Wednesday, September 30, 2026

ad

Homeകവര്‍സ്റ്റോറികൈവിട്ടുപോയ ഗോൾഡൻ അവർ

കൈവിട്ടുപോയ ഗോൾഡൻ അവർ

ഡോ. എം ജി സുരേഷ്കുമാർ

യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നിട്ട് നാലുമാസമായി. ഉണ്ടാകുന്ന എല്ലാ പ്രതിസന്ധികളും മുൻ എൽഡിഎഫ് സർക്കാരിന്റെ ചുമലിൽ ചാരുന്നതിനപ്പുറം പ്രശ്നപരിഹാരത്തിന് എന്തെങ്കിലും ഇടപെടലുകൾ സർക്കാരിൽനിന്ന് ഉണ്ടാകുന്നില്ല. വൈദ്യുതി മേഖലയിലും യുഡിഎഫ് സർക്കാർ സ്വീകരിക്കുന്നത് ഇതേ സമീപനമാണ്. ലോഡ് ഷെഡ്ഡിങ്ങോ പവർകട്ടോ ഇല്ലാതെ പത്തുവർഷങ്ങൾ പിന്നിട്ട കേരളം വീണ്ടും കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്കും മൂന്നും നാലും തവണ ലോഡ് ഷെഡ് ചെയ്യേണ്ട സ്ഥിതിയിലേക്ക് തിരിച്ചുവരുകയും ചെയ്തു എന്നതാണ് കഴിഞ്ഞ നാലുമാസം കൊണ്ടുണ്ടായിട്ടുള്ള അനുഭവം.

എൽ നിനോ, മഴക്കുറവ്, ഡാമുകളിലെ വെള്ളം കുറഞ്ഞത്, ഉപഭോഗവർധനവ് തുടങ്ങി നിരവധി കാരണങ്ങൾ ചൂണ്ടിക്കാണിക്കുമ്പോഴും ഇപ്പോഴത്തെ പ്രതിസന്ധിയുടെ ഉത്തരവാദിത്തത്തിൽ നിന്ന് യുഡിഎഫ് സർക്കാരിന് ഒഴിഞ്ഞുമാറാൻ കഴിയില്ല. എന്നാൽ മൂന്നുവർഷം മുമ്പ് റദ്ദായ 465 മെഗാവാട്ട് ദീർഘകാല വൈദ്യുതിക്കരാർ ഉയർത്തിപ്പിടിച്ച് പ്രതിസന്ധിയുടെ കുറ്റം മുൻ സർക്കാരിൽ ചാർത്താനാണ് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും ശ്രമിക്കുന്നത്. എന്നാൽ ഉണ്ടായിട്ടുള്ള പ്രതിസന്ധി പരിഹരിക്കാൻ കഴിയുന്ന രാഷ്ട്രീയ ഇടപെടലുകളൊന്നും ഉണ്ടാകുന്നുമില്ല. ഉദ്യോഗസ്ഥതല പരിശ്രമങ്ങൾക്കപ്പുറം ഒന്നും ചെയ്യാനില്ലാത്ത നിലയിലേക്ക് രാഷ്ട്രീയ നേതൃത്വം തുറന്നുകാട്ടപ്പെട്ടിരിക്കുന്നു.

