Monday, May 25, 2026

ad

Homeകവര്‍സ്റ്റോറിഇന്ത്യൻ സമ്പദ്ഘടന 
അസാധാരണ 
പ്രതിസന്ധിയിലേക്ക്

ഇന്ത്യൻ സമ്പദ്ഘടന 
അസാധാരണ 
പ്രതിസന്ധിയിലേക്ക്

ജോർജ് ജോസഫ്

ടതുപക്ഷവും വലതുപക്ഷവും തമ്മിൽ രണ്ടു പ്രധാന വൈജാത്യങ്ങളുണ്ട് . ഒന്ന്, ഇടതുപക്ഷം ഭൂമിയിലെ ഭൗതിക, വൈജ്ഞാനിക സമ്പത്തുകളുടെ വിതരണത്തിൽ എല്ലാവർക്കും തുല്യനീതി ഉറപ്പാക്കണമെന്ന് പ്രഖ്യാപിക്കുന്നു. അതായത് സമത്വമെന്ന ആശയം. തൽസ്ഥാനത്ത് വലതുപക്ഷം പറയുന്നത് സമത്വം എന്നൊന്നില്ല, കഴിവും കരുത്തും ബുദ്ധിയുമുള്ളവർ സമ്പത്തിന്റെ വലിയ പങ്കിന് അവകാശികളാകുന്നു എന്നതാണ്. വിഭവങ്ങൾ കയ്യടക്കി വയ്ക്കുന്നതിൽ ഒരു തെറ്റും അവർ കാണുന്നില്ല. ഇത്തരത്തിൽ ഭൗതികവും വൈജ്ഞാനികവുമായ സമ്പത്ത് കയ്യടക്കുന്ന പ്രക്രിയയുടെ ഏറ്റവും ഉയർന്ന രൂപമായി മാറുന്നത് സാമ്രാജ്യത്വത്തിലാണ്. സമ്പത്ത് അഥവാ വിഭവങ്ങൾ കയ്യടക്കുന്നതിന് സാമ്രാജ്യം വിപുലമാക്കേണ്ടതുണ്ട്. നിരന്തരമെന്നോണം നടന്നു വരുന്ന ഈ പ്രക്രിയയ്-ക്ക് ചരിത്രത്തിന്റെ ശക്തമായ പിൻബലവും നമുക്കു കാണാം. യുദ്ധം സാമ്രാജ്യത്വത്തിന്റെ അനിവാര്യതകളിലൊന്നാണ് . ആത്യന്തികമായി ഭൂമിയിലെ വിഭവ സ്രോതസുകൾ കയ്യടക്കുന്നതിനാണ് ലോകത്ത് എല്ലാ യുദ്ധങ്ങളും നടന്നിട്ടുള്ളത്. എന്നാൽ സാമ്രാജ്യ വികസനം, യുദ്ധം തുടങ്ങിയ കാര്യങ്ങളെ നഖശിഖാന്തം എതിർക്കുക എന്നതാണ് ഇടതുപക്ഷ സമീപനം. അതിനായി ലോകമെമ്പാടും യുദ്ധവിരുദ്ധ, സമാധാന പ്രസ്ഥാനത്തെ തങ്ങളുടെ കഴിവിനൊത്ത് മുന്നിൽ നിന്ന് നയിക്കാൻ അവർ യത്നിക്കുന്നു.

