Monday, May 25, 2026

ad

Homeവിശകലനംആശാ വർക്കർമാരുടെ അവകാശങ്ങളും 
കോൺഗ്രസിന്റെ 
തൊഴിലാളി വഞ്ചനയും

ആശാ വർക്കർമാരുടെ അവകാശങ്ങളും 
കോൺഗ്രസിന്റെ 
തൊഴിലാളി വഞ്ചനയും

എ ആർ സിന്ധു

കേരളത്തിൽ അധികാരമേറ്റ യുഡിഎഫ് സർക്കാരിന്റെ ആദ്യ ക്യാബിനറ്റ് തീരുമാനങ്ങളിൽ ഒന്ന് ആശാ വർക്കർമാരുടെ ഫിക്സ്ഡ് ഇൻസെന്റീവ് (ഓണറേറിയം) 3000 രൂപ വർദ്ധിപ്പിച്ചതാണ്. ഈ പശ്ചാത്തലത്തിൽ മുഖ്യധാരാ മാധ്യമങ്ങളും നവമാധ്യമങ്ങളും കൊണ്ടാടുന്നത് വാഗ്ദാനം നിറവേറ്റുന്ന വി ഡി സതീശൻ / യുഡിഎഫ് മന്ത്രിസഭയും ആശാ വർക്കർമാരെ അവഗണിക്കുകയും അപമാനിക്കുകയും ചെയ്ത പിണറായി/എൽഡിഎഫ് മന്ത്രിസഭയും; സമരസംഘടനയായ എസ് യു സി ഐ /എഐയുടിയുസിയും സമരം ചെയ്യാത്ത – സർക്കാർ വിലാസം സംഘടനയായ സിഐടിയുവും എന്ന ദ്വന്ദങ്ങളെ ജനമനസ്സിൽ ഉറപ്പിക്കുന്ന ചർച്ചകളാണ്. ഇടതുപക്ഷ അനുയായികൾ പോലും ഈ മുഖ്യധാരാ ആഖ്യാനങ്ങളാൽ വളരെയധികം സ്വാധീനിക്കപ്പെടുന്നുണ്ട്.

അടിസ്ഥാനവർഗ പ്രശ്നങ്ങളിൽനിന്നും നിലപാടുകളിൽനിന്നും ശ്രദ്ധയകറ്റുവാനും ‘ഇടതുപക്ഷമാകുന്ന അഥവാ ഇടതുപക്ഷത്തിന് പകരമാകുന്ന കോൺഗ്രസും വലതുപക്ഷമാകുന്ന / തൊഴിലാളിവിരുദ്ധമാകുന്ന സിപിഐഎമ്മും’ എന്ന ആഖ്യാനത്തിലേക്ക് കേരളസമൂഹത്തിന്റെ പൊതുബോധത്തെ ഊട്ടിയുറപ്പിക്കാനും ലക്ഷ്യമിട്ടുള്ള ചർച്ചകളെ തുറന്നുകാണിച്ചുകൊണ്ട് ആശാ വർക്കർമാരുടെയും മറ്റ് സ്കീം വർക്കർമാരുടെയും പ്രശ്നങ്ങൾ അടിസ്ഥാന വർഗ വീക്ഷണത്തിൽ വിലയിരുത്തേണ്ടത് ഇടതുപക്ഷത്തിന്റെയും ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെയും കടമയാണ്.

ആശാ വർക്കർമാരും 
കോൺഗ്രസും
2005 ൽ ഒന്നാം യുപിഎ സർക്കാർ ആരംഭിച്ച National Rural Health Mission (ദേശീയ ഗ്രാമീണ ആരോഗ്യ മിഷൻ)ന്റെ രേഖയിൽ തന്നെ പറയുന്നു : ഇത് യുപിഎ സർക്കാരിന്റെ പൊതുമിനിമം പരിപാടി പ്രകാരം പൊതു ആരോഗ്യരംഗത്ത് കുത്തനെ സർക്കാർ ചെലവ് നിലവിലെ 0.9 ശതമാനത്തിൽ നിന്നും 2-3 ശതമാനം ആക്കി വർദ്ധിപ്പിക്കാനും പൊതു ആരോഗ്യസേവനങ്ങൾ മെച്ചപ്പെടുത്താനും വേണ്ടിയാണ്. നവലിബറൽ അപ്പോസ്തലൻമാരായ കോൺഗ്രസിന് എന്തുകൊണ്ടാണ് പൊതുമിനിമം പരിപാടി അംഗീകരിക്കേണ്ടി വന്നത് എന്ന വസ്തുത മാധ്യമപ്രവർത്തകരിൽ ചിലർക്കെങ്കിലും ഓർമയുണ്ടാകും.

