ഫെബ്രുവരി മാസത്തോടെ സാധാരണയിൽ കവിഞ്ഞ ചൂട് അനുഭവപ്പെടാൻ തുടങ്ങി. കഴിഞ്ഞകാലങ്ങളിൽ പലതരം സാമൂഹ്യ പ്രശ്നങ്ങളെ ജനകീയ കൂട്ടായ്മകളിലൂടെ മറികടന്ന പഞ്ചായത്താണ് കാസർകോട് ജില്ലയിലെ പിലിക്കോട് ഗ്രാമപഞ്ചായത്ത്. അവയുടെയെല്ലാം അനുഭവ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് കഠിനമായ വേനൽചൂടിന്റെ പ്രശ്ന്ങ്ങളെ നേരിടാൻ കഴിയുമോ എന്ന അന്വേഷണം ആരംഭിച്ചു. ഇത്തരം കാര്യങ്ങളിൽ താല്പര്യമുള്ള ഒരു സംഘമാണ് ഇക്കാര്യം പഞ്ചായത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത്.
പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി ‘കുതിപ്പ്’ എന്ന സമഗ്ര വികസന രേഖ ജനകീയ സഹകരണത്തോടെ തയ്യാറാക്കിയതിന്റെ ആത്മവിശ്വാസവും അതിന്റെ ഭാഗമായി രൂപപ്പെട്ടുവന്ന അക്കാദമിക ടീമിന്റെ സഹകരണവും വർദ്ധിച്ചുവരുന്ന ചൂടിനെ അഭിമുഖീകരിക്കാൻ വേണ്ട പദ്ധതി തയ്യാറാക്കുന്നതിന് പ്രചോദനമായി.
2026 മാർച്ച് 10ന് നടന്ന സംസ്ഥാന മന്ത്രിസഭായോഗ തീരുമാനവും തുടർന്നുണ്ടായ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ പൊതുമാർഗരേഖയും എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും വർദ്ധിച്ചുവന്ന ചൂടിനെ പ്രതിരോധിക്കാൻ ഹീറ്റ് ആക്ഷൻ പ്ലാൻ തയ്യാറാക്കണമെന്ന നിർദ്ദേശവും, ചൂടിനെ പ്രതിരോധിക്കാൻ പരിപാടി വേണമെന്ന പിലിക്കോട് പഞ്ചായത്തിന്റെ താല്പര്യത്തെ കൃത്യമായ ഒരു പദ്ധതിരേഖ യായി വികസിപ്പിക്കുന്നതിന്റെ ഗതിവേഗം വർദ്ധിപ്പിച്ചു.
1949ല്‍ രൂപീകൃതമായ പിലിക്കോട് ഗ്രാമപഞ്ചായത്തിന്, നിരന്തരമായ പ്രവര്‍ത്തനങ്ങളിലൂടെ സംസ്ഥാനത്തെ മികവുറ്റ പഞ്ചായത്തുകളോടൊപ്പം ഇടംപിടിക്കാന്‍ ഇതിനകം സാധിച്ചിട്ടുണ്ട്. ജനപങ്കാളിത്തത്തോടെ ഒട്ടനവധി അനുകരണീയമായ വികസന മാതൃകകള്‍ക്ക് രൂപംനല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. സമ്പൂര്‍ണ സാക്ഷരതായജ്ഞത്തിലൂടെ ഇവിടുത്തെ ജനതയെയാകെ അറിവിന്റെയും തിരിച്ചറിവിന്റെയും തലത്തിലേക്ക് ഉയര്‍ത്താന്‍ കഴിഞ്ഞത് ജനകീയ പങ്കാളിത്തത്തോടെയായിരുന്നു. ‘എല്ലാവീട്ടിലും ശുചിത്വമുള്ള കക്കൂസ്’ ഒരു വന്യമായ ആശയമാണെന്ന് നിനച്ചിരുന്ന കാലത്ത് മുഴുവന്‍ വീടുകളിലും ശുചിത്വമുള്ള കക്കൂസുകള്‍ ജനകീയ സഹകരണത്തോടെയും അതിലുപരി ജനകീയ പങ്കാളിത്തത്തോടെയും ക്യാമ്പയിന്‍ രീതിയില്‍ നിര്‍മിച്ച് നല്‍കിക്കൊണ്ട് ഇന്ത്യയിലെ ആദ്യത്തെ ‘നിര്‍മല്‍’ പുരസ്കാരം ലഭിച്ച പഞ്ചായത്തായി പിലിക്കോടിനെ മാറ്റാന്‍ കഴിഞ്ഞു. സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട ‘അഴിമതിരഹിത പഞ്ചായത്ത്’ എന്ന ഖ്യാതിയും ഈ മികവിന്റെ ഭാഗമാണ്.
