ആമുഖം
കാലാവസ്ഥാ വ്യതിയാനം (Climate Change) എന്നത് കേവലമൊരു പാരിസ്ഥിതിക പ്രശ്നം മാത്രമല്ല, അതീവ ഗൗരവതരമായ ഒരു പൊതുജനാരോഗ്യ പ്രതിസന്ധി കൂടിയാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം ഈ മാറ്റം പ്രകടമാകുന്നത് അന്തരീക്ഷ താപനിലയിലുണ്ടാകുന്ന നിരന്തരമായ വർധനവിലൂടെയാണ്. നമ്മുടെ വേനൽക്കാലം കൂടുതൽ കഠിനമാവുകയും ശൈത്യകാലം നഷ്ടപ്പെടുകയും ചെയ്യുന്നു. ഇന്ന് കേരളത്തിലെ ഏതൊരു ദിവസത്തെയും താപനില പരിശോധിച്ചാൽ, അത് ആ ദിവസത്തിന്റെ ദീർഘകാല ശരാശരിയേക്കാൾ (Long-term average) എപ്പോഴും മുകളിലാണെന്ന് കാണാം. ഈ മാറ്റം മനുഷ്യന്റെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് വലിയ വെല്ലുവിളികളാണ് ഉയർത്തുന്നത്.
ഇന്നത്തെ സാഹചര്യത്തിൽ ആഗോളതാപനത്തെ പൂർണ്ണമായും തടഞ്ഞുനിർത്തുക എന്നത് പ്രായോഗികമായി അസാധ്യമാണ്. ഫോസിൽ ഇന്ധനങ്ങളുടെ അമിതമായ ഉപയോഗമാണ് ആഗോളതാപനത്തിന്റെ പ്രധാന ചാലകശക്തി. ഇതൊരു ആഗോള പ്രതിഭാസമായതുകൊണ്ടുതന്നെ, ഏതെങ്കിലുമൊരു ദേശത്തിന്റെ അതിരുകൾക്കുള്ളിൽ നടത്തുന്ന പ്രവർത്തനങ്ങൾ കൊണ്ടുമാത്രം ഈ താപന പ്രക്രിയയെ പിടിച്ചുനിർത്താനാവില്ല. വികസിത രാജ്യങ്ങൾ അവരുടെ കാർബൺ പുറന്തള്ളൽ ഗണ്യമായി കുറച്ചാൽ പോലും, അന്തരീക്ഷത്തിൽ ഇതിനകം അടിഞ്ഞുകൂടിയ ഹരിതഗൃഹ വാതകങ്ങൾ കാരണം ആഗോളതാപനം തുടർന്നുകൊണ്ടേയിരിക്കും; അതിന്റെ വേഗത കുറഞ്ഞേക്കാം എന്നു മാത്രം. എന്നു കരുതി ഈയൊരു സാഹചര്യത്തിൽ, നിസ്സഹായരായി ഇരിക്കുകയല്ല നമ്മൾ ചെയ്യേണ്ടത്. മറിച്ച്, മാറുന്ന ഈ സാഹചര്യങ്ങളെ നേരിടാൻ മൂന്ന് പ്രധാന കർമ്മപദ്ധതികളാണ് നമുക്ക് മുന്നിലുള്ളത്:
1. അനുകൂലനം (Adaptation): വർദ്ധിച്ചുവരുന്ന ചൂടിനെ ഒരു യാഥാർത്ഥ്യമായി അംഗീകരിച്ചുകൊണ്ട് നമ്മുടെ ജീവിതശൈലിയിലും നിർമ്മാണ രീതികളിലും കാർഷിക രീതികളിലും മാറ്റങ്ങൾ വരുത്തുക.
2. ആഗോള മുന്നേറ്റങ്ങളിൽ പങ്കുചേരുക: കാലാവസ്ഥാ വ്യതിയാനത്തിന് കാരണക്കാരായവർ അതിന് ഉത്തരവാദിത്തം ഏൽക്കണമെന്നും മലിനീകരണം കുറയ്ക്കണമെന്നും ആവശ്യപ്പെടുന്ന അന്താരാഷ്ട്ര പ്രസ്ഥാനങ്ങളിൽ സജീവമായി ഇടപെടുക.
