Saturday, November 7, 2026

ad

Homeകവര്‍സ്റ്റോറിട്രംപും കാലാവസ്ഥാ വ്യതിയാന നിഷേധവും

ട്രംപും കാലാവസ്ഥാ വ്യതിയാന നിഷേധവും

ഡോ. ടി എം തോമസ് ഐസക്

വരൾച്ചയെക്കുറിച്ചുള്ള സായ്നാഥിന്റ പുസ്തകം അറിയാത്തവരുണ്ടാവില്ല. “എല്ലാവർക്കും നല്ലൊരു വരൾച്ച ഏറെ ഇഷ്ട‌മാണ്’’ (Everyboby Loves a Good Drought : Stories from India’s Poorest Districts) എന്നതാണ് പുസ്തകത്തിന്റെ പേര്. ബിഹാറിലെ ഒരു കർഷകനാണ് ഇതുപറഞ്ഞത്: “ഇവിടെ ഇപ്പോൾ ഞങ്ങൾക്ക് നല്ലൊരു വരൾച്ചയുടെ കാലമാണ്. പണക്കാരെല്ലാം ഇതിൽ നിന്നും നേട്ടമുണ്ടാക്കുന്നുണ്ട്. ബ്ലോക്ക് വികസന ഓഫീസറാകട്ടെ – മൂന്നാം വിള കൊയ്യാൻ പോയിരിക്കുകയാണ്’’ മൂന്നാം വിള എന്നുപറഞ്ഞാൽ, വരൾച്ചാ ദുരിതാശ്വാസപ്രവർത്തനങ്ങൾ.

ഏതാണ്ട് ഇതുപോലെയാണ് ആഗോള മൂലധനത്തിന് കാലാവസ്ഥാ വ്യതിയാന പ്രതിസന്ധി. അവർ സൃഷ്ടിച്ച മലിനീകരണമാണ് കാലാവസ്ഥാ വ്യതിയാനത്തിന് കാരണം. ഈ പ്രതിസന്ധിയുടെ ഇരകളാവട്ടെ ലോകത്തെമ്പാടുമുള്ള പാവപ്പെട്ടവരും, പ്രത്യേകിച്ച് മൂന്നാം ലോകരാജ്യത്തെ പാവപ്പെട്ടവർ. എന്നാൽ മാർക്സിസ്റ്റ് ചിന്തകൻ ഡേവിഡ് ഹാർവിയുടെ അഭിപ്രായത്തിൽ, ഈ പ്രതിസന്ധിയും ആഗോള മൂലധനത്തിന് ഒരു അവസരമാണ്; ദുരിതാശ്വാസ പ്രവർത്തനങ്ങൾ മാത്രമല്ല പുതിയ സാഹചര്യത്തിനനുസൃതമായി മുതലാളിത്ത വ്യവസ്ഥയെ പരിഷ്കരിക്കുന്നതിനുള്ള നിക്ഷേപത്തിനും അതിൽ നിന്നുള്ള ലാഭത്തിനും അവസരമാണ്. കാലാവസ്ഥാ വ്യതിയാനത്തിൽ അവർക്ക് വലിയ വേവലാതിയൊന്നുമില്ല. അതും ലാഭത്തിനുള്ള അവസരമാക്കി മാറ്റാം. ഇത്തരം നിഷ്ഠുര മൂലധന ശക്തികളുടെ ലോകത്തെ ഏറ്റവും വലിയ പ്രയോക്താവാണ് അമേരിക്കൻ പ്രസിഡന്റ് ട്രംപ്.

