സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്ന കക്ഷിയെ വലിച്ചിറക്കി അവിടെ ബിജെപിയെ പിടിച്ചിരുത്താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നടത്തിയ ‘നിയമപരമായ’ ഭരണഘടനാ ലംഘനമെന്ന് ഒറ്റ വാചകത്തിൽ പശ്ചിമ ബംഗാളിലെ എസ്‌ഐആർ നടപടിയെ ചുരുക്കിപ്പറയാം. അർഹരായ വോട്ടർമാരെ തെരഞ്ഞുപിടിച്ച് പുറത്താക്കിയും വ്യാപകമായി ബിജെപി അനുകൂല വോട്ട് ചേർത്തുനൽകിയും കമ്മിഷൻ ബംഗാളിൽ ജനാധിപത്യത്തെ കശാപ്പു ചെയ്തു. ന്യൂനപക്ഷങ്ങളാണ് കമ്മിഷന്റെ വാളിന് പ്രധാനമായും ഇരകളാക്കപ്പെട്ടത്. രേഖകൾ ഇല്ലെന്ന പേരിൽ അതിർത്തി സംസ്ഥാനങ്ങളിലെ മുസ്ലീം സമുദായാംഗങ്ങളെ കൂട്ടത്തോടെ പുറത്താക്കി. ഫോം 6 ൽ രഹസ്യമായി നടത്തിയ ഭേദഗതിയിലൂടെ അധിക രേഖകൾ അടിച്ചേൽപ്പിച്ച് കന്നിവോട്ടർമാരെ അകറ്റിനിർത്തി. ഇതിനൊപ്പം ബിജെപിയുടെ ആവശ്യപ്രകാരം കരട് പട്ടികയിൽ ഉൾപ്പെട്ടവരെപ്പോലും യാതൊരു മാനദണ്ഡവുമില്ലാതെ അന്തിമ പട്ടികയിൽനിന്ന് തുരത്തി. ഒരാളുടെ പേര് വോട്ടർ പട്ടികയിൽനിന്ന് നീക്കം ചെയ്യാൻ ഉപയോഗിക്കുന്ന ഫോം 7ന്റെ ഏറ്റവും നിഷ്‌ഠുരമായ പ്രയോഗത്തിന് ബംഗാളിൽ കമ്മിഷൻ കുടപിടിച്ചു നൽകി. തിരഞ്ഞെടുപ്പിൽ 15 വർഷം നീണ്ട തൃണമൂൽ ഭരണത്തിന് അന്ത്യംകുറിച്ച കമ്മിഷൻ ബിജെപിക്ക് അധികാരം നൽകി. സിപിഐ എം സ്ഥാനാർഥികൾക്ക് ചെയ്‌ത വോട്ടുകൾപോലും ബൂത്തുകളിൽ അപ്രത്യക്ഷമായി. കമ്മിഷനെ പ്രതിരോധിക്കാൻ ബിജെപി മുഖ്യമന്ത്രി സുവേന്ദു അധികാരി നിരന്തരം ശ്രമിക്കുന്നത് കമ്മിഷൻ –ബിജെപി അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന ആരോപണത്തെ ബലപ്പെടുത്തുന്നു. ഭബാനിപൂരിൽ മുഖ്യമന്ത്രി മമത ബാനർജിയെയാണ് സുവേന്ദു 15,114 വോട്ടുകൾക്ക് തോൽപ്പിച്ചത്. മണ്ഡലത്തിൽ 44,000 വോട്ടുകളാണ് കമ്മിഷൻ വെട്ടിയത്.
ജനാധിപത്യത്തിന്റെ അടിവേരറുക്കുകയും അതോടൊപ്പം വോട്ടവകാശമില്ലാത്ത രണ്ടാംതരം പൗരരെ സൃഷ്‌ടിക്കുകയുമാണ് അധികാര ദുർവിനിയോഗത്തിലൂടെ ബംഗാളിൽ കമ്മിഷൻ ചെയ്‌തിരിക്കുന്നത്. കമ്മിഷൻ പുറത്താക്കിയവർ നൽകിയ അപ്പീലിൽ ഒരുലക്ഷം അപ്പീലുകൾ തീർപ്പാക്കിയപ്പോൾ അതിൽ 93 ശതമാനം പേർക്കും വോട്ടവകാശം തിരികെ ലഭിച്ചു. അതിനർഥം അവർ നീക്കപ്പെട്ടത് അനധികൃതമായിട്ടാണെന്ന് തെളിഞ്ഞിരിക്കുന്നു എന്നാണ്. കമ്മിഷന്റെ ഇൗ ദുർനടപടികൾക്ക് മൂക്കുകയറിടാൻ ബാധ്യതപ്പെട്ട സുപ്രീംകോടതിയാകട്ടെ, ഭരണഘടനയെ ചവിട്ടിമെതിക്കുന്നത് നോക്കിനിൽക്കുകയും ചുമതലകൾ നിർവഹിക്കുന്നതിൽ പരാജയപ്പെടുകയും ചെയ്‌തുവെന്നത് ഏറ്റവും ദൗർഭാഗ്യകരമാണ്. പ്രായപൂർത്തിയായ കന്നി വോട്ടർമാരെ പട്ടികയിൽ ഉൾപ്പെടുത്താതിരിക്കാൻ കമ്മിഷൻ ഉപയോഗിച്ച ഫോം 6 നെ തങ്ങൾ അംഗീകരിച്ചിട്ടില്ലെന്ന സുപ്രീംകോടതിയുടെ പ്രഖ്യാപനം ഇപ്പോൾ പ്രതീക്ഷ നൽകുന്നുണ്ട്.