3. കമ്മ്യൂണിറ്റി റെസിലിയൻസ് (Community Resilience): ചൂടുമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെയും മറ്റ് പ്രത്യാഘാതങ്ങളെയും നേരിടാൻ നമ്മുടെ സമൂഹത്തെയും ആരോഗ്യ സംവിധാനങ്ങളെയും സജ്ജമാക്കുക. ദുർബല വിഭാഗങ്ങളെ സംരക്ഷിച്ചുകൊണ്ട് ഒരു പ്രതിരോധ സംസ്കാരം കെട്ടിപ്പടുക്കുക എന്നത് നമ്മുടെ അതിജീവനത്തിന് അനിവാര്യമാണ്.
കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും കേവലം ശാസ്ത്രീയ പ്രതിഭാസങ്ങളല്ല, മറിച്ച് അവ സാമൂഹിക- സാമ്പത്തിക അസമത്വത്തിന്റെ അടയാളങ്ങൾ കൂടിയാണ്. വ്യവസായവൽകൃത രാജ്യങ്ങൾ പുറന്തള്ളുന്ന കാർബൺ മലിനീകരണത്തിന്റെ ദുരന്തഫലങ്ങൾ ഏറ്റുവാങ്ങേണ്ടി വരുന്നത് ഉഷ്ണമേഖലാ പ്രദേശങ്ങളിലെയും വികസ്വര രാജ്യങ്ങളിലെയും (Global South) ദരിദ്ര ജനതയാണ്. കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ഉയർന്ന ആർദ്രതയും (Humidity) ഈ ചൂടിന്റെ ആഘാതം വർദ്ധിപ്പിക്കുന്നു. നമ്മുടെ സമൂഹത്തിനുള്ളിലും ഈ വിവേചനം പ്രകടമാണ്. ശീതീകരിച്ച മുറികളിലും വാഹനങ്ങളിലും കഴിയുന്നവർക്ക് അനുഭവപ്പെടുന്ന ചൂടല്ല, വെയിലത്ത് പണിയെടുക്കുന്ന സാധാരണക്കാരൻ അനുഭവിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും പുറംജോലികളിൽ ഏർപ്പെടുന്നവർക്കും ഈ കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ വളരെ വലുതാണ്. ഈ അസമത്വം പരിഹരിക്കപ്പെടേണ്ടതും അർഹമായ പ്രതിരോധ മാർഗങ്ങൾ എല്ലാവരിലേക്കും എത്തേണ്ടതും നീതിപൂർവമായ ആരോഗ്യപരിപാലന വ്യവസ്ഥയുടെ അനിവാര്യതയാണ്. ഈ സഹചര്യത്തിൽ ചൂട് വ്യക്തികളുടെയും സമൂഹത്തിന്റെയും ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്ന് പരിശോധിക്കുന്നത് മുൻകരുതലുകൾ എടുക്കാൻ നമ്മെ സഹായിക്കും.
വർധിച്ചുവരുന്ന ചൂട് മനുഷ്യശരീരത്തെ ബാധിക്കുന്നത് എങ്ങനെ എന്നതിൽനിന്നും തുടങ്ങാം. നമ്മുടെ ശരീരത്തിന് താപനില നിയന്ത്രിക്കുന്നതിന് ഒരു നിശ്ചിത പരിധിയുണ്ട്. അന്തരീക്ഷ താപനില ഉയരുമ്പോൾ ശരീരം വിയർപ്പിലൂടെ ചൂട് പുറന്തള്ളാൻ ശ്രമിക്കും. എന്നാൽ അന്തരീക്ഷത്തിലെ ഈർപ്പം (Humidity) കൂടുമ്പോൾ ഈ പ്രക്രിയ തടസ്സപ്പെടുകയും ശരീരത്തിനുള്ളിലെ താപനില അപകടകരമായ രീതിയിൽ ഉയരുകയും ചെയ്യുന്നു. മനുഷ്യൻ ഒരു ഉഷ്ണരക്തജീവിയാണ് (Warm-blooded). പുറംലോകത്തെ കാലാവസ്ഥാ വ്യതിയാനങ്ങൾ എന്തുതന്നെയായാലും ശരീരത്തിന്റെ ആന്തരിക പ്രവർത്തനങ്ങൾ തടസ്സമില്ലാതെ നടക്കാൻ നമ്മുടെ ശരീരം എല്ലായ-്പ്പോഴും ഒരു നിശ്ചിത താപനില (Core Body Temperature) നിലനിർത്തുന്നു. അന്തരീക്ഷ താപനില ഉയരുമ്പോൾ, ഈ ആന്തരിക താപനില പരിധി വിട്ടുയരാതെ നിയന്ത്രിക്കാൻ ശരീരം പ്രഥമമായും ആശ്രയിക്കുന്നത് ശരീരത്തിലെ ജലാംശത്തെയാണ്. ശരീരത്തിലെ ജലാംശം കേവലം ദാഹം മാറ്റാൻ മാത്രമല്ല, കഠിനമായ ചൂടിൽനിന്ന് ആന്തരിക അവയവങ്ങളെ സംരക്ഷിക്കുന്ന ഒരു ലൂബ്രിക്കന്റ് (Lubricant) ആയും പ്രവർത്തിക്കുന്നു. ചൂടുമൂലം കോശങ്ങൾ വെന്തുപോകുന്നത് (Burns) തടയാനും, ഹൈപ്പർതെർമിയ (Hyperthermia) പോലുള്ള അപകടകരമായ അവസ്ഥകളിലേക്ക് ശരീരം പോകാതെ നോക്കാനും, ഉപാപചയ പ്രവർത്തനങ്ങൾ (Metabolic regulations) താളംതെറ്റാതിരിക്കാനും ഈ ജലാംശം അനിവാര്യമാണ്. ശരീരത്തിലെ താപനില ക്രമാതീതമായി ഉയരുമ്പോൾ വിയർപ്പിലൂടെ ഈ ജലം പുറന്തള്ളപ്പെടുകയും, അത് ചർമ്മത്തിൽ നിന്ന് ബാഷ്പീകരിക്കപ്പെടുമ്പോൾ ശരീരം തണുക്കുകയും ചെയ്യുന്നു.
എന്നാൽ ഈ സ്വാഭാവിക പ്രതിരോധ സംവിധാനത്തെ തകർക്കുന്ന നിരവധി ഘടകങ്ങളുണ്ട്:
1. ഈർപ്പം: അന്തരീക്ഷത്തിൽ ഈർപ്പം കൂടുമ്പോൾ വിയർപ്പ് ബാഷ്പീകരിക്കപ്പെടാതെ വരികയും ശരീരത്തിന് തണുക്കാൻ കഴിയാതെ താപനില അപകടകരമായി ഉയരുകയും ചെയ്യുന്നു.
2. നേരിട്ടുള്ള സമ്പർക്കം: സൂര്യപ്രകാശമേൽക്കുന്ന രീതിയിലുള്ള തുറന്ന ജോലിസ്ഥലങ്ങൾ.
3. വസ്ത്രധാരണ രീതി: കാറ്റുകടക്കാത്ത കട്ടി കൂടിയ വസ്ത്രങ്ങൾ ശരീരത്തിലെ ചൂട് പുറത്തുപോകാൻ അനുവദിക്കില്ല.
4. വായുസഞ്ചാരമില്ലാത്ത മുറികൾ: വായുസഞ്ചാരമില്ലാത്ത അടഞ്ഞ മുറികൾ ശരീരതാപനില ഉയർത്താൻ കാരണമാകുന്നു.
5. വ്യക്തിഗത ഘടകങ്ങൾ: പ്രായമായവർ, കുട്ടികൾ, മറ്റ് അനുബന്ധ രോഗങ്ങളുള്ളവർ (Comorbidities) എന്നിവർക്ക് ചൂടിനെ പ്രതിരോധിക്കാനുള്ള ശേഷി കുറവായതിനാൽ ഇവർ കൂടുതൽ അപകടസാധ്യത (High risk) നേരിടുന്നു.
