Friday, April 24, 2026

ad

Homeവിശകലനംകേരളത്തിലെ ഉന്നത വിദ്യാഭ്യാസം, 
തൊഴിൽ, കുടിയേറ്റം വ്യാജപ്രചാരണങ്ങൾക്കപ്പുറം‐ 2

കേരളത്തിലെ ഉന്നത വിദ്യാഭ്യാസം, 
തൊഴിൽ, കുടിയേറ്റം വ്യാജപ്രചാരണങ്ങൾക്കപ്പുറം‐ 2

പി വി ഉണ്ണികൃഷ്ണൻ

നിക്ഷേപ അന്തരീക്ഷം: ദേശീയ റാങ്കിങ്ങും 
നിക്ഷേപക പ്രതികരണവും
കേരളത്തിലെ ബിസിനസ് അന്തരീക്ഷവും നിക്ഷേപ കാലാവസ്ഥാ റാങ്കിങ്ങും, ഇന്ത്യൻ സംസ്ഥാനങ്ങൾക്കിടയിൽ കേരളം അതിന്റെ സ്ഥാനം ക്രമാനുഗതമായി മെച്ചപ്പെടുത്തുന്നുണ്ടെന്ന് കാണിക്കുന്നു. ഏകജാലക സംവിധാനങ്ങൾ, കരാർ നടപ്പാക്കൽ, ലോജിസ്റ്റിക്സ്, മേഖലാ നിർദ്ദിഷ്ട നയങ്ങൾ എന്നിവയിൽ കേരളത്തിൽ നടപ്പാക്കുന്ന പരിഷ്കാരങ്ങളെയാണ് ഇത്  പ്രതിഫലിപ്പിക്കുന്നത്. ആഭ്യന്തര, ആഗോള നിക്ഷേപകരെ ക്ഷണിക്കുന്നതിൽ സർക്കാരും പ്രതിപക്ഷവും പങ്കുചേർന്ന് നടത്തിയ, വൻകിട നിക്ഷേപക സംഗമങ്ങളുടെ വിജയകരമായ സംഘാടനം, നയസ്ഥിരതയെയും യഥാർത്ഥ നിക്ഷേപത്തിന്  വിവിധ പങ്കാളികൾ നൽകുന്ന പിന്തുണയെയും സൂചിപ്പിക്കുന്നു.

ഐടി, ടൂറിസം, ലോജിസ്റ്റിക്സ്, ആരോഗ്യം, നിർമാണം തുടങ്ങിയ മേഖലകൾക്കുവേണ്ടി ഈ യോഗങ്ങളിൽ പ്രഖ്യാപിച്ച പ്രതിബദ്ധതകൾ ഉറച്ച പദ്ധതികളായി മാറുന്നു. അതിപ്പോൾ കേരളത്തിൽ ദൃശ്യമാണ്. ഐടി പാർക്കുകളുടെ പ്രകടനത്തിന്റെ കണക്കുകൾക്കൊപ്പം ഇക്കാര്യങ്ങൾകൂടി ഒരുമിച്ച് വായിക്കുമ്പോൾ, ബിസിനസിനോട് ഒരേപോലെ ശത്രുത പുലർത്തുന്ന ഒരു സംസ്ഥാനമായി കേരളത്തെ വിശേഷിപ്പിക്കാൻ കഴിയില്ല. സ്ഥാപനപരവും ഭൗതികവുമായ അടിസ്ഥാനസൗകര്യങ്ങളെ ഒരു വിജ്ഞാനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയുടെ ആവശ്യങ്ങളുമായി നിരന്തരം വിന്യസിക്കുന്ന ഉയർന്ന മാനുഷിക വികാസമുള്ള ഒരു സംസ്ഥാനമാണ് കേരളം എന്നതാണ് കൂടുതൽ കൃത്യമായ വിവരണം.

