ഈ വർഷം 2026 ആഗസ്ത് 26 ന് നേപ്പാൾ-–ചൈന അതിർത്തിയിലുണ്ടായ മിന്നൽ പ്രളയം കാലാവസ്ഥാ നീതിയെക്കുറിച്ചുള്ള ആഗോള ചർച്ചകളെ വീണ്ടും സജീവമാക്കിയിരിക്കുകയാണ്. ആയിരത്തി നാനൂറോളം പേർ മരണപ്പെടുകയും ആറായിരം പേരെ കാണാതാവുകയും ചെയ്ത പ്രളയം ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായതിനാൽ ലോകത്തെ വലിയ സമ്പദ്-വ്യവസ്ഥകളായ ഇന്ത്യയും ചൈനയും അമേരിക്കയും നഷ്ടപരിഹാരമായി 2 കോടി ഡോളർനീക്കം നൽകണം എന്നാണ് നേപ്പാൾ ആവശ്യപ്പെട്ടത്. എന്നാൽ, ഈ അഭ്യർത്ഥന നേരിട്ടുള്ള ഉഭയകക്ഷി അവകാശവാദമല്ലെന്നും പകരം ആഗോള സമൂഹത്തിന്റെ കാലാവസ്ഥാ ഉത്തരവാദിത്തത്തെ ലക്ഷ്യമിട്ടുള്ള അഭ്യർത്ഥന മാത്രമാണെന്നും നേപ്പാൾ പിന്നീട് വ്യക്തമാക്കിയിരുന്നു. ഈ അവസരം മുതലെടുത്ത് ഏറ്റവും കൂടുതൽ ഹരിതഗൃഹവാതക ഉദ്വമനം ഇന്ന് നടത്തുന്ന ചൈനയുടെ തലയിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഉത്തരവാദിത്തം കെട്ടിവയ്ക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾ പാശ്ചാത്യ ലോകം നടത്തുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ചരിത്രപരമായ ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞുമാറി അതെല്ലാം ലോകത്തിലെ വികസ്വര, അവികസിത രാജ്യങ്ങളുടെ (ഗ്ലോബൽ സൗത്ത്) ചുമലിലേക്ക് തട്ടാനുള്ള പാശ്ചാത്യ ഇടപെടൽ പുതിയതൊന്നുമല്ല. അതുകൊണ്ടുതന്നെ ഇതിന്റെ വസ്തുതകൾ ലോകത്തെയാകെ ബോധ്യപ്പെടുത്തുകയെന്നത് കാലാവസ്ഥാ നീതിക്കായുള്ള സമര മുന്നണിയുടെ സുപ്രധാന ചുമതലയാണ്.
ആഗോള താപനത്തിന് കാരണം ഹരിതഗൃഹ വാതകങ്ങളുടെ ഉദ്വമനത്തിൽ ഉണ്ടായ വർദ്ധനവും അതിലേക്ക് നയിച്ചത് ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിച്ചുള്ള ഉൽപ്പാദന വ്യവസ്ഥയുമാണ് എന്നത് ഇന്ന് ഏതാണ്ടെല്ലാവരും അംഗീകരിച്ച കാര്യമാണ്. ആഗോളതാപനം ഇതുപോലെ തുടർന്നുപോയാൽ മനുഷ്യരാശിയുടെ നിലനിൽപ്പുതന്നെ പ്രതിസന്ധിയിലാകും. ഇത് മനസ്സിലാക്കിയതിന്റെ പശ്ചാത്തലത്തിലാണ് ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ 1988 ൽ UNEP (INTER GOVERNMENTAL PANEL ON CLIMATE CHANGE IPCC) രൂപീകരിക്കുന്നത്. ഹരിതഗൃഹ വാതകങ്ങളുടെ ഉദ്വമനം കുറയ്ക്കാൻ ലോകത്തെ രാജ്യങ്ങളെയെല്ലാം കൂട്ടിയോജിപ്പിച്ചുകൊണ്ട് ശാസ്ത്രീയമായ നിർദ്ദേശങ്ങൾ നൽകുക എന്നതാണ് ഈ സ്ഥാപനത്തിന്റെ ദൗത്യം. ഇതിന്റെ നേതൃത്വത്തിലാണ് United Nations Framework Convention on Climate Change (UNFCCC) നു രൂപം കൊടുക്കുന്നതും 1994 ൽ ഇത് പ്രാബല്യത്തിൽ വരുന്നതും.