ആസൂത്രണത്തിലെ പിഴവിന് ഉത്തരവാദിയാര്?
എൽ നിനോയോടൊപ്പം താപനില ഉയർന്നതും മഴക്കുറവും ചേർന്ന് ഉപഭോഗത്തിൽ പ്രതീക്ഷിച്ചതിനേക്കാൾ ആയിരം മെഗാവാട്ടോളം വർധനവുണ്ടായതാണ് ഇപ്പോഴത്തെ പ്രതിസന്ധിയുടെ സാങ്കേതിക കാരണമെന്നതിൽ തർക്കമില്ല. ഡാമുകളിലെ ജലസംഭരണം മുൻകാലങ്ങളുടെ പകുതിയിൽ താഴെയായതും പ്രതിസന്ധി രൂക്ഷമാക്കി. എന്നാൽ ഈ പ്രതിസന്ധി ശ്രദ്ധയിൽപ്പെട്ട ഉടനെ പ്രശ്നപരിഹാരത്തിനുള്ള ശ്രമമുണ്ടായോ എന്നതാണ് പ്രധാനപ്പെട്ട ചോദ്യം. ഈ വർഷം എൽ നിനോ ആയിരിക്കും എന്ന പ്രവചനം നേരത്തെ ഉണ്ടായിരുന്നില്ല. കഴിഞ്ഞ ജനുവരിയിലും ഫെബ്രുവരിയിലും വന്ന ഐഎംഡി ബുള്ളറ്റിനുകൾ പോലും പ്രവചിച്ചത് ലാനിനാ ആയിരുന്നു. അതായത് നല്ല മഴയോടു കൂടിയ മൺസൂണും നല്ല തണുപ്പുള്ള ശീതകാലവും. എൽ നിനോ പ്രവചിക്കപ്പെട്ടത് കഴിഞ്ഞ മെയ് അവസാനവാരത്തോടെയും സ്ഥിരീകരിക്കപ്പെട്ടത് ജൂൺ ആദ്യത്തോടെയും ആയിരുന്നു. അതുകൊണ്ടുതന്നെ വൈദ്യുതി ആസൂത്രണത്തിൽ മുൻസർക്കാരിന്റെ കാലഘട്ടത്തിൽ എന്തെങ്കിലും പിഴവുണ്ടായതായി ആരോപിക്കുന്നതിൽ യാതൊരർത്ഥവുമില്ല. പക്ഷേ അതിനാണ് യുഡിഎഫ് നേതൃത്വവും സർക്കാരും ശ്രമിക്കുന്നത്.

യുഡിഎഫ് വന്നിട്ട് ഏതാനും മാസമേ ആയുള്ളൂ; ആസൂത്രണം മുൻസർക്കാരിന്റെ ഉത്തരവാദിത്തമായിരുന്നില്ലേ എന്നാണ് ഉയർത്തപ്പെടുന്ന ആരോപണം. ഈ വർഷത്തെ ആവശ്യകതയും ലഭ്യതയും കഴിഞ്ഞ വർഷം തന്നെ ആസൂത്രണം ചെയ്യേണ്ടതല്ലേ എന്ന ചോദ്യത്തിന് അതേ എന്നുതന്നെയാണ് ഉത്തരം. എന്നാൽ അത് കഴിഞ്ഞ വർഷത്തെ ഉപഭോഗം, മുൻകാലത്ത് ഇതേ സമയത്തുണ്ടായിരുന്ന ആവശ്യകത, സ്വാഭാവിക വർധനവ്, സാധ്യമായ വ്യതിയാനങ്ങൾ എന്നിവയെ ആശ്രയിച്ചാണ് നിശ്ചയിക്കുന്നത്. ഈ ഘടകങ്ങളും ലാനിന പ്രവചനം കൂടി കണക്കിലെടുത്തും കേരളത്തിലെ ഉപഭോഗവർധനവിന്റെ പാറ്റേണും പരിശോധിച്ചാണ് ഈ വർഷത്തെ മൺസൂൺ കാലത്ത് 4000–4100 മെഗാവാട്ട് വരെ ഉപഭോഗമുണ്ടാകുമെന്ന് തിട്ടപ്പെടുത്തിയത്. വരാവുന്ന പരമാവധി വ്യതിയാനം കൂടി കണക്കിലെടുത്ത് 4200–4300 മെഗാവാട്ട് വരെ നിറവേറ്റാനുള്ള ആസൂത്രണം കെഎസ്ഇബി മുൻകൂട്ടി ചെയ്യുകയും ചെയ്തു.

