2023 നവംബര്‍ മുതല്‍ 2026 ഏപ്രില്‍ വരെ നാലുതവണയാണ് ഞാന്‍ ഗാസയില്‍ സേവനമനുഷ്ഠിച്ചത്. ഉക്രെയ്നില്‍ കൊടുമ്പിരികൊണ്ടുനിന്ന യുദ്ധകാലത്തുനിന്ന് അധികം ഇടവേളയെടുക്കാതെയായിരുന്നു ഗാസയിലേക്കുള്ള ആദ്യയാത്ര. ഗാസയെ ഇസ്രയേല്‍ രണ്ടരവര്‍ഷക്കാലംകൊണ്ട് എത്രമാത്രം തകര്‍ത്തുകളഞ്ഞുവെന്ന് നേരിട്ടറിയാന്‍ സാധിച്ചു. ഒരുതരത്തില്‍ പറഞ്ഞാല്‍, ഗാസയുടെ തകര്‍ച്ചയുടെ ഓരോ ഘട്ടവും അടുത്തുനിന്ന് കണ്ടനുഭവിക്കാനുള്ള ‘നിര്‍ഭാഗ്യം’ കൂടിയാണ്, യുദ്ധം കൊടുമ്പിരികൊണ്ട ഗാസയിൽ നാലുതവണയായി സേവനമനുഷ്ഠിച്ച 250 ദിവസംകൊണ്ട് എനിക്കുണ്ടായത്.
ഗാസ എന്നത് 100-110 കിലോമീറ്റര്‍ നീളവും 20-30 കിലോമീറ്റര്‍ മാത്രം വീതിയുള്ള ഒരു സ്ഥലമാണ്. വെസ്റ്റ് ബാങ്കും ഗാസയും ചേര്‍ന്നതാണ് പലസ്തീന്‍ എന്ന രാജ്യം. ഇസ്രയേലിന്റെ ഭൂമി വെസ്റ്റ് ബാങ്കിനേയും ഗാസയേയും വേര്‍തിരിക്കുന്നു. ഗാസ എപ്പോഴും തിളച്ചുമറിയുന്ന, ഏതുകാലത്തും മനുഷ്യക്കുരുതി നടക്കുന്ന, പലായനങ്ങള്‍ നടക്കുന്ന ഒരു സ്ഥലമാണെന്ന് ചരിത്രം പറയുന്നു. രാജ്യത്തിനകത്തുതന്നെ നിരന്തരമായ സ്ഥാനമാറ്റങ്ങളും വെടിവയ്പുകളുമൊക്കെയുള്ള സങ്കീര്‍ണമായ ചരിത്രപശ്ചാത്തലമാണ് ഗാസയുടേത്. ആ ഗാസ ഇപ്പോള്‍ ഒരു കോണ്‍സന്‍ട്രേഷന്‍ ക്യാമ്പാണ്. മാരകമായ വംശഹത്യ നടക്കുന്ന, വളരെ പ്രത്യേകതകളുള്ള ഒരു കോണ്‍സന്‍ട്രേഷന്‍ ക്യാമ്പ്!
പകുതിഭാഗം ഈജിപ്റ്റിലും മറുപകുതി ഗാസയിലുമായിക്കിടക്കുന്ന വലിയൊരു നഗരമായിരുന്നു റഫ. ആദ്യം ഞാന്‍ ചെല്ലുമ്പോള്‍ ഗാസയിലെ റഫയായിരുന്നു യുദ്ധക്കെടുതികളുടെ മുനമ്പ്. ഈ രണ്ടു ഭാഗങ്ങളുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. ആളുകൾക്ക് ഗാസയിൽനിന്ന് ഈജിപ്റ്റിലേക്കോ തിരികെയോ സഞ്ചരിക്കാനാകുമായിരുന്നില്ല. ഗാസയിൽ എന്തു നടക്കണമെന്ന് തീരുമാനിക്കപ്പെടുന്നത് ജറുസലേമിലാണ്. അതിൽ ഈജിപ്റ്റിനോ ഗാസയ്‌ക്കോ ഒന്നും യാതൊരു അധികാരവുമില്ല. ഈജിപ്റ്റിലെ റഫയിൽനിന്ന് കുറച്ചു പടിഞ്ഞാറു മാറിയുള്ള ഇസ്രയേലിന്റെ ചെക്പോയിന്റിലൂടെ മാത്രമേ ഗാസയിലെ റഫയിലേക്ക് അന്ന് പ്രവേശനമുണ്ടായിരുന്നുള്ളൂ. ഭക്ഷണവും മരുന്നും ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങളുമായി പോകുന്ന ട്രക്കുകള്‍വരെ ഈ ചെക്പോയിന്റുകളില്‍ തടയപ്പെടുകയും യാത്ര ഉപേക്ഷിക്കാൻ നിർബന്ധിതമാകുകയും ചെയ്യുകയായിരുന്നു.
വടക്കന്‍ ഗാസയെ പൂര്‍ണമായും ഇസ്രയേല്‍ ഇല്ലാതാക്കിക്കഴിഞ്ഞിരുന്നു. ഇസ്രയേലിന്റെ ആക്രമണം ആരംഭിച്ച 2023 ഒക്ടോബർ ഏഴിനുശേഷം വലിയതോതിലുള്ള പലായനമാണ് വടക്കൻ ഗാസയിൽനിന്ന് മധ്യഗാസയിലേക്കുണ്ടായത്. മധ്യഗാസയിലാണ് ഖാൻ യൂനിസും ഡെയര്‍ അല്‍ബലായും മറ്റും സ്ഥിതി ചെയ്യുന്നത്. താല്‍ക്കാലിക വെടിനിർത്തൽ അവസാനിച്ചശേഷം ഏറ്റവുമധികം ബോംബിങ് നടന്നത് മധ്യഗാസയിലാണ്. ഖാൻ യൂനിസും ഡെയര്‍ അല്‍ബലായും ഉൾപ്പെടെ, ആക്രമണത്തിന്റെ മുൾമുനയിൽ നിൽക്കുന്ന നഗരങ്ങളുടെയെല്ലാം തെക്കൻ ഗാസയുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടുകഴിഞ്ഞിരുന്നു. മധ്യഗാസയിലുള്ള എല്ലാവരും തെക്കൻ ഗാസയിലേക്ക് പോകാനാണ് ഇസ്രയേലി ആർമി ആവശ്യപ്പെട്ടത്. അങ്ങനെ വടക്കൻ ഗാസയിൽനിന്ന് മധ്യഗാസയിലെത്തിയവരും മധ്യഗാസയിൽ ഉണ്ടായിരുന്നവരും ഉൾപ്പെടെ മുഴുവനാളുകളും തെക്കൻ ഗാസയിലേക്ക് നീങ്ങി. ഇങ്ങനെയെത്തുന്ന ലക്ഷക്കണക്കിനാളുകളെ ഉൾക്കൊള്ളാനുള്ള ശേഷി തെക്കൻ ഗാസയില്‍ ഉണ്ടായിരുന്നില്ല. അവർക്ക് അഭയംതേടി പുറത്തേക്കുപോകാനും സാധിക്കുന്നുണ്ടായിരുന്നില്ല. യുദ്ധമുണ്ടാകുമ്പോൾ കുട്ടികൾക്കും സ്ത്രീകൾക്കും വൃദ്ധർക്കും സുരക്ഷിതരായിരിക്കാനുള്ള അഭയകേന്ദ്രമെങ്കിലും നൽകാൻ സമീപരാജ്യങ്ങൾക്ക് കഴിയും. യുദ്ധം കഴിയുമ്പോൾ അവർക്ക് മാതൃരാജ്യത്തേക്ക് തിരികെ പോകുകയും ചെയ്യാം. ഗാസയില്‍ പക്ഷേ, അതുപോലും നടക്കുന്നില്ല. ഒരു വശത്ത് ബോംബിങ്ങിലൂടെ ആക്രമിക്കപ്പെടുമ്പോൾ മറുവശത്ത് അഭയം നിഷേധിക്കപ്പെടുന്നു. മനുഷ്യകാരുണ്യ പ്രവർത്തനങ്ങളും സഹായങ്ങളും ആ ജനതയിലേക്കെത്താതിരിക്കാന്‍ ഇസ്രയേൽ കവചംതീർക്കുന്നു. ബോംബിങ്ങിനുമപ്പുറത്ത് രോഗവും പട്ടിണിയും പരിക്കുംമൂലം ഒരു ജനത തുടച്ചുമാറ്റപ്പെടുന്ന സ്ഥിതി. വലിയതോതിലുള്ള സഹായത്തിനായി വിലപിക്കുന്ന ജനത ഒരുവശത്ത് കേണുവിളിക്കുമ്പോൾ ഇപ്പുറത്ത് സാധനസാമഗ്രികളും മരുന്നും വെള്ളവും ഭക്ഷണവുമൊക്കെ കെട്ടിക്കിടക്കുന്നു; മനുഷ്യകാരുണ്യ പ്രവർത്തകർ വഴിമുട്ടി നിൽക്കുന്നു.
