Tuesday, October 13, 2026

ad

Homeകവര്‍സ്റ്റോറിവിശ്വാസ്യത നഷ്ടപ്പെട്ട തിരഞ്ഞെടുപ്പ് കമ്മിഷൻ

വിശ്വാസ്യത നഷ്ടപ്പെട്ട തിരഞ്ഞെടുപ്പ് കമ്മിഷൻ

അഡ്വ. നീതു മോഹൻദാസ്

തിരഞ്ഞെടുപ്പ് ദിവസം രാവിലെ വരിയിൽ നിൽക്കുന്ന ഒരു സാധാരണക്കാരന്, വർഷങ്ങളായി വോട്ടുചെയ്യുന്ന ആ വോട്ടർക്ക് ഒരുപക്ഷേ ഭരണഘടനയുടെ വകുപ്പുകളോ കോടതി വിധികളോ അറിയണമെന്നില്ല. തന്റെ വോട്ട് എണ്ണപ്പെടും എന്ന വിശ്വാസത്തോടെയാണ് അവർ വരിയിൽ നിൽക്കുന്നത്. ആ വിശ്വാസം കാക്കാൻ ഭരണഘടന ചുമതല ഏൽപ്പിച്ച സ്ഥാപനമാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ. പ്രത്യേക തീവ്ര പുനഃപരിശോധനയും (SIR) കമ്മിഷനകത്തെ ഭിന്നതയും ചർച്ചയാകുമ്പോൾ, ആ വിശ്വാസത്തിന് എന്താണ് സംഭവിക്കുന്നത് എന്നതാണ് യഥാർഥ ചോദ്യം.

ഭരണഘടനയുടെ 324–-ാം വകുപ്പാണ് കമ്മിഷന്റെ അധികാരത്തിന്റെ അടിസ്ഥാനം. വോട്ടർപട്ടിക തയ്യാറാക്കുന്നതും പാർലമെന്റ്, നിയമസഭകൾ, രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നീ തിരഞ്ഞെടുപ്പുകൾ നടത്തുന്നതും കമ്മിഷന്റെ മേൽനോട്ടത്തിലാണ്. ഭയമില്ലാതെ പ്രവർത്തിക്കാൻ ഭരണഘടന ഒരു സംരക്ഷണവും നൽകി. സുപ്രീം കോടതി ജഡ്ജിയെ നീക്കുന്ന അതേ കർശനമായ ഇംപീച്ച്മെന്റ് രീതിയിൽ മാത്രമേ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കാനാകൂ. പക്ഷേ ആരെ നിയമിക്കണം, എങ്ങനെ നിയമിക്കണം എന്ന് ഭരണഘടന പറഞ്ഞില്ല. പിൽക്കാല തർക്കങ്ങളിൽ പലതും ആ മൗനത്തിൽ നിന്നാണ് തുടങ്ങിയത്.

നിയമത്തിൽ വ്യക്തതയില്ലാത്തിടത്ത് തീരുമാനമെടുക്കാൻ കമ്മിഷന് അധികാരമുണ്ടെന്ന് 1978-ലെ മോഹിന്ദർ സിങ് ഗിൽ കേസിൽ സുപ്രീം കോടതി പറഞ്ഞു. എന്നാൽ അതിരുകളുമുണ്ട്. ഈ അധികാരം നിയമത്തിന് മുകളിലല്ല, തീരുമാനങ്ങൾ ന്യായവും സുതാര്യവും ആകണം, കോടതിക്ക് പരിശോധിക്കാനുമാകും.

കേരളത്തിന് ഈ വിഷയത്തിൽ ചരിത്രപരമായ പങ്കുണ്ട്. 1982-ൽ നോർത്ത് പറവൂരിലാണ് വോട്ടിങ് യന്ത്രം ആദ്യമായി ഉപയോഗിച്ചത്. എന്നാൽ നിയമത്തിന്റെ പിൻബലമില്ലാതെ അത് ചെയ്യാനാവില്ലെന്ന് എ സി ജോസ് കേസിൽ സുപ്രീം കോടതി വിധിച്ചു. ഒടുവിൽ പാർലമെന്റ് നിയമം ഭേദഗതി ചെയ്തു.