എന്നാൽ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ഘടനയെപ്പറ്റിയുള്ള ഇടത് – വലത് കാഴ്ചപ്പാടുകൾ തന്നെ വ്യത്യസ്തമാണ്. ഈ അടിസ്ഥാന സേവന പദ്ധതികളെ സ്കീമുകൾക്കുപകരം സ്ഥിരം സംവിധാനങ്ങളാക്കണം എന്നതാണ് ഇടതുപക്ഷ നിലപാട്. മാത്രമല്ല, ഈ സേവനങ്ങൾ ജനങ്ങളിലെത്തിക്കുന്ന പ്രവർത്തകരെ തൊഴിലാളികളായി അംഗീകരിക്കുകയും അവർക്ക് മിനിമം കൂലിയും പെൻഷനടക്കമുള്ള സാമൂഹ്യ സുരക്ഷയും നല്കുകയും ചെയ്യണമെന്നും ഇടതുപക്ഷം ആവശ്യപ്പെടുന്നു. എന്നാൽ കോൺഗ്രസ് നേതൃത്വം നല്കിയ യുപിഎ സർക്കാർ ആശാവർക്കർമാർക്ക് പീസ്റേറ്റിൽ ഇൻസെന്റീവ് നൽകാനാണ് അന്ന് തീരുമാനിച്ചത്.

ഈ പദ്ധതിയുടെ തുടക്കം മുതൽ സിപിഐഎമ്മും സിഐടിയുവും നിരന്തരം ആവശ്യപ്പെടുന്നത് ഈ പദ്ധതിയുടെ ഏറ്റവും പ്രധാന നടത്തിപ്പുകാരായ ആശാവർക്കർമാരെ തൊഴിലാളികളായി അംഗീകരിക്കുവാനും അവർക്ക് ഇൻസെന്റീവിനുപകരം കുറഞ്ഞപക്ഷം അംഗൻവാടി വർക്കർമാർക്കുള്ളതുപോലെ മാസവേതനമെങ്കിലും നൽകുവാനും സർക്കാർ തയ്യാറാവണം എന്നാണ്. അന്നും ഇന്നും കോൺഗ്രസ് നിലപാട് ഇതിനെതിരാണ്. സ്ഥിരം തൊഴിലിനുപകരം കോൺട്രാക്റ്റ് നിയമനവും ഫിക്സഡ് ടേം ജോലിയും കോൺഗ്രസിനും ബിജെപിക്കും ഒരുപോലെ സ്വീകാര്യമാണ്. പല തിരഞ്ഞെടുപ്പുകളിലും കോൺഗ്രസും ബിജെപിയും അങ്കണവാടി – ആശ വർക്കർമാർക്ക് ശമ്പള വർദ്ധനവ് വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാൽ ഇടതുപക്ഷം മാത്രമാണ് അവരെ ജീവനക്കാരായി അംഗീകരിക്കാനും മിനിമം കൂലി കൊടുക്കാനും ആവശ്യപ്പെടുന്നത്. നവലിബറലിസത്തിന്റെ 35 വർഷങ്ങൾക്ക് ശേഷമെങ്കിലും കോൺഗ്രസും സ്വയം നെഹ്റൂവിയൻ സോഷ്യലിസ്റ്റ് എന്നവകാശപ്പെടുന്ന മുഖ്യമന്ത്രി വി ഡി സതീശനും ആശാ വർക്കർമാരെ തൊഴിലാളികളായി അംഗീകരിക്കണമെന്നും അവർക്ക് മിനിമം കൂലി 26000 രൂപ കൊടുക്കണമെന്നുമുള്ള നിലപാട് എടുക്കുവാൻ തയ്യാറാണോ?

2005ൽ ആരംഭിച്ച എൻആർഎച്ച്എം പദ്ധതി 2012 ൽ ഇടതുപക്ഷ പിന്തുണ ആവശ്യമില്ലാതിരുന്ന രണ്ടാം യുപിഎ സർക്കാർ പുതുക്കാൻ തയ്യാറാകാതിരിക്കുകയും നിർത്തിവയ്ക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുകയും ചെയ്തതാണ്. ആശ വർക്കേഴ്സ് ഫെഡറേഷൻ -സിഐടിയു- നേതൃത്വത്തിൽ നടന്ന ഉജ്വലസമരങ്ങളാണ് പദ്ധതി നിലനിർത്താൻ യുപിഎ സർക്കാരിനെ നിർബന്ധിതമാക്കിയത്. ആദ്യമായി ആശാ വർക്കർമാർക്ക് 2014 ൽ ആയിരം രൂപ പ്രതിമാസ നിശ്ചിത ഇൻസെന്റീവ് (fixed incentive – മാധ്യമങ്ങൾ പറയുംപോലെ ഓണറേറിയം അല്ല) ലഭ്യമായതും ഈ സമരഫലമായാണ്.