ഇറാനുമേൽ ഇസ്രയേൽ – – അമേരിക്ക സഖ്യം നടത്തുന്ന ആക്രമണം, വെനസേ-്വലയിലും ക്യൂബയിലും അമേരിക്ക നടത്തുന്ന കടന്നാക്രമണം, ഗ്രീൻലാൻഡിനും കാനഡയ്ക്കും മേൽ ഉയർത്തുന്ന അവകാശവാദങ്ങൾ തുടങ്ങിയ നീക്കങ്ങളെ ഈ അടിസ്ഥാനത്തിൽ വേണം വിശകലനം ചെയ്യാൻ. ലോകത്തെ, പ്രത്യേകിച്ച് സാമ്പത്തിക ലോകത്തെ ഒന്നാകെ കൈപ്പിടിയിലൊതുക്കുക, അതുവഴി അതിസമ്പന്നർക്കും കോർപ്പറേറ്റ്, മൂലധന ശക്തികൾക്കും മാത്രം യഥേഷ്ടം ഉപയോഗിക്കാൻ കഴിയുന്ന ഒരിടമാക്കി ഭൂമിയെ മാറ്റുക എന്നതാണ് യാങ്കി സാമ്രാജ്യത്വവും സഖ്യകക്ഷികളും ചേർന്ന് ഇന്ന് ലോകത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഇറാനെ കീഴ്പ്പെടുത്തുകവഴി ലോകത്തെ എണ്ണശേഖരത്തിന്റെ 48 ശതമാനം ഉൾക്കൊള്ളുകയും ഉല്പാദനത്തിന്റെ 29.1 ശതമാനം മുതൽ 32 ശതമാനം വരെ കൈകാര്യം ചെയ്യുകയും ചെയ്യുന്ന പശ്ചിമേഷ്യക്കുമേൽ സമ്പൂർണ ആധിപത്യം ഉറപ്പാക്കുക എന്ന തന്ത്രമാണ് അമേരിക്ക ലക്ഷ്യമിടുന്നത്. അതോടൊപ്പം പശ്ചിമേഷ്യയുടെ നിയന്ത്രണം പൂർണമായും ഇസ്രയേൽ എന്ന രാജ്യത്തിന്റെ കീഴിൽ കൊണ്ടുവന്ന് സാമന്തഭരണം ഉറപ്പിക്കുന്നതിനുള്ള അവരുടെ നീക്കവും വ്യക്തമാണ്. അമേരിക്ക എണ്ണ ഉല്പാദനവും വിതരണവും സമ്പൂർണമായി നിയന്ത്രിക്കുമ്പോൾ ഗാസയും വെസ്റ്റ് ബാങ്കും കൈവശപ്പെടുത്തുന്നതോടോപ്പം സിറിയയുടെ ഗോലാൻ കുന്നുകളടക്കം അതിർത്തിയിലെ ബഫർ പ്രദേശങ്ങളും ദക്ഷിണ ലബനനിലെ ഗ്രാമപ്രദേശങ്ങളും ഏതാണ്ട് പൂർണമായി ഇസ്രയേൽ കയ്യടക്കിക്കഴിഞ്ഞു. ഒരു വിധത്തിലും നീതീകരിക്കാനാകാത്ത കയ്യേറ്റമാണ് ഇസ്രയേൽ അയൽ രാജ്യങ്ങൾക്കുമേൽ നടത്തിക്കൊണ്ടിരിക്കുന്നത്. ഒരു വശത്ത് അമേരിക്ക മധ്യേഷ്യയിലെ സാമ്പത്തിക മേഖലയെ പൂർണമായും കൈപ്പിടിയിലൊതുക്കുമ്പോൾ കൂടുതൽ പ്രദേശങ്ങൾ കൈവശപ്പെടുത്തി രാജ്യം വിപുലമാക്കുന്നതിനുള്ള തീവ്രയുദ്ധത്തിലാണ് ഇസ്രയേൽ ഏർപ്പെട്ടിരിക്കുന്നത്. യുദ്ധം നിർത്തണമെന്ന അമേരിക്കയുടെ നിർദേശങ്ങളെപ്പോലും തൃണവൽഗണിച്ചാണ് ഇസ്രയേലിന്റെ നീക്കങ്ങൾ. വാഴ നനയുമ്പോൾ ചീരയും നനയുന്നു എന്ന് പറയുന്നതുപോലെ ഈ ദീർഘകാല പദ്ധതിക്കിടയിൽ എണ്ണ, ഓഹരി, സ്വർണം തുടങ്ങിയ വിപണികളിലെ ചാഞ്ചാട്ടങ്ങൾ തന്ത്രപൂർവം മുതലെടുത്ത് കോർപ്പറേറ്റ്, നിക്ഷേപ സ്ഥാപനങ്ങൾ സഹസ്രകോടികൾ ചുളുവിൽ അടിച്ചു മാറ്റുകയാണ്. ചുരുക്കത്തിൽ ഇറാൻ യുദ്ധത്തിന് ഹ്രസ്വകാല, ദീർഘകാല ലക്ഷ്യങ്ങൾ പ്രത്യേകമുണ്ടെന്ന് നാം കാണേണ്ടതുണ്ട്.

ഊഹക്കച്ചവടത്തിന്റെ കിലുക്കം
ഇറാൻ യുദ്ധത്തിന്റെ ഘട്ടത്തിലും നേരത്തെ തീരുവ യുദ്ധം മുറുകി നിന്ന കാലയളവിലും ഡൊണാൾഡ് ട്രംപിന്റെ കുടുംബം നേടിയ വമ്പൻ നേട്ടങ്ങൾ വിദേശ മാധ്യമങ്ങളിൽ വലിയ വാർത്തയാണ്. ട്രംപിന്റെ മരുമകൻ ജേഡ് കുഷ്‌നറുടെ ഉടമസ്ഥതയിലുള്ള അഫിനിറ്റി പാർട്നേഴ്സ് എന്ന സ്ഥാപനം ഫെബ്രുവരി 28 നു യുദ്ധം തുടങ്ങിയതിനുശേഷം അമേരിക്കയിലെ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷനിൽ ഫയൽ ചെയ്ത കണക്കുകൾ പ്രകാരം, കമ്പനിയുടെ മൊത്തം സമ്പത്തിൽ ഉണ്ടായത് 30 ശതമാനം വളർച്ചയാണ്. കമ്പനി കൈകാര്യം ചെയ്യുന്ന മൊത്തം ഫണ്ട് 6,800 കോടി ഡോളറായാണ് ഉയർന്നത്. ഇതിൽ 99 ശതമാനവും ഗൾഫ് മേഖലയിലെ രാജ്യങ്ങളിലെ വെൽത്ത് ഫണ്ട് മുഖേനയാണ്. പ്രസിഡന്റ് ട്രംപിന്റെ പശ്ചിമേഷ്യൻ കാര്യങ്ങൾക്കായുള്ള ഉപദേശകൻ കൂടിയായ കുഷ്‌നർ യുദ്ധ നീക്കങ്ങളിലും ഒപ്പം സമാധാന ചർച്ചകളിലും നിർണായക സ്വാധീനമാണ് ചെലുത്തുന്നത്. തനിക്ക് നേരിട്ടുതന്നെ ലഭ്യമാകുന്ന വിവരങ്ങൾ (ഇൻസൈഡർ ഇൻഫർമേഷൻ) ഉപയോഗിച്ച് കോടികളുടെ നേട്ടമാണ് കുഷ്നറുടെ കമ്പനിയും ട്രംപിന്റെ കുടുംബവും ഇതിനകം നേടിയിട്ടുള്ളത്. ട്രംപിന്റെ അടുപ്പക്കാരായ നിരവധി നിക്ഷേപ സ്ഥാപനങ്ങൾ വിപണികളിലെ അനിശ്ചിതത്വം പരമാവധി പ്രയോജനപ്പെടുത്തി കോടികളുടെ നേട്ടമാണ് കഴിഞ്ഞ മൂന്നു മാസങ്ങൾക്കിടയിൽ കൈവരിച്ചിട്ടുള്ളത്.

