Saturday, November 7, 2026

ad

Homeകവര്‍സ്റ്റോറിമാറേണ്ടത് കാലാവസ്ഥയല്ല; ഈ വ്യവസ്ഥയാണ് !

മാറേണ്ടത് കാലാവസ്ഥയല്ല; ഈ വ്യവസ്ഥയാണ് !

പി എസ് പൂഴനാട്

സമയം അതിരാവിലെ 3.23 
ഞാൻ ഞെട്ടിയുണർന്നു
എനിക്ക് ഏറ്റവും പ്രിയപ്പെട്ട എന്റെ ചെറുമക്കൾ എന്നെ ഉറങ്ങാനനുവദിക്കുന്നില്ല
സ്വപ്നത്തിൽ എന്റെ പ്രിയപ്പെട്ട ആ ചെറുമക്കൾ എന്നോട് ചോദിച്ചുകൊണ്ടേയിരുന്നു:
നമ്മുടെ ഈ ഭൂമി കൊള്ളചെയ്യപ്പെട്ടപ്പോൾ നിങ്ങൾ എന്തുചെയ്യുകയായിരുന്നു?
ഈ ഭൂമി പിളർക്കപ്പെട്ടപ്പോൾ നിങ്ങൾ എവിടെയായിരുന്നു?
തീർച്ചയായും നിങ്ങൾ ചിലത് ചെയ്തിട്ടുണ്ട്.
എന്നാൽ കാലാവസ്ഥകൾ മാറിമറിഞ്ഞപ്പോൾ നിങ്ങൾ എന്തുചെയ്യുകയായിരുന്നു?
ഇവിടത്തെ സസ്‌തനികളും ഉരഗങ്ങളും ആ കിളികളും ചത്തുകൊണ്ടിരുന്നപ്പോൾ നിങ്ങൾ എവിടെയായിരുന്നു?
നമ്മുടെ കാൽക്കീഴിൽ നിന്നും ജനാധിപത്യത്തെ അവർ കൊള്ളയടിച്ചപ്പോൾ തെരുവുകളെ നിങ്ങൾ സമരങ്ങൾകൊണ്ട് മുഖരിതമാക്കിയോ?
നിങ്ങൾ എന്താണ് ചെയ്ത‌ത്? ഒരിക്കൽക്കൂടി പറയൂ..
നിങ്ങൾ എന്താണ് ചെയ്തത്?