എല്ലാ രാജ്യങ്ങൾക്കും ആഗോള താപനം നിയന്ത്രിക്കുന്നതിനു ഉത്തരവാദിത്തമുണ്ട്, പക്ഷേ അതിൽ എല്ലാവരുടെയും ഉത്തരവാദിത്തം ഒരേ അളവിലല്ല എന്നാണ് UNFCC തീരുമാനിച്ചു പറഞ്ഞത്. (“on the basis of equity and in accordance with the principle of common but differentiated responsibilities and respective capabilities’). UNFCC യുടെ ഈയൊരു ചട്ടക്കൂടനുസരിച്ച് വികസിത രാജ്യങ്ങൾ കാലാവസ്ഥാ വ്യതിയാനത്തിന് പരിഹാരം കാണുന്നതിനുള്ള നടപടികളുടെ നേതൃത്വം വഹിക്കണമെന്നും, വികസ്വര രാജ്യങ്ങളെ പണം കൊടുത്തും സാങ്കേതികവിദ്യ കൊടുത്തും സഹായിക്കണമെന്നും ഐക്യരാഷ്ട്ര സഭ നിർദ്ദേശിച്ചിരുന്നു. കാരണം ഗ്ലോബൽ സൗത്തിലെ വികസ്വര രാജ്യങ്ങൾക്ക് അവരുടെ വികസനവും ദാരിദ്ര്യ നിർമാർജനവുമാണ് മുഖ്യ പരിഗണനാ വിഷയം. ആ അവസരത്തിൽ വേണ്ട പിന്തുണ നൽകാതെ ഫോസിൽ ഇന്ധനങ്ങളുടെ ഉപഭോഗം കുറയ്ക്കണം എന്നൊക്കെ അവരോടു നിർദ്ദേശിക്കുന്നത് ജനദ്രോഹപരമായ സമീപനമാകും എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് ഈ നിർദ്ദേശം ഐക്യരാഷ്ട്രസഭ മുന്നോട്ടുവച്ചത്.
വ്യവസായ വിപ്ലവത്തിനു ശേഷമുള്ള കഴിഞ്ഞ 150 വർഷത്തെ ചരിത്രം പരിശോധിച്ചാൽ, ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനത്തിന്റെ സിംഹഭാഗവും നടത്തിയിരിക്കുന്നത് പാശ്ചാത്യ രാജ്യങ്ങളാണ്. അതുവഴി ഉണ്ടായ വികസനത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്നും അവർ സുഖമായി ജീവിക്കുന്നത്. എന്നാൽ മുകളിൽ സൂചിപ്പിച്ചതുപോലെ, ജനസംഖ്യ കൂടിയ ഇന്ത്യ, ചെെന, ആഫ്രിക്കയിലെ രാജ്യങ്ങൾ ഇവയുടെയാകെയുള്ള കാർബൺ ഉദ്വമനം ചൂണ്ടിക്കാണിച്ചുകൊണ്ട് ഇവയാണ് പ്രശ്നക്കാർ എന്നാണ് പാശ്ചാത്യ രാജ്യങ്ങൾ പറയുന്നത്. ഇവിടെ പരിശോധിക്കപ്പെടേണ്ട രണ്ട് പ്രധാനപ്പെട്ട കാര്യങ്ങളുണ്ട്.
1. ആകെ കാർബൺ ഉദ്വമനം കണക്കാക്കുന്നതിനുപകരം പ്രതിശീർഷ കാർബൺ ഉദ്വമനം (Per capita CO2 emissions) കണക്കിലെടുക്കണം.
2. ഇന്നത്തെ കാർബൺ ഉദ്വമനത്തിനുപകരം ചരിത്രപരമായ കാർബൺ ഉദ്വമനം കൂടി കണക്കിലെടുക്കണം.