ഇന്ത്യ നേരിടാൻപോകുന്നത് 
രൂക്ഷമായ പ്രതിസന്ധി
പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന ഗുരുതരമായ പ്രതിസന്ധി ആഗോള സാമ്പത്തിക സ്ഥിതിയെ നടപ്പു സാമ്പത്തിക വർഷത്തിൽ പ്രതികൂലമായി ബാധിക്കുമെന്ന റിപ്പോർട്ട്, ലോകബാങ്ക് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. 2026 ൽ ആഗോള സാമ്പത്തിക വളർച്ച 0 .5 ശതമാനം കുറഞ്ഞ് 2 . 6 ശതമാനമാകുമെന്നാണ് ലോകബാങ്ക് കണക്കാക്കുന്നത്. ആശങ്കപ്പെടുത്തുന്ന മറ്റൊരു കാര്യം, ആഗോളതലത്തിൽ രൂക്ഷമാകുന്ന വിലക്കയറ്റമാണ്. പണപ്പെരുപ്പ നിരക്ക് അമേരിക്കയിൽ ഈ വർഷം 3 .2 ശതമാനമായും യൂറോപ്യൻ മേഖലയിൽ 3 ശതമാനമായും ഉയരുമെന്നാണ് നിഗമനം. ഏപ്രിൽ മാസത്തിൽ അമേരിക്കയിലെ പണപ്പെരുപ്പ നിരക്ക് 3 .8 ശതമാനമായി ഉയർന്നിട്ടുണ്ട്. ഊർജ ഉത്പന്നങ്ങൾക്കാണ് അമേരിക്കയിലെ സാധാരണക്കാർ ഉയർന്ന വില നൽകേണ്ടി വരുന്നത് . ഗ്യാസൊലിന്റെ വിലയിൽ പ്രകടമായിരിക്കുന്ന വർധന 28 .4 ശതമാനമാണ്. യുദ്ധം നീളുന്നത് ജി സി സി രാജ്യങ്ങളിലെ വ്യാപാരം, ടൂറിസം, റിയൽ എസ്റ്റേറ്റ് എന്നീ മേഖലകളെ തകിടംമറിക്കുമെന്ന നിരീക്ഷണങ്ങളാണ് വിവിധ സാമ്പത്തിക ഏജൻസികൾ നടത്തിയ പഠനങ്ങൾ വ്യക്തമാക്കുന്നത്.

നടപ്പു സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ വളർച്ച നേരത്തെ കണക്കാക്കിയിരുന്ന നിരക്കിൽനിന്നും പ്രകടമായി കുറയുമെന്ന നിഗമനമാണ് വേൾഡ് ബാങ്ക് റിപ്പോർട്ട് നൽകുന്നത്. ഇന്ത്യയുടെ വളർച്ച 6.6 ശതമാനത്തിലേക്ക് താഴുമെന്നാണ് ഏറ്റവും പുതിയ അനുമാനം. നേരത്തെ 7.2 ശതമാനം വളർച്ച കൈവരിക്കുമെന്നാണ് കണക്കാക്കിയിരുന്നത്. യുദ്ധം തുടരുന്നത് ഇന്ത്യയിലെ ആഭ്യന്തര ഉപഭോഗത്തെ സാരമായി ബാധിക്കുന്നതും വ്യവസായ വളർച്ച കുറയുന്നതുമാണ് ഇതിനു കാരണമായി റിപ്പോർട്ട് വിലയിരുത്തുന്നത്. ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ ശരാശരി വളർച്ച 7 ശതമാനത്തിൽ നിന്നും 6.3 ശതമാനമായി കുറയുമെന്നാണ് റിപ്പോർട്ട് കണക്കാക്കുന്നത്. യുദ്ധം തുടർന്നാൽ അത് ഏഷ്യൻ രാജ്യങ്ങളുടെ, പ്രത്യേകിച്ച് ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി വലിയ തോതിൽ അപകടത്തിലാക്കുമെന്നാണ് ലോക ബാങ്ക് പഠനം ചൂണ്ടിക്കാട്ടുന്നത്. നിൽക്കക്കള്ളിയില്ലാത്ത സാഹചര്യത്തിൽ സാമ്പത്തിക മാന്ദ്യമുണ്ടെന്ന് മോദിക്ക് സമ്മതിക്കേണ്ട നിലയിലേക്ക് കാര്യങ്ങൾ പരിണമിച്ചിരിക്കുന്നു.

