ദക്ഷിണേഷ്യയിൽ ഹിമാലയ പർവതനിരകളുടെ മടിത്തട്ടിൽ ഒരു കരബദ്ധിത ചെറുരാഷ്‌ട്രമായ നേപ്പാൾ ആഗസ്‌റ്റ് മാസം സാക്ഷിയായത് സമീപകാലത്തെ ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിനാണ്. ലാംഗ്താങ് ലിറുങ് പർവത മേഖലയിലുണ്ടായ കൂറ്റൻ ഹിമപാതവും പിന്നാലെയുണ്ടായ മിന്നൽപ്രളയവും ആ ചെറുരാഷ്‌ട്രത്തെ ഏതാണ്ട് ഇല്ലാതാക്കിയിരിക്കുന്നു. 5,200 മീറ്ററിലധികം ഉയരമുള്ള ലാംഗ്‌താങ് ദേശീയ പാർക്ക് മലനിരകളിൽ നിന്ന് കൂറ്റൻ മഞ്ഞുപാളികളും പാറകളും അടർന്നുമാറി താഴേക്ക് പതിക്കുകയും പിന്നീട് ഇത് ലെന്ദേ ഖോല നദിയിൽ താൽക്കാലിക തടയണ രൂപപ്പെടുത്തുകയും ചെയ്‌തു. ഈ തടയണയിലേയ്‌ക്ക് വീണ്ടും ഹിമപാതം ഇരച്ചെത്തി അത് തകർന്നതോടെ ഭീമമായ അളവിൽ ചെളിയും കൂറ്റൻ പാറകളും നിറഞ്ഞ വെള്ളം അതിവേഗത്തിൽ താഴേക്ക് കുതിച്ചൊഴുകി. മണിക്കൂറിൽ 150 മുതൽ 190 കിലോമീറ്ററിലധികം വേഗതയിലെത്തിയ പ്രളയ ജലത്തിനു മുന്നിൽ മനുഷ്യനും അവൻ കെട്ടിയുണ്ടാക്കിയ സകലതും ഒരു നിമിഷാർഥത്തിൽ എവിടെയോ പോയ്‌മറഞ്ഞു. ഇൗ ലേഖനം നിങ്ങളിലെത്തുന്ന നിമിഷവും ആയിരത്തിയഞ്ഞൂറോളം മരണം സ്ഥിരീകരിച്ചുകഴിഞ്ഞു. ലേഖകന്റെ സുഹൃത്തിന്റെ പിതാവടക്കം ഏതാണ്ട് അയ്യായിരത്തോളം പേർ അടിഞ്ഞുകൂടിയ പർവതസമാനമായ ചെളിക്കടിയിൽ എവിടെയോ ഇപ്പോഴുമുണ്ട്. അവരെ കണ്ടെത്താൻ കഴിയുമെന്ന് സത്യത്തിൽ ഇനിയാരും കരുതുന്നുമില്ല.
ദീർഘചതുരാകൃതിയിലുള്ളതും 1,47,181 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്‌തീർണമുള്ളതുമായ ഒരു കൊച്ചുരാഷ്‌ട്രമാണ് നേപ്പാൾ. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് സ്ഥിതിചെയ്യുന്ന ഹിമാൽ മേഖല, കുന്നുകളും താഴ്‌വരകളും നിറഞ്ഞ മധ്യപ്രദേശമായ പഹാഡ്, ഇന്ത്യയോട് ചേർന്നുകിടക്കുന്ന തെക്കൻ സമതല പ്രദേശമായ തരായി എന്നീ പ്രദേശങ്ങൾ ചേർത്തുവെച്ചാൽ കിട്ടുന്ന ചെറു കഷ്‌ണം. നേപ്പാൾ, ചൈന രാഷ്‌ട്രങ്ങളിൽ വിതച്ച കൊടുംനാശങ്ങൾക്ക് കാരണമായ ഹിമപാതവും മിന്നൽ പ്രളയവും നേപ്പാളിനുമേൽ സ്വയം വന്നുഭവിച്ചുവെന്ന് കരുതുന്നുവെങ്കിൽ അത് സ്വയം കണ്ണടച്ച് ഇരുട്ടാക്കലാവും. മണ്ണും വനവും സമതലങ്ങളും പർവതങ്ങളും എല്ലാ സമസ്‌ത വിഭവങ്ങളും ചൂഷണം ചെയ്‌ത് തുരന്നുനീങ്ങുന്ന മുതലാളിത്ത ചൂഷകവർഗവും അവരുടെ ലാഭക്കൊതിയുമാണ് ദുരന്തത്തിന്റെ യഥാർഥ കാരണക്കാർ.