4200 മെഗാവാട്ട് പ്രതീക്ഷിച്ചത് ശരി; ഇപ്പോൾ 5000-ന്റെ മുകളിലേക്ക് പോയി; അപ്പോൾ അതിനും കൂടി ആസൂത്രണം വേണ്ടിയിരുന്നില്ലേ എന്ന് ചില “വിദഗ്ദ്ധർ’ ചോദിക്കുന്നു. വലിയ സർപ്ലസ് പ്ലാനിങ് നടത്തേണ്ടിയിരുന്നില്ലേ എന്നാണ് ഈ ചോദ്യത്തിനർത്ഥം. അങ്ങനെ വന്നാൽ ഈ സാഹചര്യം ഉണ്ടായില്ലെങ്കിൽ പ്ലാൻ ചെയ്ത അധിക വൈദ്യുതി എന്തുചെയ്യും? വലിയ വിലകൊടുത്ത് സംഘടിപ്പിക്കുന്ന വൈദ്യുതി വെറുതേ സറണ്ടർ ചെയ്യേണ്ട സ്ഥിതിവരില്ലേ? അത് ഉപഭോക്താക്കൾക്ക് എത്ര വലിയ ബാധ്യതയാണ് സൃഷ്ടിക്കുക. ജനങ്ങൾക്ക് വൈദ്യുതി എത്തിക്കുക മാത്രമല്ല, താങ്ങാവുന്ന നിരക്കിൽ നൽകുകയും കെഎസ്ഇബിയുടെ ഉത്തരവാദിത്തമാണ്. ചെറിയതോതിലുള്ള വർധനവിനപ്പുറം വലിയ അപ്രതീക്ഷിത മാറ്റങ്ങളെ ആസൂത്രണത്തിന്റെ ഭാഗമാക്കുക പ്രായോഗികമല്ല. ഇത് മനസ്സിലാക്കാൻ അതി വൈദഗ്ദ്ധ്യമൊന്നും ആവശ്യമില്ല.

സ്വാപ്പ് കരാറുകളാണോ പ്രതിസന്ധി സൃഷ്ടിച്ചത്?
കഴിഞ്ഞ ഏപ്രിൽ, മെയ് മാസങ്ങളിലെ വൈദ്യുതി ആവശ്യങ്ങൾക്ക് മഴക്കാലത്ത് തിരിച്ചുകൊടുക്കാമെന്നു പറഞ്ഞ് സ്വാപ്പ് അടിസ്ഥാനത്തിൽ വാങ്ങിയ വൈദ്യുതി തിരിച്ചുകൊടുക്കേണ്ടി വരുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും അതിന് ഉത്തരവാദി കഴിഞ്ഞ എൽഡിഎഫ് സർക്കാരാണെന്നും യുഡിഎഫ് പ്രചരിപ്പിക്കുന്നുണ്ട്. കേരളത്തിന്റെ വൈദ്യുതി ആസൂത്രണത്തിൽ ഏറെ പ്രധാനപ്പെട്ട ഒന്നാണ് സ്വാപ്പ് കരാറുകൾ. മഴക്കാലത്ത് പൊതുവേ വൈദ്യുതി മിച്ചമുള്ള കേരളത്തിൽ വേനലിൽ വലിയ വൈദ്യുതിക്കമ്മിയും ഉണ്ടാകാറുണ്ട്. ഈ അവസ്ഥകൾ കണക്കിലെടുത്ത് മഴക്കാലത്തുണ്ടാകാനിടയുള്ള മിച്ച വൈദ്യുതി പകരം കൊടുക്കുന്ന നിലയിൽ വേനലിൽ വൈദ്യുതി വാങ്ങുന്നത് തികച്ചും ശരിയായ ആസൂത്രണമാണ്. ഇത് എല്ലാകാലത്തും സ്വീകരിച്ചുപോരുന്നതുമാണ്. ഈ വർഷം എൽനിനോ വരുന്നതും പ്രതിസന്ധിയുണ്ടാകുന്നതും ഇത്തരമൊരു കരാർ വെക്കുന്ന സന്ദർഭത്തിൽ വെളിപ്പെട്ടിരുന്നുമില്ല. സ്വാഭാവിക നടപടികൾക്കപ്പുറം ആസൂത്രണത്തിൽ എന്തെങ്കിലും പിഴവ് എൽഡിഎഫ് കാലത്തുണ്ടായതായി കാണാൻ കഴിയില്ല.