പുതിയ ലോക സാമ്പത്തിക സാഹചര്യം നിരവധി പ്രതിസന്ധികളിലേക്കാണ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ തള്ളിവിടുന്നത്. ഊർജ പ്രതിസന്ധിയും വിലക്കയറ്റവുമാണ് അതിൽ ഏറ്റവും ഗൗരവമേറിയതായി മാറുന്നത്. പാചക വാതകം, പെട്രോൾ, ഡീസൽ തുടങ്ങിയ ഊർജ ഉത്പന്നങ്ങളുടെ വില ഉയരുന്നത് പൊതുവിൽ ഉല്പാദന ചെലവുകൾ ഉയരുന്നതിനൊപ്പം വ്യക്തിഗത, സർക്കാർ ഉപഭോഗ ചെലവുകളെ തളർത്തുകയും ചെയ്യുന്നു. ഹോർമൂസ് കടലിടുക്കിലൂടെയുള്ള ചരക്കു നീക്കം തടസ്സപ്പെടുന്നത് ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിച്ചെലവിന്റെ പ്രധാന ഇനമായ കാർഗോ ചെലവുകൾ 40 മുതൽ 50 ശതമാനം വരെ ഉയർത്തിയിട്ടുണ്ട്. കയറ്റുമതി മേഖലയ്-ക്ക് വലിയ തിരിച്ചടിയാണ് ഇതുമൂലം ഉണ്ടായിരിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള ചരക്കുകളുടെ കയറ്റുമതിയിൽ നടപ്പു സാമ്പത്തികവർഷം പ്രതീക്ഷിക്കുന്നത് 13 ശതമാനത്തിന്റെ കുറവാണ്. പെട്രോളിയം ഉത്പന്നങ്ങളുടെ കയറ്റുമതി 40 ശതമാനം കുറഞ്ഞപ്പോൾ ബസ്-മതി അരി ഉൾപ്പെടെയുള്ള ഭക്ഷ്യ ഉത്പന്നങ്ങളുടെ രംഗം വലിയ തിരിച്ചടിയാണ് നേരിടുന്നത്. ഇന്ത്യയുടെ പ്രധാന കയറ്റുമതി വിപണിയായ ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയിൽ വൻ ഇടിവാണ് ഉണ്ടായിരിക്കുന്നത് . ഗുരുതരമായ പ്രത്യാഘാതം ഉളവാക്കുന്ന മറ്റൊരു മേഖല കാർഷിക രംഗമാണ്. വളത്തിന്റെ, പ്രത്യേകിച്ച് യൂറിയയുടെ ലഭ്യതയിൽ ഉണ്ടായിരിക്കുന്ന കുറവും വിലക്കയറ്റവുമാണ് കാർഷിക മേഖലയ്-ക്ക് പ്രതിസന്ധിയായി മാറിയിരിക്കുന്നത്. എൽ എൻ ജി, അമോണിയ, സൾഫർ, രാസവളങ്ങൾ തുടങ്ങിയ ഉത്പന്നങ്ങളുടെ ഇറക്കുമതി കാര്യമായി തന്നെ കുറഞ്ഞിട്ടുണ്ട്. ഈ ഉത്പന്നങ്ങളുടെ ഇറക്കുമതിവില ഉയർന്നതും വൻ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

വളർച്ച കുറയും
ക്രൂഡോയിൽ, രാസവസ്തുക്കൾ, വളം തുടങ്ങിയ ഉത്പന്നങ്ങളുടെ ഇറക്കുമതി ചെലവുകൾ കുതിച്ചുയരുന്നതാണ് ഇന്ത്യൻ സമ്പദ്ഘടനയുടെ താളംതെറ്റിക്കുന്നത്. ഇന്ത്യയുടെ എണ്ണ ഇറക്കുമതി ചെലവ് നടപ്പു സാമ്പത്തിക വർഷത്തിൽ ഏതാണ്ട് 6,000 കോടി ഡോളർ കണ്ട് വർധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ക്രൂഡോയിൽ വില 70 –75 ഡോളർ എന്ന നിലയിൽ തുടർന്നിരുന്നെങ്കിൽപോലും 12,300 കോടി ഡോളർ ഇറക്കുമതിക്ക് വേണ്ടിവരുമായിരുന്നു. എന്നാൽ നിലവിൽ വില 100 ഡോളറിൽ മുകളിലാകുമ്പോൾ ചെലവ് 18,000 കോടി ഡോളറിലേക്ക് കുതിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഡോളറിന്റെ വില അനുദിനം ഉയരുന്നു എന്നത് ഈ കണക്കുകൂട്ടലുകളെ വീണ്ടും തെറ്റിക്കുന്നു. നടപ്പു സാമ്പത്തിക വർഷം പിന്നിടുമ്പോൾ ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി ജിഡിപിയുടെ 2 ശതമാനത്തിനു മുകളിലേക്ക് ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്. അതീവഗുരുതരമായ ഒരു സാമ്പത്തിക സാഹചര്യത്തിലേക്കാണ് ഇറാനിലെ യുദ്ധം ഇന്ത്യൻ സമ്പദ്ഘടനയെ നയിക്കുന്നത് എന്നു ചുരുക്കം.

