അവർ പറയുന്നു
വൈദ്യുതി പ്രതിസന്ധിയുമായി ബന്ധപ്പെട്ട് യുഡിഎഫ് ഉയർത്തുന്ന ഒരു വാദം കഴിഞ്ഞ യുഡിഎഫ് സർക്കാർ ഏർപ്പെട്ട ദീർഘകാലക്കരാർ കൊണ്ടാണ് കഴിഞ്ഞ പത്തുവർഷം ലോഡ് ഷെഡ്ഡിങ്ങോ പവർകട്ടോ ഇല്ലാതെ മുന്നോട്ടുപോയതെന്നാണ്. ആ കരാർ റദ്ദാക്കിയതോടെ വൈദ്യുതി ബോർഡ് പ്രതിസന്ധിയിലായിയെന്നും എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കരാറുകളൊന്നും വെക്കാതെ വലിയ വിലകൊടുത്ത് വൈദ്യുതി വാങ്ങി വൈദ്യുതി ബോർഡിനെ നഷ്ടത്തിലാക്കുകയായിരുന്നുവെന്നും അവർ പറയുന്നു.
വസ്തുത
കേരളത്തിന്റെ വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിൽ യുഡിഎഫ് കാലത്ത് ഒപ്പിട്ട ദീർഘകാലക്കരാറും സഹായിച്ചിട്ടുണ്ട്. എന്നാൽ അവർ 2015ൽ ഒപ്പിട്ട 765 മെഗാവാട്ട് കരാർ കൊണ്ട് കേരളത്തിന്റെ വൈദ്യുതി ആവശ്യകതയുടെ ചെറിയൊരു ഭാഗം മാത്രമാണ് നിറവേറ്റാൻ കഴിയുക.
2015–-16 കാലത്ത് കേരളത്തിന്റെ വേനൽക്കാല പീക്ക് ഡിമാന്റ് 3600 മെഗാവാട്ടോളമായിരുന്നു. ഇതു നിറവേറ്റാൻ പോലും വൈദ്യുതി ഇല്ലാത്തതിനാൽ ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്തേണ്ട സ്ഥിതിയിലും ആയിരുന്നു അന്ന്. 2026 ഏപ്രിലിൽ നമ്മുടെ പീക്ക് ഡിമാന്റ് 6100 മെഗാവാട്ട് കടന്നു. അത് നിറവേറ്റാൻ കേരളത്തിന് കഴിയുകയും ചെയ്തു. (പശ്ചിമേഷ്യൻ യുദ്ധത്തിന്റെ സാഹചര്യം സൃഷ്ടിച്ച പാചകവാതക പ്രതിസന്ധി ഇൻഡക്ഷൻ കുക്കർ അടക്കമുള്ള ഉപകരണങ്ങളുടെ ഉപയോഗം വർദ്ധിക്കുന്നതിന് കാരണമാകുകയും അതിന്റെ ഭാഗമായി ചില സമയങ്ങളിൽ 6100 മെഗാവാട്ടിലധികം ഡിമാന്റ് വരുകയും ചെയ്തു. അത്തരം ഘട്ടങ്ങളിൽ ഓട്ടോമാറ്റിക്ക് ആയി വൈദ്യുതി ലൈനുകൾ ട്രിപ്പ് ആയതിനെച്ചൊല്ലിയാണ് അക്കാലത്ത് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് എന്നൊക്കെ പറഞ്ഞ് വലിയ ബഹളം ഉണ്ടായത്. ഈ സന്ദർഭത്തിലും 6100 മെഗാവാട്ട് വരെ പ്രശ്നമില്ലാതെ കൈകാര്യം ചെയ്യാൻ കേരളത്തിന് കഴിഞ്ഞു.) അതായത് 2016നും 2026നും ഇടയിൽ കേരളത്തിൽ വൈദ്യുതി ആവശ്യകതയിൽ ഉണ്ടായ വർദ്ധനവ് 2500 മെഗാവാട്ടിലധികമാണ്. ഈ ആവശ്യകത പ്രയാസമില്ലാതെ കേരളം നിറവേറ്റുകയും ചെയ്തു. ഇത് 765 മെഗാവാട്ട് കരാർ കൊണ്ട് നേടിയതല്ലെന്ന് ഏതൊരാൾക്കും മനസ്സിലാകുന്നതേയുള്ളൂ. 2023ൽ ഇതിൽത്തന്നെ 465 മെഗാവാട്ട് റെഗുലേറ്ററി കമ്മീഷൻ റദ്ദാക്കിയിട്ടും പ്രതിസന്ധിയില്ലാതെ കേരളം മുന്നോട്ടുപോയി.
