Tuesday, October 13, 2026

ad

Homeകവര്‍സ്റ്റോറിവിയോജിപ്പുകളുടെ തിരോധാനവും ഗ്യാനേഷ് കുമാറും

വിയോജിപ്പുകളുടെ തിരോധാനവും ഗ്യാനേഷ് കുമാറും

അഡ്വ. മുഹമ്മദ് ഇബ്രാഹിം അബ്ദുൾസമദ്

‘‘രാഷ്ട്രീയത്തിൽ ‘ഒരാൾക്ക് ഒരു വോട്ട്, ഒരു വോട്ടിന് ഒരു മൂല്യം’ എന്ന തത്ത്വം നാം അംഗീകരിക്കുന്നു. എന്നാൽ ‘ഒരാൾക്ക് ഒരു മൂല്യം’ എന്ന തത്ത്വത്തെ നമ്മുടെ സാമൂഹികവും സാമ്പത്തികവുമായ ജീവിതത്തിൽ നാം തുടർന്നും നിഷേധിച്ചുകൊണ്ടിരിക്കും’’ എന്ന് ഭരണഘടന രാജ്യത്തിന് സമർപ്പിക്കവേ അംബേദ്കർ അൽപ്പം സ്വയംവിമർശനപരമായി അഭിപ്രായപ്പെടുന്നുണ്ട്. എല്ലാവരും വോട്ട് ചെയ്തതുകൊണ്ടും തീരാത്ത സാമൂഹ്യബന്ധങ്ങളിലെ അസമത്വങ്ങളെക്കുറിച്ചായിരുന്നു അംബേദ്കറിന്റെ ആശങ്കകൾ. അവ പ്രസക്തവുമായിരുന്നു. എന്നാൽ, ചരിത്രം ഇന്ത്യക്ക് ബാക്കിവച്ചത് ഭരണഘടനാ നിർമാതാക്കൾപോലും വിഭാവനം ചെയ്യാത്ത പ്രതിസന്ധികളായിരുന്നു. പ്രായപൂർത്തി വോട്ടവകാശം പ്രദാനം ചെയ്ത ഒരു രാജ്യം, പൗരരെ വോട്ട് ചെയ്യിക്കാനായി പ്രചരണ പരിപാടികൾ നടപ്പാക്കിയ രാജ്യം കുറച്ചുകാലമായി മനുഷ്യരെ പോളിങ് ബൂത്തിനുമുന്നിൽ മഴയത്ത് നിർത്തിയിരിക്കുകയാണ്. വോട്ട് മുതൽ പൗരത്വം വരെ അവർ സ്വയം തെളിയിച്ച് നേടേണ്ടതായി മാറിയിരിക്കുന്നു. ഇലക്ഷൻ കമ്മീഷൻ പൗരരുടെ രേഖകൾ തിരയുന്ന സംവിധാനം മാത്രമാക്കിമാറ്റപ്പെട്ടിരിക്കുന്നു. അങ്ങനെയുള്ള ഈ കാലത്ത് ഇലക്ഷൻ കമ്മീഷനിലെ വിഭാഗീയതകളെക്കുറിച്ചു-വന്ന വാർത്തകളും അതിനോടുള്ള പ്രതികരണങ്ങളും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറെക്കുറിച്ചും മറ്റ് തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ വിയോജിപ്പുകളെക്കുറിച്ചും ചില ചോദ്യങ്ങൾ അനിവാര്യമാക്കിയിരിക്കുന്നു. അവയാണ് ഇവിടെ ഉന്നയിക്കുന്നത്.