സ്കീം വർക്കർമാരോട് 
സർക്കാരിന്റെ ക്രൂരത
2011 മുതൽ 2016 വരെ ഉമ്മൻ ചാണ്ടി സർക്കാർ ആശാ വർക്കർമാരോട് തികച്ചും നിഷേധാത്മക നിലപാടാണ് സ്വീകരിച്ചത്. അഞ്ചു വർഷത്തിനിടയിൽ കേവലം 500 രൂപ മാത്രമാണ് വർദ്ധിപ്പിച്ചത്. ഇതിനു മറുപടി പറയുവാൻ കോൺഗ്രസ് ഇതുവരെ തയ്യാറായിട്ടില്ല. എന്നാൽ കേരളത്തിലെ മാത്രമല്ല ഇന്ത്യയിലൊട്ടാകെയുള്ള ആശാവർക്കർമാരോടും മറ്റു സ്കീം വർക്കർമാരോടും ഉമ്മൻ ചാണ്ടി സർക്കാർ അതിക്രൂരമായ മറ്റൊരു പാതകം ചെയ്ത വിവരം എവിടെയും ചർച്ച ചെയ്യപ്പെടുന്നില്ല.
2014 ൽ കേന്ദ്രത്തിൽ അധികാരത്തിലെത്തിയ ഒന്നാം എൻഡിഎ സർക്കാർ പഞ്ചവത്സര പദ്ധതികൾതന്നെ നിർത്തലാക്കുകയും ധനകാര്യ കമ്മീഷനുപകരം നിതി ആയോഗിനെ നിയമിക്കുകയും ചെയ്തു. കേന്ദ്രാവിഷ്കൃത പദ്ധതികളെ നിർത്തലാക്കുകയോ പുനഃസംഘടിപ്പിക്കുകയോ ചെയ്യുവാനായി ശുപാർശ ലഭിക്കാൻ ഒന്നാം മോദി സർക്കാർ മുഖ്യമന്ത്രിമാരുടെ ഒരു സമിതി രൂപീകരിച്ചു. 2015 മാർച്ചിൽ രൂപീകരിച്ച ഈ കമ്മിറ്റിയിൽ അന്ന് കേരള മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയടക്കം കോൺഗ്രസിന്റെ മൂന്നു മുഖ്യമന്ത്രിമാരും ബിജെപിയുടെ മൂന്നു മുഖ്യമന്ത്രിമാരും ജമ്മു കാശ്മീരിലെ മുഫ്തി മുഹമ്മദ് സെയ്ദും യുപിയിലെ അഖിലേഷ് യാദവും മെമ്പർമാരായിരുന്നു.

കേന്ദ്രാവിഷ്കൃത പദ്ധതികളെ “യുക്തിസഹമായി” പുനഃസംഘടിപ്പിക്കുന്നതിനായുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കുവാനാണ് നിതി ആയോഗ് ഈ കമ്മിറ്റി രൂപീകരിച്ചത്. 2015 ഒക്ടോബർ മാസത്തിൽ ഈ കമ്മിറ്റി അതിന്റെ റിപ്പോർട്ട് മോദി സർക്കാരിന് സമർപ്പിച്ചു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്രാവിഷ്കൃത പദ്ധതികളെ കോർ, നോൺ-കോർ എന്നിങ്ങനെ തരംതിരിച്ചു. ചില പദ്ധതികൾ ഒഴിവാക്കുകയും ചില പദ്ധതികളെ സംയോജിപ്പിക്കുകയും ചെയ്യുവാൻ ഈ കമ്മിറ്റി ശുപാർശ ചെയ്തു. ഏറ്റവും പ്രധാന ശുപാർശ, ഏതാനും ചില കോർ പദ്ധതികൾ കേന്ദ്രസർക്കാർ പണം ചെലവഴിക്കുകയും നിർബന്ധിതമായി നടപ്പാക്കുകയും ചെയ്താൽ മാത്രം മതി എന്നതായിരുന്നു. നാഷണൽ ഹെൽത്ത് മിഷൻ, ഐസിഡിഎസ്, സ്കൂൾ ഉച്ചഭക്ഷണ പദ്ധതി തുടങ്ങിയ അവശ്യ സേവനങ്ങളെ വേണമെങ്കിൽ ഒഴിവാക്കാവുന്ന പദ്ധതികളുടെ ഗണത്തിലാണ് ഈ കമ്മിറ്റി പെടുത്തിയിരുന്നത്. ഈ കമ്മിറ്റിയുടെ വെട്ടിനിരത്തലിൽനിന്ന് രക്ഷപ്പെട്ടിരുന്നത് തൊഴിലുറപ്പ് പദ്ധതിയും പട്ടികജാതി– പട്ടികവർഗ്ഗക്കാര്‍ക്കുള്ള ചില പദ്ധതികളും മാത്രമാണ്.