Drew Dellinger
Hieroglyphic Stairway, 
Aug. 2015

ഒന്ന്
ഭീകരവും ഭയാനകവുമായ മൂന്ന് തരത്തിലുള്ള പാരിസ്ഥിതിക ദുരന്തങ്ങളോടൊപ്പമായിരുന്നു രണ്ടായിരത്തി ഇരുപതുകളുടെ ആദ്യ വർഷങ്ങൾ നമുക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ആസ്ത്രേലിയയിൽ വലിയ വിതാനങ്ങളിൽ പടർന്നുപിടിച്ച കാട്ടുതീയായിരുന്നു ഒന്ന്. ഇന്തോനേഷ്യയിലെ എല്ലാ പട്ടണങ്ങളെയും മുമ്പൊരിക്കലുമില്ലാത്ത തലങ്ങളിൽ മുക്കിക്കളഞ്ഞ മഹാപ്രളയമായിരുന്നു മറ്റൊന്ന്. മനുഷ്യരാശിയെയൊന്നാകെ വിറങ്ങലിപ്പിച്ച കോവിഡ് എന്ന മഹാമാരിയായിരുന്നു മൂന്നാമത്തേത്.ഇങ്ങനെ മഹാപ്രളയങ്ങളുടെയും കൊടിയ വരൾച്ചകളുടെയും ആളിപ്പടരുന്ന കാട്ടുതീയുടെയും മഹാവ്യാധികളുടെയും ദുരിതക്കയങ്ങളിലൂടെയാണ് ലോകത്തിന്റെ ബഹുഭൂരിപക്ഷം ഇടങ്ങളും ഇപ്പോൾ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ പ്രതിഫലനങ്ങളായിരുന്നു ഫ്രാൻസിൽ പടർന്നുപിടിച്ച കാട്ടുതീയും നേപ്പാളിനെ സ്തംഭിപ്പിച്ച പ്രളയവും. പ്രളയവും വരൾച്ചയും കാട്ടുതീയും മഹാവ്യാധികളും എല്ലാക്കാലത്തും മനുഷ്യജീവിതത്തെ വേട്ടയാടിയിരുന്നെങ്കിലും, ഇത്രയധികം ഭീകരമായ തീവ്രതയിൽ മുമ്പൊരിക്കലും അത് അരങ്ങുതകർത്തിട്ടുണ്ടായിരുന്നില്ല. മുമ്പൊരിക്കലുമില്ലാത്തവിധം ഇപ്പോൾ എന്തുകൊണ്ടാണ് മഹാപ്രളയങ്ങളുടെയും കൊടിയ വരൾച്ചയുടെയും കാട്ടുതീയുടെയും മറ്റനേകം പ്രകൃതി ദുരന്തങ്ങളുടെയും പുതിയൊരു ലോകം, ലോകത്തിന്റെ വിവിധയിടങ്ങളിൽ നിരന്തരമെന്നോണം ഉയർന്നുപൊങ്ങിക്കൊണ്ടിരിക്കുന്നത്? ലോകത്തിന്റെ പല ഭാഗങ്ങളിലുമുണ്ടായ പ്രളയത്തിനും വരൾച്ചയ്ക്കും കാട്ടുതീയ്-ക്കും മറ്റ് ദുരന്തങ്ങൾക്കുംശേഷമുള്ള പുനർനിർമ്മാണ പ്രക്രിയകളെക്കുറിച്ചുള്ള ആലോചനകൾ അതിന്റെ അഗാധമായ വ്യാപ്‌തിയിൽതന്നെ തുടരേണ്ടതുണ്ട് എന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ, എന്തുകൊണ്ടാണ്, ഇത്തരം വിവിധങ്ങളായ പാരിസ്ഥിതിക പ്രതിസന്ധികൾക്ക് ലോകം മുമ്പൊരിക്കലുമില്ലാത്തവിധത്തിൽ ഇപ്പോൾ സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നതെന്ന ആലോചനകൾക്കും അന്വേഷണങ്ങൾക്കും അത്രത്തോളംതന്നെ പ്രാധാന്യമുണ്ട്. അത്തരം അന്വേഷണങ്ങളുടെ ആഴങ്ങളിലേയ്ക്കുകൂടി ആഴ്ന്നിറങ്ങാൻ കഴിയുമ്പോഴാണ് പാരിസ്ഥിതിക പ്രശ്നമെന്നത് ഒരു വിപ്ലവരാഷ്ട്രീയ പ്രശ്നവും പ്രയോഗവുമായി രൂപാന്തരപ്പെടുന്നത്.

