കേരളത്തിന്റെയും നമ്മുടെ രാജ്യത്തിന്റെയും സാമ്പത്തിക, സാമൂഹിക, സാംസ്കാരിക ജീവിതത്തിന്റെ അടിത്തറയാണ് മൺസൂൺ. കൃത്യമായ ഇടവേളകളിൽ ലഭിച്ചിരുന്ന കുളിർമഴയും ഞാറ്റുവേലകളും പുഴകളിൽ നിറഞ്ഞൊഴുകിയിരുന്ന വെള്ളവും നമ്മുടെ കാർഷിക സമൃദ്ധിയുടെ അടയാളങ്ങളായിരുന്നു. എന്നാൽ ആ പരമ്പരാഗത മഴക്കാലം ഇന്ന് ചരിത്രത്തിന്റെ ഭാഗമാകുകയാണോ? പസഫിക് സമുദ്രത്തിൽ രൂപപ്പെടുന്ന താപവ്യതിയാനങ്ങളും എൽ നിനോ (El Nino) പ്രതിഭാസവും കേരളത്തിന്റെ മൺസൂൺ പാറ്റേണിനെ ഈ വർഷം അടിമുടി തകിടംമറിച്ചുകൊണ്ടിരിക്കുകയാണ്.
എന്താണ് എൽ നിനോ?
മധ്യ-–കിഴക്കൻ പസഫിക് സമുദ്രത്തിലെ വെള്ളത്തിന്റെ ഉപരിതല താപനില സാധാരണയേക്കാൾ ഗണ്യമായി ഉയരുന്ന പ്രതിഭാസമാണ് എൽ നിനോ (El Nino). സ്പാനിഷ് ഭാഷയിൽ “ഉണ്ണിയേശു’ അല്ലെങ്കിൽ “ചെറിയ ആൺകുട്ടി’ (The Little Boy) എന്നാണ് ഈ വാക്കിന്റെ അർത്ഥം. ക്രിസ്-മസ് സമയത്താണ് പെറുവിന്റെയും ഇക്വഡോറിന്റെയും തീരങ്ങളിൽ മത്സ്യത്തൊഴിലാളികൾ ഈ താപവ്യതിയാനം ആദ്യമായി ശ്രദ്ധിച്ചത് എന്നതിനാലാണ് ഈ പേര് വന്നത്. പസഫിക്കിൽ സംഭവിക്കുന്ന ഈ എൽ നിനോ പ്രതിഭാസം ആയിരക്കണക്കിന് മൈലുകൾക്കപ്പുറമുള്ള ഇന്ത്യൻ മഹാസമുദ്രത്തിലെ വായുപ്രവാഹങ്ങളെയും മൺസൂൺ കാറ്റുകളെയും നേരിട്ട് സ്വാധീനിക്കുന്നു. കാറ്റിന്റെ ദിശയിലും വേഗതയിലുമുണ്ടാകുന്ന ഈ തടസ്സം കാരണം ഇന്ത്യയിലേക്ക്, പ്രത്യേകിച്ച് തെക്കുപടിഞ്ഞാറൻ തീരത്തേക്ക് എത്തേണ്ട മഴമേഘങ്ങൾ ദുർബലമാകുന്നു.
എൽ നിനോ സംഭവിക്കുന്നത് എങ്ങനെ?
