Monday, May 18, 2026

ad

Homeകവര്‍സ്റ്റോറിചൂടേറുമ്പോഴും ചൂടാറുമ്പോഴും

ചൂടേറുമ്പോഴും ചൂടാറുമ്പോഴും

ഡോ. പ്രതീഷ് സി മാമ്മൻ & രാജീവൻ എരിക്കുളം

കാലത്തിന്റെ അവസ്ഥ എന്ന നിലയ്ക്ക് ‘നാം പ്രതീക്ഷിക്കുന്നത്’ ആണ് കാലാവസ്ഥ എന്നതാണ് പരക്കെ അംഗീകരിക്കപ്പെട്ട ഒരു നിര്‍വചനം. കാലാവസ്ഥയ്ക്കനുസരിച്ചാണ് ജീവിതരീതികളും ശീലങ്ങളും ഭക്ഷണരീതികളും തുടങ്ങി സമസ്ത ജീവിതമാര്‍ഗങ്ങളും രൂപപ്പെടുന്നത്. വളരെപ്പെട്ടെന്ന് നാം പ്രതീക്ഷിക്കുന്നത് സംഭവിക്കാതെ വരുമ്പോള്‍ അല്ലെങ്കില്‍ നാം പ്രതീക്ഷിക്കുന്നതിനേക്കാള്‍ തീവ്രമായത് സംഭവിക്കുമ്പോള്‍ അതുമല്ലെങ്കില്‍ വിപരീതമായതു സംഭവിക്കുമ്പോള്‍ ആണ് നമ്മുടെ ജീവിത രീതികളിലും മാറ്റങ്ങള്‍ വരുത്തേണ്ടി വരുന്നത്. സഹിക്കാവുന്നതിലധികമായി ചൂടു കൂടി വരുന്നു വെന്ന് തോന്നുമ്പോള്‍ ഈ മാറ്റം നമ്മെ ബാധിക്കുന്നുണ്ടെന്ന് നമുക്ക് തോന്നും. അതിനവസാനം ഒരു നല്ല മഴ ലഭിക്കുമ്പോള്‍ ആശ്വസിക്കും… എല്ലാം മറക്കും. എന്നാല്‍ ഇത് ഒരു തുടര്‍ക്കഥയാവുമ്പോള്‍ നമ്മള്‍ പുതിയ രീതികള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതരാകും.അനുഭവിക്കുന്ന ചൂടിനെക്കുറിച്ച് കൂടുതലറിയാന്‍ മെനക്കെടും. ചിലതൊക്കെ ചെയ്യാന്‍ ഒരുമ്പെടും. ഈ പുനര്‍ചിന്തനമാണാവശ്യം.