പണ്ടേ അദ്ദേഹത്തിന് കാലാവസ്ഥാ വ്യതിയാനത്തിൽ വിശ്വാസമുണ്ടായിരുന്നില്ല. ആദ്യം പ്രസിഡന്റായപ്പോൾ ഇത് അദ്ദേഹം തുറന്നുപറഞ്ഞതാണ്. എന്നാൽ ഇപ്പോൾ രണ്ടാം വട്ടം പ്രസിഡന്റായതിനുശേഷം കാലാവസ്ഥാ വ്യതിയാനം എന്ന് ആരെങ്കിലും പറഞ്ഞാൽമതി അദ്ദേഹത്തിന് ഭ്രാന്ത് പിടിക്കും. ട്രംപിന്റെ ഏറ്റവും കുപ്രസിദ്ധമായ ചൊല്ല് ഇതാണ് : “ലോകചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പ് പരിപാടിയാണ് കാലാവസ്ഥാ വ്യതിയാന സിദ്ധാന്തം’’ ലോക ശാസ്ത്രജ്ഞരിൽ 90 ശതമാനത്തിലേറെപ്പേർ അംഗീകരിക്കുന്ന ഒരു ശാസ്ത്രസത്യത്തെക്കുറിച്ചാണ് ഐക്യരാഷ്ട്രസഭയിൽ ഈ പ്രസ്താവന നടത്തിയത് എന്ന് ഓർക്കണം.

സത്യപ്രതിജ്ഞ കഴിഞ്ഞ് ആദ്യ ദിവസം ഒപ്പിട്ട ഉത്തരവ് ഒബാമയുടെ ഭരണകാലത്ത് രൂപംനൽകിയ പാരീസ് കാലാവസ്ഥാ ഉടമ്പടിയിൽ പങ്കുചേരാനുളള തീരുമാനം റദ്ദാക്കുകയായിരുന്നു. കാലാവസ്ഥാ വ്യതിയാനത്തിനു കാരണമായ ഹരിതഗൃഹ വാതകങ്ങളെ നിയന്ത്രിക്കാൻ 2009ൽ പാസ്സാക്കിയ നിയമത്തെ അദ്ദേഹം തുരങ്കംവച്ചു. പരമാവധി കൽക്കരിയും എണ്ണയും കുഴിച്ചെടുക്കുക എന്നതായി അമേരിക്കയുടെ പുതിയ നയം. “Drill Baby Drill (‘കുഴിക്കെന്റെ ഓമനേ കുഴിക്ക്‌’) എന്ന വരിക്ക് ചുവടുവെച്ച് സ്റ്റേജിൽ നൃത്തംചവിട്ടിയവനാണ് ട്രംപ് എന്നുപറഞ്ഞാൽ മതിയല്ലോ.

ട്രംപ് ഒരു ശാസ്ത്രവിരുദ്ധനാണ് എന്നതല്ല ഇതിന് കാരണം. ഏറ്റവും ആധുനിക ശാസ്ത്ര കണ്ടുപിടിത്തങ്ങളുടെ നേട്ടങ്ങൾ എല്ലാം വേണം. എന്നാൽ ശാസ്ത്രബോധം എന്നത് ഒരു തരിമ്പും അദ്ദേഹത്തിനു വേണ്ട.

അമേരിക്കൻ മുലധനത്തിന്റെ വളർച്ചയുടെ വേഗത വർദ്ധിപ്പിക്കുക എന്നതുമാത്രമാണ് ട്രംപിന്റെ ചിന്ത. കാലാവസ്ഥാ വ്യതിയാന നിയന്ത്രണങ്ങൾ അമേരിക്കൻ സമ്പദ് വ്യവസ്ഥയുടെ മത്സരശേഷിയെ കുറയ്ക്കും എന്നദ്ദേഹം ഭയപ്പെടുന്നു. ഇന്ന് അമേരിക്കൻ സമ്പദ് ഘടനയുടെ ഒരു പ്രധാന ചാലക ശക്തി നിർമ്മിത ബുദ്ധിയാണ്. ഇതിന്റെ ഭാഗമായി ലോകത്തെ ഏറ്റവും വലിയ ഡാറ്റ സെന്ററുകൾ അമേരിക്കയിൽ സ്ഥാപിക്കുന്നതിന് കമ്പനികളെ പ്രോത്സാഹിപ്പി
ച്ചുകൊണ്ടിരിക്കുകയാണ്. ഡാറ്റാ സെന്ററുകൾക്ക് ആവശ്യമായ ഊർജ്ജം അതിഭീമമാണ്. ഇതിനാവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കാൻ കൂടുതൽ കൽക്കരിയും എണ്ണയും ഉപയോഗിച്ചേ തീരൂ. കാലാവസ്ഥാ വ്യതിയാനത്തിന്റെ പേരുപറഞ്ഞ് പുതിയ എ ഐ നിക്ഷേപത്തിന്റെ സാധ്യതകൾ വേണ്ടെന്നുവെക്കാൻ ട്രംപ് തയാറല്ല.