ചൂട് നേരിട്ട് ഏൽപ്പിക്കുന്ന പ്രശ്നങ്ങൾ
സൂര്യാഘാതം (Heat Stroke): ഏറ്റവും മാരകമായ അവസ്ഥയാണിത്. ശരീരതാപനില വളരെ ഉയരുകയും തലച്ചോറ്, വൃക്കകൾ, ഹൃദയം എന്നിവയുടെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യുന്നു. തീവ്രമായ പൊള്ളൽ ഏൽക്കുകയും ചെയ്യാം. ഇത് ജീവനുതന്നെ ഭീഷണിയാണ്. ഈ അവസ്ഥയിൽ ഒരാളെ കാണുകയാണെങ്കിൽ പെട്ടെന്ന് തണലോ തണുപ്പോ ഉള്ള ഒരിടത്തേക്ക് മാറ്റികിടത്തി ശരീരത്തിലേക്ക് വായുസഞ്ചാരം ഉറപ്പുവരുത്തി ഐസ് കൊണ്ടോ വെള്ളം കൊണ്ടോ ശരീരം തണുപ്പിക്കണം. ആൾക്ക് ബോധമില്ലെങ്കിൽ അതിവേഗം ആശുപത്രിയിൽ എത്തിച്ച് ഡ്രിപ്പ് നൽകണം. വെള്ളം കുടിക്കാൻ കഴിയുന്നുവെങ്കിൽ തണുത്തവെള്ളം കുടിക്കാൻ നൽകണം.
സൂര്യാതപം (Heat Exhaustion): അമിതമായ വിയർപ്പ്, തലകറക്കം, ക്ഷീണം, പേശീവേദന, ചെറിയ പൊള്ളലുകൾ എന്നിവയാണ് ലക്ഷണങ്ങൾ.
നിർജ്ജലീകരണം (Dehydration): ശരീരത്തിലെ ജലാംശവും ലവണങ്ങളും നഷ്ടപ്പെടുന്നതുമൂലം രക്തസമ്മർദം കുറയാനും തളർച്ചയുണ്ടാകാനും കാരണമാകുന്നു.
ചൂടിന്റെ പരോക്ഷ ആഘാതങ്ങൾ
ജലവും ഭക്ഷണവും: താപനില ഉയരുന്നത് കുടിവെള്ളത്തിന്റെ സുരക്ഷയെയും ഗുണനിലവാരത്തെയും സാരമായി ബാധിക്കാറുണ്ട്. മുൻകാലങ്ങളിൽ കേരളത്തിൽ കോളറ ഉൾപ്പെടെയുള്ള ജലജന്യ രോഗങ്ങൾ പടർന്നുപിടിച്ചിരുന്നത് കഠിനമായ വേനൽക്കാലത്തായിരുന്നു എന്നത് ഒരു വസ്തുതയാണ്. കടുത്ത ചൂടിൽ ജലസ്രോതസ്സുകൾ വറ്റുന്നത് ജലക്ഷാമത്തിന് കാരണമാവുകയും, തന്മൂലം ലഭ്യമായ മലിനജലംപോലും ഉപയോഗിക്കാൻ ജനങ്ങൾ നിർബന്ധിതരാവുകയും ചെയ്യുന്നു. കൂടാതെ, ഉയർന്ന താപനിലയിൽ ദാഹം വർദ്ധിക്കുന്നതിനാൽ ജലത്തിനായുള്ള ആവശ്യകതയും (Demand for water) വൻതോതിൽ ഉയരുന്നു. അതിനാൽ, വേനൽക്കാലത്ത് കുടിവെള്ളത്തിന്റെ കാര്യത്തിൽ അതീവ ജാഗ്രത പാലിക്കേണ്ടത് രോഗപ്രതിരോധത്തിന് അനിവാര്യമാണ്.
ഭക്ഷണ സുരക്ഷയാണ് മറ്റൊരു പ്രധാന വെല്ലുവിളി. ഈർപ്പവും ചൂടുമുള്ള കാലാവസ്ഥയിൽ പാകംചെയ്ത ഭക്ഷണസാധനങ്ങളുടെ ഷെൽഫ് ലൈഫ് (Shelf life) ഗണ്യമായി കുറയുന്നു എന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഭക്ഷണം വേഗത്തിൽ കേടാകാനും അതുവഴി ഭക്ഷ്യവിഷബാധയുണ്ടാകാനുമുള്ള സാധ്യത ഇത്തരം സാഹചര്യങ്ങളിൽ കൂടുതലാണ്. കൂടാതെ, വേനൽക്കാലത്ത് ലഭിക്കുന്ന ചില കടൽ വിഭവങ്ങളിൽ വിഷാംശമുള്ള വസ്തുക്കളുടെ (toxins) സാന്നിധ്യം വർദ്ധിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. അതിനാൽ, ഭക്ഷണത്തിന്റെ ശുദ്ധത ഉറപ്പാക്കുന്നതിലും ഭക്ഷ്യവിഷബാധ തടയുന്നതിലും പ്രത്യേക ശ്രദ്ധ വേണം.
