Wednesday, October 7, 2026

ad

Homeകവര്‍സ്റ്റോറിഇ ഡി: 
വിശ്വാസ്യതയില്ലാത്ത അന്വേഷണ ഏജൻസി

ഇ ഡി: 
വിശ്വാസ്യതയില്ലാത്ത അന്വേഷണ ഏജൻസി

എം ബി രാജേഷ്

ഇപ്പോൾ നാം കാണുന്ന ഇ ഡിയുടെ രൂപീകരണം 1956 ലാണ്. ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമിക് അഫയേഴ്‌സിന് (DoEA)കീഴിൽ അന്ന് നിലവിലുണ്ടായിരുന്ന വിദേശ വിനിമയ നിയന്ത്രണ ചട്ടത്തിന്റെ(FERA)ലംഘനം അന്വേഷിക്കാനുള്ള ചെറിയൊരു എൻഫോഴ്‌സ്-മെന്റ് യൂണിറ്റായിട്ടാണ് തുടക്കം. തൊട്ടടുത്ത വർഷം ഇ ഡിയെ ഡിപ്പാർട്ട്മെന്റ് ഓഫ് റവന്യൂവിന്റെ കീഴിലാക്കി. നാല് വർഷത്തിനുശേഷം ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന് കീഴിലേക്ക് മാറ്റി. 1977 വരെ അങ്ങനെ തുടർന്നു. പിന്നീട് വീണ്ടും ഡിപ്പാർട്ട്മെന്റ് ഓഫ് റവന്യൂവിന് കീഴിലാക്കി. സമ്പദ്-വ്യവസ്ഥ ഉദാരവൽക്കരിക്കുന്നതിന്റെ ഭാഗമായ നിയമപരിഷ്കാരങ്ങളുടെ ചുവടുപിടിച്ച് 1999ൽ വിദേശവിനിമയ നിയന്ത്രണ ചട്ടം (ഫെറ) റദ്ദാക്കുകയും 2000ത്തിൽ വിദേശവിനിമയ ചട്ടം (ഫെമ) നിലവിൽ വരികയും ചെയ്തു.

ദംഷ്ട്ര മുളച്ച ഇ ഡി
എന്നാൽ, 2002 ൽ പാസ്സാക്കിയ, കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (PMLA) നിലവിൽ വന്നതോടെയാണ് സാധാരണ സാമ്പത്തിക കുറ്റങ്ങൾ അന്വേഷിക്കുന്ന ഏജൻസി എന്നതിനപ്പുറം രാഷ്ട്രീയമായ ദംഷ്ട്രകളും നഖവും മുളച്ച ഒരു ഏജൻസിയായി ഇ ഡിക്ക് ഭാവപ്പകർച്ചയുണ്ടാകുന്നത്. മറ്റു ക്രിമിനൽ നിയമങ്ങളിൽ നിന്ന് PMLAക്ക് കാതലായ ചില വ്യത്യാസങ്ങളുണ്ട്. ഉദാഹരണത്തിന്, ECIRന്റെ കോപ്പി പ്രതിക്ക് നൽകാൻ വ്യവസ്ഥയില്ല. മറ്റേതൊരു കേസിലും പ്രതിക്ക് FIRന്റെ കോപ്പി ലഭിക്കും. സ്വയം പ്രതിരോധിക്കാൻ അത് സഹായകരവുമാകും. PMLAയിൽ കുറ്റം ചെയ്തിട്ടില്ല എന്ന് തെളിയിക്കേണ്ടത് കുറ്റാരോപിതന്റെ ഉത്തരവാദിത്തമാണ്. മറ്റ് കേസുകളിൽ കുറ്റം തെളിയിക്കേണ്ടത് പ്രോസിക്യൂഷന്റെ ഉത്തരവാദിത്തവും. മറ്റ് ഏജൻസികളുടെ മുമ്പിൽ നൽകുന്ന മൊഴി കോടതിയിൽ നിലനിൽക്കുകയോ കുറ്റസമ്മതമായി കണക്കാക്കുകയോ ചെയ്യില്ല. എന്നാൽ ഇ ഡിക്ക് മുമ്പിൽ മേൽനിയമപ്രകാരമുള്ള മൊഴി കോടതിയിൽ നിഷേധിക്കാനാവില്ല. ഇ ഡിക്കു മുമ്പിൽ നൽകുന്ന സ്വന്തം മൊഴിതന്നെ പ്രതിചേർക്കപ്പെട്ടയാൾക്ക് എതിരായി ഉപയോഗിക്കാനാവും. അതായത് ഏതു വിധേനെയും സമ്മർദ്ദത്തിലാക്കിയും പീഡിപ്പിച്ചും ഒരു മൊഴി വാങ്ങിയെടുത്താൽ ഇ ഡിക്ക് അത് കോടതിയിൽ തങ്ങൾക്കനുകൂലമായ തെളിവാക്കി മാറ്റാം. 2018 ൽ മോദി സർക്കാർ ധനകാര്യ ബില്ലിലുടെ PMLAയിൽ ഒളിച്ചുകടത്തിയ ഭേദഗതികൾ PMLAയെ ലക്ഷണമൊത്ത കരിനിയമവും ഭരണകൂടത്തിന്റെ ക്രൂരമായ ഒരായുധവുമാക്കി മാറ്റി.

