Monday, May 18, 2026

ad

Homeകവര്‍സ്റ്റോറിമൂടാടി ഗ്രാമ പഞ്ചായത്ത് ‘ഗ്രീഷ്മം’ ഹീറ്റ് ആക്ഷൻ പ്ലാൻ ചൂടിന്റെ കെടുതികളെ 
ചെറുക്കാൻ 
ഒരു ഗ്രാമ...

മൂടാടി ഗ്രാമ പഞ്ചായത്ത് ‘ഗ്രീഷ്മം’ ഹീറ്റ് ആക്ഷൻ പ്ലാൻ ചൂടിന്റെ കെടുതികളെ 
ചെറുക്കാൻ 
ഒരു ഗ്രാമ പഞ്ചായത്തിന്റെ 
ഇടപെടൽ

എം പി അഖില (പ്രസിഡന്റ്, മൂടാടി പഞ്ചായത്ത്), സി കെ ശ്രീകുമാർ (വെെസ് പ്രസിഡന്റ്)

ഴിഞ്ഞ കൊല്ലങ്ങളേക്കാൾ ചൂടു കൂടിയ ഒരു വർഷത്തിലൂടെയാണ് നാം കടന്നുപോവുന്നത്. 43 ഡിഗ്രി സെൽഷ്യസ് വരെ കേരളത്തിൽ ചൂട് വർദ്ധിക്കുകയുണ്ടായി. തത്ഫലമായി തൊഴിലിടത്തിൽ മരണം വരെ സംഭവിച്ചു. സർക്കാരും, സന്നദ്ധ സംഘടനകളും, ആരോഗ്യ മേഖലയും ചൂടിനെ ചെറുക്കുവാൻ വിവിധ പദ്ധതികളും ബോധവൽക്കരണ പരിപാടികളുമായി മുന്നോട്ടുപോവുകയാണ്.

ഈ അത്യുഷ്ണത്തെയും തത്ഫലമായി ഉണ്ടാകാവുന്ന ആരോഗ്യ, പാരിസ്ഥിതിക പ്രശ്‌നങ്ങളെയും മുൻകൂട്ടി പ്രതിരോധിക്കുകയാണ് കോഴിക്കോട് ജില്ലയിലെ മൂടാടി ഗ്രാമ പഞ്ചായത്തിൽ നടപ്പിലാക്കിയ ഗ്രീഷ്‌മം ഹീറ്റ് ആക്ഷൻ പ്ലാൻ 2025.

സംസ്ഥാനത്തെ മുഴുവൻ പ്രാദേശിക ഭരണകൂടങ്ങളും ഈ മാതൃക അനുവർത്തിക്കണമെന്ന് അന്നത്തെ മുഖ്യമന്ത്രിതന്നെ ഉഷ്‌ണത്തെ ചെറുക്കുവാൻ ചേർന്ന ജില്ലാ കളക്ടർമാരുടെ യോഗത്തിൽ പറയുകയുണ്ടായി. മൂടാടി ഗ്രാമപഞ്ചായത്തിൽ പതിനാലാം പഞ്ചവത്‌സര പദ്ധതിയിലെ 2025 – 26 വർഷത്തെ പദ്ധതി രേഖയിൽ ഒരു പ്രൊജക്‌ടായി ഉൾപ്പെടുത്തി ക്കൊണ്ടാണ് പഞ്ചായത്ത് ഹീറ്റ് ആക്ഷൻ പ്ലാൻ നടപ്പാക്കാൻ ആരംഭിച്ചത്.

തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന കേരളാ സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി (KSDMA ) എന്ന സ്ഥാപനവുമായി പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള ജനപ്രതിനിധിസംഘം ബന്ധപ്പെട്ടു. അവരുടെ നിർദ്ദേശപ്രകാരം 2025 മാർച്ച് 11ന് ഗ്രീഷ്മം ഹീറ്റ് ആഷൻ പ്ലാൻ എന്ന പേരിൽ ഒരു ഏകദിന ശില്പശാല സംഘടിപ്പിച്ചു. ശില്‌പശാലയിൽ ജില്ലയിലെ ദുരന്തനിവാരണ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടർ , KSDMA മെമ്പർ ഡോ.ജോയ് ഇളമൺ, ഹസാർഡ് അനലിസ്റ്റുമാരായ ഫഹദ് മർസൂക്, ആര്യ എന്നിവർ പങ്കെടുത്തു.