മൈഗ്രേഷൻ: ഏകദിശയിലുള്ള ബ്രെയിൻ ഡ്രെയിനിൽനിന്ന് 
ചംക്രമണത്തിലേക്കും വിദഗ്ദ്ധ 
പുനരധിവാസത്തിലേക്കും
Linked in തയ്യാറാക്കിയ ടാലന്റ് റിപ്പോർട്ട് ഫോർ കേരള, കുടിയേറ്റത്തെക്കുറിച്ചുള്ള ആശങ്കാജനകമായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് വിലപ്പെട്ട ഒരു മറുവാദം നൽകുന്നു. ഈ റിപ്പോർട്ടുപ്രകാരം, വിവിധ മേഖലകളിലെ പ്രതിഭകളുടെ കാര്യത്തിൽ കേരളം ഇന്ന്  ഒമ്പതാം സ്ഥാനത്താണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഈ കൂട്ടായ്മ 172 ശതമാനം വളർച്ച കൈവരിച്ചു. ഈ പ്രൊഫഷണലുകളിൽ ഏകദേശം 40 ശതമാനവും കൊച്ചി, തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് എന്നീ നാല് നഗരങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. സോഫ്റ്റ്‌വെയർ എഞ്ചിനീയർമാർ, അക്കൗണ്ടന്റുമാർ, അധ്യാപകർ എന്നിവരാണ് മികച്ച പ്രൊഫഷണലുകളായി റിപ്പോർട്ടിൽ പരാമർശിക്കുന്നത്.

ഗണ്യമായ തോതിൽ കേരളത്തിനുള്ളിലേക്ക് മൈഗ്രേഷൻ നടക്കുന്നതായി ഈ റിപ്പോർട്ട് രേഖപ്പെടുത്തുന്നു. കേരളത്തിലേക്കുള്ള ആഗോള പ്രതിഭാ ഒഴുക്കിന്റെ ഏകദേശം 52 ശതമാനം യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ നിന്നാണ്. കൂടാതെ കർണാടകം, തമിഴ്‌നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ള ശക്തമായ ആഭ്യന്തര ഒഴുക്കുമുണ്ട്. അക്കൗണ്ടിംഗ്, പർച്ചേസ്, സംരംഭകത്വം, സെയിൽസ് എന്നീ മേഖലകളെ ആഗോളതലത്തിൽ തിരിച്ചെത്തിയവരുടെ എണ്ണം അനുപാതരഹിതമായി ശക്തിപ്പെടുത്തുന്നു. അതേസമയം ആഭ്യന്തര കുടിയേറ്റക്കാർ ഗവേഷണം, പ്രൊഡക്ട് മാനേജ്‌മെന്റ്, വിദ്യാഭ്യാസം, എഞ്ചിനീയറിംഗ് എന്നിവയെ ശക്തിപ്പെടുത്തുന്നു.

ബ്രെയിൻ ഡ്രെയിൻ എന്നതിന്റെ 
പുനർവായന
കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളുടെയും തൊഴിലാളികളുടെയും മറു രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം വളർന്നിട്ടുണ്ട് എന്നത് സംശയാതീതമാണ്, പക്ഷേ ഇത് നയപരമായ ശ്രദ്ധ അർഹിക്കുന്നു. എന്നാൽ അതേ Linked in റിപ്പോർട്ടിലെ കണക്ക്  കാണിക്കുന്നത്, മടങ്ങിയെത്തുന്നവരെയും ആഭ്യന്തര കുടിയേറ്റക്കാരെയും കേരളം ആകർഷിക്കുന്നു എന്നതാണ്. ലളിതമായ ഒരു ഒഴുക്കിനേക്കാൾ പരസ്പരപൂരകമായ ഒരു ടാലന്റ് പൂൾ ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നു. ഒരു ദിശയിലുള്ള “ബ്രെയിൻ ഡ്രെയിൻ” എന്നതിനു പകരം, ആഗോളമായ ടാലന്റ് സർക്കുലേഷനിൽ കേരളം ഒരു സന്ധിപ്പ് കേന്ദ്രമായി പ്രവർത്തിക്കുന്നു: ആളുകൾ പഠിക്കാനോ ജോലി ചെയ്യാനോ പുറംരാജ്യത്തേക്ക് പോകുന്നു, മറ്റ് സാഹചര്യങ്ങളിൽ നൈപുണ്യം വർദ്ധിപ്പിക്കുന്നു. ഐടി, ഹെൽത്ത്കെയർ, ഫിനാൻസ്, എജ്യുക്കേഷൻ എന്നിവയിൽ കരിയർ പിന്തുടരാനോ സംരംഭങ്ങൾ ആരംഭിക്കാനോ പലരും മടങ്ങിയെത്തുന്നു. കേരളം ഉടൻ തന്നെ “പ്രായമായവരുടെ  മാത്രം” സംസ്ഥാനമായി മാറുമെന്ന പ്രവചനങ്ങൾ അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കുന്നതാണിത്.