എവിടെയും റെയ്ഡ് നടത്താനും ആരേയും ചോദ്യംചെയ്യാനും പ്രതികളാക്കുന്നവരുടെ സ്വത്ത് കണ്ടുകെട്ടാനും അറസ്റ്റുചെയ്യാനുമുള്ള അധികാരം ഇ ഡിക്ക് ഈ നിയമ ഭേദഗതിയിലൂടെ ലഭിച്ചു. അറസ്‌റ്റുചെയ്താലാവട്ടെ ജാമ്യം ലഭിക്കുകയുമില്ല. ജാമ്യവ്യവസ്ഥകൾ കൂടുതൽ കർക്കശമാക്കി. രാഷ്ട്രീയ എതിരാളികളെ തകർക്കാനും സർക്കാരുകളെ അട്ടിമറിക്കാനും ജനപ്രതിനിധികളെ കാലുമാറ്റാനും ബിജെപിക്ക് ഫണ്ടു സമാഹരിക്കാനും തങ്ങളുടെ ചങ്ങാതിമാരായ കോർപ്പറേറ്റുകളെ വഴിവിട്ട് സഹായിക്കാനും ഈ കരിനിയമം വഴി ആയുധവൽക്കരിക്കപ്പെട്ട ഇ ഡിയെ മോദി സർക്കാരുകൾ നഗ്‌നമായി ദുരുപയോഗിക്കുന്ന കാഴ്ചകളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. മോദി ഭരണത്തിൽ എല്ലാ അന്വേഷണ ഏജൻസികളുടെയും വിശ്വാസ്യതക്ക് ശോഷണമുണ്ടായി. വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടതിലൂടെ ഇന്ന് തരിമ്പും വിശ്വാസ്യത അവശേഷിക്കാത്ത ഒരു ഏജൻസിയായി ഇ ഡി സമ്പൂർണ്ണമായി അധഃപതിച്ചുകഴിഞ്ഞു.