സംസ്ഥാനത്ത് ആദ്യമായാണ് ഒരു ഗ്രാമ പഞ്ചായത്ത് ചൂടിനെ പ്രതിരോധിക്കുവാൻ ആവശ്യമായ പ്രവർത്തനങ്ങളിലേക്ക് കടക്കുന്നത്. ജനപ്രതിനിധികൾ, വില്ലേജ് ഓഫീസ്, കെ.എസ് ഇ ബി ഓഫീസ്, ഫിഷറീസ് ഓഫീസ്, ഗ്രാമ പഞ്ചായത്ത് എൻജിനീയറിംഗ് വിഭാഗം എന്നിവയുടെ തലവൻമാർ, പ്രാഥമിക ആരോഗ്യ കേന്ദ്രം, ഹോമിയോആശുപത്രി, ആയുർവേദ ആശുപത്രി, വെറ്ററിനറി ആശുപത്രി എന്നീ സ്ഥാപനങ്ങളിലെ മെഡിക്കൽ ഓഫീസർമാർ, പ്രധാനാധ്യാപകർ, വിദ്യാർത്ഥി പ്രതിനിധികൾ, വിവിധ തൊഴിലാളി പ്രതിനിധികൾ, വിവിധ സംഘടനാ ഭാരവാഹികൾ, വായനശാലാ പ്രവർത്തകർ, പൗരപ്രമുഖർ, സീനിയർ സിറ്റിസൺ പ്രതിനിധികൾ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ എന്നിവരെല്ലാം ഈ ശിൽപശാലയിൽ പങ്കെടുത്തിരുന്നു.

ഡോ.ജോയ് ഇളമൺ, ഫഹദ് മർസൂക്, ആര്യ, ഡെപ്യൂട്ടി കളക്ടർ എന്നിവർ വിവിധ ദുരന്തങ്ങളെക്കുറിച്ചും ദുരന്ത പ്രതിരോധ മാർഗങ്ങളെക്കുറിച്ചും ക്ലാസ്സ് നയിച്ചു. ശിൽപശാലയിൽ പങ്കെടുത്തവർ ഉന്നയിച്ച എല്ലാ കാര്യങ്ങൾക്കും വിശദീകരണം നൽകി.

പങ്കെടുത്ത അംഗങ്ങളെ നാല് ഗ്രൂപ്പുകളാക്കി തിരിച്ചു. പ്രാദേശിക ദോഷപൂർണത, ഹ്രസ്വകാല -– ദീർഘകാല പദ്ധതികൾ, ഹീറ്റ് ആക്ഷൻ പ്ലാനിന്റെ ആവശ്യകത, മുന്നറിയിപ്പ് സംവിധാനം എന്നിങ്ങനെ നാലു വിഷയങ്ങൾ ചർച്ച ചെയ്തു. കണ്ടെത്തിയ കാര്യങ്ങൾ പൊതുവായി അവതരിപ്പിച്ചു. ഗ്രൂപ്പ് കോർഡിനേറ്റർ അവ ക്രോഡീകരിക്കുകയും ചെയ്തു.

പഞ്ചായത്തിലെ അഞ്ച് കിലോമീറ്റർ വരുന്ന കടൽത്തീരം, സമതലം, ചതുപ്പുനിലം, കുന്നിൻ പ്രദേശം, വയൽപ്രദേശം എന്നീ മേഖലകളിൽ അത്യുഷ്ണം എങ്ങനെ ബാധിക്കുന്നുവെന്നും ഈ പ്രദേശത്ത് ചൂട് വർദ്ധിക്കുന്നുണ്ടെങ്കിൽ അതെങ്ങനെയെന്നും മനസ്സിലാക്കാൻ ഈ മേഖലകളിൽ കോർഡിനേഷൻ ടീം സന്ദർശനം നടത്തി. അവിടെയുള്ള ജനങ്ങളേയും തൊഴിലാളികളേയും കണ്ട് സംസാരിക്കുകയും ആവശ്യമായ കാര്യങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു.

