ഇന്ത്യയിൽ ജനാധിപത്യ റിപ്പബ്ലിക്കൻ ഭരണഘടന നിലവിൽ വന്നതോടെയാണ് സാർവത്രിക പ്രായപൂർത്തി വോട്ടവകാശം സാക്ഷാത്-കരിക്കപ്പെട്ടത്. അതുപ്രകാരം കഴിഞ്ഞ 75 വർഷത്തിനുള്ളിൽ ലോക്-സഭയിലേക്ക് 18 തിരഞ്ഞെടുപ്പുകളും വിവിധ നിയമസഭകളിലേക്ക് 345 തിരഞ്ഞെടുപ്പുകളും നടന്നിട്ടുണ്ട്.
സ്വാതന്ത്ര്യാനന്തരം തിരഞ്ഞെടുപ്പ് കമ്മിഷൻ നേരിട്ട മുഖ്യവെല്ലുവിളി, സാർവത്രിക പ്രായപൂർത്തി വോട്ടവകാശം നടപ്പിലാക്കാൻ പര്യാപ്തമായവിധം വോട്ടർപട്ടിക തയ്യാറാക്കലായിരുന്നു. 1948 മുതൽ 1952 വരെ 4 വർഷത്തെ തീവ്രമായ നടപടികളിലൂടെയാണ് ആദ്യ വോട്ടർപട്ടിക യാഥാർഥ്യമായത്. വീടുകളും കുടിലുകളുമെല്ലാം കയറിയിറങ്ങിയാണ് ഇന്ത്യയിലെ അഞ്ച് ലക്ഷത്തോളം നഗരങ്ങളിലും പട്ടണങ്ങളിലും ഗ്രാമങ്ങളിലുമായി താമസിച്ചിരുന്ന പ്രായപൂർത്തിയായ (അന്ന് 21 വയസ്സ്) പൗരരെ കണ്ടെത്തി വോട്ടർ പട്ടിക തയ്യാറാക്കിയത്.
1967 വരെ ഓരോ 5 വർഷത്തിലൊരിക്കലും ഈ അടിസ്ഥാന രേഖ പുതുക്കിയിരുന്നു. 1967നുശേഷം ലോക്-സഭാ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്താൻ കഴിയാത്തവിധം രാഷ്ട്രീയരംഗത്ത് മാറ്റങ്ങൾ വന്നതോടെ 1971 മുതൽ അഞ്ചുവർഷത്തിനിടെ രണ്ടു തവണ വോട്ടർപട്ടിക പുതുക്കുന്ന രീതി നിലവിൽ വന്നു. 2002–2004ലാണ് ദീർഘകാലത്തിനുശേഷം പിന്നീട് സമഗ്രമായ വോട്ടർപട്ടിക പുനഃപരിശോധന നടത്തിയത്. 2025 വരെയുള്ള എല്ലാ തിരഞ്ഞെടുപ്പുകളും നടത്തിയത് ആ അടിസ്ഥാന വോട്ടർപട്ടികയിൽ കാലോചിതമായ പരിഷ്കാരങ്ങൾ വരുത്തിയാണ്. 1952 മുതൽ 2002–04 വരെയുള്ള വോട്ടർപട്ടിക പരിഷ്കരണങ്ങളിൽ കാണാനാവുന്ന പൊതുവായ സവിശേഷത ഓരോ പുതുക്കൽ കഴിയുമ്പോഴും വോട്ടർമാരുടെ എണ്ണം വർധിച്ചു എന്നതാണ്.
2002–04ലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനുമുൻപ് ഇന്ത്യയിലെ മൊത്തം വോട്ടർമാരുടെ എണ്ണം 61 കോടിയായിരുന്നു. പരിഷ്കരണാനന്തരം പ്രസിദ്ധീകരിച്ച വോട്ടർപട്ടികയിൽ ഇന്ത്യയിലെ മൊത്തം വോട്ടർമാരുടെ എണ്ണം 67.1 കോടി ആയി വർധിച്ചു. അതായത് 2002–04ലെ എസ്ഐആറിനു മുൻപ് ഉണ്ടായിരുന്നതിനേക്കാൾ 6.1 കോടി വോട്ടർമാർ എസ്ഐആർ കഴിഞ്ഞപ്പോൾ വർധിച്ചു. ചില പ്രധാന സംസ്ഥാനങ്ങളിലെ 2002–04 എസ്ഐആറിന്റെ ഫലം ചുവടെ ചേർക്കുന്നു.