പ്രതിപക്ഷത്തി
നെതിരായ വാൾ
ഇ ഡി അന്വേഷണം പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളെ മാത്രമാണ് ലക്ഷ്യംവെക്കുന്നത് എന്നത് ഇന്ന് വെറുമൊരു ആരോപണമല്ല. കണക്കുകൾ അനിഷേധ്യമായ തെളിവുകളായി നമ്മുടെ മുന്നിലുണ്ട്. ഒന്നാം മോദി സർക്കാരിന്റെ കാലത്ത് 42 ഉം രണ്ടാം മോദി സർക്കാരിന്റെ കാലത്ത് 138 ഉം നേതാക്കളെ ഇ ഡി കേസിൽ കുടുക്കിയതിൽ മഹാഭൂരിപക്ഷവും പ്രതിപക്ഷപാർട്ടികളിൽ പെട്ടവരായിരുന്നു എന്നു മാത്രമല്ല, ബിജെപിയിലുൾപ്പെട്ട ഒരാൾപോലും അതിലുണ്ടായിരുന്നതുമില്ല! 2025 മാർച്ചിൽ പാർലമെന്റിൽ നൽകിയ ഒരു മറുപടിയിൽ പറഞ്ഞത് നിലവിലുള്ളവരും മുമ്പുണ്ടായിരുന്നവരുമായ എംപി, എംഎൽഎമാർ ഉൾപ്പെടെ 193 പേർക്കെതിരെ കഴിഞ്ഞ ഒരു ദശകത്തിനിടയിൽ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം കേസെടുത്തിട്ടുണ്ട് എന്നാണ്. ഇതിൽ ബഹുഭൂരിപക്ഷവും 2019 നു ശേഷം രജിസ്റ്റർ ചെയ്ത കേസുകളാണ്. ഈ 193 പേരിൽ കേവലം രണ്ടു പേർ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. ബാക്കിയുള്ളവരെ സംബന്ധിച്ച് ഇ ഡിയുടെ വേട്ടയാടലുകൾതന്നെയാണ് ശിക്ഷ. മാസങ്ങളും ഒരുപക്ഷേ വർഷങ്ങളും ജയിലിൽ കിടന്നിട്ടുണ്ടാകും. അപ്പോഴേക്കും ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ സ്വന്തം സൽപ്പേരിനും സ്വത്തിനും ആരോഗ്യത്തിനുമെല്ലാം അപരിഹാര്യമായ നഷ്ടങ്ങൾ സംഭവിക്കുന്നു എന്നതാണ് ക്രൂരമായ യാഥാർത്ഥ്യം. 2026 ഫെബ്രുവരി 3 ന് പാർലമെന്റിൽ നൽകിയ മറ്റൊരു മറുപടിയിൽ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം ഇതുവരെ എടുത്ത കേസുകൾ 8391 ആണെന്നും ഇതിൽ കേവലം 55 കേസുകളിലാണ് പ്രതികൾ ശിക്ഷിക്കപ്പെട്ടതെന്നും പറയുന്നു. ആകെയുള്ള 8391 കേസുകളിൽ 5158 കേസുകളും 2020–-21നും 2024–-25(ഡിസംബർ വരെ)നും ഇടയ്-ക്ക് രജിസ്റ്റർ ചെയ്തവയാണ്.ഈ 5158 പേരിൽ ശിക്ഷിക്കപ്പെട്ടത് വെറും 43എണ്ണവും. ഏജൻസിക്കനുകൂലമായ ഏറ്റവും കർക്കശമായ നിയമവ്യവസ്ഥകളുണ്ടായിട്ടും പരിതാപകരമാംവിധം താഴ്‌ന്ന ഈ ശിക്ഷാനിരക്ക്, രാഷ്ട്രീയ വേട്ടയ്-ക്കായി ഇ ഡി എത്രത്തോളം ദുരുപയോഗിക്കപ്പെടുന്നു എന്നതിന്റെ ഉദാഹരണമാണ്.

തിരഞ്ഞെടുപ്പടുത്ത സംസ്ഥാനങ്ങളിൽ ബിജെപിയുടെ രാഷ്ട്രീയ എതിരാളികളെ ലക്ഷ്യംവെച്ച് പ്രത്യേക റെയ്ഡുകൾ നടക്കുക പതിവാണ്. ഈ തിരഞ്ഞെടുപ്പിന് മുമ്പുള്ള രണ്ടു മാസം ബംഗാളിൽ ഇരുപത് ഇ ഡി റെയ്ഡുകളാണ് നടന്നതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടു ചെയ്യുന്നു. ബംഗാളിൽ തൃണമൂലിനായി പ്രവർത്തിച്ച പൊളിറ്റിക്കൽ കൺസൾട്ടൻസിയായ ഐ പാക്കിന്റെ ഡയറക്ടർ പ്രതീക് ജെയിനിന്റെ വീട്ടിൽ ഇ ഡി റെയ്ഡുണ്ടായി. മറ്റൊരു ഡയറക്ടർ വിനേഷ് ചന്ദാലിനെ അറസ്റ്റുചെയ്തു. തമിഴ്നാട്ടിൽ ടാസ്‌മാക്കുമായി ബന്ധപ്പെട്ട റെയ്ഡുകൾ തിരഞ്ഞെടുപ്പിനുമുമ്പ് നടത്തി. പഞ്ചാബിൽ പത്തിടങ്ങളിൽ റെയ്ഡ് നടത്തി. ഈ റെയ്ഡുകളിലൂടെ എതിരാളികളെ ദുർബലപ്പെടുത്തലാണ് ലക്ഷ്യം എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

