വർത്തമാനകാല ഇന്ത്യയുടെ സാഹചര്യത്തെക്കുറിച്ച് ബിബിസി റിപ്പോർട്ട് ചെയ്തത് ഇങ്ങനെയാണ്: ‘ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിലെ ഏറ്റവും വിശ്വസനീയമായ പൊതു സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷന്റെ മേധാവിക്കെതിരെ ഉയർന്നിട്ടുള്ള ഗൗരവതരമായ ആരോപണങ്ങൾ കമ്മീഷന്റെ വിശ്വാസ്യത തന്നെ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. ’
ലോകമാകെ പടർന്നിരിക്കുന്ന ഇൗ വാർത്തയുടെ ഉള്ളടക്കം തന്നെയാണ് ഇന്ന് ഇന്ത്യ നേരിടുന്ന അതീവ ഗുരുതരമായ പ്രതിസന്ധി; വിശ്വാസ്യത തകർന്നിരിക്കുന്നു ! എങ്ങനെയാണ് അത് സംഭവിച്ചത് ? ഒറ്റ വാചകത്തിൽ പറഞ്ഞാൽ, ജനാധിപത്യം നിലനിർത്തുന്നതിൽ ആണിക്കല്ലായി പ്രവർത്തിക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷനെ കേന്ദ്ര ബിജെപി സർക്കാർ തങ്ങളുടെ കുത്സിത രാഷ്‌ട്രീയ ലക്ഷ്യത്തിന്റെ ചട്ടുകമാക്കിയതിന്റെ ദുരന്തഫലം. തങ്ങൾക്ക് എതിരാകുമെന്ന് ഉറപ്പുള്ള ജനഹിതം അട്ടിമറിക്കാൻ പൗരരുടെ അവകാശങ്ങളെ ഹനിക്കുന്ന നിയമങ്ങളും നിഗൂഢ വ്യവസ്ഥകളും വോട്ടർപട്ടിക പരിഷ്കരണത്തിന്റെ പേരിൽ ഒൗദ്യോഗികമാക്കി മാറ്റി. അത് നടപ്പാക്കാൻ ചുക്കാൻപിടിക്കുന്നത് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറാണ്.
ഈ ജനാധിപത്യ വിരുദ്ധ തീരുമാനങ്ങൾക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിലെ മറ്റ് രണ്ടംഗങ്ങളായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയെന്ന വാർത്ത രാജ്യത്ത് വൻ കോളിളക്കമുണ്ടാക്കിയിരിക്കുകയാണ്. 10 മാസത്തിനിടയിൽ ചുരുങ്ങിയത് 14 തവണ വിയോജിപ്പ് രേഖപ്പെടുത്തിയ സാഹചര്യമുണ്ടായത്രെ ! അജൻഡകൾ മുൻകൂട്ടി അറിയിക്കാതെ നിർണായകമായ പല തീരുമാനങ്ങളും ഗ്യാനേഷ് കുമാർ ഏകപക്ഷീയമായി എടുത്തു. ഡൽഹിയിലെ ഇന്ത്യൻ എക്സ്‌പ്രസ് പത്രമാണ് സ്തോഭജനകമായ ഇൗ വാർത്ത പുറത്തുകൊണ്ടുവന്നത്. ‘ മതനിരപേക്ഷ – ജനാധിപത്യ ഇന്ത്യ ’ യെന്ന സങ്കൽപത്തെത്തന്നെ കുഴിച്ചുമൂടാനുള്ള സംഘപരിവാറിന്റെ നിഗൂഢപദ്ധതികളാണ് വെളിപ്പെട്ടത്. അതിന് പരവതാനി വിരിച്ച് രാജ്യത്തെ തന്നെ ഒറ്റുകൊടുക്കുകയെന്ന കൊടിയപാതകമാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ കസേരയിൽ ഇരുന്ന് ഗ്യാനേഷ് കുമാർ ചെയ്തത്. തിരഞ്ഞെടുപ്പ് പ്രക്രിയയെ കുറിച്ച് രാജ്യത്ത് പൊതുവിൽ ഉൗറിക്കൂടിയിട്ടുള്ള സംശയങ്ങൾ ശരിവയ്ക്കുന്നു ഇൗ സംഭവവികാസങ്ങൾ. ഇൗ ഉദ്യോഗസ്ഥൻ രാജ്യത്തിന്റെ ദുരവസ്ഥയുടെ തന്നെ ഒരു പ്രതീകമായി മാറിയിരിക്കുന്നു!

