാണോ വളർത്താനാണോ അധികാരം പ്രയോഗിക്കുന്നത് എന്നതാണ് മൃത്യുരാഷ്ട്രീയത്തിന്റെ പരിധിയും പരിമിതിയും നിർണയിക്കുന്നത്. ആര് മരിക്കണം, ആര് ജീവിക്കണം എന്നു നിശ്ചയിക്കുന്ന ഭരണകൂട പ്രക്രിയയെയാണ്   ‘മൃത്യുരാഷ്ട്രീയം’  വിവക്ഷിക്കുന്നത്. (The ultimate expression of sovereignty largely resides in the power and capacity to dictate who is able to live and who must die. To kill or to let live thus constitutes sovereignty’s limits, its principal attributes. To be sovereign is to exert one’s control over mortality and to define life as the deployment and manifestation of power–Achille Mbembe, Necro-Politics, Durham and London: Duke University Press, 2019, p.66) ജനാധിപത്യമൂല്യങ്ങളെ മൃത്യുരാഷ്ട്രീയം സമ്പൂർണമായി നിരാകരിക്കുന്നു. മർദ്ദനവും തടവറയും മരണശിക്ഷയും  യഥേഷ്ടം നടപ്പാക്കിക്കൊണ്ട്  പരമാധികാര ഭരണകൂടങ്ങൾ  ചൂഷണം നടത്തുന്നതിനെ  അദ്ദേഹം ശക്തമായി വിമർശിക്കുന്നു.

2003 ലെ ഒരു ലേഖനത്തിലാണ് മൃത്യുരാഷ്ട്രീയം (Necro politics) എന്ന ആശയം ആദ്യമായി മെബെംബെ അവതരിപ്പിച്ചത്. പ്രസിദ്ധ ചിന്തകനായ മിഷേൽ ഫൂക്കോ (Michel Foucault) യുടെ ജൈവ രാഷ്ട്രീയം ചർച്ചചെയ്തുകൊണ്ടാണ് അദ്ദേഹം മൃത്യുരാഷ്ട്രീയത്തിലേക്ക് എത്തുന്നത്. മിഷേൽ ഫൂക്കോയുടെ ജൈവരാഷ്ട്രീയ (biopolitical) സൈദ്ധാന്തിക ചർച്ചകളോട് വിമർശനാത്മകമായി  പ്രതികരിച്ചുകൊണ്ടാണ് മെബെംബെ സ്വസിദ്ധാന്തം വികസിപ്പിക്കുന്നത്. സാമൂഹ്യ ജീവിതത്തിന്റെ മെച്ചപ്പെടലിനായി ഭരണകൂടം ആവിഷ്കരിക്കുന്ന സംവിധാനങ്ങളും പരിപാടികളുമാണ് ഫൂക്കൊ ജൈവരാഷ്ട്രീയമായി കാണുന്നത്. ജനസംഖ്യാ നിയന്ത്രണം, ആരോഗ്യ പരിപാലനം, ക്ഷേമകാര്യങ്ങൾ, വികസന പ്രവർത്തനങ്ങൾ  എന്നിവയിലൂടെ ജീവിതവും മരണവും ക്ലേശരഹിതമാക്കുക എന്നതാണ് ഫൂക്കോയുടെ പരിഗണനാവിഷയം. ഗവണ്മെന്റിന്റെ നയരൂപീകരണത്തിന്റെ അടിസ്ഥാനം  ജനജീവിത ഗുണതയുടെ മെച്ചപ്പെടലാണ്. ജനന നിരക്ക്, ആയുർദൈർഘ്യം, ഔഷധനയം എന്നിവയിൽ ഭരണകൂടം ഇടപെടുന്നു. ഭരണപരവും സാങ്കേതികവുമായ സംവിധാനങ്ങളിൽ നടത്തുന്ന  ഇത്തരം ഇടപെടലുകളിലൂടെ സ്വയംനിയന്ത്രണ ശേഷിയുള്ള  വ്യക്തികളുടെ സമൂഹമെന്നതാണ് ലക്ഷ്യം. വ്യക്തിസ്വാതന്ത്ര്യത്തിന് പരമാവധി പ്രാധാന്യം നൽകുന്ന ലിബറലിസത്തെ പരിപോഷിപ്പിച്ചുകൊണ്ട് ഉല്പാദനം വർദ്ധിപ്പിക്കുകയെന്ന മുതലാളിത്ത സാമ്പത്തിക സമ്പ്രദായത്തിന്റെ സമർത്ഥനമാണ് ഫൂക്കോയുടെ ജൈവരാഷ്ട്രീയം ഫലത്തിൽ നിർവ്വഹിക്കുന്നത്.

ഫൂക്കോയെ എന്ന പോലെ  ഇറ്റാലിയൻ ദാർശനികനായ ജ്യോർജിയോ അഗാംബെന്നി (Giorgio Agamben) നെയും മെബെംബെ വിമർശനത്തിനു വിധേയരാക്കുന്നുണ്ട്. ഓരോ ജനപദത്തിലും അധികാരരാഷ്ട്രീയത്തിന്റെ നിയമപരിധിയിലോ പരിരക്ഷയിലോ വരാത്ത ചിലരുണ്ടാകും. അവരെ ‘നഗ്‌ന’/ ‘ശൂന്യ’ ജീവിതം’ (bare life) നയിക്കുന്നവർ എന്ന് അഗാംബെൻ വിളിക്കുന്നു.  പൊതുവേ, അംഗീകരിക്കപ്പെട്ട നിയമങ്ങൾ അവർക്ക് ബാധകമല്ല. നിയമപരമായ എല്ലാ അവകാശങ്ങളിൽ നിന്നും ഒഴിവാക്കപ്പെട്ട ഇവർ ഭരണകൂടത്തിന്റെ എല്ലാവിധ മാരക മർദ്ദനങ്ങൾക്കും ചൂഷണങ്ങൾക്കും വിധേയരാകുന്നു. ഹോമോ സേക്കർ (homo sacer) അല്ലെങ്കിൽ നിയമബാഹ്യർ (outlaws) ആണ് അവർ.

