ഇറ്റലി ഒരു സുപ്രഭാതത്തിൽ ഉണർന്ന് മുസ്സോളിനിയുടെ ഇറ്റലിയായി മാറിയതല്ല. അവിടെ പാർലമെന്റ് ഉണ്ടായിരുന്നു, രാഷ്ട്രീയ പാർട്ടികൾ ഉണ്ടായിരുന്നു, സ്വതന്ത്ര പത്രങ്ങൾ നിലനിന്നു പോന്നിരുന്നു. തിരഞ്ഞെടുപ്പുകൾ നടത്തിയിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വോട്ടവകാശം വിപുലീകരിക്കപ്പെടുകയും ഇറ്റലി കൂടുതൽ ജനാധിപത്യവത്കരിക്കപ്പെടുകയുമാണെന്ന് ലോകം കരുതുകയും ചെയ്തു.
പിന്നെ എന്ത് സംഭവിച്ചു?
മാറ്റം പതുക്കെയായിരുന്നു.
തിരഞ്ഞെടുപ്പ് നിയമങ്ങൾ മാറ്റി. – 1923-ലെ Acerbo Law ഓർക്കുക: രാഷ്ട്രീയ അക്രമം സാധാരണവൽക്കരിക്കപ്പെട്ടു. പ്രതിപക്ഷത്തെ ദുർബലപ്പെടുത്തി. തിരഞ്ഞെടുപ്പ് ക്രമക്കേടുകൾ രേഖപ്പെടുത്തപ്പെട്ടു. രാഷ്ട്രീയ അധികാരത്തിനു മുകളിൽ നിലകൊള്ളേണ്ട സ്ഥാപനങ്ങൾ തന്നെ ക്രമേണ രാഷ്ട്രീയ അധികാരം ഏകീകരിക്കുന്നതിനുള്ള ഉപകരണങ്ങളായി മാറി. തിരഞ്ഞെടുപ്പ് ദിവസം രാവിലെ നടന്ന ഒറ്റപ്പെട്ട സംഭവമായിരുന്നില്ല, ജനാധിപത്യത്തെ സംരക്ഷിച്ചിരുന്ന സുരക്ഷാ സംവിധാനങ്ങളുടെ ക്രമേണയുള്ള തകർച്ചയായിരുന്നു അത്. 1925 ജനുവരി 3-ന് മുസ്സോളിനി ഫാസിസ്റ്റ് അക്രമത്തിന്റെ ഉത്തരവാദിത്തം പാർലമെന്റിൽ പരസ്യമായി ഏറ്റെടുത്തു. പ്രതിപക്ഷ സംഘടനകളെ നിരോധിച്ചു, പ്രാദേശിക തിരഞ്ഞെടുപ്പുകൾ റദ്ദാക്കി, ഉദ്യോഗസ്ഥഭരണം കൊണ്ടുവന്നു, 1926-ൽ എല്ലാ രാഷ്ട്രീയ പാർട്ടികളെയും നിരോധിച്ചു.
പാഠം വ്യക്തമാണ്: ‘‘ജനാധിപത്യം ഔപചാരികമായി ഇല്ലാതാകുന്നതിന് വളരെ മുമ്പുതന്നെ അതിന്റെ അടിത്തറകൾ ദുർബലമാകും.’’
അതുകൊണ്ടാണ് ഇറ്റലി ഇന്നത്തെ ഇന്ത്യയ്ക്ക് അസ്വസ്ഥതയുണ്ടാക്കുന്ന കഥയാകുന്നത്. ഇന്ത്യ ഇറ്റലിയാണ് എന്നല്ല, മോദി മുസോളിനിയാണ് എന്നുമല്ല. താരതമ്യം പ്രസക്തമാകുന്നത് ഒരു സത്യം ഓർമ്മിപ്പിക്കാനാണ്. ജനാധിപത്യത്തിൽ ആദ്യം സംരക്ഷിക്കപ്പെടേണ്ട സ്ഥാപനം, ആർക്കാണ് ആ ജനാധിപത്യത്തിൽ പങ്കെടുക്കാൻ കഴിയുക എന്ന് നിർണയിക്കുന്ന സ്ഥാപനമാണ്.
