പ്രളയം ഹിമാലയൻ രാഷ്ട്രമായ നേപ്പാളിനെ തകർത്തപ്പോൾ ആ രാജ്യത്തെന്നല്ല, ഹിമവൽസാനുക്കളിലെവിടെയും മഴമേഘങ്ങൾ ഉണ്ടായിരുന്നില്ല. ഹിമാലയത്തിലെ മഞ്ഞുപാളികളും സഹസ്രാബ്ദങ്ങളായി കല്ലും മണ്ണും അടരുകളെ പശപോലെ ചേർത്തുപിടിച്ചിരുന്ന മഞ്ഞുതരികളും ചൂടിൽ ഉരുകിയുണ്ടായതാണാ പ്രളയം. പ്രളയസാധ്യത പ്രവചിക്കാൻ ഒരു ശാസ്ത്രജ്ഞനും കഴിഞ്ഞിരുന്നില്ല. ആഗോളതാപനമാണ് ഈ ദുരന്തത്തിലേക്കു നയിച്ചത്.
പൊതുവെ ശീതമേഖലയായ യൂറോപ്പിൽ ഈ വർഷം ഉഷ്ണതരംഗമുണ്ടായി. അമേരിക്കയിലെ കാലിഫോർണിയയിൽ കാട്ടുതീ പച്ചപ്പിനെയാകെ നക്കിത്തുടച്ചു കൊണ്ടുപോയി. ബ്രസീലിൽ അടിക്കടി കാട്ടുതീ ജൈവവൈവിധ്യത്തിന്റെ കലവറയായ ആമസോൺ കാടുകളിൽ നാശം വിതയ്-ക്കുന്നു. പ്രളയവും വരൾച്ചയും രാജ്യങ്ങളെ വലയ്ക്കുന്നു. നമ്മുടെ നാട്ടിലെ കാലാവസ്ഥപോലും മാറിക്കൊണ്ടിരിക്കുകയാണ്. ഇടവപ്പാതിയുടെ കാലത്ത് കേരളത്തിൽ മഴ ശരാശരിയിലും കുറവായിരുന്നു, എന്നാൽ ചില ജില്ലകളിൽ പ്രളയ സമാനമായ അവസ്ഥയുണ്ടായി.
ഈ പ്രതിഭാസങ്ങളെല്ലാം തമ്മിൽ എന്തു ബന്ധമാണുള്ളത്? ഇവയെല്ലാം വ്യവസായ വിപ്ലവകാലം മുതൽ കഴിഞ്ഞ രണ്ട് നൂറ്റാണ്ടിനിടയിൽ സൃഷ്ടിക്കപ്പെട്ട കാർബണിന്റെയും മറ്റു ഹരിതഗൃഹ വാതകങ്ങളുടെയും അളവ് അന്തരീക്ഷത്തിൽ അടിക്കടി വർദ്ധിച്ചതുമൂലം ആഗോളതാപനില ഉയർന്നതിന്റെ ഫലമാണ്. ഇതാണ് കാലാവസ്ഥാ പ്രതിസന്ധിയുടെ അടിസ്ഥാനം.
ഈ അവസ്ഥ സൃഷ്ടിച്ചതിൽ മുഖ്യപങ്ക് ഇന്നത്തെ വ്യവസായവൽകൃത രാജ്യങ്ങൾക്കാണ്. വികസ്വര രാജ്യങ്ങൾ അവർക്കൊപ്പമെത്താൻ നടത്തുന്ന പരിശ്രമങ്ങൾക്ക് തുല്യകുറ്റം ചുമത്താനാണ് സാമ്രാജ്യത്വ രാജ്യങ്ങളുടെ ശ്രമം. ഇക്കൂട്ടരുടെ പാരിസ്ഥിതിക കടബാധ്യതകൾ തീർക്കാൻ തീരുമാനിച്ചുകൊണ്ടല്ലാതെ ഇന്നത്തെ പ്രതിസന്ധിക്ക് പരിഹാരമുണ്ടാകില്ല. ട്രംപിനെ പോലുള്ളവർ ഈ ദിശയിലുള്ള എല്ലാ നീക്കങ്ങളെയും തള്ളിക്കളയുന്നുവെന്നു മാത്രമല്ല, ഇനിയും അനിയന്ത്രിതമായി കൽക്കരിയും എണ്ണയും ഉപയോഗിക്കുവാനുള്ള അവകാശത്തെ ഉയർത്തിപ്പിടിക്കുകയുമാണ്.
വികസിത ലോകത്തെ കോർപറേറ്റുകളുടെ കൊള്ളലാഭക്കൊതി ശാസ്ത്ര സത്യം അംഗീകരിക്കാൻ തയ്യാറാകാത്തതാണ് ഭൗമ ഉച്ചകോടികളും കാലാവസ്ഥാ ഉച്ചകോടികളും പലതും നടന്നിട്ടും തൃപ്തികരമായ ഒരു പരിഹാരത്തിന് കഴിയാത്തത്. വികസിത മുതലാളിത്ത രാജ്യങ്ങളുടെ കടുംപിടിത്തംമൂലമാണ് ഇക്കാര്യത്തിൽ ഒരു പൊതുധാരണയിൽ എത്താൻ കഴിയാതെപോകുന്നത്. എത്തിയ ധാരണകൾപോലും നടപ്പാക്കാതെ അട്ടിമറിക്കപ്പെടുന്ന അനുഭവങ്ങളുമുണ്ട്. കോർപറേറ്റ് കൊള്ളലാഭക്കൊതിയുമായും ലോകത്തെയാകെ കൊള്ളയടിക്കാനുള്ള സാമ്രാജ്യത്വത്തിന്റെ അതിമോഹവുമായും ബന്ധപ്പെടുത്താതെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ചർച്ച തന്നെ വ്യർഥമാണ്.
ഈ പശ്ചാത്തലത്തിൽ നേപ്പാൾ ദുരന്തം ഒരു നിമിത്തമാക്കി കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് ചിന്തയുടെ ഈ ലക്കത്തിൽ പരിശോധിക്കുന്നു. ഡോ. എസ് അഭിലാഷ്, ഡോ. എം ജി മനോജ്, ദീപക് പച്ച, റിതിൻ പൗലോസ്, പി എസ് പൂഴനാട് എന്നിവരാണ് എഴുതിയിരിക്കുന്നത്.
‘‘ഇനിയും മരിക്കാത്ത ഭൂമി
നിന്നാസന്നമൃതിയിൽ നിനക്കാത്മശാന്തി
ഇത് നിന്റെ (എന്റെയും) ചരമശുശ്രൂഷയ്ക്ക്
ഹൃദയത്തിലിന്നേ കുറിച്ച ഗീതം’’
(‘ഭൂമിക്കൊരു ചരമഗീതം’ -– ഒഎൻവി)
ഡോ. ടി എം തോമസ് ഐസക്



