മരങ്ങളെയും കാടുകളെയും സംരക്ഷിക്കാനുള്ള പോരാട്ടം മറ്റെന്തിനെക്കാളുമപ്പുറം സാമ്രാജ്യത്വത്തിനെതിരായ പോരാട്ടമാണ്.
കാരണം, സാമ്രാജ്യത്വമെന്നത്, നമ്മുടെ കാടുകൾക്കും പുൽമേ
ടുകൾക്കും തീയിടുന്ന പടക്കോപ്പുകളുടെ കൂമ്പാരം കൂടിയാണ്.
തോമസ് സങ്കാര
ആഫ്രിക്കൻ വിപ്ലവകാരിയും മാർക്സിസ്റ്റും

യൂറോപ്യൻ ഉഷ്ണതരംഗം –2003
2003 ജൂലെെ – ആഗസ്ത് മാസങ്ങളിലാണ് യൂറോപ്പിൽ 1540 നുശേഷമുണ്ടായ ഏറ്റവും കടുത്ത ചൂടനുഭവപ്പെട്ട കാലം. ആഗസ്ത് ഒന്നിന് 470c ചൂടാണ് പോർച്ചുഗലിൽ അനുഭവപ്പെട്ടത്. 2003 ജൂലെെ – ആഗസ്ത് മാസങ്ങളിലെ ശരാശരി ചൂട് 400c ആയിരുന്നു.
ഇറ്റലി, ഫ്രാൻസ്, ജർമനി, സ്പെയിൻ എന്നീ രാജ്യങ്ങളിലാണ് ഉഷ്ണതരംഗം ഏറ്റവും രൂക്ഷമായി അനുഭവപ്പെട്ടത്. ഇതിന്റെ ഫലമായി ഇറ്റലിയിൽ 20,000 ആളുകളും ഫ്രാൻസിൽ 14,802 പേരും സ്പെയിനിൽ 12,963 പേരും ജർമനിയിൽ 9,500 പേരും ബ്രിട്ടനിൽ രണ്ടായിരം പേരും പോർച്ചുഗലിൽ 1,953 പേരും നെതർലാൻഡ്സിൽ 1,500 പേരുമാണ് കൊല്ലപ്പെട്ടത്. അറ്റ്ലാന്റിക് സമുദ്രോപരിതലത്തിലെ താപനില ഉയർന്നതിന്റെ -ഫലമായാണ് യൂറോപ്പിൽ ഇത്തരത്തിൽ ഭീകരമായ ഉഷ്ണതരംഗം ഉണ്ടായത്.
ഫ്രാൻസിൽ, 2003 ആഗസ്ത് ആദ്യം തുടർച്ചയായി 8 ദിവസം 400 ഡിഗ്രി സെൽഷ്യസിലധികം ചൂട് രേഖപ്പെടുത്തി. ഫ്രാൻസിൽ പൊതുവെ മന്ത്രിമാരും സർക്കാർ ഉദേ–്യാഗസ്ഥരും ഡോക്ടർമാരുമുൾപ്പെടെ അവധിയിലായിരിക്കുന്ന കാലമാണ് ആഗസ്ത്. ബന്ധുക്കൾ സ്ഥലത്തില്ലാതിരുന്നതുമൂലം പല ശവശരീരങ്ങളും ആരുടേതാണെന്ന് തിരിച്ചറിയാനാകാതെ ദിവസങ്ങളോളം അനാഥാവസ്ഥയിൽ കിടന്നു. സെപ്തംബർ മൂന്നിന് പാരീസിലെ ഒരു പ്രദേശത്തുനിന്ന് 57 ശവശരീരങ്ങൾ ആരുടേതാണെന്ന് തിരിച്ചറിയാതെ മുനിസിപ്പൽ അധികാരികൾ കൂട്ടിയിട്ട് സംസ്കരിച്ചുവെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. അക്കാലത്ത് ഇതൊരൊറ്റപ്പെട്ട സംഭവവുമായിരുന്നില്ല.
ജർമനിയിൽ, 2003നു മുൻപത്തെ മൂന്ന് നൂറ്റാണ്ടുകാലം ഉണ്ടായിട്ടില്ലാത്തത്ര ഉയർന്ന താപനിലയാണ് രേഖപ്പെടുത്തപ്പെട്ടത്. നദികളിലെല്ലാം ജലനിരപ്പ് ക്രമാതീതമായി താഴ്ന്നതിനാൽ ജലയാത്ര അസാധ്യമായി. സ്വിറ്റ്സർലൻഡിൽ ആൽപ്സ് പർവതത്തിലെ മഞ്ഞുപാളികൾ ഉരുകി വെള്ളപ്പൊക്കവുമുണ്ടായി. യൂറോപ്പിലുടനീളം ഈ ഉഷ്ണതരംഗത്തിന്റെ ഫലമായി വൻതോതിൽ കൃഷിനാശവും തന്മൂലമുള്ള കാർഷികോൽപ്പാദനക്കുറവും സംഭവിച്ചു. ●

മുംബെെ മഹാപ്രളയം 2005
2005 ജൂലെെ 26ന് മുംബെെ നഗരത്തെ പ്രളയത്തിൽ മുക്കിയ മഹാമാരിയിൽ ആയിരത്തി ഒരുന്നൂറോളം ആളുകളാണ് കൊല്ലപ്പെട്ടത്. ഈ മഹാപ്രളയം മുംബെെ നഗരത്തെ അക്ഷരാർഥത്തിൽ നിശ്ചലാവസ്ഥയിലാക്കി. ജൂലെെ 26 രാവിലെ 8 മുതൽ വെെകുന്നേരം 8 മണി വരെ 12 മണിക്കൂറിനുള്ളിൽ 644 മില്ലിമീറ്റർ മഴയാണ് നഗരത്തിൽ കോരിച്ചൊരിഞ്ഞത്. ഒരാഴ്ചയോളം പേമാരി തുടർന്നു. ഒട്ടേറെയാളുകൾ പണിസ്ഥലത്തുനിന്ന് വീടുകളിലെത്താനാകാതെ വഴിയിൽ പലേടത്തായി കുടുങ്ങി. ആയിരക്കണക്കിനാളുകൾ ഭവനരഹിതരായി. ആയിരക്കണക്കിന് സ്കൂൾ വിദ്യാർഥികളാണ് പ്രളയംമൂലം വീടുകളിൽ മടങ്ങാനാകാതെ 24 മണിക്കൂർ നേരം വെള്ളമോ ഭക്ഷണമോ ലഭിക്കാതെ തണുത്തുവിറച്ച് വിദ്യാലയങ്ങളിൽ കുടുങ്ങിയത്. പതിനായിരക്കണക്കിനാളുകളുടെ ജീവനോപാധികൾ പ്രളയംമൂലം നഷ്ടപ്പെട്ടു. 37,000 ആട്ടോറിക്ഷകളും 4,000 ടാക്സി കാറുകളും 10,000 ട്രക്കുകളും തകർന്നു. ബോംബെ ട്രാൻസ്പോർട്ടിന്റെ 900 ബസുകളാണ് പ്രളയത്തിൽ തകർന്നത്. നഗരത്തിലെ സാധാരണക്കാരെയാണ് പ്രളയം ഏറ്റവുമധികം ദുരിതത്തിലാഴ്ത്തിയത്.
വിമാനത്താവളങ്ങൾ രണ്ടുദിവസം വരെ അടച്ചിടേണ്ടതായി വന്നു. പിന്നീട് തുറന്നപ്പോഴും റൺവേകൾ തകരാറിലായതുമൂലം വിമാനാപകടമുണ്ടായി. ആളപായമുണ്ടാകാതെ കഷ്ടിച്ച് രക്ഷപ്പെട്ടു. 700 ലധികം വിമാനങ്ങൾ റദ്ദാക്കപ്പെടുകയോ വെെകുകയോ ചെയ്തു. ദീർഘദൂര ട്രെയിനുകൾ ആഗസ്ത് 6 വരെ റദ്ദാക്കപ്പെട്ടു. ●