അരാജകവാദിയുടെ ‘കാവൽ’
ജനാധിപത്യ സംവിധാനത്തെയാകെ ഫാസിസ്‌റ്റ് യുക്തികൾകൊണ്ട് മെരുക്കിയെടുത്ത് അധികാരക്കസേരയിൽ തുടരാൻ വ്യാമോഹിക്കുന്ന മോദി–അമിത് ഷാ കൂട്ടുകെട്ടിന്, സ്വയം പടവാളായ ഉദ്യോഗസ്ഥനാണ് ഗ്യാനേഷ് കുമാർ. രാജ്യത്തിനു തന്നെ അപമാനം വരുത്തിവച്ച ഇൗ മുൻ ഐഎഎസ് ഉദ്യോഗസ്ഥന്റെ ഒൗദ്യോഗിക ജീവിതം തന്നെ അഴിമതിയുടേയും അരാജകത്വത്തിന്റേയും നാൾവഴിയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. റിട്ട. ഐഎഎസ് ഉദ്യോഗസ്ഥനും മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരനുമായ എൻ എസ് മാധവന്റേയും മുൻ ചീഫ് സെക്രട്ടറി കൂടിയായ ജിജി തോംസന്റേയും വെളിപ്പെടുത്തലുകൾ അതിലേക്ക് വെളിച്ചം വീശുന്നു.
കേരള കേഡർ ഉദ്യോസ്ഥനായ ഗ്യാനേഷ് കുമാർ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരുന്ന കാലത്തെ ചില പ്രധാന സംഭവങ്ങളാണ് എൻ എസ് മാധവൻ സാക്ഷ്യപ്പെടുത്തിയത്. ലോകബാങ്ക് ധനസഹായത്തോടെ നടപ്പാക്കിയ കെഎസ്‌ടിപി റോഡ് നിർമാണ പദ്ധതിയുടെ കരാർ മലേഷ്യൻ കമ്പനിയായ ‘പതിബെൽ’ ആയിരുന്നു ഏറ്റെടുത്തിരുന്നത്. ഈ കമ്പനിയുടെ ചീഫ് പ്രൊജക്ട് മാനേജരായിരുന്ന ലീ സീ ബെൻ എന്ന മലേഷ്യൻ എഞ്ചിനീയർ ജീവനൊടുക്കിയതിന്റെ പിന്നിലുള്ള രഹസ്യമാണ് മാധവന്റെ വെളിപ്പെടുത്തലിലൂടെ പുറത്തുവന്നത്. ലീ സീ ബെന്നിന്റെ ആത്മഹത്യക്ക് കാരണം ഗ്യാനേഷ് കുമാറിന്റെ പീഡനവും അഴിമതിയും ആണെന്നാണ് അതിന്റെ ഉള്ളടക്കം. ലീ സീ ബെന്നിന്റെ ഡയറിക്കുറിപ്പുകളിലും ഭാര്യയ്ക്ക് ഉൾപ്പെടെ എഴുതിയ കത്തുകളിലും ഗ്യാനേഷ് കുമാറിനെതിരെ ഗുരുതരമായ പരാമർശങ്ങൾ ഉണ്ടായിരുന്നു. കോൺട്രാക്ട് നിലനിർത്താൻ വൻതോതിൽ പണം ആവശ്യപ്പെട്ടതും, അനാവശ്യമായി പണി വൈകിപ്പിച്ച് താങ്ങാനാവാത്ത നഷ്ടവും അതുവഴി മാനസിക സമ്മർദവും വരുത്തിവച്ചുവെന്നും എഴുതിയതായി വാർത്തകൾ വന്നു. 216 കോടി രൂപയുടെ പദ്ധതി പൂർത്തിയാകാൻ ചുരുങ്ങിയത് 330 കോടിയിലെത്തിയത് അഴിമതിയും കെടുകാര്യസ്ഥതയും മൂലമായിരുന്നു. അഴിമതി ആരോപണത്തെ തുടർന്ന് നടത്തിയ വിജിലൻസ് അന്വേഷണത്തിനൊടുവിൽ ഗ്യാനേഷ്-കുമാറിനെ സ്ഥലംമാറ്റുകയായിരുന്നു അന്ന്.