കമ്മിഷന്റെ കൊലക്കത്തി
അനർഹരെ ഒഴിവാക്കി വോട്ടർപ്പട്ടിക ശുദ്ധീകരിക്കാനെന്ന പേരിൽ ബിഹാറിൽ ആരംഭിച്ച എസ്‌ഐആർ പരീക്ഷണം പതിന്മടങ്ങ് തീവ്രതയോടെ ബംഗാളിൽ നടപ്പാക്കുകയായിരുന്നു. ജനാധിപത്യത്തിന്റെ ഹൃദയത്തിലേയ്‌ക്ക് കമ്മിഷൻ കുത്തിയിറക്കിയ കൊലക്കത്തിയായി അത് മാറി. 2025 നവംബറിൽ ആരംഭിച്ച നടപടിയുടെ അന്തിമ പട്ടിക പുറത്തുവന്നപ്പോൾ 7.66 കോടി വോട്ടർമാരുണ്ടായിരുന്ന ബംഗാളിൽ 8–12 ശതമാനം വരെ വോട്ടർമാർ പുറത്തായി. 90 ലക്ഷം പേരുടെ വോട്ടവകാശമെന്ന ഭരണഘടനാപരമായ അവകാശമാണ് കമ്മിഷൻ ഏകപക്ഷീയമായി ഇല്ലാതാക്കിയത്. പതിറ്റാണ്ടുകൾക്കുമുന്പ് നടത്തിയ തീവ്രപരിഷ്‌കരണത്തിൽ മാതാപിതാക്കൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അത് സാക്ഷ്യപ്പെടുത്തുന്ന രേഖകളും കമ്മിഷൻ ആവശ്യപ്പെട്ടു. രേഖകൾ തെളിയിക്കുന്നതിന്റെ ബാധ്യത ജനങ്ങളുടെമേൽ അടിച്ചേൽപ്പിച്ചുകൊണ്ട് നിയമപരമെന്ന് പുറമേതോന്നിക്കുന്ന വിധമായിരുന്നു എസ്‌ഐആർ നടപടി. ഇതിനെതിരെ അപ്പീൽ നൽകിയതാകട്ടെ, 37 ലക്ഷം പേർ മാത്രവും. ബാക്കിയുള്ളവർക്ക് അതിനുള്ള ശേഷിയില്ല എന്നതാണ് വാസ്‌തവം. ദരിദ്രരുടെയും ന്യൂനപക്ഷങ്ങളുടെയും നിരക്ഷരതപോലും കമ്മിഷൻ മുതലെടുത്തു. എല്ലാവരുടെയും പക്കലുള്ള ആധാർ, രേഖയായി അംഗീകരിക്കാൻ കമ്മിഷൻ വിമുഖത കാട്ടി.
