Wednesday, September 23, 2026

ad

Homeകവര്‍സ്റ്റോറിഹിമാലയ ദുരന്തങ്ങൾ ഒരു സങ്കീർണ പ്രതിഭാസം

ഹിമാലയ ദുരന്തങ്ങൾ ഒരു സങ്കീർണ പ്രതിഭാസം

നേപ്പാളിൽ അടുത്തകാലത്തുണ്ടായ ദുരന്തത്തെ കാലാവസ്ഥാ വ്യതിയാനത്തിന്റെ മാത്രം അനന്തരഫലമായി കണക്കാക്കാൻ കഴിയില്ല. കാലാവസ്ഥാ വ്യതിയാനം ദുരന്തത്തിന്റെ തീവ്രത വർധിപ്പിക്കുന്ന പ്രധാന ഘടകമാണെങ്കിലും, ഹിമാലയത്തിന്റെ ഭൗമശാസ്ത്രപരമായ അസ്ഥിരത, ഹിമാനികളുടെ പിൻവാങ്ങൽ, ഹിമാനിതടാകങ്ങളുടെ വർധന, അതിതീവ്ര മഴ, മേഘവിസ്ഫോടനം, ഹിമപാതം, ഉരുൾപൊട്ടൽ, നദീപ്രളയം എന്നിവയെല്ലാം പരസ്പരം ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഒന്നിലധികം അപകടങ്ങളുടെ ഒരു പരമ്പരയാണ് (cascading disaster system) ഹിമാലയത്തിൽ രൂപപ്പെടുന്നത്.

ഹിമാലയം ഭൂമിശാസ്ത്രപരമായി വളരെ യുവവും സജീവവുമായ പർവതനിരയാണ്. ഇന്ത്യൻ, യൂറേഷ്യൻ ടെക്റ്റോണിക് പ്ലേറ്റുകളുടെ കൂട്ടിയിടിയുടെ ഫലമായി ഇന്നും ഉയർന്നുകൊണ്ടിരിക്കുന്ന ഈ മേഖലയിൽ ഭൂചലന സാധ്യതയും പാറകളുടെ അസ്ഥിരതയും കൂടുതലാണ്. ചെങ്കുത്തായ ചരിവുകളും ദുർബലമായ ശിലാസംഘടനകളും ഹിമപാതത്തിനും ഉരുൾപൊട്ടലിനും അനുയോജ്യമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നു. അതുകൊണ്ടുതന്നെ ഇവിടെയുണ്ടാകുന്ന ഒരു ചെറിയ പ്രകൃതിചലനംപോലും വലിയ ദുരന്തമായി മാറാനുള്ള സാധ്യതയുണ്ട്.

നേപ്പാളിലെ സമീപകാല ദുരന്തത്തിലും ഹിമപാതം, മഞ്ഞ്–പാറ–മണ്ണിടിച്ചിൽ, ഹിമാനി സംവിധാനങ്ങളുടെ അസ്ഥിരത എന്നിവയും ഒപ്പം അതിവേഗം താഴേക്കൊഴുകിയ വെള്ളവും അവശിഷ്ടങ്ങളും പ്രധാന പങ്കുവഹിച്ചുവെന്നാണ് വിലയിരുത്തപ്പെടുന്നത്. ഉയർന്ന പ്രദേശങ്ങളിൽ മഞ്ഞും പാറയും വൻതോതിൽ താഴേക്ക് പതിക്കുമ്പോൾ അവ ഹിമാനിതടാകങ്ങളിലേക്കോ താഴ്വരകളിലേക്കോ എത്തി വലിയ തോതിലുള്ള വെള്ളവും അവശിഷ്ടങ്ങളും താഴേക്ക് തള്ളിവിടാൻ കഴിയും. ഇതോടെ സാധാരണ പ്രളയത്തേക്കാൾ കൂടുതൽ വിനാശകാരിയായ debris-laden flood ഉണ്ടാകാം.