2025 ലെ റിപ്പോർട്ട് പ്രകാരം പ്രതിശീർഷ കാർബൺ ഉദ്വമനത്തിൽ അമേരിക്ക മറ്റു രാജ്യങ്ങളെക്കാൾ ബഹുദൂരം മുന്നിലാണ്. ഒരു അമേരിക്കൻ പൗരൻ ഒരു വർഷം ശരാശരി 17.5 ടൺ കാർബൺ പുറന്തള്ളുമ്പോൾ ചൈനക്കാരൻ കേവലം 11.1 ടണ്ണും ഇന്ത്യക്കാരൻ 3.1 ടണ്ണും മാത്രമാണ് പുറത്തുവിടുന്നത്.
| രാജ്യം | പ്രതിശീർഷ കാർബൺ ഉദ്വമനം (ടൺ ) |
| അമേരിക്ക | 17.5 |
| കാനഡ | 19.5 |
| ചൈന | 11.1 |
| യൂറോപ്യൻ യൂണിയൻ (ബ്രിട്ടൻ ഒഴികെയുള്ള 27 രാജ്യങ്ങൾ) |
7.1 |
| ഇന്ത്യ | 3.1 |
Source: GHG EMISSIONS OF ALL WORLD COUNTRIES Report, 2026
കൂടുതൽ ജനസംഖ്യയുള്ള രാജ്യങ്ങൾ എന്ന നിലയിൽ ചൈനയും ഇന്ത്യയും വികസിക്കുമ്പോൾ കേവലമായ കണക്കിൽ കൂടുതൽ കാർബൺ പുറന്തള്ളും. പക്ഷേ പ്രതിശീർഷ കണക്കു നോക്കിയാൽ ഇപ്പോഴും ഗ്ലോബൽ സൗത്തിലെ രാജ്യങ്ങളുടെ കാർബൺ ഉദ്വമനം വളരെക്കുറവാണ്. ഈ സത്യമാണ് പാശ്ചാത്യ ലോകം മറച്ചുപിടിക്കുന്നത്. ചൈനയിലെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനുള്ള വികസനത്തിന്റെ ഭാഗമായാണ് അവിടെയുള്ള കാർബൺ ഉദ്വമനത്തിൽ കഴിഞ്ഞ ദശകങ്ങളിൽ വർദ്ധനവ് ഉണ്ടായിരിക്കുന്നത്. നൂറ്റാണ്ടുകളായി വർധിച്ച കാർബൺ പുറന്തള്ളലിലൂടെ സാമാന്യം മെച്ചപ്പെട്ട ജീവിതം സാധ്യമായ പാശ്ചാത്യ ലോകം ചൈനയടക്കമുള്ള ഗ്ലോബൽ സൗത്തിലെ രാജ്യങ്ങളോട് കാർബൺ ഉദ്വമനം കുറയ്ക്കണമെന്ന് ഏകപക്ഷീയമായി പറയുന്നത് നീതികേടാണ്.
ഗ്ലോബൽ കാർബൺ ബ-ജറ്റ് 2025 റിപ്പോർട്ട് പ്രകാരം 1850 മുതൽ 2024 വരെയുള്ള കാലയളവിൽ ഫോസിൽ ഇന്ധനങ്ങൾ വഴിയുള്ള ഉദ്വമനത്തിൽ പ്രധാന രാജ്യങ്ങൾക്കുള്ള പങ്കാണ് ചുവടെ കൊടുത്തിരിക്കുന്ന ഗ്രാഫിലുള്ളത്. ഇതു പ്രകാരം അമേരിക്ക ഇതുവരെ 430 ജിഗാ ടൺ CO2 പുറന്തള്ളിയിട്ടുണ്ട് അതേസമയം ചൈന 285 ജിഗാ ടൺ CO2 മാത്രമേ പുറന്തള്ളിയിട്ടുള്ളൂ. അമേരിക്കയേക്കാൾ നാല് മടങ്ങ് ജനസംഖ്യയുള്ള രാജ്യമാണ് ചൈന എന്നുകൂടി ഓർക്കണം. ചൈനയുടെ കാര്യം മാത്രമല്ല ഗ്ലോബൽ സൗത്തിലെ ഏതാണ്ട് എല്ലാ രാജ്യങ്ങളുടെയും ചരിത്രപരമായ കാർബൺ ഉദ്വമനം വളരെ കുറവാണ് എന്നു കാണാം.