ഏറ്റവും ക്രൂരമായ ശുപാർശ ഈ പദ്ധതികളിൽ പ്രവർത്തിക്കുന്ന സ്കീം വർക്കർമാരെ സംബന്ധിച്ചതായിരുന്നു. കമ്മിറ്റി റിപ്പോർട്ട് 38 –ാം പേജിൽ 4.25 ഖണ്ഡികയിൽ അംഗൻവാടി, ആശ, സർവ്വശിക്ഷ അഭിയാനിലെ ടീച്ചർമാർ തുടങ്ങിയവരുടെ വേതനത്തെക്കുറിച്ച് പറയുന്നു. 2016-–17ൽ പന്ത്രണ്ടാം പദ്ധതിയുടെ കാലയളവ് കഴിയുംവരെ ഈ തൊഴിലാളികളുടെ വേതനം ഒരു കാരണവശാലും പുനഃസംഘടിപ്പിക്കാൻ പാടില്ല എന്നും ഇനിമേലിൽ കൂടുതൽ നിയമനങ്ങളും വേതന വർദ്ധനവും സംസ്ഥാനങ്ങൾ സ്വന്തമായി പണം കണ്ടെത്തി വേണം ചെയ്യാൻ എന്നുമാണ് ഉമ്മൻ ചാണ്ടി അംഗമായിരുന്ന ഈ കമ്മിറ്റി ഏകകണ്ഠമായി ശുപാർശ ചെയ്തത്!

അത്ഭുതപ്പെടുത്തുന്ന വസ്തുത ഈ റിപ്പോർട്ടുകളെല്ലാം പൊതുമണ്ഡലത്തിൽ ലഭ്യമായിരുന്നിട്ടും കോൺഗ്രസും ബിജെപിയും ഒന്നിച്ച് ഒരേ നയങ്ങൾക്കുവേണ്ടി വാദിക്കുന്ന ഇത്തരം റിപ്പോർട്ടുകളെപ്പറ്റി മുഖ്യധാരാ മാധ്യമപ്രവർത്തകരോ സ്വയം ഇടതുപക്ഷമായി പ്രഖ്യാപിക്കുന്ന ഉത്തരാധുനിക മാധ്യമപ്രവർത്തകരോ പഠിക്കുവാനോ മനസ്സിലാക്കുവാനോ വെളിച്ചത്തുകൊണ്ടുവരുവാനോ തയ്യാറാകുന്നില്ല എന്നതാണ്.

2015 മുതൽ സിഐടിയുവും സ്കീം വർക്കർമാരുടെ വിവിധ ഫെഡറേഷനുകളും നിരന്തരമായി ഈ കമ്മിറ്റിയുടെ ശുപാർശകൾക്കെതിരായിട്ടുള്ള സമരങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്.

ഈ കമ്മിറ്റിയുടെ ശുപാർശകളെപ്പറ്റി ഇന്നത്തെ കോൺഗ്രസിനും “പുത്തൻ നെഹ്റൂവിയനായ മുഖ്യമന്ത്രിക്കും ഉമ്മൻചാണ്ടിയുടെ പാരമ്പര്യം അവകാശപ്പെടുന്ന മകനടക്കമുള്ള കോൺഗ്രസുകാർക്കും, തിരഞ്ഞെടുപ്പുകാലത്ത് ആശാവർക്കർമാരുടെ വേതനം 21,000രൂപ ആയി വർദ്ധിപ്പിക്കാം എന്ന് കേരളത്തിലും 10000 രൂപയാക്കാം എന്നു യുപിയിലും പ്രസംഗിച്ച പ്രിയങ്ക ഗാന്ധി എംപി ക്കും എന്തു നിലപാടാണ് എന്നറിയാൻ ആശാവർക്കർമാർക്ക് മാത്രമല്ല ജനങ്ങൾക്കും അവകാശമുണ്ട്.