കിടക്കാൻ സ്ഥലമില്ലാതെ വഴിയരികില്‍ അഭയംതേടിയവരുടെ നീണ്ടനിരയായിരുന്നു റഫയില്‍. കുട്ടികളുടെ വിശന്നുള്ള കരച്ചിലിൽ മാതാപിതാക്കൾ ഭ്രാന്തരെപ്പോലെ പായുന്നു. ആശുപത്രികളിൽ ഒരു ബെഡ്ഡിൽ നാലോളം പേർ. ആവശ്യത്തിന് വസ്ത്രമില്ല. വീടുകളിലാണ് പലരും പ്രസവിക്കുന്നത്. അമ്മമാരും കുട്ടികളും മരിക്കുന്നത് കൂടുന്നു. അതിന്റെ കണക്കുകളൊന്നും ലഭ്യമായിരുന്നില്ല. 200 ലിറ്റർ ഇന്ധനത്തിന് 400 ഡോളറായിരുന്നു വില. ഏകദേശം 32,000 രൂപ. സോളാർ പാനലുകൾ ലഭ്യമായിരുന്നില്ല. സ്റ്റെറിലൈസേഷനൊക്കെ അതുകൊണ്ട് ബുദ്ധിമുട്ടിലായിരിക്കുന്നു. കിട്ടുന്ന വിറകൊക്കെ വച്ചാണ് വെള്ളം ചൂടാക്കുന്നത്. ക്ലീൻ ചെയ്യാനുള്ള ക്ലോറിൻ ടാബ്-ലറ്റുകളില്ല. ശുചിത്വ സാമഗ്രികളും സഹായ ഉപകരണങ്ങളും മറ്റ് ആവശ്യങ്ങളും ലഭിക്കാതെ, വൈകല്യങ്ങളും പരിക്കുകളും രോഗങ്ങളുമുള്ള, കുട്ടികൾ ഉൾപ്പെടെ, പതിനായിരക്കണക്കിന് കുടിയൊഴിപ്പിക്കപ്പെട്ട ആളുകൾ നിശ്ശബ്ദരായി കഷ്ടപ്പെടുന്നു.
ഞാന്‍ ആദ്യം ഗാസയിലെത്തുമ്പോള്‍, അതിർത്തി കഴിയുന്നതോടെ കണ്ണുകള്‍ക്കുമുന്നില്‍ തെളിഞ്ഞത് പ്ലാസ്റ്റിക് ഷീറ്റുകൾകൊണ്ടുള്ള നിരനിരയായ കൂടാരങ്ങളാണ്. പതിനായിരക്കണക്കിനുവരുന്ന ആ കൂടാരങ്ങള്‍ക്കു നടുവിലായിരുന്നു ഞങ്ങള്‍ സേവനമനുഷ്ഠിക്കുന്ന ആശുപത്രി. പ്ലാസ്റ്റിക് ടെന്റുകള്‍ക്കിടയിലൂടെ രൂക്ഷഗന്ധത്തേയും വൃത്തിഹീനമായ വഴികളേയും അവഗണിച്ച് അവിടേക്കുപോകുമ്പോള്‍ കണ്ടത്, ധരിച്ചിരിക്കുന്ന പര്‍ദ്ദകൊണ്ട് മുഖം മുഴുവനും മൂടി വഴിയരികില്‍ കുന്തിച്ചിരുന്നും അല്ലാതെയും വയറിളക്കത്തെ തുറന്നുവിടുന്നവരെയാണ്. സ്വകാര്യതയ്ക്കായി അവര്‍ സ്വയം മുഖം മറയ്ക്കുന്നു.
വൃത്തിഹീനമായ അന്തരീക്ഷത്തില്‍ മണിക്കൂറുകളോളം വരിനിന്നാലാണ് അല്‍പം വെള്ളം കിട്ടുക. കിട്ടിയാലുടന്‍ ദാഹവും ആർത്തിയുംമൂലം വരുംവരായ്കകള്‍ ചിന്തിക്കാതെ അവരത് കുടിക്കും. ആ വെള്ളം അവരെ കൊണ്ടുചെന്നെത്തിക്കുന്നത് അന്തസ്സില്ലാത്ത ജീവിതത്തിലേക്കാണ്. വയറിളക്കം വന്നാല്‍ വിസര്‍ജ്ജിക്കാനൊരു ഇടമില്ല. ഒരു കക്കൂസ് ഒരു ദിവസം ആയിരത്തഞ്ഞൂറും രണ്ടായിരവും പേർക്ക് ഉപയോഗിക്കേണ്ട സ്ഥിതി. അൻപതും നൂറുംപേർ വരിനിൽക്കുന്നിടത്തേക്ക് അത്യാവശ്യക്കാർക്ക് നോക്കാൻപോലും പറ്റില്ല. അവസാനം അവർ എവിടെ നിൽക്കുന്നോ അവിടെ കാര്യം സാധിക്കും. അവിടെ അവരുടെ അന്തസ്സോടെയുള്ള ജീവിതം അവസാനിക്കുകയാണ്. ആരോഗ്യ സംവിധാനമാകെ തകർച്ചയിലേക്ക് നീങ്ങിക്കഴിഞ്ഞിരുന്നു. ആശുപത്രികളുടെ തറയിൽ ചികിത്സയിലുള്ള ആളുകളോ ഒരു കിടക്കയിൽ രണ്ടോ മൂന്നോ രോഗികളോ ഉള്ളതിനാൽ ശേഷിക്കുന്ന ആരോഗ്യ സൗകര്യങ്ങൾക്ക് പ്രവർത്തിക്കാൻ കഴിയുന്നില്ല. അനസ്‌തീഷ്യയോ വേദനസംഹാരികളോ ഇല്ലാതെ രോഗികളെ ഇരുട്ടിന്റെ മറവിൽ ശസ്ത്രക്രിയ നടത്തുകയാണ് ആരോഗ്യ പ്രവർത്തകർ. ലോകംകണ്ട ഏറ്റവും വലിയ വംശഹത്യയിലേക്ക്, കൂട്ടക്കുരുതിയിലേക്ക് പലസ്തീന്‍ ജനത അനുദിനം തള്ളിവിടപ്പെട്ടുകൊണ്ടിരിക്കുന്ന കാഴ്ചയുടെ തുടക്കമായിരുന്നു എനിക്കത്.
ചില സംഘടനകൾ നൽകുന്ന ഒരു നേരത്തെ ഭക്ഷണമാണ് ആളുകൾക്ക് ലഭിക്കുന്നത്. വലിയ ചരുവങ്ങളിൽ ഭക്ഷണം നിറച്ചുവയ്ക്കും. അതു കിട്ടാനായി കിലോമീറ്ററുകളോളം വരിനില്‍ക്കേണ്ടി വരും. അതില്‍ കുട്ടികളും മുതിര്‍ന്നവരുമുണ്ടാകും. ചരുവങ്ങളിലെ ഭക്ഷണം തീരാറായിയെന്നു തോന്നുമ്പോള്‍ പതിയെ അസ്വസ്ഥതകള്‍ പടരാന്‍ തുടങ്ങും. മണിക്കൂറുകള്‍ വരിനിന്ന് കിട്ടുമെന്നു വിചാരിച്ച് അടുത്തെത്തുമ്പോൾ കാണുന്നത് കാലിയായ പാത്രമാകും. പ്രതീക്ഷിച്ച ഭക്ഷണം കിട്ടാതെവരുമ്പോള്‍ നിരാശയും വിശപ്പും കൂടിക്കലര്‍ന്ന് കുട്ടികളുള്‍പ്പെടെ ഉറക്കെ നിലവിളിക്കും. അതുകേള്‍ക്കുമ്പോള്‍ ഭൂമിപിളര്‍ന്ന് താഴേക്കു പോയിരുന്നെങ്കില്‍ എന്ന് നാം ആശിച്ചുപോകും.
ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും കുട്ടികള്‍ക്കും ഒരുനേരമെങ്കിലും ആശുപത്രികള്‍വഴി നല്ല ഭക്ഷണം നല്‍കാന്‍ ശ്രമിക്കാറുണ്ട്. അവിടേക്ക് ധാരാളംപേര്‍ ഗര്‍ഭമുണ്ടെന്നു പറഞ്ഞെത്തും. ആദ്യമൊന്നും പരിശോധനയ്ക്ക് തയ്യാറാകില്ല. പറയുന്നത് വിശ്വസിക്കുകയേ നമുക്ക് നിവൃത്തിയുള്ളൂ. ഗര്‍ഭിണിയെന്നു പറഞ്ഞ് ഭക്ഷണവും വാങ്ങിപ്പോകും. ആഴ്ചകള്‍ കഴിഞ്ഞിട്ടും ശാരീരികമാറ്റങ്ങളൊന്നും കാണാതാകുമ്പോഴാണ് പറ്റിക്കുകയായിരുന്നുവെന്ന വിവരം നമുക്ക് മനസ്സിലാകുക. അതോടെ ഒ.പിയിലെത്തുന്ന ഗര്‍ഭിണികള്‍ക്ക് ഭക്ഷണം നല്‍കുന്നത് നിയന്ത്രിച്ചു. അപ്പോള്‍ അവര്‍ ഗര്‍ഭിണികളായ മറ്റു സ്ത്രീകളുടെ മൂത്രം ശേഖരിച്ച് കൈവശം ഒളിപ്പിച്ചുവച്ച് പരിശോധനയ്ക്ക് ആവശ്യപ്പെടുമ്പോള്‍ നല്‍കാന്‍ തുടങ്ങി. പരിശോധന പോസിറ്റീവായതിനാല്‍ ഭക്ഷണം ലഭിക്കും. മാസങ്ങള്‍ക്കുശേഷവും ഗര്‍ഭത്തിന്റേതായ ലക്ഷണം കാണാതാകുമ്പോഴാണ് ആ തട്ടിപ്പും ബോധ്യമാകുക. രണ്ടു വയസ്സില്‍ താഴെയുള്ള, മറ്റുള്ളവരുടെ കുട്ടികളുമായി ഒ.പിയില്‍ വന്ന് ഇങ്ങനെ ഭക്ഷണം വാങ്ങുന്നവരുമുണ്ടായിരുന്നു.
കഴിഞ്ഞ രണ്ടുമൂന്നു പതിറ്റാണ്ടുകള്‍ക്കിടയില്‍ നിരവധി യുദ്ധമുഖങ്ങളിലൂടെ സഞ്ചരിച്ചിട്ടുണ്ട്. അവിടെയൊന്നും കണ്ടിട്ടില്ലാത്ത തരത്തിലുള്ള ആക്രമണമാണ് പലസ്തീനില്‍ കണ്ടത്. അതിനെ യുദ്ധമെന്ന് പറയാനാകില്ല. പലസ്തീന്‍ ജനതയെ ബോംബിട്ടുമാത്രമല്ല കൊല്ലുന്നത്, അടിസ്ഥാനാവശ്യങ്ങള്‍ നിഷേധിച്ചും കൂട്ടത്തോടെ പലായനം ചെയ്യിച്ചും അതിര്‍ത്തികള്‍ അടച്ച് അവരെ ഞെരുക്കിയും ഇഞ്ചിഞ്ചായുള്ള വംശഹത്യയാണ് നടക്കുന്നതെന്നു മനസ്സിലാക്കാന്‍ ഒട്ടും താമസമുണ്ടായില്ല.
ഹമാസുമായി ബന്ധമുള്ളവരെന്ന സംശയത്തില്‍ വലിയൊരു ഡേറ്റാബേസ് ഇസ്രയേല്‍ ആര്‍മി സൂക്ഷിക്കുന്നുണ്ട്. നെറ്റ്‌വര്‍ക്ക് ലഭ്യമല്ലാത്ത പലസ്തീനില്‍ ഇടയ്ക്ക് ഇസ്രയേൽ നെറ്റ്‌വർക് ഓണാക്കും. അപ്പോള്‍ ആ പട്ടികയിലുള്ള ചിലരുടെയെങ്കിലും സിമ്മുകൾ ആക്ടീവാകും. അതോടെ ഇസ്രയേലിന്റെ മിസൈലുകള്‍ ആ മേഖലയെ ലക്ഷ്യം വയ്ക്കും. കൊല്ലപ്പെടുന്നതത്രയും നിസ്സഹായ ജീവിതങ്ങളായിരിക്കും. രക്ഷാപ്രവർത്തനം നടത്തുന്നവരെയും അവശേഷിക്കുന്നവരെയും ലക്ഷ്യംവച്ച് വൈകാതെതന്നെ അടുത്ത മിസൈലുകളെത്തും. ആശുപത്രിയിലെ പരിമിതമായ സൗകര്യങ്ങളിലേക്ക് ആദ്യം കുട്ടികളുടെ ജഡങ്ങളാണ് എത്തുക. 100 പേർ വന്നാൽ രക്ഷിക്കാൻ പറ്റുക പരമാവധി 20 പേരെയാണ്. രക്ഷപ്പെട്ടാലും അവരുടെ പരിക്കുകള്‍ ഇല്ലാതാകാന്‍ മാസങ്ങളും വർഷങ്ങളും നീളും. അതിനുമുന്‍പേ മറ്റൊരു മിസൈലോ മുറിവുകളിലെ അണുബാധയോ ഒക്കെ അവരുടെ ജീവിതം അപഹരിച്ചേക്കാം.
രണ്ടാംലോകയുദ്ധത്തിൽ ആളുകളെ നിരത്തിനിറുത്തി വെടിവച്ച് കൊന്നുതള്ളിയതുപോലെയല്ല ഇത്. വംശഹത്യക്കും അപ്പുറത്തേക്ക് വിശേഷണങ്ങളില്ലാത്ത എന്തൊക്കെയോ ആയി പലസ്തീന്‍ മാറുകയായിരുന്നു. പരിമിതമായ സാഹചര്യങ്ങളോട് പരമാവധി പൊരുത്തപ്പെട്ടും പലതും ഉപേക്ഷിച്ചും ദുരിതത്തോട് സന്ധിചെയ്തുമുള്ള ജീവിതമാണ് ഇത്തരം യുദ്ധഭൂമികളിലെ ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള സന്നദ്ധപ്രവര്‍ത്തകരുടേത്. അവിടെ ഡോക്ടറെന്നോ നഴ്സെന്നോ പാരാമെഡിക്കല്‍ ജീവനക്കാരെന്നോ വൊളന്റിയറെന്നോ ഉള്ള തരംതിരിവുകളില്ല.
ആദ്യ ദൗത്യത്തില്‍ അൽ അക്‌സ ആശുപത്രിയിൽ താഴത്തെ നിലയിലെ പഴയൊരു ഐസിയുവിലാണ് ഞങ്ങളെല്ലാവരും താമസിച്ചിരുന്നത്. ഞങ്ങൾ ഇരുപതുപേർക്കൊപ്പം മറ്റു സംഘടനകളിലെ ആളുകളുമുണ്ടായിരുന്നു. പഴയ ബഞ്ചുകളും ട്രോളികളും ഐസിയു ബെഡ്ഡുകളും എക്‌സാമിനേഷൻ ഡെസ്‌കുകളുമൊക്കെ ചേർത്തിട്ടാണ് കിടക്കാനുള്ള സൗകര്യം ഉണ്ടാക്കിയത്. എല്ലാവർക്കും കൂടി ഒറ്റ ബാത്റൂം. എല്ലാവർക്കും കിടക്കാൻ സ്ഥലമില്ലാത്തതിനാൽ ഷിഫ്റ്റ് വച്ച് കിടക്കുകമാത്രമായിരുന്നു ആശ്രയം. കിടക്കാൻവേണ്ടി മാത്രമാണ് മുറിയിലേക്കെത്തുക. മറ്റൊരാൾ ജോലി കഴിഞ്ഞെത്തുമ്പോൾ ഉറങ്ങുന്ന ആൾ എഴുന്നേറ്റ് വീണ്ടും ജോലിക്കുപോകും. ആശുപത്രി ആയതിനാൽ കുറച്ചുവെള്ളം കിട്ടും. അത് കക്കൂസിൽ ഉപയോഗിക്കും. കുളിക്കാനൊന്നും നിവൃത്തിയില്ല; തുണി നനച്ച് ശരീരം തുടയ്ക്കുക മാത്രമാണ് ചെയ്തിരുന്നത്. വസ്ത്രം കഴുകലും നടക്കില്ല. മിക്കവാറും ഒരാഴ്ചയൊക്കെ ഇട്ടതിനുശേഷം വസ്ത്രം കളയുകയാണ് ചെയ്തിരുന്നത്.
സെപ്തംബർ അവസാനമൊക്കെ ആയതോടെ മരുന്നുകൾക്കും ക്ഷാമമായി. അത്യാവശ്യം വേണ്ട ആന്റിബയോട്ടിക്കുകളും ഐവി ഫ്‌ളൂയിഡും സർജിക്കൽ ഉപകരണങ്ങളുമെല്ലാം ഇല്ലാതായി. അനസ്തീഷ്യ പോലും കൊടുക്കാതെ ട്രോളിയിൽ കിടത്തിയുള്ള ‘എമർജൻസി ഡാമേജ് കൺട്രോൾ ലാപ്‌ട്രോട്ടമി’ ചെയ്യേണ്ട അവസ്ഥ നിരവധിതവണ ഉണ്ടായിട്ടുണ്ട്. അതിഭയങ്കര വേദനയാണ്. വളരെ പ്രാകൃതമായ സർജറിയാണത്. അതിലൂടെ ഒരു 25-30 ശതമാനംപേർ രക്ഷപ്പെട്ടാലായി. സർജറിക്കു ശേഷമുള്ള പരിരക്ഷയൊന്നും നടക്കുകയുമില്ല.