രാഷ്ട്രീയ അധികാരത്തിന്റെ മാതൃകാശ്രേണി (paradigm) യിൽ നിന്നും നിയമപരത ഒഴിവാക്കപ്പെടുമ്പോൾ  നിരങ്കുശമായ ബലപ്രയോഗം നടത്താനുള്ള അവസരം പരമാധികാരം (sovereignty) കരസ്ഥമാക്കുന്നു. ഈ  പരമാധികാരത്തിനു പകരമല്ല, മറിച്ച്,  അതിന്റെ പൂർത്തീകരണമാണ് ജൈവരാഷ്ട്രീയമെന്ന് അഗാംബെൻ സമർത്ഥിക്കുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ആധുനിക പ്രതിഭാസങ്ങളായ അടിയന്തരാവസ്ഥ, തടങ്കൽ പാളയങ്ങൾ, സുരക്ഷാ വലയങ്ങൾ എന്നിവ ഈ പൂർത്തീകരണത്തിന്റെ സൂചക സാക്ഷ്യങ്ങളാണ്.

അഗാംബെൻ കണ്ടെത്തിയ ഫൂക്കോയുടെ ജൈവരാഷ്ട്രീയ സിദ്ധാന്തത്തിൽ സമുദ്രത്തിലെ മഞ്ഞുമലപോലെ കൊടിയ ക്രൂരതയും പീഡനവും  ആണ്ടുകിടക്കുന്നുവെന്ന് മെബെംബെ കണ്ടെത്തുന്നു. ഫൂക്കോയെയും അഗാംബെന്നിനെയും ചരിത്രപരവും വസ്തുനിഷ്ഠവുമായ   വിമർശനത്തിന് മെബെംബെ വിധേയരാക്കുന്നു.  അവരുടെ യൂറോ കേന്ദ്രിത സമീപനത്തിന്റെ സ്ഥലീയവും വംശീയവുമായ പരിമിതി അദ്ദേഹം തുറന്നുകാട്ടുന്നു.

കൊളോണിയൽ ചരിത്രത്തിന്റെ തുടർച്ചയിൽ ഇനിയും ഉണങ്ങാതെ രക്തം വാർന്നുകൊണ്ടിരിക്കുന്ന മുറിവുകളുണ്ട്. ആഫ്രിക്കൻ കറുത്ത വർഗക്കാരിൽ  വംശീയ രാഷ്ട്രീയം പ്രയോഗിച്ച സമാനതകളില്ലാത്ത ക്രൂരതകളാണവ. ആധുനികതയുടെ ആചാര്യന്മാർ  ന്യായീകരിക്കുന്ന വർഗ രാഷ്ട്രീയവും അതിന്റെ അധികാരപ്രയോഗവും ഉയർത്തുന്ന ചർച്ചാ പരിസരത്തിലേക്കാണ്  മൃത്യുരാഷ്ട്രീയമെന്ന ചരിത്രയാഥാർത്ഥ്യത്തെ  ലാവാപ്രവാഹംപോലെ   അഷിലെ മെബെംബെ അണമുറിച്ചുവിടുന്നത്. കൊളോണിയൽ ചൂഷണവും വംശീയ ക്രൂരതയും മരണനൃത്തമാടിത്തിമിർത്ത ഭൂതകാലത്തിലാണ് ജനാധിപത്യ ആധുനികതയുടെ രാഷ്ട്രീയക്രമം നങ്കൂരമിട്ടിരിക്കുന്നതെന്ന് മെബെംബെ സമർത്ഥിക്കുന്നു.

കൊളോണിയൽകാലത്തെ മൃത്യുരാഷ്ട്രീയം
കൊളോണിയൽ ബലപ്രയോഗവും വംശീയ ക്രൂരതയും ചർച്ച ചെയ്തുകൊണ്ട് മെബെംബെ മൃത്യുരാഷ്ട്രീയം എന്ന ആശയം വികസിപ്പിക്കുന്നു. വംശീയവും മതപരവും ദേശീയവും മറ്റുമായ പരിഗണനകളാൽ  അന്യവത്കരണത്തിനും  അടിച്ചമർത്തലിനും  വിധേയമാക്കപ്പെടുന്ന  ബഹിഷ്-കൃതരിലാണ് ആധുനിക  ധനസാമ്രാജ്യത്വത്തിന്റെ ആഗോളരാഷ്ട്രീയം  അസ്തിവാരവും ആരൂഢവുമുറപ്പിച്ചിട്ടുളളത്.

ജീവന്റെ പരിപാലനവും സുരക്ഷയും ഉറപ്പാക്കിക്കൊണ്ടല്ല മൃത്യുരാഷ്ട്രീയം പരമാധികാരം  നിർണയിക്കുന്നത്. കൊല്ലാനും മരണശിക്ഷ നടപ്പാക്കാനുമുള്ള നിയമപരവും അല്ലാത്തതുമായ ബലപ്രയോഗത്തിലൂടെയാണ് മൃത്യുരാഷ്ട്രീയം സമഗ്രാധിപത്യം സ്ഥാപിക്കുന്നത്. ഇത്തരം ബലപ്രയോഗത്തിന്റെ ശവഗന്ധം വമിക്കുന്ന അനേകം ഉദാഹരണങ്ങൾ ലോകചരിത്രത്തിൽ കാണാൻ കഴിയും. വംശഹത്യയുടെയും   അടിമത്തത്തിന്റെയും ലജ്ജാകരമായ ഈ ചരിത്രം മൃത്യുരാഷ്ട്രീയത്തിന്റെ ഭൂതകാലത്തിനവകാശപ്പെട്ടതാണ്.

