Monday, May 18, 2026

ad

Homeകവര്‍സ്റ്റോറിചൂടേറിയ ലോകത്തിൽ 
താപസമ്മർദ്ദം 
ഉയർത്തുന്ന അസമത്വങ്ങൾ

ചൂടേറിയ ലോകത്തിൽ 
താപസമ്മർദ്ദം 
ഉയർത്തുന്ന അസമത്വങ്ങൾ

പ്രൊഫ. എസ് അഭിലാഷ്, 
കുസാറ്റ്

കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ ആഗോള താപനില സ്ഥിരമായി ഉയരുന്ന സാഹചര്യത്തിൽ, താപ സമ്മർദ്ദം (Heat Stress) മനുഷ്യാരോഗ്യത്തിനും പരിസ്ഥിതിക്കും സാമ്പത്തിക പ്രവർത്തനങ്ങൾക്കും വലിയ വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഏതാനും ദശകങ്ങളായി ലോകമെമ്പാടും ഉഷ്‌ണതരംഗങ്ങളുടെ (Heat Waves) ആവൃത്തി, ദൈർഘ്യം, തീവ്രത എന്നിവയിൽ ഗണ്യമായ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചൂടും ഈർപ്പവും ചേർന്നുണ്ടാകുന്ന സംയുക്തപ്രഭാവം ശരീരത്തിന്റെ സ്വാഭാവികമായ തണുപ്പിക്കൽ പ്രക്രിയയെ തടസ്സപ്പെടുത്തുമ്പോൾ, താപ സമ്മർദ്ദം രൂപപ്പെടുന്നു. ഇത് താപ ക്ഷീണം (Heat Exhaustion) , താപാഘാതം (Heat Stroke) തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കും മരണത്തിനുംവരെ കാരണമാകുന്നു.

യാദൃച്ഛികമല്ല
ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്കു-പടിഞ്ഞാറൻ തീരത്ത് സ്ഥിതിചെയ്യുന്ന കേരളം , സമൃദ്ധമായ പച്ചപ്പിനും താരതമ്യേന മിതമായ കാലാവസ്ഥയ്ക്കും പേരുകേട്ട സംസ്ഥാനമാണ്. എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി, പ്രത്യേകിച്ച് മാർച്ച് മുതൽ മെയ് വരെ, സംസ്ഥാനത്ത് വേനൽക്കാല താപനിലയിൽ വലിയ വർദ്ധനവാണ് അനുഭവപ്പെടുന്നത്. പല ജില്ലകളിലും 37–40°C വരെ താപനില രേഖപ്പെടുത്തപ്പെടുന്നു. ഇതോടൊപ്പം ഉയർന്ന ഈർപ്പം (humidity) കൂടി ചേർന്നതോടെ “അനുഭവപ്പെടുന്ന
ചൂട്” (heat index) വളരെ കൂടുതലായി, ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന നിലയിലേക്ക് ഉയർന്നിരിക്കുകയാണ്.

കേരളം ഇന്നനുഭവിക്കുന്ന ശക്തമായ ചൂട് ഒരു യാദൃച്ഛിക സംഭവമല്ല, ഇതിനുപിന്നിൽ ചില സ്വാഭാവിക ഘടകങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് സൂര്യന്റെ ചാക്രികമായ സ്ഥാനമാറ്റമാണ്. മാർച്ച് അവസാനത്തോടെ നടക്കുന്ന വസന്ത വിഷുവം (spring equinox) കഴിഞ്ഞ് ഭൂമി ഉത്തരാർദ്ധഗോളത്തിന്റെ വേനൽക്കാലത്തിലേക്ക് കടക്കുമ്പോൾ, സൂര്യൻ വടക്കോട്ട് സഞ്ചരിക്കുന്നതുപോലെ തോന്നുന്നു. ഈ കാലയളവിൽ, പ്രത്യേകിച്ച് മാർച്ച് മധ്യത്തിൽ നിന്ന് ഏപ്രിൽ അവസാനം വരെ, സൂര്യൻ കേരളത്തിന്റെ തലയ്ക്കൽ (നേരിട്ട് മുകളിൽ) സ്ഥിതിചെയ്യുന്നു. ഇതുവഴി സൂര്യകിരണങ്ങൾ നേരിട്ട് ഭൂമിയിൽ പതിക്കുകയും പരമാവധി ചൂട് ഉണ്ടാവുകയും ചെയ്യുന്നു.