സാധാരണഗതിയിൽ പസഫിക് സമുദ്രത്തിൽ കിഴക്കുനിന്ന് പടിഞ്ഞാറേക്ക് വീശുന്ന വാണിജ്യവാതങ്ങൾ (Trade Winds) ചൂടുവെള്ളത്തെ ഏഷ്യൻ തീരങ്ങളിലേക്ക് തള്ളുന്നു. എന്നാൽ എൽ നിനോ വർഷങ്ങളിൽ ഈ കാറ്റുകൾ ദുർബലമാകുകയോ ദിശ മാറുകയോ ചെയ്യുന്നു. ഇതോടെ ചൂടുവെള്ളം പസഫിക്കിന്റെ മധ്യ-കിഴക്കൻ മേഖലകളിൽ തങ്ങിനിൽക്കുകയും അവിടെ സമുദ്രോപരിതലം വലിയതോതിൽ ചൂടാകുകയും ചെയ്യുന്നു. 25-–30 മില്യൺ ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ ഈ താപനം അനുഭവപ്പെടുന്നു. കൂടാതെ ഈ ചൂട് സമുദ്രത്തിന്റെ അടിത്തട്ടിലേക്കും (ഏകദേശം 300 മീറ്റർ വരെ) ക്രമാനുഗതമായി വ്യാപിക്കുന്നു. വെള്ളത്തിൽ അടിഞ്ഞുകൂടുന്ന ഇത്രയധികം താപോർജ്ജത്തിന്റെ ഒരു പങ്ക് അന്തരീക്ഷത്തിലേക്കും വ്യാപിക്കുന്നു. അതിശക്തമായ ഒരു എൽ നിനോ വർഷത്തിൽ സമുദ്രത്തിൽ അധികമായി ഉണ്ടാവുന്നത് ഏകദേശം 3.5 സെറ്റാജൂൾസ് ഊർജ്ജമാണ്. ഒരു സെറ്റാജൂൾ (Zettajoule) എന്നാൽ 1021 ജൂളുകൾ (Joules) ആണ്. അതായത് 3.5 എന്ന സംഖ്യയ്ക്കുശേഷം 21 പൂജ്യങ്ങൾ ചേരുന്നത്രയും വലിയൊരു ഊർജ്ജത്തിന്റെ അളവാണിത്. നമുക്ക് ഊഹിക്കാൻ പോലുമാവാത്തത്ര വലിയ സംഖ്യ, അല്ലെ? ഒരുദാഹരണം പറഞ്ഞാൽ ഏതാണ്ട് അഞ്ചരക്കോടി ഹിരോഷിമ ആറ്റംബോംബുകൾ ഒരുമിച്ച് പൊട്ടുംപോലുള്ളത്ര ഊർജ്ജം! ഈ ഊർജ്ജമാണ് അന്തരീക്ഷത്തിലെ മർദ്ദവ്യതിയാനത്തെയും അതുവഴി ദിനാവസ്ഥയെയും ഒരു പരിധി വരെ കാലാവസ്ഥയെയും മാറ്റിമറിക്കുന്നത്.
ആഗോളതലത്തിലും
ഇന്ത്യയിലും ഉണ്ടാകുന്ന
പ്രത്യാഘാതങ്ങൾ
ഇന്ത്യ (കേരളത്തിൽ ഉൾപ്പെടെ): മൺസൂൺ കാറ്റുകൾ ദുർബലമാകുന്നു. തൽഫലമായി മഴലഭ്യത കുറയുകയും വരൾച്ച, കൃഷിനാശം, ഉയർന്ന അന്തരീക്ഷ താപനില എന്നിവ അനുഭവപ്പെടുകയും ചെയ്യുന്നു.
ലാറ്റിനമേരിക്ക: പെറു, ഇക്വഡോർ തുടങ്ങിയ രാജ്യങ്ങളിൽ ശക്തമായ മഴയ്ക്കും പ്രളയത്തിനും കാരണമാകുന്നു.
ആസ്ട്രേലിയ/ഇൻഡോനേഷ്യ: കടുത്ത വരൾച്ചയ്ക്കും കാട്ടുതീയ്ക്കും കാരണമാകുന്നു.
എൽ നിനോയ്ക്ക് നേരെവിപരീതമായി പസഫിക് സമുദ്രം സാധാരണയേക്കാൾ തണുക്കുന്ന പ്രതിഭാസമാണ് ലാ നിനാ (La Nina). ഇത് ഇന്ത്യയിൽ മികച്ച മഴ നൽകാൻ സഹായിക്കാറുണ്ട്.
