സംഘപരിവാറിന്റെ രാഷ്‌ട്രീയ പരീക്ഷണശാലയാണ് ഉത്തർപ്രദേശ്. ബാബറി മസ്‌ജിദ് പൊളിച്ചുകളഞ്ഞ് ഇന്ത്യൻ മതനിരപേക്ഷതയുടെ അടിവേരിളക്കിയ മണ്ണ്. 2014, 2019 വർഷങ്ങളിൽ നരേന്ദ്ര മോദിയെ അധികാരത്തിലെത്തിക്കാൻ വേണ്ടുവോളം ലോക്‌സഭാ സീറ്റുകൾ യുപി നൽകി. എന്നാൽ, 2024ൽ ബിജെപിയുടെ കണക്കുകൂട്ടലുകൾക്ക് യുപി തിരിച്ചടി നൽകി. 2014ൽ 71 ഉം 2019ൽ 62 ഉം സീറ്റുണ്ടായിരുന്ന ബിജെപിക്ക് 2024ൽ ജയിപ്പിക്കാനായത് 36 പേരെ മാത്രമാണ്. 2029ലും ഇൗ തിരിച്ചടി ആവർത്തിച്ചാൽ കേന്ദ്ര ഭരണം തന്നെ നഷ്ടപ്പെടുമെന്ന് മനസ്സിലാക്കിയതിനാൽ യുപിയിലെ വോട്ടർപട്ടിക പ്രത്യേക തീവ്ര പുനഃപരിശോധനയുടെ (എസ്‌ഐആർ) ഭാഗമായി വോട്ടുകൾ വെട്ടുന്നതിനൊപ്പം കൂടുതൽ വോട്ടുകൾ കൂട്ടിച്ചേർക്കുന്നതിനും ബിജെപി സജീവമായി ഇടപെട്ടു. 2027ൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പും ഇതിനുകാരണമായി. എസ്‌ഐആർ പ്രക്രിയയുടെ ഭാഗമായി ഏറ്റവും കൂടുതൽ വോട്ടർമാർ പുറന്തള്ളപ്പെട്ടതും യുപിയിൽ നിന്നാണ്. 2.04 കോടി മനുഷ്യരെയാണ് നിർദയം വോട്ടർപട്ടികയിൽ നിന്ന് നീക്കിയത്.
സമയംനീട്ടലുകൾ ആർക്കുവേണ്ടി?
എസ്ഐആർ പ്രക്രിയയുടെ വിവരശേഖരണ നടപടിക്കായി ഡിസംബർ നാല് വരെയാണ് ആദ്യം സമയം നിശ്ചയിച്ചിരുന്നത്. ഇൗ തീയതി ആദ്യം ഏഴ് ദിവസം നീട്ടി ഡിസംബർ പതിനൊന്നിലേക്കാക്കി. അമിതഭാരത്തെ തുടർന്ന് 10 ബിഎൽഒമാരാണ് എസ്‌ഐആർ ജോലിക്കിടെ മരിച്ചത്. ഇതിൽ മൂന്നുപേർ ആത്മഹത്യ ചെയ്‌തവരാണ്. ബാക്കിയുള്ളവർ ഹൃദയാഘാതം വന്നും കുഴഞ്ഞുവീണുമാണ് മരിച്ചത്. ഈ സാഹചര്യത്തിലായിരുന്നു സമയംനീട്ടൽ. മരിച്ചവർ, താമസം മാറിയവർ, സ്ഥലത്ത് ഇല്ലാത്തവർ തുടങ്ങിയവരുടെ വിവരങ്ങൾ വീണ്ടും പരിശോധിക്കേണ്ടതിനാലാണ് തീയതി നീട്ടുന്നതെന്ന് യുപി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നവദീപ് റിൻവാ അറിയിച്ചു.