ഏഷ്യൻ സുനാമി – 2004
2004 ഡിസംബർ 26ന് പ്രാദേശിക സമയം രാവിലെ 8ന് ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിന്റെ വടക്കൻ തീരത്തെ ആച്ചെയിൽ സമുദ്രത്തിന്റെ അടിത്തട്ടിലുണ്ടായ ഭൂകമ്പമാണ് ഏഷ്യൻ സുനാമിയായി ലോകത്തെ ഞെട്ടിച്ചത്. ഇന്തേ-ാനേഷ്യ, ശ്രീലങ്ക, തായ്ലൻഡ്, ഇന്ത്യ (ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, തമിഴ്നാട്, കേരളം), മാലിദ്വീപ് എന്നിങ്ങനെ 14 രാജ്യങ്ങളിലായി 2,27,898 ആളുകൾ കൊല്ലപ്പെട്ടു.
20–ാം നൂറ്റാണ്ടിലും 21–ാം നൂറ്റാണ്ടിലും ഏഷ്യയിൽ ഉണ്ടായതിൽവെച്ച് ഏറ്റവും ശക്തമായ ഭൂകമ്പമായിരുന്നു 2004ൽ സുമാത്ര തീരത്തെ സമുദ്രാന്തർഭാഗത്ത് സംഭവിച്ചത്. ഒരുപക്ഷേ 1900 ത്തിനുശേഷം ലോകത്തുണ്ടായതിൽ വച്ചുതന്നെ ശക്തിയേറിയ രണ്ടാമത്തെയോ മൂന്നാമത്തെയോ ഭൂകമ്പമായിരുന്നു അത്. 10 മിനിറ്റോളം നീണ്ടുനിന്ന സമുദ്രാന്തർഭാഗത്തെ ഭൂചലനത്തെത്തുടർന്ന് തിരമാലകൾ 30 മീറ്റർ (100 അടി) വരെ ഉയർന്നുപൊങ്ങി. സുനാമിബാധിത രാജ്യങ്ങളുടെ തീരമേഖലയിലാകെ പ്രളയസമാനമായ സ്ഥിതി സൃഷ്ടിക്കപ്പെട്ടു. സുനാമി ദുരന്തത്തെ അതിജീവിച്ചവരെ സംബന്ധിച്ചിടത്തോളം അതോർക്കുന്നതുതന്നെ വേദനാജനകമായ അനുഭവമാണ്. ●

കത്രീന ചുഴലിക്കൊടുങ്കാറ്റ് –2005
2005 ആഗസ്ത് അവസാനത്തോടെ അമേരിക്കയുടെ തെക്കുകിഴക്കൻ മേഖലയിൽ ആഞ്ഞുവീശിയ ചുഴലിക്കൊടുങ്കാറ്റാണ് ക്രതീന. അത് പ്രധാനമായും ഏറ്റവുമധികം നാശംവിതച്ചത് ലൂസിയാന സംസ്ഥാനത്തെ ന്യൂ ഓർലിയൻസ് നഗരത്തിലാണ്. എന്നാൽ ലൂസിയാനയ്ക്കു പുറമെ അലബാമ, ഫ്ളോറിഡ, ജേ-്യാർജിയ, കെൻടക്കി, മിസ്സിസ്സിപ്പി, ഒഹിയൊ എന്നീ സംസ്ഥാനങ്ങളിലും കത്രീന നാശം വിതച്ചു. 1928 നുശേഷം അമേരിക്കയിലുണ്ടായ ഏറ്റവുമധികം നാശംവിതച്ച അതിഭീകരമായ കൊടുങ്കാറ്റിനെയും അതു സൃഷ്ടിച്ച പ്രളയത്തെയുമാണ് കത്രീന എന്ന് വിളിക്കുന്നത്. 1392 ആളുകൾ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്ക്. 700 ഓളം ആളുകളെ കാണാതായതായും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. മൊത്തം രണ്ടായിരത്തോളം ആളുകളെ നഷ്ടപ്പെട്ടു. ലക്ഷക്കണക്കിനാളുകൾ ഭവനരഹിതരാക്കപ്പെട്ടു. പശ്ചാത്തലസൗകര്യങ്ങളാകെ തകർന്നു. മണിക്കൂറിൽ 280 കിലോമീറ്റർ വേഗതയിൽ ആഞ്ഞുവീശിയ കൊടുങ്കാറ്റും പേമാരിയുമാണ് അമേരിക്കയിലെ ലൂസിയാന സംസ്ഥാനത്ത് ദുരന്തംവിതച്ചത്. ലൂസിയാനയിലെ ന്യൂ ഒാർലിയൻസ് നഗരത്തിന്റെ 80 ശതമാനവും പ്രളയജലത്തിൽ മുങ്ങി. പ്രധാനമായും ആഫ്രിക്കൻ വംശജരായ ദരിദ്ര ജനങ്ങളെയാണ് ഈ മഹാദുരന്തം ബാധിച്ചത്. അമേരിക്കയിലെ ദുരന്തപ്രതിരോധ സംവിധാനങ്ങളുടെ പോരായ്മകളിലേക്കും ഈ മഹാദുരന്തം വെളിച്ചം വീശി. ●