ശാന്തസമുദ്രത്തിൽ (Pacific Ocean) വെള്ളം ചൂടാകുന്ന സ്ഥാനത്തെയും തീവ്രതയെയും അടിസ്ഥാനമാക്കി എൽ നിനോ (El Nino) പ്രതിഭാസത്തെ പ്രധാനമായും മൂന്നായി തരംതിരിച്ചിരിക്കുന്നു:
കിഴക്കൻ പസഫിക് എൽ നിനോ
(Eastern Pacific El Nino / Traditional El Nino)
പ്രത്യേകത: കിഴക്കൻ പസഫിക് സമുദ്രത്തിൽ (ദക്ഷിണ അമേരിക്കൻ തീരത്തോട് അടുത്ത്) സമുദ്രോപരിതലം അസാധാരണമായി ചൂടാകുന്ന പരമ്പരാഗത രീതിയാണിത്.
സ്വാധീനം: ആഗോള കാലാവസ്ഥയിൽ വലിയ വ്യതിയാനങ്ങൾ ഉണ്ടാക്കുന്നു. ഇന്ത്യയിൽ സാധാരണയായി മൺസൂൺ മഴ കുറയാനും വരൾച്ചയ്ക്കുമുള്ള സാധ്യത കൂട്ടുന്നു.
2. മധ്യ പസഫിക് എൽ നിനോ
(Central Pacific El Nino / Modoki)
പ്രത്യേകത: കിഴക്കൻ ഭാഗത്തിനുപകരം പസഫിക് സമുദ്രത്തിന്റെ മധ്യഭാഗത്ത് വെള്ളം കൂടുതൽ ചൂടാകുന്ന അവസ്ഥ. ജാപ്പനീസ് ഭാഷയിൽ ‘മൊഡോക്കി’ (Modoki) എന്നാൽ “സമാനമായത് എന്നാൽ വ്യത്യസ്തമായത്’ എന്നാണ് അർത്ഥം.
സ്വാധീനം: പരമ്പരാഗത എൽ നിനോയിൽ നിന്നും വേറിട്ട മഴരീതികൾ സൃഷ്ടിക്കുന്നു. ഇത് ചിലപ്പോൾ പ്രതീക്ഷിക്കാത്ത ഇടങ്ങളിൽ മഴയ്ക്കും മറ്റിടങ്ങളിൽ കടുത്ത വരൾച്ചയ്ക്കും കാരണമാകാം.
3. തീരദേശ എൽ നിനോ (Coastal El Nino)
പ്രത്യേകത: പെറു, ഇക്വഡോർ തുടങ്ങിയ ദക്ഷിണ അമേരിക്കൻ രാജ്യങ്ങളുടെ തീരപ്രദേശങ്ങളിൽ മാത്രം പെട്ടെന്ന് സമുദ്രജലം ചൂടാകുന്ന പ്രാദേശിക പ്രതിഭാസം.
സ്വാധീനം: ഇത് ആഗോള കാലാവസ്ഥയെ വലിയതോതിൽ ബാധിക്കില്ലെങ്കിലും, ആ പ്രദേശങ്ങളിൽ പെട്ടെന്നുള്ള കനത്ത മഴയ്ക്കും പ്രളയത്തിനും കാരണമാകുന്നു.
തീവ്രത അടിസ്ഥാനമാക്കിയുള്ള
തരംതിരിവ്
ദുർബല-–ഇടത്തരം (Weak to Moderate) എൽ നിനോ : താപനിലയിൽ ചെറിയ രീതിയിലുള്ള വർദ്ധനവ് (0.5°C –– 1.4°C വരെ).
ശക്തിയേറിയ (Strong) എൽ നിനോ: താപനില 1.5°C മുതൽ 1.9°C വരെ ഉയരുന്നു.
സൂപ്പർ എൽ നിനോ (Super El Nino): സമുദ്രോപരിതല താപനില 2.0°C-ന് മുകളിൽ ഉയരുന്ന വളരെ തീവ്രമായ അവസ്ഥ. (ഉദാഹരണത്തിന്: 1982-–’83, 1997-–’98, 2015-–’16 വർഷങ്ങളിലെ അവസ്ഥ).
കേരളവും എൽ നിനോയും
കേരളത്തിൽ എൽ നിനോ വർഷങ്ങളിലും സമാനമായ പ്രതിഭാസങ്ങളിലും കാണുന്ന ഏറ്റവും വലിയ പ്രത്യേകതയാണ് “ഒരു വശത്ത് കടുത്ത വരൾച്ചയും മറുവശത്ത് പെട്ടെന്നുണ്ടാകുന്ന പ്രളയവും”.
