Tuesday, October 13, 2026

ad

Homeആമുഖംആമുഖം

ആമുഖം

നിയോഫാസിസ്റ്റ് ഭരണം സ്ഥാപിക്കുന്നതിനുള്ള നീക്കത്തിനെതിരായ ഏറ്റവും ശക്തമായ ജനകീയ പ്രതിരോധമായി തിരഞ്ഞെടുപ്പ് കമ്മിഷനും എസ്ഐആറിനുമെതിരായ സമരം മാറിക്കഴിഞ്ഞു. രാജ്യതലസ്ഥാനം മാത്രമല്ല രാജ്യത്തുടനീളം തെരുവുകൾ സമരമുഖരിതമാണ്. കമ്മിഷനെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിച്ചു. അധികാരം ഉറപ്പിക്കുന്നതിനുള്ള ബിജെപിയുടെ നീക്കത്തിന്റെ പടവുകൾ അനാവരണം ചെയ്യുന്ന എം എ ബേബിയുടെ ലേഖനത്തോടെയാണ് ഈ ലക്കം ചിന്ത തുടങ്ങുന്നത്. ‘ഗ്യാനേഷ് കുമാർ പുറത്തുപോയേ തീരൂ’എന്ന എം എ ബേബിയുടെ ലേഖനത്തിൽ സംയുക്ത സമരത്തിന്റെ രാഷ്ട്രീയപ്രാധാന്യവും വിവരിക്കുന്നുണ്ട്.

♦ 2025ൽ തിരഞ്ഞെടുപ്പു കമ്മീഷണർമാരെ നിശ്ചയിക്കുന്നതിന് പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന സമിതിയെ സുപ്രീംകോടതി നിശ്ചയിക്കുന്നു.

♦ നിയമഭേദഗതിയിലൂടെ ഈ സംവിധാനം അട്ടിമറിച്ചാണ് ഗ്യാനേഷ് കുമാറിനെ മോദി ഭരണകൂടം നിശ്ചയിക്കുന്നത്.

♦ ഗ്യാനേഷ് കുമാറിന്റെ പൂർവ്വാശ്രമകഥകൾ വിവരിക്കുന്നതാണ് സി കെ ദിനേശിന്റെ ലേഖനം (രാജ്യദുരവസ്ഥയുടെ ജീവിക്കുന്ന പ്രതീകം).

♦ ഗ്യാനേഷ് കുമാർ കമ്മിഷന്റെ സ്വതന്ത്രവും ജനാധിപത്യപരവുമായ പ്രവർത്തനരീതി ഇല്ലാതാക്കി, എസ്ഐആർ പ്രക്രിയയെ ബിജെപിയുടെ തിരഞ്ഞെടുപ്പു വിജയത്തിനു കരുവാക്കി എന്നതാണ് അഡ്വക്കേറ്റ് മുഹമ്മദ് ഇബ്രാഹിം അബ്ദുൾസമദ് വിശദീകരിക്കുന്നത് (വിയോജിപ്പുകളുടെ തിരോധാനവും ഗ്യാനേഷ് കുമാറും). എങ്ങനെയെല്ലാമാണ് ഗ്യാനേഷ് കുമാർ ആവിഷ്കരിച്ച എസ്ഐആർ 2002–04 ലെ എസ്ഐആറിൽ നിന്നു വ്യത്യാസപ്പെട്ടിരിക്കുന്നത് എന്ന് ജി വിജയകുമാർ വിശദീകരിക്കുന്നു (എന്താണ് എസ്ഐആർ 2026? രക്തരഹിതമായ വംശഹത്യ!).

♦ എങ്ങനെ തിരഞ്ഞെടുപ്പു കമ്മിഷൻ വിശ്വാസ്യത നഷ്ടപ്പെട്ട സ്ഥാപനമായി മാറിയെന്ന് അഡ്വ. നീതു മോഹൻദാസ് വ്യക്തമാക്കുന്നു. (വിശ്വാസ്യത നഷ്ടപ്പെട്ട കമ്മിഷൻ).

