Wednesday, September 30, 2026

ad

Homeകവര്‍സ്റ്റോറിവേണ്ടത് ഇച്ഛാശക്തിയും ജനപക്ഷ നിലപാടും

വേണ്ടത് ഇച്ഛാശക്തിയും ജനപക്ഷ നിലപാടും

എ കെ ബാലൻ/എം ജി സുരേഷ്

സംസ്ഥാനം വലിയ വൈദ്യുതി 
പ്രതിസന്ധിയിലാണല്ലോ. ഇതേക്കുറിച്ച് 
ആമുഖമായി എന്താണ് പറയാനുള്ളത്?

■ കാലാവസ്ഥയടക്കം പല കാരണങ്ങളും പറയുന്നുണ്ടെങ്കിലും, യുഡിഎഫ് സർക്കാരിന്റെ ഭരണപരാജയവും ഇതിന് കാരണമാണ്. പ്രതിസന്ധി മനസ്സിലാക്കി സമയത്ത് ഇടപെടുന്നതിലുള്ള പാളിച്ചയാണ് ഇപ്പോഴത്തെ സ്ഥിതി ഉണ്ടാക്കിയത്.

കേരളത്തിനുവേണ്ട വൈദ്യുതിയുടെ 70% പുറത്തുനിന്ന് വാങ്ങുന്നതാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ന്യായവിലയ്ക്ക് വൈദ്യുതി ഉറപ്പാക്കിയാണ് മുമ്പ് ഇത്തരം ഘട്ടങ്ങൾ മറികടന്നത്. അതിന് ഇച്ഛാശക്തിയോടെ ഇടപെടാൻ സർക്കാരിനാകണം. ഇപ്പോഴത്തെ യുഡിഎഫ് സർക്കാരിന് ഇച്ഛാശക്തിയില്ല. ക്രൈസിസ് വരുമ്പോൾ അത് തരണംചെയ്യുകയാണ് സർക്കാരിന്റെ കടമ.

ഇപ്പോഴുള്ളതിനേക്കാൾ പ്രതിസന്ധിയുള്ള കാലത്തായിരുന്നല്ലോ താങ്കൾ വൈദ്യുതി വകുപ്പിന്റെ ചുമതലയേൽക്കുന്നത്. അന്നത്തെ പ്രതിസന്ധി മറികടക്കാൻ സർക്കാരിന്റെ സമീപനം എന്തായിരുന്നു?

■ 2006-ൽ ചുമതലയേൽക്കുമ്പോൾ സ്ഥിരം ലോഡ് ഷെഡ്ഡിങ് ഉണ്ടായിരുന്നു. പകൽപോലും കട്ട് ഉണ്ടായിരുന്നു. വ്യവസായ മേഖല തകർന്നിരുന്നു. പുതിയ കണക്ഷന് മാസങ്ങളോളം കാത്തിരിക്കേണ്ടി വന്നു. വോൾട്ടേജ് ക്ഷാമവും ഇടവിട്ടുള്ള തടസ്സവും ജനങ്ങൾ നേരിട്ടു. ഇതെല്ലാം സമയബന്ധിതമായി പരിഹരിക്കാനുള്ള മാസ്റ്റർപ്ലാനോടെയാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോയത്.

ജലവൈദ്യുതി ഉൽപ്പാദനം വർധിപ്പിക്കുന്നതിൽ പരിമിതിയുള്ളതിനാൽ ഊർജസംരക്ഷണത്തിന് ആദ്യംതന്നെ പ്രാധാന്യം നൽകി. ജനപങ്കാളിത്തത്തോടെ നടത്തിയ ക്യാമ്പയിനുകൾ ജനങ്ങൾ ഏറ്റെടുത്തു. മോഹൻലാൽ അടക്കമുള്ള ചലച്ചിത്രപ്രമുഖരെയും പത്ര- – ദൃശ്യ– ശ്രവ്യ മാധ്യമങ്ങളെയും സഹകരിപ്പിച്ചു.