അങ്ങനെവരുമ്പോൾ, പാരിസ്ഥിതിക പ്രതിസന്ധികളെക്കുറിച്ചുള്ള ചർച്ചകൾ കാലാവസ്ഥാവ്യതിയാനത്തിലേയ്ക്കും ആഗോളതാപനത്തിലേയ്ക്കും നീളും. ആഗോളതാപനത്തെക്കുറിച്ചുള്ള അന്വേഷണങ്ങൾ, മുഖ്യമായും, അന്തരീക്ഷത്തിലേയ്ക്കുള്ള കാർബൺ ഉത്സർജനത്തിലേയ്ക്കും ഫോസിൽ-ഇന്ധന വ്യവസായ സമുച്ചയങ്ങളിലേയ്ക്കും വ്യാപിക്കും. സമകാലിക പാരിസ്ഥിതിക പ്രതിസന്ധിയുടെ അടിവേരുകൾ ആഴ്ന്ന‌ിറങ്ങിയിട്ടുള്ളത് നിലനില്ക്കുന്ന മുതലാളിത്ത ഉല്പാദന വ്യവസ്ഥയുടെ ആന്തരിക യുക്തികളിലാണെന്ന അടിസ്ഥാനകാഴ്‌ചപ്പാടിലേക്ക് ആ അനേ-്വഷണം ചെന്നെത്തും. അങ്ങനെവരുമ്പോൾ, എന്തൊക്കെ പുറംമിനുക്കലുകൾ നടത്തിയാലും, മുതലാളിത്തവ്യവസ്ഥ ആഗോളലോകക്രമമായി നിലനിൽക്കുന്നിടത്തോളം കാലം പാരിസ്ഥിതികപ്രതിസന്ധികളും ഇടതടവില്ലാതെ തുടരുമെന്ന മൗലികവീക്ഷണം നമ്മളിൽ ആഴ്ന്നിറങ്ങും. അതുകൊണ്ടുതന്നെ, പാരിസ്ഥിതികപ്രതിസന്ധികളെ സ്വന്തം നാഡീഞരമ്പുകളിൽ ആവാഹിച്ചിട്ടുള്ള മുതലാളിത്ത ഉല്പാദനവ്യവസ്ഥയെ അനിവാര്യമായും മറികടക്കേണ്ടതിന്റെ ആവശ്യകത കൂടുതൽ തെളിഞ്ഞുവരും. അത്തരമൊരു അവബോധരൂപീകരണത്തിന്റെ കൊടുങ്കാറ്റ് പാരിസ്ഥിതിക പ്രതിസന്ധികളുടെ രാഷ്ട്രീയത്തെ വിപ്ലവരാഷ്ട്രീയ പരിപ്രേക്ഷ്യത്തിലേയ്ക്ക് ഉൾച്ചേർക്കും.


രണ്ട്
ഭൗമവ്യവസ്ഥയിൽ വളരെ പ്രകടമായ മാറ്റങ്ങൾ സംജാതമായിട്ടുള്ള പുതിയൊരു ഭൗമകാലഘട്ടത്തിലേയ്ക്ക് (a new geological epoch) മാനവരാശി പ്രവേശിച്ചിരിക്കുകയാണെന്ന് ശാസ്ത്രലോകം മുന്നറിയിപ്പ് നൽകുന്നുണ്ട്. കഴിഞ്ഞ പന്ത്രണ്ടായിരത്തോളം വർഷക്കാലം നമ്മൾ ഹോളോസിൻ (Holocene) കാലഘട്ടത്തിലൂടെയാണ് കടന്നുപൊയ്‌ക്കൊണ്ടിരുന്നത്. ഈയൊരു ഭൗമകാലഘട്ടത്തിലാണ് കാർഷികവൃത്തി അരങ്ങേറിയതും മാനവസംസ്കാരങ്ങൾ ഉയർന്നതും വ്യാപിച്ചതും. എന്നാൽ ഈ ഹോളോസിൻ കാലഘട്ടത്തെ നിർണ്ണയിച്ചിരുന്ന അതിന്റെ നിർണയഘടകങ്ങളെല്ലാംതന്നെ ഇപ്പോൾ മാറിമറിഞ്ഞുകൊണ്ടിരിക്കുകയാണ്. ഹോളോസിൻ കാലഘട്ടത്തിലെ പാരിസ്ഥിതികാവസ്ഥകളാകെ മാറുകയും പുതിയൊരു ഭൗമകാലഘട്ടത്തിലേയ്ക്ക് കഴിഞ്ഞ അമ്പതുവർഷക്കാലയളവിനുള്ളിൽ മാനുഷിക-ജൈവികലോകം എത്തപ്പെടുകയും ചെയ്തിരിക്കുന്നു. ഈയൊരു പുതിയ ഭൗമകാലഘട്ടത്തെ ആന്ത്രപ്പൊസീൻ (Anthropocene) കാലഘട്ടമെന്നാണ് ഭൗമവ്യവസ്ഥാശാസ്ത്രജ്ഞർ വിളിക്കുന്നത്. രസതന്ത്രത്തിൽ നോബൽ സമ്മാനം നേടിയ ലോകപ്രശസ്‌ത അന്തരീക്ഷശാസ്ത്രജ്ഞനായ പോൾ കുട്സനാണ്, 2000ത്തിൽ, ആന്ത്രപ്പൊസീൻ എന്ന പരികല്പ‌ന ആദ്യമായി മുന്നോട്ടുവയ്ക്കുന്നത്.