സൂര്യൻ തലയ്ക്ക് മുകളിലേക്ക് എത്തുന്ന അവസരത്തിൽ സൂര്യപ്രകാശത്തിന് അന്തരീക്ഷത്തിലൂടെ കുറച്ചു ദൂരം മാത്രമേ സഞ്ചരിക്കേണ്ടതുള്ളൂവെന്നതിനാൽ, അതിലെ കൂടുതൽ ഊർജവും, പ്രത്യേകിച്ച് ഹാനികരമായ അൾട്രാവയലറ്റ് (UVB) കിരണങ്ങൾ ഭൗമോപരിതലത്തിൽ എത്തിച്ചേരുകയും UV index ഉയരുന്നതിന് കാരണമാകുകയും ചെയ്യുന്നു. ഇത് സൺബേൺ (സൂര്യാതപം) സംഭവങ്ങൾ വർധിക്കുന്നതിന് പ്രധാന കാരണമാണ്. ഇതിന്റെ ഫലമായി, പ്രത്യേകിച്ച് ഉച്ചതിരിഞ്ഞ സമയങ്ങളിൽ, നേരിട്ടുള്ള സൂര്യപ്രകാശത്തിൽ കൂടുതൽ നേരം കഴിയുന്നത് ത്വക്ക് സംബന്ധമായ രോഗങ്ങൾക്കും കാരണമാകുന്നു. മേഘാവരണം വളരെ കുറഞ്ഞ സമയത്തും അന്തരീക്ഷത്തിൽ UVB കിരണങ്ങൾ അധികം ആഗിരണം ചെയ്യപ്പെടാതെ ഭൂമിയിൽ എത്തുന്ന സാഹചര്യം ഉണ്ടാക്കുന്നു.

ഓരോ സമയത്തെയും അന്തരീക്ഷ ഘടകങ്ങളും കാറ്റിന്റെ വിതരണവും മറ്റും അതാത് സമയത്ത് അനുഭവപ്പെടുന്ന ചൂടിന്റെ കാഠിന്യത്തെ നിയന്ത്രിക്കുന്നു. മധ്യ-വടക്കൻ അറബിക്കടലിൽ നിന്ന് മദ്ധ്യേന്ത്യ വരെ വ്യാപിച്ചുകിടന്ന പ്രതിചുഴലി സ്വഭാവമുള്ള വായുസഞ്ചാരവും, ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഉയർന്ന മർദ്ദാവസ്ഥയും ചൂട് ശക്തിപ്പെടുത്തുന്നതിൽ നിർണായകമാണ്. ഈ സാഹചര്യം വായു മുകളിലേക്ക് ഉയരാതെ താഴേക്ക് ഇറങ്ങി വരുന്നതിനു (subsi
dence) കാരണമാകുകയും, മേഘ രൂപീകരണം തടയുകയും ചെയ്യുന്നു. അതുവഴി തെളിഞ്ഞ ആകാശവും കനത്ത ചൂടും വളരെ കൂടുതൽ കാലം നിലനിൽക്കാൻ ഇടയാകുന്നു. ഇങ്ങനെ ചൂട് ഒരു പ്രദേശത്തുതന്നെ കുടുങ്ങിക്കിടന്ന് വളരെക്കാലം നീണ്ടുനിൽക്കുന്ന heat dome എന്ന പ്രതിഭാസത്തിലൂടെ ചൂടിന്റെ കാഠിന്യം ദീർഘകാലം നീണ്ടുനിൽക്കുന്നതിനു കാരണമാകുന്നു. അറബിക്കടലിൽ നിന്നു വീശുന്ന ഈർപ്പമുള്ള കാറ്റ് സംസ്ഥാനത്ത് ഉയർന്ന ഈർപ്പം സൃഷ്ടിക്കുകയും, വിയർപ്പ് ആവിയാകുന്നത് തടഞ്ഞ് ചൂട് സഹിക്കാൻ പ്രയാസമാക്കുകയും ചെയ്യുന്നു. നഗര പ്രദേശങ്ങളിൽ നഗര താപ തുരുത്തു പ്രതിഭാസം (Urban Heat Island) കൂടി ചൂട് രൂക്ഷമാക്കുന്നുണ്ട്. കോൺക്രീറ്റ് കെട്ടിടങ്ങളും പച്ചപ്പിന്റെ അഭാവവും കാരണം, രാത്രിയിലും ചൂട് കുറയാതെ തുടരുന്ന അവസ്ഥയാണിത്.