സാധാരണ ഇത്തരം സ്ഥലങ്ങളിലേക്കു പോകുമ്പോൾ എട്ട് ആഴ്ചത്തേക്കുള്ള ഭക്ഷണവും വെള്ളവും കരുതാറുണ്ട്. ആശുപത്രിയിൽ ഒപ്പം ജോലി ചെയ്യുന്ന പലരും ദിവസം മുഴുവൻ ഭക്ഷണം കഴിക്കുന്നേ ഉണ്ടാകില്ല. പ്രത്യേകിച്ച് തദ്ദേശീയര്‍. അവർക്ക് ഭക്ഷണ വിതരണ കേന്ദ്രങ്ങളിൽപോയി വരിനിന്ന് ഭക്ഷണം വാങ്ങാൻ സാധിക്കുകയില്ല. ഞങ്ങളുടെ കൈവശമുള്ള നൂഡിൽസോ ഗോതമ്പുമാവുകൊണ്ടുണ്ടാക്കുന്ന അപ്പമോ കുബ്ബൂസോ പരിപ്പുകറിയോ ഒക്കെ അവർക്കും നൽകും. ഞങ്ങളുടെ കയ്യിൽ വെള്ളമുള്ളതിനാൽ എല്ലാവരും വന്ന് വെള്ളം ചോദിക്കും. രണ്ടുമാസത്തേക്ക് കരുതിയ വെള്ളം രണ്ടാഴ്ചകൊണ്ട് തീർന്നു. അവിടെനിന്ന് കിട്ടുന്ന വെള്ളം കുടിച്ചാൽ ഹെപ്പറ്റൈറ്റിസോ വയറിളക്കമോ പിടിക്കുമെന്നുറപ്പാണ്. അതുകൊണ്ട് ഗ്ലൂക്കോസും ഐവി ഫ്‌ളൂയിഡും സാധാരണ സെറൈനും മറ്റുമാണ് കുടിച്ചിരുന്നത്. എന്നിട്ടും ആദ്യത്തെ ദൗത്യംകഴിഞ്ഞ് തിരികെ പോരുന്ന സമയത്ത് എനിക്ക് ഹെപ്പറ്റൈറ്റിസ് പിടിപെട്ടിരുന്നു.
2024 മാർച്ചിൽ രണ്ടാമത് ഗാസയിലെത്തുമ്പോള്‍, ആദ്യതവണ കണ്ട കുടിവെള്ള പ്രശ്നം കുറേയൊക്കെ പരിഹരിച്ചുകഴിഞ്ഞിരുന്നു. പല സന്നദ്ധ സംഘടനകളും ഐക്യരാഷ്ട്ര സംഘടനയും മറ്റും കടല്‍വെള്ളം ശുദ്ധീകരിച്ച് ടാങ്കറിലാക്കി കൊടുക്കുകയാണ് ചെയ്യുന്നത്. ഭക്ഷണം എങ്ങനെയാണ് മനുഷ്യന്റെ സ്വഭാവത്തെ മാറ്റുന്നതെന്നും സമൂഹത്തെ കുറ്റവാളികളാക്കുന്നതെന്നും അറിയാനുള്ള ഏറ്റവും നല്ല ഉദാഹരണമായി അപ്പോഴേക്കും ഗാസ മാറിക്കഴിഞ്ഞിരുന്നു. പട്ടിണിയുടെ സാമൂഹിക പ്രത്യാഘാതങ്ങൾ, ഉടനടി ഉണ്ടാകുന്ന വൈദ്യശാസ്ത്രപരമായ പ്രത്യാഘാതങ്ങളേക്കാൾ ദൂരവ്യാപകവും വിനാശകരവുമാണ്. രണ്ടും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നവയുമാണ്.
ആദ്യം ഞാൻ അവിടെ എത്തിയപ്പോൾ സഹായസാമഗ്രികളുടെ കൊള്ളയടിക്കലുകൾ ഉണ്ടായിരുന്നില്ല. അന്ന്, ഭക്ഷ്യസാധനങ്ങളുള്‍പ്പെടെയുള്ളവയുടെ വിതരണത്തിന് കൃത്യമായ ക്രമീകരണങ്ങളുണ്ടായിരുന്നു. രണ്ടാംതവണ ഞാൻ ചെന്നപ്പോൾ, ഇടയ്ക്കിടെ ചില കൊള്ളയടിക്കലുകളുണ്ടാകുകയും കുഴപ്പങ്ങൾ ആരംഭിക്കുകയും ചെയ്തിരുന്നതായി മനസ്സിലാക്കിയിരുന്നു. പിന്നീടത് ഗുണ്ടാസംഘങ്ങളും കൊള്ളക്കാരും മാഫിയകളുമായി വളരാൻ തുടങ്ങിയെന്ന് മനസ്സിലായത് മൂന്നാമത് എത്തിയപ്പോഴാണ്.
അന്ന് ഗാസയിലേക്ക് സഞ്ചരിച്ചത് പൂര്‍ണമായും ഇസ്രയേലിലൂടെയായിരുന്നു, യുണൈറ്റഡ് നേഷന്‍സിന്റെ കോണ്‍വോയില്‍. ഡെയര്‍ അല്‍ബലേയുടെ അതിര്‍ത്തിയോടു ചേര്‍ന്നുള്ള നോമാന്‍സ് ലാന്‍ഡ് കഴിഞ്ഞപ്പോള്‍ കനത്ത പൊടിപടലം വാഹനത്തെ മൂടാന്‍ തുടങ്ങി. പൊടിയൊന്നടങ്ങിയാല്‍ കാണുന്നത് ചുറ്റിനും ഓടിയടുക്കുന്ന മനുഷ്യരെയാണ്. ഒന്നും രണ്ടുമല്ല, ആയിരക്കണക്കിനു മനുഷ്യരെ. വണ്ടി ചെറുതായൊന്നു വേഗം കുറയ്ക്കുമ്പോള്‍ ആളുകള്‍ പാഞ്ഞെത്തി വാഹനത്തിലിടിക്കുന്നു. അവര്‍ ഉറക്കെച്ചോദിക്കുന്നത് ഭക്ഷണവും സാധനങ്ങളുമാണ്. വിശപ്പിന്റെ രോദനമാണ് ചുറ്റിനും മുഴങ്ങുന്നത്. അവസരം കിട്ടിയാല്‍ കൊള്ളയടിക്കും. ഒന്നും കിട്ടാതെ വരുന്നതോടെ അവര്‍ അക്രമാസക്തരാകും.
പെട്ടെന്നാണ് ഞങ്ങളുടെ കാറിന്റെ ബോണറ്റിലേക്ക് ശക്തിയില്‍ എന്തോ പതിച്ചത്. ബോണറ്റിലും മുന്‍വശത്തെ ചില്ലിലും ചോര ചിതറിത്തെറിച്ചു. മുന്നില്‍ പോയിരുന്ന മറ്റൊരു വാഹനം ഇടിച്ചുതെറിപ്പിച്ച ആളാണ് ഞങ്ങളുടെ വാഹനത്തിന്റെ ബോണറ്റില്‍ പതിച്ചതെന്നു മനസ്സിലാകാന്‍ അല്‍പസമയമെടുത്തു. വാഹനം നിർത്താനോ അയാള്‍ക്കെന്തു സംഭവിച്ചുവെന്നു പരിശോധിക്കാനോ മാര്‍ഗമില്ല. നിർത്തി പുറത്തിറങ്ങിയാല്‍ വിശപ്പിന്റെ മൂര്‍ച്ച ഞങ്ങളുടെ വാഹനം തകര്‍ക്കും. ഒരുപക്ഷേ, ഞങ്ങള്‍ക്ക് ജീവനോടെ മുന്നോട്ടുപോകാനായെന്നുപോലും വരില്ല. യുദ്ധഭൂമികളിലെ ഇത്രയുംകാലത്തെ മാനുഷികപ്രവര്‍ത്തന ജീവിതത്തിനിടയില്‍ ഇത്തരമൊരു അനുഭവവും കാഴ്ചയും എനിക്കുമുന്നിലാദ്യമായിട്ടായിരുന്നു! വിശപ്പും പട്ടിണിയുംമൂലം അവിടെ കൊള്ള ഒരു സാധാരണ സംഭവമാകാന്‍ തുടങ്ങിയിരുന്നു.