2016 ല്‍ നടത്തിയ സമഗ്ര ഊർജസംരക്ഷണ പദ്ധതിയായ ഊർജയാനം വലിയ വിജയമായിരുന്നു. ഈ ജനകീയ പദ്ധതിയിലൂടെ ഫിലമെന്റ് രഹിത ബൾബുകളുള്ള ആദ്യ പഞ്ചായത്തായി മാറുവാനും കഴിഞ്ഞു. അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനാണ് അതിന്റെ പ്രഖ്യാപനം നടത്തിയത്. ഈ പദ്ധതിവഴി വൈദ്യുതിയുടെ ഗാർഹിക ഉപഭോഗം വലിയതോതിൽ കുറയ്ക്കാൻ കഴിഞ്ഞു . 1996 ല്‍ സമ്പൂര്‍ണ ശുചിത്വപരിപാടി ഏറ്റെടുത്ത് നടത്തി ഇന്ത്യയിലെ ആദ്യ ശുചിത്വ പഞ്ചായത്തായി മാറിയ അനുഭവപാരമ്പര്യവും ഏതിനും സജ്ജരായ ഒരുകൂട്ടം പ്രവര്‍ത്തകരുടെ സാന്നിധ്യവും കൈമുതലായുണ്ട് എന്ന ആത്മവിശ്വാസമാണ് ഊര്‍ജ്ജയാനം ഏറ്റെടുക്കാന്‍ പ്രചോദനം നല്‍കിയ ഘടകം. സമ്പൂര്‍ണ ശുചിത്വ പരിപാടിയെന്നപോലെ ജനകീയ ബോധവത്കരണം ഇവിടെയും അനിവാര്യമായിരുന്നു.
ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ ഭാഗമായി നടന്ന പ്രവർത്തനങ്ങളിൽ സാധ്യമായ അവസരങ്ങളിലെല്ലാം ഈ ജനകീയ കൂട്ടായ്മ പദ്ധതികൾ ഫലപ്രദമായി നടപ്പാക്കുന്നതിന് സഹായിച്ചിട്ടുണ്ട്. തികച്ചും വികേന്ദ്രീകൃതമായ രീതി ഉപയോഗിച്ചുകൊണ്ടാണ് ഈ പദ്ധതികളുടെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിച്ചത്. വെെവിധ്യമാർന്ന ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കുന്നതിൽ വാര്‍ഡ് സമിതികള്‍ നിര്‍ണ്ണായക പങ്കാണ് വഹിച്ചത്. വാര്‍ഡ് സമിതികളും വാര്‍ഡിന്റെ പരിധിയിലുളള അയല്‍സഭകളും അതതു സമയത്തെ ക്യാമ്പയിൻ സന്ദേശങ്ങൾ ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുക എന്ന രീതിശാസ്ത്രമാണ് അവലംബിക്കുന്നത്. ഇതുവഴി എല്ലാ വീട്ടുകാരുടെയും പിന്തുണ ഉറപ്പാക്കാൻ കഴിയുന്നു.