മനഃശാസ്ത്രപരവും സാമൂഹികവുമായ
ആഘാതങ്ങൾ
ചൂടിന്റെ ആഘാതം കേവലം ശാരീരികമായ അസ്വസ്ഥതകളിൽമാത്രം ഒതുങ്ങുന്നില്ല. അത് മനുഷ്യന്റെ മാനസികാവസ്ഥയെയും സാമൂഹിക ജീവിതത്തെയും ആഴത്തിൽ ബാധിക്കുന്നുണ്ട്. കഠിനമായ ചൂട് കുടുംബങ്ങൾക്കുള്ളിൽ ഗാർഹിക പീഡനങ്ങളും (Domestic violence) കലഹങ്ങളും വർദ്ധിക്കാൻ കാരണമാകുന്നുണ്ടെന്ന് യുണൈറ്റഡ് നേഷൻസിന്റെ (UN) പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. അമിതമായ ചൂട് മനുഷ്യരിൽ മാനസിക സമ്മർദ്ദം, അസ്വസ്ഥത, പെട്ടെന്നുള്ള പ്രകോപനം എന്നിവയുണ്ടാക്കുന്നു. ഇതിനർത്ഥം കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും നമ്മുടെ ശാരീരിക ആരോഗ്യത്തെ എന്നപോലെതന്നെ മാനസികാരോഗ്യത്തെയും സാമൂഹിക സുരക്ഷയെയും നേരിട്ട് ബാധിക്കുന്നു എന്നാണ്.
അഗ്നിബാധയും ആരോഗ്യപ്രശ്നങ്ങളും:
വനമേഖലമുതൽ മാലിന്യമലകൾവരെ
കേരളത്തിൽ വേനൽക്കാലത്ത് കാട്ടുതീ (Forest fire) ഉണ്ടാകുന്നത് ഒരു പതിവു കാഴ്ചയായി മാറിയിട്ടുണ്ട്. എന്നാൽ വനമേഖലകളിൽ മാത്രമല്ല, റബ്ബർ തോട്ടങ്ങൾ ഉൾപ്പെടെയുള്ള കൃഷിയിടങ്ങളിലും തീപിടുത്തം വ്യാപകമാണ്. ഇത്തരം അഗ്നിബാധകൾ അണയ്ക്കാനുള്ള ശ്രമത്തിനിടയിൽ വിലപ്പെട്ട പല ജീവനുകളും നഷ്ടപ്പെട്ട അനുഭവം നമുക്ക് മുന്നിലുണ്ട്. എന്നാൽ ഇതിനെക്കാളെല്ലാം ഗൗരവതരമായ ഒരു പുതിയ വെല്ലുവിളിയാണ് 2023 മാർച്ചിലെ ബ്രഹ്മപുരം തീപിടുത്തം നമുക്ക് മുന്നിൽ തുറന്നുകാട്ടിയത്. നഗരങ്ങളിൽ കുന്നുകൂടിക്കിടക്കുന്ന ‘ലെഗസി വേസ്റ്റ്’ (Legacy waste) അഥവാ പഴകിയ മാലിന്യക്കൂമ്പാരങ്ങൾ കഠിനമായ ചൂടിൽ സ്വയം കത്തിയുണ്ടാകുന്ന തീപിടുത്തം സങ്കീർണ്ണമായ ആരോഗ്യപ്രശ്നങ്ങളിലേക്കാണ് നയിക്കുന്നത്. പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ കത്തുമ്പോൾ പുറന്തള്ളപ്പെടുന്നത് മാരകമായ വിഷവാതകങ്ങളാണ്. ഇവയിൽ അടങ്ങിയിരിക്കുന്ന