മാതാപിതാക്കളും മക്കളും തമ്മിലുള്ള കുറഞ്ഞ പ്രായവ്യത്യാസം, പേരുകളിലെ സാമ്യത, രേഖകളിലെ പൊരുത്തക്കേട് തുടങ്ങിയവ ഉന്നയിച്ചാണ് വ്യാപക വെട്ടിനിരത്തൽ നടത്തിയത്. ‘യുക്തിപരമായ പൊരുത്തക്കേട് ’ എന്ന പ്രത്യേക വിഭാഗമുണ്ടാക്കിയാണ് ഇവരെ പുറത്താക്കിയത്. ഇത് ബിഹാറിൽ ഉണ്ടായിരുന്നില്ല. 2002ലെ പട്ടികയിലുള്ള വോട്ടർമാർ രേഖകൾ നൽകേണ്ടതില്ലെന്നാണ് ബിഹാറിൽ കമ്മിഷൻ പറഞ്ഞത്. എന്നാൽ, ബംഗാളിൽ 2002ലെ പട്ടികയിൽ ഉൾപ്പെട്ടവരും ഒഴിവാക്കപ്പെട്ടു. ഇതിൽ കൊൽക്കത്ത ഹൈക്കോടതി മുൻ ജഡ്ജി സാഹിദുള്ള മുൻഷിയും കുടുംബവുംപോലും ഉൾപ്പെട്ടു. ഇതിനെതിരെ സുപ്രീംകോടതിപോലും രംഗത്തെത്തി. തങ്ങൾക്ക് എഴുതി നൽകിയ ഉറപ്പ് ഒന്നെടുത്ത് വായിക്കാൻ കമ്മിഷനോട് കോടതിക്ക് പറയേണ്ടിവന്നു. ഒടുവിൽ പുറത്താക്കപ്പെട്ടവരുടെ അപ്പീലുകൾ കേൾക്കാൻ കമ്മിഷനെ മറികടന്ന് 19 പ്രത്യേക ട്രൈബ്യൂണലുകൾ കോടതി സ്ഥാപിച്ചു. വിരമിച്ച ജഡ്‌ജിമാർക്ക് കമ്മിഷന്റെ അധികാരം കോടതി നൽകിയത് കമ്മിഷനിലുള്ള കോടതിയുടെ അവിശ്വാസം പ്രകടമാക്കി.
കമ്മിഷന്റെ നിയമവിരുദ്ധത അവിടെയും അവസാനിച്ചില്ല. വോട്ടർമാർക്ക് വാട്‌സ്‌ആപ്പിലൂടെ പോലും നിയമവിരുദ്ധമായി നോട്ടീസ് നൽകി. പരാതി പറയാൻ അഞ്ഞൂറു കിലോമീറ്ററിലേറെ സഞ്ചരിക്കാൻ അവരെ നിർബന്ധിതരാക്കി. പാതിവഴിയിൽ പലരും ശ്രമം അവസാനിപ്പിച്ച് പിന്മാറി. വോട്ടർമാർക്ക് സുതാര്യമായി പരാതി അറിയിക്കാൻ സൗകര്യമൊരുക്കാൻ നിർദേശം നൽകിയത് കോടതിയാണ്. ഒന്നരക്കോടി മനുഷ്യരുടെ പ്രയാസങ്ങൾ കമ്മിഷൻ കാണണമെന്നും ബിഹാറിലുണ്ടാക്കിയ പ്രശ്‌നങ്ങൾ ബംഗാളിൽ ഉണ്ടാക്കരുതെന്നും ആ ഘട്ടത്തിൽ മുന്നറിയിപ്പും നൽകി. നോട്ടീസ് ലഭിച്ച എല്ലാവർക്കും സുതാര്യമായി പരാതി അറിയിക്കാനും രേഖകൾ സമർപ്പിക്കാനും അതാത് പഞ്ചായത്ത് –ബ്ലോക്ക് സ്ഥാപനങ്ങളിൽ സൗകര്യമൊരുക്കണമെന്നായിരുന്നു ഉത്തരവ്. രേഖകൾ സമർപ്പിച്ചവർക്ക് തെളിവായി രസീത് നൽകാൻ കമ്മിഷൻ ഇതോടെ നിർബന്ധിതമായി. ഇതിനിടെ ഉദ്യോഗസ്ഥരുടെമേൽ അമിത ജോലിഭാരം കമ്മിഷൻ അടിച്ചേൽപ്പിച്ചത് ബിഎൽഒമാരുടെ വ്യാപക ആത്മഹത്യകൾക്കും കാരണമായി. ജോലിഭാരം താങ്ങാനാകാതെ ജീവനൊടുക്കുന്നുവെന്നാണ് ആത്മഹത്യാക്കുറിപ്പുകൾ. ഇത് കമ്മിഷനെതിരെ ജനവികാരം ശക്തമാക്കി. തുടർന്ന് ഒഡീഷയിൽനിന്നും ഝാർഖണ്ഡിൽ നിന്നും ഉദ്യോഗസ്ഥരെ എത്തിക്കാൻ കോടതിയാണ് മുൻകൈയെ ടുത്തത്. തിരഞ്ഞെടുപ്പിൽ ബിജെപി വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി. കുറഞ്ഞ ഭൂരിപക്ഷത്തിൽ ബിജെപി ജയിച്ച മണ്ഡലങ്ങളിൽ ഭൂരിപക്ഷത്തേക്കാൾ പതിന്മടങ്ങ് ആളുകൾ വോട്ടർപ്പട്ടികയ്‌ക്ക് പുറത്തുപോയി. 5,432 പേർ പുറത്തായ ജങ്‌ഗിപാര മണ്ഡലത്തിൽ തൃണമൂൽ സ്ഥാനാർഥിയേക്കാൾ 862 വോട്ടുകൾക്കാണ് ബിജെപി ജയിച്ചത്. ഇങ്ങനെ കുറഞ്ഞത് 34 മണ്ഡലങ്ങൾ ബംഗാളിൽ കണ്ടെത്തിയിട്ടുണ്ട്.