നർഗീസ് ചുഴലിക്കാറ്റ് – 2008
നമ്മുടെ അയൽരാജ്യമായ മ്യാൻമറിന്റെ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ഏറ്റവും ഭീകരമായ പ്രകൃതിദുരന്തമാണ് 2008 മെയ് മാസം ആദ്യമുണ്ടായ ചുഴലിക്കൊടുങ്കാറ്റ്. 2008 മെയ് രണ്ടിന് മ്യാൻമറിന്റെ കരയിൽ ആഞ്ഞുവീശിയ ഈ ചക്രവാതം ചുരുങ്ങിയത് 1,38,373 ആളുകളുടെയെങ്കിലും ജീവൻ നഷ്ടപ്പെടുത്തിയിട്ടുണ്ടെന്നാണ് ഔദ്യോഗികമായി കണക്കാക്കപ്പെട്ടിട്ടുള്ളത്. അരലക്ഷത്തിലേറെ ആളുകളെ കാണാതായിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവർ 20,000ത്തോളമുണ്ട്. എന്നാൽ ഒന്നരലക്ഷത്തിലേറെയാളുകൾ കൊല്ലപ്പെട്ടതായാണ് അനൗദേ-്യാഗിക കണക്കുകൾ സൂചിപ്പിക്കുന്നത്– ലാബുട്ട നഗരത്തിൽ മാത്രം 80,000 ആളുകൾ കൊല്ലപ്പെട്ടു. ബൊഗാലേയിൽ പതിനായിരത്തിലേറെ ആളുകൾ കൊല്ലപ്പെട്ടു. മറ്റു നഗരങ്ങളിലും പ്രദേശങ്ങളിലുമായി 55,000ത്തിലധികം ആളുകൾ കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്തു. ആയിരക്കണക്കിനാളുകൾ ഭവനരഹിതരായി.
മണിക്കൂറിൽ ശരാശരി 165 കിലോമീറ്റർ വേഗതയിലാണ് കാറ്റ് ആഞ്ഞുവീശിയത്. അത് മണിക്കൂറിൽ 215 കിലോമീറ്റർ വരെയായി. 2008 ഏപ്രിൽ 29ന് ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ചുഴലിക്കാറ്റാണ് മെയ് രണ്ടിന് മ്യാൻമറിന്റെ തീരത്ത് ദുരിതംവിതച്ച് ആഞ്ഞുവീശിയത്. പശ്ചാത്തലസൗകര്യങ്ങളാകെ താറുമാറായി. ഭീമമായ സാമ്പത്തികനഷ്ടമാണ് ഇതുമൂലം മ്യാൻമറിനുണ്ടായത്. ●

പാകിസ്താൻ പ്രളയം–2010
2010 ജൂലെെ, ആഗസ്ത് മാസങ്ങളിലായാണ് പാകിസ്താനിലെ അഞ്ചിലൊന്ന് ഭൂപ്രദേശത്തെയും വെള്ളത്തിലാഴ്-ത്തിയ മഹാപ്രളയമുണ്ടായത്. ഈ പ്രളയം 1985 പേരുടെ ജീവനെടുത്തതായാണ് ഔദേ-്യാഗിക കണക്ക്. ഏകദേശം രണ്ട് കോടിയാളെയാണ് പ്രളയം നേരിട്ടു ബാധിച്ചത്. 1994നു ശേഷം രാജ്യം കണ്ട ഏറ്റവും വലിയ മഴയായിരുന്നു 2010ലേത്. പശ്ചാത്തലസൗകര്യങ്ങൾ തകർന്നതും കൃഷി നാശമുണ്ടായതും വൻ സാമ്പത്തികനഷ്ടമുണ്ടാക്കി. പാകിസ്താനെ ചെെനയുമായി ബന്ധിപ്പിക്കുന്ന കാരക്കോറം ഹെെവേയിലെ ഒരു പാലം തകർന്നതിനെ തുടർന്ന് ഹെെവേ അടച്ചിടേണ്ടതായി വന്നു. 40 ലക്ഷത്തോളം ആളുകളെ ഭക്ഷ്യക്ഷാമം വലച്ചു. 18 ലക്ഷത്തിലേറെ വീടുകൾ തകർന്നു. 10 ലക്ഷം ആളുകളെ മാറ്റി പാർപ്പിക്കേണ്ടതായി വന്നു. സെപ്തംബർ പകുതിയോടെയാണ് മഴയും പ്രളയവും അവസാനിച്ചത്. ●

തായ്‌ലൻഡ് പ്രളയം-2011
2011ലെ മൺസൂൺ കാലത്ത് തായ്-ലൻഡിൽ വലിയ പ്രളയമുണ്ടായി. ജൂലെെ അവസാനം നോക്-ടെൻ ചുഴലിക്കൊടുങ്കാറ്റ് തായ്-ലൻഡ് തീരം കടന്ന് കരതൊട്ടപ്പോഴാണ് കനത്ത മഴയും പ്രളയവുമുണ്ടായത്. ഒക്ടോബറായപ്പോൾ തായ്-ലൻഡിന്റെ തലസ്ഥാന നഗരിയായ ബാങ്കോക്ക് തന്നെ പ്രളയജലത്തിൽ മുങ്ങി. തായ്-ലൻഡിലെ ചില പ്രദേശങ്ങളിൽ 2012 ജനുവരി പകുതി വരെ പ്രളയജലം താഴാതെ നിന്നു. ഈ പ്രളയത്തിൽ തായ്-ലൻഡിൽ മരണപ്പെട്ടത് 815 പേരാണ്; മൂന്നുപേരെ കാണാതായിട്ടുമുണ്ട്. 136 ലക്ഷം ആളുകളെയാണ് പ്രളയക്കെടുതി ബാധിച്ചത്. തായ്-ലൻഡിൽ ആകെയുള്ള 72 പ്രവിശ്യകളിൽ 65 എണ്ണവും പ്രളയബാധിതമായി പ്രഖ്യാപിക്കപ്പെട്ടു.
ലോകബാങ്കിന്റെ 2011 ഡിസംബർ ഒന്നിലെ കണക്കുപ്രകാരം, 4650 കോടി ഡോളറിന്റെ നഷ്ടമാണ് ഇൗ പ്രളയം തായ്-ലൻഡിൽ സൃഷ്ടിച്ചത്. മാനുഫാക്ചറിങ് വ്യവസായം പൂർണമായും തകർന്നു. തന്മൂലം ആഗോളവ്യാവസായിക മേഖലയ്ക്കുതന്നെ വലിയ നഷ്ടമാണുണ്ടായത്. കൂനിന്മേൽ കുരുവെന്നപോലെ 2011 അവസാനത്തോടെ തായ്-ലൻഡിന്റെ തെക്കൻ പ്രവിശ്യകളിൽ മിന്നൽ പ്രളയവുമുണ്ടായി.
രാജ്യത്തെ വെള്ളപ്പൊക്കനിയന്ത്രണ സംവിധാനങ്ങളും കനാലുകളും റോഡുകളും പാലങ്ങളുമാകെ തകർന്നു. 2011 മാർച്ചിൽ തകർത്തുപെയ്ത മഴ മുൻവർഷങ്ങളേക്കാൾ 242.8 ശതമാനം അധികമായിരുന്നു.
സമുദ്ര നിരപ്പിൽനിന്ന് 50 സെന്റിമീറ്റർ മുതൽ രണ്ട് മീറ്റർവരെ മാത്രം ഉയരത്തിലാണ് ബാങ്കോക്കും സമീപപ്രവിശ്യകളുമുള്ളത്. ഒാരോ വർഷവും ആഗോളതാപനംമൂലം തായ്-ലൻഡ് ഉൾക്കടലിൽ സമുദ്രനിരപ്പ് നാല് മില്ലിമീറ്റർ ഉയരുന്നുണ്ട്. ഇങ്ങനെ സമുദ്രത്തിലെ ജലനിരപ്പുയരുന്നതുമൂലം ചാവോഫ്രായ നദിയിൽ ജലനിരപ്പ് ഉയരാനിടയാകുന്നു. ●