കേരളത്തിലെ പുതിയ ഗവൺമെന്റും 
ആശാവർക്കർമാരും
കേരളത്തിലെ മുൻ യുഡിഎഫ് സർക്കാരും ഇടതുപക്ഷ സർക്കാരുകളും ആശ വർക്കർമാരോടും മറ്റ് സ്കീം വർക്കർമാരോടും സ്വീകരിച്ച നിലപാടിനെക്കുറിച്ചും എത്രരൂപയാണ് വേതനം വർദ്ധിപ്പിച്ചത് എന്നതിനെക്കുറിച്ചും പറയേണ്ടതില്ലല്ലോ. ഉമ്മൻ ചാണ്ടി സർക്കാർ അഞ്ചു വർഷത്തിൽ 500 രൂപ വർധിപ്പിച്ചപ്പോൾ കഴിഞ്ഞ 10 വർഷത്തിൽ അധികാരത്തിലിരുന്ന എൽഡിഎഫ് സർക്കാർ ആശാവർക്കർമാർക്കു 8,000 രൂപയാണ് വർദ്ധിപ്പിച്ചത്. കൂടാതെ കേന്ദ്രസർക്കാർ സാമ്പത്തികമായി വീർപ്പുമുട്ടിക്കുമ്പോഴും ആ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് അംഗൻവാടി ജീവനക്കാർ, പാചക തൊഴിലാളികൾ തുടങ്ങിയ വിവിധ സ്കീം വർക്കർമാർക്ക് ഇന്ത്യയിലെ ഏറ്റവും മികച്ച വേതന വർദ്ധനവ് കേരളത്തിലെ എൽഡിഎഫ് സർക്കാർ വരുത്തിയിട്ടുണ്ട്.

കേരളത്തിൽ പുതിയ വേതന വർദ്ധനവ് പ്രഖ്യാപിക്കുമ്പോൾ മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞത് ഖജനാവിന്റെ സ്ഥിതി പരിശോധിച്ച ശേഷമേ ഇനിയും വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ എടുക്കൂ എന്നാണ്. അദ്ദേഹം പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ ഖജനാവിന്റെ സ്ഥിതി പരിശോധിക്കുവാൻ അദ്ദേഹത്തിന് ഉത്തരവാദിത്വം ഉണ്ടായിരുന്നില്ലേ ? എന്തുവന്നാലും 21,000 കൊടുത്തേ മതിയാവൂ എന്ന നിലപാട് അന്ന് എന്തുകൊണ്ടാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്? കേന്ദ്രസർക്കാരിൽനിന്ന് കിട്ടേണ്ട കുടിശ്ശികയടക്കം ലഭിക്കാതെ ബുദ്ധിമുട്ടുകയാണെന്നും അതുകൊണ്ടുതന്നെ കുറച്ചുസമയം വേണമെന്നുമുള്ള അന്നത്തെ സർക്കാരിന്റെ അഭ്യർത്ഥനയെ തള്ളിക്കളഞ്ഞത് (സിഐടിയു സ്വീകരിക്കുകയും എസ് യു സി ഐ തള്ളിക്കളയുകയും ചെയ്തു) തെറ്റായിപ്പോയി എന്ന് അംഗീകരിക്കാനും മാപ്പു പറയാനും കോൺഗ്രസ് തയ്യാറുണ്ടോ?

ഇതോടൊപ്പം അംഗൻവാടി ജീവനക്കാർക്കും പാചക തൊഴിലാളികൾക്കും 1000 രൂപ വീതം വേതന വർദ്ധന പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ സർക്കാർ മറുപടി പറയേണ്ട മറ്റൊരു വിഷയം വിവിധ സ്കീം തൊഴിലാളികളുടെ വേതന വർദ്ധനവ് തുക തീരുമാനിക്കുന്നതിനുള്ള സർക്കാർ മാനദണ്ഡം എന്താണ് എന്നുള്ളതാണ്. എന്തുകൊണ്ട് അംഗൻവാടിക്ക് ആയിരം?നാളെ അംഗൻവാടി ജീവനക്കാർ അല്ലെങ്കിൽ മറ്റേതെങ്കിലും സ്കീം വർക്കർമാർ അനിശ്ചിതകാല സമരവുമായി രംഗത്തുവന്നാൽ ഈ സർക്കാരിന്റെ സമീപനം എന്തായിരിക്കും?

ഇനി മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതി കൂടി നോക്കാം. കേരളത്തിലെ ആശാ സമരത്തിനു തൊട്ടുമുൻപ് കർണാടകത്തിൽ എസ് യു സി ഐ നേതൃത്വത്തിൽ ഒരു സമരം നടക്കുകയും കോൺഗ്രസ് ഗവൺമെന്റ് 10000 രൂപ നല്കാം എന്നു വാഗ്ദാനം നല്കുകയുമുണ്ടായി. ഇന്നുവരെ ഒരു രൂപ പോലും നല്കാൻ കോൺഗ്രസ് സർക്കാർ തയ്യാറായിട്ടില്ല (നിലവിൽ ഇത് 5000 രൂപയാണ്. യു പി യിൽ 1500 രൂപയും). 2026 ഫെബ്രുവരിയിൽ തെലങ്കാനയിൽ സമരം ചെയ്ത ആശാ വർക്കർമാരെ കോൺഗ്രസ് സർക്കാർ തല്ലിച്ചതച്ചു. ഗുരുതരമായി പരുക്കേറ്റ ആശാ യൂണിയൻ പ്രസിഡന്റ് ജയലക്ഷ്മിക്ക് നട്ടെല്ലിന് ശസ്ത്രക്രിയ വേണ്ടിവന്നു. കോൺഗ്രസ് നയിക്കുന്ന തെലങ്കാന സർക്കാർ നടത്തിയ പൊലീസ് അടിച്ചമർത്തലിനെതിരെ പ്രിയങ്ക ഗാന്ധി ഇതേവരെ പ്രതികരിച്ചിട്ടില്ല.