2016-–26 കാലഘട്ടത്തിൽ 2122 മെഗാവാട്ടിന്റെ 12 ദീർഘകാല വൈദ്യുതിക്കരാറുകൾ കേരളം ഒപ്പിട്ടിട്ടുണ്ട്. അതിൽ 1642 മെഗാവാട്ട് വൈദ്യുതിയും ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്നതാണ്. 480 മെഗാവാട്ട് കൽക്കരിനിലയങ്ങളിൽ നിന്നുള്ള വൈദ്യുതി കിട്ടിത്തുടങ്ങിയിട്ടില്ല. അത് 2028-–29 ഓടെ മാത്രമേ കിട്ടിത്തുടങ്ങൂ. പട്ടികയിൽ കരാർ വെച്ച തീയതി, അളവ്, സ്രോതസ്സ്, കമ്പനി, നിരക്ക് എന്നിവ കൊടുത്തിരിക്കുന്നു.
| നമ്പർ | തീയതി | അളവ് | സ്രോതസ്സ് | കമ്പനി/ഏജൻസി | നിരക്ക് |
| 1 | 31.03.2017 | 50 MW | Solar | IREDA | ₹3.83 / unit |
| 2 | 11.05.2018 | 92 MW | Solar | NTPC | ₹2.94 / unit |
| 3 | 16.01.2019 | 50 MW | Solar | THDCIL | ₹3.10 / unit |
| 4 | 12.12.2019 | 200 MW | Wind | SECI | ₹2.83 / unit |
| 5 | 05.02.2021 | 90 MW | Solar | NTPC | ₹2.77 / unit |
| 6 | 23.03.2021 | 110 MW | Solar | Tata | ₹2.44 / unit |
| 7 | 20.09.2021 | 300 MW | Solar | SECI | ₹2.44 / unit |
| 8 | 20.07.2022 | 400 MW | Coal | NLC | കിട്ടിത്തുടങ്ങിയിട്ടില്ല. നിരക്ക് പിന്നീട് കേന്ദ്ര റെഗുലേറ്ററി കമ്മീഷൻ നിശ്ചയിക്കും |
| 9 | 10.07.2024 | 50 MW | Solar | NHPC | ₹3.04 / unit |
| 10 | 12.09.2024 | 500 MW | Solar + BESS | SECI | ₹3.49 / unit |
| 11 | 26.02.2026 | 80 MW | Coal | DVC | കിട്ടിത്തുടങ്ങിയിട്ടില്ല. നിരക്ക് പിന്നീട് കേന്ദ്ര റെഗുലേറ്ററി കമ്മീഷൻ നിശ്ചയിക്കും |
| 12 | 13.03.2026 | 200 MW | Solar + BESS | SECI | ₹2.93 / unit |
| ആകെ | ₹2,122 MW |
വൈദ്യുതി ആസൂത്രണത്തിൽ ദീർഘകാലക്കരാറിനെ മാത്രമല്ല ആശ്രയിക്കുന്നത്. വർഷം മുഴുവൻ നിലനിൽക്കുന്ന അടിസ്ഥാന ഡിമാന്റാണ് ദീർഘകാലക്കരാറുകളിലൂടെ നിറവേറ്റുക. വേനൽക്കാലത്തെ അധിക ആവശ്യകത മഴക്കാലത്ത് ലഭിക്കാനിടയുള്ള മിച്ച വൈദ്യുതി തിരിച്ചുകൊടുക്കാമെന്ന വ്യവസ്ഥയിൽ വെക്കുന്ന സ്വാപ്പ് കരാറുകളിലൂടെയും ഹ്രസ്വകാല കരാറുകളിലൂടെയുമാണ് നിറവേറ്റാറുള്ളത്. എല്ലാവർഷവും ഇത്തരത്തിൽ 500-–600 മെഗാവാട്ടിന്റെ സ്വാപ്പ്, ഹ്രസ്വകാല കരാറുകളിൽ ഏർപ്പെടാറുണ്ട്. ഇതോടൊപ്പം ആഭ്യന്തര വൈദ്യുതി ഉൽപ്പാദനം കൂട്ടുന്നതിനുള്ള നടപടികളും സ്വീകരിക്കുന്നു. കഴിഞ്ഞ എൽഡിഎഫ് കാലത്തുണ്ടായ ഉൽപ്പാദന വർദ്ധനവ് പട്ടികയിൽ നൽകുന്നു. ഇങ്ങനെ ബഹുമുഖ ഇടപെടലുകളിലൂടെയാണ് കഴിഞ്ഞ പത്തുവർഷവും കേരളം പവർകട്ടും ലോഡ് ഷെഡ്ഡിങ്ങുമില്ലാതെ മുന്നോട്ടുപോയത്.