സ്റ്റീവൻസൺ സ്ക്രീൻ

ഓരോ വര്‍ഷവും വര്‍ദ്ധിച്ചുവരുന്ന ചൂടുമൂലം, ദൈനംദിന ജീവസന്ധാരണ മാര്‍ഗങ്ങള്‍ക്കായി സുരക്ഷിതമായി പുറത്തിറങ്ങി പ്രവര്‍ത്തിക്കുവാന്‍ സാധിക്കുന്ന സമയപരിധി ആഗോളതലത്തില്‍ കുറഞ്ഞുവരുന്നുവെന്ന് 2026ല്‍ പ്രസിദ്ധീകരിക്കപ്പെട്ട പഠനങ്ങള്‍ വ്യക്തമാക്കുന്നു. ലോക ജനസംഖ്യയിലെ ഏകദേശം മൂന്നിലൊന്നുപേർ ഇപ്പോൾ അത്യുഷ്ണം കാരണം സാധാരണ പ്രവർത്തനങ്ങൾ പോലും നിയന്ത്രിക്കപ്പെടുന്ന പ്രദേശങ്ങളിലാണ് താമസിക്കുന്നത്. ഫോസിൽ ഇന്ധനങ്ങളുടെ വര്‍ധിച്ച ഉപഭോഗം മൂലം ഉയരുന്ന താപനില, വീട്ടുജോലികള്‍ ചെയ്യുക, പടികൾ കയറുക, ഇറങ്ങുക എന്നിവ പോലുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ യുവാക്കളും ആരോഗ്യമുള്ളവരുമായ ആളുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി ഈ പഠനം മുന്നറിയിപ്പ് നല്‍കുന്നു. ശരീരതാപനില നിയന്ത്രിക്കാൻ ആവശ്യമായ വിയർപ്പ് ഉൽപാദിപ്പിക്കുന്ന ശേഷി കുറവായതിനാൽ, വയോജനങ്ങളെയാണ് ഈ അവസ്ഥ ഏറ്റവുമധികം ബാധിക്കുന്നത് എന്ന് ഈ പഠനം സൂചിപ്പിക്കുന്നു. ആഗോള ശരാശരി കണക്കാക്കുകയാണെങ്കില്‍, 1950ല്‍ 65 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഒരു വര്‍ഷം 600 മണിക്കൂര്‍ പുറംപണികളില്ലാതെ പരിമിതപ്പെടുത്തണമെങ്കില്‍ ഇന്ന് അത് 900 മണിക്കൂര്‍ (ഏകദേശം ഒരു മാസവും ഒരു വാരവും) പുറത്തിറങ്ങാതെ വീട്ടിനുള്ളില്‍തന്നെ ഇരിക്കേണ്ടി വരുന്ന അവസ്ഥയിലേക്ക് എത്തിനില്‍ക്കുന്നു.മനുഷ്യരുടെ താപസഹനം(heat tolerance) വിവിധ ശാരീരിക പഠനങ്ങള്‍, ഏഴ് ദശാബ്ദങ്ങളിലായി ശേഖരിച്ച ജനസംഖ്യ, താപനില, മനുഷ്യവികസന സൂചികകള്‍ തുടങ്ങിയ വിവരങ്ങള്‍ ചേർത്താണ് ഈ പഠനം തയ്യാറാക്കിയിരിക്കുന്നത്. കാലാവസ്ഥാവ്യതിയാനത്തിന് കാരണമാകുന്ന ഫോസില്‍ ഇന്ധനങ്ങളുടെ വര്‍ധിച്ച ഉപഭോഗം സാധ്യമാക്കുന്ന സമ്പന്ന രാഷ്ട്രങ്ങള്‍ മൂലം താപാഘാതം ഏറ്റവുമധികം ബാധിക്കുന്നത്, ഉഷ്ണമേഖല- ഉപോഷ്ണമേഖല പ്രദേശങ്ങളിലെ ദരിദ്രരാജ്യങ്ങളിലെ ദരിദ്രരെയാണ് എന്നതും വസ്തുതയാണ്. ഒരോ രാജ്യത്തും ഭൗമശാസ്ത്രം, വരുമാനനില, ജോലികളുടെ രീതി തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ വലിയ അന്തരം നിലനിൽക്കുന്നത‍്. സമ്പന്നർ എയർ കണ്ടീഷനിങ് ഉപയോഗിച്ച് ചൂടിന്റെ ആഘാതം കുറയ്ക്കാൻ പ്രാപ്തരാകുമ്പോള്‍, നിർമാണ മേഖലയിലും അസംഘടിത തൊഴില്‍ മേഖലകളിലും ജോലി ചെയ്യുന്ന (പ്രവാസി) തൊഴിലാളികൾ അത്യുഷ്ണത്തിനും കഠിന സൂര്യപ്രകാശത്തിനും നേരിട്ടു വിധേയരാകുന്നു.