അന്നാണല്ലോ പത്തുലക്ഷം 
സി.എഫ്.എൽ. കാമ്പയിൻ നടത്തിയത്? അതിന്റെ അനുഭവം പറയാമോ?

■ ഫിലമെന്റ് ബൾബുകൾ മാറ്റി നാലിലൊന്ന് വൈദ്യുതി മാത്രം ഉപയോഗിക്കുന്ന സിഎഫ്എൽ ബൾബുകൾ സൗജന്യമായി നൽകി. ആദ്യഘട്ടമായി പത്ത് ലക്ഷം ബൾബുകൾ വിതരണം ചെയ്തു. അത് വിജയകരമായതിനാൽ ഒന്നരക്കോടി ബൾബുകൾ കൂടി നൽകി. പീക്ക് സമയത്ത് ഏകദേശം 250 മെഗാവാട്ട് ഉപഭോഗം കുറച്ചു. ഇന്ത്യയിലാകെ മാതൃകാപദ്ധതിയായിരുന്നു ഇത്. കേന്ദ്രസർക്കാരിന്റെ ഊർജസംരക്ഷണ അവാർഡും ലഭിച്ചു.

ഇതുമാത്രം കൊണ്ടാണോ അന്നത്തെ പ്രതിസന്ധി മറികടക്കാനായത്?

■ ഒരിക്കലുമല്ല. ഊർജസംരക്ഷണം, പ്രതിസന്ധി മറികടക്കാൻ എളുപ്പത്തിൽ സഹായിക്കുന്ന മാർഗമാണ്. സമൂഹത്തിന്റെ പിന്തുണയും ഇതിലൂടെ ലഭിച്ചു.

എന്നാൽ ഇതുകൊണ്ടുമാത്രം മതിയാകില്ല. എനർജി മാനേജ്‌മെന്റ് സെന്റർ, അനർട്ട്, ഇലക്-ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് തുടങ്ങിയ ഏജൻസികളെ കൂട്ടിയിണക്കി ടോട്ടൽ എനർജി സെക്യൂരിറ്റി മിഷൻ ആവിഷ്‌കരിച്ചു. ചെറുകിട ജലവൈദ്യുതി, സോളാർ, വിൻഡ് തുടങ്ങിയ സ്രോതസ്സുകളിൽ നിന്നുള്ള ഉൽപ്പാദനം ത്വരിതപ്പെടുത്തുക, സംരക്ഷണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക, എല്ലാവർക്കും വൈദ്യുതി എത്തിക്കുക, ശരിയായ വോൾട്ടേജിൽ തടസ്സമില്ലാതെ ലഭ്യമാക്കുക എന്നിവയായിരുന്നു ലക്ഷ്യം. പുറത്തുനിന്ന് വൈദ്യുതി എത്തിക്കുന്നതും പ്രധാനമായിരുന്നു.

മൈസൂർ–അരീക്കോട് 
400 കെ വി ട്രാൻസ്‌മിഷൻ ലൈൻ 
അന്ന് പൂർത്തീകരിച്ചതല്ലേ?

■ വൈദ്യുതി പുറത്തുനിന്ന് വാങ്ങുന്നതുപോലെ തന്നെ പ്രധാനമാണ് അത് ഇവിടെ എത്തിക്കുക എന്നതും. അധികം ലൈനുകൾ ഇല്ലായിരുന്നു. ആ സന്ദർഭത്തിലാണ് പിജിസിഐഎൽ മൈസൂരിൽ നിന്ന് അരീക്കോടേക്ക് 400 കെ വി ലൈൻ വലിക്കാൻ തയ്യാറായത്. വയനാട്ടിലെ കർഷകരുടെ ഭാഗത്തുനിന്ന് വലിയ എതിർപ്പുണ്ടായി. പല തവണ യോഗം ചേർന്നു. നല്ല കോമ്പൻസേഷൻ നൽകാമെന്ന് പറഞ്ഞു. മതമേലധ്യക്ഷന്മാരെയടക്കം ഇടപെടുത്തി പ്രശ്‌നം പരിഹരിച്ചു. തിരുവമ്പാടി ഭാഗത്തും പ്രശ്‌നമുണ്ടായിരുന്നു. കർണാടകത്തിലെ കുടക് ഭാഗത്ത് കർഷകർ പണി തടഞ്ഞപ്പോൾ കർണാടക സർക്കാരുമായി ബന്ധപ്പെട്ട് ഇടപെട്ടു. നിരവധി തവണ ചർച്ചകൾ നടത്തി പ്രശ്നം പരിഹരിച്ചു.

