Tuesday, October 13, 2026

ad

Homeകവര്‍സ്റ്റോറികർണാടകത്തിൽ വോട്ടുഹത്യ

കർണാടകത്തിൽ വോട്ടുഹത്യ

വിനോദ് പായം

കർണാടകത്തിലെ വിജയപുരയിൽ (ബിജാപൂർ) നിന്നും ഈയിടെ ഒരുവാർത്ത വന്നു. മരിച്ച എട്ടുപേരുടെ പേര്‌ നീക്കംചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ ബൂത്ത്‌ ലെവൽ ഓഫീസർക്ക്‌ അപേക്ഷ കിട്ടുന്നു. സ്‌കൂൾ അധ്യാപകനായ അല്ലമ ബഗ്‌വാൻ എന്നയാളുടേതടക്കം എട്ട്‌ പേരുടെ പേരുകളാണ്‌ നീക്കാനായി ബിഎൽഒയ്‌ക്ക്‌ കിട്ടിയത്‌. അബ്ദുൾ റസാഖ് ബഗ്‌വാൻ, മലൻബി ജമാദാർ, മുംതാസ് മുല്ല എന്നീ പേരുകളടക്കമുള്ള അപേക്ഷയിൽ സംശയം തോന്നിയ അധ്യാപകൻ കൂടിയായ ബിഎൽഒ അന്വേഷിച്ചപ്പോൾ ഇ‍ൗ എട്ടുപേരും ജീവിച്ചിരിപ്പുണ്ട്‌. മുസ്ലീം സമുദായത്തിൽപെട്ട ഇ‍ൗ എട്ടുപേരുടെയും പേരുകൾ നീക്കാനുള്ള അപേക്ഷ, ബിജെപി എംഎൽഎ ബസനഗൗഡ പാട്ടീൽ യത്നാലാണ്‌ സമർപ്പിച്ചത്. ഇതുസംബന്ധിച്ച്‌ ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസ്‌ കഴിഞ്ഞ അഞ്ചിന്‌ അന്വേഷണാത്മക റിപ്പോർട്ട് പുറത്തുവിട്ടിട്ടുണ്ട്‌. എട്ടുപേരുടെയും മരണ സർട്ടിഫിക്കറ്റടക്കം വച്ചാണ്‌ പേരുകൾ നീക്കാൻ അപേക്ഷിച്ചത്‌. പത്രം നടത്തിയ പരിശോധനയിൽ, മരണ സർട്ടിഫിക്കറ്റ്‌ യഥാർഥത്തിലുള്ളതാണെന്ന്‌ കണ്ടെത്തി. പക്ഷേ, അതിൽ മരിച്ചവരുടെ പേരുകൾക്ക് മാത്രമേ സർട്ടിഫിക്കറ്റുമായി സാമ്യമുള്ളൂ. മരിച്ചവരുടെ രക്ഷിതാക്കളുടെയും പങ്കാളികളുടെയും പേര്‌ ഇപ്പറയുന്ന വോട്ടർമാരുടേതിൽനിന്ന്‌ വ്യത്യസ്തമാണെന്ന്‌ ഇന്ത്യൻ എക്‌സ്‌പ്രസ്‌ ചൂണ്ടിക്കാട്ടുന്നു.

കർണാടകത്തിൽ വോട്ടർ പട്ടിക ശുദ്ധീകരണത്തിന്റെ പേരിൽ നടക്കുന്ന രാഷ്ട്രീയ ഗൂഢാലോചനയുടെ ചെറിയൊരു പതിപ്പ്‌ മാത്രമാണിത്‌. ദളിത്‌, ന്യൂനപക്ഷ വോട്ടുകൾ കൂട്ടത്തോടെ ഒഴിവാക്കാൻ എന്തുഹീനമാർഗവും കർണാടകത്തിൽ പരീക്ഷിക്കുകയാണ്‌ തിരഞ്ഞെടുപ്പ്‌ കമ്മീഷന്റെ ഒത്താശയിൽ ബിജെപി. ഇതിൽ പ്രതിഷേധിച്ചാണ്‌ മുഖ്യമന്ത്രി ഡി കെ ശിവകുമാറടക്കമുള്ള മന്ത്രിസഭാംഗങ്ങൾ ബംഗളൂരുവിലെ ചീഫ് ഇലക്ടറൽ ഓഫീസറുടെ ഓഫീസിനുമുന്നിൽ പ്രതിഷേധിച്ചത്.