ഇപ്പോഴുണ്ടായിട്ടുള്ള പ്രതിസന്ധി കഴിഞ്ഞ വർഷം തന്നെ മുൻകൂട്ടി ആസൂത്രണം ചെയ്ത് ഒഴിവാക്കാവുന്ന ഒന്നായിരുന്നില്ല. ഹ്രസ്വകാലത്തിൽ രൂപപ്പെട്ട പ്രതിസന്ധിക്ക് ഹ്രസ്വകാല പരിഹാരമേ സാധ്യമാകുകയുമുള്ളൂ. പക്ഷേ അവിടെയാണ് വലിയ പാളിച്ച ഉണ്ടായത്. അതിനുത്തരവാദിത്തം നിലവിലെ സർക്കാരിനുതന്നെയാണ്.

കൈവിട്ടുപോയ 
സുവർണ മണിക്കൂർ
സ്വാഭാവികമായും ഉയർന്നുവരുന്ന ചോദ്യം പ്രതിസന്ധി പരിഹരിക്കാൻ സാഹചര്യമുണ്ടായിരുന്നോ എന്നതാണ്? സൂചനകൾ കിട്ടിയ ഉടനെ ഇടപെടുകയാണ് വേണ്ടിയിരുന്നത്. നേരത്തെ ചൂണ്ടിക്കാട്ടിയ പോലെ ലാനിനയല്ല എൽ നിനോയാകുമെന്ന് ആദ്യം പ്രവചിക്കപ്പെട്ടത് മെയ് അവസാനവാരത്തിലും വ്യക്തമായത് ജൂൺ ആദ്യത്തോടെയുമാണ്. ഇടപെടേണ്ട ഗോൾഡൻ അവർ മെയ് അവസാനം–ജൂൺ ആദ്യവാരങ്ങളായിരുന്നു.

മെയ് പകുതിയോടെ പുതിയ സർക്കാർ അധികാരത്തിൽ വന്നു. വൈദ്യുതി പ്രതിസന്ധി അജൻഡയായില്ല. വൈദ്യുതി ബോർഡിൽ മെയ് 31-ന് ഉന്നതോദ്യോഗസ്ഥരിൽ വലിയൊരു ഭാഗം വിരമിച്ചു. തുടർച്ചയും കാര്യക്ഷമതയും നിലനിർത്തുന്ന ക്രമീകരണത്തിനുപകരം ഭരണപക്ഷ സംഘടനകളുടെ സീറ്റുകൾ കൈവശപ്പെടുത്താനുള്ള ബഹളമാണ് നടന്നത്. ഉഭയകക്ഷി കരാറുകൾക്കോ മറ്റു സംസ്ഥാനങ്ങളുമായുള്ള രാഷ്ട്രീയ ചർച്ചകൾക്കോ മുൻഗണന ലഭിച്ചില്ല. ചൂടുകൂടുമ്പോൾ വൈദ്യുതി മിച്ചമുള്ള ഹിമാചൽ, വടക്കുകിഴക്ക് സംസ്ഥാനങ്ങൾ, വലിയ കാപ്റ്റീവ് നിലയങ്ങൾ തുടങ്ങി പലവിധ സാധ്യതകൾ ഉണ്ടായിരുന്നു. എന്നാൽ അവയൊന്നും പരിശോധിക്കാൻപോലും സർക്കാർ തയ്യാറായില്ല. രാഷ്ട്രീയ നേതൃത്വം ഇടപെടേണ്ട സുവർണമണിക്കൂർ നഷ്ടപ്പെടുത്തിക്കളഞ്ഞു.