ഇന്ത്യൻ സമ്പദ്ഘടനയുടെ നടപ്പു സാമ്പത്തിക വർഷത്തെ വളർച്ചയുടെ കാര്യത്തിൽ ഐ എം എഫ് നിഗമനം 6.4 ശതമാനമാണ്. ഒ ഇ സി ഡി 6.1 ശതമാനവും മൂഡീസ് 6 ശതമാനവും വളർച്ചയാണ് പ്രതീക്ഷിക്കുന്നത് . ഇതുളവാക്കുന്ന വൻ പ്രത്യാഘാതം അതിശക്തമായ വിലക്കയറ്റമാണ് . റിസർവ് ബാങ്കിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, നടപ്പു സാമ്പത്തിക വർഷത്തിൽ കണക്കാക്കുന്ന പണപ്പെരുപ്പ നിരക്ക് 4.6 ശതമാനമാണ്. ഏപ്രിൽ -–ജൂൺ കാലയളവിൽ 4 ശതമാനവും ജൂലൈ –- സെപ്തംബർ ത്രൈമാസത്തിൽ 4.4 ശതമാനവും മൂന്നാം പാദത്തിൽ 5 .2 ശതമാനവും അവസാന ക്വാർട്ടറിൽ 4.7 ശതമാനവും പണപ്പെരുപ്പം കണക്കാക്കുന്നു. അതായത് വമ്പൻ വിലക്കയറ്റമാണ് ഇറാൻ –- അമേരിക്ക യുദ്ധം ഭാവിയിൽ ഇന്ത്യയിൽ സൃഷ്ടിക്കുക എന്നു ചുരുക്കം. ക്രൂഡോയിൽ വിലക്കയറ്റവും ഊർജ മേഖലയിലെ സമ്മർദവും ഇന്ത്യൻ രൂപ നേരിടുന്ന വലിയ പ്രതിസന്ധിയുമാണ് ഇതിനു കാരണം. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 1 .9 ശതമാനത്തിലേക്ക് താഴ്ന്ന പണപ്പെരുപ്പ നിരക്കിനാണ് യുദ്ധം ഈ നിലയിലേക്കുള്ള പരിവർത്തനമുണ്ടാക്കിയിരിക്കുന്നത്. മാർച്ച് മാസത്തെ കണക്കുകൾ പ്രകാരം ഭക്ഷ്യ പണപ്പെരുപ്പം 4 .2 ശതമാനം എന്ന നിലയിലാണ്.

ബ്രെന്റ് ക്രൂഡോയിലിന്റെ വില ഏപ്രിലിൽ സമീപകാലത്തെ ഏറ്റവും ഉയർന്ന നിലവാരമായ 138 ഡോളർ എന്ന നിലയിലേക്ക് ഉയർന്നു. പിന്നീട് വില, കുറഞ്ഞ തോതിലേക്ക് നീങ്ങിയെങ്കിലും ക്രൂഡോയിൽ വില ഈ വർഷം 90 – 115 ഡോളർ നിലവാരത്തിൽ തുടരുമെന്നാണ് രാജ്യാന്തര വിപണന ഏജൻസികൾ നൽകുന്ന സൂചന. കഴിഞ്ഞ വർഷം ഏപ്രിലിൽ ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ക്രൂഡോയിലിന്റെ ശരാശരി വില 70 ഡോളറായിരുന്നുവെങ്കിൽ ഈ ഏപ്രിലിൽ അത് 113 ഡോളറായി ഉയർന്നു. ഇതുമൂലം പെട്രോളിന്റെ കാര്യത്തിൽ ലിറ്ററിന് 24 രൂപയും ഡീസലിന് 18 രൂപയും നഷ്ടം സഹിച്ചാണ് വില്പന നടത്തുന്നത് എന്നാണ് കമ്പനികൾ പറയുന്നത് . ഈ സാഹചര്യത്തിൽ വില ഉയർത്തുന്നതിന് മൗനാനുവാദം നൽകി കയ്യൊഴിയുകയാണ് മോദി സർക്കാർ.

വില ഉയരുമ്പോൾ തീരുവ ഇനത്തിൽ ലഭിക്കുന്ന വരുമാനം ഗണ്യമായി വർധിക്കുമ്പോഴും നികുതിയിളവിന്റെ രൂപത്തിൽ നേരിയ ആശ്വാസം നല്കാൻപോലും ജനവിരുദ്ധ ഭരണകൂടം തയാറാകുന്നില്ല. ഏപ്രിൽ മാസത്തിൽ ജി എസ് ടി വരുമാനം സർവകാല റെക്കോർഡിലേക്ക് കുതിച്ചുയർന്നു. 2.43 ലക്ഷം കോടി രൂപയാണ് വരുമാനം. 2025 ഏപ്രിൽ മാസത്തെ അപേക്ഷിച്ച് 8.7 ശതമാനം വർധന. 2025 –-26 സാമ്പത്തിക വർഷത്തിൽ കേന്ദ്രത്തിന്റെ മൊത്തം നികുതി വരുമാനം 4 .86 ശതമാനം വർധിച്ച് 27 .15 ലക്ഷം കോടി രൂപയായിട്ടുണ്ട്. കോർപ്പറേറ്റ് ആദായ നികുതി 13 .47 ലക്ഷം കോടി രൂപയായും വ്യക്തിഗത ആദായ നികുതി വഴിയുള്ള വരുമാനം 13 .11 ലക്ഷം കോടി രൂപയായും ഉയർന്നിട്ടുണ്ട്. 2025–26 ലെ ബജറ്റ് പ്രതീക്ഷിച്ചിരുന്ന തോതിൽ തന്നെ നികുതി വരുമാനം ഉയർന്നിട്ടുണ്ട്. പ്രത്യക്ഷ നികുതി വരുമാനമാകട്ടെ, കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ലക്ഷ്യമിട്ടിരുന്നതിന്റെ 101 .2 ശതമാനം കൈവരിക്കാനും കഴിഞ്ഞിട്ടുണ്ട്. അതായത് മൊത്തം പ്രത്യക്ഷ നികുതി വരുമാനം 15 .71 ലക്ഷം കോടി രൂപയായി ഉയർന്നു. കേന്ദ്രത്തിന്റെ നികുതി വരുമാനത്തിൽ മികച്ച വർധനയാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഉണ്ടായത് . നികുതിയേതര വരുമാനമാകട്ടെ 9 .8 ശതമാനം വളർച്ചയോടെ 5 .83 ലക്ഷം കോടിയുമായി.