ആത്മഹത്യയെക്കുറിച്ച് അക്കാലത്ത് നടത്തിയ വിജിലൻസ് അന്വേഷണ റിപ്പോർട്ട് അടിയന്തരമായി പുറത്തുവിടണമെന്നും ലീ സീ ബെന്നിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും എൻ എസ് മാധവൻ ആവശ്യപ്പെട്ടിരുന്നു. കോടിക്കണക്കിന് രൂപയുടെ അഴിമതി ആരോപണങ്ങളും, വൻകിട വിദേശ കമ്പനികളെപ്പോലും സമ്മർദ്ദത്തിലാക്കുന്ന തരത്തിലുള്ള ഉദ്യോഗസ്ഥ സ്വേച്ഛാധിപത്യപരമായ നടപടികളെടുക്കുന്ന ഉദ്യോഗസ്ഥനാണെന്ന ആക്ഷേപവും ഗ്യാനേഷ് കുമാറിനെതിരെ ഉയർന്നിരുന്നു. ഇപ്പോൾ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള പുതിയ വിജിലൻസ് അന്വേഷണത്തോടെ അക്കാര്യങ്ങളും പുറത്തുവന്നേക്കും.
ഇത്രമാത്രം ബലംകൊടുത്ത് ബിജെപി സർക്കാർ ഇൗ അഴിമതിക്കാരനെ മുന്നിൽ നിർത്തിയതിന്റെ രഹസ്യമെന്താണ് ? അതിലേക്കാണ്, മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ വെളിച്ചംവീശുന്നത്. 2019- ലെ ലോക്-സഭാ തിരഞ്ഞെടുപ്പ് സമയത്ത് പത്തനംതിട്ട മണ്ഡലത്തിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഗ്യാനേഷ് കുമാർ തന്നിൽ സമ്മർദ്ദം ചെലുത്തി എന്നാണ് ജിജി തോംസൺ പറഞ്ഞത്. വിജയിച്ചാൽ കേന്ദ്ര മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്തു. അക്കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണനേട്ടങ്ങളെക്കുറിച്ച് ഗ്യാനേഷ് കുമാർ വാതോരാതെ സംസാരിച്ചിരുന്നു. എന്നാൽ, ക്ഷണം നിരസിച്ചുവെന്നും സജീവ രാഷ്ട്രീയത്തിൽ താൽപര്യമില്ലെന്ന് അപ്പോൾ തന്നെ അറിയിച്ചിരുന്നുവെന്നുമാണ് ജിജി തോംസൺ വ്യക്തമാക്കിയത്.
അദ്ദേഹം നിരസിച്ചെങ്കിലും രാജ്യത്തെ നിരവധി റിട്ട. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർ ബിജെപി യുടെ ഭാഗമായി മാറിയതിൽ ഗ്യാനേഷ് കുമാറിന്റെ പങ്ക് നിർണായകമായിരിക്കില്ലേ? പ്രത്യേകിച്ചും സർവീസിലിരിക്കെ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടോ അഴിമതിയോ സ്വജനപക്ഷപാതമോ കാണിച്ചിട്ടുള്ളവരെ വെളുപ്പിച്ച് ബിജെപിയാക്കി മാറ്റുന്നതിൽ.
എൻ എസ് മാധവന്റേയും ജിജി തോംസന്റേയും വെളിപ്പെടുത്തലിൽ നിന്ന് വ്യക്തമാകുന്ന കാര്യങ്ങൾ ഇവയാണ്: ഒന്ന്, സ്വന്തം നേട്ടത്തിനായി ആർക്കുവേണ്ടിയും എന്ത് നിയമവിരുദ്ധ പ്രവർത്തനങ്ങളും ചെയ്യാൻ മടിയില്ലാത്ത ഉദ്യോഗസ്ഥനാണ് ഗ്യാനേഷ് കുമാർ. രണ്ട്, ഇത്തരം ഉദ്യോഗസ്ഥർക്ക് ബിജെപി യിൽ അടുത്ത ബന്ധമുള്ളത് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവരുമായിട്ടാണ്. ജനാധിപത്യത്തോടോ ഭരണഘടനയോടോ ഒട്ടും കൂറില്ലാത്ത നേതാക്കൾക്ക് ചൊൽപ്പടിയാകാൻ ഗ്യാനേഷിനെ പോലുള്ളവർ പൂർണസമ്മതരും. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന പോലെ സംഘപരിവാറിന് വേണ്ടി നായാട്ട് നടത്തിയ ഉദ്യോഗസ്ഥൻ!