ഇതിനെ ശാസ്ത്രീയമായി ‘മഴയുടെ പ്രാദേശികവും സമയബന്ധിതവുമായ അസന്തുലിതാവസ്ഥ’ (Rainfall Spatial & Temporal Asymmetry) എന്ന് വിളിക്കുന്നു. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്?
എ. മഴദിവസങ്ങൾ ചുരുങ്ങുന്നത്: മൺസൂൺ കാലത്ത് 120 ദിവസത്തോളം തുടർച്ചയായി കിട്ടേണ്ട മഴ, എൽ നിനോയുടെ സ്വാധീനത്താൽ 15-–20 ദിവസങ്ങളിലേക്ക് ചുരുങ്ങുന്നു.
ബി. തീവ്ര മഴ (Extreme Rainfall Events): മഴ പെയ്യുന്ന ദിവസങ്ങളിൽ സാധാരണയിൽ കൂടുതൽ ഈർപ്പം കുറഞ്ഞ സമയത്തിനുള്ളിൽ പെയ്തിറങ്ങുന്നു. ഇതിനെ ‘മിനി ക്ലൗഡ്ബേർസ്റ്റ്’ (Mini Cloudbursts) ന് സമാനമായ അവസ്ഥ എന്നു വിളിക്കാം.
സി. ഉപരിതല ജലമൊഴുക്ക് (Run-off) കൂടുതൽ, ഭൂഗർഭ ആഗിരണം (infiltration) കുറവ്: പെട്ടെന്ന് പെയ്യുന്ന അതിതീവ്ര മഴ വെള്ളം മണ്ണിലേക്ക് ഇറങ്ങാൻ സമയം നൽകാതെ പുഴകളിലേക്കും കടലിലേക്കും ഒലിച്ചുപോകുന്നു. ഇത് പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും ഉരുൾപൊട്ടലിനും കാരണമാകുന്നു.
നീണ്ട വരണ്ട ദിനങ്ങൾ (Dry Spells): തീവ്രമഴയ്ക്കുശേഷം ആഴ്ചകളോളം മഴ തീരെയില്ലാത്ത അവസ്ഥ വരുന്നു. പെയ്ത വെള്ളം ഒലിച്ചുപോവുകയും വെയിൽ കടുക്കുകയും ചെയ്യുന്നതോടെ പെട്ടെന്നുതന്നെ കനത്ത വരൾച്ചയും കുടിവെള്ള ക്ഷാമവും അനുഭവപ്പെടുന്നു. ഇത് കേരളത്തിന്റെ കാലാവസ്ഥയിൽ സംഭവിക്കുന്ന ചാഞ്ചാട്ടങ്ങളുടെ തെളിവാണ്. പെയ്യുന്ന മഴവെള്ളം സംഭരിക്കാനുള്ള വികേന്ദ്രീകൃത സംവിധാനങ്ങളും (Rainwater Harvesting) ശാസ്ത്രീയമായ ജലപരിപാലനവും മാത്രമാണ് ഇതിനുള്ള പ്രധാന പരിഹാരം.
വർഷത്തിൽ രണ്ടുതവണയാണ് സൂര്യൻ ഭൂമധ്യരേഖയ്ക്ക് (Equator) നേരെ മുകളിൽ വരുന്നത്. – അതായത്, മാർച്ച് 22/23 നും സെപ്തംബർ മാസം 21/22 നും. അപ്പോൾ മാർച്ച്-, ഏപ്രിൽ മാസങ്ങളിൽ നാം അനുഭവിക്കുന്ന അതേ ചൂടുതന്നെയാണ് സെപ്തംബറിലും പ്രതീക്ഷിക്കേണ്ടത്. എന്നാൽ ‘മൺസൂൺ’ എന്ന അത്ഭുതപ്രതിഭാസം മൂലമുള്ള മഴമേഘങ്ങളും മഴയുമാണ് കടുത്ത വെയിലിൽ നിന്ന് നമ്മെ സംരക്ഷിക്കുന്നത്. പക്ഷേ, എന്തെങ്കിലും കാരണംമൂലം മൺസൂൺ ദുർബലമായാൽ സ്വാഭാവികമായും മേല്പറഞ്ഞ ഉയർന്ന ചൂട് നാം അനുഭവിക്കേണ്ടിവരും. എൽ നിനോ കൂടിയുണ്ടെങ്കിൽ അതിന്റെ ആഘാതം പലമടങ്ങാവും. ഇതാണ് ഈ വർഷം മൺസൂണിൽ കേരളം കണ്ടത്.