1.07 കോടിയിലധികം വോട്ടർമാരെയാണ്‌ എസ്‌ഐആറിന്റെ പേരിൽ കർണാടകത്തിൽ വെട്ടിയത്‌. മൊത്തം വോട്ടർമാരിൽ 19.5 ശതമാനം പേരെയും ഇങ്ങനെ ഒഴിവാക്കി. നീക്കിയ പേരുകൾ പരിശോധിച്ചാൽ പിന്നോക്ക മേഖലയിലുള്ള ദളിത്‌, ന്യൂനപക്ഷ വോട്ടുകളാണ്‌ കൂടുതലുമുള്ളതെന്ന്‌ എസ്‌ഐആർ വിരുദ്ധ പ്രക്ഷോഭകരും രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു. സ്ഥിരമായി താമസംമാറി എന്നതിന്റെ പേരിൽ 65.45 ലക്ഷം വോട്ടുകളാണ്‌ ഇല്ലാതായത്‌. അതായത്‌, തൊഴിലിനും ജീവിതമാർഗത്തിനുംവേണ്ടി അലയുന്ന വിഭാഗങ്ങൾ പൂർണമായും ജനാധിപത്യത്തിൽ നിന്ന്‌ ഒഴിവാക്കപ്പെടുകയാണ്‌. ഇ‍ൗ വിഭാഗത്തിലെ വോട്ടുകൾ തങ്ങൾക്കില്ല എന്ന ബോധ്യത്തിൽ, ബിജെപി ആസൂത്രണം ചെയ്‌ത വെട്ടിനീക്കൽ ആണിത്.

സ്ഥലത്തില്ലാത്തതിനാലും കണ്ടെത്താനാകാത്തതിനാലും ഏകദേശം 15.17 ലക്ഷം വോട്ടർമാരെ നീക്കിയിട്ടുണ്ട്‌. സ്ഥിര മേൽവിലാസം ഇല്ലാത്തവർ എന്ന ആദ്യ കാറ്റഗറിയെ ഒന്നുകൂടി വിപുലീകരിച്ചാണ്‌ കണ്ടെത്താനായില്ല എന്ന കാരണംപറഞ്ഞ് 15.17 ലക്ഷം പേരെ ഒഴിവാക്കിയത്‌.

മരിച്ചവർ ഏകദേശം 14.4 മുതൽ 16.39 ലക്ഷം വരെ വോട്ടർമാരുണ്ട്‌ എന്നാണ്‌ എസ്‌ഐആർ കണക്ക്‌. അതിൽ ആദ്യം ചൂണ്ടിക്കാണിച്ച വിജയപുരയിലെ മുസ്ലീം വിഭാഗത്തിലുള്ളവരുടേത്‌ പോലെ എത്ര പേരുണ്ടെന്ന്‌ കണ്ടറിയണം. ജീവിച്ചിരിക്കുന്നവരും ദീർഘകാലമായി ഒരേ സ്ഥലത്ത് താമസിക്കുന്നവരുമായ പലരെയും മരിച്ചവരോ അല്ലെങ്കിൽ സ്ഥലം മാറിപ്പോയവരോ ആയി രേഖപ്പെടുത്തിയിട്ടുണ്ട്‌. ഏകപക്ഷീയമായ വോട്ടർപ്പട്ടികയാണ്‌ ഇലക്ഷൻ കമ്മിഷൻ തയ്യാറാക്കിയത്‌ എന്നാണ്‌ ബിജെപിയെ എതിർക്കുന്ന രാഷ്ട്രീയ കക്ഷികളെല്ലാം പറയുന്നത്‌. ദേവഗ‍ൗഡയുടെ ജനതാദൾ ബിജെപിയുടെ സഖ്യകക്ഷിയാണിപ്പോൾ. അവർക്ക്‌ സ്വാധീനമുള്ള പഴയ മൈസൂരു മേഖലയിലെ ന്യൂനപക്ഷ വോട്ടുകളെ എസ്‌ഐആർ വെട്ട്‌ കാര്യമായി ബാധിച്ചിട്ടുണ്ട്‌. എസ്ഐആറിനെതിരായ സംയുക്ത നീക്കത്തിൽ നിലവിൽ ജനതാദൾ മാറിനിൽക്കുകയാണെങ്കിലും, തങ്ങൾക്ക്‌ സ്വാധീനമുള്ള മേഖലകളിൽ നിന്നുമുയരുന്ന പരാതികൾ അവർക്ക്‌ കാണാതിരിക്കാൻ പറ്റില്ല.

കുലുക്കമില്ലാതെ കമ്മിഷൻ
എസ്‌ഐആറിനെതിരെ ദേശീത തലത്തിൽ ഉയർന്ന പ്രതിഷേധത്തിന്റെ ഭാഗമായി തിരഞ്ഞെടുപ്പ്‌ കമ്മിഷന്‌ കർണാടകത്തിലും പ്രതികരിക്കേണ്ടി വന്നു. നീക്കിയതിനുപുറമെ 43.80 ലക്ഷം വോട്ടർമാരിൽ ഇനിയും പരിശോധന ആവശ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അതിൽ 206 കേസുകളിൽ മാത്രമാണ് വാദം കേൾക്കൽ പൂർത്തിയാക്കിയതെന്നും സെപ്‌തംബർ ഒന്നിന്‌ കമ്മിഷൻ ഇറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. നിലവിൽ 7,31,770 പേർക്ക് ചീഫ് ഇലക്ടറൽ ഓഫീസർ നോട്ടീസ് അയച്ചിട്ടുണ്ടെന്നും ഒക്ടോബർ 12- വരെ അവർക്കുള്ള സിറ്റിങ്‌ നടത്തുമെന്നും കമ്മിഷൻ അന്ന്‌ പറഞ്ഞു. അതായത്‌ പിശകുകൾ ഉണ്ടെന്ന്‌ തിരഞ്ഞെടുപ്പ് കമ്മിഷൻ കണ്ടെത്തിയ 43.80 ലക്ഷം കേസുകൾ ചുരുങ്ങിയ സമയംകൊണ്ട് പരിശോധിച്ച്‌ തീർക്കും എന്നാണ്‌ അന്നറിയിച്ചത്‌. ഇത്രയും കേസുകൾ തീർപ്പാക്കുന്നതിന്, തിരഞ്ഞെടുപ്പ് സംവിധാനം ദിവസവും കുറഞ്ഞത് 1.06 ലക്ഷം കേസുകളിലെങ്കിലും വാദം കേൾക്കേണ്ടിവരും. സംസ്ഥാനത്തുടനീളമുള്ള ചീഫ് ഇലക്ടറൽ ഓഫീസറുടെ ഓഫീസ്, ജില്ലാ കലക്ടർമാരുടെ ഓഫീസുകൾ തുടങ്ങി പലയിടങ്ങളിലായി ഈ നടപടികൾ നടത്താമെങ്കിലും, നിലവിൽ ഒക്ടോബർ 12 എന്ന അന്തിമ തീയതിക്കുള്ളിൽ പകുതി പരാതിപോലും തീർപ്പാക്കാനിടയില്ല.