താപസമ്മർദ്ദത്തിന് പല കാരണങ്ങളുണ്ട്
അതിനാൽ കേരളം ഇപ്പോൾ അനുഭവിക്കുന്ന താപസമ്മർദ്ദം ഒറ്റക്കാരണത്താൽ ഉണ്ടാകുന്നതല്ല, മറിച്ച് പല ഘടകങ്ങൾ ചേർന്നുണ്ടാകുന്ന സംയുക്ത (compound) പ്രതിഭാസമാണ്: ശക്തമായ സൂര്യപ്രകാശം (overhead sun), ഉയർന്ന UV Index, മേഘാവരണം കുറവ്, പ്രതിചുഴലി സ്വഭാവമുള്ള വായുസഞ്ചാരം, ഉയർന്ന ഈർപ്പം, നഗരവൽക്കരണം ഇവയെല്ലാം സംയുക്തമായി തീവ്രമായ ചൂട് സമ്മർദ്ദം സൃഷ്ടിക്കുന്നു.

കേരളത്തിന്റെ കാലാവസ്ഥാ പ്രത്യേകതകൾ ഈ പ്രശ്നത്തെ കൂടുതൽ സങ്കീർണമാക്കുന്നു. അറബിക്കടലിനോട് അടുപ്പവും ഉയർന്ന ഈർപ്പവും ശക്തമായ മൺസൂൺ സ്വാധീനവും ചേർന്ന്, ഇവിടെ താപസമ്മർദ്ദം സാധാരണ താപനിലയേക്കാൾ കൂടുതൽ അനുഭവപ്പെടുന്നു. “ഹീറ്റ് ഇൻഡെക്സ്” (Heat Index) എന്ന ആശയം ഉപയോഗിച്ച് മനുഷ്യർ അനുഭവിക്കുന്ന യഥാർത്ഥ ചൂട് വിലയിരുത്തുമ്പോൾ, കേരളത്തിൽ ഹീറ്റ് ഇൻഡെക്സ് മൂല്യം പലപ്പോഴും അപകടകരമായ നിലകളിലേക്ക് ഉയരുന്നുണ്ട്. കൂടാതെ “വെറ്റ്-ബൾബ് ടെംപറേച്ചർ” (Wet-bulb temperature) മനുഷ്യ ശരീരത്തിന്റെ പരമാവധി സഹനപരിധിയെ സൂചിപ്പിക്കുന്നതുകൊണ്ട്, ഉയർന്ന ഈർപ്പമുള്ള കേരളത്തിൽ ഇത് വേഗത്തിൽ ഉയരാൻ സാധ്യതയുണ്ട്. ഇതാണ് താപനില വളരെ കൂടുതലല്ലാത്തപ്പോഴും ഗുരുതരമായ താപസമ്മർദ്ദം അനുഭവപ്പെടുന്നതിന്റെ ഒരു കാരണം.

ഭൂമിയുടെ ഉപയോഗരീതിയിലെ മാറ്റങ്ങളും (Land Use–Land Cover Change) ഈ പ്രശ്നത്തെ കൂടുതൽ രൂക്ഷമാക്കുന്നു. നെൽപ്പാടങ്ങൾ, ചതുപ്പുനിലങ്ങൾ, വനപ്രദേശങ്ങൾ എന്നിവ നഗരപ്രദേശങ്ങളാക്കി മാറ്റുന്നതിലൂടെ പ്രകൃതിദത്തമായ തണുപ്പിക്കൽ സംവിധാനങ്ങൾ നഷ്ടപ്പെടുന്നു. ഈ മാറ്റം കേരളത്തിലെ പ്രാദേശിക കാലാവസ്ഥയെ കൂടുതൽ ചൂടേറിയതാക്കുകയും താപസമ്മർദ്ദം വർധിപ്പിക്കുകയും ചെയ്യുന്നു.