യുദ്ധത്തിൽ തടവുകാരായി പിടിക്കപ്പെടുന്നവരെ അടിമകളാക്കി ചങ്ങലയ്ക്കിട്ടും കൂട്ടിലിട്ടും സൂക്ഷിക്കുന്നതിന്റെ കഥകൾ ഗ്രീക്ക് – റോമൻ ചരിത്രങ്ങളിൽ നമുക്കു വായിക്കാൻ സാധിക്കും. മൃത്യുരാഷ്ട്രീയത്തിന്റെ ചരിത്രപരമായ പരിവർത്തനം ആലേഖനം ചെയ്യപ്പെട്ടതാണ് ‘കുരിശ്’ എന്ന ക്രിസ്ത്യൻ മതചിഹ്നം.  അവസരം കിട്ടിയപ്പോൾ അടിമകൾ പ്രതിഷേധിച്ചതിന്റെയും പോരാടി പരാജയപ്പെട്ടതിന്റെയും ഉദ്വേഗജനകവും ആവേകരവുമായ ചരിത്രം കുരിശ് നമ്മോട് പറയുന്നുണ്ട്.

മൃത്യുരാഷ്ട്രീയത്തിന്റെ വിപരീതം ഫൂക്കോയുടെ ജൈവരാഷ്ട്രീയമല്ല, മാർക്സിന്റെ വർഗരാഷ്ട്രീയമാണ്. കുരിശുകൾ അതിരടയാളങ്ങൾ തീർത്തതാണ് വർഗരാഷ്ട്രീയം.  ജനാധിപത്യത്തിന്റെ സാക്ഷാത്കാരം സ്വകാര്യസ്വത്തിന്റെ ഉന്മൂലനത്തിൽ കണ്ട മാർക്സും എംഗൽസും ആവശ്യപ്പെട്ടത് സ്പാർട്ടക്കസിന്റെയും ക്രിസ്തുവിന്റെയും വഴിയിലൂടെ മുന്നേറാനാണ്. ഗോത്ര കാലഘട്ടത്തിൽ മനുഷ്യർ  വിഭവങ്ങൾക്കു വേണ്ടി നടത്തിയ പോരാട്ടങ്ങളിൽ ശത്രുഹിംസ സർവ്വസാധാരണമായിരുന്നു.

എന്നാൽ, ആഗോള യുദ്ധങ്ങൾക്ക് വഴിവെച്ച ആധുനിക കൊളോണിയലിസം ലോകമെമ്പാടും പടർന്നുകയറിയത് ശത്രുവിനെ പരാജയപ്പെടുത്തിക്കൊണ്ടു മാത്രമായിരുന്നില്ല, കൂട്ട വംശഹത്യ നടത്തിക്കൊണ്ടു കൂടിയായിരുന്നു. ആഫ്രിക്കൻ നീഗ്രോകളുടെയും അമേരിക്കൻ ആദിമവംശജരായ റെഡ് ഇൻഡ്യൻസിന്റെയും  അഭിലാഷങ്ങളുടെ  ശവപ്പറമ്പിലാണ് ഇന്നത്തെ   “അമേരിക്കൻ സ്വപ്നം’ സാക്ഷാത്കരിക്കപ്പെട്ടിട്ടുള്ളത്.

ചരിത്രാതീത കാലം മുതൽ നിലനിന്നതാണ് അടിമത്തം. ഒരു മനുഷ്യന് മറ്റൊരു മനുഷ്യന്റെ ഉടമസ്ഥനാകാൻ അനുവദിക്കുന്ന ഈ വ്യവസ്ഥയിൽ  ശാരീരികമായും മാനസികമായും അടിമയ്ക്ക് സ്വാതന്ത്ര്യമില്ല.  നിർബന്ധിത കായികാധ്വാനത്തിലൂടെ വിഭവോല്പാദനം നടത്താനുള്ള ഉപകരണമാണ് അയാൾ. സാമ്പത്തിക രാഷ്ട്രീയ വ്യവസ്ഥയിലെ ജീവനുള്ള യന്ത്രം. വാങ്ങുകയും വിൽക്കുകയും, പഴകി ദ്രവിച്ചാൽ വലിച്ചെറിയുകയും ചെയ്യാം. കൊളോണിയൽ പൂർവ്വ കാലഘട്ടത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അടിമത്തവും അടിമക്കച്ചവടവും നിലനിന്നിരുന്നു. എന്നാൽ  പതിനഞ്ചാം നൂറ്റാണ്ടു മുതലുള്ള അഞ്ചു ശതാബ്ദങ്ങളിൽ അടിമക്കച്ചവടം നിർബാധം തുടർന്നു. ആഫ്രിക്കയിൽ നിന്നും ദശലക്ഷക്കണക്കിന് നീഗ്രോ വംശജരെ പിടിച്ചുകെട്ടി ചങ്ങലകളിൽ ബന്ധിച്ച് അറ്റ്ലാന്റിക്കിന് കുറുകെ കപ്പലുകളിൽ കൊണ്ടുവന്ന് അമേരിക്കൻ തോട്ട ഉടമകൾക്ക് വിറ്റതിന്റെ ചരിത്രം രക്തം കട്ടിയാകുന്ന ക്രൂരതകൾ നിറഞ്ഞതാണ്. ആഫ്രിക്കയിലെ നീഗ്രോകൾ അടിമകളായി അമേരിക്കൻ തോട്ടങ്ങളിൽ പണിയെടുത്തതിന്റെ ഫലമാണ് യൂറോപ്പിന്റെ വ്യവസായവത്കരണം. യൂറോപ്യൻ വ്യാവസായിക മുതലാളിത്തം സാമ്രാജ്യത്വമായി ലോകമാകെ പടർന്നതോടെ മധ്യകാല കുരിശുയുദ്ധങ്ങളുടെ  പുതുക്കിയ എഡിഷനുകൾ ഉണ്ടായി. മഹായുദ്ധങ്ങളും അധിനിവേശങ്ങളും കോൺസെൻട്രേഷൻ ക്യാമ്പുകളും വംശഹത്യകളും അപ്പാർത്തീഡും ജിഹാദും ഗ്യാസ് ചേമ്പറും സിയോണിസവും മറ്റുമായാണ്   അധികാരത്തിന്റെ  ചരിത്രവഴികളെ മൃത്യുരാഷ്ട്രീയം അടയാളപ്പെടുത്തിയിട്ടുള്ളത്. എന്നാൽ, കൊളോണിയൽ  ഫാഷിസത്തിന്റെ മനുഷ്യത്വരാഹിത്യത്തിനെതിരെ എന്നും ഇരകൾ പ്രതിഷേധമുയർത്തിയിട്ടുണ്ട്. സ്പാർട്ടക്കസിന്റെ പിന്മുറക്കാർ എല്ലാ ദേശത്തും നടത്തിയ പോരാട്ടങ്ങളും അതിജീവന യത്നങ്ങളുമാണ് ജനാധിപത്യമായും   മാനവികതയായും സ്വാതന്ത്ര്യമായും സമത്വമായും സോഷ്യലിസമായും കമ്യൂണിസമായും തിരിച്ചറിയപ്പെടുന്ന സാമൂഹ്യ – രാഷ്ട്രീയ മൂല്യങ്ങളായി പരിണമിച്ചത്.

വംശീയ ഉന്മൂലനം എന്നു വിളിക്കാവുന്ന കൂട്ടനരഹത്യകളും  ബലാത്കാരങ്ങളും ചേർന്ന് പാപപങ്കിലമാക്കിയ ഭൂതകാലത്തിന്റെ ഉടമകളാണ് ആധുനിക മനുഷ്യൻ. വംശം, ഗോത്രം, ദേശം, മതം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ പ്രത്യേക വിഭാഗത്തെ ബോധപൂർവ്വം നിർബന്ധ ബുദ്ധിയോടെ കൂട്ടക്കൊല ചെയ്യൽ, അഥവാ ‘വംശഹത്യ’ (genocide), പണ്ടും  നിലവിലുണ്ടായിരുന്നു. പുരാതന കാലത്തെ യുദ്ധങ്ങളിൽ പരാജിത വിഭാഗങ്ങളിലെ പുരുഷന്മാരെ കൊന്നൊടുക്കുന്നത് സാധാരണമായിരുന്നു.

ഗ്രീസിലും റോമിലും ഇന്ത്യയിലും ചൈനയിലും ശത്രുഹിംസ അംഗീകൃത സമ്പ്രദായമായിരുന്നു. പ്രതിരോധവും അധികാരപ്രയോഗവും ഹിംസാത്മകമായിരുന്നു. ക്രുസേഡുകളും ജിഹാദുകളും ധർമയുദ്ധങ്ങളും മറ്റൊരു കഥയല്ല പറയുന്നത്. യൂറോപ്യൻ മുതലാളിത്തം ആഗോളമായി വ്യാപിച്ചതോടെയാണ് ആഫ്രിക്കയും അമേരിക്കയും ഏഷ്യയും അധിനിവേശത്തിന്റെ ഭാഗമായ കുടിയൊഴിപ്പിക്കലും കൂട്ടക്കൊലയും അനുഭവിക്കാൻ തുടങ്ങിയത്. ഡച്ചുകാരും   പോർച്ചുഗീസുകാരും ഫ്രഞ്ചുകാരും ഇംഗ്ലീഷുകാരും കൊള്ളയടിക്കാനായി അമേരിക്കയിലെയും ആഫ്രിക്കയിലെയും ആസ്ട്രേലിയയിലെയും ആദിവാസികളെ കൂട്ടങ്ങളായി കൊന്നൊടുക്കിയതിന് കണക്കില്ല. 19-–ാം നൂറ്റാണ്ടും 20- –ാം നൂറ്റാണ്ടും പിന്നിട്ട് വംശഹത്യകൾ 21-–ാം നൂറ്റാണ്ടിലേക്കും കടന്നിരിക്കുകയാണ്. നാസി ജർമ്മനിയിലെ ഗ്യാസ് ചേമ്പറുകൾ, ആണവയുദ്ധങ്ങൾ, ഇന്ത്യാ വിഭജനകാലത്തെ വർഗീയ സംഘട്ടനങ്ങൾ, കൽക്കട്ടയിലെ ക്ഷാമം, പോൾ പോട്ടിന്റെ കമ്പോഡിയൻ വംശഹത്യകൾ, വിയറ്റ്നാം യുദ്ധം, ശ്രീലങ്കയിലെയും മധ്യേഷ്യയിലെയും വംശഹത്യകൾ, റുവാണ്ടൻ ഗോത്രപ്പോരുകൾ,മ്യാൻമറിലെ റോഹിംഗ്യൻ കൂട്ടക്കൊല, ഗാസയിലെ കൂട്ടനരഹത്യ ഇവകൊണ്ടൊന്നും മതിയാകാതെ മൃത്യുരാഷ്ട്രീയം പുതിയ മേച്ചിൽപുറങ്ങൾ ഇപ്പോഴും  തേടുന്നു.