ഭരണഘടനാ നിർമ്മാതാക്കൾക്ക് മുൻകൂട്ടി കാണാനായിരുന്ന അപകടം കൂടിയാണിത്.
ഇന്ത്യൻ ഭരണഘടനയുടെ ഏറ്റവും മനോഹരമായ തത്വങ്ങളിലൊന്നാണ് ഒരു പൗരന് വോട്ടവകാശമുണ്ടെങ്കിൽ, ആ പൗരന് വോട്ട് ചെയ്യാൻ കഴിയുമെന്നത്. ആ അവകാശം ഉറപ്പാക്കാൻ ഭരണകൂടം സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തണം. റോഡില്ലാത്ത ഗിരിവർഗ മേഖലയിലെ ഒരൊറ്റ വോട്ടർക്കായി പോലും നമ്മൾ ബൂത്ത് സ്ഥാപിക്കുന്നതെന്തുകൊണ്ടാണ്? ഒരു പൗരന്റെ പേര് വോട്ടർ പട്ടികയിൽ ഇല്ലെങ്കിൽ ബാലറ്റ് ബോക്സിന് അർത്ഥമില്ല എന്നുള്ളതുകൊണ്ടാണ്.
ഭരണഘടനയുടെ അനുച്ഛേദം 324 പ്രകാരം തിരഞ്ഞെടുപ്പിന്റെ മേൽനോട്ടം, നിർദ്ദേശം, നിയന്ത്രണം എന്നിവ സ്വതന്ത്രമായ തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിക്ഷിപ്തമാക്കി. ഭരണഘടനാ അസംബ്ലിയിൽ ഇലക്ഷൻ കമ്മീഷന്റെ പദവി, അധികാരം, പ്രാധാന്യം എന്നിവ സംബന്ധിച്ച് ജീവനുള്ള ചർച്ചകൾ നടന്നിരുന്നു. ജനാധിപത്യ വ്യവസ്ഥയിൽ തിരഞ്ഞടുപ്പ് വെറും ഭരണപരമായ ഏർപ്പാടല്ല, ജനാധിപത്യത്തിന്റെ ആത്മാവാണെന്നാണ് ആർ കെ സിദ്ധ്വയുടെ വാദം. തിരഞ്ഞെടുപ്പുകൾ ‘fair, pure, honest and impartial’ (നീതിയുക്തവും കളങ്കരഹിതവും സത്യസന്ധവും നിക്ഷ്പക്ഷവും) ആയിരിക്കണമെന്നും അതിന്റെ യന്ത്രസംവിധാനം എക്സിക്യൂട്ടീവിൽ നിന്ന് സ്വതന്ത്രമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പണ്ഡിറ്റ് ഹൃദയനാഥ് കുൻസ്രുവിന്റെ മുന്നറിയിപ്പ് ഇങ്ങനെയായിരുന്നു: ‘‘തിരഞ്ഞെടുപ്പ് സംവിധാനം തകരാറിലാകുകയോ വിശ്വാസ്യതയില്ലാത്തവരുടെ കൈകളിൽ എത്തുകയോ ചെയ്താൽ democracy will be poisoned at the source’’ (ജനാധിപത്യം അതിന്റെ ഉറവിടത്തിൽത്തന്നെ വിഷലിപ്തമാക്കപ്പെടും). തിരഞ്ഞടുപ്പ് പ്രക്രിയയുടെ ഉറവിടമായ വോട്ടർ പട്ടികയിൽ തന്നെ വിഷംകലർന്നുവെന്ന ഇലക്ഷൻ കമ്മിഷൻ അംഗങ്ങളുടെ തന്നെ വാദം സജീവമായ കാലത്ത് അന്നത്തെ ചർച്ചകളുടെ ഗൗരവവും ഭരണഘടനാ നിർമ്മാതാക്കളുടെ ക്രാന്തദർശിത്വവും പ്രസക്തമാകുന്നു.