കാലാവസ്ഥാ വ്യതിയാനം ഈ പ്രക്രിയകളെ കൂടുതൽ സങ്കീർണമാക്കുന്നു. ആഗോളതാപനത്തെ തുടർന്ന് ഹിമാലയത്തിലെ പല ഹിമാനികളും പിൻവാങ്ങുകയും അവയുടെ വലുപ്പത്തിൽ കുറവ് സംഭവിക്കുകയും ചെയ്യുന്നു. ഹിമാനികൾ പിൻവാങ്ങുമ്പോൾ അവയ്ക്കു മുന്നിലും അരികുകളിലും വെള്ളം സംഭരിക്കപ്പെടുകയും ഗ്ലേഷ്യൽ തടാകങ്ങൾ രൂപപ്പെടുകയും ചെയ്യാം. ഇത്തരം തടാകങ്ങളുടെ അതിരുകൾ പലപ്പോഴും മഞ്ഞ്, പാറ, മണ്ണ് എന്നിവ ചേർന്ന ദുർബലമായ moraine ഘടനകളാണ്. ഹിമപാതമോ പാറ ഇടിച്ചിലോ അതിതീവ്ര മഴയോ ഉണ്ടായാൽ തടാകത്തിലേക്ക് പെട്ടെന്ന് വലിയ അളവിൽ വെള്ളവും അവശിഷ്ടങ്ങളും പ്രവേശിക്കുകയും തടയണ തകരുകയും ചെയ്താൽ ഹിമതടാക വിസ്ഫോടനം അഥവാ Glacial Lake Outburst Flood–GLOF) ഉണ്ടാകാം.

എന്നാൽ, GLOF-നെ കാലാവസ്ഥാവ്യതിയാനവുമായി മാത്രം ബന്ധിപ്പിക്കുന്നതും ശരിയല്ല. കാലാവസ്ഥാവ്യതിയാനം, ഹിമാനി ഉരുകലും തടാക രൂപീകരണവും വർധിപ്പിക്കുന്ന ഒരു risk amplifier ആണെങ്കിലും, തടാകത്തിന്റെ ഭൗമശാസ്ത്രപരമായ ഘടന, മഞ്ഞുപാളികളുടെ ചലനം, പാറ ഇടിച്ചിൽ, ഭൂചലനം, അതിതീവ്ര മഴ തുടങ്ങിയവയാണ് ഒരു പ്രത്യേക സമയത്ത് ദുരന്തത്തിനുള്ള അടിയന്തര കാരണമായി മാറുന്നത്.

ഹിമാലയത്തിൽ ദുരന്തങ്ങൾ പലപ്പോഴും ഒരു മാലപ്പടക്കം പൊട്ടുന്നതുപോലെ ഒന്നിനുപുറകെ ഒന്നായി (cascading sequence) സംഭവിക്കുന്നു: അതോടൊപ്പം മേഘവിസ്ഫോടനവും അതിതീവ്ര മഴയും ഉണ്ടായാൽ താഴ്വരകളിൽ വെള്ളത്തിന്റെ അളവും ഒഴുക്കിന്റെ വേഗതയും പെട്ടെന്ന് വർധിക്കും. അതിനാൽ ഹിമാലയത്തിലെ ദുരന്തങ്ങളെ ഒരു ഒറ്റ hazard ആയി കാണാതെ multi -hazard cascading event ആയി സമീപിക്കേണ്ടതാണ്.

2013ലെ ഉത്തരാഖണ്ഡ് ദുരന്തം ഉൾപ്പെടെ കഴിഞ്ഞ ദശകത്തിൽ ഹിമാലയൻ മേഖലയിൽ ആവർത്തിച്ചുണ്ടായ ദുരന്തങ്ങൾ ഈ അസ്ഥിരതയെക്കുറിച്ച് നിരവധി മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. എന്നാൽ പ്രകൃതിദത്ത അപകടസാധ്യതയ്ക്ക് മുകളിൽ മനുഷ്യരുടെ ഇടപെടലുകളും ചേർന്നപ്പോൾ അപകടസാധ്യത കൂടുതൽ വർധിച്ചു. ദുർബലമായ ചരിവുകളിലും നദീതീരങ്ങളിലും റോഡുകൾ, തുരങ്കങ്ങൾ, ജലവൈദ്യുത പദ്ധതികൾ, അണക്കെട്ടുകൾ, ഹോട്ടലുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവ അനിയന്ത്രിതമായി വികസിക്കുന്നത് ദുരന്തസാധ്യത വർധിപ്പിക്കുന്നു. നിർമാണ പ്രവർത്തനങ്ങൾ ചരിവുകളുടെ സ്വാഭാവിക സ്ഥിരതയെ ബാധിക്കുകയും നീരൊഴുക്ക് സംവിധാനങ്ങളിൽ മാറ്റം വരുത്തുകയും ചെയ്യാം.

അതിർത്തികളില്ലാത്ത ദുരന്തങ്ങൾ
കാലാവസ്ഥയ്ക്ക് രാഷ്ട്രീയ അതിർത്തികളില്ലെന്ന് പറയാറുണ്ട്. അതുപോലെതന്നെ ദുരന്തങ്ങൾക്കും അതിർത്തികളില്ല. അഫ്ഗാനിസ്ഥാനിൽ നിന്ന് മ്യാൻമാർ വരെ ഏകദേശം 3,000 കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന ഹിന്ദുക്കുഷ്–ഹിമാലയൻ മേഖല നിരവധി രാജ്യങ്ങളെ ബന്ധിപ്പിക്കുന്നു. ഒരു ഉയർന്ന പ്രദേശത്തെ ഹിമാനിയിലോ നദീതടത്തിലോ ഉണ്ടാകുന്ന മാറ്റം താഴെയുള്ള രാജ്യങ്ങളിലെ ജനജീവിതത്തെയും അടിസ്ഥാനസൗകര്യങ്ങളെയും ബാധിക്കാം.

അതിനാൽ ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ, ചൈന, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങൾ തമ്മിലുള്ള കാലാവസ്ഥ, ക്രയോസ്ഫിയർ, ഹിമാനി, ഹിമാനിതടാകം, നദീപ്രവാഹം, ഭൂചലനം, ദുരന്തം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളുടെ സമയബന്ധിതമായ പങ്കുവയ്ക്കൽ അനിവാര്യമാണ്. World Meteorological Organization-ന്റെ അന്താരാഷ്ട്ര നിരീക്ഷണ- വിവര കൈമാറ്റ സംവിധാനങ്ങളും ICIMOD പോലുള്ള പ്രാദേശിക സഹകരണ സംവിധാനങ്ങളും കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ട്.

മുന്നറിയിപ്പാണ് ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധം
വൻ ദുരന്തങ്ങളെ പൂർണമായി തടയാൻ എല്ലായ്-പ്പോഴും കഴിയില്ലെങ്കിലും early warning–early action വഴി മരണവും നാശനഷ്ടവും ഗണ്യമായി കുറയ്ക്കാൻ കഴിയും. ഉയർന്ന പ്രദേശങ്ങളിൽ നിന്നുള്ള ഹിമാനി ചലനം, തടാകനിരപ്പ്, മഴ, നദീജലനിരപ്പ്, മണ്ണിന്റെ ചലനം തുടങ്ങിയവ നിരീക്ഷിക്കുന്ന real-time സംവിധാനങ്ങൾ വികസിപ്പിക്കണം. ഉപഗ്രഹങ്ങൾ, റഡാറുകൾ, automatic weather stations, river gauges, GNSS തുടങ്ങിയ സാങ്കേതികവിദ്യകളെ പ്രാദേശിക നിരീക്ഷണവുമായി ബന്ധിപ്പിക്കണം.