സാൻഡി ചുഴലിക്കൊടുങ്കാറ്റ്– 2012
2012 ഒക്ടോബർ അവസാനം കരീബിയൻ തീരത്തും അമേരിക്കയുടെ മധ്യ അറ്റ്ലാന്റിക് തീരപ്രദേശത്തും ആർത്തലറിയെത്തിയ ചുഴലിക്കൊടുങ്കാറ്റ് സാൻഡി കൊടിയ ദുരിതങ്ങൾ ഈ മേഖലയിലാകെ വിതച്ചാണ് ഒടുങ്ങിയത്. മണിക്കൂറിൽ 1850 കിലോമീറ്റർ വേഗതയിലാണ് സാൻഡി സർവസംഹാര താണ്ഡവമാടിയത്. എട്ട് രാജ്യങ്ങളിലായി 254 ആളുകൾ കൊല്ലപ്പെട്ടു. 7000 കോടി ഡോളറിന്റെ (2025 ലെ വില നിലവാരത്തിൽ കണക്കാക്കിയാൽ 9800 കോടി ഡോളർ) നാശനഷ്ടങ്ങൾക്കും ഇടയാക്കി. ഒക്ടോബർ 22നു പശ്ചിമ കരീബിയൻ കടലിൽ ഉരുവംകൊണ്ട സാൻഡി അമേരിക്കയിലെ ന്യൂജേഴ്സി തീരം ചുറ്റി നവംബറിൽ കാനഡയിൽ ഒടുങ്ങുകയാണുണ്ടായത്.
കരീബിയൻ ദ്വീപായ ജമെെക്കയിൽ 70 ശതമാനം ആളുകൾക്കും വെെദ്യുതി നഷ്ടപ്പെട്ടു; വീടുകളുടെ മേൽക്കൂര സാൻഡി പറത്തിക്കൊണ്ടുപോയി. എന്നാൽ ഒരാൾ മാത്രമേ മരണപ്പെട്ടുള്ളൂ. ഹെയ്-ത്തിയിൽ എത്തിയപ്പോൾ 75 ആളുകൾ കൊല്ലപ്പെടുന്നതിനിടയാക്കി. ഭക്ഷ്യക്ഷാമത്തിനും വഴിയൊരുക്കി. രണ്ട് ലക്ഷത്തിലധികം ആളുകൾ ഭവനരഹിതരായി. ഡൊമിനിക്കൻ റിപ്പബ്ലിക്കിലും രണ്ടാളുകൾ മരിച്ചു. പ്യൂർട്ടൊറിക്കൊയിൽ ഒരാൾ പ്രളയജലത്തിൽ ഒലിച്ചുപോയി. ക്യൂബയിൽ തീരദേശത്തെ പ്രളയവും ചുഴലിക്കാറ്റും 15,000 വീടുകൾ തകർക്കുകയും 11 പേരുടെ മരണത്തിനിടയാക്കുകയും ചെയ്തു. 200 കോടി ഡോളറിന്റെ (280 കോടി ഡോളർ 2025ലെ വിലയിൽ) നാശനഷ്ടങ്ങൾ സംഭവിച്ചു. ബഹാമാസിൽ സാൻഡി രണ്ടു പേരുടെ മരണത്തിനും നിരവധി നാശനഷ്ടങ്ങൾക്കും കാരണമായി.
അമേരിക്കയിൽ 24 സംസ്ഥാനങ്ങളിലാണ് സാൻഡി തകർത്താടിയത്. ഫ്ളോറിഡയിലും മെയ്നെയിലും മിഷിഗണിലും വിസ്-കോൺസിനിലും ന്യൂജഴ്സിയിലും ന്യൂയോർക്കിലുമെല്ലാം വൻനാശം വിതച്ചാണ് സാൻഡി കാനഡയിലെ ക്യൂബെക്കിലേക്ക് പിൻവാങ്ങിയത്. ●