കോടതികളുടെ രൂക്ഷവിമർശനം
ഇ ഡിക്കെതിരായ വിമർശനം പ്രതിപക്ഷത്തുനിന്നു മാത്രമല്ല ഉയരുന്നത്; സുപ്രീം കോടതി ഉൾപ്പെടെയുള്ള നീതിപീഠങ്ങൾ പലപ്പോഴും ഇ ഡിയുടെ നിയമവിരുദ്ധ നടപടികൾക്കും നടപടിക്രമലംഘനങ്ങൾക്കുമെതിരെ കടുത്ത വിമർശനങ്ങൾ ഉയർത്തിയിട്ടുണ്ട്. ഒരു നിയമ പ്രസിദ്ധീകരണം നടത്തിയ പഠനമനുസരിച്ച്, 2021–-25ൽ 20 പി എം എൽ എ കേസുകളിലാണ് കോടതികളിൽ നിന്ന് ഇ ഡിക്ക് വിമർശനം നേരിടേണ്ടിവന്നത്. നിയമവിരുദ്ധമായ അറസ്റ്റുകൾ, മനുഷ്യത്വരഹിതമായ ചോദ്യംചെയ്യലുകൾ, നടപടിക്രമങ്ങളുടെ ലംഘനം എന്നിവയുടെ പേരിലായിരുന്നു ഈ വിമർശനങ്ങളത്രയും.