♦ അടുത്തതായി നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് അട്ടിമറികളുടെ കെയ്സ് സ്റ്റഡികളാണ് അവതരിപ്പിക്കുന്നത്. ആദ്യം ബിഹാർ (എം അഖിൽ), പിന്നീട് കർണാടകം (വിനോദ് പായം), ഉത്തർപ്രദേശ് (കെ പി അക്ഷയ്), ബംഗാൾ (റിതിൻ പൗലോസ്). ജർമ്മനിയിലെയും ഇറ്റലിയിലെയും ഫാസിസ്റ്റ് ഭരണകൂടങ്ങൾ ആധിപത്യം നേടിയത് ജനായത്ത സമ്പ്രദായങ്ങളിലൂടെ ആദ്യം അധികാരത്തിൽവന്നശേഷം തിരഞ്ഞെടുപ്പു സമ്പ്രദായത്തെ അട്ടിമറിച്ചുകൊണ്ടായിരുന്നു. മോദി പിന്തുടരുന്നതും ഇതേ ഫാസിസ്റ്റ് രീതിയാണ് എന്ന് ഐ ബി സതീഷ് സമർഥിക്കുന്നു (മുസ്സോളിനിയെ പിന്തുടർന്ന് മോദി).

ഇനിയും കൂടുതൽ മുന്നോട്ടുപോകാൻ ഈ ഭരണാധികാരികളെ അനുവദിച്ചുകൂടാ. കൂടുതൽ ശക്തമായ, കൂട്ടായ സമരത്തിനായി എല്ലാ വിഭാഗം ജനങ്ങളും തെരുവിലിറങ്ങേണ്ട സമയമാണിത്. ധർമേന്ദ്ര പ്രധാനെ പോലെ ഗ്യാനേഷ് കുമാറിനും പോവേണ്ടിവരും. അല്ലാതെ ആളിപ്പടർന്നുകൊണ്ടിരിക്കുന്ന എസ്‌ഐആർ വിരുദ്ധ സമരത്തിന് അവസാനം ഉണ്ടാവില്ല. പക്ഷേ അടിച്ചമർത്താനാണ് ഇപ്പോഴും ബിജെപി സർക്കാരിന്റെ ശ്രമം. അതാണ് ഡൽഹിയിലെ കഴിഞ്ഞ ദിവസത്തെ സംഭവങ്ങൾ സൂചിപ്പിക്കുന്നത്.

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യ മുന്നണി എംപിമാരുടെ ഇലക്ഷൻ കമ്മിഷൻ ഓഫിസിലേക്കുള്ള മാർച്ചാണ് ഏറ്റവും പ്രധാന സംഭവവികാസം. എംപി എന്ന പരിഗണനപോലും നൽകാതെ എ എ റഹീമിനെയും ടി ശിദാസനേയും പോലുള്ള ജനപ്രതിനിധികളെ അതിനീചമായാണ് പൊലീസ് മർദിച്ചത്. പ്രതിപക്ഷനേതാവ് അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കി. പക്ഷേ ഒരു പകൽ മുഴുവൻ ദേശീയ ശ്രദ്ധയിൽ ഡൽഹി നിറഞ്ഞുനിന്നു.

രണ്ടാമത്തെ സംഭവം ഇടതുപക്ഷ വിദ്യാർഥി സംഘടനകളുടെ യോഗമാണ്. പത്താം തീയതി സിജെപിയുടെ പ്രതിഷേധമാർച്ചിലും ജന്തർ മന്തർ 1.0 പോലെ ഇടതുപക്ഷ വിദ്യാർഥി സംഘടനകൾ പങ്കാളികളാകും. പക്ഷേ കോൺഗ്രസിന്റെ എൻഎസ്‌യുഐ ഇത്തരത്തിൽ യോജിച്ച ഒരു പ്രക്ഷോഭത്തിന് തയ്യാറല്ല എന്നതാണ് ദൗർഭാഗ്യകരമായ കാര്യം. കോൺഗ്രസ് ഇന്ത്യയിലെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിതന്നെ എന്നതിൽ സംശയമില്ല. എന്നാൽ, വിശാല ബിജെപി വിരുദ്ധ യോജിപ്പിൽ എന്തുകൊണ്ടവർ ആശങ്കപ്പെടുന്നു എന്ന് മനസ്സിലാവുന്നില്ല. ജന്തർ മന്തർ 1.0 ലും ഇതുതന്നെ ആയിരുന്നു കോൺഗ്രസ് നിലപാട്. സമരം വിജയിച്ചു. പക്ഷേ കോൺഗ്രസ് ഒറ്റപ്പെട്ടു. ഈ അവസ്ഥ ഒഴിവാക്കുന്നതിനുവേണ്ടി ഇപ്പോഴത്തെ സമരത്തിൽ കൂടുതൽ ഊർജസ്വലമായി തന്നെ കോൺഗ്രസ് മുന്നിലുണ്ട്. പക്ഷേ സിജെപിയോട് ചേരാൻ അവർ തയ്യാറല്ല.