വിവര ശേഖരണത്തിനായി രണ്ടാമതും സമയം നീട്ടിയത് വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചു. വിവരശേഖരണത്തിനായി 15 ദിവസത്തെ സമയം കൂടി അനുവദിച്ചതോടെ നടപടിക്രമങ്ങൾ അവസാനിപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 26 ആയി. നടപടികൾ പൂർത്തിയാക്കാനുള്ള സാങ്കേതിക കാരണങ്ങൾക്കപ്പുറം വോട്ടർപട്ടികയിൽ രാഷ്ട്രീയ ഇടപെടലിന് അവസരമൊരുക്കുകയാണ് ഇൗ സമയംനീട്ടലിലൂടെ എന്ന ആരോപണം പ്രതിപക്ഷം ഉന്നയിച്ചു. സംസ്ഥാന മുഖ്യമന്ത്രി ആദിത്യനാഥ് ബിജെപി എംപിമാരുമായും എംഎൽഎമാരുമായും പാർട്ടി ഭാരവാഹികളുമായും യോഗങ്ങൾ നടത്തി എസ്‌ഐആറിന്റെ പുരോഗതി വിലയിരുത്തിയിരുന്നു. ഇത് പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് മൂർച്ച കൂട്ടി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിയിൽ ഭരണകക്ഷി രാഷ്ട്രീയമായി ഇടപെടുകയാണെന്ന് പ്രതിപക്ഷം പറഞ്ഞു. ഇതിൽ കൃത്യമായ മറുപടി നൽകുന്നതിൽ ഉത്തർപ്രദേശിലെ ബിജെപി പരാജയപ്പെടുകയും ചെയ്തു.
ഡിസംബർ 26ന് വിവരശേഖരണ ഘട്ടം അവസാനിച്ചെങ്കിലും കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നതിലെ സമയക്രമത്തിലും കമ്മിഷൻ മാറ്റം വരുത്തി. ഡിസംബർ മുപ്പത്തിയൊന്നിന് പ്രസിദ്ധീകരിക്കേണ്ടിയിരുന്ന കരട് പട്ടിക ജനുവരി ആറിന് പുറത്തുവിടാൻ തീരുമാനിച്ചതാണ് മൂന്നാമത്തെ സമയംനീട്ടൽ.
എസ്‌ഐആറിന്റെ അവസാനഘട്ടത്തിൽ വോട്ടർമാരുടെ വിവരങ്ങളിലെ പൊരുത്തക്കേടുകൾ കണ്ടെത്തുന്നതിനായി തിരഞ്ഞെടുപ്പ് കമ്മിഷൻ പുതിയ സോഫ്‌റ്റ്‌വെയർ സംവിധാനം ഉപയോഗിച്ചത് ഇൗ സമയംനീട്ടലിന് കാരണമായി. ഈ സംവിധാനം വഴി കണ്ടെത്തിയ പൊരുത്തക്കേടുകളുള്ളവരുടെ വിവരങ്ങൾ വീണ്ടും പരിശോധിക്കേണ്ടിവന്നതായി റിപ്പോർട്ടുകൾ പറയുന്നു.
ജനുവരി ആറിന് പ്രസിദ്ധീരിച്ച കരട് പട്ടികയിൽ വ്യാപകമായി ആളുകൾ ഒഴിവാക്കപ്പെട്ടു. വലിയ തോതിൽ പേരുകൾ ഒഴിവാക്കപ്പെട്ടതോടെ കരട് പട്ടികയ്‌ക്കു മേലുള്ള പരാതികൾ സമർപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടിനൽകണമെന്ന ആവശ്യം വിവിധ രാഷ്ട്രീയ പാർട്ടികളിൽനിന്ന് ഉയർന്നു. തുടർന്ന് ഫെബ്രുവരി ആറിന് നാലാമത്തെ സമയംനീട്ടലും അനുവദിച്ചു. അവകാശവാദങ്ങളും പരാതികളും സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് ആറുവരെയും അവ തീർപ്പാക്കാനുള്ള സമയം മാർച്ച് 27 വരെയും അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കാനുള്ള തീയതി ഏപ്രിൽ 10 വരെയും നീട്ടി.
ഇൗ സമയംനീട്ടലിന് പിന്നിലും ബിജെപിയുടെ രാഷ്ട്രീയ താൽപര്യങ്ങളുണ്ടെന്ന ആരോപണം തുടക്കംമുതൽ ശക്തമായിരുന്നു. മറ്റു സംസ്ഥാനങ്ങളിൽനിന്ന് കുടിയേറി നഗരങ്ങളിൽ താമസിക്കുന്നവരുടെ പേരുകൾ വലിയ തോതിൽ കരട് പട്ടികയിൽനിന്ന് പുറത്തായത് ബിജെപിയുടെ വോട്ടുബാങ്കിനെ ബാധിക്കുമെന്ന് പാർട്ടി നേതൃത്വം വിലയിരുത്തി. കരട് പട്ടിക പുറത്തുവന്നതിനുപിന്നാലെ ഓരോ ബൂത്തിലും കുറഞ്ഞത് 200 പേരെയെങ്കിലും വോട്ടർപട്ടികയിൽ കൂട്ടിച്ചേർക്കാൻ ബിജെപി നേതൃത്വം പ്രവർത്തകരോട് ആവശ്യപ്പെട്ടതായുള്ള വാർത്തയും പുറത്തുവന്നു. സംസ്ഥാനത്തെ സന്ന്യാസിമാരുടെ പേരുകൾ വോട്ടർപട്ടികയിൽ ചേർക്കുന്നതിൽ നേരിട്ട തടസങ്ങൾ പരിഹരിക്കാനാണ് നടപടിക്രമങ്ങൾ വൈകിപ്പിക്കുന്നതെന്നുമുള്ള ആക്ഷേപവും തിരഞ്ഞെടുപ്പ് കമ്മിഷനു നേരെ ഉയർന്നു.