ഉത്തരേന്ത്യൻ പ്രളയം – 2013
2013 ജൂൺ 16ന് ഉത്തരാഖണ്ഡിൽ ഉണ്ടായ മേഘവിസ്ഫോടനമാണ് 2004 ലെ സുനാമിക്കുശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ പ്രളയത്തിനും ഉരുൾപൊട്ടലിനും ഇടയാക്കിയത്. ഹിമാചൽപ്രദേശ്, ഹരിയാന, ഡൽഹി, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും കനത്ത മഴയും മണ്ണിടിച്ചിലും നാശംവിതച്ചു. നദികൾ കരകവിഞ്ഞൊഴുകി പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. റോഡുകളും പാലങ്ങളുമാകെ തകർന്നു. 6,000ത്തിലധികം ആളുകൾ കൊല്ലപ്പെട്ടു. കാണാതായവരുടെ എണ്ണം ഇതിനു പുറമെയാണ്. മൂന്നുലക്ഷത്തിലധികം വിനോദ സഞ്ചാരികളും തീർഥാടകരുമാണ് ദിവസങ്ങളോളം വഴിയിൽ കുടുങ്ങിയത്. ആയിരക്കണക്കിനാളുകൾ ഭവനരഹിതരാക്കപ്പെട്ടു. മൃതദേഹങ്ങൾ കണ്ടെത്താൻ തന്നെ ആഴ്ചകൾ വേണ്ടിവന്നു. പല ഗ്രാമങ്ങളും പാർപ്പിട മേഖലകളും മിന്നൽ പ്രളയത്തിലും മണ്ണിടിച്ചിലിലും നാമാവശേഷമായി. ആ സമയത്ത് കാലാവസ്ഥാ മുന്നറിയിപ്പ് നൽകാത്തതാണ് കനത്ത ആൾനാശത്തിനിടയാക്കിയത്. രണ്ടുവർഷത്തോളം കേദാർനാഥ് ക്ഷേത്രത്തിൽ തീർഥാടകർക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു. ക്ഷേത്രം ഏറെക്കുറെ പൂർണമായി പ്രളയ ജലത്തിൽ മുങ്ങിയിരുന്നു. ക്ഷേത്രത്തിനുള്ളിൽനിന്നും നഗരത്തിൽനിന്നും കണ്ടെടുത്ത നൂറുകണക്കിനു മൃതദേഹങ്ങൾ കൂട്ടിയിട്ട് സംസ്കരിക്കുകയാണുണ്ടായത്. അവരെല്ലാം ആരെന്നും ഏതു നാട്ടുകാരെന്നുമൊന്നും കണ്ടെത്താനായില്ല. 4 ദിവസത്തോളം തുടർച്ചയായി തകർത്തുപെയ്ത മഴയ്ക്കൊപ്പം ഹിമാലയൻ മഞ്ഞുമലയിലെ മഞ്ഞുപാളികൾ ഉരുകിയൊലിച്ചതും പ്രളയത്തിന്റെ ആഘാതം വർധിപ്പിച്ചു. മനുഷ്യർക്കൊപ്പം മൃഗങ്ങൾക്കും ഈ മഹാദുരന്തം മൂലം ദുരിതമനുഭവിക്കേണ്ടതായി വന്നു. ●

ഹാർവി ചുഴലി കൊടുങ്കാറ്റ്–2017
അമേരിക്കയിലെ ടെക്സാസ്, ലൂസിയാന എന്നീ തീരദേശ പ്രവിശ്യകളിൽ 2017 ആഗസ്തിലാണ് ഹാർവി ചുഴലിക്കൊടുങ്കാറ്റ് തീരംതൊട്ടത്. ഇത് സൃഷ്ടിച്ച രൂക്ഷമായ പ്രളയത്തിൽ 100ലേറെ ആളുകൾ മരണപ്പെട്ടു. 2005ലെ കത്രീന ചുഴലിക്കൊടുങ്കാറ്റുമായി ബന്ധപ്പെട്ടതാണ് ഹാർവിയും.
നാല് ദിവസത്തിനുള്ളിൽ 1000 മില്ലിമീറ്റർ മഴയാണ് ടെക്സാസിലെയും ലൂസിയാനയിലെയും പല പ്രദേശങ്ങളിലും പെയ്തത്. ഇത് അഭൂതപൂർവമായ പ്രളയത്തിനാണ് ഇടയാക്കിയത്. ഈ പ്രളയം ലക്ഷക്കണക്കിന് വീടുകളെയാണ് ഇല്ലാതാക്കിയത്. 30,000ത്തിലധികം ആളുകൾക്ക് പാർപ്പിടമില്ലാതായി. ആഗസ്ത് 17ന് ആന്റിലെസ് ദ്വീപിനു സമീപത്തുനിന്ന് ആരംഭിച്ച ചുഴലിക്കൊടുങ്കാറ്റ് ആഗസ്ത് 24ന് അമേരിക്കൻ തീരംതൊടുകയും ആഗസ്ത് 24നും 25നും മണിക്കൂറിൽ 130 മെെൽ വേഗതയിൽ ചുറ്റുമുള്ള സർവതിനെയും ചുഴറ്റിയെറിഞ്ഞ് ആഞ്ഞുവീശി; കനത്തമഴ ടെക്സാസിനെ പ്രളയജലത്തിൽ മുക്കി. എന്നിട്ട് ആഗസ്ത് 28 ആയപ്പോൾ മെക്സിക്കൻ ഉൾക്കടൽ കടന്ന് ലൂസിയാനയിൽ തീരം തൊട്ടു. സെപ്തംബർ ഒന്നോടുകൂടി ഹാർവി ദുർബലമായി. 2018 ഏപ്രിൽ വരെ അത് തുടർന്നു. ●

യൂറോപ്യൻ പ്രളയം –2021
2021 ജൂലെെയിൽ യൂറോപ്പിനെയാകെ, പ്രതേ-്യകിച്ചും മധ്യ യൂറോപ്പിനെയാകെ ഭയാനകമായ വിധം പ്രളയക്കെടുതികൾ ബാധിച്ചു. വൻ ആൾനാശവും സ്വത്തു നാശവും ഇതുമൂലമുണ്ടായി. യൂറോപ്പിലുടനീളമുള്ള പല പ്രധാന നദികളെയും നദീതടങ്ങളെയും പ്രളയം തകർത്തു. ആസ്ട്രിയ, ബൽജിയം, ക്രൊയേഷ്യ, ജർമനി, ഇറ്റലി, ലക്സംബർഗ്, നെതർലാൻഡ്സ്, സ്വിറ്റ്സർലാൻഡ് എന്നീ രാജ്യങ്ങളെയാണ് 2021 ജൂലെെ മാസത്തെ പ്രളയം തകർത്തത്. ജർമനിയിൽ 196 പേരും ബൽജിയത്തിൽ 39 പേരും റൊമാനിയയിൽ രണ്ടു പേരും ഇറ്റലിയിലും ആസ്ട്രിയയിലും ഓരോരുത്തരും കൊല്ലപ്പെട്ടു.
ജർമനിയെ സംബന്ധിച്ചിടത്തോളം ഏറെ വിനാശകരമായ ഒരു ദുരന്തമായിരുന്നു 2021ലെ പ്രളയം. പ്രളയത്തിൽ ആളുകൾ കൊല്ലപ്പെട്ടതിനുപുറമെ വൻതോതിൽ വെെദ്യുതി സംവിധാനങ്ങൾ ഇല്ലാതാവുകയും പശ്ചാത്തല സൗകര്യങ്ങളും കൃഷിയും നശിക്കുകയും ചെയ്തു. ആളുകളെ കൂട്ടത്തോടെ മാറ്റിപ്പാർപ്പിക്കേണ്ടതായി വന്നതിന്റെ ഭീമമായ ചെലവും മധ്യയൂറോപ്യൻ രാജ്യങ്ങൾക്കാകെ, പ്രതേ-്യകിച്ചും ജർമനിക്കും ബെൽജിയത്തിനും വഹിക്കേണ്ടതായും വന്നു. ●

