കേരളത്തിന്റെ രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വർഷമായിരുന്നു 2024. അതിനുമുൻപുവരെ ഏറ്റവും ചൂടേറിയ വർഷമായി നാം കണക്കാക്കിയിരുന്നത് 2016 നെയായിരുന്നു. 2016 രണ്ടാം സ്ഥാനത്തേക്കും 2023 മൂന്നാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു. കേരളത്തിന്റെ ഏറ്റവും ചൂടേറിയ ദശകത്തിലാണ് നമ്മൾ ജീവിക്കുന്നത്. എന്നാൽ, ഓരോ വർഷവും അത് പുതുക്കിക്കൊണ്ടിരിക്കുന്ന സാഹചര്യവുമാണ്. 2016 നും 2024 നും ശേഷം ചരിത്രത്തിൽ മൂന്നാം തവണ 2026 ൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് കേരളത്തിൽ ഔദ്യോഗികമായ ഉഷ്‌ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിക്കുന്ന സാഹചര്യമുണ്ടായി. ഇന്ത്യയുടെ പൊതുസ്വഭാവങ്ങൾക്കനുസരിച്ച് തയ്യാറാക്കപ്പെട്ട കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഉഷ്‌ണതരംഗ പ്രഖ്യാപനത്തിനായുള്ള മാനദണ്ഡങ്ങളനുസരിച്ച് ഒരിക്കലും കേരളത്തിൽ ഉഷ്‌ണതരംഗം ഉണ്ടാവില്ലെന്നായിരിക്കും ഒരു പത്തു വർഷം മുന്നേ വരെയെങ്കിലും ആളുകൾ പ്രതീക്ഷിച്ചിട്ടുണ്ടാവുക. എന്നാൽ ആ സ്ഥിതിഗതികളെല്ലാം മാറുകയാണ്. തുടർച്ചയായ വർഷങ്ങളിൽ നമുക്ക് കടുത്ത വേനൽക്കാലമുണ്ടാകുന്നു. ഓരോ വർഷവും റെക്കോർഡുകൾ മറികടക്കാൻ മത്സരിക്കുന്നു. ചൂട് കേരളീയന് ഒരു പുതിയ പ്രശ്നമാണ്. മഴയോ കാറ്റോ പോലെയല്ല ചൂടിന്റെ ആഘാതങ്ങളും. അതുകൊണ്ടുതന്നെ ഗൗരവകരമായ ചിന്തകളും ചർച്ചകളും ഇക്കാര്യത്തിൽ ഉയർന്നുവരണം. അതിലേക്കുള്ള ഒരു ശ്രദ്ധക്ഷണിക്കലായി ഈ പരിശ്രമത്തെ കാണാം.
ചൂട് കൂടുമ്പോൾ എന്തുസംഭവിക്കും?
അന്തരീക്ഷത്തിലെ ചൂടാണ് കാറ്റിനെയും മഴയെയും മറ്റെല്ലാ കാലാവസ്ഥാ പ്രതിഭാസങ്ങളെയും നിയന്ത്രിക്കുന്നത്. ചൂട് വർദ്ധിക്കുമ്പോൾ സ്വാഭാവികമായും അത്തരം കാലാവസ്ഥാ പ്രതിഭാസങ്ങളിൽ മാറ്റം വരും. കാറ്റ്, മഴയുടെ പെയ്ത്ത് രീതിയും സമയവും, ഇടിമിന്നൽ, ചുഴലിക്കാറ്റുകൾ തുടങ്ങിയവയെയെല്ലാം ചൂട് സ്വാധീനിക്കാം. ഇതുകൂടാതെ ചൂടേറിയ വേനൽക്കാലങ്ങൾ ഉഷ്‌ണതരംഗങ്ങൾക്ക് കാരണമാകാം. സൂര്യാഘാതം, സൂര്യാതപം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ, അതുമൂലമുള്ള മരണങ്ങൾ, ഹൃദ്രോഗം, പ്രമേഹം, ചർമരോഗങ്ങൾ തുടങ്ങിയ രോഗങ്ങൾ മൂർച്ഛിപ്പിക്കൽ, മാനസികാരോഗ്യ പ്രശ്നങ്ങൾ, ഉത്പാദനക്ഷമതയിലെ ഭീമമായ ഇടിവ്, കാട്ടുതീ, തീപിടുത്തങ്ങൾ എന്നിവയുടെ വ്യാപനം, വരൾച്ച, കുടിവെള്ളക്ഷാമം, വന്യജീവി ആക്രമണം വർധിക്കൽ, കൃഷിനാശം, കന്നുകാലികളുടെയും മറ്റു പക്ഷിമൃഗാദികളുടെയും ചത്തൊടുങ്ങൽ, വേനൽക്കാല സാംക്രമിക രോഗങ്ങളുടെ വ്യാപനം തുടങ്ങിയ ദുരന്തങ്ങളുടെ സാധ്യതകളെയും വർധിപ്പിക്കുന്നു. ഊർജ്ജ പ്രതിസന്ധി, യാത്രാക്ലേശങ്ങൾ, തൊഴിൽനഷ്ടം തുടങ്ങി മറ്റെല്ലാ മേഖലകളെയും ചൂടിൽ വരുന്ന വർദ്ധനവ് ബാധിക്കുന്നു. ആഗോള അന്തരീക്ഷതാപനിലയിൽ 1°സെൽഷ്യസിന്റെ വർദ്ധനവ് ലോകസമ്പദ്-വ്യവസ്ഥയിൽ 12% തകർച്ചയുണ്ടാക്കുന്നു എന്നാണ് വേൾഡ് ഇക്കണോമിക് ഫോറം തന്നെ പ്രസിദ്ധീകരിച്ച പഠനങ്ങൾ സൂചിപ്പിക്കുന്നത്. പ്രതിവർഷം 4,89,000 ആളുകൾ ചൂടുമൂലം മരണപ്പെടുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. യഥാർത്ഥത്തിൽ ഈ മരണങ്ങളെ ചൂടുമായി ചേർത്തുവെക്കാനുള്ള ചില പരിമിതികൾ കാരണം വലിയ തോതിൽ അവ റിപ്പോർട്ടു ചെയ്യപ്പെടുന്നില്ല എന്നാണ് ലോകാരോഗ്യ സംഘടന തന്നെ വ്യക്തമാക്കുന്നത്. കേരളത്തിൽ 2019 ലും 2024 ലും ചൂടുമൂലം നേരിട്ടുള്ള മരണങ്ങൾ ഔദ്യോഗികമായിത്തന്നെ സ്ഥിരീകരിക്കപ്പെട്ടിരുന്നു. പരോക്ഷമായ ആഘാതം ഇനിയും പഠനവിധേയമാക്കേണ്ടിയിരിക്കുന്നു. ചുരുക്കത്തിൽ ഉത്പാദനം, തൊഴിൽ, ആരോഗ്യം, കൃഷി, ഊർജ്ജം, വിദ്യാഭ്യാസം, ഗതാഗതം, ഐടി, മാനസികാരോഗ്യം, കച്ചവടം തുടങ്ങി സമസ്ത മേഖലകളിലും ചൂടിലെ വർദ്ധനവ് വലിയ ആഘാതമാണ് സൃഷ്ടിക്കാൻ പോകുന്നത്.