13.21 ശതമാനം വോട്ടർമാർ
അപ്രത്യക്ഷരായി
75 ജില്ലകളിലായി 403 നിയമസഭാ മണ്ഡലങ്ങളാണ് യുപിയിൽ ഉള്ളത്. 15.44 കോടി വോട്ടർമാരായിരുന്നു എസ്‌ഐആറിന് മുൻപ് യുപിയിൽ ഉണ്ടായിരുന്നത്. ഇതിൽ 13.21 ശതമാനം പേരുകളും എസ്‌ഐആറിലൂടെ അപ്രത്യക്ഷമായി. അതായത് അന്തിമ വോട്ടർപ്പട്ടിക പുറത്തുവിട്ടപ്പോൾ ആകെ വോട്ടർമാരുടെ എണ്ണം 13.39 കോടിയായി കുറഞ്ഞു. ജനുവരിയിൽ പ്രസിദ്ധീകരിച്ച കരടുപട്ടിക പ്രകാരം 2.88 കോടി പേരെയാണ് വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കിയത്. ഇൗ കരട് പട്ടികയിലേക്ക് പിന്നീട് 84 ലക്ഷം പേരെ കൂട്ടിച്ചേർത്തതോടെയാണ് ആകെ വെട്ടിയ വോട്ടർമാരുടെ എണ്ണം 2.04 കോടിയായത്.
വോട്ടർമാരുടെ എണ്ണത്തിൽ ലക്‌നൗവിലാണ് ഏറ്റവും കൂടുതൽ കുറവുണ്ടായത്. 22.89 ശതമാനം പേർക്ക് ലക്‌നൗവിൽ വോട്ടവകാശം നഷ്ടമായി. അതായത് 9.14 ലക്ഷം പേർ. ഗാസിയാബാദിൽ 20.84 ശതമാനം വോട്ടർമാരാണ് പട്ടികയിൽനിന്നു പുറത്തായത്. കാൺപുർ നഗറിൽ 19.42 ശതമാനവും ഗൗതം ബുദ്ധ നഗറിൽ 19.33 ശതമാനവും മീററ്റിൽ 18.75 ശതമാനവും ഷാജഹാൻപൂരിൽ 17.90 ശതമാനവും ആഗ്രയിൽ 17.71 ശതമാനവും പ്രയാഗ്‌രാജിൽ 17.62 ശതമാനവും വോട്ടർമാരെ ഒഴിവാക്കി.
ഒരു ഗ്രാമത്തിലെ 544 മുസ്ലീം
വോട്ടർമാരെ ഒഴിവാക്കാൻ
അജ്ഞാതന്റെ അപേക്ഷ
എസ്‌ഐആറിനിടെ മുസ്ലീം വോട്ടർമാരുടെ പേരുകൾ ഒഴിവാക്കാൻ കൂട്ടത്തോടെ ഫോം 7 സമർപ്പിച്ചെന്ന ആരോപണവും യുപിയിൽ ഉയർന്നു. ഷാംലി ജില്ലയിലെ ലൗഹാരിപുർ ഗ്രാമത്തിൽ ഏകദേശം 1100 വോട്ടർമാരാണുള്ളത്. ഫെബ്രുവരി പതിനാലിന് നിലവിലുള്ള വോട്ടർമാരുടെ പേരുകൾ ഒഴിവാക്കുന്നതിനുള്ള ഒരു കൂട്ടം ഫോമുകൾ ബൂത്ത് ലെവൽ ഓഫീസറുടെ കൈവശം കണ്ടെത്തി. ഗ്രാമത്തിലെ 544 മുസ്ലീം വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന അപേക്ഷയായിരുന്നു അത്. ‘വേദ് പാൽ’ എന്ന പേരുകാരനാണ് ഇത്രയും ആളുകളെ വോട്ടർപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യമുയർത്തി അപേക്ഷ സമർപ്പിച്ചത്. സംഭവം ചർച്ചയായതോടെ ഷാംലി ജില്ലാ മജിസ്‌ട്രേറ്റ് അരവിന്ദ് കുമാർ ചൗഹാൻ അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണത്തിൽ ഫോമുകൾ വ്യാജമാണെന്നും സംഭവത്തിൽ അടിസ്ഥാനമില്ലെന്നും തെളിഞ്ഞു. ഫോമുകളിലെ ഏക അപേക്ഷകനായ വേദ് പാലിനെ കണ്ടെത്താനും കഴിഞ്ഞില്ല. ഫോമുകൾ എവിടെനിന്നാണ് വന്നതെന്ന് ബൂത്ത് ലെവൽ ഓഫീസർക്ക് വ്യക്തമാക്കാൻ കഴിഞ്ഞതുമില്ല. എസ്‌ഐആർ നടപടികളെ സംബന്ധിച്ച് ഇത് ഗുരുതരമായ നിരവധി ചോദ്യങ്ങളുയർത്തുന്നു.