ഡോ. അംബേദ്കർ പോലും ചൂണ്ടിക്കാട്ടി, ഒരു ഉദ്യോഗസ്ഥന് സുരക്ഷിതമായ ഔദ്യോഗിക കാലാവധി കൊടുത്തതുകൊണ്ട് മാത്രം കാര്യമില്ല, അനുയോജ്യമല്ലാത്ത ഒരാളെത്തന്നെ ആദ്യം നിയമിച്ചാൽ ആ സുരക്ഷയ്ക്ക് അർത്ഥമില്ല എന്ന്.
സെക്ഷൻ 18ന്റെ
പ്രാധാന്യം
2023ലെ നിയമത്തിലെ സെക്ഷൻ 18 വളരെ പ്രധാനമാണ്. അതിൽ പറയുന്നു: കമ്മിഷന്റെ തീരുമാനങ്ങൾ സാധ്യമായിടത്തോളം ഏകകണ്ഠമായും, അഭിപ്രായവ്യത്യാസമുണ്ടെങ്കിൽ ഭൂരിപക്ഷത്തോടെയും എടുക്കണം. അതായത് കമ്മിഷൻ ഒരു വ്യക്തിയല്ല, ഒരു കൂട്ടായ്മയാണ് (collegium). ഇവിടെയാണ് ഇപ്പോഴത്തെ വിവാദം ഗുരുതരമാകുന്നത്. ഭൂരിപക്ഷാഭിപ്രായത്തിന് യാതൊരുവിധ പരിഗണനയും മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ നൽകിയിട്ടില്ല.
ഫോം 6-ലെ നിയമവിരുദ്ധ മാറ്റം
പുതിയ വോട്ടർക്കുള്ള ഫോം 6-ൽ “നീയോ നിന്റെ മാതാപിതാക്കളോ മുത്തച്ഛനോ മുൻ SIR-ൽ ഉണ്ടായിരുന്നോ?’ എന്ന ചോദ്യം കൂട്ടിച്ചേർത്തു. ജനപ്രാതിനിധ്യ നിയമം (Representation of the People Act, 1950) പ്രകാരമുള്ള ഫോം നിയമം മാറ്റാതെ ഇങ്ങനെ മാറ്റാൻ പാടില്ല എന്ന് ജോഷി മേയിൽ എതിർത്തു, സന്ധു ആഗസ്തിൽ ഇതിനെ ‘അനധികൃതവും നിയമവിരുദ്ധവും (unauthorised and illegal), എന്നു വിളിച്ചു.
ECINet വഴിയുള്ള അധികാര
കേന്ദ്രീകരണം
വോട്ടർ പട്ടികയിൽ പേര് ചേർക്കാനും നീക്കാനുമുള്ള നിയമപരമായ അധികാരം Electoral Registration Officer (ERO)ക്കാണ് (RP Act, 1950, Section 22, 23). എന്നാൽ പുതിയ കേന്ദ്രീകൃത സോഫ്റ്റ്‌വെയർ ECINet വഴി ആ അധികാരം ഡൽഹിയിലെ ഐടി സെല്ലിലേക്ക് മാറ്റിയെന്നാണ് ആരോപണം. ഗോവയിൽ ERO അർഹരെന്ന് കണ്ട 97 പേരെപോലും സിസ്റ്റം തടഞ്ഞു എന്ന ഉദാഹരണം റിപ്പോർട്ടിലുണ്ട്. പശ്ചിമ ബംഗാളിൽ ആരാണ് mass objections നൽകിയത് എന്നു പോലും വ്യക്തമല്ല.