ഉഷ്‌ണതരംഗങ്ങൾ (Heat waves)
ഒരു പ്രദേശത്ത് അനുഭവപ്പെട്ടിരുന്ന അന്തരീക്ഷ താപനില സാധാരണയേക്കാൾ വലിയ രീതിയിൽ അധികരിക്കുന്ന സാഹചര്യത്തെയാണ് ഉഷ്ണതരംഗമെന്ന് പറയുന്നത്. ഓരോ പ്രദേശത്തിന്റെയും ഭൗമശാസ്ത്ര സവിശേഷതകളുടെകൂടി അടിസ്ഥാനത്തിലാണ് ഇതിനെ കാണേണ്ടത്. ഇന്ത്യയിൽ കാലാവസ്ഥാ വകുപ്പ് (IMD) ഉഷ്‌ണതരംഗങ്ങളെ നിർവചിച്ചിട്ടുണ്ട്. തീരദേശങ്ങളിൽ 37°C, സമതലങ്ങളിൽ 40°C, മലമ്പ്രദേശങ്ങളിൽ 30°C നു മുകളിൽ താപനില എത്തുകയും അത് അവിടങ്ങളിലെ ആ ദിവസങ്ങളിലെ സാധാരണ താപനിലയേക്കാൾ 4.5°C ന് മുകളിൽ വ്യതിയാനം കാണിക്കുകയും ഇത് തുടർച്ചയായ ദിവസങ്ങൾ നീണ്ടുനിൽക്കുകയും ചെയ്യുമ്പോഴാണ് ഉഷ്‌ണതരംഗം (Heat waves) എന്ന് വിളിക്കുക.
കേരളത്തിന്റെ ദുർബലത (Vulnerability)
തീരദേശ സംസ്ഥാനമായതിനാൽ ഉയർന്ന അന്തരീക്ഷ ആർദ്രതയും, സമുദ്രോപരിതല ഊഷ്മാവ് വർദ്ധിക്കുന്നതുമൂലം കരക്കാറ്റിലും കടൽകാറ്റിലും വരുന്ന മാറ്റങ്ങളും കേരളത്തിന്റെ ദുർബലത വർധിപ്പിക്കുന്ന ഘടകങ്ങളാണ്. ഓരോ പ്രതലവും ചൂടിനെ ആഗിരണം ചെയ്യുന്നതും പുനർവികിരണം ചെയ്യുന്നത് (re-radiate) അല്ലെങ്കിൽ പ്രതിഫലിപ്പിക്കുന്നതും വ്യത്യസ്ത രീതിയിലാണ്. ആൽബിഡോ (Albedo) എന്നു വിളിക്കുന്ന ഈ പ്രതിഫലനശേഷി വ്യത്യസ്ത ഭൂപ്രകൃതികൾക്ക് വ്യത്യസ്തമായ രീതിയിലാണ്. പ്രകൃത്യാലുള്ളതും മനുഷ്യനിർമിതവുമായ ഇത്തരം പ്രതിഫലന പ്രതലങ്ങളിലെ മാറ്റം നിർണായകമാണ്. ഇതുകൂടാതെ നഗരവൽക്കരണം, നിർമാണ പ്രവർത്തനങ്ങൾ, ചൂടിനെ നേരിടുന്നതിൽ മനുഷ്യരുടെ ആരോഗ്യ-–സാമൂഹിക-–സാമ്പത്തിക ശേഷി, തൊഴിൽസ്വഭാവങ്ങൾ, ജീവിതശീലങ്ങൾ തുടങ്ങിയവയെല്ലാം കേരളത്തിന്റെ ദുർബലത വർദ്ധിപ്പിക്കുന്ന ഘടകങ്ങളായി കാണാം.