പെർസിസ്റ്റന്റ് ഓർഗാനിക് പൊല്യൂട്ടന്റുകൾ (Persistent Organic Pollutants – POPs), ഡയോക്സിൻ (Dioxin) തുടങ്ങിയ പദാർത്ഥങ്ങൾ മണ്ണിലും വെള്ളത്തിലും ദീർഘകാലം നിലനിൽക്കുന്നു. ഇവ ഒടുവിൽ മനുഷ്യരുടെയും മൃഗങ്ങളുടെയും ഭക്ഷ്യശൃംഖലയുടെ (Food chain) ഭാഗമാവുകയും, കാലക്രമേണ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. സാധാരണ തീപിടുത്തങ്ങളിൽ നിന്ന് വ്യത്യസ്തമായി, മാലിന്യക്കൂമ്പാരങ്ങളിലെ തീപിടുത്തം പ്രകൃതിയിലും മനുഷ്യശരീരത്തിലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന സവിശേഷമായ ഒരു ആരോഗ്യ അടിയന്തരാവസ്ഥയാണ് (Unique Health Event). അതിനാൽ, കഠിനമായ വേനലിൽ മാലിന്യ സംസ്കരണ കേന്ദ്രങ്ങളിലെ സുരക്ഷാ മുൻകരുതലുകൾക്ക് മുൻഗണന നൽകേണ്ടത് അനിവാര്യമാണ്.
ഉഷ്ണതരംഗങ്ങൾ: മൈക്രോ
എൻവയോൺമെന്റുകളുടെ പരാജയം
മനുഷ്യശരീരത്തിന് ഉൾക്കൊള്ളാൻ കഴിയുന്നതിലും അധികമായ ചൂടിനെ പ്രതിരോധിക്കാൻ കഴിയാതെ വരുമ്പോഴാണല്ലോ സൂര്യാഘാതം (Heat Stroke) ഉണ്ടാകുന്നത്. സമാനമായ ഒരു പ്രതിഭാസമാണ് ഉഷ്ണതരംഗങ്ങൾ. ഒരു പ്രത്യേക പ്രദേശത്തെ (Micro-environment) അന്തരീക്ഷത്തിന് അവിടെ അനുഭവപ്പെടുന്ന അതിതീവ്രമായ ചൂടിനെ സ്വാഭാവികമായി പുറന്തള്ളാൻ കഴിയാതെ വരുന്ന അവസ്ഥയാണിത്. കാറ്റിലൂടെയോ മറ്റ് പ്രകൃതിദത്ത മാർഗ്ഗങ്ങളിലൂടെയോ താപനില കുറയ്ക്കാൻ കഴിയാതെ വരുമ്പോൾ, ആ പ്രദേശത്തെ ജനസംഖ്യയുടെ വലിയൊരു ഭാഗം അപകടസാധ്യതയിലാകുന്നു. ചരിത്രത്തിൽ ഇതിന് ഭീകരമായ ഉദാഹരണങ്ങളുണ്ട്. 2003-ൽ യൂറോപ്പിലുണ്ടായ ഉഷ്ണതരംഗത്തിൽ 70,000-ത്തിലധികം ആളുകൾ മരണപ്പെട്ടത് ഇതിന്റെ തീവ്രത വ്യക്തമാക്കുന്നു. ഇന്ത്യയിൽ 2015-ൽ ആന്ധ്രാപ്രദേശിലും തെലങ്കാനയിലുമായി ഏകദേശം 2,500-ഓളം പേർ ചൂടുകാറ്റുമൂലം മരണമടഞ്ഞു. ഇത്തരത്തിലുള്ള സാഹചര്യങ്ങൾ ആഗോളതലത്തിൽ വർദ്ധിച്ചുവരികയാണ്.