ആശുപത്രിയില്‍ ചികിത്സാസാമഗ്രികള്‍ കിട്ടാതായപ്പോള്‍ യുദ്ധം തകര്‍ത്തിട്ട അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നു ശേഖരിച്ച പാഴ്-വസ്തുക്കള്‍കൊണ്ട് പരുക്കേറ്റവരെ കിടത്താനുള്ള ബെഡ്ഡുകള്‍പോലും ഞങ്ങള്‍തന്നെ ഉണ്ടാക്കിയെടുക്കുകയായിരുന്നു. അസ്ഥി പൊട്ടിയവരെ ചികിത്സിക്കാനുപയോഗിക്കുന്ന എക്സ്റ്റേണല്‍ ഫിക്സേറ്ററുകളും മറ്റും ലഭ്യമാകാതെ വന്നപ്പോള്‍ പ്രാദേശികമായി ലഭിക്കുന്ന, വര്‍ക്-ഷോപ്പുകളിലും മറ്റും ഉപയോഗിക്കുന്ന കമ്പികള്‍ ഉപയോഗിച്ച് താല്‍ക്കാലികമായി ഫിക്സേറ്ററുകള്‍ ഞങ്ങള്‍തന്നെ നിര്‍മിക്കാനും അതുപയോഗിച്ച് ചികിത്സിക്കാനും തീരുമാനിച്ചു. അത് രോഗികളില്‍ വച്ചുപിടിപ്പിച്ചു. പക്ഷേ, ഭക്ഷണത്തിനു മാര്‍ഗമില്ലാതായ രോഗികള്‍ കാശു നല്‍കുന്നവര്‍ക്ക് ഈ കമ്പികള്‍ വിറ്റ് പണം വാങ്ങാന്‍ തുടങ്ങി. ശരീരത്തിനകത്തു ഫിറ്റ് ചെയ്തിട്ടുള്ള പ്ലേറ്റുകളും സ്ക്രൂകളും നെയിലുകളുംവരെ വില്‍ക്കാനായി കരാറിലേര്‍പ്പെട്ട് കാശുവാങ്ങിയവരെ കണ്ടു. നമുക്കു തിരിച്ചറിയാന്‍ പറ്റാത്തവിധത്തില്‍ പട്ടിണിയും ദാരിദ്ര്യവും ആളുകളെ ബാധിക്കുന്നതിന്റെ യാഥാര്‍ഥ്യങ്ങളാണിത്.
2025 ഫെബ്രുവരിയിലാണ്, വിദേശരാജ്യങ്ങളില്‍നിന്നുള്ള പട്ടാളക്കാരുടെ സംഘടനയായ ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ (ജിഎച്ച്എഫ്) പലസ്തീനില്‍ ഭക്ഷണവിതരണകേന്ദ്രം തുടങ്ങിയത്. അവിടേക്കുള്ള സഹായസാധനങ്ങള്‍ കൊണ്ടുപോകുമ്പോഴും വിതരണത്തിനിടയിലും അക്ഷരാർത്ഥത്തിൽ കൂട്ടക്കൊലയാണ് നടക്കുന്നത്. അതിനെതുടര്‍ന്നാണ് ട്രക്കുകളില്‍ തോക്കുധാരികളെ കാവല്‍ നിർത്തിയത്. അവര്‍ കവര്‍ച്ചക്കാരെ വെടിവയ്ക്കും. ഭക്ഷണവിതരണ കേന്ദ്രങ്ങളില്‍ ആളുകളെ നിയന്ത്രിക്കുന്നതിനും വരിനിർത്തുന്നതിനുമായി മൂര്‍ച്ചയേറിയതും നേര്‍ത്തതുമായ റേസര്‍ വയറുകള്‍ സ്ഥാപിച്ച ബാരിക്കേഡുകളാണ് വെച്ചിട്ടുള്ളത്. ഭക്ഷണത്തിനായും ആക്രമണത്തില്‍നിന്ന് രക്ഷപ്പെടാനായും നിലവിട്ട് ആളുകള്‍ തിരക്കിയോടുമ്പോള്‍ ഈ റേസറുകളില്‍ ശരീരം വരഞ്ഞുകീറി ചോരചിന്തും. എന്നിട്ടും ജനങ്ങള്‍ ക്യൂ ലംഘിച്ചതോടെ അവിടെയും വെടിവയ്പുണ്ടായി. മാര്‍ച്ച്, ഏപ്രില്‍ മാസത്തോടെ പ്രശ്നം രൂക്ഷമാകുകയും പതിനായിരക്കണക്കിനാളുകള്‍ ഭക്ഷണവിതരണകേന്ദ്രങ്ങളിലേക്ക് ഇരച്ചുകയറുകയും ചെയ്തു. രാവിലെ പത്തുമുതല്‍ പന്ത്രണ്ടുവരെയുള്ള സമയത്ത് ആശുപത്രിയിലെത്തുന്നതിലേറെയും ഭക്ഷണ കേന്ദ്രത്തിലെ സംഘര്‍ഷത്തില്‍ ഗുരുതരമായി പരുക്കേറ്റവരും മരിച്ചവരുമൊക്കെയായിരുന്നു.
പട്ടിണി അനുഭവിക്കുന്ന ജനവിഭാഗത്തെ ഭക്ഷണം നല്‍കാനായി വിളിച്ചുകൊണ്ടുപോകുകയും അവിടെ വെടിവച്ച് വീഴ്ത്തുകയും പരുക്കേല്‍ക്കുന്നവര്‍ക്ക് ചികിത്സ ലഭ്യമല്ലാതാകുകയും ചെയ്യുന്ന ദാരുണാവസ്ഥ. ഭക്ഷണത്തിനുവേണ്ടിയുള്ള കലാപത്തിനു കോപ്പുകൂട്ടുന്നവരെ നിയന്ത്രിക്കാതെ അഴിച്ചുവിട്ട് അവർ പരസ്പരം തല്ലിച്ചാകുന്നത് കണ്ടുചിരിക്കുന്ന ഭീകരത. ട്രക്കുകള്‍ വരുന്ന പാതകളിലും ഭക്ഷണവിതരണ കേന്ദ്രങ്ങളിലും പോകുന്നവര്‍ക്ക് തിരിച്ചുവരുമെന്ന യാതൊരു പ്രതീക്ഷയുമില്ല. അതിജീവനത്തിനുള്ള ഏകമാർഗമായി കവര്‍ച്ചയും കൊള്ളയും മാറി. പട്ടിണിയും, സ്കൂൾ വിദ്യാഭ്യാസത്തിന്റെയും മറ്റ് സാമൂഹികവൽക്കരണ സൗകര്യങ്ങളുടെയും അഭാവവും സാമൂഹികജീവിതത്തെ തകര്‍ത്തു. ആരോഗ്യ സംരക്ഷണം ഉൾപ്പെടെയുള്ള എല്ലാ മേഖലകളും തകര്‍ന്നടിഞ്ഞു. വെടിയുണ്ടകളും മിസൈലുകളുമുപയോഗിക്കാതെതന്നെ നന്നായി ആസൂത്രണം ചെയ്തെടുത്ത നവയുഗ വംശഹത്യ ! സമൂഹത്തെ, ജനതയെ കുറ്റവാളികളും കൊള്ളക്കാരുമാക്കി ഭക്ഷണത്തിനായി തമ്മിലടിപ്പിച്ച് ഇല്ലാതാക്കുന്ന നവയുഗ യുദ്ധതന്ത്രമാണ് പലസ്തീനിലേത്.
യുദ്ധകാലത്ത് നാല്‍പ്പതോളം ആശുപത്രികളാണ് പൂട്ടിപ്പോയത്. ഏതൊരു യുദ്ധഭൂമിയിലും ഒഴിവാക്കപ്പെടുന്ന തന്ത്രപ്രധാനമായ കേന്ദ്രമാണ് ആശുപത്രികള്‍. പക്ഷേ, പലസ്തീനില്‍ സ്ഥിതി വ്യത്യസ്തമാണ്. അവിടെ ആശുപത്രികള്‍ക്കും രക്ഷയില്ല. തങ്ങളുടെ ശത്രുപാളയത്തിലെ ഒരാളെയെങ്കിലും കൊല്ലാനാകുമെങ്കില്‍ അതിനുവേണ്ടി ഒരാശുപത്രി മുഴുവനും ബോംബിട്ടു തകര്‍ക്കാന്‍ ഇസ്രയേലിന് മടിയില്ല. ആ ആക്രമണത്തില്‍, നിരപരാധികൾ മാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുമെന്നറിഞ്ഞിട്ടും ഇസ്രയേല്‍ ആതുരാലയങ്ങള്‍ക്കുമീതേയും പകയുടെ മിസൈലുകള്‍ വര്‍ഷിച്ചുകൊണ്ടിരുന്നു. അങ്ങനെ അവിടെ നാസര്‍ ആശുപത്രി മാത്രം ആതുരസേവനത്തിനായി അവശേഷിച്ചു.