ജനാധിപത്യകാലഘട്ടമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ വർത്തമാന കാലത്തും മൃത്യുരാഷ്ട്രീയം സാർവ്വത്രികവും സർവ്വായുധസജ്ജവുമാണ്. പല രാജ്യങ്ങളിലും, പ്രത്യേകിച്ച് മധ്യേഷ്യൻ രാജ്യങ്ങളിൽ, സ്വേച്ഛാധിപത്യവും മതാധിഷ്ഠിത നിയമങ്ങളും ശിക്ഷാരീതികളുമാണ് നിലനിൽക്കുന്നത്.

അമേരിക്കൽ സാമ്രാജ്യത്വവും മൃത്യുരാഷ്ട്രീയവും
വർത്തമാനകാലത്ത് മൃത്യുരാഷ്ട്രീയത്തിന് കൂടുതൽ സങ്കീർണവും ക്രൂരവുമായ മുഖമാണുള്ളത്. ആഗോള ധനസാമ്രാജ്യത്വത്തിന്റെ കാവലാളായ അമേരിക്കയ്ക്കാണ് ഇന്ന് മൃത്യുരാഷ്ട്രീയത്തിന്റെ കുത്തകാവകാശം. രണ്ടാം ലോകയുദ്ധത്തിനുശേഷം ശീതയുദ്ധകാലയളവിൽ ഒളിഞ്ഞും തെളിഞ്ഞും അന്യരാഷ്ട്രങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ അമേരിക്ക ഇടപെട്ടിരുന്നു. നേരിട്ട് സൈനികമായും അട്ടിമറികളെ പ്രോത്സാഹിപ്പിച്ചും നേതാക്കളെ വധിച്ചും കൂട്ടക്കൊലകൾക്ക് സഹായം നൽകിയുമാണ് അമേരിക്ക ആധിപത്യം നിലനിർത്തിപ്പോരുന്നത്. പാട്രീഷ് ലുമുംബ (കോംഗോ), റഫേൽ ട്രുജില്ലോ (ഡൊമിനിക്കൻ റിപ്പബ്ലിക്), സാൽവദോർ അലൻഡേ (ചിലി), മുഹമ്മദ് നജീബുള്ള (അഫ്ഗാനിസ്ഥാൻ), സദ്ദാം ഹുസൈൻ (ഇറാക്ക്), മുഅമ്മർ ഗദ്ദാഫി (ലിബിയ) തുടങ്ങിയവരുടെ വധത്തിന്റെ പിന്നിൽ നേരിട്ടും അല്ലാതെയും അമേരിക്ക ഇടപെട്ടത് അന്തർദേശീയ രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗമാണ്. അതുപോലെ, ഇറാൻ, ഗ്വാട്ടിമാല, ബ്രസീൽ, ഗ്രീസ്, ഹൈത്തി, ഹോണ്ടുറാസ് തുടങ്ങിയ രാജ്യങ്ങളിൽ നടന്ന രാഷ്ട്രീയ അട്ടിമറികളുടെ പിന്നിലും അമേരിക്കയായിരുന്നു. കുപ്രസിദ്ധ ചാരസംഘടനയായ സി.ഐ.എ ആണ് ഈ അമേരിക്കൻ മൃത്യുരാഷ്ട്രീയത്തിന്റെ   കാര്യകർത്താക്കളായ കാലദൂതന്മാർ. സുപരിഷ്കൃതമായ ശാസ്ത്ര–സാങ്കേതിക  വിവരവിനിമയ വിദ്യകളാൽ സജ്ജമായ അമേരിക്കൻ  ഭരണകൂടത്തിന്റെ സൈനികസ്വാധീനം അപരിമിതമാണ്. സാമ്പത്തിക യുദ്ധത്തിന്റെ ഭാഗമായി താരിഫ് യുദ്ധം നടത്താനും മാധ്യമങ്ങളെ ഉപയോഗിച്ച് പ്രത്യയശാസ്ത്രപരമായ സ്വാധീനം ചെലുത്തി സമൂഹമനസ്സിനെ ചങ്ങലയ്ക്കിടാനും ബുദ്ധിജീവികളെ വിലയ്ക്കുവാങ്ങാനും അമേരിക്കയ്ക്ക്  കഴിയുന്നു. ഇതിനൊക്കെ പുറമെയാണ് വഴങ്ങാത്ത രാഷ്ട്രങ്ങളിലെ ലക്ഷ്യങ്ങളിൽ  വിനാശകരമായ ആയുധങ്ങൾ കൃത്യതയോടെ വിക്ഷേപിക്കുന്നത്.