അപ്പോൾ ഒരു ചോദ്യം ഉയർന്നു
വരും, കാലാവസ്ഥാ വ്യതിയാന
ത്തിന്റെ കെടുതികൾ അമേരിക്കയിലെ സാധാരണ
ക്കാരും സഹിക്കേണ്ടി വരില്ലേ? അവർ ട്രംപിനെതിരായി മാറാത്തത് എന്തുകൊണ്ട്?. ട്രംപിന്റെ ജനപ്രീതി ഇടിഞ്ഞുകൊണ്ടിരിക്കുകയാണെന്നാണ് അഭിപ്രായ വോട്ടെടുപ്പുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ട്രംപ് പറയുക, അത്തരത്തിലുള്ള ഭീതി വേണ്ടായെന്നാണ്. ആവശ്യത്തിന് സമ്പത്തുണ്ടെങ്കിൽ ഏത് കാലാവസ്ഥാ വ്യതിയാനത്തിൽ നിന്നും രക്ഷനൽകാൻ കഴിയുമെന്നാണ്. ചൂടുകാലത്ത് ശീതീകരിച്ച കെട്ടിടങ്ങളിൽ താമസിക്കാം, വേലിയേറ്റം തടയാൻ തടയണകളും കൽഭിത്തികളും ഉണ്ടാക്കാം, ഇങ്ങനെ പോകുന്നു ട്രംപിന്റെ പ്രതിവിധികൾ.

ഇതിന് രണ്ടാണ് മറുപടി. ഒന്ന്, കാലാവസ്ഥാ വ്യതിയാനമേറുന്തോറും ഇത്തരത്തിലുള്ള പ്രതിരോധങ്ങൾ വിഫലമാകും. ഇന്നത്തെ രീതിയിലാണ് ലോകത്ത് കാര്യങ്ങൾ പുരോഗമിക്കുന്നതെങ്കിൽ 2060 ആകുമ്പോഴേയ്ക്കും മനുഷ്യവാസം അസാധ്യമാകുന്ന സ്ഥിതിയിലാകും എന്നാണ് പലരും ഭയപ്പെടുന്നത്.

രണ്ട്, അമേരിക്കയിലെപോലെ സമ്പത്തില്ലാത്ത നമ്മുടെയെല്ലാം രാജ്യങ്ങളിലെ പാവങ്ങൾ ഇപ്പോൾ തന്നെ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഇരകളായി മാറിക്കഴിഞ്ഞിരിക്കുന്നു. നേപ്പാളിലെ പ്രകൃതിദുരന്തം ലക്ഷങ്ങളുടെ ജീവിതം തകർത്തത് ഏറ്റവും അവസാനത്തെ ഉദാഹരണമാണ്.

അങ്ങനെ കാലാവസ്ഥാ വ്യതിയാന പ്രതിരോധം പുതിയ സാമ്രാജ്യത്ത വിരുദ്ധ പ്രസ്ഥാനത്തിന്റെ മുഖ്യമുദ്രാവാക്യമായി തീരുന്നു. റിയോയിലെ ഭൗമ ഉച്ചകോടിയിൽ ഫിദൽ കാസ്ട്രോ പറഞ്ഞതു പോലെ “പണത്തിന്റെ കടമല്ല; പാരിസ്ഥിതിക കടമാണ് ഇന്നത്തെ പ്രശ്നം. സാമ്രാജ്യത്വം ഈ കടം വീട്ടിയേ പറ്റൂ.” സാമൂഹ്യ വൈരുദ്ധ്യങ്ങൾ മൂർച്ഛിക്കുന്നതാണ് മുതലാളിത്ത വ്യവസ്ഥയ്ക്ക് അന്ത്യംകുറിയ്ക്കുക. ഇനി മേൽ പ്രകൃതിയും സമൂഹവും തമ്മിലുള്ള വൈരുദ്ധ്യവും സാമൂഹ്യമാറ്റങ്ങളുടെ ഒരു സുപ്രധാന പ്രേരകശക്തിയായി മാറും. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

16 + two =

Most Popular