ഞാനവിടെ താഴത്തെ നിലയില്‍ രോഗികളെ പരിശോധിച്ചുകൊണ്ടു നില്‍ക്കുമ്പോഴാണ് ആശുപത്രിക്കുനേരേയുള്ള ഇസ്രയേലിന്റെ ആദ്യത്തെ വ്യോമാക്രമണം ഉണ്ടാകുന്നത്. ഹമാസിന്റെയോ മറ്റോ ഏതോ ഒരു നേതാവ് ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് ഇസ്രയേല്‍ സൈന്യത്തിന് രഹസ്യ വിവരം ലഭിച്ചു. അയാള്‍ കിടക്കുന്ന ബെഡ്ഡുവരെ ചാരന്മാര്‍ അവരെ അറിയിച്ചിരുന്നു. അയാളെ ലക്ഷ്യമാക്കിയായിരുന്നു മിസൈല്‍ ആക്രമണം. ഐസിയുവിനുള്ളിലേക്ക് തുളഞ്ഞുകയറിയ ആ മിസൈലിന്റെ പ്രഹരത്തില്‍ മുപ്പതോളം പേരാണ് തല്‍ക്ഷണം മരിച്ചത്. അതില്‍ ഇസ്രയേല്‍ ലക്ഷ്യമിട്ട ആളും ഉണ്ടാകാം, ഉണ്ടാകാതിരിക്കാം.
ഓര്‍ക്കണം, ഏറ്റവും അത്യാവശ്യമുള്ളവര്‍ക്ക് ചികിത്സ നല്‍കാന്‍ കഴിവുള്ള അതിവിദഗ്ധരായ ആരോഗ്യപ്രവര്‍ത്തകരാണ് അവിടെ ഉണ്ടായിരുന്നത്. അവരുള്‍പ്പെടെയാണ് അന്നു മരിച്ചുവീണത്. അതില്‍ പലരും എന്റെ സുഹൃത്തുക്കളായിരുന്നു. റൗണ്ട്സിനിടയിലാണ് രണ്ട് ഇന്റന്‍സിവിസ്റ്റുകള്‍ മരിച്ചുവീഴുന്നത്. ഇന്റന്‍സീവ് കെയറിലെ ഏഴുപേര്‍ മരിച്ചവരില്‍ ഉള്‍പ്പെട്ടതിനാല്‍ അതപ്പാടെ അടച്ചുപൂട്ടേണ്ടിവന്നു.
ആദ്യത്തെ കൂട്ടക്കുരുതിയില്‍ ഇസ്രയേല്‍ അടങ്ങിയില്ല. രണ്ടാമത്തെ ആക്രമണം ഒരു തിങ്കളാഴ്ച രാവിലെ പത്തുമണിയോടെയാണ് ഉണ്ടായത്. ആശുപത്രിയുടെ ഏറ്റവും മുകളില്‍ ടെറസിനു തൊട്ടുതാഴെയുള്ള നിലയില്‍ മിസൈല്‍ പതിച്ചതില്‍ മെഡിക്കല്‍ വിദ്യാര്‍ഥികളുള്‍പ്പെടെ എട്ടുപേര്‍ മരിച്ചു. റോയിട്ടേഴ്സിന്റെ പലസ്തീൻകാരായ പത്രപ്രവര്‍ത്തകരില്‍ രണ്ടുപേരും അതിലുള്‍പ്പെട്ടു. രക്ഷാപ്രവര്‍ത്തനം തുടങ്ങി അഞ്ചു മിനിട്ട് കഴിയുംമുന്‍പേ അടുത്ത മിസൈലും അതേസ്ഥലത്തു പതിച്ചു. രക്ഷപ്പെടുത്താന്‍ പോയവരടക്കം നാല്‍പ്പതോളം പേരാണ് ഇപ്രാവശ്യം മരിച്ചുവീണത്. കെട്ടിടത്തിന്റെ ആറാം നിലയിലെ ചുവരുകളും മറ്റും താഴേക്ക് ഇടിഞ്ഞുവീണ് താഴെയുണ്ടായിരുന്ന സെക്യൂരിറ്റിക്കാരും വിദ്യാര്‍ഥികളും മരിച്ചു. ആശുപത്രിയിലെ വളരെ അടുത്ത സുഹൃത്തുക്കളായിരുന്ന സെക്യൂരിറ്റി ജീവനക്കാരും നഴ്സുമാരുമൊക്കെ രണ്ടാമത്തെ മിസൈല്‍ ആക്രമണത്തില്‍ മരിച്ചുവീണവരില്‍ ഉള്‍പ്പെട്ടിരുന്നു. അതിലൊരാളായിരുന്നു ഡോ. നൗഫല്‍.
ഹൗസ് സര്‍ജന്‍സി കഴിഞ്ഞ് പി.ജിക്കു വേണ്ടി തയ്യാറെടുക്കുകയായിരുന്നു നൗഫല്‍. ഞങ്ങള്‍ക്കൊപ്പം സന്നദ്ധപ്രവര്‍ത്തനത്തിലേര്‍പ്പെട്ട തദ്ദേശീയനായ ആരോഗ്യപ്രവര്‍ത്തകന്‍. ആദ്യത്തെ മിസൈല്‍ ആക്രമണത്തില്‍ പരിക്കേറ്റവരെ എനിക്കടുത്തുനിന്ന് പരിശോധിച്ചുകൊണ്ടിരിക്കുമ്പോഴാണ് നൗഫലിന് അമ്മയുടെ ഫോണ്‍ വന്നത്. ആശുപത്രിയില്‍ ബോംബുവീണ വാര്‍ത്ത അറിഞ്ഞ് വിളിച്ചതായിരുന്നു അവര്‍. കരഞ്ഞുകൊണ്ടുവിളിച്ച അമ്മയെ ആശ്വസിപ്പിച്ചുകൊണ്ട് നൗഫല്‍ കാഷ്വാലിറ്റിയില്‍നിന്ന് പുറത്തേക്കിറങ്ങി കാര്‍പോര്‍ച്ചില്‍ പോയിരുന്ന് സംസാരിക്കവേയാണ് ആശുപത്രിക്കുമേല്‍ രണ്ടാമത്തെ മിസൈല്‍ പതിക്കുന്നത്. അതിന്റെ ശബ്ദം ഒട്ടടങ്ങിയപ്പോള്‍ എനിക്കൊപ്പം ജോലി ചെയ്തിരുന്നവരില്‍ ചിലര്‍ പുറത്തേക്കുപോയി. അവര്‍ തിരികെ കയറിവന്നത് ഡോ. നൗഫലിന്റെ ശരീരവുമായാണ്. അവന്റെ മരണം സ്ഥിരീകരിക്കേണ്ട ചുമതലയും എനിക്കായിരുന്നു.
ആശുപത്രിയില്‍ ബോംബ് വീണാല്‍ അബദ്ധത്തില്‍ പറ്റിയതാണെന്നാണ് സാധാരണയായി ഉത്തരവാദികളായ രാജ്യം പറയുക. ഇവിടെ അങ്ങനെ പറയാന്‍പോലുമാകില്ല. കാരണം, ഒരാശുപത്രിയിലേക്ക് കൃത്യമായ ഇടവേളയില്‍ രണ്ടുതവണ മിസൈല്‍ പതിക്കുമ്പോള്‍ അത് ആ ആശുപത്രിയെ കേന്ദ്രീകരിച്ചു നടത്തുന്ന ആസൂത്രിതമായ ആക്രമണം തന്നെയായിരിക്കും.
യുദ്ധഭൂമിയാണെങ്കിലും അവിടെ വഴിനീളെ കുട്ടികളെ കാണാം. ഭയരാഹിത്യത്തോടെയും ആരാലും നിയന്ത്രിക്കപ്പെടാതെയും എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യത്തോടെ കുട്ടികള്‍ തെരുവുകളില്‍ ചിതറി നടക്കുകയാണ്. യുദ്ധം എന്താണെന്നും അതിന്റെ കെടുതികളെന്താണെന്നും ആ കുട്ടികള്‍ക്ക് അറിയില്ല. അവരുടെ ഓര്‍മയിലും അറിവിലും അവര്‍ ജനിച്ച നാടിങ്ങനെയൊക്കെയാണ്. നല്ലൊരു ജീവിതമെന്തെന്ന് അവര്‍ക്ക് തിരിച്ചറിയാനായിട്ടേയില്ല. അവര്‍ കണ്ട ഏകലോകം യുദ്ധത്തിന്റെ വലയിലകപ്പെട്ട പലസ്തീന്‍ മാത്രമാണ്! പത്തും ഇരുപതും പേരാണ് ഓരോ ടെന്റിലും താമസിക്കുന്നത്. മുതിര്‍ന്നവര്‍ക്ക് കുട്ടികളെ നോക്കാനുള്ള സമയമോ സൗകര്യമോ ഇല്ല. ചിലര്‍ ആഹാരം തേടിപ്പോകും, മറ്റുചിലര്‍ ജോലി തേടി നടക്കും. അതിനിടയില്‍ വളര്‍ത്തുമൃഗങ്ങളെപ്പോലെ കുട്ടികളെ വെറുതേ അഴിച്ചുവിടുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ല.