രജിസ്റ്റർ ചെയ്ത പ്രൊഫഷണൽ പ്രതിഭകളിലെ 172 ശതമാനം വളർച്ചയോടൊപ്പം, നാട്ടിലേക്ക് തിരിച്ചുവരുന്നവരുടെ എണ്ണവും കൂടിയാകുമ്പോൾ അത് കൂടുതൽ സങ്കീർണ്ണവും കൂടുതൽ പ്രതീക്ഷ നൽകുന്നതുമായ —ജനസംഖ്യാപരവും സാമ്പത്തികവുമായ– ഒരു പാതയിലേക്ക് വിരൽചൂണ്ടുന്നു.

4. സ്കില്ലിംഗ്, റിക്രൂട്ട്-, ട്രെയിൻ-, ഡിപ്ലോയ്, ജോബ് മൊബിലൈസേഷൻ
ആഗോള പ്ലാറ്റ്‌ഫോമുകളുള്ള ഒരു സംസ്ഥാനവ്യാപക നൈപുണ്യ ആവാസവ്യവസ്ഥ കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ- ഡിസ്ക്), കേരള നോളജ് ഇക്കണോമി മിഷൻ (കെകെഇഎം) എന്നിവയ്ക്കുകീഴിലുള്ള കേരളത്തിന്റെ നൈപുണ്യ സംരംഭങ്ങൾ എന്നത് ഹ്രസ്വകാല കോഴ്‌സുകളുടെ വെറുമൊരു ശേഖരമല്ല. മറിച്ച് സംസ്ഥാനവ്യാപകമായ ഒരു ആവാസവ്യവസ്ഥയാണത്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ നൈപുണ്യശേഷി ഉയർത്തുന്ന (അപ്‌സ്കില്ലിംഗ്) പ്രോഗ്രാമുകളിൽ ചേരുന്നവരുടെ എണ്ണത്തിലും പഠനത്തിനുപയോഗിക്കുന്ന സമയത്തിലും കുത്തനെ വർധനവുണ്ടായതായി Linked in റിപ്പോർട്ട് കാണിക്കുന്നു, പ്രത്യേകിച്ച് മെഷീൻ ലേണിംഗ്, പൈത്തൺ, ഡാറ്റ അനാലിസിസ്, ഡാറ്റ വിഷ്വലൈസേഷൻ, കോർപ്പറേറ്റ് ഫിനാൻസ്, പ്രോജക്ട് മാനേജ്‌മെന്റ് തുടങ്ങിയ നൂതന നൈപുണ്യ മേഖലകളിൽ. Linked inമായി മാത്രമല്ല, കോഴ്സെറയുമായും കെ- ഡിസ്കിന് പങ്കാളിത്തമുണ്ട്, അതിലൂടെ,  വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കും  ആയിരക്കണക്കിന് ആഗോള ഓൺലൈൻ കോഴ്‌സുകളിലേക്ക് പ്രാപ്യത നൽകുന്നു. തൽഫലമായി, പഠന സമയവും പഠിതാക്കളുടെ എണ്ണവും രണ്ടു വർഷത്തിനുള്ളിൽ ഇരട്ടിയിലധികമായി. ഇതോടെ, ആഗോള തൊഴിൽ വിപണി പ്രവണതകളുമായി പൊരുത്തപ്പെടുന്ന തരത്തിൽ, ഡിജിറ്റൽ, അനലിറ്റിക്കൽ, ഫിനാൻഷ്യൽ നൈപുണ്യ ശേഷികളിൽ വ്യക്തമായ മാറ്റങ്ങൾ കാണാനായി.

