ഒരു സമൂഹത്തിലെ ഊർജസ്വലവും നെെസർഗികവുമായ ജനാധിപത്യത്തിന്റെ മൗലിക തത്ത്വങ്ങളിലൊന്ന് അവിടെ തിരഞ്ഞെടുപ്പുകൾ നടത്തുന്ന രീതിയാണ്. ഇതുമായി ബന്ധപ്പെട്ട പ്രധാന കാര്യം, തിരഞ്ഞെടുപ്പുകൾ നടത്തുന്ന സംവിധാനത്തിന്റെ സുതാര്യതയും നിഷ്പക്ഷതയും ഉത്തരവാദിത്വബോധവുമാണ്. മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർ ടി എൻ ശേഷന്റെ കാലത്തെ വഴിതെറ്റലുകളോ സവിശേഷതകളോ, എന്തു തന്നെയായാലും, തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ഒരു നിഷ്പക്ഷ ഏജൻസിയാണ് ഇലക്ഷൻ കമ്മിഷൻ എന്ന ധാരണ ജനങ്ങളിൽ സൃഷ്ടിക്കപ്പെട്ടിരുന്നു. എന്നാൽ, ഗ്യാനേഷ് കുമാർ അധികാരമേറ്റതുമുതൽ ഇതിനുനേരെ വിപരീതമായ കാര്യങ്ങളാണ് സംഭവിക്കുന്നത്. ജീവിച്ചിരിക്കുന്ന, വോട്ടർമാരെ മരിച്ചുവെന്ന് പറഞ്ഞ് പട്ടികയിൽനിന്ന് നീക്കംചെയ്തുകൊണ്ട് ഗ്യാനേഷ് കുമാർ വോട്ടർ പട്ടികയുടെ ആരാച്ചാരായാണ് പ്രവർത്തിക്കുന്നത്; വോട്ടർ പട്ടികയുടെ കരചരണങ്ങൾ ഛേദിച്ച് അംഗഭംഗം വരുത്തുകയാണയാൾ. ഭാരത് രത്ന ജേതാവായ സി എൻ ആർ റാവു മുതൽ നടൻ പ്രകാശ് രാജ് വരെയുള്ളവരുടെ വോട്ടവകാശമാണ് അങ്ങനെ കവർന്നെടുക്കപ്പെട്ടത്. ഇവർക്കെല്ലാംതന്നെ തങ്ങളുടെ വോട്ടവകാശം തിരികെ കിട്ടാൻ ഇനി ഭരണപരമായ ഒട്ടേറെ കടമ്പകൾ മറികടക്കേണ്ടതുണ്ട്.
ഇന്ത്യൻ എക്സ്പ്രസിൽ സെപ്തംബർ 23ന് പ്രസിദ്ധീകരിച്ച റിതിക ചോപ്രയുടെ അനേ-്വഷണാത്മക റിപ്പോർട്ട് വെളിപ്പെടുത്തുന്നത്, ഇപ്പോൾ ഗ്യാനേഷ് കുമാർ തിരഞ്ഞെടുപ്പ് കമ്മിഷനുള്ളിൽനിന്നുതന്നെ വെല്ലുവിളി നേരിടുന്നു എന്നാണ്. തിരഞ്ഞെടുപ്പ് കമ്മിഷണർമാരായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും വെളിപ്പെടുത്തുന്നത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ പേരിൽ പുറത്തുവന്ന തീരുമാനങ്ങളിലും ഉത്തരവുകളിലും ഏറ്റവും കുറഞ്ഞത് 14 എണ്ണത്തിലെങ്കിലും തങ്ങൾക്ക് വിയോജിപ്പുണ്ടെന്നാണ്. ആ ഉത്തരവുകളും തീരുമാനങ്ങളും തങ്ങളറിയാതെയാണ് പുറത്തിറക്കിയതെന്നും