പുര കത്തുമ്പോൾ വാഴവെട്ടുക എന്ന പ്രയോഗം അന്വർത്ഥമായി. സുവർണമണിക്കൂർ നഷ്ടപ്പെടുത്തിയ സർക്കാർ, യൂണിറ്റിന് 30 രൂപ വരെ കൊടുത്ത് വാങ്ങേണ്ടിവരുമെന്നാണ് പ്രതികരിച്ചത്. പ്രതിസന്ധി പരിഹരിക്കലാണോ മറ്റെന്തെങ്കിലുമാണോ താൽപര്യമെന്ന് ചർച്ചയായപ്പോൾ സീലിങ് പത്ത് രൂപയാണെന്നു പറഞ്ഞ് ആ ശ്രമം പിൻവലിച്ചു. ഇതോടൊപ്പം തങ്ങളുടെ പാളിച്ച മറച്ചുവെക്കാൻ റദ്ദായിപ്പോയ വൈദ്യുതിക്കരാറിൽ തൂങ്ങി, തടിപ്പാനുള്ള ശ്രമങ്ങളാണ് വൈദ്യുതി മന്ത്രിയുടേയും മുഖ്യമന്ത്രിയുടേയും ഭാഗത്തുനിന്നുണ്ടായത്.

കരാർ റദ്ദായത് ഈ പ്രതിസന്ധിക്ക് കാരണമല്ല
465 മെഗാവാട്ട് കരാർ റദ്ദായതാണ് പ്രതിസന്ധിക്ക് കാരണമെന്ന് മുഖ്യമന്ത്രിയും മന്ത്രിയും ആവർത്തിക്കുന്നു. റെഗുലേറ്ററി ഉത്തരവ് 2023-ലാണ്. മൂന്ന് വർഷമായി കരാർ ഇല്ലാതെ തന്നെ പവർകട്ടോ ലോഡ് ഷെഡ്ഡിങ്ങോ ഇല്ലാതെ മുന്നോട്ടുപോയി. 2023-ൽ എൽ നിനോയോടൊപ്പം കരാറും റദ്ദായിട്ടും കേരളം പ്രതിസന്ധിയെ നേരിട്ടു. അതുകൊണ്ട് ഇപ്പോഴത്തെ പ്രതിസന്ധിയും കരാറും തമ്മിൽ നേരിട്ട് ബന്ധമില്ല.

ഈ വർഷത്തെ ആസൂത്രണം 4,200 മെഗാവാട്ടിന് വേണ്ടിയായിരുന്നു. കരാർ ഉണ്ടായിരുന്നെങ്കിൽ പ്രതീക്ഷിച്ച 4,200-നപ്പുറം കണ്ടെത്തുമായിരുന്നോ? ഇല്ല. കരാർ പ്രകാരമുള്ള 465 മെഗാവാട്ട് കൂടി ഉൾപ്പെടുത്തിയായിരിക്കും ആ 4200 കണ്ടെത്തുക. ഉപഭോഗവർധനവിന്റെ വിടവ് അപ്പോഴും നികത്തപ്പെടില്ല. പ്രതിസന്ധിയിൽ മാറ്റമുണ്ടാകില്ല. പക്ഷേ കരാർ ഉണ്ടായിരുന്നെങ്കിൽ ആസൂത്രണം ചെയ്തതിനു പുറമേ 465 മെഗാവാട്ട് കൂടി കിട്ടിയേനെ എന്ന നിലയിൽ ഒരേ വൈദ്യുതി രണ്ടുതവണ കണക്കാക്കിയാണ് മന്ത്രിമാർ പോലും മറുപടി പറയുന്നത്.