പാകിസ്താൻ പ്രളയം – 2022
പാകിസ്താനിൽ 2022 ജൂൺ 15ന് ആരംഭിച്ച പേമാരിയും പ്രളയവും ഒക്ടോബർ വരെ നീണ്ടു. മൺസൂൺ മഴയും പർവതപ്രദേശങ്ങളിലെ മഞ്ഞുപാളികൾ ഉരുകിയൊലിച്ചതുമാണ് ഈ മഹാപ്രളയത്തിന് കാരണമായത്. മഴയുടെ തുടർച്ചയായി അതിരൂക്ഷമായ ഉഷ്ണതരംഗവുമുണ്ടായി. അതാണ് ഇൗ പ്രളയം ഇത്രകാലം നീണ്ടുനിന്നതിന് കാരണമായത്. കാലാവസ്ഥാ വ്യതിയാനംമൂലമാണ് ഈ ദുരന്തമുണ്ടായത്. പാകിസ്താനിലെ സിന്ധ്, ബലൂചിസ്താൻ പ്രവിശ്യകളിൽ ആഗസ്ത് മാസത്തിൽ സാധാരണയായി ലഭിക്കുന്ന ശരാശരി മഴയെക്കാൾ യഥാക്രമം 784 ശതമാനവും 500 ശതമാനവും അധികം മഴയാണ് 2022 ആഗസ്തിൽ ലഭിച്ചത്. 1739 ആളുകൾ കൊല്ലപ്പെട്ടു. ഇതിൽ 647 കുട്ടികളും ഉൾപ്പെടുന്നു. പാകിസ്താനിലെ, കാലാവസ്ഥാ വ്യതിയാന വകുപ്പ് മന്ത്രി ഷെറി റഹ്മാൻ പറഞ്ഞത്, രാജ്യത്തിന്റെ മൂന്നിലൊന്നോളം ഭാഗം വെള്ളത്തിനടിയിലാണെന്നാണ്. നിരവധിയാളുകളെ കണ്ടെത്താനായില്ല. ഗുരുതരമായി പരിക്കേൽക്കപ്പെട്ടവർ പതിമൂവായിരത്തോളമാണ്. പ്രളയംമൂലം പാർപ്പിടമില്ലാതായവർ 21 ലക്ഷം ആളുകളാണ്. 3.91 ലക്ഷം കോടി രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പാകിസ്താൻ ധനവകുപ്പ് കണക്കാക്കിയത്.
73,000 പൂർണ ഗർഭിണികളെയാണ് പ്രളയം പ്രതികൂലമായി ബാധിച്ചത്. ഇവരിൽ ഏറെപ്പേരും താൽക്കാലികമായുണ്ടാക്കിയ അഭയാർഥികേന്ദ്രങ്ങളിലാണ് പ്രസവിച്ചത്. ഇത് അമ്മമാർക്കും കുഞ്ഞുങ്ങൾക്കും ഒരേപോലെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കിടയാക്കി. പ്രളയം കാരണം 15,000 ആരോഗ്യപരിചരണകേന്ദ്രങ്ങൾ ഇല്ലാതായി. പകർച്ചവ്യാധികൾ പൊട്ടിപ്പുറപ്പെട്ടു. തന്മൂലമുണ്ടായ മരണസംഖ്യ പ്രളയത്തിൽ കൊല്ലപ്പെട്ടവർക്ക് പുറമെയാണ്. ●