തീരദേശ സംസ്ഥാനമായ കേരളത്തിൽ അന്തരീക്ഷ ആർദ്രത പൊതുവെ ഉയർന്നതായിരിക്കും. അന്തരീക്ഷത്തിലെ ഉയർന്ന ഈർപ്പത്തിന്റെ അളവ് മനുഷ്യശരീരത്തിന് അനുഭവപ്പെടുന്ന ചൂട് വർധിപ്പിക്കുന്നതിന് കാരണമാകും. അന്തരീക്ഷത്തിലെ ചൂടിനെ പിടിച്ചു നിർത്തുന്ന ഒരു പ്രധാന ഹരിതഗൃഹവാതകമാണ് ജലബാഷ്പം (Water vapor). കൂടാതെ അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവ് കൂടി നിൽക്കുമ്പോൾ നമ്മുടെ ശരീരം അന്തരീക്ഷ ഊഷ്മാവുമായി ബാലൻസ് ചെയ്യാനുള്ള പ്രധാനശ്രമമായ വിയർപ്പിന്റെ ബാഷ്പീകരണത്തെ ബാധിക്കും. അതായത് കേരളത്തിലെ ഒരു പ്രദേശത്ത് രേഖപ്പെടുത്തപ്പെടുന്ന ഉയർന്ന താപനില 35°C ആണെന്ന് കരുതുക. 50% ആപേക്ഷിക ആർദ്രത അന്തരീക്ഷത്തിൽ ആ സമയത്തുണ്ടെങ്കിൽ മനുഷ്യന് അനുഭവപ്പെടുന്ന ചൂട് 41°C ന് സമാനമായിരിക്കും. ഇതിനെയാണ് ഹീറ്റ് ഇൻഡക്സ് അഥവാ താപസൂചിക എന്നുവിളിക്കുന്നത്. അതുകൊണ്ടുതന്നെ കേരളത്തിന്റെ തീരദേശ മേഖലകളിൽ 36-–37 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ താപനില രേഖപ്പെടുത്തപ്പെടുമ്പോൾ തന്നെ അപകട സാധ്യതയേറുമെന്ന് കാണണം. കൂടാതെ കോൺക്രീറ്റ് കെട്ടിടങ്ങൾ, ടാറിട്ട റോഡുകൾ, ഇന്റർലോക്ക് ചെയ്ത പ്രതലങ്ങൾ, ആസ്ബസ്റ്റോസ് ഷീറ്റുകൾ തുടങ്ങിയവയെല്ലാം താപവികിരണങ്ങളെ ആഗിരണം ചെയ്യുകയോ അന്തരീക്ഷത്തിലേക്ക് പ്രതിഫലിപ്പിക്കുകയോ ചെയ്യുന്ന ഘടകങ്ങളാണ്. വടക്കേയറ്റം മുതൽ തെക്കേയറ്റം വരെ വളർന്നുകൊണ്ടിരിക്കുന്ന ഒരു നഗരത്തിന്റെ സ്വഭാവമുള്ള കേരളത്തിൽ നഗര താപദ്വീപുകൾ (Urban Heat Island) എന്നു വിളിക്കാവുന്ന പ്രഭാവങ്ങൾ കാരണം, അനുഭവേദ്യമാകുന്ന ചൂടിലുണ്ടാകുന്ന വർധനയും പ്രധാനമാണ്. ഇങ്ങനെ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന ചൂട് കൂടിവന്ന് നമ്മുടെ പ്രതിരോധ ശേഷിയെ കീഴ്പ്പെടുത്തുമ്പോഴാണ് ആരോഗ്യപ്രശ്നങ്ങൾ വ്യാപകമാകുന്ന സാഹചര്യം ഉണ്ടാകുന്നത്. കേരളത്തിൽ മുൻപൊരിക്കലുമില്ലാത്തവിധം ചൂട് അനുഭവപ്പെടുകയും ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്യുന്ന സാഹചര്യം ഇതിനോടകം തന്നെയുണ്ട്.
ആരെയാണ് ഉഷ്ണതരംഗം കൂടുതലായി ബാധിക്കുക?
ചൂടിന്റെ വർദ്ധനവ് സമസ്ത മേഖലകളെയും ബാധിക്കുമെന്ന് നേരത്തേ വ്യക്തമാക്കിയല്ലോ. ഉത്പാദനത്തെയും സമ്പദ്ഘടനയെയും സാരമായി ബാധിക്കുമെന്നുള്ളതുകൊണ്ടുതന്നെ ചൂടിന്റെ ആഘാതമേൽക്കാതെ ആർക്കും മാറിനിൽക്കാനാവില്ല. എന്നാൽ മറ്റെല്ലാ ദുരന്തങ്ങളെയുമെന്നപോലെ ചൂടും ഏറ്റവുമധികം പ്രഹരമേല്പിക്കുക തൊഴിലാളികളേയും സാമൂഹികവും സാമ്പത്തികവുമായ ദുർബല വിഭാഗങ്ങളേയുമാണ്. ചൂടിന്റെ ഏറ്റവും ശക്തമായ പ്രഹരത്തെ പ്രതിരോധിക്കാനുള്ള സൗകര്യങ്ങൾ ഇവർക്ക് അപ്രാപ്യമായിരിക്കും. ശരീരം തണുപ്പിക്കാനോ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ, ചൂടിന്റെ സദാ പിന്തുടരുന്ന നീരാളിപ്പിടുത്തത്തിൽനിന്ന് രക്ഷിച്ചെടുക്കാനോ ഇക്കൂട്ടർക്ക് എളുപ്പമായിരിക്കില്ല. ആരോഗ്യ പ്രശ്നങ്ങൾ പരിശോധിക്കുമ്പോൾ കൂടുതൽ സമയം നേരിട്ട് സൂര്യപ്രകാശമേൽക്കുന്ന തൊഴിലുകളിൽ ഏർപ്പെടുന്നവർക്കാണ് സൂര്യാഘാതവും സൂര്യാതപവും ഏൽക്കാൻ ഏറ്റവുമധികം സാധ്യതയുള്ളത്. കർഷകത്തൊഴിലാളികൾ, കർഷകർ, നിർമാണ തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ, തൊഴിലുറപ്പ് തൊഴിലാളികൾ, ഉച്ച സമയത്ത് യാത്ര ചെയ്യുന്നവർ, ഓൺലൈൻ ഭക്ഷണ വിതരണക്കാർ, ബൈക്ക് യാത്രികർ, ട്രാഫിക്ക് പൊലീസുകാർ, കളക്ഷൻ ഏജന്റുമാർ എന്നിങ്ങനെ പുറം ജോലികളിൽ ഏർപ്പെടുകയും കൂടുതൽ സമയം സൂര്യപ്രകാശം നേരിട്ടേൽക്കുകയും ചെയ്യുന്ന വിഭാഗം ആളുകളെയാണ് ഉഷ്‌ണതരംഗം മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ ബാധിക്കാൻ കൂടുതൽ സാധ്യത. എന്നാൽ കായികാദ്ധ്വാനമുള്ള ഇൻഡോർ ജോലികളിൽ ഏർപ്പെടുന്നവർ, സ്ട്രെസ് അനുഭവിക്കുന്നവർ, ചെറുകിട വ്യാപാരസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ, അടുക്കളകളിൽ പണിയെടുക്കുന്നവർ തുടങ്ങിയ വിഭാഗങ്ങളെയും ചൂട് ബാധിക്കുന്നു. ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, ഗർഭസ്ഥശിശു, 5 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾ, പ്രായമായവർ, ഹോർമോൺ തെറാപ്പികൾ പോലെയുള്ളവയിലൂടെ കടന്നുപോവുന്ന ട്രാൻസ്ജൻഡർ സഹോദരങ്ങൾ, കിടപ്പുരോഗികൾ തുടങ്ങിയ വിഭാഗങ്ങളും വൾനറബിൾ ഗ്രൂപ്പുകളാണ്. ഹൃദ്രോഗം, പ്രമേഹം, ചർമരോഗങ്ങൾ, കാൻസർ തുടങ്ങിയ രോഗങ്ങൾ മൂർച്ഛിക്കും. മാനസിക പ്രയാസങ്ങൾ അനുഭവിക്കുന്നവരിൽ അത്തരം ബുദ്ധിമുട്ടുകൾ വർധിക്കുന്നതിനോടൊപ്പംതന്നെ മറ്റുള്ളവരുടെ മാനസികാരോഗ്യത്തിലും നേരിട്ടും പരോക്ഷമായും അസ്വസ്ഥത സൃഷ്ടിക്കുകയും ചെയ്യുന്നു. രാത്രിസമയത്ത് വീടിനകത്ത് ഉറങ്ങാൻ പറ്റാത്ത സ്ഥിതിവിശേഷം ഇതിനോടകം കേരളീയർക്ക് പരിചിതമായി തുടങ്ങിയിരിക്കുന്നു. AC യുടെ ഉപയോഗത്തിലെ വർദ്ധനവ് ഊർജപ്രതിസന്ധിയിലേക്ക് കാര്യങ്ങളെ നയിക്കുന്നു. AC വാങ്ങാൻ ശേഷിയുള്ളവരിൽ പോലും വീട്ടിലെ എല്ലാവർക്കും അതുവഴിയുള്ള ആശ്വാസം എത്തിക്കാൻ കഴിയാതെ വരുന്നു. അങ്ങനെ വീട്ടിലും ഓഫീസിലും മാർക്കറ്റിലും നിരത്തിലും കടകളിലുമെല്ലാം ചൂട് നമ്മളെ വിഴുങ്ങുകയാണ്. ഗുരുതരമായ സാഹചര്യത്തിലേക്ക് ഇപ്പോൾതന്നെ നമ്മൾ എത്തിയിരിക്കുന്നു. ഉഷ്ണം ഉച്ചസ്ഥായിയിലെത്തുന്ന പകൽ 11 മുതൽ 3 മണി വരെയുള്ള സമയങ്ങളിൽ കൂടുതൽ നേരം വെയിലേൽക്കുന്നതിൽനിന്ന് ഈ വിഭാഗം ആളുകളെ കരുതലോടെ മാറ്റിനിർത്തേണ്ടതുണ്ട്. വീട്ടിലും തൊഴിലിടത്തിലും തണലും വായുസഞ്ചാരവും ഉറപ്പാക്കണം. ധാരാളമായി വെള്ളം കുടിക്കുകയും വിശ്രമിക്കുകയും പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കുകയും ചെയ്യുക എന്നത് വേനൽക്കാലത്ത് നിർബന്ധബുദ്ധിയോടെ പുലർത്തേണ്ട ശീലമാക്കി ഏറ്റെടുക്കുക എന്നതാണ് പ്രധാന പ്രതിരോധ മാർഗം.
ശാശ്വത പരിഹാരം?