ഇപ്പോൾ ഇത്തരം രാഷ്ട്രീയ ഇടപെടൽ ഇല്ല. മന്ത്രിമാർ നിസ്സംഗമായാണ് കാര്യങ്ങളെ കാണുന്നത്. അതാണ് യുഡിഎഫും എൽഡിഎഫും തമ്മിലുള്ള പ്രധാന വ്യത്യാസം.

ആ കാലത്തായിരുന്നല്ലേ കൂടങ്കുളം 
പദ്ധതിയിൽ 
നിന്നുള്ള പവർ 
ഹൈവേ പണി 
തുടങ്ങിയത്?

■ അതെ. കൂടങ്കുളത്തുനിന്നുള്ള തിരുനെൽവേലി–ഇടമൺ–കൊച്ചി പവർ ഹൈവേയും പ്രധാനമായിരുന്നു. എതിർപ്പുണ്ടായെങ്കിലും ചർച്ചചെയ്ത് പരിഹാരമുണ്ടാക്കി. ഇടമൺ വരെയുള്ള ലൈൻ പൂർത്തിയാക്കുകയും കൊച്ചിക്കുള്ള ലൈനിന്റെ 32 സ്‌റ്റബ് ഇടുകയും ചെയ്തു. അപ്പോഴാണ് 2011-ൽ തിരഞ്ഞെടുപ്പ് വന്നത്. സർക്കാർ മാറി. പദ്ധതി നിലച്ചു. 2012-ൽ യുഡിഎഫ് സർക്കാർ പദ്ധതി ഉപേക്ഷിച്ചു. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മണ്ഡലത്തിലായിരുന്നുവത്രേ വലിയ എതിർപ്പ്. സർക്കാർ ഒരിടപെടലും നടത്തിയില്ല. പദ്ധതി ഉപേക്ഷിച്ചു. പിന്നീട്, 2016-ൽ പിണറായി സർക്കാർ വന്നാണ് പദ്ധതി പുനരാരംഭിച്ചത്. 2018-ൽ പൂർത്തിയാക്കി ഉദ്ഘാടനം ചെയ്തു. അതൊക്കെയാണ് കേരളത്തെ പ്രതിസന്ധിയിൽനിന്ന് കരകയറ്റിയത്.

വൈദ്യുതി പദ്ധതികൾ ആരംഭിക്കുന്നതിൽ അക്കാലത്ത് നടന്ന ഇടപെടലുകൾ 
എന്തെല്ലാമാണ് ?

■ പള്ളിവാസൽ എക്‌സ്‌റ്റൻഷൻ, തോട്ടിയാർ തുടങ്ങിയ പദ്ധതികളുടെ നിർമാണം അക്കാലത്താണ് തുടങ്ങിയത്. നല്ല നിലയിൽ പുരോഗമിച്ചു. 2011–16 കാലത്ത് അതൊക്കെ നിലച്ചു. 2016-നുശേഷമാണ് പുനരാരംഭിച്ചത്.

ഒരു പദ്ധതി ഒരിക്കൽ നിലച്ചാൽ, പുനരാരംഭിക്കുക അത്ര എളുപ്പമല്ല. പഴയ കരാറുകാരനെ ഒഴിവാക്കുക, പുതിയ ടെൻഡർ, അല്ലെങ്കിൽ പുതിയ നിരക്കിൽ പണി ചെയ്യിപ്പിക്കുക — ഇതൊക്കെ വലിയ നിയമപ്രശ്‌നങ്ങളുണ്ടാക്കും. ഭരണത്തുടർച്ചയില്ലാതെ വരുമ്പോൾ ഈ പ്രയാസം പലപ്പോഴും ഉണ്ടാകും. 2021-ൽ ഇതിൽ മാറ്റം വന്നു. അതാണ് ആ സർക്കാരുകൾക്ക് ഫലപ്രദമായി പ്രവർത്തിക്കാൻ അവസരം നൽകിയത്.

