ഗാസയിലെ മനുഷ്യർ ഇന്ന് ഒന്നും നഷ്ടപ്പെടാനില്ലാത്തവരായാണ് ഈ ഭൂമുഖത്ത് ജീവിക്കുന്നത്. അവരുടെ കൺമുന്നിലെപ്പോഴും മരണമാണ്; അവരുടെ സ്വപ്നങ്ങളിൽമരണമല്ലാതെ മറ്റൊന്നുമില്ല. അവരുടെ കാതുകളിൽ മുഴങ്ങുന്നത് വെടിയൊച്ചകളും ബോംബ് സ്ഫോടനങ്ങളും മാത്രമാണ് !
ഒരു തുറന്ന ജയിലായിട്ടാണ് ദശകങ്ങളായി ഗാസ വിശേഷിപ്പിക്കപ്പെടുന്നത്. ഗാസ സിറ്റി ഇന്ന് ഒരു നഗരമല്ല, ഭൂമിയിലെ നരകമാണ്. ആ നഗരം സ്വമേധയാ നരകമായതല്ല, അത് നരകമാക്കപ്പെട്ടതാണ്. സഹസ്രാബ്ദങ്ങളായി അവിടെ അധിവസിക്കുന്ന മനുഷ്യരല്ല, സാമ്രാജ്യത്വമാണ് അത് നരകമാക്കിയത്. ഇസ്രയേലിൽ സാമ്രാജ്യത്വത്തിന്റെ പിണിയാളായി ആധിപത്യം ഉറപ്പിച്ചിട്ടുള്ള സിയോണിസ്റ്റുകളാണ്, വർഗീയവാദികളും വംശീയവാദികളുമായ സിയോണിസ്റ്റ് ഭരണാധികാരികളാണ് മഹാസംസ്കാരമുറങ്ങുന്ന ഈ നാടിനെ, മഹാനരകമാക്കി മാറ്റിയത്.
പിറന്നുവീണ മണ്ണും ആദ്യം കാണുന്ന ആകാശവും അന്യമായി കഴിഞ്ഞ ഒരു സമൂഹമാണ് പലസ്തീനിലെ ജനത. ഭക്ഷണമില്ലാതെ, പാർപ്പിടമില്ലാതെ, കുടിവെള്ളം പോലുമില്ലാതെ, മരുന്നും ചികിത്സയുമില്ലാതെ മരണഭീതിയിൽ വിറങ്ങലിച്ചു കഴിയുന്ന ജനത; ഏതു നിമിഷവും തങ്ങൾ ആട്ടിയോടിക്കപ്പെടുമെന്ന ഭീതിയിൽ മുകളിലാകാശവും താഴെ ഭൂമിയുമായി ജീവിതം തള്ളിനീക്കുന്ന ഒരുകൂട്ടം മനുഷ്യർ.
അവർക്ക് ചികിത്സ നൽകാൻ, അവരെ മരണത്തിൽനിന്ന് ജീവിതത്തിലേക്ക് കെെപിടിച്ചുയർത്താൻ മനുഷ്യസ്നേഹികളായ ഒരു സംഘം ഡോക്ടർമാരടങ്ങുന്ന, ഐക്യരാഷ്ട്രസഭയുടെ പ്രൊജക്ടിന്റെ ഭാഗമായാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ. സന്തോഷ് കുമാർ എസ് എസ് ഗാസയിലേക്ക് പോയത്. യുദ്ധം, വംശീയ കലാപങ്ങൾ, പ്രകൃതി ദുരന്തങ്ങൾ, മഹാമാരികൾ എന്നിവ ദുരിതം വിതയ്ക്കുന്ന പ്രദേശങ്ങളിലെല്ലാം സ്വന്തം ജീവൻപോലും പണയംവച്ചാണ് ഡോ. സന്തോഷ് പോകുന്നത്; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഉന്നത ഔദേ-്യാഗിക പദവികളും അത് നൽകുന്ന സൗകര്യങ്ങളുമെല്ലാം മാറ്റിവച്ചാണ് ഡോ. സന്തോഷ് ഗാസയിലെ നരകയാതന അനുഭവിക്കുന്ന മനുഷ്യരെ പരിചരിക്കാനായി പോയത്. അവർക്കൊപ്പംനിന്ന് ആ യാതനകളുടെ പങ്കുപറ്റുന്ന ഡോ. സന്തോഷും സഹപ്രവർത്തകരും അവിടെ കണ്ടത് ആരുടെയും കരളലിയിക്കുന്ന കാഴ്ചകളാണ്. അദ്ദേഹത്തിന്റെ ക്യാമറ അവിടുത്തെ ദൃശ്യങ്ങൾ കൃത്യതയോടെയും വ്യക്തതയോടെയും ഒപ്പിയെടുത്തിട്ടുണ്ട്. അത് പ്രദർശിപ്പിക്കുമ്പോൾ ആ ജനതയെ ഇത്തരം കൊടുംദുരിതത്തിലെത്തിക്കുന്ന ഭരണസംവിധാനത്തിനെതിരെ മനുഷ്യരിലാകെ രോഷം പതഞ്ഞുയരും. ആ ചിത്രങ്ങളും ഒപ്പം കരളലിയിക്കുന്ന, കണ്ണുനനയിക്കുന്ന ദൃശ്യങ്ങളുടെ അദ്ദേഹത്തിന്റെതന്നെ ഭാഷാവിഷ്-ക്കാരവും ചേർത്ത് ചിന്ത പബ്ലിഷേഴ്സ് തയ്യാറാക്കിയതാണ് അവസാനത്തെ ആകാശം എന്ന കൃതി. വില: 200 രൂപയാണ്.
ഗാസയെക്കുറിച്ച്, ഈ ചിത്രങ്ങളെക്കുറിച്ച് അരുന്ധതി റോയിയുടെ രോഷജനകമായ വാക്കുകൾ ഉദ്ധരിച്ച് ഈ കുറിപ്പ് അവസാനിപ്പിക്കാം: “”It’s not just about death, It’s not just about bombing, but exactly what happens to a population, to its history, to its memory. I really am so moved to see it, and I wish more people to see it.” ഇത് നമ്മളോരോരുത്തരും വായിച്ചിരിക്കേണ്ട, കെെവശം സൂക്ഷിക്കേണ്ട ഒരു കൃതിയാണ്. വെറുമൊരു പുസ്തകമല്ല, സാമ്രാജ്യത്വത്തിനും സിയോണിസത്തിനുമെതിരായ ശക്തമായ ഒരു സമരായുധം തന്നെയാണിത്. l