ഫെഡറൽ അവകാശങ്ങൾക്കുവേണ്ടിയുള്ള 
നിലപാട്
കഴിഞ്ഞ പത്തു വർഷവും സംസ്ഥാനത്തിന്റെ ഫെഡറൽ അവകാശങ്ങൾക്കുവേണ്ടി ഇടതുപക്ഷ സർക്കാരിനോടൊപ്പം നിൽക്കാൻ കേരളത്തിൽ കോൺഗ്രസ് തയ്യാറായിട്ടില്ല.

കൂടുതൽ കൂടുതൽ സാമ്പത്തിക – രാഷ്ട്രീയ അധികാര കേന്ദ്രീകരണത്തിലേക്ക് പോവുകയും സംസ്ഥാനങ്ങൾക്ക്, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്കടക്കം, അർഹമായ വിഹിതം നിഷേധിക്കുകയും ചെയ്യുന്ന കേന്ദ്രനയങ്ങൾ നാളെ കേരളത്തിലെ കോൺഗ്രസ് സർക്കാരിനെയും ബുദ്ധിമുട്ടിലാക്കും എന്നതിൽ സംശയം വേണ്ട. തങ്ങളുടെ അവകാശങ്ങളുന്നയിച്ച് സമരം ചെയ്യുമ്പോൾതന്നെ സംസ്ഥാനത്തിന് അർഹമായ സാമ്പത്തിക വിഹിതം നേടിയെടുക്കുവാൻ വേണ്ടിയിട്ടുള്ള സമരത്തിനും മുൻപന്തിയിൽ നിൽക്കുന്ന സമീപനമാണ് എന്നും സിഐടിയു നേതൃത്വത്തിലുള്ള ആശ യൂണിയനുകളും ഫെഡറേഷനും സ്വീകരിച്ചിട്ടുള്ളത്. നാളെയും കേരളത്തിന് അർഹമായ വിഹിതം ലഭിക്കാത്ത സ്ഥിതി വരുമ്പോൾ (ഇപ്പോൾതന്നെ വിവിധ സംസ്ഥാനങ്ങളിൽ വേതനംപോലും കിട്ടാത്ത സ്ഥിതിയാണ്) കേന്ദ്രസർക്കാരിനെതിരായ സമരത്തിന് പ്രാഥമികത നൽകുവാൻ സിഐടിയു തയ്യാറാകും. ഇതാണ് സിഐടിയുവിനെ മറ്റു സംഘടനകളിൽനിന്നും വ്യത്യസ്തമാക്കുന്നത്.

എസ് യു സി ഐ നിലപാട് – 
കേരളത്തിലും മറ്റിടങ്ങളിലും
എസ്-യുസിഐ/ എഐയുടിയുസി നേതൃത്വത്തിലുളള കേരളത്തിലെ ആശാവർക്കർമാരുടെ സംഘടന ഒരു സ്വതന്ത്ര സംഘടനയാണ് എന്നാണ് മാധ്യമങ്ങൾ പറയുന്നത്. അഖിലേന്ത്യാ തലത്തിൽ എഐയുടിയുസി, തൊഴിലാളി സംഘടനകളുടെ ഐക്യമുന്നണിയുടെ ഭാഗമാണ്. ബംഗാൾ, കർണാടകം, ദില്ലി എന്നീ സംസ്ഥാനങ്ങളിൽ ആശാവർക്കർമാരുടെ ശക്തമായ സംഘടനകൾ അവർക്കുണ്ട്. തങ്ങളാണ് യഥാർഥ ഇടതുപക്ഷം എന്നാണ് അവർ അവകാശപ്പെടുന്നത്. ‘എന്തു വന്നാലും 21,000 കിട്ടും വരെ സമരം’ എന്ന മുദ്രാവാക്യം ഇടതുപക്ഷം കേരളം ഭരിക്കുമ്പോൾ മാത്രമേയുള്ളോ എന്ന ചോദ്യം ഇപ്പോഴേ അവർക്കുനേരെ ഉയരുന്നുണ്ട്. ചുരുങ്ങിയത് ഒരു മാസത്തിനകം 21,000 രൂപ ലഭ്യമാക്കാനും കർണാടകത്തിലടക്കം ഒരു വർഷം മുന്നേയുള്ള 10000 രൂപ വാഗ്ദാനം കൂടി നിറവേറ്റാനും നേതാക്കളുടെ ‘മുടി’ സംരക്ഷിക്കാനും ‘ഉത്തരാധുനിക നെഹ്രു’ വായി സ്വയം വിശേഷിപ്പിച്ച മുഖ്യമന്ത്രി വി ഡി സതീശൻ സഹായിക്കും എന്നു കരുതാം.