വിവാദം ഒഴിയുന്നില്ല
അന്തിമപട്ടിക പുറത്തുവന്ന് മാസങ്ങൾ കഴിഞ്ഞിട്ടും യുപിയിലെ എസ്‌ഐആർ നടപടിക്രമങ്ങളെ സംബന്ധിച്ചുള്ള വിവാദങ്ങൾ അവസാനിച്ചിട്ടില്ല. ഒക്‌ടോബർ ആറിന് റിപ്പോർട്ടേഴ്‌സ് കളക്‌ടീവ് പുറത്തുവിട്ട വാർത്ത സംസ്ഥാന രാഷ്‌ട്രീയത്തിൽ വലിയ കോളിളക്കങ്ങൾ സൃഷ്ടിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷൻ വെബ്‌സൈറ്റിൽ ലഭ്യമാക്കിയ കണക്കുകൾ പ്രകാരം കരട് പട്ടികയ്‌ക്കുശേഷം വോട്ടർപട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിനായി 71.38 ലക്ഷം ഫോറം 6 അപേക്ഷകളാണ് ലഭിച്ചത്. എന്നാൽ, അന്തിമ വോട്ടർപട്ടികയിൽ 84.3 ലക്ഷം പേരെ പുതുതായി ഉൾപ്പെടുത്തിയതായി റിപ്പോർട്ടേഴ്‌സ് കളക്ടീവ് നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നു. അതായത്, 12.92 ലക്ഷം പേർ അധികമായി അന്തിമ പട്ടികയിൽ ഉൾപ്പെട്ടു.
വോട്ടർപട്ടികയിൽ പുതുതായി ഉൾപ്പെടുത്തിയതായി കമ്മിഷൻ അവകാശപ്പെടുന്ന 16.18 ലക്ഷം വോട്ടർമാരുടെ വിവരങ്ങളെ സംബന്ധിച്ചും റിപ്പോർട്ടേഴ്‌സ് കളക്‌ടീവ് ചോദ്യമുയർത്തി. നിയമപ്രകാരം പുതുതായി പട്ടികയിൽ ചേർക്കപ്പെടുന്ന വോട്ടർമാരുടെ വിവരങ്ങൾ കമ്മിഷൻ പ്രസിദ്ധീകരിക്കേണ്ടതാണ്. എന്നാൽ, ഈ 16.18 ലക്ഷം അപേക്ഷകളുടെ വിശദാംശങ്ങൾ കമ്മിഷന്റെ വെബ്സൈറ്റിൽ ലഭ്യമല്ലെന്നും റിപ്പോർട്ടേഴ്‌സ് കളക്‌ടീവ് ചൂണ്ടിക്കാട്ടുന്നു.
2027ലെ നിയമസഭാ തിരഞ്ഞെടുപ്പും 2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പും മുന്നിൽക്കണ്ട് വോട്ടർപട്ടിക പുനഃക്രമീകരിക്കാനുള്ള ബിജെപിയുടെ നിർണായക നീക്കമായാണ് യുപിയിലെ എസ്‌ഐആർ വിലയിരുത്തപ്പെട്ടത്. സമയക്രമത്തിൽ തുടർച്ചയായി കൊണ്ടുവന്ന മാറ്റം, വോട്ടർമാരെ വീണ്ടും പട്ടികയിൽ ചേർക്കാൻ ബിജെപി നടത്തിയ ഇടപെടലുകൾ എന്നിവയെല്ലാം സംസ്ഥാനത്തെ എസ്‌ഐആർ പ്രക്രിയക്ക് സംഘപരിവാർ എത്രമാത്രം പ്രധാന്യം നൽകി എന്നതിന്റെ സൂചനയാണ്. l