ബ്രസീലിലെ കാട്ടുതീ – 2024
കഴിഞ്ഞ ഏതാനും വർഷങ്ങളായി ബ്രസീലിൽ ആമസോൺ മഴക്കാടുകൾ ഉൾപ്പെടെ മാസങ്ങളോളം നിന്നുകത്തുന്ന സ്ഥിതിവിശേഷം ലോകം കണ്ടുവരികയാണ്. ബ്രസീലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് (INPE) കണക്കനുസരിച്ച്, കഴിഞ്ഞ ഏതാനും വർഷങ്ങളായി ആമസോൺ പ്രദേശത്ത് പ്രതിവർഷം ഒരു ലക്ഷത്തോളം തവണ കാട്ടുതീ ഉണ്ടായിട്ടുണ്ട്. 2024 ൽ ആമസോണിൽ 1,40,328 തവണ കാട്ടുതീ ഉണ്ടായതായി INPE രേഖപ്പെടുത്തുന്നു; ഇത് തൊട്ടുമുമ്പുള്ള 17 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണ്.
വനനശീകരണം തടയുന്നതിനും പരിസ്ഥിതി സംരക്ഷണ നിയമങ്ങൾ നടപ്പാക്കുന്നതിലുള്ള ബ്രസീലിയൻ സർക്കാരിന്റെ ശുഷ്കാന്തിയില്ലായ്മയും ഈ കാട്ടുതീക്ക് കാരണമായിട്ടുണ്ട്. 2004 മുതൽ 2012 വരെയുള്ള കാലത്ത് കാട് വെട്ടിതെളിക്കുന്നതിൽ ഗണ്യമായ തോതിൽ കുറഞ്ഞിരുന്നു. എന്നാൽ പിന്നീട് വനനശീകരണവും കാട്ടുതീയും കൂടുതൽ രൂക്ഷമായ തോതിൽ വർദ്ധിക്കുവാൻ തുടങ്ങി; 2019 ൽ ബ്രസീലിന് നഷ്ടമായത് 3900 ചതുരശ്ര മൈൽ വനഭൂമിയാണ്. പരിസ്ഥിതി സംരക്ഷണ നിയമങ്ങളുടെയും കരാറുകളുടെയും നടപ്പാക്കലിനെ പരിമിതപ്പെടുത്തുകയും വനനശീകരണം തടയുന്നതിനും നിരീക്ഷിക്കുന്നതിനുമായുള്ള പ്രോഗ്രാമുകൾക്കുള്ള പണം ബജറ്റിൽനിന്ന് വെട്ടിക്കുറയ്ക്കുകയും ചെയ്ത പ്രസിഡന്റ് ജയർ ബോൾസനാരോയുടെ നയങ്ങളാണ് സ്ഥിതിവിശേഷം ഇത്ര രൂക്ഷമാക്കിയത്. വനനശീകരണത്തിനുള്ള നിബന്ധനകൾ ലഘൂകരിക്കുകയും ആമസോൺ മഴക്കാടുകളുടെ മേഖലയിൽ നിരീക്ഷണം നിഷ്ക്രിയമാക്കുകയും ചെയ്തു.
2023 ൽ ഇടതുപക്ഷക്കാരനായ ലുല ഡ സിൽവ വീണ്ടും പ്രസിഡന്റായി അധികാരമേറ്റതിനുശേഷം പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങൾ ശക്തമാക്കുകയും വനനശീകരണത്തിനു വഴിവെയ്ക്കുന്ന പദ്ധതികൾ റദ്ദു ചെയ്യുകയും ചെയ്തു. ഈ കരുതലുകൾ തൊട്ടടുത്ത വർഷം ഫലം കാണിച്ചില്ലെങ്കിലും 2025ൽ കാട്ടുതീയുടെ കാര്യത്തിൽ 2024 നെ അപേക്ഷിച്ച് ഗണ്യമായ കുറവുണ്ടാക്കി. അനേകായിരം വർഷങ്ങളോളം യാതൊരുവിധത്തിലുള്ള കാട്ടുതീയും ഉണ്ടാകാതിരുന്ന മഴക്കാടാണ് ആമസോൺ. അതുകൊണ്ടുതന്നെ അവിടുത്തെ സസ്യജന്തുജാലങ്ങൾക്ക് പരിധിവിട്ടുള്ള ചൂട് താങ്ങാനാവുന്നതല്ല. ചെറിയതോതിലുള്ള തീ പോലും വൻതോതിലുള്ള ജൈവനാശത്തിലേക്ക് വഴിവയ്ക്കും. എല്ലാത്തിലുമുപരി, ആമസോൺ മഴക്കാടുകളിലെ വൻവൃക്ഷങ്ങളിൽ ദശലക്ഷക്കണക്കിനു ടൺ കാർബൺഡയോക്സൈഡാണ് സംഭരിക്കപ്പെട്ടിട്ടുള്ളത്. നിരന്തരമായുള്ളതും നിർത്താതെയുള്ളതുമായ കാട്ടുതീ ഈ മരങ്ങൾ കത്തുന്നതിനും അതുവഴി വലിയ അളവിൽ കാർബൺ പുറന്തള്ളപ്പെടുന്നതിനും വഴിവയ്ക്കും. സ്വാഭാവികമായും അത് ആഗോളതാപനത്തെ കൂടുതൽ ശക്തിപ്പെടുത്തും. ആഗോളതാപനിലയിൽ വൻവർദ്ധനവ് സൃഷ്ടിക്കും. ലോകത്തൊട്ടാകെ വിവിധ ഇടങ്ങളിൽ വരൾച്ചയ്ക്കും ചൂടുകാറ്റിനും കൃഷിനാശത്തിനും ഇതുവഴിവയ്ക്കും. ●

തെക്കൻ കാലിഫോർണിയ കാട്ടുതീ– 2025
2025 ജനുവരി 7 മുതൽ 31 വരെ അമേരിക്കയിലെ ലോസ് ഏഞ്ചലസിലെ മെട്രോ മേഖലയിലും കാലിഫോർണിയയുടെ സാന്റിയാഗോ കൗണ്ടിയിലുമായി 14 തവണയാണ് കാട്ടുതീ പടർന്നുപിടിച്ചത്. മെട്രോപൊളിറ്റൻ മേഖലയിലടക്കം പടർന്നു പിടിച്ച കാട്ടുതീയിൽ 31 മനുഷ്യർ വെന്തുമരിച്ചു. രണ്ടു ലക്ഷത്തോളം പേർക്ക് പ്രദേശത്തു നിന്നും ഒഴിഞ്ഞുപോകേണ്ടതായി വന്നു. പതിനെണ്ണായിരത്തിലേറെ വീടുകളും മറ്റു കെട്ടിടങ്ങളും നശിപ്പിക്കപ്പെട്ടു. 57,529 ഏക്കർ ഭൂമിയാണ് കത്തിനശിച്ചത്. കൊടുംവരൾച്ചയിൽ അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവ് ക്രമാതീതമായി കുറഞ്ഞു; പ്രദേശത്തെ ചെടികളും മരങ്ങളും കുറ്റിച്ചെടികളുമടക്കം ഉണങ്ങിക്കരിഞ്ഞുനിൽക്കുന്ന അവസ്ഥയിൽ വീശിയ ശക്തമായ കാറ്റ് തീ പടരുന്നതിന് അടിയന്തര കാരണമായി. ചിലയിടങ്ങളിൽ മണിക്കൂറിൽ നൂറിലേറെ മൈൽ വേഗതയിലാണ് ഹരിക്കെയ്നു സമാനമായ സാന്ത അന കാറ്റ് വീശിയിരുന്നത്. ലോസ് ഏഞ്ചലസിലെയും വെൻചുറ കൗണ്ടികളിലെയും ജനവാസ മേഖലകളിൽ മണിക്കൂറിൽ 50 മുതൽ 80 മൈൽവരെ വേഗതയിലാണ് കൊടുങ്കാറ്റ് ആഞ്ഞുവീശിയിരുന്നത്. നേച്ചർ റിവ്യൂസ് എർത്ത് ആൻഡ് എൻവയോൺമെന്റിന്റെ പഠനം പറയുന്നത്, കാലാവസ്ഥാ വ്യതിയാനം പ്രദേശത്തെ താപനിലയിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാക്കുകയും മഴയുടെ കാര്യത്തിൽ അസ്ഥിരത സൃഷ്ടിക്കുകയും ചെയ്തു എന്നാണ്. 2022 – 23നും 2023 – 24 നും സമാനമായി രൂക്ഷമായ വരൾച്ച ഉണ്ടായെങ്കിലും തുടർന്ന് മഴപെയ്തത് വരൾച്ചയിൽ ഉണങ്ങിയ പുൽനാമ്പുകൾ വീണ്ടും മുളച്ചുപൊന്താനും മരങ്ങൾ തളിർക്കാനും കുറ്റിച്ചെടികൾ വളരാനും സഹായകമായി. വേനലിൽ ഉണങ്ങിപ്പോകുന്ന ഇത്തരം മരങ്ങളും പുല്ലുകളും മറ്റുമാണ് കാട്ടുതീക്ക് ഇന്ധനമായി മാറുന്നത്. എന്നാൽ 2025 ൽ രൂക്ഷമായ വരൾച്ചയ്ക്കുശേഷം മഴപെയ്യാതിരിക്കുകയും അന്തരീക്ഷ ഈർപ്പം ക്രമാനുഗതമായി താഴുകയും തുടർന്ന് കാറ്റ് ആഞ്ഞുവീശുകയും ചെയ്തപ്പോൾ അത് കാട്ടുതീക്ക് അനുകൂലമായ സാഹചര്യങ്ങളൊരുക്കി. അൽതാദനയിലും പാലിസാദസിലുമാണ് കാട്ടുതീ ഏറ്റവും ശക്തമായത്. ●