ഭൗമവ്യവസ്ഥയുമായുള്ള മാനുഷിക ബന്ധതലത്തിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന മാറ്റത്തിന്റെ പുതിയ ഘട്ടത്തെ അഭിസംബോധന ചെയ്യുന്നതിന് ആന്ത്രപ്പൊസീൻ എന്ന പദമാണ് സമകാലിക സന്ദർഭത്തിൽ വ്യാപകമായി ഉപയോഗിച്ചുവരുന്നത്. യഥാർത്ഥത്തിൽ, ഈയൊരു ഭൗമ-–പാരിസ്ഥിതിക മാറ്റത്തിന്റെ അരങ്ങേറ്റം സംഭവിച്ചതാകട്ടെ, വ്യാവസായിക വിപ്ലവഘട്ടത്തിലൂടെയായിരുന്നു. വ്യാവസായിക വിപ്ലവാനന്തരമാണ് ഫോസിൽ ഇന്ധനങ്ങളുടെ ഉപഭോഗം വ്യാപകമായിത്തീരുന്നത്. മാനവിക-പാരിസ്ഥിതിക ബന്ധത്തിൽ സംഭവിച്ച ഈയൊരു ഗതിമാറ്റം അതിന്റെ പാരമ്യത്തിലെത്തുന്നത് 1950കൾക്കുശേഷമാണെന്നും ഭൗമവ്യവസ്ഥാശാസ്ത്രം (Earth System Science) തെളിയിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ, ഈയൊരു കാലഘട്ടത്തെ വമ്പൻ ഗതിമാറ്റത്തിന്റെ (Great Acceleration) ഘട്ടമായിട്ടാണ് ശാസ്ത്രലോകം കാണുന്നത്.