സംസ്ഥാനം/ വോട്ടർമാരുടെ എണ്ണം എസ്ഐആറിന് വർദ്ധനവ്
കേന്ദ്രഭരണപ്രദേശം എസ്ഐആറിന് മുൻപ് ശേഷം (2002–04)
ഉത്തർപ്രദേശ് 8.90 കോടി 11.06 കോടി 2.16 കോടി
പശ്ചിമ ബംഗാൾ 4.20 കോടി 4.74 കോടി 0.54 കോടി
ബിഹാർ 3.85 കോടി 4.50 കോടി 0.65 കോടി
മഹാരാഷ്ട്ര 4.80 കോടി 5.40 കോടി 0.60 കോടി
രാജസ്ഥാൻ 3.10 കോടി 3.47 കോടി 0.37 കോടി
മധ്യപ്രദേശ് 3.00 കോടി 3.47 കോടി 0.47 കോടി
ഗുജറാത്ത് 2.90 കോടി 3.37 കോടി 0.47 കോടി
ആന്ധ്രപ്രദേശ് 4.50 കോടി 5.11 കോടി 0.61 കോടി
തമിഴ്നാട് 3.80 കോടി 4.16 കോടി 0.36 കോടി
കേരളം 1.95 കോടി 2.13 കോടി 0.18 കോടി
കർണാടകം 3.20 കോടി 3.70 കോടി 0.50 കോടി
അഖിലേന്ത്യാ 61.0 കോടി 67.1 കോടി 6.1 കോടി
2002–04 ലെ എസ്ഐആറിനുശേഷം കഴിഞ്ഞ 20 വർഷത്തിനിടയിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ വോട്ടർമാരുടെ എണ്ണം ക്രമാനുഗതമായി വർധിക്കുകയായിരുന്നു. 2004ലെ 14–ാം ലോക്-സഭാ തിരഞ്ഞെടുപ്പ് നടന്നത് 2002–04ലെ എസ്ഐആർ പ്രകാരമായിരുന്നു. അതായത് 67.15 കോടി വോട്ടർമാർ. 2009ലെ 15–ാം ലോക്-സഭാ തിരഞ്ഞെടുപ്പിൽ 71.67 കോടി വോട്ടർമാരാണ് മൊത്തം രജിസ്റ്റർ ചെയ്തിരുന്നത്. 2014ൽ നടന്ന 16–ാം ലോക്-സഭാ തിരഞ്ഞെടുപ്പിൽ 83.41 കോടി വോട്ടർമാരും 2019ലെ 17–ാം ലോക്-സഭാ തിരഞ്ഞെടുപ്പിൽ 91.20 കോടി വോട്ടർമാരും 2024ൽ നടന്ന 18–ാം ലോക്-സഭാ തിരഞ്ഞെടുപ്പിൽ 97.79 കോടി വോട്ടർമാരുമാണ് വോട്ടർപട്ടികയിൽ ഉണ്ടായിരുന്നത്. അതായത് 2004നും 2024നുമിടയിലുള്ള 20 വർഷത്തിനകത്ത് 30.64 കോടി വോട്ടർമാർ വർധിച്ചു. പ്രതിവർഷം ഏകദേശം 1.5 കോടി വോട്ടർമാരുടെ വർധന. 2009ലെയും 2014ലെയും വോട്ടർപട്ടിക തയ്യാറാക്കപ്പെട്ടത് ഡോ. മൻമോഹൻസിങ്ങിന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാരിന്റെ ഭരണകാലത്തും 2019ലെയും 2024ലെയും വോട്ടർപട്ടികകൾ തയ്യാറാക്കപ്പെട്ടത് നരേന്ദ്രമോദിയുടെ ഭരണകാലത്തുമായിരുന്നു. ജനസംഖ്യയിലുണ്ടായ വർധനയ്ക്ക് ആനുപാതികമായ വർധന തന്നെയാണ് വോട്ടർപട്ടികയിലും ഉണ്ടായത്. പ്രതിവർഷം ഏകദേശം 1.56%. ഇതേ പ്രവണത തന്നെയാണ് 1952 മുതലുള്ള വോട്ടർപട്ടികയിലുമുണ്ടായിരുന്നത്. മോദി സർക്കാരും ഗ്യാ-നേഷ് കുമാറും പറയുന്നതു
പോലെ നിലവിലെ വോട്ടർമാരുടെ എണ്ണം യാഥാർഥ്യവുമായി ബന്ധമില്ലാത്തവിധം പെരുപ്പിച്ചതാണ് എന്ന വാദം നിരാകരിക്കുന്നതാണ് ഈ വസ്തുത.