ഡൽഹിയിൽ നടന്ന മൂന്നാമത്തെ സംഭവം രാജീവ്‌ച‍ൗക്ക്‌ മെട്രോസ്‌റ്റേഷനു സമീപം കലാപ്രകടനങ്ങളും മുദ്രാവാക്യങ്ങളുമായി പ്രതിഷേധിച്ച എസ്എഫ്ഐയുടെയും ജന നാട്യമഞ്ച് എന്ന സാംസ്‌കാരിക കൂട്ടായ്മയുടെയും പ്രവർത്തകരെ പൊലീസും ആർഎസ്എസ് ഗുണ്ടകളുംകൂടി ആക്രമിച്ചതാണ്. വനിതാപ്രവർത്തകരെ ഉൾപ്പെടെ അക്രമികൾ കൈയേറ്റം ചെയ്‌തു. അക്രമികളെ തടയുന്നതിനു പകരം എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ ആദർശ്‌ എം സജി, ഡൽഹി സംസ്ഥാന സെക്രട്ടറി സൂരജ്‌ ഇളമൺ എന്നിവരുൾപ്പെടെ 15 പ്രവർത്തകരെ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്തു.

ജന്തർ മന്തർ 1.0 ലെന്നപോലെ ജന്തർ മന്തർ 2.0 സമരത്തിലും എസ്എഫ്ഐയും മറ്റ് ഇടതുപക്ഷ വിദ്യാർഥി സംഘടനകളും നിർണായക പങ്കുവഹിക്കുമെന്ന് തീർച്ചയായി. എസ്എഫ്ഐക്ക് ദേശവ്യാപകമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന പുതിയ ഉണർവ്വ് ഏറെ ആവേശകരമാണ്. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുകളിൽ ഉജ്വല വിജയം മാത്രമല്ല, എല്ലായിടത്തും പ്രക്ഷോഭ സമരങ്ങളുടെ മുൻനിരയിലും എസ്എഫ്ഐ ഉണ്ട്. ദേശീയ മാധ്യമങ്ങൾവരെ ഈ മുന്നേറ്റം നിരീക്ഷിച്ചിട്ടുണ്ട്.

ജെൻസി സമരത്തിന്റെ പാഠങ്ങൾ കൂടി ഉൾക്കൊണ്ടുകൊണ്ടായിരിക്കും “വിദ്യാർഥി മുന്നണിയിലെ കടമകൾ” സംബന്ധിച്ച രേഖയ്ക്ക് സിപിഐഎം അവസാനരൂപം നൽകുക. കൃത്യവും ശാസ്ത്രീയവുമായ സാമൂഹ്യലക്ഷ്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനോടൊപ്പം ജെൻസി തലമുറയുടെ സംവേദന-പ്രക്ഷോഭ രീതികൾ സ്വായത്തമാക്കേണ്ടതുമുണ്ട്. ദീർഘകാല പ്രവർത്തന പാരമ്പര്യം വലിയ അനുഭവങ്ങൾ എസ്എഫ്ഐക്ക് നൽകുന്നുണ്ട്. അത് കരുത്താണ്. പക്ഷേ കാലം മാറിയതിനനുസരിച്ച് വിദ്യാർഥി സാമാന്യത്തിന്റെ പുത്തൻ ശൈലികൾ ഉൾക്കൊള്ളാനാവണം. ഇത് താത്വിക പ്രശ്നമല്ല, പ്രായോഗിക പ്രശ്നമാണ്. പുതിയ സമരമുന്നേറ്റം ഇത്തരത്തിൽ വിദ്യാർഥി സംഘടനയെ നവീകരിക്കും എന്നതും തീർച്ചയാണ്.

ഡോ. ടി എം തോമസ് ഐസക്

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five − 4 =

Most Popular