താപസമ്മർദ്ദവും 
സാമൂഹിക അസമത്വവും
കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ ഭൂമിയുടെ താപനില ഉയരുന്നതിനൊപ്പം, “ചൂട്” എന്നത് എല്ലാവർക്കും ഒരുപോലെ അനുഭവപ്പെടുന്നില്ലെന്ന സത്യവും കൂടുതൽ വ്യക്തമായി തെളിഞ്ഞുവരികയാണ്. ഒരേ താപനിലയുള്ള സാഹചര്യത്തിൽ പോലും, സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങൾക്ക് അത് വ്യത്യസ്തരീതിയിൽ അനുഭവപ്പെടുന്നു. സുസജ്ജമായ വീടുകളും എയർ കണ്ടീഷനിങ് സൗകര്യങ്ങളുമുള്ളവർക്ക് ചൂട് സാധാരണ അസൗകര്യമായി തോന്നുമ്പോൾ, പുറംവേല ചെയ്യുന്ന തൊഴിലാളികൾക്കും മുതിർന്നവർക്കും ഇടുങ്ങിയതും വായുസഞ്ചാരം കുറവുമായ വീടുകളിൽ താമസിക്കുന്നവർക്കും അത് ജീവൻ അപകടത്തിലാക്കുന്ന ഒരു ഭീഷണിയായി മാറുന്നു. അതിനാൽ, താപസമ്മർദ്ദം എന്നത് ഒരു കാലാവസ്ഥാ പ്രശ്നം മാത്രമല്ല, മറിച്ച് സാമൂഹിക അസമത്വത്തിന്റെ പ്രതിഫലനം കൂടിയാണ്. ഇന്ത്യപോലുള്ള പ്രദേശങ്ങളിൽ ഈ അസമത്വം കൂടുതൽ രൂക്ഷമാകുന്നു. ഉദാഹരണത്തിന് ഇന്ത്യയിൽ പത്തു ശതമാനത്തിൽ താഴെ ആളുകൾക്കു മാത്രമേ സ്വന്തമായി എയർ കണ്ടിഷനിങ് സിസ്റ്റം ഉള്ളൂ എന്നത് ഈ അനീതി വ്യക്തമാക്കുന്നു. ഉയർന്ന ഈർപ്പമുള്ള കാലാവസ്ഥ കാരണം, സാധാരണ തോന്നുന്ന താപനില പോലും ശരീരത്തിന് വളരെ കൂടുതലായി അനുഭവപ്പെടുന്നു. “ഹീറ്റ് ഇൻഡെക്സ്” ഉയരുന്നതിനാൽ മനുഷ്യർ അനുഭവിക്കുന്ന ചൂട് യഥാർത്ഥ താപനിലയേക്കാൾ വളരെ കൂടുതലായി മാറുന്നു. ഇതോടൊപ്പം, “വെറ്റ്-ബൾബ് ടെംപറേച്ചർ” ഉയരുന്നത് ശരീരത്തിന്റെ സ്വാഭാവിക തണുപ്പിക്കൽ സംവിധാനത്തെ ബാധിക്കുകയും, ചൂട് സഹിക്കാനുള്ള ശേഷി കുറയുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ, കേരളത്തിൽ താപസമ്മർദ്ദം നിശബ്ദമായെങ്കിലും ഗുരുതരമായ ആരോഗ്യ വെല്ലുവിളിയായി ഉയർന്നുവരുന്നു.

താപസമ്മർദ്ദം സാമൂഹിക അസമത്വത്തിന്റെ ഒരു മുഖ്യ പ്രതിഫലനമായും കാണപ്പെടുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾ, നഗരത്തിലെ ചേരിപ്രദേശങ്ങളിൽ താമസിക്കുന്നവർ, മുതിർന്നവർ, പുറംവേല ചെയ്യുന്ന തൊഴിലാളികൾ എന്നിവരെയാണ് താപസമ്മർദ്ദം കൂടുതൽ ബാധിക്കുന്നത്. തണുപ്പിക്കൽ സൗകര്യങ്ങൾ ലഭ്യമല്ലാത്തതും, മോശം വാസസ്ഥല സാഹചര്യങ്ങളും, ആരോഗ്യപരിരക്ഷയുടെ കുറവും ഇവരെ കൂടുതൽ ദുര്‍ബലരാക്കുന്നു. അതിനാൽ, താപസമ്മർദ്ദത്തെ ഒരു “കാലാവസ്ഥാ നീതി” (climate justice) പ്രശ്നമായി കാണേണ്ടത് അനിവാര്യമാണ്.

കേരളത്തിൽ താപസമ്മർദ്ദം തൊഴിൽസംബന്ധമായ വെല്ലുവിളിയായും മാറിയിരിക്കുകയാണ്. കൃഷി, നിർമാണം, മത്സ്യബന്ധനം, ഭക്ഷണം വിതരണം ചെയ്യുന്ന ജീവനക്കാർ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾ നേരിട്ടുള്ള ചൂട് അനുഭവിക്കുന്നതിനാൽ, ആരോഗ്യപ്രശ്നങ്ങൾക്കും ഉൽപാദനക്ഷമത കുറയുന്നതിനും സാധ്യത കൂടുതലാണ്. ഉയർന്ന ഈർപ്പനിലകളിൽ വിയർപ്പ് ആവിയായി പോകുന്നത് കുറയുന്നതിനാൽ, ശരീരത്തിന്റെ ചൂട് നിയന്ത്രണം ദുഷ്കരമാകുന്നു. ഇതുവഴി തൊഴിലാളികൾക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നു.