ഇ ഡിയുടെ അധികാരങ്ങൾ ചോദ്യംചെയ്ത 2022 ലെ വിജയ് മദൻലാൽ ചൗധരി vs യൂണിയൻ ഓഫ് ഇന്ത്യ കേസിൽ ഇ ഡിയുടെ അധികാരങ്ങൾ കോടതി ശരിവെച്ചുവെങ്കിലും അധികംവൈകാതെതന്നെ മറ്റൊരു കേസിൽ കോടതി അമിതമായ അധികാരപ്രയോഗത്തിന് ലക്ഷ്മണരേഖ വരച്ചു. 2023 ലെ പങ്കജ് ബൻസൽ vs യൂണിയൻ ഓഫ് ഇന്ത്യ കേസിൽ, ഇ ഡി ഒരാളെ അറസ്റ്റുചെയ്യുമ്പോൾ കാരണം രേഖാമൂലം നൽകണമെന്ന് വിധിക്കുകയുണ്ടായി. ശിക്ഷവിധിക്കാൻ അധികാരമുള്ള ജഡ്‌ജിയല്ല, അന്വേഷണ ഏജൻസി മാത്രമാണ് ഇ ഡി എന്നും കോടതി ഓർമിപ്പിച്ചു. 2025 മാർച്ച് 22 ന് തമിഴ്‌നാട് സർക്കാരിന്റെ മദ്യവിതരണ ശൃംഖലയായ ടാസ്-മാക്കുമായി ബന്ധപ്പെട്ട കേസിൽ കോടതി രൂക്ഷമായ ഭാഷയിൽ നിരീക്ഷിച്ചത് “ഇ ഡി എല്ലാ അതിരുകളും ലംഘിക്കുന്നു’ എന്നായിരുന്നു. ഇ ഡിയുടെ അധികാരങ്ങൾ ശരിവെച്ച വിധിക്കെതിരായ റിവ്യൂഹർജിയിൽ വാദംകേൾക്കെ സുപ്രീം കോടതിയിലെ ജസ്റ്റിസുമാരായ സൂര്യകാന്തും ഉജ്ജ്വൽ ഭുയാനും കോടീശ്വർ സിങ്ങും അടങ്ങിയ ബെഞ്ച് കടുത്ത പ്രയോഗമാണ് ഇ ഡിക്കെതിരെ നടത്തിയത്. ‘‘ഇ ഡി ക്രിമിനലുകളെ പോലെ പ്രവർത്തിക്കരുത്. കർശനമായും നിയമത്തിന്റെ നാലതിരുകൾക്കുള്ളിൽ നിന്ന് മാത്രം പ്രവർത്തിക്കണ’’മെന്ന് കോടതി ശാസന നൽകി. ഇ ഡിയുടെ വളരെ കുറഞ്ഞ ശിക്ഷാനിരക്കിനെ കോടതി വിമർശിച്ചു. പ്രതികളുടെ അവകാശങ്ങൾ ലംഘിക്കപ്പെടുന്നതിൽ കോടതി കടുത്ത ആശങ്ക രേഖപ്പെടുത്തി. ഒരാൾ അഞ്ചാറു വർഷം ജയിലിൽ കഴിഞ്ഞശേഷം പിന്നീട് നിരപരാധിയെന്നുകണ്ട് മോചിതനാവുമ്പോൾ അയാൾ അനുഭവിച്ച ദുരിതങ്ങൾക്ക് ആരാണ് ഉത്തരവാദിയെന്ന് സുപ്രീം കോടതി ചോദിച്ചു. നിയമം പാലിക്കുന്ന ഏജൻസികളെയും നിയമലംഘകരായ ഏജൻസികളെയും വേർതിരിച്ചുകാണണമെന്നും കോടതി പറഞ്ഞു.

സിറ്റിങ് എംഎൽഎയെ അറസ്റ്റുചെയ്ത നടപടി നിയമവിരുദ്ധമാണ് എന്ന് പഞ്ചാബ്- – ഹരിയാന ഹൈക്കോടതി വിധിച്ചത് 2024 സെപ്തംബറിലായിരുന്നു. ഇതേ കേസിൽ പ്രതിയെ ഒരു രാത്രി മുഴുവൻ ഉറങ്ങാൻ അനുവദിക്കാതെ 15 മണിക്കൂർ തുടർച്ചയായി ചോദ്യംചെയ്ത നടപടിയെ മനുഷ്യത്വരഹിതം എന്നാണ് കോടതി വിശേഷിപ്പിച്ചത്. ബോംബെ ഹൈക്കോടതി മറ്റൊരു കേസിൽ അടിസ്ഥാന മനുഷ്യാവകാശങ്ങൾ മാനിക്കാൻ ഇ ഡി തയ്യാറാവണമെന്ന് മുന്നറിയിപ്പു നൽകി. മനുഷ്യാവകാശങ്ങളും നിയമവും പാലിച്ചുകൊണ്ടുള്ള അറസ്റ്റിന് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കാനും കോടതി ആവശ്യപ്പെട്ടു. 2024ൽ ഡൽഹി പിഎംഎൽഎ പ്രത്യേക കോടതി ഇ ഡിക്ക് ഇല്ലാത്ത അധികാരങ്ങൾ അന്യായമായി സ്വയം പ്രയോഗിക്കാനാവില്ല എന്ന് താക്കീത് നൽകി. 2025 മെയിൽ ഛത്തീസ്ഗഢ് മുഖ്യമന്ത്രിയായിരുന്ന ഭൂപേഷ് ബാഗേൽ ഉൾപ്പെട്ട കേസിന്റെ ജാമ്യഹർജിയിൽ വാദംകേൾക്കെ കോടതി പറഞ്ഞത് നിങ്ങൾ ‘‘ഒരു തെളിവുമില്ലാതെ ആരോപണങ്ങൾമാത്രം ഉന്നയിക്കുന്നു’’ എന്നായിരുന്നു. ‘‘സത്യസന്ധവും സുതാര്യവുമായ രീതിയിൽ പ്രവർത്തിക്കാ’’നും ‘‘കളങ്കമില്ലാത്ത നീതിബോധം പുലർത്താനും’’ കോടതി ഉപദേശിച്ചു. വേറൊരു കേസിൽ ഇ ഡിക്കുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്. വി.രാജുവിന് ഇ ഡിയുടെ വിശ്വാസ്യതയില്ലാത്ത കൗണ്ടർ അഫിഡവിറ്റിന്റെ ഉത്തരവാദിത്തം കോടതിയിൽ കയ്യൊഴിയേണ്ടിവന്ന സംഭവവും ഉണ്ടായി.