ഇത് ടെക്നോളജിയുടെ പ്രശ്നമല്ല. നിയമം അധികാരം നൽകുന്ന ഒരാൾക്കും, ആ അധികാരം നടപ്പാക്കാൻ സോഫ്റ്റ്‌വെയർ അനുവദിക്കാത്ത അവസ്ഥയാണ്. ഇത് ഭരണഘടനാപരമായ അപകടമാണ്.
13.37 കോടി പേരുടെ വോട്ടില്ലാതായത്
എങ്ങനെ?
തീവ്ര വോട്ടർപട്ടിക പരിഷ്കരണം (Special Intensive Revision) 2025 ജൂണിൽ ബിഹാറിൽ തുടങ്ങി രാജ്യമാകെ വ്യാപിപ്പിച്ചു. കമ്മിഷൻ പറയുന്നത് കൃത്യമായ പട്ടിക ഉണ്ടാക്കാനാണ് എന്നാണ്. ലക്ഷ്യം നല്ലതാണ്.
പക്ഷേ കണക്ക് ഞെട്ടിക്കുന്നതാണ്: 30 സംസ്ഥാനങ്ങളിലായി 13.37 കോടി വോട്ടർമാരുടെ പേരുകൾ കരട് പട്ടികയിൽ നിന്ന് നീക്കി. അതായത് മൊത്തം വോട്ടർമാരുടെ 14.1%. ഇവ കരട് റദ്ദാക്കൽ ആണ്, അന്തിമമായ റദ്ദാക്കൽ അല്ല എന്നതാണ് ഗ്യാനേഷ് കുമാറിന്റെ വാദം. എന്നാൽ, ചോദ്യം ഇതാണ്:
ഓരോ ഒഴിവാക്കലിനും കാരണം രേഖപ്പെടുത്തിയിട്ടുണ്ടോ? ഓരോ തടസവാദവും പരിശോധിക്കപ്പെട്ടുവോ?-തെറ്റായി ഒഴിവാക്കപ്പെട്ടവർക്ക് അപ്പീൽ നൽകാൻ കഴിയുമോ? സാങ്കേതിക സംവിധാനം നിരീക്ഷിക്കാൻ സംവിധാനമുണ്ടോ?
കാരണം ജനാധിപത്യം സംരക്ഷിക്കപ്പെടുന്നത് വോട്ടെണ്ണുന്നതിലൂടെ മാത്രമല്ല, ഓരോ നിയമാനുസൃത വോട്ടും എണ്ണപ്പെടാൻ കഴിയുന്ന സാഹചര്യം സംരക്ഷിക്കുന്നതിലൂടെയാണ്. ഇന്ത്യ മുസ്സോളിനിയുടെ ഇറ്റലിയല്ല. നമ്മുടെ ഇന്ത്യൻ ഭരണഘടന ശക്തമാണ്. പക്ഷേ ഇറ്റലി നമ്മെ പഠിപ്പിക്കുന്നത് ചരിത്രം ആവർത്തിക്കാൻ കാത്തിരിക്കരുത് എന്നാണ്. ഭരണഘടനാ നിർമ്മാതാക്കൾ ചില മുൻകരുതലുകൾ ഉണ്ടാക്കിയത് അധികാരത്തിലുള്ളവർ എപ്പോഴും സദ്‌വൃത്തരായിരിക്കും എന്ന് കരുതിയല്ല, ഭരണഘടനാപരമായി അഥവാ സാങ്കേതികമായി അവർ “നമ്മുടെ സ്വന്തം ആളുകൾ’ ആയാലും അവരെ നിയന്ത്രിക്കേണ്ടതുണ്ട് എന്ന് കരുതിയാണ്.
രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ ഇല്ലാതാക്കാനുള്ള കേന്ദ്ര സർക്കാരിന്റെയും തിരഞ്ഞെടുപ്പ് കമ്മിഷന്റെയും നീച ശ്രമങ്ങളെ ചെറുത്തുതോൽപ്പിച്ചേ തീരൂ. l