സി എൻ ആർ റാവുവിന്റെ ‘എഫ്‌’
ഭാരതരത്നം ലഭിച്ച ശാസ്ത്രജ്ഞനായ സി എൻ ആർ റാവുവിന് തിരഞ്ഞെടുപ്പ്‌ കമ്മീഷനയച്ച നോട്ടീസിന്റെ മാനക്കേട്‌ ഇനിയും മാറിയിട്ടില്ല. ലോക പ്രശസ്തനായ രസതന്ത്രജ്ഞനായ അദ്ദേഹം, ഇന്ത്യൻ പ്രധാനമന്ത്രിമാരുടെ ഉപദേഷ്ടാവായും പ്രവർത്തിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള 71 സർവകലാശാലകൾ അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചിട്ടുണ്ട്. അത്രയും പ്രശസ്‌തനായ അദ്ദേഹത്തിന്റെ പേരിലെ prof. എന്നതിൽ ഒരു ‘എഫ്‌’ കൂടിയതാണ്‌ കമ്മീഷൻ പ്രശ്‌നമാക്കിയത്‌. അതായത്‌, കഴിഞ്ഞ വോട്ടർ ലിസ്‌റ്റിൽ അദ്ദേഹത്തിന്റെ പേര്‌ prof. സി എൻ ആർ റാവു എന്നായിരുന്നു. എന്നാൽ പുതുക്കിയ പട്ടികയിൽ proff. എന്നാണുള്ളത്‌. തീർത്തും ക്ലറിക്കൽ തെറ്റായ ഇതിന്മേൽപിടിച്ച്‌ നോട്ടീസയച്ചത്‌ മാധ്യമങ്ങളിൽ വാർത്ത വന്നതോടെ കമ്മിഷൻ നിഷേധിച്ചു. അതേസമയം ഇപ്പോഴും വോട്ടർ പട്ടികയിൽ പേരുമായി ബന്ധപ്പെട്ട ഈ പൊരുത്തക്കേട് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്‌. Proff. C N R Rao, 92, M, Self Name Mismatch എന്നാണുള്ളത്‌.

കുറ്റമറ്റ വോട്ടർ പട്ടിക വേണമെന്ന ആവശ്യം ഉന്നയിച്ച്‌ സെപ്‌തംബർ ഒന്നിന്‌ ബംഗളൂരുവിൽ നടൻ പ്രകാശ്‌ രാജിനൊപ്പം ഇടതുപാർട്ടികളും മറ്റും നടത്തിയ പ്രക്ഷോഭം, പിന്നീടുള്ള ദേശീയ പ്രക്ഷോഭത്തിന്‌ വഴികാട്ടിയായി. “ഇലക്ഷൻ കമ്മീഷൻ ചലോ” എന്ന ഇ‍ൗ പ്രക്ഷോഭത്തിൽ നൂറിലധികം സമരക്കാർക്കൊപ്പം പ്രകാശ്‌ രാജും അറസ്‌റ്റു വരിച്ചു.

‘ചോരവീഴാത്ത വംശഹത്യ’ എന്നാണ്‌ പ്രകാശ് രാജ് തന്റെ പ്രസംഗത്തിൽ എസ്‌ഐആറിനെ വിശേഷിപ്പിച്ചത്‌. ആസൂത്രിതമായ ഒരു തട്ടിപ്പാണിത്‌. രാജ്യത്തെ പൗരർക്കെതിരായ ചോരവീഴാത്ത അട്ടിമറി– പ്രകാശ്‌ രാജ്‌ പറഞ്ഞു. ‘താമസം മാറി’ എന്നതിന്റെ പേരിൽ ബംഗളൂരുവിലെ വോട്ടർ പട്ടികയിൽനിന്ന് അദ്ദേഹത്തിന്റെ പേരും നീക്കം ചെയ്‌തിരുന്നു. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

7 + sixteen =

Most Popular