നഗരവത്കരണത്തിന്റെ പ്രശ്നങ്ങൾ
നഗരവത്കരണം കേരളത്തിലെ ചൂട് വർധനവിനെ കൂടുതൽ ശക്തമാക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് തുടങ്ങിയ നഗരങ്ങളിൽ കാണപ്പെടുന്ന “നഗര താപതുരുത്ത്” (Urban Heat Island) എന്ന പ്രതിഭാസം ഗ്രാമപ്രദേശങ്ങളേക്കാൾ നഗരപ്രദേശങ്ങളിൽ ചൂട് കൂടുതലാക്കുന്നു. കോൺക്രീറ്റ്, ടാർ റോഡുകൾ പോലുള്ള ചൂട് സംഭരിക്കുന്ന ഉപരിതലങ്ങൾ, പച്ചപ്പിന്റെ കുറവ്, മനുഷ്യ പ്രവർത്തനങ്ങളിൽ നിന്നുള്ള ചൂട് പുറന്തള്ളൽ എന്നിവ ഇതിന് കാരണമാകുന്നു. കൂടാതെ, “നഗര താഴ്‌വര പ്രതിഭാസം” (Urban Canyon effect) എന്നറിയപ്പെടുന്ന ഇടുങ്ങിയ കെട്ടിടവിന്യാസം ചൂട് കൂട്ടുകയും വായുസഞ്ചാരം കുറയ്ക്കുകയും ചെയ്യുന്നു. ഇതുവഴി രാത്രി സമയത്തും ചൂട് കുറയാതെ തുടരുന്നു, ഇത് മനുഷ്യാരോഗ്യത്തിന് കൂടുതൽ സമ്മർദ്ദം സൃഷ്ടിക്കുന്നു, പ്രത്യേകിച്ച് രാത്രിയിൽപോലും താപനില കുറയാതെ തുടരുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി രാത്രിസമയത്തും ശരീരത്തിന് വിശ്രമം ലഭിക്കുന്നില്ല. ഇതിന്റെ ആഘാതം ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന നഗരസമൂഹങ്ങളാണ്. കാരണം ഇവർക്ക് തണുപ്പിക്കൽ സൗകര്യങ്ങളിലേക്കുള്ള പ്രവേശനംപോലും വളരെ പരിമിതമാണ്. ചൂടിന്റെ ആഘാതം നിർണ്ണയിക്കുന്നത് കാലാവസ്ഥ മാത്രമല്ല, വ്യക്തിയുടെ വരുമാനം, തൊഴിൽ, വാസസ്ഥലം, ലഭ്യമായ സൗകര്യങ്ങൾ എന്നിവകൂടിയാണ്. അതിനാൽ, ചൂടിനെ നേരിടാനുള്ള നയങ്ങൾ രൂപപ്പെടുത്തുമ്പോൾ, ഈ സാമൂഹിക ഘടകങ്ങൾ കൂടി തീർച്ചയായും പരിഗണിക്കപ്പെടണം.

കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ ഭൂമിയുടെ ശരാശരി താപനില സ്ഥിരമായി ഉയരുന്നതോടെ ലോകമെമ്പാടും ഹീറ്റ് വേവുകളുടെ ആവൃത്തി, ദൈർഘ്യം, തീവ്രത എന്നിവയിൽ ഗണ്യമായ വർധനവാണ് രേഖപ്പെടുത്തുന്നത്. ഈ സാഹചര്യത്തിൽ “താപസമ്മർദ്ദം” (Heat Stress) എന്നത് മനുഷ്യാരോഗ്യത്തെയും പരിസ്ഥിതിയെയും ഗൗരവമായി ബാധിക്കുന്ന പ്രധാന കാലാവസ്ഥാ അപകടമായി മാറിയിരിക്കുകയാണ്. താപനിലയുടെയും ഈർപ്പത്തിന്റെയും സംയുക്തപ്രഭാവംമൂലം ശരീരത്തിന് സ്വാഭാവിക തണുപ്പിക്കൽ സംവിധാനമായ വിയർപ്പിലൂടെ ചൂട് പുറത്തേക്കൊഴുക്കാനുള്ള ശേഷി കുറയുമ്പോഴാണ് താപസമ്മർദ്ദം ഉണ്ടാകുന്നത്. ആഗോളതലത്തിൽ ചൂടിന്റെ വർധനവിനൊപ്പം അന്തരീക്ഷത്തിലെ ജലബാഷ്പവും കൂടുന്നതിനാൽ, പ്രത്യേകിച്ച് ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ഈ പ്രശ്നം കൂടുതൽ ഗുരുതരമാകുന്നു.