ഈ വസ്തുതകളിൽനിന്നും ഒരു കാര്യം വ്യക്തമാണ്. കാർബൺ ബഹിർഗമനം കുറയ്ക്കാനുള്ള പ്രധാന ഉത്തരവാദിത്തം പാശ്ചാത്യ രാജ്യങ്ങൾക്കാണ്. പക്ഷേ ഐക്യരാഷ്ട്ര സഭ നിർദ്ദേശിച്ചതുപോലെ കാര്യങ്ങൾ നടന്നില്ല. വികസിത രാജ്യങ്ങൾ അവയുടെ ഫോസിൽ ഇന്ധന ഉപയോഗം കുറയ്ക്കാനുള്ള കാര്യമായ ശ്രമം ഒന്നും നടത്തിയില്ല എന്നു മാത്രമല്ല, ഇതിന്റെ ഭാരം മുഴുവൻ വികസ്വര രാജ്യങ്ങളുടെ തലയിൽ കെട്ടിവയ്ക്കാനുള്ള ശ്രമവും നടന്നു. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട സിഒപിയുടെ ( Conference of the Parties) ചരിത്രം പരിശോധിച്ചാൽ ഇക്കാര്യം നമുക്ക് വ്യക്തമാകും.
2026 ൽ യൂറോപ്യൻ കമ്മീഷൻ പ്രസിദ്ധീകരിച്ച GHG EMISSIONS OF ALL WORLD COUNTRIES റിപ്പോർട്ട് പ്രകാരം അമേരിക്ക, ചൈന, ഇന്ത്യ, യൂറോപ്യൻ യൂണിയൻ –27, റഷ്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളെല്ലാം കൂടി ചേർന്ന് ആഗോള ഹരിതഗൃഹവാതകങ്ങളുടെ 62% ഉദ്വമനം നടത്തുന്നുണ്ട് എന്നാണ് പറയുന്നത്. ഇതിൽ ഏറ്റവും കൗതുകകരമായ കാര്യം 2024-നും 2025-നും ഇടയിൽ ഹരിതഗൃഹവാതകങ്ങളുടെ ഉദ്വമനത്തിൽ ഏറ്റവും വലിയ കേവല വർധനവ് രേഖപ്പെടുത്തിയത് അമേരിക്കയാണ് (+131.5 Mt CO2eq അഥവാ +2.2%); തൊട്ടുപിന്നാലെ ഇന്തോനേഷ്യയും (+16.1 Mt CO2eq അഥവാ +1.2%) സ്ഥാനംപിടിച്ചു. അതേസമയം ചൈനയിൽ നേരിയ വർദ്ധനവ് മാത്രമാണ് രേഖപ്പെടുത്തിയത് എന്നത് ശ്രദ്ധേയമാണ്. 9.6 Mt CO2eq (+0.1%). ഇന്ത്യ, EU27, റഷ്യ എന്നിവിടങ്ങളിൽ ചെറിയ തോതിലുള്ള കുറവാണ് രേഖപ്പെടുത്തിയത്.
സാധാരണ മനുഷ്യരുടെ ജീവിതനിലവാരത്തിൽ വലിയ മുന്നേറ്റമുണ്ടാകുമ്പോഴും കാലാവസ്ഥാ വ്യതിയാന പ്രശ്നത്തെ ഗൗരവത്തോടെ കാണുന്നതുകൊണ്ടാണ് ഹരിതഗൃഹവാതകങ്ങളുടെ ഉദ്വമനം നിയന്ത്രിക്കാൻ ചൈനയ്ക്ക് കഴിയുന്നത്. വൈദ്യുതി ഉൽപ്പാദനത്തിൽ സോളാർ മേഖലയിൽ ഉണ്ടാക്കിയ കുതിച്ചുചാട്ടവും, വാഹന ഗതാഗത മേഖലയിൽ New Energy Vehicles (NEV) രംഗത്തുണ്ടാക്കിയ മുന്നേറ്റവുമെല്ലാം ചൈനയ്ക്ക് സാധ്യമായത് പരിസ്ഥിതിയെക്കൂടി പരിഗണിച്ചുകൊണ്ടുള്ള വികസനമാതൃകയുമായി മുന്നോട്ടുപോകാൻ പാകത്തിൽ തദ്ദേശീയമായി സാങ്കേതികവിദ്യ വികസിപ്പിച്ചതുകൊണ്ടാണ്. ഈ വിധത്തിൽ കാലാവസ്ഥാ നീതിക്കായി ചൈനീസ് ജനതയും ഭരണകൂടവും നിരവധി ഇടപെടലുകൾ നടത്തുന്നുണ്ട്. ( ഈ ലേഖനത്തിന്റെ പരിധിക്ക് പുറത്തായതിനാൽ ഇവിടെ അത് വിശദീകരിക്കുന്നില്ല.)