ഹോളോസീൻ കാലഘട്ടത്തിലുടനീളം അന്തരീക്ഷത്തിലെ കാർബണിന്റെ അളവ് 300 ppm (parts per million) എന്ന നിലയിൽ വലിയ ഏറ്റക്കുറച്ചിലുകളൊന്നുമില്ലാതെ സ്ഥായിയായി തുടരുകയായിരുന്നു. മനുഷ്യ-ജൈവാവസ്ഥകളുടെ ആരോഗ്യകരമായ അതിജീവനത്തിന് അനുയോജ്യമായ നിലയിലായിരുന്നു ഹോളോസീൻ കാലഘട്ടത്തിലുടനീളം അന്തരീക്ഷത്തിലെ കാർബൺവ്യൂഹം നിലനിന്നുപോന്നത്. എന്നാൽ, കഴിഞ്ഞ 
നൂറിലേറെ വർഷങ്ങളായി ഈ കാർബൺ വ്യൂഹത്തിലെ ഘടനാസംവിധാനങ്ങളാകമാനം മാറ്റിമറിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പുതിയൊരു ഭൗതികസാഹചര്യമാണ് അന്തരീക്ഷത്തിൽ രൂപം കൊണ്ടിട്ടുള്ളത്. സമകാലിക സന്ദർഭത്തിൽ അന്തരീക്ഷത്തിലെ കാർബണിന്റെ അളവ് 400 ppm- ന് മുകളിലെത്തിയിരിക്കുന്നതായി കണക്കാക്കപ്പെട്ടിരിക്കുന്നു. അതായത് കഴിഞ്ഞ പന്ത്രണ്ടായിരത്തോളം വർഷമായി സ്ഥായിയായി നിലകൊണ്ടിരുന്ന 300 ppm എന്ന അളവിൽ കഴിഞ്ഞ നൂറുവർഷത്തിനിടയിൽ മാത്രം 100 ppm-ന്റെ അധിക വർദ്ധനവ് സംഭവിച്ചിരിക്കുന്നു. ഈ വർദ്ധനവിന്റെ ഗതിവേഗം കൂടിയതാകട്ടെ 1950കൾക്കു ശേഷവുമാണ്-. മനുഷ്യരാശിയുൾപ്പെടെയുള്ള ആവാസവ്യവസ്ഥയ്ക്ക് ഏകദേശം 450 ppm വരെ മാത്രമേ പിടിച്ചുനിൽക്കാനാവൂ എന്ന ഭീതിദമായ മുന്നറിയിപ്പും ശാസ്ത്രലോകം മുന്നോട്ടുവയ്ക്കുന്നുണ്ട്. ഏറ്റവുമൊടുവിൽ പുറത്തുവന്നിട്ടുള്ള IPCC (Inter Governmental Panel on Climate Change) റിപ്പോർട്ടിലും ഈയൊരു സമകാലിക യാഥാർത്ഥ്യത്തെ അതിന്റെ ഏറ്റവും തീക്ഷ്ണമായ വിധത്തിൽ അഭിസംബോധന ചെയ്യുന്നുണ്ട്. അതായത്, മനുഷ്യരാശിയുൾപ്പെടെയുള്ള ജൈവവ്യവസ്ഥയ്ക്ക് അത്രപെട്ടെന്നൊന്നും അതിജീവിക്കാനാവാത്ത വിധത്തിലുള്ള അതിഭീകരമായ ഒരു പാരിസ്ഥിതിക പ്രതിസന്ധിയുടെ ഘട്ടത്തിലാണ് ലോകം ഇപ്പോൾ എത്തപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ, പാരിസ്ഥിതികാവസ്ഥകളെക്കുറിച്ചുള്ള ശാസ്ത്രത്തിന്റെ സമകാലികമായ കണ്ടെത്തലുകളെ വിപ്ലവരാഷ്ട്രീയ പ്രയോഗവുമായി കണ്ണിചേർക്കേണ്ടതിന്റെ അനിവാര്യത മറ്റേതൊരു കാലഘട്ടത്തെക്കാളും വർദ്ധിതമായിത്തീർന്നിരിക്കുകയാണ്.