ചുരുക്കത്തിൽ, ഒരു ഫാസിസ്‌റ്റ് അമിതാധികാര ഭരണകൂടത്തിനു കീഴിൽ എങ്ങനെയാണ് ഭരണഘടനയും സ്ഥാപനങ്ങളുമെല്ലാം അട്ടിമറിക്കപ്പെടുന്നത് എന്ന് നാം ദൈനംദിനമെന്നോണം കണ്ടുകൊണ്ടിരിക്കുകയാണ്. പാർലമെന്റും ജനഹിതവും ജനാധിപത്യവുംതന്നെ കോർപ്പറേറ്റ്-–ഹിന്ദുത്വ സഖ്യത്തിന്റെ കയ്യിലെ കളിപ്പാട്ടമായിരിക്കുന്നു. തിരഞ്ഞെടുപ്പിനുമുമ്പ് റെയ്ഡും കേസുമായി എതിരാളികളെ കൂറുമാറ്റുകയും ദുർബലരാക്കുകയും ചെയ്യും. എന്നിട്ടും ഭൂരിപക്ഷമായില്ലെങ്കിൽ ജയിച്ചവരെ വിലയ്-ക്കെടുക്കും. വഴങ്ങിയില്ലെങ്കിൽ വീണ്ടും ഏജൻസികൾ വാതിലിൽ മുട്ടും. സ്വതന്ത്രമായി പ്രവർത്തിക്കേണ്ട തിരഞ്ഞെടുപ്പു കമ്മീഷൻ അടക്കമുള്ള എല്ലാ സ്ഥാപനങ്ങളുടെയും വിശ്വാസ്യതക്കുനേരെ ഗുരുതരമായ ചോദ്യങ്ങൾ നിരന്തരം ഉയരുന്നു. ജുഡീഷ്യറിയും അപചയത്തിൽ പിന്നിലല്ല. ഇത്തരമൊരു സാഹചര്യത്തിൽ എക്കാലത്തും ഭരണകൂടത്തിന്റെ ചൊൽപ്പടിക്കുനിൽക്കുന്ന അന്വേഷണ ഏജൻസികളുടെ കാര്യം പറയാനില്ലല്ലോ. ഇന്ത്യ ഇന്ന് എത്തിച്ചേർന്നിരിക്കുന്ന ഭീതിദമായ സാഹചര്യത്തെയാണ് ഇതെല്ലാം പ്രതിഫലിപ്പിക്കുന്നത്. കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളെ തകർക്കാൻ ലക്ഷ്യമിട്ടുകൊണ്ട് പിണറായി വിജയനും കുടുംബത്തിനുമെതിരെ നടത്തുന്ന അനേ-്വഷണ കോലാഹലങ്ങളും ഈ ഭയാനകമായ അന്തരീക്ഷത്തിന്റെ ബാക്കിപത്രമാണ്. വിശ്വാസ്യതയുടെ കണികപോലും ബാക്കിയില്ലാത്ത ഇ ഡിയിൽ കാണാനാവുക തിരഞ്ഞെടുക്കപ്പെട്ട ഏകാധിപത്യം വാഴുന്ന ഇന്ത്യയുടെ പ്രതിരൂപമാണ്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

17 + 15 =

Most Popular