വിലക്കയറ്റത്തിന്റെ ഭാരം ജനങ്ങളുടെ തലയിൽ
ഇത്തരത്തിൽ വരുമാനത്തിൽ വലിയ നേട്ടം കൈവരിക്കുന്ന സാഹചര്യത്തിലാണ് ക്രൂഡോയിൽ വിപണിയിൽ പ്രതിസന്ധിയുണ്ടാകുന്നത്. എന്നാൽ പ്രതിസന്ധിയുടെ മൊത്തം ഭാരവും ജനങ്ങളുടെ തലയിൽ കെട്ടി വയ്ക്കുന്നതിനാണ് ഇന്ത്യൻ ഭരണകൂടം വ്യഗ്രത കാണിക്കുന്നത്. എണ്ണ കമ്പനികൾ വില വർധിപ്പിക്കുമ്പോൾ ജനങ്ങൾക്ക് സമാശ്വാസം നൽകുന്നതിനായി വലിയ ഛേദമില്ലാതെ തന്നെ നികുതിയിൽ ഇളവുവരുത്താൻ, നിലവിലെ നികുതി വരുമാനം കണക്കാക്കുമ്പോൾ കേന്ദ്ര സർക്കാരിന് കഴിയേണ്ടതാണ്. പെട്രോൾ, ഡീസൽ അടക്കമുള്ള ഊർജ ഉത്പന്നങ്ങളുടെ വില്പനവില ഉയർത്താതെ ജനങ്ങൾക്ക് ഇതുവഴി ആശ്വാസം നൽകാൻ കഴിയും. എന്നാൽ കേന്ദ്ര സർക്കാർ അതിനു തയാറാകുന്നില്ല. പെട്രോൾ , ഡീസൽ വില ഉയർത്തുന്നതോടെ അനിയന്ത്രിതമായ വിലക്കയറ്റമാണ് ഇന്ത്യൻ വിപണിയിൽ സംഭവിക്കുക. ലോകം ഗുരുതരമായ സാമ്പത്തിക മാന്ദ്യത്തിലേക്കും തകർച്ചയിലേക്കും കടക്കുമ്പോൾ ഇന്ത്യയിൽ അത് പരിവർത്തനം ചെയ്യപ്പെടാൻ പോകുന്നത് വരുമാന ശോഷണമായും വിലക്കയറ്റമായും തൊഴിൽ നഷ്ടമായുമൊക്കെയാണ്.

സ്വർണ വിലക്കയറ്റം: വെല്ലുവിളി
സ്വർണവിലയിൽ ഉണ്ടായിരിക്കുന്ന അഭൂതപൂർവമായ മുന്നേറ്റമാണ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്-ക്കു മേൽ ഉയരുന്ന മറ്റൊരു പ്രധാന വെല്ലുവിളി. കാരണം, ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. എന്നാൽ ഈ പ്രശ്നത്തെ ഒട്ടും ശാസ്ത്രീയമായ രീതിയിലല്ല സർക്കാർ കൈകാര്യം ചെയ്യുന്നത്. വിദേശ വ്യാപാരത്തിൽ വലിയ പ്രതിസന്ധി ഉണ്ടാക്കുന്ന പ്രധാന ഘടകം വലിയ തോതിലുള്ള സ്വർണ ഇറക്കുമതിയും അനിയന്ത്രിതമായ കള്ളക്കടത്തുമാണ്. എന്നാൽ, ഇറക്കുമതി നിയന്ത്രിക്കുന്നതിനായി സ്വർണത്തിന്റെ തീരുവ ഉയർത്തുകയാണ് കേന്ദ്ര സർക്കാർ ചെയ്തിരിക്കുന്നത്. വർഷം തോറും 700 മുതൽ 750 ടൺ വരെയാണ് ഇറക്കുമതിയായി സ്വർണം ഇന്ത്യയിലെത്തുന്നത്. ഇതിന്റെ നിരവധി ഇരട്ടി കള്ളക്കടത്തായും എത്തുന്നു. കാർഷിക വികസന സെസ് അടക്കം നിലവിൽ 15 ശതമാനമാണ് ഇറക്കുമതി തീരുവ. ഇത്തരത്തിൽ തീരുവ ഉയർത്തിയ നടപടി കള്ളക്കടത്ത് ഗണ്യമായി ഉയരുവാൻ കാരണമാകും . അത് സമാന്തര സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുകയും വലിയ തോതിലുള്ള പ്രതിസന്ധി സമ്പദ്ഘടനയിൽ ഉളവാക്കുകയും ചെയ്യും. ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന് ആഭരണ കയറ്റുമതി രംഗത്തുള്ളവർ ഉൾപ്പെടെ ശക്തമായി ആവശ്യപ്പെടുമ്പോഴാണ് ഇത്തരത്തിൽ തീരുവ ഉയർത്തി കള്ളക്കടത്തിന് ഏറെ സഹായകരമായ നീക്കം സർക്കാർ നടത്തിയിരിക്കുന്നത്.