എന്നാൽ, 2025–26ലെ പ്രതേ-്യക തീവ്ര വോട്ടർ പട്ടിക പുതുക്കലിനു (എസ്ഐആർ) ശേഷം 13 കോടി വോട്ടർമാരാണ് പട്ടികയിൽനിന്ന് അപ്രത്യക്ഷമായത്. ഒാരോ സംസ്ഥാനത്തും വന്ന കുറവുകൂടി നോക്കാം: ഉത്തർപ്രദേശ് 2.89 കോടി, പശ്ചിമബംഗാൾ– 93 ലക്ഷം, തമിഴ്നാട് –97 ലക്ഷം, കേരളം –24 ലക്ഷം, മധ്യപ്രദേശ് –45 ലക്ഷം, രാജസ്താൻ– 44 ലക്ഷം, ഗുജറാത്ത് –77 ലക്ഷം കർണാടകം – 1.07 കോടി, മഹാരാഷ്ട്ര – 2.06 കോടി, ആന്ധ്രപ്രദേശ് – 44 ലക്ഷം, തെലങ്കാന– 73 ലക്ഷം, ഹരിയാന –34 ലക്ഷം. ഡൽഹിയിലെ കണക്ക് ഞെട്ടിക്കുന്നതാണ് 35.89 ശതമാനം വോട്ടർമാരാണ് നീക്കം ചെയ്യപ്പെട്ടത്. അതായത് 47.5 ലക്ഷം വോട്ടർമാർ. നാഗാലാൻഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ കണക്ക് ഇതിൽ ഉൾപ്പെട്ടിട്ടില്ല. ഹിമാചൽപ്രദേശ്, ജമ്മുകാശ്മീർ, ലഡാക്ക് എന്നിവിടങ്ങളിൽ എസ്ഐആർ നടപടികൾ ഇതുവരെ ആരംഭിച്ചിട്ടില്ല.
ഒന്നാം ഘട്ടം നടന്നത് ബിഹാറിൽ മാത്രമാണ്. 2025 നവംബറിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിനുമുൻപായി അത് നടപ്പാക്കപ്പെട്ടു. ഇവിടെ ഒഴിവാക്കപ്പെട്ടത് 8 ശതമാനമാണ്. രണ്ടാം ഘട്ടത്തിൽ 13 ശതമാനമായി ഉയർന്നു. മൂന്നാം ഘട്ടത്തിൽ ഒഴിവാക്കപ്പെട്ടവരുടെ എണ്ണം 15 ശതമാനത്തിലധികമായി. 13 കോടി ആളുകൾ വോട്ടർപട്ടികയിൽനിന്ന് നീക്കം ചെയ്യപ്പെട്ടുവെന്നതിന്റെ അർഥം ലോകത്തെ പല പ്രമുഖരാജ്യങ്ങളിലെയും ജനസംഖ്യയേക്കാൾ അധികം പേർ നീക്കപ്പെട്ടുവെന്നാണ്. ഇന്ത്യയെയും ചെെനയെയും ഒഴിവാക്കിയാൽ 10 കോടിയിലധികം ജനസംഖ്യയുള്ള 14 രാജ്യങ്ങളാണുള്ളത്. ഇതിൽ ഏറ്റവും വലിയ രാജ്യമാണ് ഇപ്പോൾ തിരഞ്ഞെടുപ്പ് നടക്കുന്ന ബ്രസീൽ. 2022ൽ ബ്രസീലിൽ വോട്ട് രേഖപ്പെടുത്തിയവരുടെ എണ്ണത്തേക്കാൾ അധികമാണ് ഇന്ത്യയിൽ 2026ലെ വോട്ടർപട്ടികയിൽനിന്ന് നീക്കം ചെയ്യപ്പെട്ടത്.