‘കവചം’ ഹീറ്റ് ആക്ഷൻ പ്ലാൻ
‘കവചം’ – ഹീറ്റ് ആക്ഷൻ പ്ലാൻ ജനകീയമായി നടപ്പാക്കാൻ ഈ രീതിശാസ്ത്രംതന്നെ സ്വീകരിക്കാൻ ധാരണയായി. ആക്ഷൻ പ്ലാൻ അടിയന്തരമായും സമയബന്ധിതമായും തയ്യാറാക്കാൻ പഞ്ചായത്ത് ഒരു അക്കാദമിക് ടീമിന് രൂപം നൽകി. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മാർഗനിർദ്ദേശങ്ങളും അതോടൊപ്പം പഞ്ചായത്തിന്റെ സവിശേഷ സാഹചര്യങ്ങളും കൂടി പഠനവിധേയമാക്കി കരട് ആക്ഷൻ പ്ലാൻ ഈ അക്കാദമിക് ടീം തയ്യാറാക്കി. ഈ കരട് ആക്ഷൻ പ്ലാൻ 2026 മാർച്ച് 16 – ന് ചേർന്ന പഞ്ചായത്തുതല ശില്പശാലയിൽ അവതരിപ്പിക്കപ്പെട്ട. ഗൗരവതരമായ ചർച്ചയ്ക്ക് വിധേയമാക്കി. ശില്പശാലയുടെ നിർദ്ദേശപ്രകാരമുള്ള മാറ്റങ്ങൾ വരുത്തിയ ഹിറ്റ് ആക്ഷൻ പ്ലാൻ 2026 മാർച്ച് 17 – നുതന്നെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്കും ജില്ലാ കളക്‌ടർക്കും സമർപ്പിച്ചു. പഞ്ചായത്ത് പ്രദേശത്ത് താമസിക്കുന്നതും, ജോലി ചെയ്യുന്നതുമായ മുഴുവൻ പേരുടേയും ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുക എന്നതാണ് ഈ ആക്ഷൻ പ്ലാൻ വിഭാവനം ചെയ്യുന്നത്.
പ്രവർത്തനങ്ങൾ ഊർജ്ജിതമായി മുന്നോട്ടുകൊണ്ടുപോകുന്നതിന്, ആത്മവിശ്വാസവും ആവേശവും നൽകുന്ന അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അടങ്ങിയ കുറിപ്പാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിൽ നിന്നും ലഭ്യമായത്. അതിന്റെ അടിസ്ഥാനത്തിൽ പദ്ധതിയുടെ അംഗീകാരത്തിനൊന്നും കാത്തുനിൽക്കാതെ കൊടുംചൂടിനെ അഭിമുഖീകരിക്കാനുള്ള പരിപാടികളുമായി പഞ്ചായത്ത് മുന്നോട്ടുപോയി.
അയൽസഭകളിൽ ക്ലാസ്സെടുക്കുന്നവർക്കുള്ള പരിശീലനവും പദ്ധതിയുടെ ഉദ്ഘാടനവും ഏപ്രിൽ 27ന് നടത്തി. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പർ ഡോ. ജോയ് പി ഇളമൺ ആണ് ഉദ്ഘാടനം നിർവഹിച്ചത്. വാർഡ് സമിതികൾ അയൽസഭകളിൽ ക്ലാസ്സെടുക്കേണ്ടവരെ കണ്ടെത്തി പ്രസ്തുത പരിശീലനത്തിൽ പങ്കെടുപ്പിച്ചു. ആകെ 280 പേർ പരിശീലനത്തിന്റെ ഭാഗമായി. പരിശീലനത്തെ തുടർന്ന് 112 അയൽസഭകളിൽ ചൂടിനെ പ്രതിരോധിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും അതിനുള്ള മാർഗങ്ങളെ കുറിച്ചും സംവദിക്കുകയുണ്ടായി. നാലായിരത്തിനടുത്ത് കുടുംബങ്ങൾ ഈ സംവാദ സദസ്സുകളുടെ ഭാഗമായി. ഇതിന്റെ തുടർച്ചയായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടിവെള്ളം സജ്ജമാക്കിക്കൊണ്ടുള്ള തണ്ണീർ പന്തലുകൾ സ്ഥാപിതമായി. മനുഷ്യർക്ക് മാത്രമല്ല പക്ഷികൾക്കും മറ്റു ജീവജാലങ്ങൾക്കും കുടിവെള്ളം ഒരുക്കുന്നതിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘങ്ങളായും ഒറ്റപ്പെട്ട കുടുംബങ്ങൾ അങ്ങനെയും കാട്ടുന്ന താൽപര്യം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. സഹകരണ ബാങ്കുകളും സാംസ്കാരിക സ്ഥാപനങ്ങളും ഈ ഉദ്യമത്തിന്റെ ഭാഗമായി മാറി. പഞ്ചായത്തിൽ ചൂടിനെ പ്രതിരോധിക്കേണ്ട ആവശ്യകത സ്വയം ബോധ്യപ്പെടുന്ന ഒരു സാമൂഹികാന്തരീക്ഷം ഇതെല്ലാംവഴി ഉണ്ടായിട്ടുണ്ട്.