‘ക്രമേണ ചൂടാകുന്ന’ വിറകടുപ്പിലെ പാത്രത്തിലുള്ള വെള്ളത്തില്‍ ഇരിക്കുന്ന ജീവനുള്ള തവളയും പെട്ടെന്ന് ചൂടാക്കാന്‍ പറ്റുന്ന ഗ്യാസടുപ്പിലെ പാത്രത്തിലുള്ള വെള്ളത്തില്‍ ഇരിക്കുന്ന ജീവനുള്ള തവളയും എന്ന വളരെ പ്രശസ്തമായ കാലാവസ്ഥാ വ്യതിയാന രൂപകം ഇവിടെ പ്രസക്തമാണ്. ചൂട് കൂടുന്നത് തിരിച്ചറിയുന്ന തവള മറ്റു മാര്‍ഗങ്ങള്‍ തേടിപ്പോകും. ക്രമേണ ചൂടാകുമ്പോള്‍ മാറ്റം തവള തിരിച്ചറിഞ്ഞ് പ്രതികരിച്ചു എന്നു വരില്ല. ‘ക്രമേണ ശീലമാവുന്ന സ്വാഭാവികത’ (creeping normalcy) എന്ന ഓമനപ്പേരില്‍ ഇതിനെ മനസ്സിലാക്കാമെങ്കിലും ശീലമാകുന്ന നേരം കൊണ്ട് നഷ്ടപ്പെടുന്ന പലതിനെയും തിരിച്ചുകൊണ്ടുവരാനാവില്ല. അത് ജീവനായാലും ജീവനമാര്‍ഗങ്ങളായാലും. ലാന്‍സെറ്റ് എന്ന പ്രമുഖ മെഡിക്കല്‍ ജേര്‍ണലിന്റെ കണക്കുകള്‍ പ്രകാരം ആഗോളതലത്തില്‍ 2012 മുതല്‍ 2021 വരെ 5,46,000 താപാഘാത മരണങ്ങള്‍ ഓരോ വര്‍ഷവും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. മുന്‍ദശകത്തെ അപേക്ഷിച്ചു 63 ശതമാനം വര്‍ധനയാണിത്. ഇവിടെ പൊതുവായി സ്വീകരിക്കുന്ന രീതികളും പ്രതികരണപ്രക്രിയകളും ഈ മാറ്റം മനസ്സിലാക്കാന്‍ നമ്മള്‍ ഉപയോഗിക്കുന്ന അളവുകോലുകളും വളരെ പ്രധാനപ്പെട്ടതാകുന്നു.