തിരഞ്ഞെടുപ്പ് കമ്മീഷനിലെ വിയോജിപ്പുകൾ
ലോകത്തെ സമാധാനപരമായി മാറ്റിമറിക്കാമെന്ന് പഠിപ്പിച്ച ഗാന്ധിജിയെ പോലെയാണ് കഴിഞ്ഞ പതിറ്റാണ്ടിലെ ഏറ്റവും പ്രാധാന്യമുള്ള വാർത്ത റിപ്പോർട്ട് ചെയ്ത റിതിക ചോപ്ര തന്റെ ചരിത്രപരമായ സ്റ്റോറിയെക്കുറിച്ച് സംസാരിക്കുന്നത്. ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിലെ ആദ്യ പേജിൽ വന്ന അവർ തയ്യാറാക്കിയ വാർത്ത സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെതന്നെ ജേർണലിസത്തിന്റെ മഹത്തരമായ ഏടുകളിലൊന്നായി തീർന്നിരിക്കുന്നു. പക്ഷേ, താൻ അസാധാരണമായി ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു അവരുടെ പ്രതികരണം. ദൃശ്യതയുടെ, പ്രകടനപരതയുടെ കാലത്ത് ഇത്തരം ജേണലിസം തന്നെ മാതൃകാപരമാണ്. എന്താണ് അവർ കണ്ടെത്തിയതെന്ന് നോക്കാം. ലളിതമായി പറഞ്ഞാൽ റിതിക ചോപ്ര റിപ്പോർട്ട് ചെയ്ത വാർത്തയിൽ മൂന്ന് പ്രശ്നങ്ങളാണ് ഉന്നയിക്കുന്നത്. ഒന്ന്, കഴിഞ്ഞ പത്ത് മാസത്തിനുള്ളിൽ ചീഫ് ഇലക്ഷൻ കമ്മീഷണർക്കെതിരെ മറ്റ് ഇലക്ഷൻ കമ്മീഷണർമാർ 14 തവണയാണ് വിയോജന കുറിപ്പെഴുതിയത്. ഇവ പ്രസിദ്ധീകരിക്കപ്പെട്ടില്ല. എന്നു മാത്രമല്ല, പരിഗണിക്കപ്പെട്ടുപോലുമില്ല. രണ്ട്, നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ വോട്ടർ രജിസ്ട്രേഷൻ ഫോമിൽ (ഫോം – 6) മാറ്റം വരുത്തി. മൂന്ന്, കേന്ദ്രീകൃതമായ സോഫ്റ്റ്-വെയർ സംവിധാനത്തിലൂടെ ഇലക്ട്രൽ റെഗുലേഷൻ ഓഫീസേഴ്സിനെ അപ്രസക്തമാക്കുകയും കൂടുതൽ പേരെ വോട്ടേഴ്സ് ലിസ്റ്റിൽനിന്ന് പുറത്താക്കുകയും ചെയ്തു.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറിൽ ‘മുഖ്യ’ എന്നുള്ളതുകൊണ്ട് ആ പദവിക്ക് പ്രത്യേക വീറ്റോ അധികാരമുണ്ടെന്ന് തോന്നാം. എന്നാൽ, ഭരണഘടനാ അനുച്ഛേദ‌ങ്ങളോ സുപ്രീം കോടതി വിധിന്യായങ്ങളോ പാർലമെന്റ് പാസ്സാക്കിയ നിയമമോ അങ്ങനെ ഒരു സൂചനയും നൽകുന്നില്ല; ഇതിന് നേരെ വിപരീതമായ ചില സൂചനകൾ നൽകുന്നുണ്ടു താനും. 1995 ലെ ടി എൻ ശേഷൻ v/s യൂണിയൻ ഓഫ് ഇന്ത്യ കേസിൽ സുപ്രീം കോടതി വ്യക്തമാക്കിയ കാര്യം, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ തുല്യരിൽ ഒന്നാമൻ മാത്രമാണ്, അല്ലാതെ രാജാവല്ല എന്നാണ്. തിരഞ്ഞെടുപ്പ് കമ്മീഷണർമാരിൽ അഭിപ്രായവ്യത്യാസമുണ്ടായാൽ ഭൂരിപക്ഷത്തിന്റെ തീരുമാനമാണ് കണക്കിലെടുക്കേണ്ടതെന്ന് നിയമവും പറയുന്നു. പിന്നെങ്ങനെ ഗ്യാനേഷ് കുമാറിന് വിയോജിപ്പുകളെ അട്ടിമറിക്കാൻ കഴിഞ്ഞു ? അതറിയണമെങ്കിൽ ആ ഉന്നത ഉദ്യോഗസ്ഥന്റെ ചരിത്രവും അദ്ദേഹം നിയമിക്കപ്പെട്ട പശ്ചാത്തലവും പരിശോധിക്കണം.