യഥാർത്ഥത്തിൽ വൈദ്യുതിക്കരാർ റദ്ദാക്കിയത് ആരാണ്? ഇടതുപക്ഷ സർക്കാരാണോ എന്ന ചോദ്യം ഉയർന്നുവന്നത് ഈ സാഹചര്യത്തിലാണ്. 2015ൽ യുഡിഎഫ് ഭരണകാലത്ത് ആര്യാടൻ മുഹമ്മദ് വൈദ്യുതി മന്ത്രിയായിരിക്കെയാണ് 765 മെഗാവാട്ടിന്റെ ദീർഘകാല വൈദ്യുതിക്കരാർ വെക്കുന്നത്. എന്നാൽ ഈ കരാറിന് നിയമം അനുശാസിക്കുന്ന നിലയിൽ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ മുൻകൂർ അനുമതി കിട്ടിയിരുന്നില്ല. ടെണ്ടർ നടപടികളിൽ വരുത്തിയ വ്യതിയാനങ്ങൾ കമ്മീഷൻ അംഗീകരിക്കില്ല എന്നത് മനസ്സിലാക്കിയാണ് അനുമതിയില്ലാതെ കരാറിലേക്ക് പോകാൻ അന്നത്തെ സർക്കാരും കെഎസ്ഇബിയും തീരുമാനിച്ചത്. പിന്നീട് 2016ൽ എൽഡിഎഫ് അധികാരത്തിൽ വന്ന ശേഷം വൈദ്യുതി കിട്ടിത്തുടങ്ങുന്ന സന്ദർഭത്തിൽ വീണ്ടും കരാറിന് അംഗീകാരത്തിനായി കമ്മീഷനെ സമീപിച്ചു. എന്നാൽ 765ൽ ടെണ്ടർ വ്യതിയാനം ഇല്ലാതെ വെച്ച 300 മെഗാവാട്ട് മാത്രമാണ് കമ്മീഷൻ അംഗീകരിച്ചത്. കരാർ അംഗീകരിക്കുന്നത് പിന്നീടാക്കാമെന്ന് പറഞ്ഞ് മാറ്റിവെക്കാനാണ് കമ്മീഷൻ തീരുമാനിച്ചത്. കരാർ പ്രകാരമുള്ള വൈദ്യുതി കേരളത്തിന് അനിവാര്യമാണെന്ന സംസ്ഥാനസർക്കാർ നിലപാട് പരിഗണിച്ച് കരാർ പ്രകാരമുള്ള വൈദ്യുതി വാങ്ങിക്കുവാൻ കമ്മീഷൻ അനുവദിക്കുകയും ചെയ്തു.

കരാറിന് അംഗീകാരമില്ലാതെ വാങ്ങിയ വൈദ്യുതിക്ക് ബില്ല് കൊടുക്കുന്നത് സംബന്ധിച്ച് തർക്കങ്ങൾ ഉയർന്നുവന്നു. ആ സന്ദർഭത്തിൽ കമ്പനികൾ കോടതിയെ സമീപിക്കുകയും സുപ്രീം കോടതി കരാർ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാൻ കമ്മീഷനോട് നിർദ്ദേശിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ കരാർ പരിശോധിച്ച കമ്മീഷൻ, കരാർ ക്രമപ്രകാരമല്ല എന്ന് ചൂണ്ടിക്കാട്ടി റദ്ദുചെയ്യുകയും ചെയ്തു. എന്നാൽ കരാർ റദ്ദാകുന്നത് സംസ്ഥാന താൽപര്യത്തിന് വിരുദ്ധമാകും എന്നതിനാൽ സർക്കാർ കരാർ പുന:സ്ഥാപിക്കാൻ കമ്മീഷന് നയപരമായ നിർദ്ദേശം നൽകി. അതനുസരിച്ച് കമ്മീഷൻ കരാർ പുന:സ്ഥാപിച്ചു. പക്ഷേ ഈ കരാർ വൈദ്യുതി ഉയർന്ന വിലയ്ക്ക് പുറത്തുവിൽക്കാൻ അവസരമുണ്ടാക്കുമെന്ന് കണ്ടാകണം കമ്പനികൾ അപ്പലേറ്റ് ട്രിബ്യൂണലിനെ സമീപിക്കുകയും കരാർ വീണ്ടും റദ്ദാക്കുകയും ചെയ്തത്. ഇതിനെതിരെ കെഎസ്ഇബിയും സർക്കാരും സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിക്കുകയും കേസ് നടക്കുകയുമാണ്. 2023ലാണ് കരാർ അന്തിമമായി റദ്ദാക്കപ്പെട്ടത്.

