Tuesday, October 13, 2026

ad

Homeകവര്‍സ്റ്റോറിബിഹാർ: എസ്‌ഐആറിന്റെ ആദ്യ പരീക്ഷണശാല

ബിഹാർ: എസ്‌ഐആറിന്റെ ആദ്യ പരീക്ഷണശാല

എം അഖിൽ

രാജ്യത്തുടനീളം കോടിക്കണക്കിന്‌ ആളുകളെ വോട്ടർപട്ടികയിൽനിന്ന്‌ പുറത്താക്കുകയെന്ന ലക്ഷ്യത്തോടെ തിരഞ്ഞെടുപ്പ്‌ കമീഷൻ ആരംഭിച്ച എസ്‌ഐആറിന്റെ ആദ്യ പരീക്ഷണശാലയായിരുന്നു ബിഹാർ. ലക്ഷക്കണക്കിനുപേരെ ഒറ്റയടിക്ക്‌ പട്ടികയിൽനിന്നു പുറത്താക്കിയ ബിഹാർ മാതൃകയാണ്‌ ഇപ്പോൾ രാജ്യത്താകെ നടപ്പാക്കുന്നത്‌. 2025 ജൂൺ 24ന്‌ ബിഹാറിൽ എസ്‌ഐആർ പ്രഖ്യാപിക്കുന്പോൾ, അനർഹരായ വോട്ടർമാരെ പൂർണമായും ഒഴിവാക്കി വോട്ടർപട്ടിക ശുദ്ധീകരിക്കുമെന്നും അർഹരായവരെ മുഴുവൻ നിലനിർത്തുമെന്നുമാണ്‌ തിരഞ്ഞെടുപ്പ്‌ കമീഷൻ അവകാശപ്പെട്ടിരുന്നത്‌. എന്നാൽ, 2025 ആഗസ്‌ത്‌ ഒന്നിന്‌ പ്രസിദ്ധീകരിച്ച കരട്‌ പട്ടികയിൽ തന്നെ 65.6 ലക്ഷം പേർ പുറത്തായി.അവകാശവാദങ്ങളും എതിർപ്പുകളും പരിശോധിച്ച ശേഷം 3.66 ലക്ഷം പേരെ കൂടി പുറത്താക്കി.

കരട്‌ പട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ട 65.6 ലക്ഷം പേരിൽ 55 ശതമാനവും സ്‌ത്രീകളായിരുന്നു. പേരുകൾ തിരിച്ചറിയൽ സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് നടത്തിയ സ്വതന്ത്ര വിശകലനത്തിൽ, കരട്‌ പട്ടികയിൽനിന്ന്‌ ഒഴിവാക്കപ്പെട്ടവരിൽ 24.7 ശതമാനം മുസ്ലീങ്ങളായിരുന്നെന്നും കണ്ടെത്തി. ബിഹാറിലെ വോട്ടർമാരിൽ സ്‌ത്രീകളുടെ വിഹിതം 47.7 ശതമാനവും മുസ്ലീങ്ങളുടെ വിഹിതം 16. 9 ശതമാനവും ആയിരുന്നു. അതായത്‌, ലഭ്യമായ കണക്കുകൾ പ്രകാരം സ്‌ത്രീകളും മുസ്ലീങ്ങളും അവരുടെ ആനുപാതിക വിഹിതത്തേക്കാൾ കൂടുതലായി കരട്‌ വോട്ടർപട്ടികയിൽ നിന്നും പുറത്തായി. കരട്‌ പട്ടികയിൽ മാത്രം ഇ‍ൗ അസമത്വം ഒതുങ്ങിയില്ലെന്നതാണ്‌ യാഥാർഥ്യം.