അവർ വ്യക്തമാക്കി. വിയോജിപ്പുള്ള ഈ കാര്യങ്ങളിൽ രണ്ടെണ്ണത്തെക്കുറിച്ച് അവർ കാബിനറ്റ് സെക്രട്ടറിയെ അറിയിച്ചിരുന്നതുമാണ്. വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിന് പൗരർ പൂരിപ്പിച്ച് നൽകേണ്ട 6–ാം നമ്പർ ഫോറത്തിൽ 2026 ജൂലെെ മാസം ഭേദഗതി വരുത്തി. ‘‘ഏറ്റവും ഒടുവിലത്തെ എസ്ഐആർ’’ പ്രകാരമുള്ള പട്ടികയിൽ അപേക്ഷകന്റെ/അപേക്ഷകയുടെ പിതാവിന്റെയോ പിതാമഹന്റെയോ പേരുണ്ടായിരുന്നോ എന്ന ചോദ്യം ഉൾപ്പെടുത്താനാണ് ഈ ഭേദഗതി കൊണ്ടുവന്നത്; വോട്ടർമാരെ രജിസ്റ്റർ ചെയ്യുന്നതു സംബന്ധിച്ച ചട്ടങ്ങളിൽ ഭേദഗതി ചെയ്തുകൊണ്ടു മാത്രമേ ഈ മാറ്റം വരുത്താനാകൂവെന്ന് മെയ് മാസത്തിൽതന്നെ തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗമായ ജോഷി മുന്നറിയിപ്പു നൽകിയത് കണക്കിലെടുക്കാതെയാണ് ഗ്യാനേഷ് കുമാർ ഈ ഭേദഗതി കൊണ്ടുവന്നത്. ഇൗ മാറ്റം അനധികൃതവും നിയമവിരുദ്ധവുമാണെന്നാണ് സുഖ്ബീർ സിങ് സന്ധു തന്റെ വിയോജനക്കുറിപ്പായി രേഖപ്പെടുത്തിയത്. വോട്ടർ പട്ടിക ഡാറ്റാ ബേസിന്റെ വർദ്ധിച്ചുവരുന്ന കേന്ദ്രീകരണത്തിനെതിരെ ജോഷി മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു; ഇലക‍്ടറൽ രജിസ്ട്രേഷൻ ഉദേ-്യാഗസ്ഥർക്കുള്ള നിയമപരമായ അധികാരം കമ്മിഷന്റെ ഐടി മേധാവിക്ക് കയ്യാളാനാവില്ലയെന്ന് സന്ധു ഭിന്നാഭിപ്രായമായി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പശ്ചിമ ബംഗാളിൽ വോട്ടർമാരെ വെട്ടിനീക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള 38 ലക്ഷം അപ്പീലുകൾ (അവയിൽ 16.10 ലക്ഷം അപ്പീലുകൾ നൽകിയത് തിരഞ്ഞെടുപ്പ് കമ്മിഷൻ തന്നെയാണ്) ട്രിബ്യൂണലുകൾക്കുമുന്നിൽ കെട്ടിക്കിടക്കുകയാണ്. ആരാണ് ഈ അപ്പീലുകൾ ഫയൽ ചെയ്തതെന്ന് സന്ധു ചോദിക്കുന്നു. എന്നാൽ നാളിതുവരെ അദ്ദേഹത്തിനോ ജോഷിക്കോ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഉദേ-്യാഗസ്ഥനോ ഇതിനുള്ള മറുപടി നൽകിയിട്ടില്ല.