ചില സന്നദ്ധസംഘടനകള്‍ ഇടയ്ക്ക് ഹെലിക്കോപ്റ്ററില്‍ ഭക്ഷണവിതരണം നടത്തുന്നതിന് ശ്രമിച്ചിരുന്നു. പാരച്യൂട്ടില്‍ ഭക്ഷണപ്പായ്ക്കറ്റുകള്‍ നിറച്ച ചാക്കുകള്‍ കെട്ടി താഴേക്ക് ഇറക്കുകയാണ് ചെയ്തിരുന്നത്. അത്തരത്തില്‍ ഭക്ഷണമെത്തുമ്പോള്‍ ആളുകള്‍ തിങ്ങിക്കൂടും. പാരച്യൂട്ടുകളില്‍നിന്ന് ഭക്ഷണപ്പൊതികളുടെ ചാക്കുകള്‍ പൊട്ടിവീണ്, അത് തലയില്‍പതിച്ച് ആളുകള്‍ മരിച്ചത് ഒന്നിലേറെത്തവണയാണ്. അതോടെ ആ ശ്രമം സംഘടനകള്‍ ഉപേക്ഷിച്ചു.
നാസര്‍ ആശുപത്രിയിലേക്കു പോകുംവഴി അല്‍ അക്സ സര്‍വ്വകലാശാലയ്ക്കുമുന്നില്‍ ഒരിക്കല്‍ വലിയൊരു തിരക്കുകണ്ടു. അതൊരു ഭക്ഷണവിതരണകേന്ദ്രമാണോ എന്നുപോലും ഞാന്‍ സംശയിച്ചു. പക്ഷേ, അത് മാലിന്യം തള്ളുന്ന സ്ഥലമായിരുന്നു. രാവിലെ എട്ടു മണിയാകുമ്പോഴേക്കും അതിനുള്ളില്‍നിന്ന് ഭക്ഷണം ശേഖരിക്കാന്‍ ആളുകള്‍ കൂട്ടമായെത്തും. കിട്ടുന്നത് അവിടെയിരുന്ന് വാരിവലിച്ചു കഴിക്കും. അല്‍പം നല്ല ഭക്ഷണം ആര്‍ക്കെങ്കിലും കിട്ടിയാല്‍ അതിനുവേണ്ടി പിടിവലിയാകും. മാലിന്യത്തിനിടയില്‍ ചികഞ്ഞുനടക്കുന്ന കുട്ടികളും സ്ത്രീകളും എന്തെങ്കിലും ലഭിക്കാനായി തെരുവുനായ്ക്കളെപ്പോലെ കടിപിടികൂടും. ആ ഭക്ഷണം അവരിലുണ്ടാക്കുന്ന രോഗങ്ങള്‍ വളരെ വലുതാണ്. അത് മരണത്തിനുവരെ കാരണമാകും.
മിക്കവാറും കുടുംബങ്ങളിലെ പുരുഷന്മാര്‍ മരിച്ചുകഴിഞ്ഞിരുന്നു. യുദ്ധമല്ല, മറിച്ച് പരസ്പരമുള്ള സംഘര്‍ഷങ്ങളാണ് അതിന്റെ കാരണം; പ്രത്യേകിച്ച് ഭക്ഷണത്തിനായുള്ള കലാപം. ഭക്ഷണമെത്തിക്കാന്‍ പുരുഷന്മാരില്ലാതാകുന്നതോടെ സ്ത്രീകള്‍ ഇറങ്ങിത്തിരിക്കും. അവരും ഇതേ അവസ്ഥയിലൂടെ കടന്ന് അതിദാരുണമായ മരണത്തിന് ഇരകളാകും. വെടിവയ്പുണ്ടാകുമ്പോള്‍ അന്ധാളിച്ചുനിന്ന് അതേറ്റുവാങ്ങാനാണ് അവരുടെ വിധി. കുടുംബങ്ങളില്‍ അച്ഛനമ്മമാരില്ലാത്ത കുട്ടികളുടെ എണ്ണവും അതിഭീകരമാണ്.
മൂന്നാംവട്ടം ഞാനെത്തുമ്പോള്‍ ആശുപത്രി ജീവനക്കാര്‍ക്കും കുടുംബത്തിനും താമസിക്കാനായി യുഎന്‍ എമര്‍ജന്‍സി ടീം മറ്റൊരിടത്ത് രണ്ടേക്കറോളം സ്ഥലം കണ്ടെത്തി വാടകയ്ക്കെടുത്തിരുന്നു. അവിടെ അത്യാവശ്യം സൗകര്യങ്ങളും ഒരുക്കി. ആശുപത്രിയില്‍നിന്ന് അല്‍പം ദൂരെയായിരുന്നെങ്കിലും താരതമ്യേന സുരക്ഷിതമായിരുന്നു അവിടം. ജീവനക്കാര്‍ക്ക് സ്ഥലം വിഭജിച്ച് സൗജന്യമായാണ് കൊടുത്തിരുന്നത്. ഒരു ടെന്റില്‍ പരമാവധി പത്തുപേരേ പാടുള്ളൂവെന്നു പറഞ്ഞിരുന്നെങ്കിലും അത് നടന്നില്ല. അഞ്ചോ ആറോ മണിക്കൂര്‍ ഊഴംവച്ച് ഉറങ്ങാനുള്ള സ്ഥലം മാത്രമായി അവിടവും മാറി. അത് പിന്നീട് കച്ചവടമായി. അല്‍പനേരം ഉറങ്ങാന്‍ സ്വന്തം ടെന്റ് വാടകയ്ക്കു നല്‍കുന്നിടംവരെയെത്തി കാര്യങ്ങള്‍.
ആദ്യ സമാധാന കരാര്‍ ഉണ്ടായപ്പോഴെങ്കിലും ആളുകള്‍ക്ക് സന്തോഷമുണ്ടാകുമെന്നാണ് കരുതിയത്. അത് ജീവിതത്തില്‍ ഒരു മാറ്റവും കൊണ്ടുവരില്ലെന്ന് അവര്‍ പിന്നീട് മനസ്സിലാക്കി. അവരുടെ വീടുകള്‍, സ്വന്തം സ്ഥലം, സാധനസാമഗ്രികള്‍, അവരുടേതായ ലോകം, സ്വപ്നങ്ങള്‍, സുഹൃത്തുക്കള്‍, സമൂഹം എല്ലാം നഷ്ടപ്പെട്ടുകഴിഞ്ഞിരുന്നു. ഓരോ ദിവസവും മാറിക്കൊണ്ടിരിക്കുന്ന താമസസ്ഥലത്തെ വീടെന്നു പറയാനാകില്ല. കിടക്കാന്‍വേണ്ടിമാത്രം ഉപയോഗിക്കുന്ന ഒരു തുണ്ടുഭൂമിയായി മാത്രമേ തങ്ങള്‍ക്ക് വീടിനെ കാണാനാകുന്നുള്ളൂവെന്ന് അവര്‍ പറയുന്നു. എവിടെയെങ്കിലുംവച്ച് ഇതവസാനിക്കുമെന്നും സാധാരണ ജീവിതത്തിലേക്കു തിരിച്ചുവരാനാകുമെന്നും പലസ്തീന്‍ ജനത ഒരു കാലത്ത് കരുതിയിരുന്നിരിക്കണം. പക്ഷേ, ഇപ്പോള്‍ ആര്‍ക്കും ആ പ്രതീക്ഷയില്ല. തിരികെ വീട്ടിലെത്താമെന്നോ സ്വന്തം സ്ഥലം ഉണ്ടാക്കാമെന്നോ കരുതാനാകില്ല. ഒഴുക്കുവെള്ളത്തിലെ പൊങ്ങുതടിപോലെ പോട്ടെ എന്നു കരുതുകയേ നിവൃത്തിയുള്ളൂ.