മുസ്ലീങ്ങൾ രണ്ടാം തരം പൗരർ
വോട്ടവകാശം എടുത്തുകളയുന്നത് ജനാധിപത്യത്തിന്റെ ശരീരത്തിൽനിന്ന് ആത്മാവിനെ വേർപെടുത്തുന്നതിന് സമാനമാണ്. വോട്ടർപട്ടികയിൽനിന്ന് പുറന്തള്ളപ്പെടുന്നവർ രണ്ടാം തരം പൗരരാക്കപ്പെടുമെന്നും അത് ഭരണഘടനാവിരുദ്ധമാണെന്നും എസ്‌ഐആർ നടപടികളെ അതിരൂക്ഷമായി വിമർശിച്ചുകൊണ്ട് സുപ്രീംകോടതി സിറ്റിങ് ജഡ്‌ജി ഉജ്ജൽ ഭുയാൻ അടുത്തിടെ ആഞ്ഞടിച്ചിരുന്നു. വിമർശനത്തിന്റെ ആധാരം ബംഗാളിലെ എസ്‌ഐആർ നടപടികളായിരുന്നു. ബംഗാളിൽ മുസ്ലീം ജനസംഖ്യ 27 ശതമാനമാണ്. മുസ്ലീങ്ങൾ ഭൂരിപക്ഷമായ ജില്ലകളിൽ നിന്ന് അവരുടെ വോട്ടുകൾ വ്യാപകമായി കമ്മിഷൻ വെട്ടി. 69 ശതമാനം മുസ്ലീങ്ങളുള്ള മുർഷിദാബാദ് ജില്ലയിലെ 4,55,000 പേരും പുറത്തായി. നോർത്ത് 24 പർഗാനാസിൽ 3,25,600 വോട്ടർമാരും മാൾഡയിൽ 24,900 പേരും സൗത്ത് 24 പർഗാനാസിൽ 2,23,000 പേരും ഉത്തർ ദിനാജ്‌പൂരിൽ 1,76,000 പേരും വോട്ടവകാശമില്ലാത്തവരായി.
അതേസമയം വോട്ടർമാരെ നീക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പരാതികളും ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടാണ്. മാൾഡയിലെ മണ്ഡലത്തിൽ 51.96 ശതമാനവും മുസ്ലീങ്ങളാണ്. അതിർത്തിപ്രദേശം അല്ലാതിരുന്നിട്ടുകൂടി 38,564 അപ്പീലുകളാണ് വോട്ടർമാരെ നീക്കണമെന്നാവശ്യപ്പെട്ട് ‘ചിലർ’ സമർപ്പിച്ചത്. 75.44 ശതമാനവും മുസ്ലീങ്ങളുള്ള സുജാപൂരിൽ 61,285 പരാതികളാണ് സമർപ്പിക്കപ്പെട്ടത്. മുർഷിദാബാദിൽ 3,26,266 പരാതികളും സമർപ്പിക്കപ്പെട്ടു. 34 മണ്ഡലങ്ങൾ ഉൾപ്പെടുന്ന മുർഷിദാബാദ് –മാൾഡ ജില്ലകളിൽ മാത്രം മുസ്ലീങ്ങളെ ലക്ഷ്യമിട്ട് ആകെ സമർപ്പിച്ച പരാതികളുടെ എണ്ണം 6,36,873 ആണ്. അതായത്, സംസ്ഥാനത്ത് സമർപ്പിക്കപ്പെട്ട ആകെ പരാതികളിൽ അഞ്ചിൽ രണ്ടും ഇൗ ജില്ലകളെ ലക്ഷ്യമിട്ടായിരുന്നുവെന്ന് വ്യക്തം. ട്രൈബ്യൂണലുകളിലെ 80 ശതമാനം അപ്പീലുകളും വോട്ടർപ്പട്ടികയിൽ ഉൾപ്പെട്ടവരെ നീക്കണമെന്ന പരാതികളാണെന്നറിഞ്ഞ സുപ്രീംകോടതി ഞെട്ടൽ രേഖപ്പെടുത്തി. അവിടെയും തീർന്നില്ല, വോട്ടർമാരെ പുറത്താക്കണമെന്ന് കമ്മിഷനും അപ്പീൽ നൽകിയെന്നതാണ് നടുക്കുന്ന കാര്യം. ചുരുക്കിപ്പറഞ്ഞാൽ, നഗ്നമായ ഭരണഘടനാലംഘനവും ജനാധിപത്യ കശാപ്പുമാണ് ബംഗാളിൽ നടക്കുന്നത്. l