പഞ്ചായത്ത് വികസിപ്പിച്ച ഹീറ്റ് ആക്ഷൻ പ്ലാനിന്റെ ലക്ഷ്യങ്ങളായി- പഞ്ചായത്ത് പരിധിയിലെ മുഴുവൻ ജീവജാലങ്ങൾക്കും ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുക, കടുത്ത ചൂടുണ്ടാകുമ്പോൾ കൈക്കൊള്ളേണ്ട മുൻകരുതലുകളെക്കുറിച്ച് അവബോധം വളർത്തിയെടുക്കുക, പ്രാദേശികമായി ചൂട് കുറച്ചുകൊണ്ടുവരാനാവശ്യമായ വ്യത്യസ്ത മാർഗങ്ങൾ വികസിപ്പിച്ചു കൊണ്ടുവരിക, പഞ്ചായത്തിലെ ജലസ്രോതസ്സുകളുടെ സംരക്ഷണം ഉറപ്പുവരുത്തുക, ഗാർഹികാവശ്യത്തിനും കൃഷിക്കും ജലലഭ്യത ഉറപ്പുവരുത്തുക, എല്ലാ ജീവജാലങ്ങൾക്കും ജലം ലഭ്യമാക്കുക, ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള കൂടുതൽ രൂക്ഷമായ വേനൽക്കാലങ്ങളെ നേരിടാൻ നാടിനെ സജ്ജമാക്കുക എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
പിലിക്കോടിന്റെ സവിശേഷതകൾ പരിഗണിച്ചുള്ള പ്രവർത്തന പരിപാടികൾ
ഈ ലക്ഷ്യങ്ങൾ സാർത്ഥകമാക്കുന്നതിനായുള്ള പ്രവർത്തനപദ്ധതികളും പ്ലാനിന്റെ ഭാഗമാണ്. പിലിക്കോട് ഗ്രാമപഞ്ചായത്തിന്റെ നിലവിലെ സാഹചര്യം കണക്കിലെടുത്തുകൊണ്ടാണ് ഒട്ടേറെ പ്രവർത്തനങ്ങൾക്ക് രൂപംനൽകിയത്. അടിയന്തിരമായി ആവശ്യമായ ബോധവൽക്കരണം, തുടർന്ന് ജലവിഭവത്തിന്റെ സംരക്ഷണവും തണൽ ഒരുക്കലും എന്നിവയാണ് എല്ലാവിധ പ്രവർത്തനങ്ങളുടെയും അന്തഃ സത്ത എന്നത്. ഹ്രസ്വകാല, ദീർഘ കാല പ്രവർത്തനങ്ങൾ ഉൾപ്പെടുന്നതാണ് ഹീറ്റ് ആക്ഷൻ പ്ലാൻ.