നിയമസഭാ തിരഞ്ഞെടുപ്പ് കാംപെയ്നുമായി ബന്ധപ്പെട്ട് ഏപ്രിൽ മാസത്തിൽ ഞാൻ പശ്ചിമ ബംഗാളിലുണ്ടായിരുന്നു; അവിടെ തിരഞ്ഞെടുപ്പ് നടത്താൻ ചുമതലപ്പെടുത്തിയിരുന്നവരിൽ ആ ചുമതലകളിൽനിന്ന് ഒഴിവാക്കപ്പെട്ട നിരവധി ഉദേ-്യാഗസ്ഥരുടെ ഫോട്ടോകൾ ഞാൻ കാണുകയുണ്ടായി. അവരുടെ പേരുകൾ വോട്ടർ പട്ടികയിൽനിന്ന് നീക്കം ചെയ്യപ്പെട്ടതിനാൽ അവർക്ക് വോട്ട് ചെയ്യാൻ പറ്റില്ല എന്നതുകൊണ്ടാണത്. സ്റ്റേറ്റ്സ്-മാൻ പോലെയുള്ള ദേശീയ ദിനപ്പത്രങ്ങൾ അവ സംബന്ധിച്ച ഫീച്ചറുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പശ്ചിമ ബംഗാളിൽ ഏകദേശം 91 ലക്ഷം വോട്ടർമാരെയാണ് എസ്ഐആറിലൂടെ വെട്ടിമാറ്റിയത്; ഇത് സംസ്ഥാനത്തെ മൊത്തം വോട്ടർമാരുടെ 12 ശതമാനത്തോളം വരും. ഇവയിൽ 27 ലക്ഷം പേർ നീക്കം ചെയ്യപ്പെട്ടത് ‘‘യുക്തിക്കു നിരക്കാത്ത പൊരുത്തക്കേടുകൾ’’ കണ്ടെത്താനുള്ള അഡ്-ജുഡിക്കേഷനുശേഷമാണ്; ഇത്തരമൊരു സംവിധാനം ബംഗാളിൽ മാത്രമാണ് കൊണ്ടുവന്നിട്ടുള്ളത്. അപ്പീലുകളിൽ 99 ശതമാനത്തിലേറെയും സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന ശേഷവും തീർപ്പു കൽപ്പിക്കപ്പെടാതെ കിടക്കുകയാണ്. പ്രഖ്യാപിക്കപ്പെട്ട തിരഞ്ഞെടുപ്പ് ഫലങ്ങൾ സംബന്ധിച്ച വിശകലനത്തിൽ കണ്ടെത്തിയത് 49 നിയോജകമണ്ഡലങ്ങളിൽ വിജയിച്ചയാളുടെ ഭൂരിപക്ഷത്തേക്കാൾ അധികമാണ് അഡ്-ജുഡിക്കേഷനിൽ വെട്ടിമാറ്റപ്പെട്ടവരുടെ മാത്രം എണ്ണമെന്നാണ്. അവയിൽ 26 മണ്ഡലങ്ങളിലും വിജയിച്ചത് ബിജെപിയാണ്; 21 ഇടങ്ങളിൽ തൃണമൂൽ കോൺഗ്രസും രണ്ടിടത്ത് കോൺഗ്രസും വിജയിച്ചു. എന്നാൽ 2021ലെ തിരഞ്ഞെടുപ്പിൽ ഈ 49 മണ്ഡലങ്ങളിൽ 48 ഇടങ്ങളിലും വിജയിച്ചത് തൃണമൂൽ കോൺഗ്രസാണ്. രാജാർഹട്ട് ന്യൂ ടൗണിൽ വിജയിച്ചയാളിനു ലഭിച്ച ഭൂരിപക്ഷം 316 വോട്ടാണ്. എന്നാൽ, അവിടെ അഡ്-ജുഡിക്കേഷനുശേഷം 24,132 വോട്ടർമാരെയാണ് വെട്ടിമാറ്റിയത്. സത്ഗാച്ചിയയിൽ ഭൂരിപക്ഷം 401 ഉം നീക്കം ചെയ്യപ്പെട്ടത് 26,000ത്തിലേറെയും. സംസ്ഥാനത്ത് മൊത്തമുള്ള 294 സീറ്റുകളിൽ പകുതിയിലേറെ സ്ഥലങ്ങളിലും ഭൂരിപക്ഷത്തേക്കാൾ വളരെ അധികമാണ് വെട്ടിമാറ്റപ്പെട്ടവരുടെ എണ്ണം എന്നാണ് വിശകലനങ്ങൾ വെളിപ്പെടുത്തുന്നത്. ഒഴിവാക്കപ്പെട്ട വോട്ടർമാർ ആർക്ക് വോട്ടു ചെയ്യുമായിരുന്നുവെന്ന് ഇത് തെളിയിക്കുന്നില്ല; എന്നാൽ, വിജയിച്ചയാളിനു ലഭിച്ച ഭൂരിപക്ഷത്തേക്കാൾ അധികം പേർ ഒഴിവാക്കപ്പെട്ടുവെന്നത് ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം അഭികാമ്യമല്ല, അസ്വസ്ഥതയുണ്ടാക്കുന്നതുമാണ്.