സമ്പൂർണ വൈദ്യുതീകരണം 
താങ്കളുടെ കാലത്തെ പ്രധാന 
ഇടപെടൽ ആയിരുന്നില്ലേ?

■ വൈദ്യുതി ജനങ്ങളുടെ അവകാശമാണ് എന്ന ബോധത്തോടെയാണ് സമ്പൂർണ വൈദ്യുതീകരണം നടപ്പാക്കാൻ തീരുമാനിച്ചത്. ഒരു പ്രദേശവും ഒഴിഞ്ഞുപോകരുത്, എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. എംഎൽഎമാർ, ജനപ്രതിനിധികൾ, മറ്റ് വകുപ്പുകൾ, കെഎസ്ഇബി ജീവനക്കാർ — എല്ലാവരുടെയും പൂർണ സഹകരണത്തോടെ 2007-ൽ തുടങ്ങി. 2011 ആയപ്പോഴേക്കും നാല് ജില്ലകളിലും 85 നിയമസഭാ മണ്ഡലങ്ങളിലും പദ്ധതി പൂർത്തിയാക്കി. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയായി.

ഏറ്റവും വലിയ സംതൃപ്തി നൽകിയത് അന്നത്തെ പ്രതിപക്ഷ നേതാവ് ഉമ്മൻ ചാണ്ടിയുടെ മണ്ഡലത്തിലെ പ്രഖ്യാപനമായിരുന്നു. അദ്ദേഹം ദീർഘകാലം എംഎൽഎയും മന്ത്രിയും മുഖ്യമന്ത്രിയുമായിരുന്നിട്ടും നടക്കാത്ത കാര്യം ഉദ്ഘാടനം ചെയ്യാൻ എനിക്ക് അവസരം ലഭിച്ചു. ഇന്ത്യയിൽ ഒരു ജില്ല സമ്പൂർണ്ണ വൈദ്യുതീകൃതമായതിന്റെ ഉദ്ഘാടനം പാലക്കാട് ജില്ലയിൽ ഒറ്റപ്പാലത്താണ് നടന്നത്. അന്ന് കേന്ദ്ര വൈദ്യുതി മന്ത്രി ഷിൻഡെ പറഞ്ഞു: അത്ഭുതമാണ് കേരളത്തിൽ നടക്കുന്നത്; എല്ലാ വീട്ടിലും വൈദ്യുതി എത്തിക്കുക എന്നത് ആലോചിക്കാൻപോലും പറ്റാത്ത കാര്യമാണ്.

2011-ൽ യുഡിഎഫ് അധികാരത്തിൽ വന്നപ്പോൾ ഇതും ഉപേക്ഷിക്കപ്പെട്ടു. 2016ലാണ് ഇത് പുനരാരംഭിച്ചത്. മണി ആശാൻ മന്ത്രിയായിരിക്കെ 2017 മെയ് 29-ന് കോഴിക്കോട്ടുവെച്ച് കേരളം സമ്പൂർണ വൈദ്യുതീകൃത സംസ്ഥാനമായി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ആ പ്രഖ്യാപനം നടത്തുമ്പോൾ ഞാനും അവിടെ ഉണ്ടായിരുന്നു. അതൊക്കെ വലിയ അനുഭവമാണ്.

ഉപഭോക്തൃ 
സംതൃപ്തിക്കായി 
അക്കാലത്ത് നടത്തിയ 
പ്രവർത്തനങ്ങൾ 
ഓർത്തെടുക്കാനാകുമോ?