നഗരവൽക്കരണം ചൂടിന്റെ ആഘാതം വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. നഗരങ്ങളിലെ ടാർ ചെയ്ത റോഡുകളും വായുസഞ്ചാരം തടസ്സപ്പെടുത്തുന്ന രീതിയിലുള്ള ഉയരമുള്ള കോൺക്രീറ്റ് കെട്ടിടങ്ങളും ചൂട് ആഗിരണം ചെയ്യുകയും അവിടെ തങ്ങിനിൽക്കാൻ ഇടയാക്കുകയും ചെയ്യുന്നു. ഇടുങ്ങിയ സ്ഥലങ്ങളിൽ ചൂടുവായു കുടുങ്ങിക്കിടക്കുന്ന ഈ അവസ്ഥയെ അർബൻ ഹീറ്റ് ഐലൻഡ് (Urban Heat Island) എന്ന് വിളിക്കുന്നു. ചുറ്റുമുള്ള ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ച് നഗരങ്ങളിൽ താപനില പല ഡിഗ്രി കൂടുതൽ അനുഭവപ്പെടാൻ ഇത് കാരണമാകുന്നു.
കേരളത്തിലെ സവിശേഷ
സാഹചര്യങ്ങൾ
കേരളത്തിന്റെ സാഹചര്യത്തിൽ രണ്ട് പ്രധാന വെല്ലുവിളികളാണുള്ളത്:
1. തീരദേശങ്ങളിലെ ആർദ്രത (Humidity): സമുദ്രസാമീപ്യവും കായലുകളും ഉള്ളതിനാൽ കേരളത്തിലെ തീരദേശങ്ങളിൽ താപനില താരതമ്യേന കുറവായിരിക്കാം. എന്നാൽ ഇവിടുത്തെ ഉയർന്ന ആർദ്രത വിയർപ്പ് ബാഷ്പീകരിക്കപ്പെടുന്നത് തടയുന്നു. വിയർപ്പിലൂടെ ചൂട് പുറന്തള്ളാനുള്ള ശരീരത്തിന്റെ സ്വാഭാവികശേഷിയെ ഇത് പ്രതിരോധിക്കുന്നതിനാൽ, താപനില കുറവായാൽ പോലും ഉഷ്ണതരംഗത്തിന് സമാനമായ അപകടസാധ്യത തീരദേശവാസികൾക്കുണ്ട്.
2. ദ്രുതഗതിയിലുള്ള നഗരവൽക്കരണം: ഓരോ വർഷവും താപനില ഉയരുന്നതിനൊപ്പം കേരളത്തിലെ നഗരവൽക്കരണത്തിന്റെ വേഗതയും വർദ്ധിക്കുകയാണ്. ഇത് വരുംവർഷങ്ങളിൽ കേരളത്തെ ഉഷ്ണതരംഗങ്ങൾ പോലുള്ള അതിതീവ്ര സാഹചര്യങ്ങളിലേക്ക് കൂടുതൽ തള്ളിവിടും.
പൊരുത്തപ്പെടലും പ്രതിരോധവും:
നമുക്ക് എന്തു ചെയ്യാം?
കാലാവസ്ഥാ വ്യതിയാനം ഒരു ആഗോള പ്രതിഭാസമായതിനാൽ അതിനെ പൂർണ്ണമായി തടയുക എന്നത് നമ്മുടെ മാത്രം കൈകളിലല്ല. എന്നാൽ, വർധിച്ചുവരുന്ന ഈ ചൂടിനെ അതിജീവിക്കാൻ നമ്മുടെ ജീവിതശൈലിയിലും സാമൂഹിക വ്യവസ്ഥയിലും വരുത്തുന്ന ‘അനുകൂലനങ്ങൾ’ (Adaptation) അനിവാര്യമാണ്. ഒരു മെഡിക്കൽ എമർജൻസിയായി കണ്ട് ഈ പ്രതിസന്ധിയെ നേരിടാൻ താഴെ പറയുന്ന മുൻകരുതലുകൾ സ്വീകരിക്കാം:
1. ജലാംശം നിലനിർത്തുക
(Stay Hydrated)
നമ്മൾ നേരത്തെ സൂചിപ്പിച്ചതുപോലെ, ശരീരം ചൂടിനെ പ്രതിരോധിക്കുന്നത് ജലാംശം ഉപയോഗിച്ചാണ്. അതിനാൽ ദാഹം തോന്നിയില്ലെങ്കിലും ഓരോ മണിക്കൂറിലും വെള്ളം കുടിക്കുന്നത് ശീലമാക്കുക. ഒആർഎസ് (ORS), കഞ്ഞിവെള്ളം, ഇളനീര്, നാരങ്ങാവെള്ളം എന്നിവ ശരീരത്തിലെ ലവണാംശം നിലനിർത്താൻ സഹായിക്കും. കടുത്ത വേനലിൽ ജലസ്രോതസ്സുകൾ മലിനമാകാൻ സാധ്യതയുള്ളതിനാൽ കുടിവെള്ളം തിളപ്പിച്ചാറ്റിയത് മാത്രമാണെന്ന് ഉറപ്പുവരുത്തുക.