അന്തിമ വോട്ടർപട്ടികയിലും സ്‌ത്രീ വോട്ടർ വിഹിതം 47.8 ശതമാനത്തിൽ നിന്നും 47.2 ശതമാനമായി ഇടിഞ്ഞു. എസ്‌ഐആർ നടപടികളുടെ ഭാഗമായി ഒഴിവാക്കപ്പെട്ട വോട്ടർമാരിൽ 59 ശതമാനവും സ്‌ത്രീകളായിരുന്നു. മുസ്ലീങ്ങളുടെ കാര്യത്തിൽ തിരഞ്ഞെടുപ്പ്‌ കമീഷൻ വോട്ടർപട്ടികയിൽ മതം രേഖപ്പെടുത്താത്തതിനാൽ ഒ‍ൗദ്യോഗികമായ കണക്കുകൾ ലഭ്യമല്ല. എന്നാൽ, പേരുകൾ തിരിച്ചറിയൽ സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച സ്വതന്ത്രവിശകലനത്തിൽ അന്തിമഘട്ടത്തിൽ ഒഴിവാക്കപ്പെട്ട 3.66 ലക്ഷം പേരിൽ 33 ശതമാനവും മുസ്ലീങ്ങളായിരുവെന്ന്‌ കണ്ടെത്തി. സംസ്ഥാനത്തെ മണ്ഡലങ്ങളുടെ സാമൂഹികഘടന തന്നെ മാറ്റിമറിക്കുന്ന രീതിയിലുള്ള ‘ശുദ്ധീകരണം’ആയിരുന്നു നടന്നതെന്ന വിമർശം അന്നു തന്നെ ശക്തമായി ഉയർന്നിരുന്നു. എസ്‌ഐആറിനുശേഷമുള്ള പട്ടികയിൽ മൊത്തം വോട്ടർമാരുടെ എണ്ണം കുറഞ്ഞതിനൊപ്പം സ്‌ത്രീകളുടെയും മുസ്ലീങ്ങളുടെയും വോട്ടർശതമാനവും കുറഞ്ഞു. ഇതിന്‌ ആനുപാതികമായി പുരുഷൻമാരുടെയും മറ്റ്‌ മതവിഭാഗക്കാരുടെയും വോട്ടർവിഹിതത്തിൽ വർധനവുണ്ടായി. മണ്ഡലങ്ങളിലെ വോട്ടർഘടനയിലുണ്ടായ ഇത്തരം മാറ്റങ്ങൾ ആത്യന്തികമായി തിരഞ്ഞെടുപ്പു ഫ-ലത്തെ ത്തന്നെ സ്വാധീനിക്കുന്ന നിർണായകഘടകമായി മാറിയെന്നാണ്‌ വിലയിരുത്തപ്പെടുന്നത്. 1000 മുതൽ 5000വരെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയപരാജയങ്ങൾ തീരുമാനിക്കപ്പെട്ട മണ്ഡലങ്ങളിൽ എസ്‌ഐആറിലൂടെ അടിച്ചേൽപ്പിക്കപ്പെട്ട ജനസംഖ്യാപരമായ മാറ്റങ്ങൾ തിരഞ്ഞെടുപ്പ്‌ ഫലത്തെ സ്വാധീനിച്ചിട്ടുണ്ടെന്ന് ഉറപ്പാണ്.

ജന്തർ മന്തറിലെ പ്രക്ഷോഭകേന്ദ്രത്തിലേക്ക് വീൽചെയറിൽ എത്തിയ മുതിർന്ന 
ചലച്ചിത്രകാരൻ സെയ്ദ് മിർസയെ ബൃന്ദാ കാരാട്ട് അഭിവാദ്യം ചെയ്യുന്നു

പ‍ൂർണിയ, അരാറിയ, കതിഹാർ, കിഷൻഗഞ്ച്‌ എന്നീ ജില്ലകൾ ഉൾപ്പെട്ട സീമാഞ്ചൽ മേഖലയിൽ എസ്‌ഐആർ സൃഷ്ടിച്ച ആഘാതം സൂക്ഷ്‌മമായി പരിശോധിച്ചാൽ ഇ‍ൗ സാധ്യതകളിലേക്ക്‌ കൂടുതൽ വെളിച്ചം വീശും. സീമാഞ്ചൽ മേഖലയിലെ നാല്‌ ജില്ലകളിലെ 24 മണ്ഡലങ്ങളിൽ മുസ്ലീം ജനസംഖ്യയുടെ സാന്നിധ്യം സംസ്ഥാനശരാശരിയേക്കാൾ കൂടുതലായിരുന്നു. കരട്‌ പട്ടികയിൽ സീമാഞ്ചലിലെ നാല്‌ ജില്ലകളിലുമായി ഏകദേശം 7. 62 ലക്ഷം പേരുകളാണ്‌ ഒഴിവാക്കപ്പെട്ടത്‌. ഒഴിവാക്കപ്പെട്ടവരുടെ എണ്ണം ഇ‍ൗ നാല്‌ ജില്ലകളിലെ വോട്ടർമാരുടെ ഏകദേശം 9.75 ശതമാനം വരും. അന്തിമപട്ടികയിലും സീമാഞ്ചൽ മേഖലയിലാണ്‌ ഏറ്റവും കൂടുതൽ വോട്ടുകൾ നഷ്ടപ്പെട്ടിട്ടുള്ളത്‌. നാലുജില്ലകളിലായി ഏകദേശം 5.84 ലക്ഷം വോട്ടർമാരുടെ പേരുകളാണ്‌ എസ്ഐആറിന്റെ ഭാഗമായി അന്തിമമായി ഒഴിവാക്കപ്പെട്ടത്‌. സീമാഞ്ചലിൽ ‘ഹാജരാകാത്തവർ/കണ്ടെത്താനാകാത്തവർ’ വിഭാഗത്തിന്റെ വിഹിതം ഇ‍ൗ കാര്യത്തിലുള്ള സംസ്ഥാന ശരാശരിയേക്കാൾ കൂടുതലായിരുന്നുവെന്ന വസ്‌തുതയും ശ്രദ്ധേയമാണ്‌. സീമാഞ്ചലിന്റെ സാമൂഹിക, സാന്പത്തിക ഘടന നോക്കിയാൽ ഇ‍‍ൗ വസ്‌തുതയ്‌ക്ക്‌ വലിയ പ്രാധാന്യമുണ്ട്‌. തൊഴിലുകൾ തേടിയുള്ള കുടിയേറ്റം, മറ്റൊരിടത്ത്‌ ദീർഘകാല താൽക്കാലിക താമസം, കുടുംബാംഗങ്ങൾക്കിടയിലുണ്ടാകുന്ന താമസമാറ്റം തുടങ്ങിയവ ഇ‍ൗ മേഖലയിൽ വളരെ കൂടുതലാണ്‌. ഇത്തരം സാഹചര്യങ്ങളിൽ, വോട്ടർ പരിശോധനാവേളകളിൽ സ്വന്തം വീടുകളിൽ ഉണ്ടാകാതിരുന്നവർ വോട്ടർപട്ടികയിൽ നിന്നും വലിയ രീതിയിൽ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. സീമാഞ്ചൽ മേഖലയിൽ 2025 തിരഞ്ഞെടുപ്പിൽ എൻഡിഎ 14 സീറ്റുകൾ നേടിയപ്പോൾ മഹാസഖ്യം അഞ്ച്‌ സീറ്റുകളിൽ ഒതുങ്ങി. പല മണ്ഡലങ്ങളിലും വലിയ ഭൂരിപക്ഷമല്ല വിജയ–പരാജയങ്ങൾ നിശ്‌ചയിച്ചതെന്ന വസ്‌തുതയാണ്‌ ഏറ്റവും ശ്രദ്ധേയം. ലക്ഷക്കണക്കിന്‌ വോട്ടർമാർ ഒഴിവാക്കപ്പെട്ട ഇ‍ൗ മേഖലയിൽ ഏതാനും ആയിരം വോട്ടുകൾ തന്നെ വിജയ–പരാജയങ്ങൾ നിശ്‌ചയിക്കുന്ന മണ്ഡലങ്ങളിൽ എസ്‌ഐആർ സൃഷ്ടിച്ച മാറ്റം ബിജെപിയുടെ വിജയം ഉറപ്പിക്കുകയായിരുന്നു.