■ ഏതൊരു സ്ഥാപനത്തെയും നിലനിർത്തി മുന്നോട്ടുകൊണ്ടുപോകുന്നത് ഉപഭോക്താക്കളാണ്. പ്രത്യേകിച്ച് വൈദ്യുതി ബോർഡ് പോലുള്ള പൊതുമേഖലാ സ്ഥാപനത്തെ ഇടവിട്ടുള്ള തടസ്സവും വോൾട്ടേജ് ക്ഷാമവുമായിരുന്നു പ്രധാന പ്രശ്‌നം. ഉപഭോക്താക്കളെ നേരിട്ട് കേട്ട് അന്നേരം അല്ലെങ്കിൽ സമയബന്ധിതമായി പരിഹാരം കാണാൻ സർക്കിൾ, ജില്ലാ തലങ്ങളിൽ അദാലത്തുകൾ നടത്തി. 2007, 2008, 2009 വർഷങ്ങളിലെ ജനകീയ വൈദ്യുതി അദാലത്തുകളിൽ വലിയ പങ്കാളിത്തമുണ്ടായി. 2010-ൽ വോൾട്ടേജ് അദാലത്താണ് നടത്തിയത്. രാജ്യത്തു
തന്നെ ഇത്തരമൊരു അദാലത്ത് ആദ്യമാണ്. വോൾട്ടേജ് ഉറപ്പുവരുത്തുമെന്ന സർക്കാർ പ്രഖ്യാപനം ജനങ്ങൾക്ക് വലിയ ആവേശമാണ് നൽകിയത്. കുടിശ്ശിക തർക്കങ്ങൾ പരിഹരിക്കാൻ സെക്ഷൻ തലത്തിൽ എല്ലാ വർഷവും അദാലത്തുകളും ഉണ്ടായിരുന്നു.

കെഎസ്ഇബിയുടെ പ്രവർത്തനങ്ങൾക്ക് ദേശീയ തലത്തിൽ 
അംഗീകാരം നേടാൻ 
കഴിഞ്ഞിട്ടുണ്ടോ?

■ 2006–2011 കാലയളവിൽ നിരവധി ദേശീയ അംഗീകാരവും ശ്രദ്ധയും നേടാൻ കഴിഞ്ഞു. നാല് വർഷം തുടർച്ചയായി ഊർജസംരക്ഷണത്തിനുള്ള ദേശീയ അവാർഡ് ലഭിച്ചു. സൗജന്യ സിഎഫ്എൽ വിതരണ പദ്ധതി ദേശീയ ശ്രദ്ധ നേടി. അതിന്റെ ചുവടുപിടിച്ചാണ് പിന്നീട് കേന്ദ്രസർക്കാർ എൽഇഡി ബൾബ് വിതരണ പദ്ധതി നടപ്പാക്കിയത്.

വൈദ്യുതി ബോർഡ് 
കമ്പനിയാക്കുന്നതുമായി ബന്ധപ്പെട്ട് ചില 
പ്രതിസന്ധികൾ 
ഉണ്ടായിരുന്നില്ലേ?

■ 2003-ലെ ഇലക്ട്രിസിറ്റി ആക്ട് പ്രകാരം ബോർഡ് വിഭജിച്ച് കമ്പനികളാക്കേണ്ടിയിരുന്നു. 2006 ജൂൺ 10-ന് കാലാവധി തീരുന്ന സമയമായിരുന്നു ഞങ്ങൾ അധികാരത്തിൽ വന്നത്. കേന്ദ്രസർക്കാരിനോട് കാലാവധി നീട്ടാൻ ആവശ്യപ്പെട്ടു. ആറുമാസം വീതം നാലുതവണ നീട്ടിക്കിട്ടി. 2008 ജൂണിൽ കേന്ദ്രം നിലപാട് കടുപ്പിച്ചു. ഒടുവിൽ സെപ്തംബർ 10 വരെ മൂന്നുമാസം മാത്രമാണ് നീട്ടിയത്.