മോദി വാഴ്ചയിൽ സ്വതന്ത്രവും അനേ-്വഷണാത്മക സ്വഭാവമുള്ളതുമായ മാധ്യമങ്ങൾ ഏറെക്കുറെ മരിച്ചു കഴിഞ്ഞുവെന്ന ധാരണ നിലവിലുണ്ട്. വളരെ അപൂർവം ചില അപവാദങ്ങൾ മാത്രമേ ഇക്കാര്യത്തിൽ ചൂണ്ടിക്കാണിക്കാനുള്ളൂ. ഇന്ത്യയിൽ അനേ-്വഷണാത്മക മാധ്യമ പ്രവർത്തനം ഇപ്പോഴും സജീവവും പ്രഹരശേഷിയുള്ളതുമായി നിലനിൽക്കുന്നുണ്ടെന്ന് ഇന്ത്യൻ എക്സ്പ്രസ് തെളിയിക്കുന്നുവെന്നത് നമ്മെയാകെ ആവേശംകൊള്ളിക്കുന്നു. ഇന്ത്യൻ എക്സ്പ്രസ് വെളിപ്പെടുത്തലിനുശേഷം വ്യക്തത വരുത്തുന്നതിനെന്ന പേരിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കിയ കുറിപ്പ് ഉന്നയിക്കപ്പെട്ട പ്രശ്നങ്ങൾക്ക് കൃത്യമായ മറുപടി നൽകുന്നവയല്ല. അവയിൽ വ്യക്തമാക്കപ്പെട്ട, ഇലക്ഷൻ കമ്മിഷന്റെ തീരുമാനങ്ങളിലൊന്ന്, അജൻഡ മുൻകൂട്ടി നൽകണമെന്നതും യോഗം കഴിഞ്ഞശേഷം അതിന്റെ മിനിറ്റ്സ് നൽകണമെന്നതുമാണ്. ചെറുതോ വലുതോ ആയ ഏതൊരു സംഘടനയും പിന്തുടരാറുള്ള ചില അടിസ്ഥാനപരമായ കാര്യങ്ങൾപോലും തിരഞ്ഞെടുപ്പ‍് കമ്മിഷൻ ഇതേവരെ പിന്തുടർന്നിട്ടില്ലയെന്നത് ഞെട്ടിപ്പിക്കുന്നതാണ്.
