‘‘വെളിച്ചം ദുഃഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം’’
1950കളിൽ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന കാവ്യത്തിൽ അക്കിത്തം എഴുതിയ വരികളാണിത്. കവിയുടെ വലതുപക്ഷത്തേക്കുള്ള ചുവടുവയ്പിന് തുടക്കംകുറിച്ച കാവ്യത്തിലെ വരികളാണിത്.
വലതുപക്ഷത്തെ സംബന്ധിച്ചിടത്തോളം എക്കാലവും തമസ്, ഇരുട്ട് സ്വീകാര്യമാണ്. വെളിച്ചം, നന്മ ഇവയെല്ലാം വലതുപക്ഷത്തിന് വർജ്യമാണ്. കേരളത്തിൽ നാം ഇന്നു കാണുന്നതും വലതുപക്ഷത്തിന്റെ അധികാരാരോഹണത്തിന്റെ പ്രതിഫലനങ്ങളാണ്. 1990കളുടെ തുടക്കംമുതൽ കേരളത്തിൽ നാം കാണുന്നതാണിത്. 1996ൽ അഞ്ച് വർഷത്തെ ഇടവേളയ്ക്കുശേഷം എൽഡിഎഫ് അധികാരത്തിലെത്തുമ്പോൾ വ്യവസായമേഖലയിൽ 100 ശതമാനം പവർകട്ടും വീടുകൾക്കും കച്ചവട സ്ഥാപനങ്ങൾക്കും രാത്രിയും പകലുമായി അഞ്ചും ആറും മണിക്കൂർ വരെ ലോഡ് ഷെഡ്ഡിങ്ങും ആയിരുന്നു സ്ഥിതി.
പിന്നീടുള്ള അഞ്ചുവർഷക്കാലത്തെ, പ്രതേ-്യകിച്ച് പിണറായി വിജയൻ വെെദ്യുതി മന്ത്രിയായിരുന്നപ്പോൾ ദീർഘവീക്ഷണത്തോടെ ഭാവനാപൂർണമായി നടപ്പാക്കിയ പദ്ധതികളുടെ ഫലമായി വെെദ്യുതി ഉൽപ്പാദനം വൻതോതിൽ വർധിക്കുകയും പ്രസരണ നഷ്ടം കാര്യമായി കുറയുകയും ചെയ്തു. തൽഫലമായി എൽഡിഎഫ് സർക്കാരിന്റെ ഭരണകാലത്ത്, പ്രതേ-്യകിച്ചും ഭരണത്തിന്റെ കാലാവധി കഴിയാറായപ്പോൾ പവർകട്ടും ലോഡ് ഷെഡ്ഡിങ്ങും പൂർണമായും ഇല്ലാതായി. പക്ഷേ ഭരണം മാറിയതോടെ, യുഡിഎഫ് വന്നതോടെ, വീണ്ടും വന്നു ഇരുട്ടിന്റെ കാലം. വെെദ്യുതി ഉൽപ്പാദന വർധനയോ പ്രസരണനഷ്ടം ഇല്ലാതാക്കലോ യുഡിഎഫ് കാലത്തെ അജൻഡയായില്ല. ജനങ്ങളെ ഇരുട്ടിലാക്കാതിരിക്കാനുള്ള മറ്റു നടപടികളും ഉണ്ടായില്ല.
2006 ആയപ്പോഴാണ് ഈ സ്ഥിതിയിൽ പിന്നെയും മാറ്റമുണ്ടായത്. അടുത്ത അഞ്ചുവർഷവും വെളിച്ചത്തിന്റെ കാലമായിരുന്നു. ഈ മേഖലയിൽ പുതിയ സ്കീമുകൾ പലതും വന്നു. അന്നേവരെ വെെദ്യുതി ചെന്നെത്താതിരുന്നയിടങ്ങളിലെല്ലാം വെെദ്യുതി എത്തിയെന്നു മാത്രമല്ല, മുടങ്ങാതെതന്നെ ആളുകൾക്ക് വെെദ്യുതി ലഭിക്കുകയും ചെയ്തു. അഞ്ചുവർഷമേ അത് നിലനിന്നുള്ളൂ. വീണ്ടും കേരളം യുഡിഎഫിന്റെ ഇരുൾമൂടിയ കാലത്തേക്കാണ് സ്വയം നടന്നുകയറിയത്.
2011ൽ തുടങ്ങിയ അഞ്ചുവർഷത്തെ ആ ഇരുണ്ട കാലവും 2016ൽ പോയ് മറഞ്ഞു. പ്രകാശപൂരിതമായ, വെെദ്യുതി മുടങ്ങാത്ത, ഇടതടവില്ലാതെ വെെദ്യുതി പ്രവഹിച്ചിരുന്ന പത്തുവർഷം. മാറ്റം എന്ന അവ്യക്തമായ ആശയത്തിന്റെ പിന്നാലെ പാഞ്ഞ മലയാളി സ്വയം ഇരുട്ടിന്റെ ചതിക്കുഴിയിലേക്ക് ചാടുകയാണുണ്ടായത്. മാറ്റമുണ്ടായി, അതായത് ഭരണം മാറി, ഒരാഴ്ചപോലും വേണ്ടി വന്നില്ല ക്ഷണിക്കപ്പെടാത്ത അതിഥിയെ പോലെ ഇരുണ്ടകാലം വീണ്ടുംവരുന്നു.
പ്രതിഷേധങ്ങൾ എത്ര ഉയർന്നിട്ടും അവയെല്ലാം ബധിരകർണങ്ങളിലാണ് പതിച്ചത്. ജനവികാരം മനസ്സിലാക്കാനാവാത്ത, ജനങ്ങളുടെ ആവലാതികൾക്കുനേരെ പുറന്തിരിഞ്ഞുനിൽക്കുന്ന ഭരണാധികാരികളിൽ നിന്ന് പ്രശ്നപരിഹാരത്തിന് ക്രിയാത്മകമായ എന്തെങ്കിലും ലഭിക്കുമെന്ന് പ്രതീക്ഷിക്കാനാവില്ലല്ലോ.
ഈ പശ്ചാത്തലത്തിൽ, കേരളം ഇന്നു നേരിടുന്ന അതീവ ഗുരുതരമായ വെെദ്യുതി പ്രതിസന്ധിയിലേക്ക് വെളിച്ചംവീശുകയാണ് ഈ ലക്കം കവർസ്റ്റോറി. ഈ ലക്കം തയ്യാറാക്കുന്നതിന് ഗസ്റ്റ് എഡിറ്റർ എന്ന നിലയിൽ ഞങ്ങളെ സഹായിച്ചത് വെെദ്യുതി രംഗത്തെ വിദഗ്ധനും കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ മുൻ നേതാവും ഇപ്പോൾ ഇഇഎഫ്ഐ നേതാവുമായ ഡോ. എം ജി സുരേഷ്കുമാറാണ്. അദ്ദേഹത്തിന് ഞങ്ങളുടെ ഉള്ളുനിറഞ്ഞ അഭിനന്ദനങ്ങൾ.
ഡോ. ടി എം തോമസ് ഐസക്