ഗ്യാനേഷ് കുമാറിനെ പോലെ സിവിൽ സർവീസിനെ തന്നെ മലീമസമാക്കുന്ന ഉദ്യോഗസ്ഥരുടെയും പൊതുമൂല്യങ്ങൾക്കുമേൽ ഹിംസാത്മകമായ നിലപാടെടുക്കുന്ന സംഘപരിവാർ രാഷ്ട്രീയത്തിന്റേയും തനിനിറം കൂടിയാണ് ഇതുവഴി വെളിപ്പെട്ടത്.
ആരാച്ചാരുടെ ‘റോൾ’
2006 ലെ അന്വേഷണത്തെ തുടർന്ന് സ്ഥലം മാറ്റപ്പെട്ട ഗ്യാനേഷ് കുമാർ എ കെ ആന്റണിയുടെ കീഴിലുള്ള പ്രതിരോധ വകുപ്പിലേക്ക് രക്ഷപ്പെട്ടു. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ 2012-ൽ കേരള ഹൗസിലെ റസിഡന്റ് കമ്മീഷണറായി. 2016- ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ അവിടെ നിന്ന് അയാളെ മാറ്റി.
രാജാവിനേക്കാൾ രാജഭക്തിയുള്ള ഭൃത്യനെ പോലെ ജനാധിപത്യത്തെ തന്നെ കശാപ്പുചെയ്യുന്ന ആരാച്ചാരുടെ റോളിലേക്ക് മാറുകയായിരുന്നു തുടർന്ന്. മോദി സർക്കാരുകൾ തങ്ങളുടെ അർധ ഫാസിസ്‌റ്റ് താൽപര്യങ്ങൾ അടിച്ചേൽപ്പിക്കാൻ തയ്യാറാക്കിയ വിവിധ പദ്ധതികളുടെ തലപ്പത്ത് തുടർച്ചയായി പ്രതിഷ്ഠിച്ചതും മറ്റാരേയുമല്ല. 2019 ലാണ് ജമ്മു കശ്‌മീർ ആൻഡ് ലഡാക്ക് അഫയേഴ്‌സ് തലവനായി ബിജെപി സർക്കാർ ഗ്യാനേഷ് കുമാറിനെ നിയോഗിച്ചത്. കശ്മീരിനെ വെട്ടിപ്പൊളിച്ച് ഇല്ലാതാക്കി ബിജെപി ഭരണത്തിന് പാകമാക്കി കൊടുത്തു. ഇതോടെ അമിത് ഷായുടെ മാനസപുത്രനായി മാറി. തുടർന്നാണ്, രാമജന്മ ഭൂമി ക്ഷേത്ര ട്രസ്റ്റിന്റെ സൂത്രധാരനാക്കിയത്. രാജ്യത്തെ നാനാമേഖലകളിൽ നിന്ന് സംഘപരിവാർ പാവപ്പെട്ടവരടക്കമുള്ള ഭക്തരെ പിഴിഞ്ഞുകൊണ്ടുവന്ന പൊതുസംഭാവന ഉപയോഗിച്ച് നിർമ്മിച്ചതാണ് ക്ഷേത്രം. എന്നാൽ, അതിനെ തങ്ങളുടെ സ‍്വകാര്യ ഉപയോഗത്തിന് പറ്റിയ ഒരു സ്വകാര്യ ട്രസ്റ്റായി മാറ്റുന്നതിനുള്ള തന്ത്രം മെനഞ്ഞെടുത്തത് ഗ്യാനേഷ് കുമാർ ആണ്. അതിന്റെ ദുരന്തഫലം അയോധ്യ ക്ഷേത്ര കൊള്ളയിലൂടെ പിന്നീട് നാട് കണ്ടു.