സമാധാനക്കരാര്‍ വന്നശേഷമാണ്, മൂന്നാംതവണ, ഞാന്‍ ഗാസയില്‍നിന്ന് മടങ്ങിയത്. അവിടേക്ക് വന്ന അതേ വഴിതന്നെയായിരുന്നു മടക്കവും. വിജനമായി നീണ്ടുപോകുന്ന വഴിക്കിരുപുറവും ചിന്നിച്ചിതറിയ ശവശരീരങ്ങള്‍ മാലിന്യമെന്നപോലെ കൂട്ടിയിട്ടിട്ടുണ്ട്. ശവങ്ങള്‍ അഴുകിയ ദുര്‍ഗന്ധം മൂക്കിലേക്ക് അടിച്ചുകയറുന്നു. വാഹനങ്ങള്‍ ആക്രമിക്കാനായി കാത്തുനിന്നവരെ കൂട്ടത്തോടെ കൊന്നൊടുക്കിയതിന്റെ അവശിഷ്ടങ്ങളായിരുന്നു അത്. യുദ്ധത്തിനുമപ്പുറം വിശപ്പിനെ കൊന്നൊടുക്കിയ ക്രൂരത. രണ്ടുകിലോമീറ്ററോളം ആ ശവങ്ങളുടെ നിര നീണ്ടു. ജഡങ്ങളെടുത്തുമാറ്റാന്‍ അവിടെങ്ങും ജീവനോടെ ആരുമുണ്ടായിരുന്നില്ല. ഏറ്റുവാങ്ങാന്‍ ബന്ധുക്കളും അവശേഷിക്കുന്നുണ്ടാകില്ല. അവശേഷിച്ചവര്‍ ഒപ്പമുള്ളവരുടെ മരണം അറിയാത്തവിധം അകലങ്ങളിലേക്ക് പലായനം ചെയ്തിട്ടുണ്ടാകണം.
ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക കമ്മിറ്റി ഗാസയിലേത് വംശഹത്യയാണെന്ന് വളരെ വൈകിയാണ് സ്ഥിരീകരിച്ചത്. അതിന് ഇത്രയും കാലമെടുത്തുവെന്നതാണ് ഗാസ നേരിടുന്ന പ്രതിസന്ധിയുടെ ഏറ്റവും വലിയ ഉദാഹരണം. തുടക്കംമുതല്‍ ഇസ്രയേലിന്റെ ആക്രമണം വംശഹത്യയുടെ എല്ലാ ലക്ഷണങ്ങളും കാണിച്ചിരുന്നു. ഒരു വിഭാഗം ആളുകളെ തെരഞ്ഞുപിടിച്ചു കൊല്ലുന്നു, ഭക്ഷണവും വെള്ളവും മരുന്നും ആശുപത്രി സൗകര്യങ്ങളും ലഭ്യമാക്കാതെ കഷ്ടപ്പെടുത്തി രോഗാവസ്ഥയിലാക്കി മരണത്തിനിട്ടുകൊടുക്കുന്നു. ഏതുവിധത്തില്‍നോക്കിയാലും ലക്ഷണമൊത്ത വംശഹത്യ.
ബോസ്നിയയിലേയോ ഓഷ്വിറ്റ്സിലേയോ അര്‍മേനിയയിലേയോ റുവാണ്ടയിലേയോ ഒക്കെ വംശഹത്യകള്‍ ഭരണകൂടത്തിന്റെ രഹസ്യ അജൻഡയായിരുന്നു. ഇരുചെവിയറിയാതെയുള്ള ഉന്മൂലനം. കുറ്റകൃത്യമാണെന്ന പൂര്‍ണ ബോധ്യത്തോടെയാണ് അവരത് ചെയ്തിരുന്നത്. കാലങ്ങള്‍ക്കുശേഷം അത് പുറംലോകമറിഞ്ഞാലും തങ്ങള്‍ക്ക് ഒന്നും സംഭവിക്കാനില്ലെന്നും അവര്‍ക്കറിയാമായിരുന്നു. എന്നാല്‍ ഗാസയില്‍ അങ്ങനെയല്ല. പകല്‍ വെളിച്ചത്തില്‍, എല്ലാവരും കാൺകെ ആക്രമണം. പലസ്തീനിലെ ജനതയെ ഉന്മൂലനം ചെയ്യേണ്ടത് തങ്ങളുടെ അവകാശമാണെന്നും തങ്ങളതു ചെയ്തുകൊണ്ടിരിക്കുമെന്നും ഉച്ചത്തില്‍ വിളിച്ചുപറഞ്ഞ്, യാതൊരു കുറ്റബോധവുമില്ലാതെ ചെയ്തുകൂട്ടുന്ന വംശഹത്യ.
ഇവിടെ നടക്കുന്ന ഓരോ കാര്യവും ലോകമെമ്പാടുമുള്ളവര്‍ കൃത്യമായിത്തന്നെ അറിയുന്നുണ്ട്. പക്ഷേ, പ്രതികരണം വളരെ ദുര്‍ബലമാണ്. അറബ് രാജ്യങ്ങളും ഇതില്‍ ഭാഗഭാക്കാകുകയാണ്. അവരൊക്കെ പലസ്തീൻ ജനതയെ ‘സഹോദരങ്ങള്‍’ എന്നാണ് വിശേഷിപ്പിക്കുന്നത്. പക്ഷേ, അമേരിക്കയും മറ്റും അയയ്ക്കുന്ന ആയുധങ്ങള്‍ ആദ്യമെത്തുന്നത് ഈജിപ്റ്റിലെ അലക്സാണ്ട്രിയ പോര്‍ട്ടിലും സൗദിയുടേയും യുഎഇയുടേയും മറ്റും തുറമുഖങ്ങളിലുമാണ്. അതൊക്കെ ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ഇസ്രയേലിലെത്തിക്കാന്‍ അവര്‍ക്ക് സംവിധാനങ്ങളുണ്ട്. അതേസമയം പലസ്തീനിലേക്കുള്ള ഭക്ഷണവും മരുന്നുമെല്ലാം ആഴ്ചകളോളം കെട്ടിക്കിടക്കും. ‘സഹോദരങ്ങളെ’ ബോംബ് ചെയ്യാനുള്ള ആയുധങ്ങള്‍ കടത്തിക്കൊടുക്കുന്നതില്‍ ഇസ്രയേലിനെ സഹായിക്കുന്നവര്‍ ഭക്ഷണമെത്തിക്കാന്‍ ശ്രമിക്കുന്നില്ല. ഒരു ലോറി ആയുധമെത്തിക്കുമ്പോള്‍ ഒരു ലോറി ഭക്ഷണംകൂടി കൊടുക്കൂ എന്നെങ്കിലും പറയാനുള്ള ശേഷിയില്ലാതെ സ്വന്തം സഹോദരങ്ങളെ വംശഹത്യയിലേക്ക് തള്ളിവിടുന്ന സംവിധാനമായി അറബ് രാജ്യങ്ങള്‍ മാറി.
ലോകയുദ്ധങ്ങളില്‍ ക്രൂരമായ പലതും നടന്നുവെന്നു മനസ്സിലാക്കി സ്വയം ഞെട്ടിയാണ് മനുഷ്യാവകാശ, മാനുഷിക നീതിബോധങ്ങള്‍ അന്താരാഷ്ട്രതലത്തില്‍ സൃഷ്ടിക്കപ്പെട്ടത്. മനുഷ്യനാണ് വലുതെന്നും, കുട്ടികളും സ്ത്രീകളും യുദ്ധങ്ങളില്‍ ഭാഗഭാക്കല്ല എന്നുമുള്ള ചിന്തയിലാണ് പല നിയമങ്ങളും ഉരുത്തിരിഞ്ഞത്. യുദ്ധങ്ങളില്‍ ചെയ്യാവുന്നതും ചെയ്യാന്‍ പാടില്ലാത്തതുമുണ്ട്. പക്ഷേ, ഗാസയിലെ അധിനിവേശത്തോടെ അതെല്ലാം കാറ്റില്‍പറന്നിരിക്കുകയാണ്. ബലവാന് ദുര്‍ബലനുമീതേ കടന്നുകയറി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളുണ്ടാക്കാനും നിരായുധരായ ആളുകളെ നിഷ്കരുണം വെടിവച്ചിടാനും ആശുപത്രികള്‍ക്കുമേൽ ബോംബ് ചെയ്യാനും അവശ്യവസ്തുക്കള്‍ നിരസിക്കാനുമൊക്കെയുള്ള ഒരു ലൈസന്‍സായി ഈ യുദ്ധം മാറിയിരിക്കുകയാണ്. ഇത് പകല്‍ വെളിച്ചത്തില്‍ ചെയ്തതുകൊണ്ടുതന്നെയും ഇതിനുമപ്പുറം മറ്റൊന്നില്ലാത്തതിനാലും ഇനിയും എവിടെയെങ്കിലും ഇങ്ങനെയൊക്കെയുണ്ടായാല്‍ ആരും ചോദിക്കാന്‍ പോകുന്നില്ല. ഒരുപക്ഷേ, ഇനിവരുന്ന യുദ്ധങ്ങളിൽ ഒരു നിയമവും നയവും നൈതികതയും ബാധിക്കാത്ത രീതിയില്‍, ഭരണാധികാരികള്‍ക്ക് ആരെയും എന്തും ചെയ്യാനുള്ള ലൈസന്‍സ് കൊടുക്കുന്ന അവസ്ഥയുണ്ടാക്കുംവിധം ലോകം കണ്ടുകൊണ്ടിരിക്കുന്ന വംശഹത്യയായി ഇതു മാറിക്കഴിഞ്ഞു. l