താപനില (temperature), താപസൂചിക (heat index) 
ജീവനയോഗ്യത (livability)
രേഖപ്പെടുത്തുന്ന അഥവാ അളക്കുന്ന അന്തരീക്ഷ താപനിലയും മനുഷ്യശരീരത്തിൽ അനുഭവപ്പെടുന്ന താപനിലയും തമ്മില്‍ വലിയ അന്തരമുണ്ട്. വിവിധ പ്രായത്തിലുള്ളവര്‍ക്ക് അനുഭവപ്പെടുന്ന താപനിലയിലും വലിയ വ്യത്യാസം ഉണ്ട്. വിയര്‍ക്കുന്നതിലൂടെയാണ് ശരീരം അതിന്റെ താപനില ഒരു പ്രത്യേക അനുപാതത്തില്‍ നിലനിര്‍ത്തുന്നത്. വിയര്‍ക്കുന്നു എന്ന പ്രക്രിയയോടൊപ്പം വിയര്‍പ്പ് ബാഷ്പീകരിച്ചു പോകുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ ശരീരം തണുക്കുന്നത്. അന്തരീക്ഷ താപനിലയും ഈര്‍പ്പവും(humidity) വര്‍ദ്ധിച്ചു നില്‍ക്കുന്ന അവസ്ഥയില്‍ ഈ ബാഷ്പീകരണം സാധ്യമാകാതെ വരുന്നു. അങ്ങനെ നമ്മുടെ ശരീരം അനുഭവിക്കുന്ന ചൂട് അന്തരീക്ഷ താപനിലയെക്കാള്‍ കൂടുതലാകുന്നു. ഇത്തരത്തില്‍ അനുഭവവേദ്യമാകുന്ന ചൂടിനെ താപസൂചിക(heat index) എന്ന അളവുരീതി ഉപയോഗിച്ചാണ് അവതരിപ്പിക്കാറ്‌. ശരീരത്തിന് ഒരു നിശ്ചിത താപനില നിലനിര്‍ത്താന്‍ സാധിക്കാതെവരുകയും അത് മറ്റ് ആരോഗ്യപ്രശ്നങ്ങളായി പരിണമിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന് 40°C അന്തരീക്ഷതാപനിലയും 40 ശതമാനം ഈര്‍പ്പാവസ്ഥയും ഉള്ളപ്പോള്‍ അനുഭവിക്കുന്ന ചൂട് 43°C ആകുകയും ഇത് ഒരുപക്ഷേ 65 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ജീവന്‍ നിലനിര്‍ത്താന്‍ പ്രയാസമേറിയതുമാകുന്നു. ഇവിടെ ജീവനയോഗ്യത(livability) എന്ന സാങ്കേതിക പദം വളരെ പ്രധാനപ്പെട്ടതാകുന്നു. വിശ്രമാവസ്ഥയിലുള്ള മനുഷ്യശരീരത്തിന്റെ ഊർജ വിനിയോഗത്തെ അടിസ്ഥാനമാക്കിയുള്ള അളവുകോല്‍ (MET – Metabolic equivalent of Task) ഉപയോഗിച്ചാണ് ഇത് നിശ്ചയിക്കുന്നത്. 65 വയസ്സില്‍ താഴെയുള്ള ഒരാൾക്ക് ഭാരംതൂക്കുക, മിതമായ വേഗത്തിൽ നടക്കുക തുടങ്ങിയ 3.3 METs വരെയുള്ള പ്രവർത്തനങ്ങൾ താപസമ്മർദ്ദമില്ലാതെ (without heat stress) ദീർഘനേരം ചെയ്യാൻ കഴിയുന്ന സാഹചര്യമാണ് ജീവനയോഗ്യമായ സാഹചര്യമായി കണക്കാക്കപ്പെടുന്നത്. എന്നാൽ ചില അത്യുഷ്ണ പ്രദേശങ്ങളിൽ 1.5 METs വരെയുള്ള കിടക്കുക, ഇരിക്കുക പോലുള്ള പ്രവർത്തനങ്ങൾ മാത്രമേ സുരക്ഷിതമായി നടത്താനാകൂ. അത്തരം സാഹചര്യങ്ങളില്‍ ജീവനയോഗ്യത വളരെ കുറയുന്നു. വിവിധ പ്രായക്കാർക്ക് ചൂട് ഉണ്ടാക്കുന്ന അപകടസാധ്യത പഠിക്കാൻ, ചൂടുള്ള മുറികളിൽ വ്യത്യസ്ത സമയങ്ങളിൽ നിർത്തിയ ആളുകളുടെ വിയർപ്പ് ഉൽപാദനവും ചർമ്മത്തിലെ ഈർപ്പാവസ്ഥയും ഗവേഷകർ അളന്നു.

1950–1979 കാലഘട്ടത്തിനും 1995–2024 കാലഘട്ടത്തിനും ഇടയ്ക്കുള്ള വിവരങ്ങൾ താരതമ്യം ചെയ്തപ്പോൾ, ലോകത്തിന്റെ കൂടുതൽ പ്രദേശങ്ങളിലും കൂടുതൽ ആളുകൾക്ക് അത്യുഷ്ണം കാരണം “ജീവനയോഗ്യതയില്‍ നിയന്ത്രണങ്ങൾ” വേണ്ടി വരുന്നതായി പഠനം കണ്ടെത്തി.