ടി എൻ ശേഷൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന കാലത്താണ് ഇന്ത്യക്കാർ ആദ്യമായി ഈ സ്ഥാപനത്തെ ശ്രദ്ധിച്ചുതുടങ്ങിയത്. പെരുമാറ്റച്ചട്ടം ഗൗരവത്തോടെ നടപ്പാക്കി, തിരിച്ചറിയൽ കാർഡ് സാധാരണക്കാരിലേക്കെത്തിച്ചു, പണക്കൊഴുപ്പിന് കടിഞ്ഞാണിടാൻ ശ്രമിച്ചു. 1993-ൽ അധികാരത്തർക്കത്തിൽ സർക്കാരിനോട് ഏറ്റുമുട്ടി തിരഞ്ഞെടുപ്പുകൾ നിർത്തിവയ്ക്കാൻ പോലും ഉത്തരവിട്ടു. അതിനുശേഷം കമ്മിഷൻ ഒരാളുടേതല്ല, മൂന്നംഗ കൂട്ടായ സംവിധാനമായി.

2002-ൽ ഗുജറാത്ത് കലാപത്തിനു ശേഷം ഉടൻ തിരഞ്ഞെടുപ്പ് വേണമെന്ന ആവശ്യം കമ്മിഷൻ അംഗീകരിച്ചില്ല. ഭയത്തിന്റെ നിഴലിൽ വോട്ടർമാർക്ക് സ്വതന്ത്രമായി വോട്ടുചെയ്യാനാകില്ലെന്ന നിലപാടെടുത്ത കമ്മിഷന്റെ അധികാരം സുപ്രീം കോടതി അംഗീകരിച്ചു. പണമൊഴുക്ക് തെളിഞ്ഞപ്പോൾ ആർ കെ നഗർ (2017), വെല്ലൂർ (2019) തിരഞ്ഞെടുപ്പുകൾ റദ്ദാക്കാനും കമ്മിഷൻ മടിച്ചില്ല. വിദ്വേഷ പ്രസംഗങ്ങളുടെ പേരിൽ മായാവതി, യോഗി ആദിത്യനാഥ് തുടങ്ങിയ വലിയ നേതാക്കൾക്കുപോലും പ്രചാരണവിലക്ക് ഏർപ്പെടുത്തി.

എന്നാൽ ഭരണകക്ഷിയിലെ ഉന്നതർക്കെതിരായ പെരുമാറ്റച്ചട്ട പരാതികളിൽ നടപടിയെടുക്കാത്തതും തിരഞ്ഞെടുപ്പ് തീയതികളും ഘട്ടങ്ങളും സംബന്ധിച്ച തീരുമാനങ്ങളും കമ്മിഷനെ പക്ഷപാതാരോപണത്തിന് വിധേയമാക്കിയിട്ടുണ്ട്. 2019-ൽ പ്രധാനമന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകിയപ്പോൾ കമ്മീഷണർ അശോക് ലവാസ വിയോജിച്ചു. കൂട്ടായ സംവിധാനത്തിൽ വിയോജിപ്പിനും സ്ഥാനമുണ്ടെന്ന് അന്ന് തെളിഞ്ഞു. ആ വിയോജിപ്പ് എത്ര കേൾക്കപ്പെട്ടു എന്നതാണ് ഇന്നും ചർച്ച ചെയ്യപ്പെടുന്നത്.

2023ൽ അനൂപ് ബരണ്വാൾ കേസിൽ, മലയാളിയായ മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കെ എം ജോസഫ് അധ്യക്ഷനായ അഞ്ചംഗ സുപ്രീം കോടതി ബെഞ്ച് പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റിസ് എന്നിവരടങ്ങിയ സമിതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കണമെന്ന് നിർദേശിച്ചു. പാർലമെന്റ് നിയമം കൊണ്ടുവരും വരെയുള്ള താൽക്കാലിക സംവിധാനമായിരുന്നു ഇത്. പിന്നീട് വന്ന നിയമത്തിൽ ചീഫ് ജസ്റ്റിസിന് പകരം പ്രധാനമന്ത്രി നാമനിർദേശം ചെയ്യുന്ന ഒരു കേന്ദ്രമന്ത്രി വന്നു. ഇതോടെ സമിതിയിൽ ഭരണപക്ഷത്തിന് ഭൂരിപക്ഷമായി. സുപ്രീം കോടതിയുടെ വിധിയെ, അതിന്റെ അന്ത:സത്തയെ നിയമം മൂലം മറികടന്നു.

