Wednesday, September 30, 2026

ad

Homeകവര്‍സ്റ്റോറിവൈദ്യുതി പ്രതിസന്ധി ഇടത് – വലത് സമീപനങ്ങളിലെ വ്യത്യാസം തുറന്നുകാട്ടുന്നു

വൈദ്യുതി പ്രതിസന്ധി ഇടത് – വലത് സമീപനങ്ങളിലെ വ്യത്യാസം തുറന്നുകാട്ടുന്നു

പിണറായി വിജയൻ

വ്യവസായങ്ങളുടെ വ്യവസായമാണ് വൈദ്യുതി. ഏതൊരു സമൂഹത്തിന്റേയും വികസനം ഗുണമേൻമയുള്ള ഊർജലഭ്യതയുമായിക്കൂടി ബന്ധപ്പെട്ടുകിടക്കുന്നതാണ്. വൈദ്യുതിമേഖലയെ സാമൂഹ്യവികസനത്തിന്റെ അടിസ്ഥാന സൗകര്യമെന്ന നിലയിൽ കണ്ടുകൊണ്ടുള്ള ഇടപെടലുകളാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരുകൾ കേരളത്തിൽ നടത്തിയിട്ടുള്ളത്. എന്നാൽ നവലിബറൽ നയങ്ങൾ വൈദ്യുതിയേയും ഒരു കച്ചവടച്ചരക്കുമാത്രമായിക്കാണുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ഈ നയം രാജ്യത്ത് കടുത്ത പ്രതിസന്ധികൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് എപ്പോഴൊക്കെ യുഡിഎഫ് സർക്കാരുകൾ അധികാരത്തിൽ വന്നിട്ടുണ്ടോ അപ്പോഴൊക്കെ നടപ്പാക്കാൻ ശ്രമിച്ചിട്ടുള്ളത് ഈ നവ ഉദാരവൽക്കരണ നയങ്ങൾ തന്നെയാണ്. അതുകൊണ്ടുതന്നെ വൈദ്യുതി മേഖലയുടെ പ്രശ്നങ്ങളെ കേവലം സാങ്കേതികമായി മാത്രം കാണുന്ന രീതിയാണ് അവർ അവലംബിച്ചത്. ഇത് ഈ രംഗത്ത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്തു.

യുഡിഎഫ് ഭരിച്ച 1995-ലായിരുന്നു കേരളത്തിൽ ഏറ്റവും വലിയ വൈദ്യുതി പ്രതിസന്ധി ഉണ്ടായത്. അന്ന് മൂന്നരമണിക്കൂർ ലോഡ് ഷെഡ്ഡിങ്ങും 100 ശതമാനം പവർകട്ടുമായിരുന്നു. 1996-ൽ എൽഡിഎഫ് അധികാരത്തിൽ വന്ന് ബംഗാളിൽ നിന്ന് വൈദ്യുതി എത്തിച്ചാണ് ഈ പ്രതിസന്ധി മറികടന്നത്. ബംഗാളിൽ നിന്ന് ഇവിടേക്ക് നേരിട്ട് പ്രസരണ സംവിധാനമൊന്നും ലഭ്യമായിരുന്നില്ല. ഒറീസ, ആന്ധ്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലൂടെ ഉഭയകക്ഷിക്കൈമാറ്റം ഉറപ്പിച്ചാണ് അന്ന് ഇവിടെ വൈദ്യുതി എത്തിച്ചത്. 1088 മെഗാവാട്ടിന്റെ റെക്കോർഡ് ഉൽപ്പാദനശേഷി നേടി കേരളത്തെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റാനും അന്നു കഴിഞ്ഞു. എന്നാൽ 2001-ൽ യുഡിഎഫ് അധികാരത്തിൽ വന്ന് അധികം താമസിയാതെ തന്നെ വീണ്ടും ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്തി. ഇത് 2006 വരെ തുടർന്നു. 2006-ലെ ഇടതുപക്ഷ സർക്കാർ വന്നാണ് ലോഡ് ഷെഡ്ഡിങ് പിൻവലിച്ചത്. സമ്പൂർണ വൈദ്യുതീകരണ പ്രവർത്തനത്തിന് തുടക്കംകുറിച്ചതും ആ സർക്കാരാണ്. 2011-ൽ വീണ്ടും യുഡിഎഫ് വന്നു. 2011-ൽത്തന്നെ ലോഡ് ഷെഡ്ഡിംങ് പ്രഖ്യാപിക്കപ്പെട്ടു. അത് 2015–16 വരെ തുടർന്നു.