നിഷ്ഠുരതയുടെ കാര്യത്തിൽ പൂർവ്വഗാമികളെയെല്ലാം പിന്നിലാക്കിയ വ്യക്തിയാണ് ഇന്നത്തെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുദ്ധവും അധിനിവേശവും രാജ്യാന്തര ഭീകരതയും ട്രംപ് വിദേശനയത്തിന്റെ ഭാഗമാക്കിയിരിക്കുന്നു. ഐക്യരാഷ്ട്രസഭയെ വെറും നോക്കുകുത്തിയാക്കിക്കൊണ്ട് ലോകത്തിന്റെ നിയമനിർമാതാവായി ട്രംപ്  മാറിയിരിക്കുന്നു. അഭിനവ ഹിറ്റ്ലറായ ട്രംപ് ആഗോള നവഫാസിസത്തിന്റെ ആൾരൂപമാണ്. കാനഡയെ ട്രംപ് ഭീഷണിപ്പെടുത്തുന്നു. വിലയ്ക്കുവാങ്ങാൻ പറ്റിയില്ലെങ്കിൽ ഗ്രീൻലാന്റിനെ കയ്യടക്കുമെന്ന്  അയാൾ ഔദ്ധത്യപൂർവ്വം മുന്നറിയിപ്പു നൽകുന്നു. ലോകരാഷ്ട്രങ്ങളെ മുഴുവൻ ഞെട്ടിച്ചുകൊണ്ട് വെനസേ-്വലയുടെ പ്രസിഡന്റ് നിക്കൊളാസ് മദുറോയെ തട്ടിക്കൊണ്ടുപോകാനുള്ള ധിക്കാരവും ട്രംപ് കാട്ടിയിരിക്കുന്നു. ജനാധിപത്യ സംരക്ഷണത്തിന്റെയും ഭീകരതാവിരുദ്ധതയുടെയും പേരിൽ അമേരിക്ക കൈക്കൊള്ളുന്ന നടപടികൾ എല്ലാവിധ ജനാധിപത്യ മൂല്യങ്ങൾക്കും എതിരാണ്. ലോക സമാധാനത്തിനു ഭീഷണിയാണ് അമേരിക്കയുടെ മൃത്യുരാഷ്ട്രീയ പ്രയോഗങ്ങൾ. ഭൂമിയിലെ സമാധാനത്തിനു മുകളിൽ മരണത്തിന്റെ കരിമേഘമാണ് അമേരിക്ക. മനുഷ്യനെയും പരിസ്ഥിതിയെയും  യഥേഷ്ടം ചൂഷണംചെയ്യുന്നതിനുള്ള വിശാല സാധ്യതയും സൗകര്യവുമാണ് മൃത്യുരാഷ്ട്രീയം ആഗോള ധനസാമ്രാജ്യത്വത്തിന് നൽകുന്നത്. ഉല്പാദന വർദ്ധനവിലൂടെ വേണം വിഭവ ലഭ്യതയുടെ പരിമിതി മറികടക്കാൻ. അതിനുവേണ്ടി   ബലപ്രയോഗത്തിലൂടെ മനുഷ്യാധ്വാനം നിയന്ത്രിക്കപ്പെടുമ്പോൾ  മൃത്യുരാഷ്ട്രീയമാണ് വ്യവഹരിക്കപ്പെടുന്നത്.  വർഗവിഭജിത സമൂഹങ്ങളിലെല്ലാം മൃത്യുരാഷ്ട്രീയം വ്യത്യസ്ത രീതിയിൽ പ്രയോഗിക്കപ്പെടുന്നുണ്ട്.

ഹിന്ദുത്വത്തിന്റെ മൃത്യുരാഷ്ട്രീയ പ്രയോഗങ്ങൾ
ഇന്ത്യയിലെ വർണരാഷ്ട്രീയം (Caste politics) മൃത്യുരാഷ്ട്രീയത്തിന്റെ പ്രച്ഛന്ന രൂപമാണ്. നാലുവർണങ്ങളും അനേകം ജാതികളും ഉപജാതികളുമെല്ലാം കൂടിച്ചേർന്ന് അതീവ സങ്കീർണമാണ് ഇന്ത്യൻ മൃത്യുരാഷ്ട്രീയം. അതിന്റെ നിയമസംഹിതയാണ്  ‘മനുസ്മൃതി’. മനുസ്മൃതിയുടെ വൈദിക പാരമ്പര്യവും  ദാർശനിക ഭാവവും സാമൂഹിക ദുരവസ്ഥയ്ക്ക് സ്ഥായിത്വം നൽകാൻ സഹായിച്ചു.