മൂന്ന്
കാർബൺ ഉത്സർജനം കുറയ്ക്കണമെങ്കിൽ ഫോസിൽ ഇന്ധനങ്ങളുടെ ഉപഭോഗം അനിവാര്യമായും വെട്ടിച്ചുരുക്കേണ്ടതുണ്ട്. എന്നാൽ, ഫോസിൽ ഇന്ധനങ്ങളുടെ ഉപഭോഗം വെട്ടിച്ചുരുക്കുകയെന്നത് നിലനില്ക്കുന്ന മുതലാളിത്ത ഉല്പാദനവ്യവസ്ഥയ്ക്ക് ഒരുതരത്തിലും അനുയോജ്യമായിരിക്കില്ല. കാരണം മുതലാളിത്ത ഉല്പാദനവ്യവസ്ഥയെ ചലനാത്മകമാക്കുന്ന കേന്ദ്രസ്ഥാനങ്ങളിലൊന്നായി ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് ഫോസിൽ ഇന്ധനങ്ങളാണ്. അതുകൊണ്ടാണ് കാർബൺ ഉത്സർജനം ചുരുക്കാനും നിയന്ത്രിക്കാനുമുള്ള ആഗോള ചർച്ചകളും ഉടമ്പടികളും ഒരു പ്രായോഗികരൂപവും പ്രാപിക്കാതെ പേപ്പറുകളിൽതന്നെ ഒടുങ്ങിപ്പോകുന്നത്. അതുകൊണ്ടുതന്നെ, നിലനിൽക്കുന്ന മുതലാളിത്ത ഉല്പാദനഘടനയെ വിപ്ലവാത്മകമായി പരിവർത്തിപ്പിച്ചല്ലാതെ ആഗോളതാപനില രണ്ട് ഡിഗ്രി സെൽഷ്യസിൽ നിന്നും താഴ്ത്താനാവില്ലെന്നും വിപ്ലവപാരിസ്ഥിതിക ചിന്തകർ നിരീക്ഷിക്കുന്നുണ്ട്. റാഡിക്കലായിട്ടുള്ള ഒരു സാമ്പത്തികവ്യവസ്ഥാമാറ്റം സംഭവിക്കുന്നില്ലെങ്കിൽ ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ആഗോളതാപനില 3°C മുതൽ 4°C വരെ ഉയരാനിടയാകും. ഇത് മനുഷ്യരുൾപ്പെടെയുള്ള സർവ്വവിധ ജീവജാലങ്ങളെയും കൊടിയ ദുരിതക്കയങ്ങളിലേയ്ക്ക് വലിച്ചെറിയും. ഭൂഗോളത്തിന്റെ മിക്കയിടങ്ങളെയും അതിജീവിക്കാനാകാത്തവിധം അത് തകർത്തുകളയും.

മുതലാളിത്ത ഉല്പാദനവ്യവസ്ഥയുടെ യുക്തികളെയാകമാനം അട്ടിമറിക്കുന്ന പുതിയൊരു സോഷ്യലിസ്റ്റ് വ്യവസ്ഥയ്ക്കു മാത്രമേ മനുഷ്യരാശിയും ജൈവവ്യവസ്ഥയും ഇന്നകപ്പെട്ടിരിക്കുന്ന മഹാദുരന്തത്തിന് പരിഹാരം കാണാനാവൂ. 1992-ൽ ലോകത്താദ്യമായി അരങ്ങേറിയ ഭൗമ ഉച്ചകോടിയിൽ പാരിസ്ഥിതിക ദുരന്തങ്ങൾക്കെതിരെ മുന്നോട്ടുവയ്ക്കപ്പെട്ട എല്ലാ നിർദ്ദേശങ്ങളും അതിന്റെ സമഗ്രാർത്ഥത്തിൽ നിറവേറ്റിയ ലോകത്തിലെ ഒരേയൊരു രാഷ്ട്രം ക്യൂബ മാത്രമാണെന്ന കാര്യവും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്ന് ലോകതലത്തിൽ ഏറ്റവും ഗൗരമേറിയ പാരിസ്ഥിതിക സംവാദങ്ങളും പ്രയോഗങ്ങളും അരങ്ങേറിക്കൊണ്ടിരിക്കുന്ന മറ്റൊരു രാജ്യം ചൈനയാണ്. പാരിസ്ഥിതിക നാഗരികത (ecological civilization ) എന്ന പുതിയൊരു പ്രായോഗിക സങ്കല്പനത്തിനും ചൈന രൂപംനൽകിയിട്ടുണ്ട്. അതായത്, സോഷ്യലിസ്റ്റ് ഉല്‌പാദനവ്യവസ്ഥയ്-ക്കുള്ളിൽ മാത്രമേ പാരിസ്ഥിതികസംരക്ഷണം അതിന്റെ യഥാർത്ഥ അർത്ഥതലങ്ങളിൽ അരങ്ങേറുകയുള്ളൂ. കാരണം മുതലാളിത്ത വ്യവസ്ഥിതിയുടെ ആന്തരികയുക്തിതന്നെ പ്രകൃതിവിരുദ്ധതയാണ്.