ഹ്രസ്വകാല പ്രവർത്തനങ്ങൾ: ബോധവൽക്കരണ പ്രവർത്തനങ്ങൾ, – പ്രത്യേകം വാർഡ് വികസനസമിതി യോഗങ്ങൾ, അയൽസഭായോഗങ്ങൾ എന്നിവ വിളിച്ചു ചേർക്കൽ; ഗ്രാമസഭകൾ, വാർഡ് കൺവെൻഷനുകൾ വിളിച്ചുചേർക്കൽ, നിർമാണ മേഖലയിലെ തൊഴിലാളികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ, മറ്റു വ്യാപാരികൾ എന്നിവരിൽ സൂര്യാഘാതം, ഉഷ്ണകാല ആരോഗ്യ പ്രശ്‌നങ്ങൾ എന്നിവയെക്കുറിച്ച് ബോധവൽക്കരണം നടത്തൽ; ബ്രോഷർ, നോട്ടീസ്, ലഘുലേഖകൾ എന്നിവ തയ്യാറാക്കലും വിതരണവും; പഞ്ചായത്തിന്റെ എല്ലാ വാർഡുകളിലും തണ്ണീർപന്തൽ ഒരുക്കൽ; കൂടാതെ പഞ്ചായത്തിലെ ആരോഗ്യ പ്രവർത്തകർക്കും റിസോഴ്സ് പേഴ്‌സൺമാർക്കുമുള്ള പരിശീലനം; വാർഡുതല സർവെയ്ലൻസ് ടീമിനുള്ള പരിശീലനം; പഞ്ചായത്ത് തലത്തിൽ ചൂട് കുറയ്ക്കുന്ന നിർമാണ മാതൃകകൾ സ്വീകരിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പ്രോത്സാഹനം നൽകൽ; ഉണങ്ങിപ്പോകുന്ന വൃക്ഷത്തെെകൾ സംരക്ഷിക്കുന്നതിന് വെള്ളമൊഴിക്കാൻ സൗകര്യം ഒരുക്കൽ; ആശുപത്രികളിൽ ഹീറ്റ് ക്ലിനിക്കുകളുടെ പ്രവർത്തനം ഉറപ്പുവരുത്തൽ; പഞ്ചായത്തിലെ ആശുപത്രികളിൽ മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തൽ; ആശാ വർക്കർമാരുടേയും മറ്റ് ആരോഗ്യ പ്രവർത്തകരുടേയും നേതൃത്വത്തിൽ ഒരു സർവെയ്ലൻസ് ടീമിനെ തയ്യാറാക്കൽ; പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സൂര്യാഘാതത്തിന് പ്രഥമ ശുശ്രൂഷ നൽകാൻ സൗകര്യമൊരുക്കൽ; തീപിടുത്ത സാധ്യതകളുള്ള സ്ഥലങ്ങൾ കണ്ടെത്തി ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കൽ; പൊതു കുളങ്ങൾ, തോടുകൾ, പൊതുകിണറുകൾ എന്നിവ ശുചിയാക്കി ജലസംഭരണശേഷി വർദ്ധിപ്പിക്കൽ; സംഭരിക്കുന്ന ജലത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ; National Defence Responsible Force (NDRF)ന്റെ സഹായത്തോടെ 60 പേരടങ്ങുന്ന ഡിസാസ്റ്റർ മാനേജ്മെന്റ് ടീമിന് രൂപംനൽകൽ; പക്ഷികൾക്കും മൃഗങ്ങൾക്കും വെളളം ലഭ്യമാക്കൽ; ചൂടുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകൾ യഥാസമയം ജനങ്ങളിലേക്ക് എത്തിക്കൽ; തൊഴിലുറപ്പ് തൊഴിലാളികളുടെ ജോലിസമയം