കരാർ റദ്ദാക്കിയത് റെഗുലേറ്ററി കമ്മീഷനാണ്, എൽഡിഎഫ് സർക്കാരല്ല എന്ന് ഇതിൽ നിന്നും വ്യക്തമാണ്. എന്നാൽ ഈ കമ്മീഷൻ അംഗങ്ങളെ നിയമിച്ചത് എൽഡിഎഫ് സർക്കാരല്ലേ എന്നാണ് മറുചോദ്യം. കരാറിന് മുൻകൂർ അനുമതി നിഷേധിച്ച 2015ലും വീണ്ടും അംഗീകാരത്തിന് സമർപ്പിച്ചപ്പോൾ അംഗീകരിക്കാൻ തയ്യാറാകാതിരുന്ന 2016 ഡിസംബറിലുമൊക്കെ റെഗുലേറ്ററി കമ്മീഷനിൽ ഉണ്ടായിരുന്നത് യുഡിഎഫ് കാലത്ത് നിയോഗിക്കപ്പെട്ടവർ ആയിരുന്നു. അന്നത്തെ നിലപാടിന്റെ തുടർച്ച മാത്രമാണ് 2023ലും ഉണ്ടായത്. റെഗുലേറ്ററി കമ്മീഷൻ ഒരു അർദ്ധ ജുഡീഷ്യൽ സ്ഥാപനമാണ്. ഹാജരാക്കപ്പെടുന്ന രേഖകളുടേയും പൊതു തെളിവെടുപ്പിന്റേയും അടിസ്ഥാനത്തിൽ കോടതിക്ക് സമാനമായ നടപടിക്രമങ്ങൾ പാലിച്ചാണ് ഇത് പ്രവർത്തിക്കുന്നത് എന്ന കാര്യമെങ്കിലും ആക്ഷേപം ഉന്നയിക്കുന്ന യുഡിഎഫ് നേതൃത്വം മനസ്സിലാക്കേണ്ടതുണ്ട്.

എൽ നിനോയും പ്രതിസന്ധികളും 
ആദ്യമായല്ല
ഉയർന്ന ഉപഭോഗവും മഴക്കുറവും വൈദ്യുതി ദൗർലഭ്യവും കേരളം ആദ്യമായല്ല നേരിടുന്നത്. 2023-ൽ ഇതിലും രൂക്ഷമായ പ്രതിസന്ധി ഉണ്ടായി. അന്നും കടുത്ത എൽ നിനോ ഉണ്ടായി. ജൂണിലും ജൂലൈയിലും മഴ ഇല്ലായിരുന്നു. ആഗസ്തിലാണ് കുറച്ചെങ്കിലും മഴ പെയ്തത്. രാജ്യമാകെ പ്രതിസന്ധിയുണ്ടായി. അക്കാലത്താണ് 465 മെഗാവാട്ട് വൈദ്യുതിക്കരാർ റദ്ദാക്കപ്പെടുകയും ചെയ്തത്. പ്ലാനിങ്ങിൽ ഉൾപ്പെട്ട കരാർ പ്രകാരമുള്ള വൈദ്യുതി കിട്ടാതിരുന്നത് അന്ന് പ്രതിസന്ധി ഇന്നത്തേതിലും രൂക്ഷമാകാൻ കാരണമായി. എന്നാൽ കേരളം പവർക്കട്ടോ ലോഡ് ഷെഡ്ഡിങ്ങോ ഇല്ലാതെ പിന്നിട്ടു. 2017-ലും ഇതേ സാഹചര്യം ഉണ്ടായി; നമ്മൾ നിയന്ത്രണങ്ങളില്ലാതെ തന്നെ മുന്നോട്ടുപോയി. ദേശീയ കമ്പോളത്തിൽ നിന്ന് വാങ്ങുക എന്ന ഏക മാർഗത്തിനപ്പുറം മറ്റു സംസ്ഥാനങ്ങളിലെ വൈദ്യുതി നില പഠിച്ച് മിച്ചമുള്ളിടത്തുനിന്ന് ഉഭയകക്ഷി ചർച്ചയിലൂടെ ലഭ്യമാക്കുകയാണ് അന്നൊക്കെ സർക്കാർ സ്വീകരിച്ച സമീപനം.