അതുകൊണ്ടുതന്നെ, ഘടനാപരമായി മുതലാളിത്ത ഉൽപ്പാദനവ്യവസ്ഥയ്ക്കുള്ളിൽ ഉൾച്ചേർന്നിട്ടുള്ള ഈ പ്രകൃതിവിരുദ്ധതയെ ചില ജൈവ-എൻജിനീയറിങ് (Geo-engineering) സാങ്കേതികവിദ്യകൾകൊണ്ട് മെരുക്കിയെടുക്കാമെന്ന ലിബറൽ പരിസ്ഥിതിവാദത്തിന്റെ പൊള്ളത്തരങ്ങളെ സൈദ്ധാന്തികമായും പ്രായോഗികമായും അരിഞ്ഞുവീഴ്-ത്തേണ്ടതുണ്ട്. വ്യവസായവത്കരണവും സാങ്കേതികവികാസവും സാമ്പത്തിക വളർച്ചയും മുതലാളിത്ത വ്യവസ്ഥയുമായി ഒത്തിണങ്ങിപ്പോകുന്നതാണെന്നും, മുതലാളിത്ത വ്യവസ്ഥയ്ക്കുള്ളിൽ പാരിസ്ഥിതിക സുസ്ഥിരതയും പാരിസ്ഥിതിക പരിവർത്തനവും സാധ്യമാണെന്നും ജൈവ-എൻജിനീയറിങ്ങിന്റെയും എക്കോ മോഡേണിസത്തിന്റെയും മറപറ്റിനിന്നുകൊണ്ട് ലിബറൽ പരിസ്ഥിതിവാദികൾ വാദിച്ചുകൊണ്ടിരിക്കുന്നതും കാണേണ്ടതുണ്ട് . ന്യൂക്ലിയർ റിയാക്ടറുകളിലൂടെയും ഷെയ്ൽ ഗ്യാസിലൂടെയും നമുക്കുവേണ്ട എല്ലാവിധ ഊർജ്ജാവശ്യങ്ങളും നിറവേറ്റാനാകുമെന്നും അത് സാധ്യമാകുന്നതോടെ ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും താനെ ഒഴിഞ്ഞുപോകുമെന്നും അത്തരക്കാർ പ്രചരിപ്പിക്കുന്നു. ഇങ്ങനെ, മുതലാളിത്തവ്യവസ്ഥയെ അതേപടി നിലനിർത്തിക്കൊണ്ടുതന്നെ, ചില സാങ്കേതികവിദ്യകളിലൂടെ പാരിസ്ഥിതിക പ്രതിസന്ധികൾക്ക് പരിഹാരം കാണാനാകുമെന്നാണ് മുഖ്യധാരാ ലിബറൽ പരിസ്ഥിതിവാദികൾ വാദിച്ചുകൊണ്ടിരിക്കുന്നത്. ഈ വാദത്തെ ശക്തമായി ചെറുത്തുതോൽപ്പിക്കേണ്ടതുണ്ട്. അതോടൊപ്പം, ആധുനിക ശാസ്ത്രത്തിന്റെ അന്വേഷണങ്ങളെയും മുതലാളിത്തത്തിനെതിരെയുള്ള മാർക്സിസത്തിന്റെ വിമർശനത്തെയും അതിന്റെ വിശാലതയിലും സമഗ്രതയിലും ഉൾച്ചേർത്തുകൊണ്ടുമാത്രമേ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പാരിസ്ഥിതിക പ്രതിസന്ധികളെ മറികടക്കാനാവൂ; ഈ കൃത്യമായ രാഷ്ട്രീയകാഴ്‌ചപ്പാടിനെ അതിന്റെ സൂക്ഷ്‌മാർത്ഥത്തിൽതന്നെ ഉറപ്പിച്ചെടുക്കേണ്ടതും അനിവാര്യമാണ്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

four + 11 =

Most Popular