2016ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിൽ വരുമ്പോൾ വൈദ്യുതി മേഖലയും മറ്റെല്ലാ മേഖലകളെയും പോലെ കുത്തഴിഞ്ഞ സ്ഥിതിയിലായിരുന്നു. 2006-–11 ലെ ഇടതുമുന്നണി കാലത്ത് നിർമ്മാണമാരംഭിച്ച തിരുനെൽവേലി-–ഇടമൺ-–കൊച്ചി പവർ ഹൈവേ പദ്ധതി ഉപേക്ഷിക്കപ്പെട്ട സ്ഥിതിയിലായിരുന്നു. ഉൽപ്പാദന– പ്രസരണ–വിതരണ മേഖലകളിലെല്ലാം മുരടിപ്പ് ബാധിച്ച സ്ഥിതിയിലായിരുന്നു. സോളാർ എന്ന പദം പോലും ഉച്ചരിക്കാൻ കഴിയാത്ത സാഹചര്യമാണ് അന്ന് കേരളത്തിലുണ്ടായിരുന്നത്. അത്തരമൊരു സാഹചര്യത്തിലാണ് ഊർജ്ജ കേരള മിഷൻ എന്ന സമഗ്രമായൊരു വൈദ്യുതി വികസന പദ്ധതിക്ക് കേരളം നേതൃത്വം കൊടുക്കുന്നത്. സോളാർ വികസനം ലക്ഷ്യമിട്ട് ആരംഭിച്ച സൗര, പ്രസരണ ശൃംഖലാ വികസനത്തിനുള്ള ട്രാൻസ്ഗ്രിഡ്, വിതരണ ശൃംഖലാ നവീകരണവും ബലപ്പെടുത്തലും ലക്ഷ്യമിട്ട ദ്യുതി, വൈദ്യുതി സുരക്ഷ ഉറപ്പുവരുത്തുന്ന ഇ-സേഫ്, എൽഇഡി വ്യാപനമടക്കമുള്ള ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനുള്ള ഫിലമെന്റ് ഫ്രീ കേരള എന്നിങ്ങനെ വിവിധ പദ്ധതികൾ ചേർന്നതായിരുന്നു ഊർജ്ജ കേരള മിഷൻ. വലിയ നേട്ടമാണ് ഈ പ്രവർത്തനങ്ങളുടെ ഭാഗമായി വൈദ്യുതി മേഖലയിലുണ്ടായത്.

മുടങ്ങിക്കിടന്ന ഇടമൺ– കൊച്ചി പവർ ഹൈവേയോടൊപ്പം തമിഴ്നാട്ടിലെ പുകലൂരുനിന്ന് തൃശൂർക്കുള്ള എച്ച്-വിഡിസി ലൈൻ കൂടി പൂർത്തിയാക്കി കേരളത്തിലേക്കുള്ള വൈദ്യുതി ഇറക്കുമതിശേഷി ഇരട്ടിയാക്കി വർദ്ധിപ്പിച്ചതോടെ കേരളത്തിന്റെ വൈദ്യുതി ലഭ്യതയിലും അതനുസരിച്ചുള്ള വർദ്ധനവുണ്ടായി. 2016-–26 കാലത്തെ പത്തു വർഷത്തിനുള്ളിൽ 2122 മെഗാവാട്ട് വൈദ്യുതിക്കുള്ള ദീർഘകാലക്കരാറുകൾ വെക്കാൻ കൂടിക്കഴിഞ്ഞതോടെ കേരളത്തിന്റെ ഊർജ്ജ ഭദ്രത ഉറപ്പുവരുത്തുന്നതിൽ ശക്തമായൊരടിത്തറ ഉറപ്പിക്കാൻ കേരളത്തിനായി. ഈ കാലഘട്ടത്തിൽ 179.6 മെഗാവാട്ട് ജലവൈദ്യുതി പദ്ധതികളും 44.65 മെഗാവാട്ട് കാറ്റാടി നിലയങ്ങളും 2400 മെഗാവാട്ടോളം സോളാർ നിലയങ്ങളും കമ്മീഷൻ ചെയ്ത് വൈദ്യുതി ഉത്പാദനത്തിൽ റിക്കോർഡ് സ്ഥാപിക്കാനും കേരളത്തിനായി. ഇതിൽ പ്രധാനപങ്ക് സോളാർ ഉത്പാദനമായതിനാൽ പകൽസമയത്ത് മിച്ച വൈദ്യുതി ഉണ്ടാകുമെന്നത് മുന്നിൽക്കണ്ട് ആറു ബാറ്ററി സ്റ്റോറേജ് പദ്ധതികളുടെ നിർമ്മാണം ആരംഭിക്കുകയും ചെയ്തു. ഇങ്ങിനെ ബഹുമുഖ ഇടപെടലുകളിലൂടെയാണ് കേരളം പവർകട്ടും ലോഡ് ഷെഡ്ഡിങ്ങുമില്ലാത്ത പത്തുവർഷങ്ങൾ നേടിയെടുത്തത്. 2017ലേയും 2023ലേയും എൽ നിനോ പ്രതിഭാസത്തേയും ഫലപ്രദമായി നേരിടാൻ നമുക്ക് കഴിഞ്ഞു.