ആഗോളതലത്തില്‍ ദശലക്ഷക്കണക്കിന് ആളുകൾക്ക് ഇപ്പോൾ വർഷത്തിലെ ഏറ്റവും ചൂടേറിയ കാലങ്ങളിൽ സുരക്ഷിതമായി പുറത്തിറങ്ങി ദൈനംദിന ജീവിതം നയിക്കാൻ കഴിയുന്നില്ല എന്നതും ഈ സ്ഥിതിക്ക് ചെറിയ അളവില്‍ മാത്രം ഉത്തരവാദികളായ രാജ്യങ്ങളിലെ ജനങ്ങളാണ് താപാഘാതം വര്‍ധിച്ചതോതില്‍ അനുഭവിക്കുന്നത് എന്നതും വരും കാലങ്ങളില്‍ പ്രസക്തമാകും. ഭാവിയില്‍ താപനില വർധന ചെറുതാണെങ്കിലും ഈ പ്രത്യാഘാതങ്ങളെ കൂടുതൽ വ്യാപിപ്പിക്കും.

താപമുന്നറിയിപ്പ് സംവിധാനങ്ങൾ, അനുഭവിക്കുന്ന ചൂടുമായി ബന്ധപ്പെട്ട പ്രാദേശിക മുന്നറിയിപ്പുകള്‍, വയോജനങ്ങൾക്കും പുറംപണികളില്‍ ഏര്‍പ്പെടുന്ന തൊഴിലാളികൾക്കും ആവശ്യമായ സംരക്ഷണ നടപടികൾ എന്നീ കാര്യങ്ങളില്‍ അടിയന്തരവും -നിരന്തരവുമായ ശ്രദ്ധയും പ്രവര്‍ത്തനപദ്ധതികളും അത്യന്താപേക്ഷിതമാണ്.

കേരളത്തിലെ താപനില: 
ഡാറ്റ ശേഖരണത്തിലും വിശകലനത്തിലും 
നിലനിൽക്കുന്ന പ്രധാന വെല്ലുവിളികളും 
പരിമിതികളും
കേരളത്തിലെ വൈവിധ്യമാർന്ന ഭൂപ്രകൃതിക്കനുസൃതമായി താപനില നിരീക്ഷിക്കുവാന്‍ പര്യാപ്തമായ വെതർ സ്റ്റേഷനുകൾ എല്ലാ പ്രദേശങ്ങളിലും ഇപ്പോള്‍ ലഭ്യമല്ല. പലപ്പോഴും ഒരു ജില്ലയിലെ പ്രധാന കേന്ദ്രത്തിലെ താപനിലയാകും ആ ജില്ലയുടെ മൊത്തം താപനിലയായി കണക്കാക്കുന്നത്. ഇത് പ്രാദേശികമായ താപവ്യതിയാനങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്നതിന് തടസ്സമാകുന്നു.നിലവിൽ 14 ൽ 5 ജില്ലകളിലും (കാസർകോട്, വയനാട്, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ) ഔദ്യോഗികമായി അംഗീകരിച്ച താപനില മാപിനികളില്ല.