റിക്രൂട്ട്-ട്രെയിൻ–ഡിപ്ലോയ് മാതൃകയും, പാഠ്യപദ്ധതിയുമായി സംയോജിപ്പിച്ച 
ആർടിഡി പ്രോഗ്രാമും
കെ-ഡിസ്കിന്റെ കീഴിൽ വികസിപ്പിച്ചെടുത്ത റിക്രൂട്ട്-–ട്രെയിൻ-–ഡിപ്ലോയ് മാതൃക, പരമ്പരാഗതമായ തരത്തിൽ പഠനം പൂർത്തിയാക്കിയതിനു ശേഷമുള്ള തൊഴിൽ പരിശീലനത്തിനപ്പുറം കൂടുതൽ അഭിലഷണീയമായ സംയോജിത ആർടിഡി ചട്ടക്കൂടിലേക്ക് പാഠ്യപദ്ധതിയെ മാറ്റിയിരിക്കുന്നു. ബിരുദാനന്തര പരിശീലനത്തിന് പരിമിതമായെങ്കിലും, സ്വാധീനമുണ്ടെന്ന് തിരിച്ചറിഞ്ഞ്, എ പി ജെ അബ്ദുൾ കലാം ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റി (കെടിയു)-യുമായും മറ്റ് സർവകലാശാലകളുമായും സഹകരിച്ച് പാഠ്യപദ്ധതിയിൽ ആർടിഡി ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾ കെ- ഡിസ്ക് ആരംഭിച്ചു.

2024 ലെ ബാച്ചിലർ ഓഫ് ടെക്നോളജി (ബി.ടെക്) പാഠ്യപദ്ധതി പ്രകാരം, ലൈഫ് സ്കിൽസ്, പ്രൊഫഷണൽ കമ്യൂണിക്കേഷൻ, എഞ്ചിനീയറിംഗ് എത്തിക്സ്, സോഷ്യൽ റെസ്പോൺസിബിലിറ്റി,  ഡിസൈൻ തിങ്കിംഗ്, ഹ്രസ്വകാല ഇന്റേൺഷിപ്പുകൾ, സാമൂഹിക പ്രസക്തമായ മിനി പ്രോജക്ട്, വ്യവസായവുമായി ബന്ധപ്പെട്ട ഒന്നിലധികം ഇലക്റ്റീവുകൾ, കൂടാതെ അവസാന വർഷ ഇന്റേൺഷിപ്പ് എന്നിവ ഉൾപ്പെടുന്ന ഒരു “ഇൻഡസ്ട്രി മൈനർ ട്രാക്ക്”, കെ.ടി.യു മുന്നോട്ടു വെയ്ക്കുന്നു. കോഴ്‌സ് ഇന്റഗ്രേറ്റഡ് ആർ‌ടി‌ഡി, കൊളാബറേറ്റീവ് റിയൽ വേൾഡ് പ്രോബ്ലം സോൾവിംഗ് (സി‌ആർ‌ഡബ്ല്യു‌പി‌എസ്) എന്നിവയെ പിന്തുണയ്ക്കുന്ന തരത്തിലാണ് ഈ ഘടന രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ബിരുദതലത്തിൽ ഇന്റേൺഷിപ്പുകൾ, അപ്രന്റീസ്ഷിപ്പുകൾ, ഫീൽഡ് അധിഷ്ഠിത പഠനം, കമ്യൂണിറ്റി ഇടപെടൽ, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്നിവ സംയോജിപ്പിക്കുന്ന പ്രോജക്ടുകൾ, കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ഫോർ ഇയർ അണ്ടർ ഗ്രാജുവേറ്റ് പ്രോഗ്രാം (എഫ്‍വൈയുജിപി) ചട്ടക്കൂട് നിർബന്ധിതമാക്കുന്നു. ഇത്, ആർടിഡി, സിആർഡബ്ല്യുപിഎസ് എന്നിവയ്ക്ക് ആർട്സ്, സയൻസ്, കൊമേഴ്സ് എന്നീ പാഠ്യമേഖലകളിൽ ഒരു രൂപഘടന നൽകുന്നു.

സി.ആർ.ഡബ്ല്യു.പി.എസ്, ഡിസൈൻ തിങ്കിംഗ്, ലിവിംഗ് ലാബുകൾ, കമ്യൂണിറ്റി അധിഷ്ഠിത പ്രോജക്ടുകൾ എന്നിവയാണ് ഈ സമീപനത്തിന്റെ അധ്യാപന നട്ടെല്ല്.  ക്രെഡിറ്റുകൾ നേടുന്നതിനുപകരം യഥാർത്ഥ പ്രശ്‌നപരിഹാരത്തിന്റെ പോർട്ട്‌ഫോളിയോകൾ നിർമിക്കാൻ വിദ്യാർത്ഥികളെ ഇത് പ്രാപ്തമാക്കുന്നു. തൊഴിലിടങ്ങളിലെ യാഥാർത്ഥ്യങ്ങളിൽ നിന്ന് സർവകലാശാലാ വിദ്യാഭ്യാസം വിച്ഛേദിക്കപ്പെട്ടിരിക്കുന്നു എന്ന പരാതിക്ക് നേരിട്ടുള്ള പ്രതികരണമാണിത്.