മനുഷ്യപ്രേരിത താപന വർധനവ്
ആഗോളതലത്തിൽ 2024 ഏറ്റവും ചൂടേറിയ വർഷമായി രേഖപ്പെടുത്തിയതും, 2015–2024 കാലഘട്ടം മുഴുവൻ തന്നെ ഏറ്റവും ചൂടേറിയ വർഷങ്ങളായതും ആഗോള താപനില ഉയരുന്ന പ്രവണതയാണ് വ്യക്തമാക്കുന്നത്. 2024 ലെ ചൂട് പ്രധാനമായും El Nino മൂലമാണെങ്കിലും, 2026 ലെ ശക്തമായ പ്രീ- മൺസൂൺ ചൂട് എൽ നിനോ ഇല്ലാതെയാണ് സംഭവിക്കുന്നത്. ഇത് സ്വാഭാവിക വ്യതിയാനങ്ങൾക്കപ്പുറം, മനുഷ്യപ്രേരിത ആഗോള താപനവർധന വേഗത്തിലാകുന്നൂവെന്നതിന്റെ വ്യക്തമായ സൂചനയാണ്.

മെയ് മാസത്തിനുശേഷം El Nino രൂപപ്പെടുമെന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ടെങ്കിലും, അതിന്റെ സ്വാധീനം മെയ്–ജൂൺ മാസങ്ങളിൽ ചൂട് തരംഗം അനുഭവപ്പെടുന്ന ഉത്തരേന്ത്യയിൽ കൂടുതൽ ശക്തമായി പ്രകടമാകാൻ സാധ്യതയുണ്ട്; ഇതിനു വിപരീതമായി, കേരളത്തിൽ കുറച്ച് പ്രാരംഭ ശമനം ലഭിക്കാൻ സാധ്യതയുണ്ട്, പ്രീ-മൺസൂൺ വേനൽമഴകളും ഇടിമിന്നലോടുകൂടിയ മഴയും കേരളത്തിലെ കടുത്ത ചൂടിന് ആശ്വാസകരമായേക്കാം. എന്നാൽ ഏപ്രിൽ – മെയ് മാസങ്ങളിൽ എത്തുന്ന സംവഹന മേഘങ്ങൾ മിന്നൽ, ശക്തമായ കാറ്റ്, കനത്ത മഴ എന്നിവയോടെ അപ്രതീക്ഷിതമായി വരുകയും, കുറച്ച് നിമിഷങ്ങൾക്കുള്ളിൽതന്നെ വലിയ നാശനഷ്ടങ്ങൾ സൃഷ്ടിച്ച് കടന്നുപോകുകയുമാണ് ചെയ്യുന്നത്. വേഗത്തിൽ രൂപപ്പെടുന്ന ഈ കൂമ്പാരമേഘങ്ങൾ മൂന്നു പ്രധാന അപകടങ്ങൾ ഉണ്ടാക്കുന്നു: മിന്നൽ, ശക്തമായ കാറ്റ്, അപ്രതീക്ഷിതമായ കനത്ത മഴ. ഇവ ഇടയ്ക്കിടെ ഉണ്ടാകുമ്പോൾ കടുത്ത ചൂടിൽനിന്ന് കുറച്ചുകൂടി ആശ്വാസം ലഭിക്കുമെങ്കിലും, നാശനഷ്ട സാധ്യത വളരെ കൂടുതലാണ്. പ്രീ-മൺസൂൺ മഴയ്ക്കുശേഷം തെക്കുപടിഞ്ഞാറൻ മൺസൂൺ എത്താനുള്ള സാധ്യതയുള്ളതിനാൽ, മെയ്–ജൂൺ മാസങ്ങളിൽ കേരളത്തിലെ വേനൽച്ചൂടിൽ എൽ നിനോയുടെ സ്വാധീനം ഉത്തരേന്ത്യയിലേക്കാൾ കുറവായിരിക്കും എന്ന് അനുമാനിക്കാം.