സ്വർണം വാങ്ങുന്നത് പരമാവധി കുറയ്ക്കണം എന്നതാണ് മോദി സർക്കാർ നൽകുന്ന സാരോപദേശം. സ്വർണമാണ് ഇന്ത്യയിലെ ബഹുഭൂരിപക്ഷം സാധാരണക്കാരുടെയും നിക്ഷേപം എന്നിരിക്കെ ഇത്തരം ഗിരിപ്രഭാഷണങ്ങൾക്ക് ഇന്ത്യയിൽ പ്രസക്തിയില്ല. പകരം ഇന്ത്യയിലെ സാധാരണക്കാരുടെ കൈവശമുള്ള സ്വർണ നിക്ഷേപത്തെ എങ്ങനെ സക്രിയമായി ഉപയോഗിക്കാം എന്ന ആലോചന സർക്കാരിനില്ല . അനൗദ്യോഗിക കണക്കുകൾ പ്രകാരം ഇന്ത്യയിൽ സാധാരണക്കാരുടെ കയ്യിൽ 30,000 മുതൽ 35,000 ടൺ വരെ സ്വർണമുണ്ട്. വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കുകൾ പറയുന്നത് ലോകത്ത് ഏതാണ്ട് 2,20,000 ടൺ സ്വർണമുണ്ടെന്നാണ്. അതായത് ആഗോള സ്വർണ ശേഖരത്തിന്റെ 18 ശതമാനവും ഇന്ത്യയിലാണ്. എന്നാൽ ഇത്രയും വലിയ സമ്പത്ത് ഫലപ്രദമായി പ്രയോജനപ്പെടുത്താൻ നാളിതുവരെ ഭരിച്ച ഒരു ഗവണ്മെന്റിനും കഴിയാതെ പോയി. ആകർഷകമായ സ്വർണ നിക്ഷേപ മാർഗങ്ങളിലൂടെ ഇത് സർക്കാർ ശേഖരത്തിലേക്ക് കൊണ്ടുവരാൻ കഴിയും. പക്ഷേ അനാകർഷകവും സുതാര്യമല്ലാത്തതുമായ ഏതാനും സ്വർണ നിക്ഷേപ പദ്ധതികൾ മാത്രമാണ് സർക്കാരുകൾ ആവിഷ്കരിച്ച് നടപ്പാക്കിയത്. അവ പരാജയമായി മാറുകയും ചെയ്തു. ഇത്തരത്തിൽ സ്വർണ ശേഖരത്തിന്റെ ചെറിയ പങ്ക് സാമ്പത്തിക മേഖലയിലേക്ക് തിരിച്ചുകൊണ്ടുവരാൻ കഴിഞ്ഞാൽ ഇറക്കുമതി വലിയൊരളവോളം കുറയ്ക്കാൻ കഴിയുന്നതാണ്. അത് വ്യാപാര കമ്മി കുറയ്ക്കുന്നതിന് ഏറെ ഫലപ്രദമാവുകയും ചെയ്യും. ക്രൂഡോയിൽ കഴിഞ്ഞാൽ മൊത്തം ഇറക്കുമതിയിൽ രണ്ടാം സ്ഥാനത്ത് സ്വർണം അടക്കമുള്ള മൂല്യമേറിയ ലോഹങ്ങളാണ്. മൊത്തം ഇറക്കുമതി ചെലവിന്റെ 12 മുതൽ 14 ശതമാനം വരെ സ്വർണത്തിന്റെ പട്ടികയിലാണ്. അതുകൊണ്ട് ആഭ്യന്തര സ്വർണ ശേഖരത്തെ വിപണിയിലേക്കെത്തിക്കാൻ കഴിഞ്ഞാൽ വിദേശ വ്യാപാരത്തിൽ ഇന്നു നേരിടുന്ന കമ്മി വലിയ തോതിൽ കുറയ്ക്കാൻ കഴിയുന്നതാണ്. ദൗർഭാഗ്യവശാൽ കേന്ദ്ര സർക്കാർ ഇതിനായി ആത്മാർത്ഥമായ ഒരു ശ്രമവും നടത്തുന്നില്ലെന്നു മാത്രമല്ല , കള്ളക്കടത്തിനെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്ന സമീപനം കൈക്കൊള്ളുകയുമാണ്.