വിവിധ ആരോഗ്യ കേന്ദ്രങ്ങളളിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരുമായി സംവദിച്ചു. അഞ്ചു വർഷത്തിനുള്ളിൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ റെക്കോർഡുചെയ്ത കാഷ്വാലിറ്റികൾ പരിശോധിച്ചു. സൂര്യാഘാതം റിപ്പോർട്ട് ചെയ്തത് രേഖപ്പെടുത്തി.

ഹെൽത്ത് ഇൻസ്പെക്ടർ, ICDS സൂപ്പർവൈസർ, ആശാവർക്കർമാർ എന്നിവരിൽ നിന്ന് പഞ്ചായത്തിലെ വയോജനങ്ങൾ, മാനസിക–ശാരീരിക ഭിന്നശേഷിയുള്ളവർ, കിടപ്പുരോഗികൾ,ഗർഭിണികൾ, കുട്ടികൾ എന്നിവരുടെ കണക്ക് ശേഖരിച്ചു. ആരോഗ്യ മേഖലയിൽ അലോപ്പതി,ഹോമിയോ, ആയുർവേദം എന്നീ മേഖലകളിൽ വേണ്ട ഉഷ്ണകാല പരിചരണ സംവിധാനങ്ങളും മുന്നൊരുക്കങ്ങളും ചർച്ചചെയ്തു. ആവശ്യമായ പ്രശ്‌ന പരിഹാരനടപടികൾ എന്തൊക്കെയെന്ന് കണ്ടെത്തി.

ഇതേപോലെ വെറ്ററിനറി മേഖലയിലും കാർഷികമേഖലയിലും അതാത് സ്ഥാപനങ്ങളിലെ ഓഫീസർമാരെ സന്ദർശിച്ച് ചൂടുമൂലം ജീവജാലങ്ങൾക്കും, കാർഷിക മേഖലയ്ക്കും ഉണ്ടാവുന്ന പ്രത്യാഘാതത്തിന് സ്വീകരിക്കേണ്ട പരിഹാരങ്ങൾ കണ്ടെത്തി.

പഞ്ചായത്തിലൂടെ തലങ്ങും വിലങ്ങും കടന്നുപോവുന്ന റെയിൽ, നാഷണൽ ഹൈവേ, ബൈപ്പാസ്, മറ്റു റോഡുകളും ഫുട്പാത്തുകളും, വർദ്ധിച്ച വാഹനങ്ങളും കോൺക്രീറ്റ് കെട്ടിടങ്ങളും എയർ കണ്ടീഷനറുകളും ഉഷ്‌ണം വർദ്ധിപ്പിക്കുന്നതിനും നിലനിർത്തുന്നതിനും കാരണമാവുന്നുണ്ടെന്ന് മനസ്സിലാക്കി.

വിവിധ മേഖലകളിലെ തൊഴിലാളികൾ നേരിടുന്ന ഉഷ്‌ണകാല പ്രശ്‌നങ്ങൾ, കിടപ്പുരോഗികളും ഭിന്നശേഷിയുള്ളവരും നേരിടുന്ന പ്രശ്‌നങ്ങൾ എന്നിവയൊക്കെ മനസ്സിലാക്കി. ഇതിനൊക്കെ പദ്ധതിയിൽ ഹ്രസ്വകാല ദീർഘകാല പരിഹാര മാർഗങ്ങൾ നിർദേശിച്ചു.

ഇന്റർനെറ്റ്, യുട്യൂബ് എന്നീ മാധ്യമങ്ങളിൽനിന്നും വിവിധ പുസ്തകങ്ങളിൽ നിന്നും ശേഖരിച്ച വിവരങ്ങളോടൊപ്പം അനുഭവസ്ഥരിൽനിന്നും, മുതിർന്ന വ്യക്തികളിൽനിന്നും, വിവിധ തൊഴിലാളികളിൽ നിന്നും അഭിമുഖത്തിലൂടെ മനസ്സിലാക്കിയ വിവരങ്ങളും ഉപയോഗിച്ച് KSDMA നൽകിയ നിർദേശങ്ങൾ ക്കനുസരിച്ച് പദ്ധതി തയ്യാറാക്കുകയാണ് ചെയ്തത്. പദ്ധതി എഴുതി തയ്യാറാക്കുമ്പോൾ ഓരോ പ്രശ്‌നത്തിനുമുള്ള പരിഹാരങ്ങൾക്കായി KSDMA മെമ്പർ സെക്രട്ടറി ഡോ. ശേഖർ ലൂക്കോസ് കുര്യാക്കോസ്, ഡോ.ജോയ് ഇളമൺ, ഫഹദ് മർസൂക് എന്നിവരുടെ വിലയേറിയ നിർദേശങ്ങൾ ലഭ്യമായിട്ടുണ്ട്. ഹീറ്റ് ആക്ഷൻ പ്ലാനിന്റെ ഭാഗമായി നടത്തിയ ഏതാനും പ്രവർത്തനങ്ങൾ താഴെ കൊടുക്കുന്നു:

കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിനായി ടൗണുകളിൽ വാട്ടർ ATM, വായനശാലകളിൽ വാട്ടർ കിയോസ്‌ക്, കവലകളിൽ തണ്ണീർ പന്തൽ എന്നിവ സ്ഥാപിച്ചു.

പ്രാഥമികാരോഗ്യ കേന്ദ്രത്തിലും ആയുർവേദ ഡിസ്പെൻസറിയിലും ഹീറ്റ് ക്ലിനിക്ക് സ്ഥാപിച്ചു. പഞ്ചായത്ത് സ്ഥാപിച്ച ഉഷ്ണമാപിനിയിലൂടെ ചൂടിന്റെ അളവ് അതത് ദിവസങ്ങളിൽ സോഷ്യൽ മീഡിയ വഴി നൽകുന്നു, ഉഷ്‌ണ തരംഗ ബോധവൽക്കരണം, ആരോഗ്യ പ്രവർത്തകർക്ക് ക്ലാസ്സ് എന്നിവ പദ്ധതിയുടെ ഭാഗമായി നടന്നുവരുന്നു.

ഫിഷറീസ്, കൃഷി, ആരോഗ്യം, മൃഗസംരക്ഷണം, ക്ഷീര വികസനം, ജലസേചനം, ഇലക്ട്രിസിറ്റി എന്നീ സ്ഥാപനങ്ങളും പദ്ധതിയുമായി സഹകരിക്കുന്നുണ്ട്.

പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് പഞ്ചായത്ത് തലത്തിൽ മേൽനോട്ട സമിതിയും ഉപസമിതിയും ഉണ്ട്. പ്രസിഡന്റ് ചെയർമാനായും, സെക്രട്ടറി കൺവീനറായും പ്രവർത്തിക്കുന്നു. ഹീറ്റ് ആക്ഷൻ നോഡൽ ആഫീസറായി പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പ്രവർത്തിക്കുന്നു.

ഒപ്പംതന്നെ ഏതു പ്രവർത്തനവും കുറ്റമറ്റതാക്കാനും ആധികാരികമാക്കാനും KSDMA യുമായി നിരന്തരസമ്പർക്കം പുലർത്തുന്നുമുണ്ട്.

2025 മാർച്ച് 11 ന് ഗ്രീഷ്‌മം ഹീറ്റ് ആക്ഷൻ പ്ലാനിന്റെ ശില്പശാല യിൽ തുടങ്ങി 2025 മെയ് 3 ന് KSDMA യുടെ പ്രധാന വ്യക്തികളും, പഞ്ചായത്ത് പ്രസിഡന്റ് , അസിസ്റ്റന്റ് സെക്രട്ടറി ,ആക്ഷൻ പ്ലാൻ കോർഡിനേറ്റർമാർ എന്നിവരെല്ലാം പങ്കെടുത്ത് നടന്ന ഓൺലൈൻ മീറ്റിങ്ങിലൂടെ പദ്ധതി പൂർണമായും തയ്യാറാക്കുന്നതു വരെ ധാരാളം യോഗങ്ങളും, കൂടിച്ചേരലുകളും രേഖപ്പെടുത്തലുകളും നടത്തി.

മൂടാടി ഗ്രാമ പഞ്ചായത്തിന്റെ ഗ്രീഷ്മം ഹീറ്റ് ആക്ഷൻ പദ്ധതി 21.10.2025ന് തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

4 × one =

Most Popular