എന്നിരുന്നാലും, കേരളം മുഴുവൻ ഉഷ്‌ണതരംഗത്തിന്റെ സ്വാധീനത്തിൽ നിന്നൊഴിവാകുമെന്ന് അർത്ഥമില്ല. ചില സമയങ്ങളിൽ വടക്കൻ അറബിക്കടലിലും ഇന്ത്യൻ ഭൂഖണ്ഡത്തിലും രൂപപ്പെടുന്ന പ്രതിചുഴലി (anticyclonic) വായുസഞ്ചാരം സംസ്ഥാനത്തെ ബാധിക്കാം. ഇത്തരം സാഹചര്യങ്ങളിൽ പാലക്കാട്, പുനലൂർ ഇടവഴികൾ (gaps) വഴിയും ഉത്തരേന്ത്യയിൽ നിന്ന് ചൂടുള്ളതും വരണ്ടതുമായ വായു കേരളത്തിലേക്ക് കടന്നുവരാൻ സാധ്യതയുണ്ട്. ഇത് തീരപ്രദേശങ്ങളിൽപോലും ചൂട് വർധിപ്പിക്കുകയും, ഉയർന്ന ഈർപ്പവുമായി ചേർന്ന് “ഈർപ്പമുള്ള ചൂട് തരംഗം” (moist heat wave) സൃഷ്ടിക്കുകയും ചെയ്യുന്നു.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി ആഗോളതലത്തിൽ ഹീറ്റ് വേവുകളുടെ ആവൃത്തി, തീവ്രത, ദൈർഘ്യം എന്നിവ ഗണ്യമായി വർധിച്ചിരിക്കുകയാണ്; കഴിഞ്ഞ ദശകം ചരിത്രത്തിലെ ഏറ്റവും ചൂടേറിയ കാലഘട്ടമായിരുന്നു, കൂടാതെ ഭൂമിയുടെ ശരാശരി താപനില വ്യവസായികപൂർവ കാലഘട്ടത്തെ അപേക്ഷിച്ച് ഏകദേശം 1.1–1.3°C വരെ ഉയർന്നിട്ടുണ്ട്. ശാസ്ത്രീയ പഠനങ്ങൾ വ്യക്തമാക്കുന്നതുപോലെ, അടുത്തിടെ അത്യന്തം ചൂട‍് അനുഭവപ്പെട്ട നിരവധി സംഭവങ്ങൾ മനുഷ്യനിർമിത കാലാവസ്ഥാ മാറ്റത്തിന്റെ ഫലമായി സംഭവിച്ചവയായിരുന്നു. ഹീറ്റ് വേവുകൾ ആഗോള പ്രതിഭാസമാണെങ്കിലും, അതിന്റെ ആഘാതം ഏറ്റവും ശക്തമായി അനുഭവപ്പെടുന്നത് അവികസിത, വികസ്വര രാജ്യങ്ങളിലാണ്, കാരണം ഇവിടങ്ങളിലെ ഉയർന്ന അടിസ്ഥാന താപനില, ഈർപ്പം, കുറഞ്ഞ പ്രതിരോധശേഷി എന്നിവ അപകടസാധ്യത വർധിപ്പിക്കുന്നു. അതേസമയം, ഇതിന്റെ ഭാരം സമമായി വിതരണം ചെയ്യപ്പെടുന്നുമില്ല; വ്യവസായ വിപ്ലവം മുതൽ സഞ്ചിത കാർബൺ ഡൈഓക്സൈഡ് പുറന്തള്ളലിന്റെ ഏകദേശം 70–80% വരെ വികസിത രാജ്യങ്ങളിൽ നിന്നാണ് ഉണ്ടായത്. എന്നാൽ അവികസിത, വികസ്വര രാജ്യങ്ങളുടെ ആളോഹരി (per capita) പുറന്തള്ളൽ വളരെ കുറവാണ് . ഉദാഹരണത്തിന്, അമേരിക്കയിലെ ആളോഹരി പുറന്തള്ളൽ (ഏകദേശം 15 ടണ്ണിനു മുകളിലാണ്) ഇന്ത്യയിലേതിനെ (ഏകദേശം 2 ടണ്ണിൽ താഴെയാണ് ) അപേക്ഷിച്ച് നിരവധി മടങ്ങ് കൂടുതലാണ്, എന്നിരുന്നാലും കൂടുതൽ ശക്തമായ താപസമ്മർദ്ദവും കാലാവസ്ഥാ വ്യതിയാനത്തിനത്തിന്റെ കൂടുതൽ തിക്തഫലങ്ങളും ഇന്ത്യ പോലുള്ള രാജ്യങ്ങൾ അനുഭവിക്കേണ്ടതായി വരുന്നു. ഈ അസമത്വം കാലാവസ്ഥാ നീതിയുമായി ബന്ധപ്പെട്ട ഗൗരവമായ ചോദ്യങ്ങൾ ഉയർത്തുന്നു, കാരണം ആഗോളതാപനത്തിൽ ഏറ്റവും കുറവ് സംഭാവന ചെയ്ത രാജ്യങ്ങളെയാണ് അതിന്റെ രൂക്ഷത ഏറ്റവും കൂടുതൽ ബാധിക്കുന്നത്. അതിനാൽ, പ്രശ്നപരിഹാരത്തിന് അടിയന്തരമായും കാർബൺ ഉത്സർജനം കുറയ്ക്കുന്ന നടപടികൾക്കൊപ്പം സാമ്പത്തിക സഹായം, സാങ്കേതിക കൈമാറ്റം, ഹീറ്റ് ആക്ഷൻ പ്ലാനുകൾ, കാലാവസ്ഥാ പ്രതിരോധ ശേഷിയുള്ള അടിസ്ഥാനസൗകര്യങ്ങൾ, മുൻകരുതൽ മുന്നറിയിപ്പ് സംവിധാനങ്ങൾ തുടങ്ങിയ സമഗ്രമായ ഇടപെടലുകളും അനിവാര്യമാണ്.