മുഗൾ കാലഘട്ടത്തിൽ ഭരണാധികാരികൾ ദണ്ഡനീതികൾ ശത്രു നിഗ്രഹത്തിനായി ധാരാളം ഉപയോഗിച്ചു. ആക്രമണകാരികളായെത്തി രാജ്യാധിപതികളും ചക്രവർത്തിമാരുമായി മാറിയ മുഗളരുടെ മൃത്യുരാഷ്ട്രീയ പ്രയോഗം ആഴത്തിലുള്ള മുറിവുകൾ സൃഷ്ടിച്ചിരുന്നു. എന്നാൽ, സ്വാതന്ത്ര്യ സമരം ഹിന്ദുക്കളേയും മുസ്ലീങ്ങളേയും യോജിപ്പിക്കാനും ദേശീയ ഐക്യം ശക്തിപ്പെടുത്താനും കാരണമായി. എന്നാൽ, ബ്രിട്ടീഷുകാർ ബോധപൂർവ്വം പയറ്റിയ ഹിന്ദു – -മുസ്ലീം ദ്വിരാഷ്ട്രവാദം ഈ ഐക്യത്തിൽ വിള്ളൽ വീഴ്ത്തുന്നതിന് കാരണമായി. സ്വാതന്ത്ര്യ സമരത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ വെറുപ്പിന്റെ ശക്തികൾ ദുർബലരായിരുന്നു. എന്നാൽ, സ്വാതന്ത്യാനന്തരം,  നടക്കേണ്ടിയിരുന്ന സാമ്പത്തികവും സാമൂഹികവുമായ വിപ്ലവം, -ഫ്യൂഡൽവിരുദ്ധ വിപ്ലവം, ബൂർഷ്വാ ജനാധിപത്യ വിപ്ലവം – എന്നിവ പൂർണ തോതിൽ ഇന്ത്യയിൽ ഉണ്ടായില്ല. ഹിന്ദുക്കളെയും മുസ്ലീങ്ങളെയും ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന ബ്രിട്ടീഷുകാരുടെ ആശയം ഈ അവസരത്തിൽ വീണ്ടും ശക്തിപ്രാപിച്ചു. സ്വാതന്ത്ര്യലബ്ധിയോടടുത്തു  നടന്ന വർഗീയ കലാപം പത്തുലക്ഷത്തിനുമേൽ മനുഷ്യരുടെ മരണത്തിനും പതിനഞ്ചു ലക്ഷത്തിലധികം പേരുടെ പലായനത്തിനും കാരണമായി. ജനാധിപത്യ മൂല്യങ്ങളുടെ ധ്വംസനവും ഫാസിസ്റ്റ് ആശയങ്ങളുടെ വളർച്ചയും കൊലയ്ക്കും കൊള്ളയ്ക്കും വംശഹത്യയ്ക്കും വർഗീയ ലഹളയ്ക്കും വഴിമരുന്നിട്ടു. ഇന്ത്യ – പാകിസ്ഥാൻ യുദ്ധവും ബംഗ്ലാദേശ് വിമോചനപ്പോരാട്ടവും  ബ്രിട്ടീഷ് കൊളോണിയലിസം സൃഷ്ടിച്ച വർഗീയ പ്രത്യയശാസ്ത്രത്തിന്റെ ഫലമാണ്.  അലിഗഢ്, മീററ്റ്, മുസാഫർ നഗർ, മുംബൈ, ഭീവന്ദി, ഭഗൽപുർ , അഹമ്മദാബാദ്, നെല്ലി (ആസാം ) എന്നിവിടങ്ങളിലുണ്ടായ കൂട്ടനരഹത്യകൾ വർഗീയ വിദ്വേഷത്തിന്റെ ഫലമായിരുന്നു.

രാഷ്ട്രീയ അധികാരവും സാമ്പത്തിക ചൂഷണവും നടത്താൻ ഏറ്റവും അനായാസമാർഗം ജനങ്ങളെ മതപരമായ  അതിവൈകാരികതയ്ക്ക് അടിപ്പെടുത്തുകയാണെന്ന്  ഇന്ത്യയിലെ ഹിന്ദുത്വവാദികൾ അനുഭവത്തിലൂടെ പഠിച്ചിരുന്നു. ഇന്ദിരാഗാന്ധിയുടെ വധത്തിനുശേഷം നടന്ന സിക്കു കൂട്ടക്കൊലയും ബാബ്റി മസ്ജിദ് തകർത്തതിനു ശേഷമുണ്ടായ വർഗീയ സംഘട്ടനങ്ങളും ഗോധ്രയിലെ ട്രെയിൻ കത്തിക്കലിനു ശേഷം ഗുജറാത്തിലുണ്ടായ വംശഹത്യയും പൗരാവകാശ ഭേദഗതി നിയമത്തിനെതിരായ സമരകാലത്ത് ഡൽഹിയിലുണ്ടായ വർഗീയ കലാപവും ഇന്ത്യൻ രാഷ്ട്രീയത്തിലെ വംശഹത്യാപരവും മൃത്യുരാഷ്ട്രീയപരവുമായ പ്രവണതകൾ വെളിവാക്കുന്നു.

ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നടക്കുന്ന ജനാധിപത്യവിരുദ്ധ രാഷ്ട്രീയ പ്രക്രിയകളെ നിരീക്ഷണത്തിനും പഠനത്തിനും വിധേയമാക്കുന്ന സംഘടനകൾ (Genocide Watch, US Holocaust Memorial Museum Watch, Human Rights Watch തുടങ്ങിയവ), ഇന്ത്യയിൽ ശക്തിയാർജ്ജിച്ചിട്ടുള്ള വർഗീയ സംഘടനകൾ ഏതൊക്കെയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഹിന്ദു, മുസ്ലീം, സിക്ക് എന്നിവയാണവയിൽ പ്രധാനം. എന്നാൽ, സംഘപരിവാറിന്റെ കുടക്കീഴിൽ വളരുന്ന ഹിന്ദുത്വ ഗ്രൂപ്പുകളാണ് ഏറ്റവും വ്യാപകവും സംഘടിതവും.  ആർ എസ് എസ്, വി എച്ച് പി, ബജ്റംഗ്-ദൾ, ഹിന്ദുമഹാസഭ, അഭിനവ ഭാരത്, സനാതൻ സംസ്ഥ എന്നിവ ഇതിൽ പെടും. മുസ്ലീങ്ങൾക്കും ഇതുപോലെ ഗ്രൂപ്പുകളുണ്ട്. സിമി, ഇന്ത്യൻ മുജാഹിദീൻ, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ, ലക്-ഷർ ഇ തോയിബ (L e T), ജെയിഷെ  ഇ മൊഹമ്മദ് (J eT), ഹിസ്ബുൾ മുജാഹിദീൻ എന്നിവയാണിവയിൽ ചിലത്. സിക്കുകാർക്ക് ബബ്ബർ ഖൽസാ , ഖലിസ്ഥാൻ ലിബറേഷൻ ഫോഴ്സ്, ഖലിസ്ഥാർ ടൈഗർ ഫോഴ്സ് എന്നീ ഗ്രൂപ്പുകളുണ്ട്. ഇതു പോലെ മിലിറ്റന്റായ ഗ്രൂപ്പുകൾ ക്രിസ്ത്യാനികൾക്കില്ല. എന്നിരുന്നാലും പരസ്പരം പോർവിളി മുഴക്കുന്നതോടൊപ്പം കമ്യൂണിസ്റ്റുകാർക്കെതിരെ പ്രചരണം നടത്തുന്നതിൽ ഇവരെല്ലാം ഏക മനസ്കരാണ്. എന്നാൽ, പരസ്പരം വെറുപ്പു പ്രചരിപ്പിക്കുന്നവരിൽ ഹിന്ദുത്വവാദികൾക്കാണ് മേൽക്കൈ. കാരണം, രാഷ്ട്രീയാധികാരവും ഭരണകൂട സംവിധാനങ്ങളും സങ്കേതങ്ങളും അവരുടെ പക്കലാണ്. മൃത്യുരാഷ്ട്രീയ പ്രയോഗത്തിലൂടെ ഇന്ത്യയെ ‘മനുസ്മൃതി’യുടെ  ഭൂതകാലത്തിലേക്ക് കൊണ്ടുപോകാനാണ്  ആര്യാവർത്ത പൈതൃകത്തെ ചൂഷണ സൂത്രവാക്യമാക്കുന്ന ഹിന്ദുത്വവാദികൾ ആഗ്രഹിക്കുന്നത്. അവരിൽ ഏറ്റവും കുപ്രസിദ്ധനാണ് ഹരിദ്വാറിൽ 2021-ൽ നടന്ന “ധർമസംസദി’ൽ മുസ്ലീം വംശഹത്യ നടത്തണമെന്നു പ്രസംഗിച്ച ഹിന്ദു പുരോഹിതനായ യതി നരസിംഹാനന്ദ ഗിരി മഹാരാജ്. മാനസികരോഗമായി മൂർച്ഛിച്ചതാണ് ഇയാളിലെ വർഗീയ ചിന്ത. ബംഗ്ലാദേശിൽ മുസ്ലീങ്ങൾ ഹിന്ദുക്കളെ പീഡിപ്പിക്കുന്നതിനെതിരെ ഇന്ത്യ സൈനിക നീക്കം നടത്തണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിക്കുന്ന ഒരു കത്ത് സ്വന്തം രക്തത്തിൽ അയാൾ എഴുതുകയുണ്ടായി. ഇന്ത്യയെന്ന ഭൂപ്രദേശം ഹിന്ദുക്കളുടെ ജന്മദേശമാണെന്നും ഹിന്ദുക്കൾ ഏറ്റവും ശ്രേഷ്ഠരാണെന്നും മറ്റുള്ളവർ വിദേശികളും മ്ലേച്ഛന്മാരുമാണെന്നും ഇയാളും സഹപ്രവർത്തകരും പ്രചരിപ്പിക്കുന്നു. അവർ പശുപൂജ നടത്തുകയും  ഗോമാംസം കയറ്റുമതി ചെയ്യുകയും ചെയ്യുന്നു. അവർ ക്ഷേത്രങ്ങളും മോസ്കുകളും തമ്മിലുള്ള തർക്കങ്ങൾ മൂർച്ഛിപ്പിച്ച് സംഘട്ടനങ്ങളിലെത്തിക്കുന്നു. മതപരിവർത്തനം ആരോപിച്ച് ക്രിസ്ത്യൻ പുരോഹിതന്മാരെയും കന്യാസ്ത്രീകളെയും അറസ്റ്റു ചെയ്യുന്നു. ഘർവാപ്പസി സംഘടിപ്പിച്ച് മതംമാറിയവരെ ഹിന്ദുമതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നു. ബി ജെ പി ഭരിക്കുന്ന 11 സംസ്ഥാനങ്ങളിൽ മതപരിവർത്തന നിയമം നടപ്പാക്കിയിട്ടുണ്ട്. ഭരണഘടനയുടെ മൗലിക തത്ത്വങ്ങളുടെ നഗ്നമായ ലംഘനമാണ് ബി ജെ പി ഗവണ്മെന്റ് നടത്തുന്നത്. സെക്കുലർ ഡെമോക്രസിയെന്ന് പുകൾപെറ്റ  ഇന്ത്യയിൽ പ്രധാനമന്ത്രി മോദി പൂജാരിയുടെ വേഷത്തിൽ അയോധ്യയിലെ രാമക്ഷേത്രത്തിൽ വിഗ്രഹ പ്രതിഷ്ഠ നടത്തിയപ്പോൾ മൃത്യുരാഷ്ട്രീയത്തിന്റെ അരിയിട്ടുവാഴ്ചയാണ് വാസ്തവത്തിൽ നടന്നത്.ഹിന്ദു വർഗീയതയുടെ ഉദ്ഘോഷണങ്ങൾ ഭരണകർത്താക്കൾ നടത്തുമ്പോൾ ഇന്ത്യയുടെ ഐക്യവും ജനജീവിതത്തിന്റെ സുരക്ഷയുമാണ് ചോദ്യംചെയ്യപ്പെടുന്നത്. കേവലം ഭാവനാസൃഷ്ടമായ ശ്രേഷ്ഠത നൽകുന്ന ഗർവ്വോടെ കൊല്ലാനും കൊല്ലിക്കാനുമായി അധികാരം പ്രയോഗിക്കുമ്പോൾ ഇന്ത്യ, അതായത് ഭാരതം, ആണ് ജീവനോടെ കുഴിച്ചുമൂടപ്പെടുന്നത്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

seventeen + 4 =

Most Popular