വിജ്ഞാനകേരളവും 
തൊഴിൽ സമാഹരണവും
തൊഴിലവസരങ്ങളുടെ ലഭ്യതയുടെ കണക്കെടുക്കുന്നതിനും, തൊഴിലൊഴിവുകൾ സമാഹരിക്കുന്നതിനും  തൊഴിലന്വേഷകരുമായി അവ ബന്ധിപ്പിക്കുന്നതിനുമുള്ള സംവിധാനങ്ങൾ കേരളം ഉണ്ടാക്കിയിട്ടുണ്ട്. കണക്കുകൾ പരിശോധിച്ചാൽ, ഡിജിറ്റൽ വർക്ക്ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം (ഡിഡബ്ല്യുഎംഎസ്) വഴി സമാഹരിച്ച ജോലികൾ വിജ്ഞാന കേരളം പരിപാടിക്ക് മുമ്പുള്ള കാലയളവിലെ 12,27,380ൽ നിന്ന് വിജ്ഞാന കേരളത്തിന് ശേഷം, 16,61,885 ആയി വർദ്ധിച്ചുവെന്ന് കാണാം. സ്വകാര്യ അഗ്രഗേറ്റർമാർ വഴി സമാഹരിച്ച ഒഴിവുകൾ ഇതേ കാലയളവിൽ 5,72,323ൽ നിന്ന് 15,45,168 ആയി ഉയർന്നു. അങ്ങനെ ആകെ സമാഹരിച്ച ഒഴിവുകളുടെ എണ്ണം 50,06,756 ആയി.

ഡിഡബ്ല്യുഎംഎസിലൂടെയും മറ്റ് അനുബന്ധ സംവിധാനങ്ങളിലൂടെയും രേഖപ്പെടുത്തിയിട്ടുള്ള നിയമനങ്ങളുടെ എണ്ണം, 2.5 ലക്ഷത്തിലധികം വരെ എത്തുന്നു. വിജ്ഞാനകേരളം സംരംഭത്തിന് കീഴിൽ, വർക്ക് നിയർ ഹോം സെന്ററുകൾ, സ്കിൽ ഡെവലപ്‌മെന്റ് പ്ലാറ്റ്‌ഫോം കേരള (എസ്‍ഡിപികെ), ആർ‌ടി‌ഡി-–ആർ‌ടി‌ഡി ഇതര ഇടപെടലുകൾ എന്നിവ കൂടാതെ, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ), ഏവിയേഷൻ കൗൺസിൽ ഓഫ് ഇന്ത്യ (എസിഎഫ്‍ഐ), സൗത്ത് ഏഷ്യൻ ഇന്റർനാഷണൽ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (സായിക്), നോൺ റെസിഡന്റ് കേരളൈറ്റ്സ് അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റ് (നോർക്ക), ഗ്ലോബൽ കേപ്പബിലിറ്റി സെന്റർ (ജിസിസി) തൊഴിലുടമകൾ തുടങ്ങിയ വ്യാവസായിക സംഘടനകളുമായുള്ള പങ്കാളിത്തം എന്നിവയിലൂടെ ആർ‌ടി‌ഡി പരിപാടിയുടെ വ്യാപ്തി വർദ്ധിപ്പിക്കുന്നു.

നമ്മുടെ സംസ്ഥാനത്ത്, “അപ്‌സ്‌കില്ലിംഗ്’ എന്നത് വെറുമൊരു  മുദ്രാവാക്യം മാത്രമല്ല. മറിച്ച് യഥാർത്ഥ തൊഴിലുകളിലേക്ക് നയിക്കുന്നതിനുള്ള തൊഴിലവസരങ്ങൾ ഇവിടെ ലഭ്യമാണെന്ന്, ഈ കണക്കുകൾ തെളിയിക്കുന്നു. തൊഴിൽ വിപണിയിലെ  വൈഭവത്തിൽ നിന്ന് ആരംഭിച്ച്, പാഠ്യപദ്ധതിയുമായി സംയോജിപ്പിച്ച ആർടിഡി, സിആർഡബ്ല്യുപിഎസ് എന്നിവയിലൂടെ ബിരുദധാരികളെ യഥാർത്ഥ ഒഴിവുകളിലേക്ക് ബന്ധിപ്പിക്കുന്ന ഉറച്ച ഘടനയിൽ ഇത് ഉൾച്ചേർത്തിരിക്കുന്നു.