ഏറെ പ്രസക്തമെന്ന് തോന്നുന്ന ഒട്ടേറെ ചോദ്യങ്ങൾ ഇപ്പോൾ ഉന്നയിക്കപ്പെടുന്നുണ്ട്. അത്തരത്തിലൊരു ചോദ്യമാണ് ടി എൻ ശേഷൻവരെയുള്ള മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷനെയും ശേഷനെ തുടർന്നുവന്ന തിരഞ്ഞെടുപ്പ് കമ്മീഷണർമാരെയും നിയമിച്ചത് എക്സിക്യൂട്ടീവ് തന്നെയാണല്ലോയെന്നത്. 1950ൽ ഭരണഘടന അംഗീകരിക്കപ്പെട്ടതിനെതുടർന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ നിയമനം സംബന്ധിച്ച് പാർലമെന്റിൽ നിയമം പാസാക്കുന്ന കാര്യത്തിൽ ഇന്നേവരെയുള്ള യൂണിയൻ ഗവൺമെന്റുകൾ വീഴ്ചവരുത്തിയതുമൂലമാണ് ഇങ്ങനെ സംഭവിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനം സംബന്ധിച്ച് പാർലമെന്റ് നിയമനിർമാണം നടത്തുന്നതുവരെ തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കാൻ ഭരണഘടനയുടെ ആർട്ടിക്കിൾ 324 ഇന്ത്യൻ പ്രസിഡന്റിന് അധികാരം നൽകുന്നുണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗങ്ങളെ നിയമിക്കുന്നതുസംബന്ധിച്ച് നിലവിലുള്ള സംവിധാനത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഒരു പൊതുതാൽപ്പര്യഹർജി 2015 ജനുവരിയിൽ അനൂപ് ബരൻവാൾ സുപ്രീംകോടതിയിൽ നൽകിയിരുന്നു. ജസ്റ്റിസ് കെ എം ജോസഫ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഈ കേസ് കേട്ടത്. നിലവിലെ വ്യവസ്ഥ ദുരുപയോഗം ചെയ്യപ്പെട്ടതു സംബന്ധിച്ച തെളിവുകളൊന്നും ഇല്ലാത്തതിനാൽ സുപ്രീംകോടതിക്ക് ഇപ്പോൾ ഇടപെടാനാവില്ലാ എന്നതായിരുന്നു യൂണിയൻ ഗവൺമെന്റിന്റെ പ്രതികരണം.
ഈയൊരു പശ്ചാത്തലത്തിലാണ്, എക്സിക്യുട്ടീവിനു മാത്രമായി തിരഞ്ഞെടുപ്പ് കമ്മിഷന്റെ സ്വാതന്ത്ര-്യത്തെ വിട്ടുകൊടുക്കാനാവില്ലെന്ന് സുപ്രീംകോടതി ബഞ്ച് 2023 മാർച്ച് രണ്ടിന് ഏകകണ്ഠമായി വിധിച്ചത്. ഭരണഘടനയുടെ ആർട്ടിക്കിൾ 324 പ്രകാരം പാർലമെന്റ് നിയമനിർമാണം നടത്തുന്നതുവരെ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും സുപ്രീംകോടതി ചീഫ് ജസ്റ്റിസും ഉൾപ്പെടുന്ന ഒരു കമ്മിറ്റിയുടെ ഉപദേശമനുസരിച്ച് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറെയും തിരഞ്ഞെടുപ്പ് കമ്മീഷണർമാരെയും പ്രസിഡന്റിന് നിയമിക്കാമെന്നാണ് കോടതി നിർദേശിച്ചത്. നീക്കംചെയ്യാതിരിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർക്കുള്ള അതേ സംരക്ഷണം തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്കും നൽകണമെന്നും കോടതി പാർലമെന്റിനോട് ആവശ്യപ്പെട്ടു. രാജ്യത്തെ ഏറ്റവും ഉയർന്ന എക്സിക്യുട്ടീവ് അധികാരമുള്ളയാളാണ് പ്രധാനമന്ത്രി; അതുകൊണ്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നിയമനം സംബന്ധിച്ച് തീരുമാനമെടുക്കുന്നതിൽ പ്രധാനമന്ത്രിയും പങ്കാളിയാകണം. ജനാധിപത്യസംവിധാനത്തിൽ പ്രതിപക്ഷത്തിന്റെ പങ്ക് സംബന്ധിച്ച് വിശദീകരണത്തിന്റെ ആവശ്യമേയില്ല. രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയ നിഷ്പക്ഷമായിരിക്കുമെന്ന് ഉറപ്പുവരുത്താൻ അനുയോജ്യമായ ആളെ കണ്ടെത്തുന്നതു സംബന്ധിച്ച് അഭിപ്രായഭിന്നതയുണ്ടാകുമ്പോൾ സമവായത്തിലെത്തിച്ചേരുന്നതിന് രാഷ‍്ട്രീയമായി നിഷ്-പ–ക്ഷതയുള്ള രാജ്യത്തിന്റെ ചീഫ് ജസ്റ്റിസിന്റെ സാന്നിധ്യവും ഉണ്ടായിരിക്കണം. എന്നാൽ, സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ ഈ നിർദേശത്തെ നരേന്ദ്രമോദി ഗവൺമെന്റ് കാറ്റിൽപറത്തുകയാണുണ്ടായത്. വിവേകപൂർണവും നിയമാനുസൃതവും സുതാര്യവുമായ ഈ ഉപദേശമനുസരിച്ച് നിയമനിർമാണം നടത്തുന്നതിനുപകരം മോദി ഗവൺമെന്റ് ആദ്യം ഒരു ഓർഡിനൻസ് കൊണ്ടുവരികയും പിന്നീട്, സെൻട്രൽ ഇലക്ഷൻ കമ്മിഷൻ നിയമനത്തെ രാഷ്ട്രീയമായി സമതുലിതമല്ലാത്ത ഒന്നാക്കിക്കൊണ്ടുള്ള ഒരു ബില്ല് അവതരിപ്പിക്കുകയും ചെയ്തു. തൽഫലമായി എക്സിക്യുട്ടീവ് പ്രാതിനിധ്യം മൂന്നിൽ രണ്ടായി തീരുകയും പ്രതിപക്ഷനേതാവ് വെറുമൊരു നോക്കുകുത്തിയായി മാറുകയും ചെയ്തു.
സുപ്രീംകോടതി നിർദേശത്തെ നിരാകരിച്ച മോദി ഗവൺമെന്റിന്റെ ലക്ഷ്യം ഗ-്യാനേഷ് കുമാറിന്റെ ചെയ്തികളിൽനിന്ന് വളരെ വ്യക്തമായിരിക്കുന്നു. സർവോപരി, ഫാസിസ്റ്റ് പ്രവണതയുള്ള ആർഎസ്എസ്സിന്റെ നിയന്ത്രണത്തിലുള്ള ബിജെപിയുടെ താളത്തിനുതുള്ളുന്ന വെറുമൊരു പാവയായി ഗ്യാ-നേഷ് കുമാർ പെരുമാറുമെന്നതിനാലാണ് മോദി ഗവൺമെന്റ് അയാളെ നിയമിച്ചത്. ഇന്ത്യൻ എക്സ്പ്രസ് വെളിപ്പെടുത്തലിനെ തുടർന്ന് ആത്മാഭിമാനത്തിന്റെ കണികയെങ്കിലുണ്ടായിരുന്നെങ്കിൽ അയാൾ രാജിവച്ച് പുറത്തുപോകേണ്ടതായിരുന്നു. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറുടെ തസ്തികയിൽ ഗ്യ-ാനേഷ് കുമാർ അള്ളിപ്പിടിച്ചിരിക്കുന്ന ഓരോ മണിക്കൂറും അയാൾ അന്തസ്സും ആത്മാഭിമാനവുമില്ലാത്തയാളാണെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ്.