പുന:ക്രമീകരിക്കൽ; അവരുടെ തൊഴിൽ കേന്ദ്രങ്ങളിൽ താൽക്കാലിക വിശ്രമകേന്ദ്രങ്ങളും കുടിവെള്ളവും ഉറപ്പുവരുത്തൽ; സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിച്ച് ബോധവത്കരണ, പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തൽ; പഞ്ചായത്തിന്റെ സാധ്യമായ ഇടങ്ങളിൽ ഫലവൃക്ഷത്തെെകൾ നട്ടുപിടിപ്പിക്കലും സംരക്ഷണവും; ആദ്യ വർഷം പഞ്ചായത്തിലെ എല്ലാ വീട്ടുപറമ്പിലും ഒരു ഫലവൃക്ഷതൈ നട്ടുപിടിപ്പിക്കൽ; കൂടാതെ പൊതുഇടങ്ങളിൽ 1000 ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിക്കൽ; കിടപ്പുരോഗികൾ, മാനസിക വെല്ലുവിളികൾ നേരിടുന്നവർ തുടങ്ങി പ്രത്യേക ശ്രദ്ധ ആവശ്യമായ വിഭാഗങ്ങളുടെ ആരോഗ്യനില കൃത്യമായ ഇടവേളകളിൽ പരിശോധിക്കുന്ന സംവിധാനം രൂപപ്പെടുത്തൽ; പഞ്ചായത്തിലെ പാലിയേറ്റീവ് പരിചരണ വിഭാഗവുമായി ബന്ധപ്പെട്ട് ഇതിനുള്ള സംവിധാനം ഒരുക്കൽ.
ശാശ്വതമായ പരിഹാരത്തിനുള്ള ശ്രമം
ഹ്രസ്വകാല പദ്ധതികളിലൂടെ താൽക്കാലിക പരിഹാരം കാണാൻ ശ്രമിക്കുന്ന പ്രവർത്തനങ്ങൾക്ക്, ശാശ്വത പരിഹാരം കാണേണ്ടതുണ്ട്. സമൂഹത്തിന്റെ അതിജീവനശേഷി വർധിപ്പിക്കുന്ന സുദീർഘമായ ഇടപെടലുകളാണ് ദീർഘകാല പ്രവർത്തനങ്ങൾ. ചില ഉദാഹരണങ്ങൾ -: ചൂട് കുറയ്ക്കുന്നതിനും പ്രാദേശിക തണുപ്പിക്കൽ മെച്ചപ്പെടുത്തുന്നതിനും ഹരിത ഇടങ്ങൾ (പാർക്കുകൾ, തണൽ മരങ്ങൾ) വികസിപ്പിക്കുക; പുതിയ കെട്ടിട നിർമാണത്തിലും നവീകരണത്തിലും ചൂട് പ്രതിഫലിപ്പിക്കുന്ന വസ്തുക്കൾ ഉപയോഗിക്കുക; നിഷ്-ക്രിയ കൂളിങ് ഡിസൈനുകളും കാര്യക്ഷമമായ ഊർജ്ജമാനദണ്ഡങ്ങളും സമന്വയിപ്പിക്കുക; പഞ്ചായത്തിന്റെ നേതൃത്വത്തിൽ കെട്ടിട നിർമാണ രീതിയിൽ തൊഴിലാളികൾക്കും കരാറുകാർക്കും പരിശീലനം നൽകുക; പഞ്ചായത്തിന്റെ പ്രത്യേകത കണക്കിലെടുത്ത് വരൾച്ചയെ അതിജീവിക്കാൻ കഴിയുന്ന തരത്തിൽ ജല ഉപയോഗ നയത്തിന് രൂപംനൽകുക; പൊതുഇടങ്ങളിലും വഴിയോരങ്ങളിലും ഫല വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുക; നിലവിലുളളവ സംരക്ഷിക്കാൻ സംവിധാനം ഒരുക്കുക; പഞ്ചായത്തിന്റെ പ്രത്യേകത ഉൾക്കൊണ്ട് കുടിവെള്ളക്ഷാമം, കൃഷി ചെയ്യാനുള്ള വെളളത്തിന്റെ ക്ഷാമം എന്നിവ ശാശ്വതമായി