കേരളത്തിന്റെ ഭാവിയെക്കുറിച്ചുള്ള 
വ്യത്യസ്തമായ ഒരു വിവരണം
കേരളം ഗുരുതരമായ വെല്ലുവിളികൾ നേരിടുന്നു: ദ്രുതഗതിയിലുള്ള സാങ്കേതിക മാറ്റം, കാലാവസ്ഥാ ദുർബലത, പുറംരാജ്യത്തേക്കുള്ള വർദ്ധിച്ച കുടിയേറ്റം, കൂടാതെ നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ ഇപ്പോഴും അപൂർണമായ ഘടനാപരമായ പരിവർത്തനം. എന്നാൽ ഉന്നത വിദ്യാഭ്യാസ മേഖലയിലെ പരിഷ്കരണം, ഇൻഫ്രാസ്ട്രക്ചർ 2.0, ഐടി പാർക്ക്, ഡീപ്പ് ടെക് വികസനം, സ്റ്റാർട്ടപ്പ്, ഇന്നൊവേഷൻ ആവാസവ്യവസ്ഥ, Linked in ടാലന്റ് റിപ്പോർട്ട്, സംസ്ഥാന വ്യാപകമായ നൈപുണ്യ ആവാസവ്യവസ്ഥ, ആർടിഡി, തൊഴിൽ സമാഹരണ ഡാറ്റ എന്നിങ്ങനെ ഇവിടെ പരാമർശിച്ച കാര്യങ്ങൾ, ഒരു വിജ്ഞാന സമ്പദ്‌വ്യവസ്ഥയിലേക്കുള്ള നമ്മുടെ സംസ്ഥാനത്തിന്റെ സജീവ പരിവർത്തനത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.

“ഒന്നും ചെയ്യുന്നില്ല’ എന്നതല്ല, മറിച്ച് പരാജയത്തിന്റെ ലളിതമായ കഥകൾ ഇഷ്ടപ്പെടുന്ന രാഷ്ട്രീയ സംവാദങ്ങളിൽ, അതിന്റെ അഭിലാഷപൂർണവും പലപ്പോഴും സങ്കീർണവുമായ പരിഷ്കാരങ്ങൾ വളരെ എളുപ്പത്തിൽ മായ്ക്കപ്പെടുന്നു എന്നതാണ് കേരളം നേരിടുന്ന വെല്ലുവിളി. ഈ പരിഷ്കാരങ്ങളെ എങ്ങനെ ആഴത്തിലാക്കുകയും ത്വരിതപ്പെടുത്തുകയും ചെയ്യാം എന്ന ചോദ്യമായിരിക്കും കൂടുതൽ സത്യസന്ധമായ ഒരു സംവാദം: ഉയർന്നുവരുന്ന അടിസ്ഥാന സൗകര്യങ്ങളിൽ നിന്നും പ്രതിഭകളുള്ളവരുടെ അടിത്തറയിൽ നിന്നും കൂടുതൽ ഉയർന്ന നിലവാരമുള്ള തൊഴിലവസരങ്ങൾ എങ്ങനെ സൃഷ്ടിക്കാം, കൂടുതൽ വൈദഗ്ധ്യമുള്ള കുടിയേറ്റക്കാരെ എങ്ങനെ നിലനിർത്താം, എങ്ങനെ അവരെ ആകർഷിക്കാം, അതോടൊപ്പം, ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പാഠ്യപദ്ധതി പരിഷ്കരണത്തിലും, ആർടിഡി പരിഷ്കാരങ്ങളിലും ഓരോ കോളേജും സർവകലാശാലയും പൂർണമായും പങ്കെടുക്കുന്നുണ്ടെന്ന് എങ്ങനെ ഉറപ്പാക്കാനാകും, എന്നിങ്ങനെയുള്ള കാര്യങ്ങളിലാകണം നമ്മുടെ ശ്രദ്ധ. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

3 × 2 =

Most Popular