മുൻകാലങ്ങളിൽ ഒരു വോട്ടറെ പട്ടികയിൽ നിന്നു നീക്കം ചെയ്യണമെങ്കിൽ വ്യക്തമായ കാരണം ചൂണ്ടിക്കാണിക്കണമായിരുന്നു. അതല്ലെങ്കിൽ രേഖാമൂലം കൃത്യമായ തെളിവുകൾ മുന്നോട്ടുവെച്ച് ആരെങ്കിലും പരാതി നൽകണമായിരുന്നു. പരാതി നൽകുന്നയാളിന്റെ ഉത്തരവാദിത്തമാണ് അത് തെളിയിക്കേണ്ടത്.
എന്നാൽ ഇപ്പോൾ ഗ്യാനേഷ് കുമാർ വോട്ടർപട്ടികയിൽനിന്നു പേര് നീക്കം ചെയ്യുന്നതിന് ഒരു ഡിജിറ്റൽ ആപ്ലിക്കേഷൻ തന്നെ നിർമിച്ചു. മാത്രമല്ല, വിവിധ സംസ്ഥാനങ്ങളിൽ വ്യാജ മരണ സർട്ടിഫിക്കറ്റുകളുടെ പിൻബലത്തിൽ ജീവിച്ചിരിക്കുന്ന പതിനായിരക്കണക്കിനോ അതിലേറെയോ വോട്ടർമാരുടെ പേര് നീക്കം ചെയ്തിട്ടുമുണ്ട്. അത്തരം വോട്ടർമാർ നേരിട്ടെത്തി തങ്ങൾ ജീവിച്ചിരിക്കുന്നവരാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടും അവർ പട്ടികയിൽ ചേർക്കപ്പെടുന്നില്ല. അവരോ അവരുടെ അച്ഛനോ മുത്തച്ഛനോ 2002 –04 ലെയോ അതിനുമുൻപുള്ളതോ വോട്ടർപട്ടികയിൽ പേരുള്ളവരായിരുന്നുവെന്ന് തെളിയിക്കേണ്ടത് വോട്ടറുടെ ബാധ്യതയാക്കി മാറ്റിയിരിക്കുന്നു. ദരിദ്രരും നിരക്ഷരരുമായ മനുഷ്യർക്ക് കിലോമീറ്ററുകൾക്കപ്പുറം വർഷങ്ങൾക്കുമുൻപ് ജീവിച്ചിരുന്ന തങ്ങളുടെ മുൻഗാമികളുടെ ഇരുപതോ മുപ്പതോ വർഷം മുൻപുള്ള വോട്ടർ പട്ടിക കണ്ടെത്തി പേരു ചേർക്കാൻ കഴിയാത്ത അവസ്ഥയാണ്. തങ്ങളുടെ പൗരത്വം തന്നെ ഇവർ തെളിയിക്കേണ്ടതായിവരുന്നു. ഇങ്ങനെ വെട്ടിക്കളയപ്പെട്ടവരിൽ, ഉൾപ്പെടുത്താതിരുന്നവരിലും, മഹാഭൂരിപക്ഷവും അരികുവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളാണ്. മുസ്ലീങ്ങൾ, ക്രിസ്ത്യാനികൾ, ദളിതർ, ഗോത്രവിഭാഗങ്ങൾ എന്നിവരാണ് പൊതുവിൽ വെട്ടിമാറ്റപ്പെട്ടവരിൽ ഏറെയും. ദരിദ്രരും സ്ത്രീകളും ഇതിൽ മഹാഭൂരിപക്ഷമുണ്ട്. ബിഹാറിൽ ഒന്നാംഘട്ട എസ്ഐആർ കഴിഞ്ഞപ്പോൾ നിരവധി സ്ഥലങ്ങളിൽ ആയിരക്കണക്കിന് സ്ത്രീകൾ ഇതിൽ പ്രതിഷേധിച്ച് രംഗത്തുവരുകയുണ്ടായി.