രൂപയുടെ തകർച്ച
പരിധിയില്ലാത്ത തകർച്ചയാണ് ഈ വർഷം രൂപ നേരിടുന്നത്. ഒരു ഡോളറിന്റെ മൂല്യം 96 രൂപയ്ക്ക് മുകളിലാണ്. ഈ വർഷം തന്നെ അത് 100 പിന്നിടുന്നതിനുള്ള എല്ലാ സാധ്യതകളുമുണ്ട്. ഏഷ്യയിൽ ഏറ്റവും ബലഹീനമായ കറൻസി എന്ന ഖ്യാതിയും രൂപയ്ക്കാണ്. രൂപയുടെ തകർച്ച ഇറക്കുമതി കൂടുതൽ ചെലവേറിയതാക്കുന്നതിനൊപ്പം വ്യാപാര കമ്മി ഭീമമായി വർധിപ്പിക്കുന്നതിന് കാരണമാവുകയും ചെയ്യുന്നു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ സമീപകാലത്തെ ദുരവസ്ഥയാണ് രൂപ പ്രതിഫലിപ്പിക്കുന്നത് എന്നോർക്കണം. ഈ വർഷം ഇതുവരെ രൂപയുടെ മൂല്യത്തിൽ 7 ശതമാനം നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യൻ സമ്പദ്ഘടന നേരിടുന്ന പ്രതിസന്ധിയുടെ ഫലമായി വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയെ കയ്യൊഴിയുകയാണ്. ഏകദേശം 2,300 കോടി ഡോളറിന്റെ ഓഹരികളിലും ബോണ്ടുകളിലുമുള്ള നിക്ഷേപമാണ് വിദേശ നിക്ഷേപകർ ഈ വർഷം ഇതുവരെ വിറ്റൊഴിഞ്ഞത്. പൂർണമായി തകർന്ന ഒരു സമ്പദ്‌വ്യവസ്ഥയുടെ നേർചിത്രമാണ് ഇന്ത്യ കാഴ്ചവയ്ക്കുന്നത് . ഡോളർ അല്ലാതെയുള്ള മറ്റകറൻസികളിൽ ക്രൂഡോയിൽ നല്കാൻ തയാറാകുന്ന റഷ്യയെ പോലുള്ള രാജ്യങ്ങളെ ഇന്ത്യ ഒഴിവാക്കുകയാണ്. ഇന്ത്യ ഒരു സ്വതന്ത്ര പരമാധികാര റിപ്പബ്ലിക് തന്നെയാണോ എന്ന് സംശയം ജനിപ്പിക്കുന്ന നടപടികളാണ് മോദി സർക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടാകുന്നത്. അമേരിക്കയുടെ സാമന്ത രാജ്യം എന്ന പദവിയാണ് ഇപ്പോൾ ഇന്ത്യക്ക് കൂടുതൽ അനുയോജ്യമാകുന്നത്.

ലോകത്ത് സംഭവിച്ചിരിക്കുന്ന മൂന്നു സുപ്രധാന മാറ്റങ്ങൾ ഇന്ത്യൻ സമ്പദ്ഘടനയുടെ നട്ടെല്ലൊടിക്കുന്നതാണ്. ക്രൂഡോയിൽ വിലക്കയറ്റം, സ്വർണത്തിന്റെ മൂല്യവർധന, രൂപയുടെ തകർച്ച എന്നിവയാണ് അവ. ഈ മൂന്നു ഘടകങ്ങളും ഇന്ത്യൻ സമ്പദ് ഘടനയ്-ക്കുമേൽ ഉയർത്തുന്ന സമ്മർദ്ദങ്ങൾ ഒട്ടും ചെറുതല്ല. ഇന്ത്യയുടെ സഞ്ചിത വ്യാപാര നഷ്ടം നിലവിൽ 33,300 കോടി ഡോളറാണ്. നിലവിലെ സ്ഥിതിയിൽ ഓരോ മാസവും ഇത് ശരാശരി 2800 കോടി ഡോളർ വീതം ഉയർന്നുകൊണ്ടിരിക്കുന്നു. ഈ പ്രതിസന്ധി സാധാരണക്കാരനുമേൽ പതിക്കുന്നത് വിലക്കയറ്റം, വരുമാന ശോഷണം, തൊഴിൽനഷ്ടം എന്നീ രീതികളിലാണ്. അതുകൊണ്ട് ഇന്ത്യയിലെ സാധാരണക്കാർ പാവപ്പെട്ടവരാകുകയും പാവപ്പെട്ടവർ അതിദാരിദ്ര്യത്തിലേക്കു നീങ്ങുകയും ചെയ്യുന്ന കാഴ്ചയാണ് കാണുന്നത്. സമ്പദ്ഘടനയുടെ തകർച്ചയ്-ക്കുമുന്നിൽ ഒരെത്തുംപിടിയുമില്ലാതെ നിൽക്കുകയാണ് മോദിയും കൂട്ടാളികളും. അതുകൊണ്ട് സാമ്പത്തിക പ്രതിസന്ധിയുടെ ഭാരം പൂർണമായും ജനങ്ങളുടെ തലയിൽ കെട്ടിവച്ച് കയ്യൊഴിയുകയാണ് മോദി ഭരണകൂടം. ഊർജ ഉത്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുക, സ്വർണം വാങ്ങുന്നത് മാറ്റിവയ്ക്കുക തുടങ്ങിയ അപ്രായോഗിക നിർദേശങ്ങളുമായി സർക്കാർ ഒഴിഞ്ഞുമാറുന്നു. ഇറാൻ യുദ്ധംമൂലം ലോകത്ത് എല്ലാ രാജ്യങ്ങളിലെയും സാധാരണ ജനങ്ങൾ അസാധാരണമായ കെടുതികൾ അനുഭവിക്കേണ്ടി വരുന്നുണ്ടെങ്കിലും സെമി ലോക്ക്-ഡൗൺ അവസ്ഥ ഭരണകൂടം തന്നെ നിർദ്ദേശിച്ചിരിക്കുന്ന ഏകരാജ്യം എന്ന ദുഷ്‌പേര് ഇന്ത്യക്ക് മാത്രമാണ്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

17 − four =

Most Popular