ഈ നിയമപ്രകാരം നിയമിതനായ ആദ്യ മുഖ്യ കമ്മീഷണറാണ് ഗ്യാനേഷ് കുമാർ. കേരള കേഡറിലെ 1988 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം 2024 മാർച്ചിൽ കമ്മീഷണറായി. 2025-ൽ മുഖ്യ കമ്മീഷണറാക്കിയ അർധരാത്രി തീരുമാനത്തെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിയോജനക്കുറിപ്പ് നൽകി ചോദ്യംചെയ്തു. കോൺഗ്രസ് ഭരണകാലത്തും ഈ പദവി രാഷ്ട്രീയമായി ഉപയോഗിക്കപ്പെട്ടിട്ടുണ്ടെന്ന് ബിജെപി തിരിച്ചടിച്ചു.

വോട്ടർപട്ടിക ശുദ്ധീകരിക്കാനുള്ള അധികാരം തങ്ങൾക്കുണ്ടെന്നാണ് കമ്മിഷന്റെ നിലപാട്. എന്നാൽ ശുദ്ധീകരണം പൗരത്വ പരിശോധനയായി മാറുന്നുവെന്നതും അതിന്റെ ഭാരം സാധാരണക്കാർക്കാണ് എന്നതുമാണ് യാഥാർഥ്യം.

രേഖകൾ ഇല്ലാത്തതിന്റെ പേരിൽ വോട്ടർപട്ടികയിൽനിന്നും പേര് വെട്ടി മാറ്റപ്പെടുന്ന ഒരാളെ ഓർക്കുക. അയാൾക്ക് അത് വെറുമൊരു സാങ്കേതിക തിരുത്തലല്ല, ഈ രാജ്യത്തിന്റെ ഭാഗമാണെന്ന അംഗീകാരത്തിന്റെ നഷ്ടമാണ്. അതുകൊണ്ടാണ് ഒരാളുടെ പോലും പേര് അന്യായമായി നീക്കപ്പെടരുത് എന്ന ആവശ്യം ജനാധിപത്യത്തിൽ ഇത്ര പ്രധാനമാകുന്നത്.

ഇതിനിടെ കമ്മിഷനകത്തുനിന്നും ആശങ്കയുടെ സ്വരം കേൾക്കുന്നു. കമ്മീഷണർമാരായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും 10 മാസത്തിനിടെ കുറഞ്ഞത് 14 തവണ എതിർപ്പ് രേഖപ്പെടുത്തി എന്നും കാബിനറ്റ് സെക്രട്ടറിക്ക് കത്തെഴുതി എന്നും ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. തങ്ങളറിയാതെ തീരുമാനങ്ങളെടുത്തു എന്നാണ് ആരോപണം.

അധികാരം കടലാസിൽ എഴുതിവച്ചാൽ മാത്രം വിശ്വാസം ഉണ്ടാകില്ല. അത് ഉപയോഗിക്കുന്നവർ ഭയമോ പക്ഷപാതമോ ഇല്ലാതെ, ആരു ചോദ്യംചെയ്താലും മറുപടി പറയാൻ തയ്യാറായി, ജനങ്ങളുടെ കണ്ണിൽ നോക്കി തീരുമാനമെടുക്കുമ്പോഴാണ് ഒരു സ്ഥാപനം വിശ്വസ്തമാകുന്നത്. ശേഷന്റെ കാലത്തെ ധീരതയും ഇന്നത്തെ സന്ദേഹങ്ങളും ഒരേ കാര്യമാണ് ഓർമിപ്പിക്കുന്നത്: കമ്മീഷൻ ശക്തമാകേണ്ടത് ഭരിക്കുന്നവർക്ക് മുന്നിലല്ല, വരിയിൽ നിൽക്കുന്ന ആ സാധാരണക്കാരനുവേണ്ടിയാണ്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

1 × 5 =

Most Popular