നിലവിലുള്ള നിയമങ്ങളെല്ലാം കാറ്റിൽ പറത്തി വോട്ടർ പട്ടിക സംബന്ധിച്ച പരാതികളെല്ലാം – ബിഎൽഒമാർക്കും ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്കും യാതൊരു അധികാരവും നൽകാതെ – കമ്മിഷൻ നേരിട്ട് തീർപ്പാക്കുന്ന സ്ഥിതിവിശേഷമാണ് ഇപ്പോൾ കൊണ്ടുവന്നിരിക്കുന്നത്. അതായത് പരിപൂർണമായ കേന്ദ്രീകരണം നടപ്പാക്കിയിരിക്കുന്നു. ഇതേവരെ വികേന്ദ്രീകൃതമായ സംവിധാനമായിരുന്നു ഉണ്ടായിരുന്നത്. ഇതു മാറ്റുന്നതിനെതിരെ രണ്ട് കമ്മീഷണർമാർ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടും അതവഗണിച്ച് ഗ്യാനേഷ് കുമാർ ഏകപക്ഷീയമായി തീരുമാനമെടുക്കുകയാണുണ്ടായത്. 18 വയസ് പൂർത്തിയാകുന്നവരെയെല്ലാം പട്ടികയിൽ ഉൾപ്പെടുത്തണമെന്ന വ്യവസ്ഥ പോലും മറികടന്നാണ് ഗ്യാനേഷ് കുമാർ ഏർപ്പെടുത്തിയ അതികേന്ദ്രീകരണത്തിലൂടെ പട്ടികയിലുള്ള വോട്ടർമാരെപ്പോലും ഒഴിവാക്കിയത്.
എന്തുകൊണ്ടാണ് 2025ൽ ഇത്തരമൊരു നീക്കത്തിന് തയ്യാറായത് എന്ന് പരിശോധിക്കേണ്ടതുണ്ട്. പൊതുവിൽ ദരിദ്ര ജനവിഭാഗങ്ങളാകെ, പ്രതേ-്യകിച്ചും മുസ്ലീം, ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളും ദളിതരും ഗോത്ര വിഭാഗങ്ങളും സ്ത്രീകളും, ബിജെപിക്കെതിരെ വോട്ടു ചെയ്തുവെന്ന വിലയിരുത്തലിനെ തുടർന്നാണ് എസ്ഐആറിലൂടെ 2029ൽ വേണ്ട ഭൂരിപക്ഷം ഒറ്റയ്ക്കുനേടി അധികാരത്തിലെത്താനുള്ള പദ്ധതിക്ക് മോദി സർക്കാർ രൂപംനൽകി. അത് പരീക്ഷിച്ചുറപ്പുവരുത്താനാണ് 2025ലെ ബിഹാർ തിരഞ്ഞെടുപ്പു മുതൽ എസ്ഐആർ തിരക്കിട്ട് നടപ്പിലാക്കിയത്.
ഈ വോട്ടർപട്ടിക അട്ടിമറി നടത്താൻ അഴിമതിക്കാരനും തങ്ങളുടെ ഏറാൻമൂളിയും തൻ പ്രമാണിയുമായ ഗ്യാനേഷ് കുമാറിനെ ബിജെപി ചുമതലപ്പെടുത്തുകയാണുണ്ടായത്. പ്രശസ്ത എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ പരകാല പ്രഭാകർ എസ്ഐആറിനെ വിശേഷിപ്പിച്ചത് ചോരചൊരിയാതെയുള്ള രാഷ്ട്രീയ വംശഹത്യ എന്നാണ്. ഗുജറാത്തിലെ വംശഹത്യയിലൂടെ അധികാരത്തുടർച്ച ഉറപ്പിച്ച മോദി ഒരു തുള്ളി ചോരചൊരിയാതെ ഒരു വംശത്തെയാകെ കൂട്ടക്കുരുതി നടത്താമെന്ന് എസ്ഐആറിലൂടെ തെളിയിച്ചിരിക്കുകയാണ്. ഈ വംശഹത്യയിൽ മതന്യൂനപക്ഷങ്ങൾ മാത്രമല്ല, ഹിന്ദുക്കളിലെ തന്നെ ദളിതരും പിന്നാക്കക്കാരും സ്ത്രീകളും ദരിദ്രരുമെല്ലാം ഒഴിവാക്കപ്പെട്ടിരിക്കുകയാണ്. അങ്ങനെ രാജ്യത്തിന്റെ ഭരണംതന്നെ ഉറപ്പാക്കലാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. l



