ഇ ഡിയെ ആര്‍ക്കാണ് ഇത്ര പേടി?
കോണ്‍ഗ്രസ്സിനു തന്നെ. തെളിവ് വേണോ ? 2014 നു ശേഷം പന്ത്രണ്ട് മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരാണ് ഇഡിയെ പേടിച്ച് ബിജെപി യില്‍ ചേര്‍ന്നത്. നാൽപ്പത് മുന്‍ എംപിമാര്‍ ബിജെപി യില്‍ ചേര്‍ന്നു. എംഎല്‍എ മാരുടെ എണ്ണം നൂറിലേറെ വരും. ഇതിന്റെ കഥയാണ് എം ബി രാജേഷ് പറയുന്നത്.
എന്താ ഇത്ര പേടിക്കാന്‍ ? ഇ ഡി യ്ക്കെന്താ കൊമ്പുണ്ടോ?
ഉണ്ട്. വിദേശനാണയചട്ട ലംഘനം (പിഎംഎല്‍എ) പിടിക്കാന്‍ ഇ ഡിയ്ക്ക് ദേശീയ സുരക്ഷയുടെ കാരണം പറഞ്ഞ് ബിജെപി സർക്കാർ നിയമഭേദഗതിയിലൂടെ മറ്റാര്‍ക്കുമില്ലാത്ത അധികാരങ്ങള്‍ നല്‍കി. എം ബി രാജേഷിന്റെ ലേഖനത്തിനു പുറമെ, ആര്യ ജിനദേവന്റെ ഒരു പ്രത്യേക കുറിപ്പുകൂടി ഇതു സംബന്ധിച്ചുണ്ട്.
എന്താ ഇ ഡി യ്ക്ക് ഇപ്പോള്‍ കേരളത്തോട് പ്രത്യേക താൽപ്പര്യം?
ബംഗാളും ത്രിപുരയും ബിജെപി പിടിച്ചു. ഇനി അവരുടെ ടാര്‍ജറ്റ് കേരളമാണെന്നത് ആര്‍എസ്എസ് നേതാക്കള്‍ പരസ്യമായി പറഞ്ഞ കാര്യമാണ്. കേരളത്തെ കീഴ്പ്പെടുത്തുന്നതിന് തടസ്സം നമ്മുടെ സംസ്ഥാനത്തെ നവോത്ഥാന സ്വാധീനവും, സിപിഐ എമ്മിന്റെ പ്രതിരോധവുമാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് സിപിഐ എമ്മിന്റെ വിശ്വാസ്യത ഇല്ലാതാക്കുന്നതിനുള്ള പരിശ്രമത്തിന്റെ ഭാഗമാണ് ഇ ഡിയുടെ ഇടപെടല്‍.
എന്താണ് കോണ്‍ഗ്രസ്സിന്റെ നിലപാട്?
തങ്ങൾക്കെതിരെ കേന്ദ്ര അന്വേഷണ ഏജൻസികളുടെ കടന്നാക്രമണമുണ്ടാകുമ്പോൾ കോണ്‍ഗ്രസ് അതിനെതിരെ മുറവിളികൂട്ടുകയും സിപിഐ എം ഉൾപ്പെടെ മറ്റു പ്രതിപക്ഷ പാർട്ടികളെ ആക്രമിക്കുമ്പോൾ അതിന് യാതൊരു മറയുമില്ലാതെ പിന്തുണ നൽകുകയും ചെയ്യുന്നതാണ് നാം കാണുന്നത്. ഡൽഹിയിൽ അരവിന്ദ് കെജ്‍രിവാളിനെതിരെയും ഝാർഖണ്ഡിൽ ഹേമന്ദ് സോറനെതിരെയും കേന്ദ്ര അന്വേഷണ ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ടത് കോൺഗ്രസ്സായിരുന്നു. അതേ സങ്കുചിത രാഷ്ട്രീയ താൽപര്യം തന്നെയാണ് കേരളത്തിലും കോൺഗ്രസ് പ്രകടിപ്പിക്കുന്നത്. യുഡിഎഫ് സർക്കാർ, കേന്ദ്ര അന്വേഷണ ഏജൻസികളുടെ നിയമവിരുദ്ധ നീക്കങ്ങൾക്കെല്ലാം അരുനിൽക്കുകയാണ്.