സ്റ്റീവൻസൺ സ്ക്രീനിന്റെ ഉൾവശം

നഗരപ്രദേശങ്ങളിലെ കെട്ടിടങ്ങൾ, ടാർ റോഡുകൾ എന്നിവ ചൂട് ആഗിരണം ചെയ്യുന്നതിനാൽ ഗ്രാമപ്രദേശങ്ങളേക്കാൾ ഉയർന്ന താപനില അവിടെ അനുഭവപ്പെടാറുണ്ട്. എന്നാൽ മിക്ക വെതർ സ്റ്റേഷനുകളും തുറസായ സ്ഥലങ്ങളിലോ വിമാനത്താവളങ്ങളിലോ ആണ് സ്ഥിതിചെയ്യുന്നത്. നഗര ഹൃദയങ്ങളിലെ യഥാർത്ഥ ചൂട് പലപ്പോഴും ഔദ്യോഗിക കണക്കുകളിൽ പ്രതിഫലിക്കണമെന്നില്ല.താപനിലയും ആർദ്രതയും കൃത്യമായി അളക്കുന്നതിനായി ഉപകരണങ്ങൾ സൂക്ഷിച്ചുവെക്കുന്ന ഒരു പ്രത്യേക പെട്ടിയാണ് സ്റ്റീവൻസൺ സ്ക്രീൻ (Stevenson Screen). ഇതിനെ ‘തെർമോമീറ്റർ സ്ക്രീൻ’ എന്നും വിളിക്കാറുണ്ട്.കാലാവസ്ഥാ ഡാറ്റാ ശേഖരണത്തിൽ ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ഒരു മാനദണ്ഡമാണിത്. കേരളത്തിലെ താപനില ഡാറ്റ ശേഖരിക്കുമ്പോഴും, ഔദ്യോഗിക കണക്കുകൾ കൃത്യമാകണമെങ്കിൽ സ്റ്റീവൻസൺ സ്ക്രീനിനുള്ളിൽ വെച്ചു തന്നെയുള്ള അളവുകൾ വേണം ഉപയോഗിക്കാൻ. പുറത്ത് നേരിട്ട് വെയിൽ കൊള്ളുന്ന സ്ഥലത്തെ താപനില എപ്പോഴും ഔദ്യോഗിക കണക്കിനേക്കാൾ കൂടുതലായിരിക്കും.

സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം മാറുന്നതിനനുസരിച്ച് താപനിലയിൽ വലിയ വ്യത്യാസം വരാം. ഉദാഹരണത്തിന്, പാലക്കാട് ചുരം വഴി വരുന്ന ചൂടുകൂടിയ കാറ്റ് ആ ജില്ലയിലെ താപനില വർദ്ധിപ്പിക്കുമ്പോൾ, തൊട്ടടുത്ത മലയോര മേഖലകളിൽ തണുപ്പ് അനുഭവപ്പെടാം. ഇത്തരം സൂക്ഷ്മമായ വ്യത്യാസങ്ങൾ കൃത്യമായി ഒപ്പിയെടുക്കാൻ നിലവിലുള്ള ഗ്രിഡ് സംവിധാനത്തിന് പരിമിതികളുണ്ട്.ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകൾ കൃത്യമായി കാലിബ്രേറ്റ് ചെയ്തില്ലെങ്കിൽ തെറ്റായ ഡാറ്റ നൽകാൻ സാധ്യതയുണ്ട്. കഠിനമായ ചൂടിലോ മഴയിലോ സെൻസറുകൾക്ക് തകരാർ സംഭവിക്കുന്നത് ഡാറ്റയിൽ വിടവുകൾ ഉണ്ടാക്കാൻ കാരണമാകുന്നു.

കേരളം ഒരു തീരദേശ സംസ്ഥാനമായതിനാൽ അന്തരീക്ഷത്തിൽ ഈർപ്പം (Humidity) കൂടുതലാണ്. തെർമോമീറ്ററിൽ കാണിക്കുന്ന താപനിലയേക്കാൾ (Ambient Temperature) കൂടുതലായിരിക്കും മനുഷ്യശരീരത്തിന് അനുഭവപ്പെടുന്ന ചൂട്- താപസൂചിക (Heat Index). ഔദ്യോഗിക ബുള്ളറ്റിനുകളിൽ പലപ്പോഴും താപനില മാത്രം നൽകുകയും ഹീറ്റ് ഇൻഡക്സ് നൽകാതിരിക്കുകയും ചെയ്യുന്നത് ജനങ്ങൾക്ക് ചൂടിന്റെ തീവ്രത മനസ്സിലാക്കുന്നതിൽ പരിമിതിയുണ്ടാക്കുന്നു.