ഗ്യാനേഷ് കുമാറിനെ നീക്കംചെയ്യുന്നതിനും പ്രോസിക്യൂട്ട് ചെയ്യുന്നതിനും എസ്ഐആർ പ്രക്രിയ നിർത്തലാക്കുന്നതിനും വോട്ടർ പട്ടികയിൽനിന്നും നീക്കംചെയ്യപ്പെട്ട അർഹരായ എല്ലാ ആളുകളുടെയും പേരുകൾ പുനഃസ്ഥാപിക്കുന്നതിനായി അടിയന്തര നടപടികൾ സ്വീകരിക്കുന്നതിനും ചീഫ് ഇലക്ഷൻ കമ്മീഷണറെയും ഇലക്ഷൻ കമ്മീഷണർമാരെയും തിരഞ്ഞെടുക്കുന്നതിനുവേണ്ടി സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് നിർദ്ദേശിച്ചതനുസരിച്ച് സുതാര്യമായ സംവിധാനം കൊണ്ടുവരുന്നതിനുമുള്ള ശക്തമായ പ്രക്ഷോഭത്തിന് സിപിഐ എം ആഹ്വാനം ചെയ്യുന്നു; ഈ പ്രക്ഷോഭത്തിൽ എല്ലാ അഭിപ്രായഭിന്നതകളും മാറ്റിവെച്ച് ബിജെപി ഇതര, എൻഡിഎ ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഒന്നടങ്കം കെെകോർക്കണമെന്നാണ് സിപിഐ എം ആഗ്രഹിക്കുന്നത്. ഇതേവരെ ഉണ്ടായതിൽവെച്ച് ഏറ്റവും വിപുലമായ ഒരു മുന്നേറ്റമായിരിക്കണം ഇത്; സാധ്യമായ ഏറ്റവും ശക്തമായ പ്രക്ഷോഭമായിരിക്കണം ഇത്.
രാഷ്ട്രീയ പാർട്ടികൾ മാത്രമല്ല, സിവിൽ സമൂഹവും ബുദ്ധിജീവികളും കലാകാരരും എഴുത്തുകാരും സാംസ്കാരിക രംഗത്തെ വ്യക്തിത്വങ്ങളുമുൾപ്പെടെ ഒന്നടങ്കം ഈ പ്രക്ഷോഭത്തിൽ ഒരുമിച്ചൊന്നായി അണിനിരക്കണമെന്നതാണ് ഞങ്ങളുടെ സമീപനം. സിപിഐ എം, സിപിഐ, സിപിഐ എംഎൽ, ഫോർവേഡ് ബ്ലോക്, ആർഎസ്-പി എന്നീ 5 ഇടതുപക്ഷ പാർട്ടികളുടെയും നിലപാട് ഇതുതന്നെയാണ്. ഇവയെല്ലാം ഒത്തുചേരുന്നതിന്റെ ഒരു ഏകദേശ ദൃശ്യം സെപ്തംബർ 29ന് ഒരു മിന്നൽ പോലെ നാം കണ്ടു.
സെപ്തംബർ 30നു ചേർന്ന ഇന്ത്യാ ബ്ലോക്കിന്റെ യോഗം ഈ നിലപാട് അംഗീകരിച്ചിട്ടുണ്ട്. കൂട്ടായതും ശക്തവുമായ അത്തരമൊരു മുന്നേറ്റത്തിലൂടെ മാത്രമേ നമ്മുടെ ഭരണഘടനാ മൂല്യങ്ങളെയും ഇന്ത്യയെന്ന ആശയത്തെയും സംരക്ഷിക്കാൻ കഴിയൂ. ഇന്ത്യാ ബ്ലോക്കിന്റെ പത്രസമ്മേളനത്തിൽ പ്രഖ്യാപിക്കപ്പെട്ടതുപോലെ രാജ്യത്തെ എല്ലാ ജില്ലകളിലും പ്രതിഷേധ പ്രക്ഷോഭങ്ങൾ സംയുക്തമായി നടത്തണം. പുതിയ ഇന്ത്യയുടെ രാഷ്ട്രീയമായ പരിണാമത്തിലെ ചരിത്രപരവും നിർണായകവുമായ ഒരു വഴിത്തിരിവാണിത്. l