2015ൽ സംഭവിച്ച ഭൂകന്പത്തെ സംബന്ധിച്ച് കാലിഫോർണിയ സർവകലാശാലയിലെ പ്രൊഫസർ റിച്ചാർഡ് മാത്യുവും കാഠ്മണ്ഡുവിലെ ഗവേഷണ സ്ഥാപനമായ നേപ്പാൾ സെന്റർ ഫോർ കണ്ടംപററി റിസർച്ചിലെ (എൻസിആർ) ഗവേഷണ ഡയറക്ടർ ബിഷ്ണു രാജ് ഉപ്രേതിയും 2018ൽ പുറത്തിറക്കിയ ഒരു ലേഖനത്തിൽ വലിയൊരു കണ്ടെത്തൽ നടത്തിയിരുന്നു. ‘ദുരന്ത മുതലാളിത്ത’മെന്നാണ് ഭൂകന്പാനന്തര പുനർനിർമാണ ഘട്ടത്തിന് അവർ നൽകിയ വിശേഷണം. കുത്തക കന്പനികൾക്കും അവരെ പിന്തുണയ്‌ക്കുന്നവർക്കും ദുരന്തമെന്നത് ലാഭക്കൊതി ശമിപ്പിക്കാനുള്ള അവസരമാണെന്ന് ഇരുവരും സ്ഥാപിച്ചു. പുനർനിർമാണം നിയന്ത്രിക്കുന്നത് ആരാണെന്നും പണവും വിഭവങ്ങളും എത്തരത്തിൽ വിനിയോഗിക്കപ്പെടുന്നുവെന്നും അവർ ആശങ്കപ്പെട്ടിരുന്നു. സാന്പത്തിക– സാമൂഹിക അസമത്വം, ദാരിദ്ര്യം, മാനുഷിക ദുരന്തം എന്നിവയ്‌ക്കിടയിൽ നടത്തുന്ന ചൂഷണത്തെയാണ് അവർ ദുരന്ത മുതലാളിത്തമെന്ന് വിളിച്ചത്. ഇൗ ദുരന്ത മുതലാളിത്തം സന്പന്നവർഗത്തിന്റെ താൽപര്യം മാത്രം സംരക്ഷിക്കുന്ന നവലിബറൽ പദ്ധതികൾക്ക് നേപ്പാളിൽ വലിയ ഇടം സമ്മാനിച്ചുവെന്നും അവർ കണ്ടെത്തി. എന്നാൽ, പ്രാദേശികമായി ഒതുങ്ങിനിൽക്കുന്ന ദുരന്ത മുതലാളിത്തം എന്നതിൽ കവിഞ്ഞുള്ള ചൂഷണത്തിന്റെ മാനങ്ങളും ലാഭക്കൊതിയുമാണ് ഇൗ മിന്നൽപ്രളയത്തെ വേറിട്ടുനിർത്തുന്നത്.