ബോർഡ് വിഭജിക്കാനോ സ്വകാര്യവൽക്കരിക്കാനോ പറ്റില്ല എന്നതായിരുന്നു സംസ്ഥാന നിലപാട്. കേന്ദ്രം രണ്ട് കമ്പനിയെങ്കിലും വേണമെന്ന് വാശിപിടിച്ചു. സെപ്തംബർ 10-ന് കാലാവധി അവസാനിച്ചു. കെഎസ്ഇബി ഇല്ലാതായി. പുതിയ കമ്പനി ഉണ്ടാക്കിയിട്ടുമില്ല. വല്ലാത്ത പ്രതിസന്ധിയായി. ഒടുവിൽ 15 ദിവസം കൂടി നീട്ടിക്കിട്ടി. സെപ്തംബർ 24-ന് അതും തീർന്നു.

നിയമം പറയുന്നത് ബോർഡിനെ സർക്കാർ ഏറ്റെടുത്ത് കമ്പനികളിലേക്ക് പുനർനിക്ഷേപിക്കണം എന്നാണ്. അതിൽ ‘ഏറ്റെടുത്ത്’ എന്ന ഭാഗം ഉപയോഗിച്ച് സെപ്തംബർ 24-ന് അർദ്ധരാത്രി ബോർഡിനെ സർക്കാർ ഏറ്റെടുത്ത് ഉത്തരവിറക്കി. നോക്കി നടത്താൻ ഒരു മാനേജിങ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. പുനർനിക്ഷേപം തൽക്കാലം മാറ്റിവെച്ചു. വിഭജിക്കുകയോ കമ്പനികളാക്കുകയോ വേണ്ട എന്ന തീരുമാനം നടപ്പാക്കി. അഞ്ച് വർഷം ഇങ്ങനെ പ്രവർത്തിച്ചു. തികച്ചും തന്ത്രപരമായ ഒരു നീക്കമായിരുന്നു അത്. ചിലർ ഹൈക്കോടതിയിലൊക്കെ പോയി ഈ നടപടി അസാധുവാക്കാൻ നോക്കി. പക്ഷേ അതിലൊന്നും കീഴടങ്ങാതെ സർക്കാർ മുന്നോട്ടുപോയി. പിന്നീട് 2013-ൽ യുഡിഎഫ് കാലത്താണ് കെഎസ്ഇബിയെ ഒരു കമ്പനിയാക്കി മാറ്റിയത്.

ഇന്നത്തെ വൈദ്യുതി പ്രതിസന്ധിക്കുള്ള 
കാരണം ഉമ്മൻ ചാണ്ടി സർക്കാരിന്റെ 
കാലത്ത് നൽകിയ ദീർഘകാല കരാർ 
എൽഡിഎഫ് സർക്കാർ റദ്ദാക്കിയതാണെന്ന മുഖ്യമന്ത്രിയുടെ വാദത്തോട് എങ്ങനെ 
പ്രതികരിക്കുന്നു?

■ തികച്ചും തെറ്റായ വാദമാണിത്. 2014-ൽ ആര്യാടൻ മുഹമ്മദ് മന്ത്രിയായിരുന്ന കാലത്തെ കരാറിന് റെഗുലേറ്ററി കമ്മീഷന്റെ അംഗീകാരമുണ്ടായിരുന്നില്ല. മുൻകൂർ അനുമതി വാങ്ങണമെന്നാണ് നിയമം. ആക്ഷേപങ്ങൾ ഉയർന്നിരുന്നെങ്കിലും കരാർ പ്രകാരമുള്ള വൈദ്യുതി ആവശ്യമാണെന്ന നിലപാടാണ് 2016-ൽ എൽഡിഎഫ് സ്വീകരിച്ചത്. എന്നാൽ, 2023-ൽ കമ്മീഷൻ കരാർ റദ്ദാക്കി. നടപടിക്രമങ്ങളുടെ ഭാഗമായാണ് ആ തീരുമാനം ഉണ്ടായത്. അതിൽ സർക്കാർ ഭാഗമേയല്ല. എന്നിട്ടും, സർക്കാർ കരാർ പുനഃസ്ഥാപിക്കാൻ നയപരമായ നിർദേശം നൽകി. കമ്പനികൾ അപ്പലേറ്റ് ട്രിബ്യൂണലിൽ പോയി വീണ്ടും കരാർ റദ്ദാക്കി. സർക്കാരും കെഎസ്ഇബിയും സുപ്രീംകോടതിയിൽ അപ്പീൽ നൽകി. അപ്പോൾ ഇതെങ്ങനെയാണ് എൽഡിഎഫ് സർക്കാർ കരാർ റദ്ദാക്കിയതാകുക?