കേരളത്തിലെ മുൻ എൽഡിഎഫ് സർക്കാരിനെയും ബിജെപി, കോൺഗ്രസ് സർക്കാരുകളെയും ഒരുപോലെ കാണുന്ന ‘ഇടതുപക്ഷ’ നിലപാടാണ് അവർക്ക് കേരളത്തിൽ. അവരുടെ സമരമുഖത്ത് കേന്ദ്രമന്ത്രി വന്നു വാഗ്ദാനം ചെയ്യുകയും കഴിഞ്ഞ ജൂലൈ മാസത്തിൽ പാർലമെന്റിൽ പ്രഖ്യാപിക്കുകയും ചെയ്ത വർദ്ധിപ്പിച്ച ഇൻസെന്റീവ് നാളിതുവരെ നല്കിയിട്ടില്ലെന്നു മാത്രമല്ല, കഴിഞ്ഞ ആറു മാസമായി വിവിധ സംസ്ഥാനങ്ങളിൽ വർക്കർമാർക്ക് വേതനത്തിലെ കേന്ദ്ര വിഹിതം ലഭിക്കുന്നുമില്ല. ഈ അവസരത്തിൽപോലും ഈ അടിസ്ഥാന വിഷയങ്ങൾ ചർച്ച ചെയ്യാൻ തയ്യാറാകാതെ മുൻ ഇടതുപക്ഷ സർക്കാരിനേയും മന്ത്രിമാരെയും കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണ്.

രാജ്യവ്യാപകമായി ഇന്നും ട്രേഡ് യൂണിയൻ ഐക്യ മുന്നണിയുടെ ഭാഗമായി നിൽക്കുന്ന അവർ തിരിച്ചറിയേണ്ടത് ഡൽഹിയിലോ, കർണാടകത്തിലോ ഒന്നും കേരളത്തിലെ പോലെ ഒരു “പൗര സമൂഹ’’ത്തിന്റെയോ മാധ്യമങ്ങളുടെയോ പിന്തുണ എന്തുകൊണ്ടാണ് അവർക്ക് ലഭിക്കാത്തത് എന്നാണ്. കേരളത്തിൽ സംഘടനാപരമായി വളരെ ദുർബലമായ അവരുടെ യൂണിയന് ലഭിച്ച പിന്തുണ പ്രധാനമായും ഇടതുപക്ഷവിരുദ്ധതയിൽ നിന്നും മാധ്യമങ്ങളും ബിജെപി-, യുഡിഎഫ് നേതൃത്വവും സമ്മാനിച്ചതാണ്. ഭരണകൂട നയങ്ങൾ എന്താണെന്ന് പരിശോധിക്കുകയും ആ നയങ്ങൾക്കെതിരായുള്ള മുന്നണിയിൽ ആരൊക്കെയാണ് ശരിയായ നിലപാടെടുക്കുന്നത് എന്ന് തിരിച്ചറിയുകയും ചെയ്യുക തൊഴിലാളി വർഗ പ്രസ്ഥാനങ്ങൾക്ക് അതിപ്രധാനമാണ്. അതിനു തയ്യാറാകാതെ തങ്ങളുടെ താൽക്കാലിക രാഷ്ട്രീയ നേട്ടത്തിനുവേണ്ടിയും വ്യക്തിപ്രാധാന്യത്തിനുവേണ്ടിയും നിലപാടെടുക്കുന്നത് തൊഴിലാളികളോടുള്ള വഞ്ചനയും അവസാരവാദവുമാണ്.

തൊഴിലാളികളുടെ അവകാശത്തിനായുള്ള സമരങ്ങൾ, പ്രത്യേകിച്ച് നിയോലിബറൽ നയങ്ങൾക്കെതിരായുള്ള സമരങ്ങൾ, തൊഴിലാളികളുടെ വ്യാപക ഐക്യത്തോടെയും പൊതുജനങ്ങളുടെ വൻ പിന്തുണയോടെയും മാത്രമേ വിജയിപ്പിക്കാനാവൂ. തൊഴിലാളികളുടെ സാമ്പത്തികമായ അവകാശങ്ങൾ നേടുന്നതിനുള്ള സമരങ്ങളെ ശക്തിപ്പെടുത്തുന്നതോടൊപ്പംതന്നെ പൊതുജനാരോഗ്യ സേവനങ്ങളെ മെച്ചപ്പെടുത്തുവാനും ജനങ്ങൾക്ക് ആരോഗ്യത്തിനുള്ള അവകാശത്തിനുവേണ്ടിയുള്ള സമരങ്ങളോട് ചേർന്നുനിന്നുകൊണ്ടു മാത്രമേ നാഷണൽ ഹെൽത്ത് മിഷനെ ഒരു സ്ഥിരം സംവിധാനമായി മാറ്റുവാനും ആശാവർക്കർമാരെയും മറ്റു ജീവനക്കാരെയും ജീവനക്കാരായി അംഗീകരിക്കുവാനും വേണ്ടിയുള്ള സമരം വിജയിപ്പിക്കാൻ സാധിക്കൂ.