കശ്മീരിലേയും അയോധ്യയിലേയും യജമാന സേവയ്ക്കുള്ള പ്രത്യുപകാരവും ബിജെപി ക്ക് കൈവിട്ടു പൊയ്ക്കൊണ്ടിരിക്കുന്ന ജനാംഗീകാരം കൃത്രിമ മാർഗത്തിലൂടെ പിടിച്ചുവാങ്ങാനുമാണ് ഗ്യാനേഷ് കുമാറിനെ 2025- ൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചത്. അതും തിരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കാൻ നിലവിലുള്ള സുതാര്യവും ജനാധിപത്യപരവുമായ വ്യവസ്ഥ ഇല്ലാതാക്കിക്കൊണ്ട്. സുപ്രിം കോടതി നിർദ്ദേശപ്രകാരം ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങിയ സമിതിയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ തിരഞ്ഞെടുക്കേണ്ടത്. എന്നാൽ നിയമഭേദഗതിയിലൂടെ ചീഫ് ജസ്റ്റിസിനുപകരം പ്രധാനമന്ത്രി നാമനിർദേശം ചെയ്യുന്ന കേന്ദ്ര കാബിനറ്റ് മന്ത്രി അടങ്ങുന്ന സമിതി എന്നാക്കി. ഇത് സംബന്ധിച്ച കേസ് ഇപ്പോഴും നടക്കുകയാണ്.
ജനപിന്തുണ അട്ടിമറിച്ച് ബിജെപിക്ക് അധികാരത്തിൽ തുടരാനുള്ള കളമൊരുക്കുന്ന ജോലി ഗ്യാനേഷ് കുമാർ ചുമതലയേറ്റ നിമിഷം മുതൽ ആരംഭിച്ചു. സംഘപരിവാർ തന്നെ ഏൽപ്പിച്ച നിഗൂഢ വ്യവസ്ഥാ നിർമ്മാണങ്ങൾക്ക് തുടക്കം കുറിച്ചു. എസ്‌ഐആർ അതിൽ ഏറ്റവും അപകടകരമായതാണ്. രാജ്യത്തിന്റെ ജനാധിപത്യ ശരീരത്തിൽ ക്യാൻസർ വൈറസിനെ കടത്തിവിടുന്നതിന് സമാനമായി, തങ്ങൾക്ക് എതിരായി വരുമെന്ന് കണക്കാക്കിയ വോട്ടുകൾ ആസൂത്രിതമായി വോട്ടർ പട്ടികയിൽനിന്നു വെട്ടിമാറ്റി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും വടക്കു കിഴക്കൻ മേഖലകളിലുമടക്കം ജനങ്ങളുടെ യഥാർഥ സമ്മതിയെ ഇല്ലാതാക്കി ഭരണം പിടിക്കാനും ഉള്ളിടത്ത് നിലനിർത്താനും ഇൗ വോട്ടർപട്ടിക പരിഷ്കരണം ദുരുപയോഗപ്പെടുത്തുകയാണ്.
ജനാധിപത്യപരമായി വോട്ടവകാശമുള്ള 13 കോടി മനുഷ്യരെയാണ് നിഷ്കരുണം വെട്ടിമാറ്റിയത്. സുപ്രീം കോടതി പോലും ഇതിനെല്ലാം മാപ്പുസാക്ഷിയായി മാറിയ അതീവ ദയനീയാവസ്ഥയുണ്ടായി. സംഘപരിവാർ താൽപര്യത്തിനു വേണ്ടി ഇത്രയേറെ കൊടുംപാതകങ്ങൾക്ക് ചുക്കാൻപിടിച്ച ഗ്യാനേഷ് കുമാർ അടക്കമുള്ള ഉദ്യോഗസ്ഥരെ എന്തു ചെയ്യണം? മതനിരപേക്ഷ രാജ്യമായ ഇന്ത്യയുടെ ഭാവി തന്നെ അപകടത്തിലാക്കിയ ബിജെപിയുടെ ഭരണത്തെ എങ്ങനെ നേരിടണം? അതിനെല്ലാമുള്ള ഉത്തരങ്ങൾ നൽകാൻ ജനങ്ങൾ തയ്യാറെടുക്കുന്നുവെന്ന പ്രതീക്ഷാനിർഭരമായ സമരക്കാഴ്‌ചകളാണ് രാജ്യത്ത് കാണുന്നത്. അത് കൂടുതൽ ശക്തിപ്രാപിക്കുമെന്ന് കരുതാം. l