2023-ൽ റദ്ദായശേഷം മൂന്ന് വർഷം 
ഒരു പ്രതിസന്ധിയുമുണ്ടായില്ല. 
ഈ വർഷത്തെ പ്രതിസന്ധിക്കു മാത്രം അത് കാരണമാകുന്നതെങ്ങനെ? 
യുഡിഎഫ് സർക്കാരിന്റെ കെടുകാര്യസ്ഥതയ്ക്ക് എൽഡിഎഫിനെ 
കുറ്റംപറഞ്ഞിട്ട് കാര്യമുണ്ടോ?

■ കേരളത്തിൽ എല്ലാക്കാലവും വൈദ്യുതി പ്രതിസന്ധിയുണ്ടായിട്ടുണ്ട്. ലോഡ് ഷെഡിങ്ങും പവർകട്ടുമില്ലാതെ മുന്നോട്ടുപോകാനുള്ള ബഹുമുഖ മാർഗങ്ങളാണ് എൽഡിഎഫ് സ്വീകരിച്ചത് — ഊർജസംരക്ഷണം ശക്തിപ്പെടുത്തുക, എല്ലാ സ്രോതസ്സുകളിൽ നിന്നുമുള്ള ഉൽപ്പാദനത്തെ ആശ്രയിക്കുക, ഭാവി ആവശ്യകത മുൻകൂട്ടിക്കണ്ട് ന്യായവിലയിൽ കമ്പോളത്തിൽ നിന്ന് വൈദ്യുതി ഉറപ്പാക്കുക. അതിന്റെ ഗുണഫലങ്ങൾ ജനങ്ങൾക്ക് അനുഭവവേദ്യമായിട്ടുണ്ട്. സാധാരണ ജനങ്ങളുടെ ഐശ്വര്യവും ക്ഷേമവും മുൻനിർത്തി നിശ്ചയദാർഢ്യത്തോടെ പ്രവർത്തിക്കുന്ന എൽഡിഎഫ് സർക്കാരിന് മാത്രമേ ഇത്തരം കാര്യങ്ങൾ നടപ്പാക്കാൻ കഴിയൂവെന്ന് ജനങ്ങൾ മനസ്സിലാക്കിത്തുടങ്ങിയിട്ടുണ്ട്.

കേരളത്തിൽ ഒരു വൻകിട വൈദ്യുതി 
പദ്ധതി വിഭാവനം ചെയ്യേണ്ടതല്ലേ? കൽക്കരി കൊണ്ടുവന്നോ, അല്ലെങ്കിൽ കൽക്കരി 
ഉള്ള സ്ഥലത്ത് നിലയം സ്ഥാപിച്ചോ കേരളത്തിന് വൈദ്യുതി ലഭ്യമാക്കിക്കൂടേ? അതിരപ്പിള്ളി 
പോലുള്ള പദ്ധതികൾ 
നഷ്ടപ്പെടുത്തിയതും പ്രശ്നമല്ലേ?