ദുരന്തം മുതലാളിത്ത ഉൽപ്പന്നം
കാലാവസ്ഥാ വ്യതിയാനം മനുഷ്യസൃഷ്‌ടിയാണെന്നും എല്ലാവർക്കും അതിൽ തുല്യപങ്കാണെന്നും വാദിക്കുന്നതിൽ മുൻപന്തിയിലുള്ളത് മുതലാളിത്ത രാജ്യങ്ങളും ചൂഷകവർഗവുമാണ്. എന്നാൽ അത്തരമൊരു കപടവാദത്തെ അംഗീകരിക്കുന്നത് ലോകക്രമത്തെ സംബന്ധിക്കുന്ന ആഗോളവീക്ഷണത്തെ ദുർബലപ്പെടുത്തും. ഉൽപ്പാദനവ്യവസ്ഥ കൈയാളുന്ന സന്പന്നവർഗങ്ങളും അവരുടെ നവലിബറൽ പദ്ധതികൾ നടപ്പാക്കുന്നവരുമാണ് യഥാർഥത്തിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ കാരണക്കാർ. ഡൽഹിയിലെ തെരുവിൽ റിക്ഷയോടിക്കുന്ന ദിവസക്കൂലിക്കാരനും കാർബൺ നിർഗമനം വൻതോതിൽ നടത്തുന്ന സ്വകാര്യ ജെറ്റുവിമാനമുള്ള ധനികനും ഒരേപോലെ കാലാവസ്ഥാ വ്യതിയാനത്തിന് കാരണക്കാരാകുമോ? എല്ലാ മനുഷ്യരും ഒരേ അളവിൽ ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിക്കുകയോ എല്ലാ സമൂഹങ്ങളും തുല്യമായി കാർബൺ പുറന്തള്ളുകയോ ചെയ്യുന്നില്ല. വ്യവസായവൽക്കരണവും ഫോസിൽ ഇന്ധനത്തെ ആശ്രയിച്ചുള്ള ആഗോള സമ്പദ്‌വ്യവസ്ഥയും വൻതോതിൽ കാർബൺ പുറന്തള്ളുകയും ആഗോളതാപനം തീവ്രമാക്കുകയും ചെയ്‌തു. കാർബൺ നിർഗമനം കുറവ് നടത്തുന്ന നേപ്പാൾ മറ്റ് രാജ്യങ്ങളിൽ നിന്നുണ്ടാവുന്ന ബഹിർഗമനത്തിനാണ് ഇപ്പോൾ വില നൽകുന്നത്. അന്താരാഷ്‌ട്ര ബഹിർഗമനത്തിന്റെ 0.1 ശതമാനംമാത്രം സംഭാവനചെയ്യുന്ന നേപ്പാൾ കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതത്തിൽ നാലാംസ്ഥാനത്താണുള്ളത്. അതിന്റെ വെളിച്ചത്തിലാണ് മറ്റുരാഷ്‌ട്രങ്ങൾ നഷ്‌ടപരിഹാരം നൽകണമെന്ന നേപ്പാൾ സർക്കാരിന്റെ ആവശ്യത്തിന് പ്രാധാന്യമേറുന്നത്.
1940 മുതൽ, ലാങ്‌താങ് ലിറുങ് പ്രദേശത്തെ വേനൽക്കാല താപനില ഓരോ പതിറ്റാണ്ടിലും 0.29 ഡിഗ്രി സെൽഷ്യസ് എന്ന നിരക്കിൽ വർധിച്ചുവരികയാണ്. കഴിഞ്ഞ 86 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ അഞ്ച് വേനൽക്കാലങ്ങളിൽ നാലെണ്ണവും 2022-നും 2025-നും ഇടയിലുള്ളവയായിരുന്നു. ഇൗ വർഷം ആഗസ്ത്- മാസത്തിലെ ആദ്യ മൂന്നാഴ്ചകളിൽ രേഖപ്പെടുത്തിയ ശരാശരി താപനില മുൻകാലങ്ങളിൽ ഇതേസമയത്ത് റെക്കോർഡുകളെല്ലാം മറികടന്നു. 2026 ആഗസ്ത് 26-നാണ് ദുരന്തമുണ്ടായത്. ഇൗ താപനില വർധന ആഗോളചൂഷണത്തിന്റെ ഭാഗമായി സൃഷ്‌ടിക്കപ്പെട്ടതാണെന്നതിന് മറിച്ചൊരു അഭിപ്രായം ആർക്കുമുണ്ടാകില്ല.