ചൂട് വർദ്ധിക്കുന്നത് ആഗോളതാപനത്തിന്റെകൂടി അനന്തരഫലമാണ്. അന്തരീക്ഷ താപനില മുൻപത്തെപ്പോലെയുള്ള അവസ്ഥയിലേക്ക് മാറ്റുകയെന്നത് ഇനി മനുഷ്യസാധ്യമല്ല എന്നുതന്നെ പറയാം. എന്നാൽ കൂടുതൽ ഭയാനകമായ സാഹചര്യമാണ് മനുഷ്യരാശി മുന്നിൽ കാണുന്നത്. ആഗോളതാപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനുമുള്ള പരിഹാരങ്ങൾ പ്രാദേശികമായി മാത്രം കൈക്കൊള്ളാൻ സാധിക്കില്ല. അത്തരം ഇടപെടലുകൾ കൊണ്ടുമാത്രം അത് പരിഹരിക്കാനുമാവില്ല. ലോകത്തെ മുഴുവൻ ഭരണകൂടങ്ങളും ജനങ്ങളും ചേർന്നു നടത്തുന്ന ഇടപെടലുകൾക്കു മാത്രമേ നാശത്തിലേക്കുള്ള പോക്കിന്റെ ഇപ്പോഴുള്ള വേഗത കുറയ്-ക്കാനെങ്കിലും സാധിക്കൂ. എന്നാൽ ലോകം കൂടുതൽ മോശപ്പെട്ട അവസ്ഥയിലേക്കാണ് പോകുന്നത് എന്നതാണ് വസ്തുത. കടുത്ത നിയന്ത്രണങ്ങളും ശക്തമായ ക്യാമ്പയിനുകളുംവഴി സാധാരണക്കാരായ മനുഷ്യർ ഉൾപ്പെടെ അണിചേർന്ന് അവരുടെ കാർബൺ ഫൂട്ട്പ്രിന്റ് കുറയ്-ക്കാൻ ശ്രമിക്കുന്നു. വർഷങ്ങൾകൊണ്ട് ഉണ്ടാക്കുന്ന ഇത്തരം റിസൾട്ടുകളാണ് യുദ്ധങ്ങളിലൂടെയും സംഘർഷങ്ങളിലൂടെയും മണിക്കൂറുകൾകൊണ്ട് തകിടംമറിക്കപ്പെടുന്നത്. ഓരോ യുദ്ധവും അതിനുശേഷമുള്ള പുനർനിർമാണങ്ങളും സൃഷ്ടിക്കുന്ന കാർബൺ ബഹിർഗമനം നമ്മുടേതു പോലെയുള്ള നാടുകളിൽ വർഷങ്ങളോളം ത്യാഗങ്ങൾ സഹിച്ച് നമ്മൾ കുറയ്-ക്കാൻ ശ്രമിക്കുന്ന കാർബൺ ഫുട്പ്രിന്റിനേക്കാൾ നിരവധി മടങ്ങാണ്. യുദ്ധങ്ങളും സംഘർഷങ്ങളും മാറ്റിവെച്ചാലും മുതലാളിത്തമൊരുക്കുന്ന വികസന മാതൃകകൾ തന്നെ പരിഹാരത്തേക്കാൾ പ്രശ്നങ്ങളെ മൂർച്ഛിപ്പിക്കുന്നവയാണ്. ലോകത്തെ ഏറ്റവും സമ്പന്നരായ നാമമാത്രമായ എണ്ണം മനുഷ്യർക്കായി 25,000 ത്തിനടുത്ത് സ്വകാര്യ വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്. ഏകദേശം 4,800 ടൺ കാർബൺ ബഹിർഗമനമാണ് പ്രതിവർഷം ഇത്തരമൊരു പ്രൈവറ്റ് ജെറ്റ് ഉടമ ശരാശരി അന്തരീക്ഷത്തിന് സമ്മാനിക്കുന്നത്. കേരളത്തിന്റെ ആളോഹരി കാർബൺ പുറന്തള്ളൽ 0.5 മുതൽ 0.9 വരെ ടണ്ണും ഇന്ത്യയുടേത് 2.1 ടണ്ണും ലോകത്തെ മുഴുവൻ മനുഷ്യരുടേതുമായി കണക്കാക്കിയാൽ 4.9 ടണ്ണുമാണ് ശരാശരി ആളോഹരി കാർബൺ എമിഷൻ. അതായത് ഒരു പ്രൈവറ്റ് ജെറ്റ് മുതലാളി അയാളുടെ ആകാശയാത്രയ്ക്കുവേണ്ടി മാത്രം പുറന്തള്ളുന്ന കാർബണിന്റെ അളവു തന്നെ ഒരു ലോക പൗരന്റെ 1000 മടങ്ങാണ്. സമ്പത്തിന്റെ എന്നപോലെതന്നെ കാർബൺ എമിഷന്റെ കാര്യത്തിലും തുടരുന്ന ഇത്തരം അതിഭീമമായ അസമത്വങ്ങൾ അവസാനിക്കാത്തിടത്തോളം കാലം, അന്തരീക്ഷത്തിന് രാജ്യാതിർത്തികൾ ഇല്ലാത്തതുകൊണ്ടുതന്നെ ലോകരാജ്യങ്ങളാകെ ചേർന്നെടുക്കേണ്ട രാഷ്ട്രീയ തീരുമാനങ്ങളാണ് ലോകത്തിന്റെ ഭാവി നിർണയിക്കുക. മേൽ പറഞ്ഞതിനെയെല്ലാം ഒറ്റവാചകത്തിലേക്ക് ചുരുക്കിയാൽ ‘കാർബൺ പുറന്തള്ളലിൽ വലിയ മാറ്റങ്ങൾക്ക് സാധ്യത കാണാത്ത ഒരു ലോകക്രമം നിലനിൽക്കുന്നതുകൊണ്ടുതന്നെ ആഗോളതാപനത്തിനോ, കാലാവസ്ഥാ പ്രതിസന്ധികൾക്കോ ചൂടേറിക്കൊണ്ടിരുന്ന ലോകത്തിനോ സമീപഭാവിയിൽ ഒരു ശമനമോ ശാശ്വത പരിഹാരമോ പ്രതീക്ഷിക്കുക വയ്യ.’ അതുകൊണ്ട് വരുംവർഷങ്ങളിൽ കൂടുതൽ ചൂടേറിയ നാളുകൾക്ക്-വേണ്ടി നമ്മൾ ഒരുങ്ങുക എന്നതു മാത്രമാണ് മുന്നിലുള്ള അതിജീവന മാർഗം.
എങ്ങനെ അതിജീവിക്കും?