ഈ നേട്ടങ്ങളാകെ വിസ്മൃതിയിലാക്കുന്ന സമീപനമാണ് കഴിഞ്ഞ നാലുമാസമായി യുഡിഎഫ് ഭരണത്തിൽ നടക്കുന്നത്. എൽനിനോ പോലെ അപ്രതീക്ഷിത പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ രാഷ്ട്രീയ ഇച്ഛാശക്തിയോടെ പ്രതിസന്ധി പരിഹരിക്കേണ്ട സർക്കാർ അതിന് മുതിരുന്നില്ല എന്നു മാത്രമല്ല, പുരകത്തുമ്പോൾ വാഴവെട്ടുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ദേശീയാടിസ്ഥാനത്തിൽ വൈദ്യുതി വില പത്തു രൂപയിൽ ക്യാപ്പ് ചെയ്തിരിക്കേ മുപ്പതുരൂപയ്-ക്ക് വൈദ്യുതി വാങ്ങും എന്നുവരെ പ്രഖ്യാപനമുണ്ടാകുന്നു. ശക്തമായ പ്രതികരണമുണ്ടായപ്പോൾ ആ നീക്കത്തിൽ നിന്നും പിൻമാറിയിട്ടുണ്ടെങ്കിലും പ്രതിസന്ധി പരിഹരിക്കാൻ ഇടപെടലൊന്നും ഉണ്ടാകുന്നില്ല. മുൻ യുഡിഎഫ് കാലത്ത് നടപടിക്രമങ്ങൾ പാലിക്കാതെ, റഗുലേറ്ററി കമ്മീഷന്റെ അനുമതിയില്ലാതെ വെച്ച 465 മെഗാവാട്ട് കരാർ റഗുലേറ്ററി കമ്മീഷൻ റദ്ദുചെയ്തതിനെച്ചൂണ്ടി സർക്കാർ പിടിപ്പുകേട് മുൻ എൽഡിഎഫ് സർക്കാരിന്റെ തലയിലിടാനാണ് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും ശ്രമിച്ചത്. കരാർ കേരളത്തിന് ആവശ്യമായിരുന്നുവെന്നതിൽ സംശയമില്ല. അതിനായി ഇടതുപക്ഷ സർക്കാർ കഴിയുന്ന നടപടികളെല്ലാം സ്വീകരിക്കുകയും കരാർ റദ്ദാക്കിയ നടപടിക്കെതിരെ സുപ്രീം കോടതിയിൽ കേസ് നൽകുകയും ചെയ്തു. പക്ഷേ 2023ൽ ഈ കരാർ റദ്ദാക്കിയതിനു ശേഷം മൂന്നു വർഷം ഒരു പ്രതിസന്ധിയുമില്ലാതെ കേരളം മുന്നോട്ടുപോകുകയും ചെയ്തു. അപ്പൊഴൊന്നും ഇല്ലാത്ത പ്രശ്നം ഇപ്പൊഴെങ്ങിനെ വന്നു എന്നു ചോദിക്കുമ്പോൾ യുഡിഎഫിന് മിണ്ടാട്ടമില്ല. അപ്പോഴും കരാർ റദ്ദാക്കി എന്നു പറഞ്ഞ് പൊട്ടൻകളിക്കാനാണ് അവർ ശ്രമിക്കുന്നത്.

കേരളത്തെ കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുന്നത് യുഡിഎഫിന്റെ ഭരണപരാജയവും പിടിപ്പുകേടുമാണ്. ഈ സാഹചര്യം മുതലാക്കി അഴിമതി സാദ്ധ്യതകൾ അന്വേഷിക്കുന്നോ എന്ന സംശയവും ബലപ്പെട്ടുവരുന്നു. സ്വകാര്യ മൂലധനശക്തികൾക്ക് ഈ മേഖല കൈമാറാനുള്ള നീക്കവും ഉണ്ടാകും. ഇത്തരം ഇടപാടുകളെയെല്ലാം ജനങ്ങളെ അണിനിരത്തി ചെറുക്കാൻ ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രതിജ്ഞാബദ്ധമാണ്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

2 × one =

Most Popular