‘ചൂടാറാതെ’ – മാറ്റങ്ങള്‍ക്ക് അനുയോജ്യമായ സമീപനങ്ങള്‍
മാറിവരുന്ന സാഹചര്യങ്ങള്‍ മനസ്സിലാക്കാന്‍ അടിയന്തരമായി കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ പ്രാദേശിക ദിനാവസ്ഥ നിരീക്ഷണം നടത്തുന്നതിനുള്ള മാപിനികളുടെ ഒരു ശൃംഖല സാധ്യമാകേണ്ടതുണ്ട്. താപനിലയെക്കുറിച്ചുള്ള മുന്നറിയിപ്പിന് പകരം അനുഭവവേദ്യമാകാന്‍ സാധ്യതയുള്ള ചൂടിനെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളും കേരള സവിശേഷ പ്രാദേശിക പഠനങ്ങളും നടത്തുകയെന്നതും തന്ത്രപ്രധാനമാണ്.

സാധാരണക്കാർക്ക് എല്ലാ പ്രദേശങ്ങളിലെയും കൃത്യമായ താപനില വിവരങ്ങൾ തത്സമയം അറിയാനുള്ള സംവിധാനങ്ങൾ ഇനിയും വിപുലപ്പെടേണ്ടതുണ്ട്. നിലവിൽ പ്രധാന നഗരങ്ങളിലെ വിവരങ്ങൾ മാത്രമാണ് പെട്ടെന്ന് ലഭ്യമാകുന്നത്.

ഇതിനും പുറമേ കേരളത്തില്‍ മുതിര്‍ന്ന പൗരരുടെ ജനസംഖ്യ വളരെ കൂടുതലുള്ളതിനാല്‍ അവരെ കേന്ദ്രീകരിച്ചുള്ള ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കേണ്ടിവരും. പുറംപണികളില്‍ ഏര്‍പ്പെടുന്ന കാര്‍ഷികത്തൊഴിലാളികളും അസംഘടിത ഗിഗ് ജോലിക്കാരും മറ്റ് ദിവസക്കൂലി ജീവനക്കാരുമാണ് പ്രാധാന്യത്തോടെ കാണേണ്ട മറ്റൊരു വിഭാഗം. ഇവര്‍ക്ക് നിര്‍ബന്ധിത വിശ്രമവേളകള്‍ നല്‍കുക, ജോലി സമയക്രമീകരണം നടത്തുക, വിശ്രമിക്കാനുള്ള പൊതുഇടങ്ങള്‍ ഒരുക്കുക എന്നിവയെല്ലാം പൊതുവില്‍ നടപ്പിലാക്കാവുന്നവയാണ്.

ചൂടേറിയ ദിനങ്ങള്‍ക്കുശേഷം പെട്ടെന്നൊരു മഴ വരുമ്പോള്‍ ചൂടുമായി ബന്ധപ്പെട്ട അസ്വസ്ഥതകളും ബുദ്ധിമുട്ടുകളും നാം മറക്കുന്നു. എന്നാല്‍ വര്‍ഷംതോറും താപനിലയും നാം അനുഭവിക്കുന്ന ചൂടും മുന്പുള്ളതിനേക്കാള്‍ വര്‍ദ്ധിച്ചു വരുന്നു എന്ന വസ്തുത മറക്കരുത്. വിഷയത്തിന്റെ ചൂടാറാതെ, ‘ശീലമാകേണ്ടുന്ന അസ്വാഭാവികതയോട്’ നഷ്ടങ്ങള്‍ അധികമുണ്ടാകാതെ അനുരൂപപ്പെടാന്‍ സാധ്യമാകുന്ന പ്രവര്‍ത്തങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ മാത്രമാണ് അതിജീവനം കാര്യക്ഷമമാകുന്നത്. പ്രാദേശിക ഇടപെടലുകൾ മാത്രം മതിയാകില്ല; ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ കുറച്ചുകൊണ്ട് ആഗോളതാപനം നിയന്ത്രിക്കുന്നതു തന്നെയാണ് അന്തിമപരിഹാരം. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

thirteen − 3 =

Most Popular