വടക്കേ അമേരിക്കൻ ശീതതരംഗം –2026
വടക്കേ അമേരിക്കൻ രാജ്യങ്ങളെ, പ്രത്യേകിച്ചും കാനഡ, അമേരിക്ക, മധ്യ അമേരിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ 2026 ജനുവരി രണ്ടാം പാതി മുതൽ ഫെബ്രുവരി വരെ ഗുരുതരമായി ബാധിച്ച തീവ്രമായ ഒരു കാലാവസ്ഥാ പ്രതിഭാസം ആയിരുന്നു ശീത തരംഗം. തെക്ക് ബെലീസ വരെ ഈ ശീത തരംഗത്തിന്റെ അലയൊലികൾ നീണ്ടു. അമേരിക്ക ഉൾപ്പെടെ വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ രാജ്യങ്ങളിലുടനീളം ഗുരുതരമായ തോതിൽ താപനില കുറയുകയും കനത്ത മഞ്ഞുവീഴ്ച ഉണ്ടാവുകയും ചെയ്തു. 2026 തുടക്കത്തിൽ സ്ട്രാട്ടോസ്ഫിയറിൽ പെട്ടെന്നുണ്ടായ താപനത്തെ തുടർന്ന് ധ്രുവച്ചുഴലി (polar vortex) തെക്കോട്ട് നീങ്ങിയതാണ് ഇതിനു കാരണം. ഭൂമിയുടെ രണ്ടു ധ്രുവങ്ങളിലുമായി ഉണ്ടാകുന്ന ഒരു പ്രതിഭാസമാണ് പോളാർ വോർട്ടെക്സ് അഥവാ ധ്രുവച്ചുഴലി. ധ്രുവങ്ങൾക്ക് സമീപം തണുത്ത വായുവിന്റെ മർദ്ദം കുറഞ്ഞ പ്രദേശം ഉണ്ടാവാറുണ്ട്. വേനൽക്കാലത്ത് ഇത് ദുർബലമാവുകയും ശൈത്യകാലത്ത് ശക്തിപ്പെടുകയും ചെയ്യും. ശൈത്യകാലത്ത് ഇത് ശക്തിപ്പെടുന്ന പ്രതിഭാസത്തെ ധ്രുവച്ചുഴലി എന്നു വിളിക്കുന്നു. ധ്രുവച്ചുഴലിയുടെ ഭാഗമായി ധ്രുവ മേഖലകളിൽ തണുത്ത വായുവിനെ നിലനിർത്തുകയും മഞ്ഞുരുകിപ്പോകാതെ ഫ്രീസറിലെപോലെ തണുത്തുറഞ്ഞുനിൽക്കുന്ന അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു. ആർട്ടിക് – – അന്റാർട്ടിക് ധ്രുവങ്ങളിലാണ് ധ്രുവച്ചുഴലി രൂപപ്പെടാറുള്ളത്.
വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലും മധ്യ അമേരിക്കൻ രാജ്യങ്ങളിലും കടുത്ത ശൈത്യത്തിനാണ് ഫെബ്രുവരി ആദ്യ ആഴ്ച സാക്ഷ്യം വഹിച്ചത്. അമേരിക്കയിൽ തെക്ക് ടെക്സാസിലും ഫ്ലോറിഡയിലും വരെ മഞ്ഞുവീഴ്ച ഉണ്ടായി. ശീതതരംഗത്തിന്റെ ഭാഗമായി 22 പേരോളം മരണപ്പെട്ടു. ഒട്ടേറെ പേർക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായി. ഈ ശീത തരംഗം 400 കോടി അമേരിക്കൻ ഡോളർ വിലമതിക്കുന്ന നാശനഷ്ടങ്ങൾ സൃഷ്ടിച്ചു എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ●

യൂറോപ്യൻ ഉഷ്ണതരംഗം – 2026
ആസ്ട്രിയ, ബെലാറസ്, ബെൽജിയം, ചെക് റിപ്പബ്ലിക്, ഡെന്മാർക്ക്, ഫ്രാൻസ്, ജർമനി, ഹംഗറി, അയർലണ്ട്, ഇറ്റലി, നെതർലാൻഡ്സ്, പോളണ്ട്, റൊമാനിയ, സ്ലൊവാക്യ, സ്ലൊവേനിയ, സ്പെയിൻ, സ്വിറ്റ്സർലണ്ട്, ബ്രിട്ടൻ എന്നീ രാജ്യങ്ങളിൽ 2026 മെയ് അവസാനം രൂക്ഷമായ ഉഷ്ണതരംഗമുണ്ടായി. മെയ് മാസത്തിൽ മുൻപൊരിക്കലും ഉണ്ടാകാത്തത്ര ഉയർന്ന താപനില 2026 മെയ് 24ന് രേഖപ്പെടുത്തി. ജൂൺ 17ന് ഇതിലും രൂക്ഷമായ ഒരു രണ്ടാം ഉഷ്ണതരംഗം കൂടി രേഖപ്പെടുത്തപ്പെട്ടു. ബ്രിട്ടനിൽ ജൂലെെ 4ന് മൂന്നാം ഉഷ്ണതരംഗവുമുണ്ടായി. ക്രമാതീതമായി ഉയർന്നതുമൂലം യൂറോപ്പിലുടനീളം വലിയ തോതിൽ വരൾച്ചയുണ്ടായതിനുപുറമെ വ്യാപകമായി കാട്ടുതീയുമുണ്ടായി. യൂറോപ്പിലെ കാലാവസ്ഥയാകെ മാറിമറിയുന്നതിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്. യൂറോപ്യൻ രാജ്യങ്ങളിൽ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ചർച്ചകൾക്കും ചൂടുപിടിച്ചു. ●