■ കേരളത്തിൽ വലിയൊരു വൈദ്യുതി നിലയം വേണ്ടതാണ്. മുമ്പ് അതു കണ്ടുകൊണ്ടാണ് കായംകുളത്ത് ഭൂമി ഏറ്റെടുത്തത്. കൽക്കരി നിലയമാണ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ, 1991-–96 കാലത്ത് ദേശീയ ദ്രവ ഇന്ധന നയത്തിന്റെ അടിസ്ഥാനത്തിൽ അത് നാഫ്ത ഉപയോഗിച്ചുള്ള നിലയമായിപ്പോയതാണ്. 2006–-11 കാലത്ത് ഞാൻ വൈദ്യുതി മന്ത്രിയായിരിക്കേ കാസർകോട് ചീമേനിയിൽ 1021 ഏക്കർ ഭൂമി പ്ലാന്റേഷൻ കോർപ്പറേഷനിൽ നിന്ന് കണ്ടെത്തി അവിടെ ഒരു കൽക്കരി നിലയം വിഭാവനം ചെയ്തിരുന്നു. കേരളം, ഗുജറാത്ത്, ഒറീസ എന്നീ സംസ്ഥാനങ്ങൾക്ക് കൂട്ടായി വതരണി വെസ്റ്റ് കോൾ ബ്ലോക്ക് അനുവദിക്കുകയും ചെയ്തിരുന്നു. അവിടെനിന്ന് കൽക്കരി കൊണ്ടുവന്ന് നിലയം ഉണ്ടാക്കാനാണ് ആദ്യം ആലോചിച്ചത്. പരിസ്ഥിതി പ്രശ്നവും മറ്റും അതിന് തടസ്സമായി ഉയർന്നുവന്നപ്പോൾ ഒറീസയിൽ ഭൂമിയെടുത്ത് അവിടെത്തന്നെ നിലയം സ്ഥാപിക്കാമെന്ന് മൂന്ന് സംസ്ഥാനങ്ങളും തമ്മിൽ ധാരണയെത്തി. അവിടെ കമ്പനി രൂപീകരിക്കുകയും ചെയ്തു. ലാന്റ് അക്വിസിഷൻ നടപടികളും പുരോഗമിച്ചു. പക്ഷേ, 2011ൽ സർക്കാർ മാറിയതിനുശേഷം തുടർ നടപടി ഉണ്ടായില്ല. വേണ്ടത്ര പുരോഗതി ഉണ്ടാകുന്നില്ല എന്നു പറഞ്ഞ് 2012ൽ കേന്ദ്രസർക്കാർ കൽക്കരി അലോട്ട് മെന്റ് ക്യാൻസൽ ചെയ്തു. ചീമേനിയിൽ നിലയം സ്ഥാപിക്കുന്നതിനുള്ള നടപടികൾ എതിർപ്പുകൾക്കിടയിലും തുടർന്നിരുന്നു. ഇന്തോനേഷ്യയിൽ നിന്ന് കൽക്കരി കൊണ്ടുവരുന്നതും ആലോചിച്ചിരുന്നു. ഈ പദ്ധതിയും 2011–-16 കാലത്ത് യുഡിഎഫ് സർക്കാരാണ് ഉപേക്ഷിച്ചത്.

ചൂണ്ടിക്കാട്ടിയതുപോലെ, അതിരപ്പിള്ളിയും പ്രധാനപ്പെട്ട പദ്ധതിയായിരുന്നു. 1996-–2001കാലത്ത് പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരിക്കേയാണ് പദ്ധതി വിഭാവനംചെയ്ത് നടപടികൾ നീക്കിയത്. പരിസ്ഥിതി അനുമതിയടക്കം കിട്ടിയെങ്കിലും പദ്ധതിക്കെതിരെ വലിയ കുപ്രചരണം നടന്നു. 2006-–11 കാലത്ത് ഞാനും ഈ പദ്ധതി നടപ്പിലാക്കാൻ നല്ല ശ്രമം നടത്തിയതാണ്. പിന്നീട് എം എം മണി മന്ത്രിയായ സന്ദർഭത്തിലും ചില ശ്രമങ്ങളുണ്ടായി. പ്രതിപക്ഷത്തുനിന്നുള്ള എതിർപ്പിനോടൊപ്പം ഭരണപക്ഷത്തും ചില അപശബ്ദങ്ങൾ ഉണ്ടായതിനാലാണ് ആ പദ്ധതി നടപ്പാകാതെ പോയത്. സംസ്ഥാനത്തിന്റെ പൊതു വികസനത്തിന് സമവായം ഉണ്ടാകുന്നില്ല എന്നതാണ് നമ്മുടെ പ്രധാന പരിമിതി. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

9 − 6 =

Most Popular