പരിഹരിക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കുക; മട്ടുപ്പാവിലെ കൃഷി പ്രോത്സാഹിപ്പിക്കുക; ജലവിതാനം ഉയർത്തുന്നതിനായി പഞ്ചായത്തിലെ എല്ലാ കിണറുകളും റീചാർജ് ചെയ്യുക; പഞ്ചായത്തിലെ പൊതുകിണറുകളുടെയും പൊതുകുളങ്ങളുടെയും സംരക്ഷണം ഉറപ്പുവരുത്തുക; 24.5 കി.മീ. ദൈർഘ്യമുള്ള പഞ്ചായത്തിലെ തോടുകളുടെ ജലസംഭരണശേഷി വർദ്ധിപ്പിക്കുക; സോളാർ വൈദ്യുതിയുടെ ഉപയോഗം പരമാവധി വർദ്ധിപ്പിക്കുക; ഭാവിയിൽ പഞ്ചായത്തിന്റെ വികസന രേഖകൾ, മാസ്റ്റർ പ്ലാൻ, മറ്റ് വികസന പ്രവർത്തനങ്ങൾ എന്നിവയിലെല്ലാം ചൂടിനെ അതിജീവിക്കേണ്ടതിന്റെ ആവശ്യകതയും പൊതുവിൽ ചൂട് കൂടുകയാണ് എന്ന പരിപ്രേക്ഷ്യവും ഉൾപ്പെടുത്തൽ; പരിസ്ഥിതിദിനമായ ജൂൺ 5 ന് ഫലവൃക്ഷത്തെെകൾ നടുന്നതിനുള്ള ക്യാമ്പയിൻ ആരംഭിക്കും; അതുപോലെ വിവിധങ്ങളായ തുടർപ്രവർത്തനങ്ങളും.
ആക്ഷൻ പ്ലാനിന്റെ പ്രവർത്തനങ്ങൾക്കായി പഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷനും സെക്രട്ടറി കൺവീനറും ആയുള്ള ഒരു മേൽനോട്ടസമിതി പ്രവർത്തിക്കുന്നു. കാലാവസ്ഥാ വ്യതിയാനം, മഹാമാരികൾ, പ്രകൃതിക്ഷോഭങ്ങൾ തുടങ്ങി ആഗോളതാപനം ഉയർത്തുന്ന വെല്ലുവിളികൾ ഏറെയാണ്. ആഗോള തലത്തിൽ ചൂട് വർദ്ധിക്കുന്നു. അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി വർദ്ധിക്കുമ്പോൾ ചൂടിനെ ഏതെല്ലാം വിധത്തിൽ പ്രതിരോധിക്കാൻ സാധിക്കുമെന്നത് വെല്ലുവിളിയായി മാറുന്നു. ഇത് വിവിധ ആരോഗ്യ -– സാമൂഹ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുന്നു. പ്രാദേശിക തലത്തിൽ ഗ്രാമപഞ്ചായത്തുകൾക്കും ഒരുപാടുകാര്യങ്ങൾ ജനങ്ങളെ അണിനിരത്തിയുള്ള ജനകീയ പദ്ധതികൾ രൂപപ്പെടുത്തി ചെയ്യാൻകഴിയും എന്നാണ് പിലിക്കോടിന്റെ അനുഭവങ്ങൾ പറയുന്നത്.ആഗോളതാപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും ഇടയാക്കുന്ന സാമ്രാജ്യത്വ നയങ്ങൾക്കെതിരായ പോരാട്ടങ്ങളോടൊപ്പം അണിചേരുകയെന്നത് പ്രധാനമാണ്. അതിനോടൊപ്പം പ്രധാനമാണ് അതിജീവനത്തിനുള്ള പ്രാദേശിക ബദലുകൾ വികസിപ്പിക്കുകയെന്നതും. ഇതിനായുള്ള എളിയ ശ്രമമാണ് പിലിക്കോട് ഗ്രാമപഞ്ചായത്ത് നടത്തുന്നത്. l