ഇലക്ഷൻ കമ്മീഷനും 
അധികാര വിഭജനവും
താൻ സർക്കാരിന്റെ ഇലക്ഷൻ കമ്മീഷണറല്ല, രാജ്യത്തിന്റെ ഇലക്ഷൻ കമ്മീഷണറാണ് എന്ന് ടി.എൻ ശേഷൻ ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്. അത് ഇന്ത്യൻ നിയമവാഴ്ചയുടെ അടിസ്ഥാനതത്ത്വമാണ്. ജുഡീഷ്യറി, എക്സിക്യുട്ടീവ്, ലെജിസ്ലേച്ചർ എന്നിവയ്ക്കുപുറമേ ഭരണഘടനാപരമായി സ്ഥാപിക്കപ്പെട്ട സ്ഥാപനമാണ് ഇലക്ഷൻ കമ്മീഷനും. ഇലക്ഷൻ മേൽനോട്ടത്തിനും നിയന്ത്രണത്തിനും നടത്തിപ്പിനുമുള്ള അധികാരം ഭരണഘടന ഇലക്ഷൻ കമ്മീഷനിൽ നിക്ഷിപ്തമാക്കിയിരിക്കുന്നു. പ്രസിഡന്റാൽ നിയമിതമാവുന്ന ഇലക്ഷൻ കമ്മീഷന്റെ ഏറ്റവും പ്രധാനമായ കാര്യം, ഒരു തിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കംചെയ്യാനുള്ള പ്രക്രിയ ജഡ്ജിയെ നീക്കം ചെയ്യുന്നതുപോലെ സങ്കീർണമാണ് എന്നതാണ്. ഒരു അധികാര സ്ഥാനത്തുനിന്ന് ഏത് സമയത്തും നീക്കം ചെയ്യപ്പെടാമെന്ന ഭയം മനുഷ്യരെ അരക്ഷിതരും കൂടുതൽ വിധേയരുമാക്കാം. ഗവർണർമാരായി നിയമിതരായ കൂടുതൽ പേരും യജമാനൻമാരെ തൃപ്തിപ്പെടുത്താൻ നടത്തുന്ന ശ്രമങ്ങൾ ഇത് മൂലമാകാം. എന്നാൽ ഇലക്ഷൻ കമ്മീഷൻ എന്ന സ്വതന്ത്രാധികാര സംവിധാനം വിധേയപ്പെട്ടിട്ടുണ്ടെങ്കിൽ അത് കേവലം പാദസേവ മാത്രമാണ്.

ഭരണഘടനതന്നെ ഇലക്ഷൻ കമ്മീഷനുമായി ബന്ധപ്പെട്ട് പാർലമെന്റ് പാസ്സാക്കേണ്ട നിയമനിർമാണത്തെക്കുറിച്ച് സൂചന നൽകുന്നുണ്ട്. എന്നാൽ 2023 വരെ കേന്ദ്ര സർക്കാർ അതിന് മുതിർന്നില്ല. 2023ലെ കേസിലെ സുപ്രീം കോടതി വിധി ഇലക്ഷൻ കമ്മീഷൻ നിയമനത്തെ കൂടുതൽ സ്വതന്ത്രമാക്കുകയും ഭരണപക്ഷത്തിനോ പ്രതിപക്ഷത്തിനോ ആ പ്രക്രിയയിൽ ഭൂരിപക്ഷമില്ലാതാക്കുകയും ചെയ്തു. ഇലക്ഷൻ കമ്മീഷണർ നിയമനത്തിനുള്ള അധികാരം സുപ്രീം കോടതി ചീഫ് ജസ്റ്റിസിൽകൂടി വന്നുചേർന്നതോടെ (പ്രധാനമന്ത്രി, ചീഫ് ജസ്റ്റിസ്, പ്രതിപക്ഷ നേതാവ്) കേന്ദ്ര സർക്കാർ അസ്വസ്ഥരായി. യഥാർത്ഥത്തിൽ അതൊരു മാതൃകാസംവിധാനമാകുമായിരുന്നു. ഇലക്ഷൻ കമ്മീഷൻ നിയമന അധികാരം കേന്ദ്രീകൃതമാകാതിരിക്കുക എന്നാൽ എല്ലാ രാഷ് ട്രീയ സംവിധാനങ്ങൾക്കും ലെവൽ പ്ലെയിങ് ഫീൽഡ് നൽകുക എന്നതായിരുന്നു. എന്നാൽ സുപ്രീം കോടതി വിധി വളരെ പെട്ടെന്നുതന്നെ അട്ടിമറിക്കപ്പെടുകയും കേന്ദ്ര സർക്കാരിന് മേൽക്കൈയുള്ള രീതിയിൽ (പ്രധാനമന്ത്രി, കേന്ദ്ര മന്ത്രി, പ്രതിപക്ഷ നേതാവ് ) ഇലക്ഷൻ കമ്മീഷൻ നിയമന – നിയമം നിലവിൽ വരികയും ചെയ്തു. അപ്പോഴും ഇലക്ഷൻ കമ്മീഷണറെ നീക്കംചെയ്യുന്നതിന് സർക്കാരിന് എളുപ്പമാകാത്ത ഭരണഘടനാ വ്യവസ്ഥകൾ നിലനിൽക്കുന്നുണ്ടുതാനും. അതുകൊണ്ടുകൂടിയാണ് തങ്ങളുടെ പരീക്ഷണകാലത്ത് ബിജെപി ഗ്യാനേഷ് കുമാറിനെ നിയമിച്ചതും അയാൾ ആ പാദസേവ കൃത്യമായി നിർവഹിച്ചുകൊണ്ടിരിക്കുന്നതും. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

3 × 2 =

Most Popular