നിരന്തരമായ മൂലധന സമാഹരണം, ഉൽപ്പാദനം, വിപണി വിപുലീകരണം, പ്രകൃതിവിഭവങ്ങളെ നിർബാധം കൊള്ളയടിക്കൽ എന്നിവ നടത്തുന്ന മുതലാളിത്ത ഉൽപ്പാദനരീതിയാണ് ജീവന്റെ നിലനിൽപ്പിനെ പ്രതിസന്ധിയിലാക്കുന്ന കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതിസ്ഥാനത്ത് അവരോധിക്കപ്പെടേണ്ടത്. നേപ്പാളിലെ പ്രളയം സാധാരണക്കാരെയും സന്പന്നവർഗത്തെയും അവരുടെ സമൂഹ്യപദവിക്കനുസരിച്ചാണ് ബാധിച്ചതുപോലും. മികച്ച വീടുകൾ, സമ്പാദ്യം, ഇൻഷുറൻസ്, രാഷ്ട്രീയ ബന്ധങ്ങൾ എന്നിവയുള്ളവർ മെച്ചപ്പെട്ട പ്രദേശങ്ങളിൽ അഭയംപ്രാപിച്ചപ്പോൾ ദുരന്തത്തിന്റെ എല്ലാ ക്രൗര്യവും വന്നുപതിച്ചത് മനുഷ്യാധ്വാനം വിറ്റ് ഉപജീവിക്കുന്ന തൊഴിലാളികളുടെയും കർഷകരുടെയും ചെറുകടയുടമകളുടെയും മറ്റും മുകളിലാണ്. സന്പാദ്യമില്ലാത്തവർ വീണ്ടും ദാരിദ്ര്യത്തിലേയ്‌ക്ക് എറിയപ്പെട്ടപ്പോൾ ധനികർ അതേനിലയിൽ തുടരുന്നു. ഇരകൾക്കുള്ളിൽപ്പോലും പലതട്ടുകളും വർഗങ്ങളുമുണ്ടെന്ന് ഇത് കാണിക്കുന്നു.
നേപ്പാളിന്റെ പാരിസ്ഥിതികമായ ദൗർബല്യം പരിഗണിക്കാതെയുള്ള വൻകിട കോർപറേറ്റ് പദ്ധതികൾ ദുരന്തങ്ങളുടെ സുപ്രധാന കാരണമാണ്. നദികളെ പരമാവധി സാമ്പത്തികമായി ചൂഷണം ചെയ്യുന്ന വൻകിട ജലവൈദ്യുത പദ്ധതികൾ, പർവതങ്ങൾ തുരന്നുള്ള തുരങ്കനിർമാണം, ഭൂമിയുടെ സ്വാഭാവികതയില്ലാതാക്കുന്ന വൻകിട റോഡ് പദ്ധതികൾ എന്നിവ അവയിൽ ചിലതുമാത്രം. 1990കൾ മുതലാണ് സ്വകാര്യ കുത്തകകൾക്ക് വൈദ്യുത പദ്ധതികളിൽ നിക്ഷേപം നേപ്പാൾ അനുവദിച്ചത്. ഭൂകമ്പ സാധ്യതയുള്ള പ്രദേശത്ത് ഇത്രയുമധികം ഡാമുകൾ സൃഷ്‌ടിക്കാൻ അവർക്ക് അനുമതി നൽകി. നദീതടങ്ങളിലും ഇടുങ്ങിയ താഴ്വരകളിലും സ്ഥാപിക്കപ്പെടുന്ന ഡാമുകൾ ദുരന്തത്തിന്റെ വ്യാപ്‌തി വർധിപ്പിക്കുകയാണ്.
ഇന്ത്യയിലേക്ക് വൈദ്യുതി കയറ്റുമതി ചെയ്യാൻ ലക്ഷ്യമിട്ട് അദാനിയടക്കമുള്ള വൻകിട കോർപറേറ്റ് ഭീമന്മാരാണ് ഇത്തരം പദ്ധതികളിൽ നിക്ഷേപം നടത്തിയിരിക്കുന്നത്. ഇൗ വൈദ്യുതി ഇന്ത്യയിൽ എത്തിച്ച് ഉയർന്ന വിലയ്‌ക്ക് വിറ്റ് ലാഭം ഇരട്ടിയാക്കുകയാണ് അദാനി ചെയ്യുന്നത്. ആയിരങ്ങൾ മരിച്ചാലും മുതലാളിത്തം അതിന്റെ സഹജമായ ചൂഷണം തീവ്രമാക്കുമെന്ന പാഠമാണ്, നേപ്പാൾ ലോകത്തിന് നൽകുന്നത്. എത്രയോ മിന്നൽപ്രളയങ്ങളും ഹിമപാതങ്ങളും കടുത്ത ആഘാതം സൃഷ്‌ടിച്ചിട്ടും മൂലധനശക്തികൾ പ്രകൃതിവിഭവങ്ങൾ കൊള്ളയടിക്കുന്നത് തുടരുന്നു. l