നേപ്പാളിലെ ഒരു സ്കൂളിൽ ദുരന്തസൂചന ലഭിച്ച ഉടൻ തന്നെ കുട്ടികളെ സുരക്ഷിതമായ ഉയർന്ന പ്രദേശത്തേക്ക് മാറ്റിയ സംഭവം community-based early warning-ന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. സാങ്കേതിക സംവിധാനങ്ങൾ മുന്നറിയിപ്പ് നൽകിയാലും അത് അവസാനഘട്ടത്തിൽ ജനങ്ങളിലെത്തുകയും അവർ ഉടൻ പ്രവർത്തിക്കുകയും ചെയ്താൽ മാത്രമേ അതിന്റെ യഥാർത്ഥ പ്രയോജനം ലഭിക്കൂ.

വിനോദസഞ്ചാരത്തിനും 
പുതിയ സമീപനം വേണം
ഹിമാലയത്തിലെ വിനോദസഞ്ചാര വികസനവും പുനഃപരിശോധിക്കേണ്ട സമയമാണിത്. നദീതീരങ്ങളിലും ഉരുൾപൊട്ടൽ സാധ്യതയുള്ള ചരിവുകളിലും അനിയന്ത്രിതമായ നിർമാണം ഒഴിവാക്കണം. ഒരു വിനോദസഞ്ചാരി യാത്രയ്ക്ക് പുറപ്പെടുന്നതിനു മുമ്പ് അടുത്ത ദിവസങ്ങളിലെ കാലാവസ്ഥാ പ്രവചനം, അതിതീവ്രമഴ മുന്നറിയിപ്പ്, നദീപ്രളയ സാധ്യത, ഉരുൾപൊട്ടൽ സാധ്യത എന്നിവ പരിശോധിക്കുന്ന സംസ്കാരം വളർത്തണം.

പ്രാദേശിക സമൂഹങ്ങളുടെ അറിവിനും വലിയ പ്രാധാന്യമുണ്ട്. നദിയുടെ സ്വഭാവവും പഴയ പ്രളയപാതകളും മണ്ണിന്റെ ചലനങ്ങളും കാലാവസ്ഥയിലെ പ്രാദേശിക മാറ്റങ്ങളും ഏറ്റവും അടുത്തറിയുന്നത് പലപ്പോഴും തദ്ദേശവാസികളാണ്. അതിനാൽ scientific knowledge + local knowledge + technology എന്ന സംയോജിത സമീപനമാണ് ഏറ്റവും ഫലപ്രദം.

ഹിമാലയൻ ദുരന്തങ്ങൾ നമ്മെ പഠിപ്പിക്കുന്ന ഒരു യാഥാർത്ഥ്യമുണ്ട്: കാലാവസ്ഥാ വ്യതിയാനം ഒറ്റപ്പെട്ട ഒരു കാരണം അല്ല; അത് നിലവിലുള്ള പ്രകൃതിദത്ത അപകടസാധ്യതകളെ ശക്തിപ്പെടുത്തുന്ന ഒരു multiplier ആണ്. ഹിമാലയത്തിന്റെ ഭൂമിശാസ്ത്രപരമായ അസ്ഥിരത, മാറുന്ന കാലാവസ്ഥ, ഹിമാനികളുടെ ശോഷണം, അതിതീവ്ര മഴ, ഹിമപാതം, GLOF, ഉരുൾപൊട്ടൽ, അനിയന്ത്രിത വികസനം എന്നിവ ചേർന്നാണ് ഭാവിയിലെ അപകടസാധ്യത രൂപപ്പെടുന്നത്. അതിനാൽ ദുരന്തങ്ങളെ തടയുന്നതിനേക്കാൾ പ്രധാനമായി, അപകടസാധ്യത മുൻകൂട്ടി തിരിച്ചറിയുകയും നിരീക്ഷിക്കുകയും വിവരങ്ങൾ പങ്കുവയ്ക്കുകയും സമയബന്ധിതമായി മുന്നറിയിപ്പ് നൽകുകയും ജനങ്ങളെ സുരക്ഷിതമായി മാറ്റുകയും ചെയ്യുന്ന ഒരു സംയോജിത പ്രാദേശിക സംവിധാനമാണ് ഹിമാലയത്തിനാവശ്യം. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

19 + eight =

Most Popular