‘ശുദ്ധീകരണം’ 
ആർക്കുവേണ്ടി?
വോട്ടർപട്ടിക കൃത്യമായിരിക്കണമെന്ന കാര്യത്തിൽ ജനാധിപത്യവിശ്വാസികളായ ആർക്കും തർക്കമില്ല. മരിച്ചുപോയവരുടെയും സ്ഥിരമായി താമസംമാറ്റിയവരുടെയും മറ്റും പേരുകൾ ഒഴിവാക്കണമെന്ന കാര്യത്തിലും സംശയമില്ല. എന്നാൽ,ഇതിന്റെ പേരിൽ , വോട്ടർമാരെ കൂട്ടത്തോടെ ആസൂത്രിതമായി ഒഴിവാക്കുന്നത്‌ ജനാധിപത്യത്തെ അട്ടിമറിക്കലാണ്‌. ബിഹാറിൽ 2025ലെ തിരഞ്ഞെടുപ്പിൽ 174 മണ്ഡലങ്ങളിൽ വിജയിച്ച സ്ഥാനാർഥികളുടെ ഭൂരിപക്ഷത്തേക്കാൾ കൂടുതലായിരുന്നു എസ്‌ഐആറിലൂടെ ഒഴിവാക്കപ്പെട്ട വോട്ടർമാരുടെ എണ്ണം. 2020–2025 കാലയളവിൽ 91 മണ്ഡലങ്ങളിലാണ്‌ ഫലങ്ങൾ മാറിയത്‌. ആ 91 മണ്ഡലങ്ങളിൽ 75 എണ്ണവും എൻഡിഎയാണ്‌ സ്വന്തമാക്കിയത്‌. മഹാസഖ്യം 15 മണ്ഡലങ്ങളിലും മറ്റൊരു കക്ഷി ഒരു മണ്ഡലത്തിലും ജയിച്ചു. തിരഞ്ഞെടുപ്പിനു തൊട്ടുമുന്പുണ്ടായ വോട്ടർപട്ടികയിലെ വലിയതോതിലുള്ള മാറ്റം തിരഞ്ഞെടുപ്പ്‌ ഫലത്തെ എത്രത്തോളം സ്വാധീനിച്ചെന്ന ചോദ്യത്തിന്‌ വലിയ പ്രസക്തിയുണ്ട്‌. പ്രത്യേകിച്ച്‌, വിജയ ഭൂരിപക്ഷത്തേക്കാൾ കൂടുതലായിരുന്നു ഒഴിവാക്കപ്പെട്ട വോട്ടർമാരുടെ എണ്ണമെന്ന വസ്‌തുത മണ്ഡലങ്ങൾതോറും സൂക്ഷ്‌മമായ പരിശോധന ആവശ്യപ്പെടുന്നു. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five × four =

Most Popular