കൂൾ സിറ്റികൾ വികസിപ്പിക്കണം
ഈ സാഹചര്യത്തിൽ, “കൂൾ സിറ്റികൾ” (Cool Cities) വികസിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. നഗരങ്ങളിൽ പച്ചപ്പു വർധിപ്പിക്കൽ, ചൂട് പ്രതിഫലിപ്പിച്ച് കൂടുതൽ ഊർജം അന്തരീക്ഷത്തിലേക്ക് വിസരണം ചെയ്യുന്ന തണുത്ത മേൽക്കൂരകൾ (Cool Roofs), ജലാശയങ്ങളുടെ സംരക്ഷണം, വായുസഞ്ചാരം മെച്ചപ്പെടുത്തുന്ന നഗര ആസൂത്രണം എന്നിവ പ്രധാന ഇടപെടലുകളാണ്. കൂടാതെ, ഹീറ്റ് ആക്ഷൻ പ്ലാനുകൾ, മുൻകരുതൽ മുന്നറിയിപ്പ് സംവിധാനങ്ങൾ, പൊതുജന ബോധവത്കരണം, തൊഴിലാളികൾക്കായുള്ള സുരക്ഷാ മാർഗനിർദ്ദേശങ്ങൾ എന്നിവ നടപ്പിലാക്കേണ്ടതാണ്. ദീർഘകാലാടിസ്ഥാനത്തിൽ, കാലാവസ്ഥാസൗഹൃദ നഗരാസൂത്രണവും പ്രകൃതിയോടു ചേർന്ന പരിഹാരങ്ങളും ഹീറ്റ് സ്‌ട്രെസിനെ നിയന്ത്രിക്കാൻ സഹായിക്കും. അതിലുപരി, ഈ സൗകര്യങ്ങൾ സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും സമമായി ലഭ്യമാക്കുക എന്നതും ഏറ്റവും പ്രധാനപ്പെട്ടതാണ്.

താപസമ്മർദ്ദം കേരളത്തിൽ ഉയർന്നുവരുന്ന ഒരു കാലാവസ്ഥാ വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുകയാണ്. താപനിലയും ഈർപ്പവും ചേർന്നുണ്ടാകുന്ന സംയുക്തപ്രഭാവം, നഗരവത്കരണം, ഭൂവിനിയോഗത്തിലെ മാറ്റങ്ങൾ, സാമൂഹിക അസമത്വങ്ങൾ എന്നിവ ചേർന്ന് ഈ പ്രശ്നത്തെ കൂടുതൽ സങ്കീർണമാക്കുന്നു. അതിനാൽ, ശാസ്ത്രീയമായ അറിവും നയപരമായ ഇടപെടലുകളും സമൂഹകേന്ദ്രിത സമീപനങ്ങളും ഏകോപിപ്പിച്ചുള്ള സമഗ്രമായ പദ്ധതികൾ അനിവാര്യമാണ്. ചൂടേറിയ ലോകത്തിൽ താപസമ്മർദ്ദം ഒരു സമാന അനുഭവമല്ല; അത് അസമത്വത്തിന്റെ ഒരു പ്രതിബിംബമാണ്. അതിനാൽ, ഈ പ്രശ്നത്തെ നേരിടാൻ ശാസ്ത്രീയ പരിഹാരങ്ങൾക്കൊപ്പം സാമൂഹിക നീതിയെയും ഉൾക്കൊള്ളുന്ന സംയോജിതവും സമത്വത്തിലൂന്നിയതുമായ സമീപനം അനിവാര്യമാണ്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

one + four =

Most Popular