ഒക്ടോബറോടെ പ്രതിസന്ധിക്ക് താൽക്കാലികമായി അയവുണ്ടാകും. സ്വാപ്പ് കരാറുകൾ അവസാനിക്കുന്നതും നേരത്തെ ഏർപ്പെട്ട ചില ഹ്രസ്വകാലക്കരാറുകളിൽ നിന്ന് വൈദ്യുതി കിട്ടിത്തുടങ്ങുന്നതുമാണ് ഇതിന് കാരണം. എന്നാൽ വരുന്ന ഫെബ്രുവരിയോടെ പ്രതിസന്ധി തിരിച്ചെത്തും. അടുത്ത മഴക്കാലം കണ്ടുകൊണ്ടുള്ള സ്വാപ്പ് കരാറുകളിൽ ഏർപ്പെട്ടുകൊണ്ട് ഈ പ്രതിസന്ധി മുറിച്ചുകടക്കാൻ കഴിയണം. ഇത് തുടർച്ചയായി നടന്നുപോകേണ്ട ആസൂത്രണപ്രക്രിയയുടെ ഭാഗമാണ്. എന്നാൽ പ്രതിസന്ധിയെ കൊള്ളവിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള ലൈസൻസ് ആയി കാണുന്ന സമീപനം ഉണ്ടായിക്കൂട. പ്രതിസന്ധികളിൽ നിസ്സഹായത പ്രകടിപ്പിക്കലല്ല, പരിഹാരം കാണലാണ് സർക്കാരിന്റെ കടമ.

പ്രതിസന്ധികളിൽ രാഷ്ട്രീയ ഇച്ഛാശക്തിയോടെയുള്ള ഇടപെടലാണ് പ്രധാനം
ഡിമാൻഡ് സൈഡ് മാനേജ്മെന്റ് അടക്കം പൊതുജന പിന്തുണയോടെ ഏറ്റെടുക്കേണ്ട നിരവധി പ്രവർത്തനങ്ങളുണ്ട്. വൈദ്യുതി മേഖലയിലെ ജീവനക്കാരുടേയും പൊതുപ്രവർത്തകരുടേയുമൊക്കെ സഹകരണത്തോടെ വലിയൊരു കാമ്പയിൻ ഏറ്റെടുത്താൽ പീക്ക് സമയത്തെ ഉപഭോഗത്തിൽ ചിലത് വൈദ്യുതി മിച്ചമുള്ള പകൽസമയത്തേക്ക് മാറ്റാൻ കഴിഞ്ഞേക്കും. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിർമ്മാണം തുടങ്ങിയ ബാറ്ററി സ്റ്റോറേജ് പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതും പ്രതിസന്ധിക്ക് അയവുവരുത്തുന്നതിൽ പ്രധാനമാണ്. എന്നാൽ, ജീവനക്കാർ അനധികൃതമായി വൈദ്യുതി ലൈൻ ഓഫാക്കുന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത് എന്ന നിലയിലുള്ള പ്രതികരണങ്ങൾ ജീവനക്കാരുടെ യും ജനങ്ങളുടെയും സഹകരണം നഷ്ടമാകുന്നതിനേ സഹായിക്കൂ എന്നും സർക്കാർ മനസ്സിലാക്കേണ്ടതുണ്ട്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

14 + one =

Most Popular