2026: കാലവർഷവും കേരളവും
കേരളത്തിന്റെ കാർഷിക, ഊർജ്ജ, കുടിവെള്ള മേഖലകളുടെ ആണിക്കല്ലാണ് തെക്കുപടിഞ്ഞാറൻ മൺസൂൺ അഥവാ ഇടവപ്പാതി. എന്നാൽ 2026 ജൂൺ 1 മുതൽ സെപ്തംബർ 14 വരെയുള്ള കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ (IMD) സ്ഥിതിവിവരക്കണക്കുകൾ പ്രകാരം സംസ്ഥാനത്ത് പൊതുവിൽ പ്രതീക്ഷിച്ചതിനേക്കാൾ കാര്യമായ മഴക്കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ദീർഘകാല ശരാശരിയെക്കാൾ 27% കുറവ് മഴയാണ് സംസ്ഥാനത്ത് ഇതുവരെ ലഭിച്ചിട്ടുള്ളത്. എന്നാൽ, സംസ്ഥാനത്തിന്റെ ജലസംഭരണികളും നദികളും പ്രധാനമായും സ്ഥിതിചെയ്യുന്ന വയനാട് (-53%), ഇടുക്കി (-47%) ജില്ലകളിലാണ് ഏറ്റവും രൂക്ഷമായ മഴക്കുറവ് രേഖപ്പെടുത്തിയിട്ടുള്ളത്. കാസർകോട്, കണ്ണൂർ, കോഴിക്കോട് എന്നീ വടക്കൻ ജില്ലകളിൽ മഴയുടെ അളവ് സാധാരണനിലയിലാണുള്ളത് (-11% മുതൽ -16% വരെ). ആഗോള തലത്തിൽ നിലനിൽക്കുന്ന എൽ നിനോ പ്രതിഭാസവും അറബിക്കടലിലെ ഉപരിതല താപനിലയിലെ വ്യതിയാനങ്ങളുമാണ് മഴ കുറയാനും അസാധാരണ ചൂടിനും പ്രധാന കാരണം. ഒക്ടോബറിൽ ആരംഭിക്കുന്ന തുലാവർഷം (കിഴക്കൻ മൺസൂൺ) മെച്ചപ്പെട്ട രീതിയിൽ ലഭിച്ചാൽ മാത്രമേ മേല്പറഞ്ഞ മഴക്കുറവ് നികത്താനും വേനൽക്കാല വരൾച്ച ഒഴിവാക്കാനും സാധിക്കൂ. തെക്കുപടിഞ്ഞാറൻ മൺസൂൺ മഴയിൽ ഉണ്ടായ വലിയ ഇടവേള കാരണം സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും താപനില സാധാരണയേക്കാൾ 2°C മുതൽ 4.7°C വരെ ഉയർന്നിട്ടുണ്ട്. അതോടൊപ്പം, അന്തരീക്ഷത്തിലെ ഉയർന്ന ഈർപ്പവും (Humidity) ചൂടും കാരണം യഥാർത്ഥ താപനിലയേക്കാൾ കൂടുതൽ ചൂട് അനുഭവപ്പെടുന്നു. ഇത് നിരവധി ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാവുന്നു. പല സാംക്രമിക രോഗങ്ങളും വർധിക്കുന്നതിന് ഒരു കാരണം ഇതാണ്. എന്നാൽ, ചില എൽ നിനോ വർഷങ്ങളിൽ തുലാവർഷം ശരാശരിയിലും കൂടുതൽ ലഭിക്കാറുണ്ട് എന്നതാണ് ഏക പ്രതീക്ഷ. l