എന്തൊക്കെയാണ് ഇ ഡി സ്വീകരിച്ചിരിക്കുന്ന നടപടികള്‍?
2020 മുതൽ കിഫ്ബിക്ക് പിന്നാലെ ഇ ഡിയുണ്ട്. ഒരു പഴുതും കിട്ടാതെ ആ കേസ് കോടതിയില്‍ കുടുങ്ങിപ്പോയി. അടുത്തത് കരുവന്നൂര്‍ ബാങ്കിലെ ക്രമക്കേടായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥരെ മാപ്പു സാക്ഷികളാക്കി സിപിഐ എം നേതാക്കളെയും പാര്‍ട്ടിയെത്തന്നെയും പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. (ഇത് സംബന്ധിച്ച് ഒരു വിശദീകരണം പി എം മനോജ് നല്‍കിയിരിക്കുന്നു). ഇതിനു പുറമെയാണ് ഇപ്പോള്‍ എക്സാലോജിക് – സിഎംആർഎൽ കേസ്. പിണറായിക്കും മുഹമ്മദ് റിയാസിനുമെതിരെ നേരിട്ട് കേസെടുക്കാൻ ഇ ഡിക്ക് ഒരു പഴുതുമില്ലാത്തതുകൊണ്ടാണ്, തെളിവിന്റെ കണിക പോലും ഇല്ലാത്ത ഒരു കാര്യത്തില്‍ സംസ്ഥാന സർക്കാർ എഫ്ഐആർ ഇട്ട് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നത്. ഇത്തരത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കേസെടുത്താല്‍ പിണറായി വിജയനെതിരെ ഇ ഡിയ്ക്ക് ഇടപെടാനാകും.
എന്താണ് എക്സാലോജിക് കേസ്?
വിജിലൻസ് കോടതി മുതൽ സുപ്രീംകോടതി വരെ തള്ളിയ ഈ കേസിന്റെ ഉള്ളുകള്ളികള്‍ അഡ്വ. കെ എസ് അരുണ്‍കുമാര്‍ വിശദീകരിക്കുന്നു. എഫ്ഐആർ ഇടുന്നത് നിയമവിരുദ്ധമാണെന്ന് അറിഞ്ഞിട്ടും പ്രാഥമികാന്വേഷണമെന്ന അഭ്യാസത്തിലൂടെ ഇ ഡിയെ സഹായിക്കാൻ സംസ്ഥാന സർക്കാർ തയ്യാറായിരിക്കുകയാണ്. ഇ ഡിയുടെ ഉദ്ദേശ്യം പ്രതിപക്ഷനേതാവ് പിണറായി വിജയനെയും സംസ്ഥാന സെക്രട്ടേറിയറ്റംഗം റിയാസിനെയും കുരുക്കുകയാണ്. പിണറായി വിജയനെതിരായ യുഡിഎഫിന്റെയും ഇ ഡിയുടെയും കഴിഞ്ഞ രണ്ട് ദശാബ്ദക്കാലത്തെ വേട്ടയാടലിന്റെ ചരിത്രം ജി വിജയകുമാർ വിവരിക്കുന്നു. വി കെ സനോജ് തന്റെ ലേഖനത്തില്‍ പി എം മുഹമ്മദ് റിയാസിന് എതിരായ അപവാദ പ്രചാരണങ്ങളെ തുറന്നുകാണിക്കുന്നു. ഇതിനെല്ലാമുള്ള കോണ്‍ഗ്രസ്സിന്റെ ‘സെറ്റര്‍’ റോളിനെ കുറിച്ചാണ് കെ ജെ ജേക്കബിന്റെ ലേഖനം. എക്സാലോജിക് കേസിന്റെ തുടക്കം വിശദീകരിക്കുന്നു അഡ്വ. കെ അനിൽകുമാർ.
പിണറായി വിജയനും, പി എ മുഹമ്മദ് റിയാസിനുമെതിരായ ഇ ഡിയുടെ നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും പ്രതിരോധിക്കുമെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. ഈ ലക്കം ചിന്തയിലെ ലേഖനങ്ങള്‍ ഈ രാഷ്ട്രീയ പ്രതിരോധത്തിന് സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഡോ. ടി എം തോമസ് ഐസക്