2. സമയക്രമീകരണവും
തൊഴിൽ സുരക്ഷയും
ഉച്ചയ്ക്ക് 11 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിൽ സൂര്യപ്രകാശമേൽക്കുന്നത് പരമാവധി ഒഴിവാക്കണം. പുറംജോലികളിൽ ഏർപ്പെടുന്നവർ, പ്രത്യേകിച്ച് നിർമ്മാണ തൊഴിലാളികൾ, കർഷകർ എന്നിവർക്ക് ഈ സമയത്ത് വിശ്രമം ഉറപ്പാക്കണം. കഠിനമായ ശാരീരിക അധ്വാനം ഈ സമയത്ത് ചെയ്യുന്നത് സൂര്യാഘാതത്തിനുള്ള സാധ്യത വർദ്ധിപ്പിക്കും. ശീതീകരിച്ച മുറികളിലിരിക്കുന്നവരേക്കാൾ പതിന്മടങ്ങ് അപകടസാധ്യത വെയിലത്ത് ജോലി ചെയ്യുന്നവർക്കുണ്ടെന്ന തിരിച്ചറിവ് നമുക്കുണ്ടാകണം.
3. വസ്ത്രധാരണവും
സംരക്ഷണവും
വായുസഞ്ചാരം തടസ്സപ്പെടുത്താത്ത, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങൾ ധരിക്കുക. ഇത് ശരീരത്തിലെ വിയർപ്പ് ബാഷ്പീകരിക്കപ്പെടാനും ചൂട് പുറന്തള്ളാനും സഹായിക്കും. പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നേരിട്ടുള്ള വെയിൽ ചർമ്മത്തിൽ ഏൽക്കുന്നത് തടയും.
4. ഭക്ഷണക്രമവും സുരക്ഷയും
ചൂടുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥയിൽ ഭക്ഷണം വേഗത്തിൽ കേടാകാൻ സാധ്യതയുണ്ട്. അതിനാൽ പാകം ചെയ്ത ഉടൻ തന്നെ ഭക്ഷണം കഴിക്കുകയോ സുരക്ഷിതമായി സൂക്ഷിക്കുകയോ ചെയ്യുക. എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണങ്ങൾ ശീലമാക്കുക. ചായ, കാപ്പി തുടങ്ങിയ കഫീൻ അടങ്ങിയ പാനീയങ്ങളും മദ്യവും നിർജ്ജലീകരണം വർദ്ധിപ്പിക്കുമെന്നതിനാൽ അവ ഒഴിവാക്കുക.
5. സമൂഹത്തിന്റെ പ്രതിരോധശേഷി
(Building Resilience)
നമ്മുടെ നിയന്ത്രണത്തിലല്ലാത്ത ആഗോള മാറ്റങ്ങൾക്കിടയിലും, പരിസ്ഥിതിസൗഹൃദപരമായ ഒരു ജീവിതശൈലി കെട്ടിപ്പടുക്കാൻ നാം ശ്രമിക്കണം. മരങ്ങൾ വച്ചുപിടിപ്പിക്കുകയും തണ്ണീർത്തടങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്നത് മൈക്രോ എൻവയോൺമെന്റുകളിലെ താപനില കുറയ്ക്കാൻ സഹായിക്കും. മാലിന്യക്കൂമ്പാരങ്ങൾക്ക് തീപിടിക്കുന്നത് ഒഴിവാക്കാൻ ശാസ്ത്രീയമായ സംസ്കരണ രീതികൾ അവലംബിക്കേണ്ടത് മാരകമായ വിഷവാതകങ്ങളിൽനിന്നും അന്തരീക്ഷത്തെ സംരക്ഷിക്കാൻ അനിവാര്യമാണ്. l