ഇന്ത്യയിലൊട്ടാകെ സംസ്ഥാനങ്ങളുടെയും ജനങ്ങളുടെയും അവകാശങ്ങൾക്കായി എങ്ങനെ നിലപാടെടുക്കണമെന്നതിന്റെ ദൃഷ്ടാന്തമായിരുന്നു കേരളത്തിലെ ഇടതുപക്ഷസർക്കാർ. സിപിഐ എം നേതൃത്വം നൽകുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി തന്നെയാണ് ഇന്നും ഇന്ത്യയിലെ കോർപ്പറേറ്റ്, വർഗീയ കൂട്ടുകെട്ടിന്റെ സർക്കാരുകൾക്കെതിരായി ശക്തമായ തൊഴിലാളി-കർഷക ചെറുത്തുനിൽപ്പ് ഉയർത്തിക്കൊണ്ടുവരുന്നത്.

തൊഴിലാളിയുടെ എല്ലാ അവകാശങ്ങളും കവർന്നെടുക്കുന്ന ലേബർ കോഡുകൾക്കെതിരായ നിലപാടെടുക്കുവാൻ കോൺഗ്രസ് തയ്യാറല്ല. ഫെബ്രുവരി 12ലെ അഖിലേന്ത്യാ പണിമുടക്ക് ദിനത്തിൽപോലും ‘ജാഥ’ നടത്താൻ തയ്യാറായ ഇന്നത്തെ കേരളത്തിലെ മുഖ്യമന്ത്രി ഏതു പക്ഷത്താണ് നിൽക്കുന്നത് എന്ന് തിരിച്ചറിയുവാൻ ഇനിയെങ്കിലും കഴിയണം. കോൺഗ്രസ് ഭരിക്കുന്ന കർണാടകത്തിൽ ലേബർ കോഡ് റൂൾ ഉടനടി നോട്ടിഫൈ ചെയ്തു എന്നും നാം മനസ്സിലാക്കണം.

ഇന്ത്യയിലെ ഫെഡറൽ സംവിധാനങ്ങളെ തകർക്കുന്ന, സംസ്ഥാനങ്ങളെ സാമ്പത്തികമായി ഇല്ലായ്മചെയ്യുന്ന കേന്ദ്ര നയങ്ങൾക്കെതിരായ സമരങ്ങൾ, ലേബർ കോഡുകൾക്കെതിരായും കേന്ദ്രാവിഷ്കൃത പദ്ധതികളെ ശക്തിപ്പെടുത്തുന്നതിനുവേണ്ടിയും മിനിമം വേതനം, പെൻഷൻ തുടങ്ങിയ അവകാശങ്ങൾക്കുവേണ്ടിയും നടക്കുന്ന സമരങ്ങളുടെ ഭാഗം തന്നെയാണ്. ഇനിവരുംനാളുകളിൽ ഈ പദ്ധതികളെ രക്ഷിക്കാൻവേണ്ടി കേന്ദ്ര നയങ്ങൾക്കെതിരായി യോജിച്ച വൻ പ്രക്ഷോഭങ്ങൾ ഉയർത്തിക്കൊണ്ടു വരേണ്ടതുണ്ട്.

ഇടതുപക്ഷ നയങ്ങൾ തന്നെയാണ് ഇന്ത്യക്കുള്ള ഒരേയൊരു ബദൽ. ആശാവർക്കർമാരുടെ സമരത്തിൽ, തൊഴിലാളികൾക്കു വേണ്ടി നിരന്തരം സമരം ചെയ്യുകയും ഇന്ത്യയിലെതന്നെ ഏറ്റവും മികച്ച വേതനം നേടിയെടുക്കുകയും അതേപോലെതന്നെ കേരളത്തിലെ സമൂഹത്തിന്റെയൊന്നാകെ ആവശ്യങ്ങൾക്കുവേണ്ടി സമരപാതയിൽ നിലകൊള്ളുകയും ചെയ്ത സിഐടിയുവിന്റെ സംഘടനയാണ് രാഷ്ട്രീയമായി ശരി എന്ന് ചരിത്രം വിലയിരുത്തും. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five × 2 =

Most Popular