ചൂട് കുറയ്-ക്കാൻ സാധിക്കില്ല എന്നതുകൊണ്ടുതന്നെ നമ്മുടെ അതിജീവന ശേഷി വർധിപ്പിക്കുക എന്നതാണ് സാധ്യമായ പ്രതിരോധ മാർഗം. സർക്കാരുകളും പൊതുജനങ്ങളുമെല്ലാം ചേർന്ന സക്രിയമായ ഇടപെടലുകൾ ഇതിൽ ആവശ്യമാണ്. ചൂട് എന്ന പുതിയ പ്രശ്നത്തെ അതർഹിക്കുന്ന ഗൗരവത്തോടെ ഉൾക്കൊള്ളുക എന്നതാണ് ആദ്യപടി. തുടർച്ചയായ വർഷങ്ങളിൽ ചൂട് വർദ്ധിക്കുന്നത് അത്തരം പൊതുബോധം നമ്മുടെ സമൂഹത്തിൽ വളർത്തിയിട്ടുണ്ടാവുമെന്ന് പ്രതീക്ഷിക്കാം. ചൂട് ഒരു ‘സ്ലോ കില്ലർ’ ആണ്. അതുകൊണ്ടുതന്നെ അതിന്റെ ആഘാതം പെട്ടെന്ന് കാണുന്നില്ല എന്നതുകൊണ്ട് വിഷയത്തിന്റെ ഗൗരവം കുറച്ചു കണ്ടുകൂടാ. ദീർഘവീക്ഷണത്തോടെയുള്ള ആസൂത്രണവും കടുത്ത തീരുമാനങ്ങളും ആവശ്യമാണ്. ദൈനംദിന ജീവിതശൈലി മുതൽ കെട്ടിടനിർമാണ രീതി വരെ, കാർഷിക വിളകൾ മുതൽ വികസന സങ്കല്പങ്ങൾ വരെ, തൊഴിൽ സമയം മുതൽ സ്കൂൾ സമയവും യൂണിഫോമും വരെ നിരവധി മാറ്റങ്ങളെക്കുറിച്ച് നമ്മൾ ഒരുമിച്ച് ആലോചിക്കണം. നിർമാണ വസ്തുക്കളിലെ മാറ്റം പ്രധാനമാണ്. നിലവിലെ കെട്ടിടങ്ങളെ എങ്ങനെ ഹീറ്റ് റെസിലിയന്റ് ആക്കി മാറ്റാമെന്ന ആലോചനകളും ശ്രമങ്ങളും വേണം. അടിയന്തരമായ ചില താൽക്കാലിക പരിഹാരങ്ങൾ നടപ്പിലാക്കണം. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി 2020 ൽ തന്നെ ഒരു സമഗ്രമായ ഹീറ്റ് ആക്ഷൻ തയ്യാറാക്കി നടപ്പിലാക്കാൻ ശ്രമിച്ചിട്ടുണ്ട്. അതിപ്പോൾ കേരളം അഭിമുഖീകരിക്കുന്ന പ്രശ്നത്തെ നേരിടുന്നതിൽ വലിയ സഹായകമായി പ്രവർത്തിക്കുകയാണ്. ചൂട് ഒരു പ്രശ്നമായേ കണ്ടിട്ടില്ലാതിരുന്ന ഭൂപ്രദേശത്ത് ഇന്ന് ഓരോ വേനൽക്കാല സീസണിലും മുഖ്യമന്ത്രിയുടെ തന്നെ നേതൃത്വത്തിൽ തയ്യാറെടുപ്പ് യോഗങ്ങളും അവലോകനയോഗങ്ങളും പതിവാകുന്ന രീതിയിൽ സർക്കാർ സംവിധാനങ്ങൾ ഗൗരവമായി ചൂടിനെ പരിഗണിച്ചു തുടങ്ങിയിരിക്കുന്നു. താൽക്കാലിക ആശ്വാസ നടപടികളായ കുടിവെള്ളം, തണ്ണീർ പന്തലുകൾ, തൊഴിൽ സമയ പുനഃക്രമീകരണം എന്നിവ പോലെയുള്ള നടപടികൾ നല്ല രീതിയിൽ നടപ്പിലാക്കാൻ എൽഡിഎഫ് സർക്കാരിന് സാധിച്ചു. ബോധവൽക്കരണവും ഹീറ്റ് ക്ലിനിക്കുകളുമൊക്കെയായി നല്ല ഇടപെടലുകൾ കഴിഞ്ഞ കുറച്ചു വർഷങ്ങളായി കേരളം വിജയകരമായി നടപ്പിലാക്കി.
പ്രാദേശിക ഹീറ്റ് ആക്ഷൻ പ്ലാനുകൾ: ഒരു കേരള മാതൃക
ചൂടിന്റെ കാരണങ്ങൾ ആഗോളമാണെങ്കിലും ആഘാതം പ്രാദേശികമായ സ്വഭാവങ്ങളുള്ളതാണ്. അതുകൊണ്ടുതന്നെ പ്രതിരോധവും അതിജീവന ശ്രമങ്ങളും പ്രാദേശികമായും ഉണ്ടാവേണ്ടത് പ്രധാനമാണ്. നമ്മുടെ പ്രദേശത്ത് ചൂടുമൂലമുണ്ടാകുന്ന സവിശേഷ പ്രശ്നങ്ങളെ നേരിടുകയും ദീർഘവീക്ഷണത്തോടെ നാടിന്റെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് കാലം ആവശ്യപ്പെടുന്നത്. അവിടെ കേരളം വീണ്ടുമൊരു മാതൃക തീർക്കാൻ ശ്രമിക്കുകയാണ്. മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഹീറ്റ് ആക്ഷൻ പ്ലാനുകൾ തയ്യാറാക്കാൻ ആരംഭിച്ചിരിക്കുകയാണ്. ഇന്ത്യയിലാദ്യമായി മുഴുവൻ തദ്ദേശസ്ഥാപനങ്ങളും പ്രാദേശിക ദുരന്തനിവാരണ പ്ലാനുകൾ തയ്യാറാക്കി മുമ്പേ തന്നെ നമ്മൾ ചരിത്രം സൃഷ്ടിച്ചിട്ടുണ്ട്. ലോക്കൽ ആക്ഷൻ പ്ലാൻ ഓൺ ക്ലൈമറ്റ് ചേഞ്ച് (LAPCC) തയ്യാറാക്കിക്കൊണ്ടും നമ്മുടെ തദ്ദേശ സ്ഥാപനങ്ങൾ ലോകശ്രദ്ധ നേടിയിട്ടുണ്ട്. സമാനമായ രീതിയിൽ അധികം വൈകാതെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അവരുടെ ഹീറ്റ് ആക്ഷൻ പ്ലാനുകൾ തയ്യാറാക്കാനാണ് സർക്കാർ നിർദേശിച്ചിരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ മൂടാടി ഗ്രാമപഞ്ചായത്താണ് ഒരുപക്ഷേ ഇന്ത്യയിലെ തന്നെ ആദ്യത്തെ ഗ്രാമപഞ്ചായത്ത് തല ഹീറ്റ് ആക്ഷൻ പ്ലാൻ തയ്യാറാക്കിയത്. ഇന്ത്യയിലെ വലിയ നഗരങ്ങൾക്ക് ഹീറ്റ് ആക്ഷൻ പ്ലാനുകൾ തയ്യാറാക്കുന്ന പ്രവർത്തനങ്ങൾ പല തിങ്ക് ടാങ്കുകളുടെയും സഹായത്തോടെ നടന്നുവരുന്ന ഘട്ടത്തിലാണ് നമ്മുടെ ഒരു ഗ്രാമപഞ്ചായത്ത് അവരുടെ പ്രാദേശിക റിസോഴ്സുകൾ ഉപയോഗിച്ച് അത്തരം ഒരു പദ്ധതി തയ്യാറാക്കി മാതൃക തീർത്തത്. പിന്നാലെ കാസർകോട് ജില്ലയിലെ പിലിക്കോട് ഗ്രാമപഞ്ചായത്ത് അവരുടെ ഹീറ്റ് ആക്ഷൻ പ്ലാൻ തയ്യാറാക്കി പ്രസിദ്ധീകരിച്ചു. ഇന്നിപ്പോൾ ഇതെഴുന്ന ഘട്ടത്തിൽ നൂറിലധികം പ്ലാനുകൾ തയ്യാറായിക്കഴിഞ്ഞു. അടുത്ത വേനൽക്കാലത്തിന് മുമ്പേ കേരളത്തിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും അവരുടെ പ്രാദേശിക ഹീറ്റ് ആക്ഷൻ പ്ലാനുകൾ ഉണ്ടായിരിക്കുകയും അതിൽ മുന്നോട്ടുവെച്ചിരിക്കുന്ന ഹ്രസ്വകാല-, ദീർഘകാല പദ്ധതികൾ നടപ്പിലാക്കിത്തുടങ്ങുകയുമാണ് ലക്ഷ്യം.
അധികാര വികേന്ദ്രീകരണവും ശക്തമായ ത്രിതല പഞ്ചായത്ത് സംവിധാനവും കേരളത്തിന്റെ സവിശേഷ സമ്പത്താണ്. മനോഹരവും ആഴത്തിൽ വേരൂന്നിയതുമായ ജനാധിപത്യ പ്രക്രിയയും ജനകീയ പങ്കാളിത്തത്തോടെ നടക്കുന്ന വികസന-–ക്ഷേമ പ്രവർത്തനങ്ങളും വഴി കരുത്തുറ്റ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് കേരളത്തിലെ വലിയ പങ്ക് വികസന – ക്ഷേമപ്രവർത്തനങ്ങളും നടക്കുന്നത്. ലോകത്തിനുമുന്നിൽ കേരളമെന്ന കൊച്ചു ഭൂപ്രദേശത്തിന്റെ അഭിമാനമുയർത്തിയ നിരവധി ജനകീയ ക്യാമ്പയിനുകളുടെ പൈതൃകവും തദ്ദേശസ്വയംഭരണ സംവിധാനങ്ങൾക്കുണ്ട്. ചൂടുമൂലം നിലവിലുള്ളതും ഇനി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നതുമായ പ്രശ്നങ്ങളെ നേരിടാൻ പരമപ്രധാനമായും ജനങ്ങളെ സജ്ജരാക്കേണ്ടതുണ്ട്. ഓരോ പ്രദേശത്തിന്റെയും സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെയും ദുർബലത പ്രാദേശികമായി കണ്ടെത്തുകയും ഒരാളെയും വിട്ടുപോകാതെയുള്ള ദുരന്തലഘൂകരണ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് സാധ്യമാക്കുകയും ചെയ്യണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെയും കാഴ്ചപ്പാട്. പ്രാദേശിക വികസന പ്രവർത്തനങ്ങൾ മുതൽ ജനങ്ങളുടെ നിത്യജീവിതം വരെയുള്ള കാര്യങ്ങളിൽ വർധിച്ചുവരുന്ന അന്തരീക്ഷ താപനിലയും അതുമൂലമുണ്ടാകാൻ സാധ്യതയുള്ള പ്രശ്നങ്ങളും സംബന്ധിച്ചുള്ള ഒരു പരിപ്രേക്ഷ്യം ഉണ്ടാക്കിയെടുക്കുക എന്നതാണ് പ്രാദേശിക ഹീറ്റ് ആക്ഷൻ പ്ലാനുകളിലൂടെ പ്രധാനമായും ലക്ഷ്യം വെക്കുന്നത്. വീടുകൾ, കെട്ടിടങ്ങൾ, റോഡുകൾ തുടങ്ങിയ വിവിധ നിർമാണ പ്രവർത്തനങ്ങളിൽ ചൂടിനെ നേരിടാനുള്ള മനഃപൂർവ്വമായ ശ്രദ്ധയും കരുതലും ശ്രമകരമായി ത്തന്നെ കൊണ്ടുവരേണ്ടതുണ്ട്. ആരോഗ്യപരിപാലനത്തിലും കൃഷിയിലും തൊഴിൽ മേഖലയിലും മുതൽ പാലിയേറ്റീവ് പ്രവർത്തനങ്ങളിൽവരെ ചൂട് നിർണായകമായി തന്നെ പരിഗണിക്കപ്പെടേണ്ട ഘടകമാക്കിത്തീർക്കണം. വിവിധ വകുപ്പുകളും സംവിധാനങ്ങളും നടത്തുന്ന പ്രവർത്തനങ്ങൾക്ക് പ്രാദേശികമായ ഒത്തുചേരൽ (converg
ence) സാധ്യമാക്കുകയും ആരെയും വിട്ടുപോകാതെ നോക്കുകയും ചെയ്യുക എന്നത് പ്രാദേശിക ഹീറ്റ് ആക്ഷൻ പ്ലാനുകളുടെ ലക്ഷ്യമാണ്. നിലവിലുള്ള മാതൃകാപരമായ പല പദ്ധതികളിലും ചൂടിനെ നേരിടാനുള്ള പരിപ്രേക്ഷ്യം ഉൾച്ചേർക്കാൻ സാധിക്കും. നിലവിലുള്ള വിവിധ സർക്കാർ പദ്ധതികളെയും സ്കീമുകളെയും ചൂടിനെ നേരിടുന്നതിനായിക്കൂടി ഉപയോഗപ്പെടുത്താൻ സാധിക്കണം. പ്രായോഗികവും അറിവുകളുടെയും അനുഭവങ്ങളുടെയും അടിസ്ഥാനത്തിൽ നിരന്തരമായി പരിഷ്കരിക്കുന്നതുമാകണം ലോക്കൽ ഹീറ്റ് ആക്ഷൻ പ്ലാനുകൾ. ചുരുക്കത്തിൽ, അതിജീവന ശേഷിയുള്ള (heat resilient) ഒരു സമൂഹമാക്കി കേരള സമൂഹത്തെ മാറ്റുക എന്നതാണ് പ്രാദേശിക ഹീറ്റ് ആക്ഷൻ പ്ലാനുകളുടെ പ്രധാന ലക്ഷ്യം.
കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 2019 മുതൽ രൂപീകരിച്ച് വിജയകരമായി പ്രവർത്തിച്ചുവരുന്ന ദുരന്ത നിവാരണം, കാലാവസ്ഥാ വ്യതിയാനം എന്നിവ സംബന്ധിച്ച പ്രാദേശിക വർക്കിങ് ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ ലോക്കൽ ഹീറ്റ് ആക്ഷൻ പ്ലാനുകൾ തയ്യാറാക്കാവുന്നതാണ്. ഇതിനായി വിശദമായ ഒരു മാർഗരേഖ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി 2025 ൽ തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രാദേശിക ഹീറ്റ് ആക്ഷൻ പ്ലാനുകൾ ജനകീയ പങ്കാളിത്തത്തോടെ പ്രാദേശികമായിത്തന്നെ തയ്യാറാക്കുന്ന പ്രവർത്തനരീതിയായിരിക്കും അവലംബിക്കുക. ഇതിനായി ഭരണ സമിതി അംഗങ്ങൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വർക്കിങ് ഗ്രൂപ്പ് അംഗങ്ങൾ, ദുർബല വിഭാഗങ്ങളുടെ പ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവരുടെ പങ്കാളിത്തമുണ്ടാവണം. ഹീറ്റ് ആക്ഷൻ പ്ലാനിൽ മുന്നോട്ടു വെക്കുന്ന ദീർഘകാല പദ്ധതികൾ നടപ്പിലാക്കാൻ സംസ്ഥാന ദുരന്ത പ്രതിരോധ നിധിയിൽ (SDMF) നിന്നുള്ള ധനസഹായം ലഭ്യമാക്കും.
എന്താണ് ഭാവി?
വിവിധ കാലാവസ്ഥാ പ്രൊജക്ഷനുകൾ നൽകുന്ന സൂചനകൾ പ്രകാരം 2040 ഓടുകൂടി തന്നെ കേരളത്തിന്റെ വാർഷിക ശരാശരി താപനില 1°C മുതൽ 1.4°C വരെ വർധിച്ചേക്കാം. വാർഷിക ശരാശരി താപനില വർദ്ധനവ് എന്നത് മേൽ പറഞ്ഞ രീതിയിലാണെങ്കിൽ വേനൽക്കാല താപനില നമ്മൾ ഇപ്പോൾ അനുഭവിക്കുന്നതിനേക്കാൾ വളരെ കൂടുതലാവാനും സർവകാല റെക്കോർഡുകൾ ഭേദിക്കാനും സാധ്യതയുണ്ടെന്നാണ് മനസ്സിലാക്കേണ്ടത്. അതായത് കൂടുതൽ പ്രയാസകരമായ വേനൽക്കാലങ്ങൾ പ്രതീക്ഷിച്ചു വേണം തയ്യാറെടുപ്പുകൾ നടത്തേണ്ടതെന്ന് അർഥം.
ലോക കാലാവസ്ഥാ സംഘടനയുടെ സൂചന പ്രകാരം 2026 ൽ പസഫിക് സമുദ്രത്തിൽ എൻസോ (എൽനിനോ സതേൺ ഓസിലേഷൻ) രൂപപ്പെടുമെന്നാണ്. സാധാരണ എൽനിനോ വർഷങ്ങളിൽ ഇന്ത്യയുടെ മൺസൂൺ ദുർബലമാവുകയും വരൾച്ചയുടെ സാഹചര്യം പിന്നാലെ രൂപപ്പെടുകയും ചെയ്യാറുണ്ട്. എൽനിനോ വർഷങ്ങളായിരുന്ന 201-5–-16ലെയും 2023-–24 ലെയും അനുഭവങ്ങൾ പരിശോധിക്കുമ്പോൾ 2026–-27 ൽ ഉണ്ടാകാൻ പോകുന്ന എൽനിനോയുടെ സ്വാധീനം കൂടി 2027 ൽ പ്രതീക്ഷിക്കാം എന്നു കാണുന്നു. വളരെ നേരത്തെ ഇത്തരമൊരു പ്രവചനം നടത്തുന്നത് അപക്വമാണെങ്കിലും, സമീപ ഭൂതകാല അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ 2027 വേനൽക്കാലം കേരളത്തെ സംബന്ധിച്ച് വളരെ കടുപ്പമേറിയതായിരിക്കാനാണ് കൂടുതൽ സാധ്യത. ഏതായാലും സർക്കാരുകളും ജനങ്ങളും ഒത്തൊരുമിച്ച് ഗൗരവമായ ഇടപെടലുകളിലൂടെ ചൂടിനെ അതിജീവിക്കാനുള്ള ശ്രമങ്ങൾ ഏറ്റെടുക്കേണ്ട ഘട്ടമാണിത്. l