ചുരുക്കത്തിൽ, ഫോസിൽ ഇന്ധനങ്ങളുടെ സിംഹഭാഗവും ഉപയോഗിക്കുന്ന പടിഞ്ഞാറൻ രാജ്യങ്ങൾ കാലാവസ്ഥാ വ്യതിയാനത്തിന്റെ പേരുംപറഞ്ഞ് ഗ്ലോബൽ സൗത്തിലെ രാജ്യങ്ങളെ പലവിധ നിയന്ത്രണങ്ങൾക്ക് നിർബന്ധിച്ച് കൂടുതൽ ദുരിതത്തിലാഴ്ത്തുന്ന സമീപനമാണ് കാലങ്ങളായി സ്വീകരിച്ചുപോരുന്നത്. അതിന്റെ ഭാഗമായാണ് ഇപ്പോൾ ചൈനയ്ക്കുനേരെയും ഈ വസ്തുതാവിരുദ്ധമായ പ്രചാരണങ്ങൾ നടത്തുന്നത്. ഗ്ലോബൽ സൗത്തിലെ രാജ്യങ്ങൾക്ക് ഫോസിൽ ഇന്ധനം കുറയ്ക്കുന്നതിനായുള്ള മൂലധനവും സാങ്കേതികവിദ്യയും നിഷേധിച്ചുകൊണ്ട് പടിഞ്ഞാറൻ രാജ്യങ്ങൾ ചെയ്യുന്ന ഈ ജനദ്രോഹ സമീപനത്തിനെതിരെ പോർമുഖം തുറക്കേണ്ടവരാണ് നമ്മൾ.
ഇതാണ് വസ്തുത എന്നിരിക്കെ, കാലാവസ്ഥാ വ്യതിയാനത്തിന്റെ ഉത്തരവാദിത്തം ചൈനയ്ക്കുനേരെ തിരിച്ചുവിടാനുള്ള ശ്രമം രാഷ്ട്രീയ താല്പര്യത്തോടുകൂടിയുള്ളതാണ്. കേരളത്തിൽ നടക്കുന്ന കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ചും ഇത്തരം ചർച്ചകൾ നാം കണ്ടതാണ്. വെള്ളക്കാർ 150 കൊല്ലംകൊണ്ട് അന്തരീക്ഷം ചൂടാക്കിയതുകൊണ്ട് കേരളം അതിവർഷങ്ങളും അനുബന്ധ ദുരന്തങ്ങളും അനുഭവിക്കുന്നു. എന്നിട്ട് മലയാളികൾ ചിന്തിക്കുന്നതോ? നമ്മൾക്കിതു വരണം, നമ്മൾ പാറപൊട്ടിച്ചതുകൊണ്ടല്ലേയെന്ന് തൊമ്മിമാരെപ്പോലെ പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇതാണ് കുറ്റബോധത്തിന്റെ കയറ്റുമതി. സാമ്രാജ്യത്വം അതിന്റെ ഇരകളെ നിയന്ത്രിച്ചുനിർത്താൻ ഉപയോഗിക്കുന്ന പ്രത്യയശാസ്ത്രയുദ്ധമുറകളിൽ ഒരു പ്രധാന ഇനമാണ് “കുറ്റബോധത്തിന്റെ കയറ്റുമതി’. അതിന്റെ ദല്ലാളൻമാരാണ് കേരളത്തിലെ വ്യാജപരിസ്ഥിതിവാദികളും മാധ്യമങ്ങളും. അതേ വംശാവലിയിൽപെട്ടവർതന്നെയാണ് നേപ്പാൾ വെള്ളപ്പൊക്കത്തിന്റെ മറവിൽ ചൈനയ്ക്കെതിരെ പ്രചാരണം നടത്തുന്നതും. l