2016–26 കാലത്തെ ഉൽപ്പാദന പദ്ധതികൾ
| നമ്പർ | ജലവൈദ്യുതി, വിൻഡ്, സോളാർ പദ്ധതികൾ | ശേഷി മെഗാവാട്ടിൽ |
| 1 | വെള്ളത്തൂവൽ | 3.6 |
| 2 | പെരുന്തേനരുവി | 6 |
| 3 | കക്കയം | 3 |
| 4 | ചാത്തങ്കോട്ടട | 2 |
| 5 | അപ്പർ കല്ലാർ | 2 |
| 6 | പെരിങ്ങൽക്കുത്ത് ലെഫ്റ്റ് ബാങ്ക് | 24 |
| 7 | പെരുവണ്ണാമൂഴി | 6 |
| 8 | തോട്ടിയാർ | 40 |
| 9 | പള്ളിവാസൽ എക്സ്റ്റൻഷൻ | 60 |
| 10 | കാരിക്കയം സ്വകാര്യം യൂണിറ്റ് 4 | 4.5 |
| 11 | പതങ്കയം | 8 |
| 12 | ആനക്കാംപൊയിൽ | 8 |
| 13 | അരിപ്പാറ | 4.5 |
| 14 | മുക്കടം | 4 |
| 15 | കാറ്റാടി നിലയങ്ങൾ | 44.65 |
| 16 | സോളാർ റൂഫ് ടോപ്പ് അടക്കം ആകെ | 2319 |
| ആകെ ഉൽപ്പാദനം (2016–26) | 2543.25 |
വലിയ തോതിൽ ഉപഭോഗം വർദ്ധിക്കുന്ന സന്ദർഭങ്ങളിൽ എക്സ്ചേഞ്ചുകളിൽ നിന്നും ട്രേഡർമാരിൽ നിന്നും വിവിധ സംസ്ഥാനങ്ങളിൽ നിന്നും കമ്പോളവിലയ്-ക്ക് വൈദ്യുതി വാങ്ങേണ്ടി വരാറുണ്ട്. മുമ്പ് അത് യൂണിറ്റിന് 20 രൂപവരെ പോകാറുണ്ട്. ഇപ്പോൾ അത് യൂണിറ്റിന് പത്തു രൂപയായി കേന്ദ്ര റഗുലേറ്ററി കമ്മീഷൻ ക്യാപ്പ് ചെയ്തിട്ടുണ്ട്. എന്നാൽ ഇത്തരത്തിൽ വാങ്ങേണ്ടിവരുന്ന വൈദ്യുതിയുടെ അളവ് മറ്റെല്ലാ സാദ്ധ്യതകളും ഉപയോഗിച്ച് കുറച്ചുനിർത്തുന്നതിനാൽ ജനങ്ങൾക്ക് വലിയ ബാധ്യതയില്ലാതെ കൊണ്ടുപോകാൻ എൽഡിഎഫ് സർക്കാരിന് കഴിഞ്ഞിട്ടുണ്ട്.



